ലാലൂര്‍ പോരാട്ടത്തെ മറക്കുന്നത് നൈതികമല്ല മിനിസ്റ്റര്‍ വി എസ് സുനില്‍ കുമാര്‍
കാല്‍നൂറ്റാണ്ടുകാലം ലാലൂരില്‍ നടന്ന ജനകീയപോരാട്ടം കേരളരൂപീകരണത്തിനുശേഷം നാം കണ്ട ഏറ്റവും മൂല്യവത്തായ ഒന്നായിരുന്നു. ആ പോരാട്ടമാണ് അവിടത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടിനെ സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് കോപ്ലെക്‌സാക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ചത്. തൃശൂര്‍ക്കാരനായ മന്ത്രിക്ക് ഇതറിയാത്തതല്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ സമരത്തില്‍ സജീവമായിരുന്നുതാനും. പക്ഷെ എന്നിട്ടും ഇത്തരമൊരു നിര്‍ണ്ണായകവേളയില്‍ അതെകുറിച്ച് അദ്ദേഹം പാലിക്കുന്ന മൗനം രാഷ്ട്രീയമായി ശരിയല്ല, നൈതികവുമല്ല എന്നു പറയാതിരിക്കാനാവില്ല.
”ലാലൂര്‍ ഒരു കാലത്ത് തൃശൂരിന്റെ മാലിന്യത്തൊട്ടിയായിരുന്നു. മൂക്ക് പൊത്തി പിടിച്ചല്ലാതെ ആ പരിസരത്തൂടെ നടക്കാന്‍ പോലും വയ്യാത്ത അവസ്ഥ, സ്വന്തം വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടിയ ജനത, അന്തരീക്ഷത്തിലാകെ ദുര്‍ഗന്ധം, ശുദ്ധജലത്തിന്റെ കുറവ്, അങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ കഴിഞ്ഞ ആ നാട് ഇന്ന് മുഖംമിനുക്കിയിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെയും തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണ സമിതിയുടെയും ഇച്ഛാശക്തിയോടു കൂടിയ ഇടപെടലുകളുടെ ഫലമാണ് ലാലൂരില്‍ ഒരുങ്ങുന്നത്. ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ഇതിഹാസമായ ഐ എം വിജയന്റെ പേരിലായിരിക്കും ലാലൂര്‍ ഇനി അറിയപ്പെടുന്നത്.” തൃശൂര്‍നിവാസിയായ കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ് ബുക്ക് പോസ്റ്റിന്റെ ഒരു ഭാഗമാണിത്. മാലിന്യത്തൊട്ടിയായിരുന്ന ലാലൂര്‍ സ്‌പോര്‍ട്‌സ് കോപ്ലെക്‌സായി മാറുന്നത് വലിയ മാറ്റം തന്നെ. എന്നാല്‍ അത്തരമൊരു മാറ്റത്തെ തങ്ങളുടെ ഭരണനേട്ടമായി വ്യാഖ്യാനിക്കുമ്പോള്‍ മന്ത്രി മറക്കുന്നത് ഇത്തരമൊരു മാറ്റത്തിനായി കാല്‍നൂറ്റാണ്ടിലേറെ ജീവന്മരണപോരാട്ടം നടത്തിയ ഒരു ജനതയേയും അതിനായി ജീവന്‍ പോലും നഷ്ടപ്പെട്ടവരേയുമാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് തറക്കല്ലിടിക്കേണ്ടത് അവരെകൊണ്ടായിരുന്നു. ആ സമരകാലഘട്ടത്തിലുടനീളം ഏറെക്കുറെ അവര്‍ക്കിതരായിരുന്നു മന്ത്രി പറയുന്ന ഇടതുപക്ഷമുന്നണിയും (വലതുപക്ഷമുന്നണിയും) ഇരുവരും മാറിമാറിഭരിച്ച കോര്‍പ്പറേഷന്‍ ഭരണസമിതികളും. ഐതിഹാസികമായ ഈ സമരകാലത്ത് സമരസമിതി ചെയര്‍മാനെ കയ്യേറ്റം ചെയ്ത ഒരു ഇടതുപക്ഷ പ്രാദേശികനേതാവ് ഇപ്പോഴത്തെ കൗണ്‍സിലറുമാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
നഗരമാലിന്യങ്ങള്‍ അശാസ്ത്രീയമായും ജനവിരുദ്ധമായും സംസ്‌കരിക്കുന്നതിനെതിരെ ആരംഭിച്ച ആദ്യത്തെ സമരമായിരുന്നു ലാലൂരിലേത്. നഗരത്തിലെ മാലിന്യങ്ങള്‍ യാതൊരുവിധ സംസ്‌കരണവും കൂടാതെ തൊട്ടടുത്ത അയ്യന്തോള്‍ പഞ്ചായത്തിലെ ലാലൂരിലെ വിശാലമായ ഗ്രൗണ്ടില്‍ കൊണ്ടുതട്ടുന്നതിനെതിരെയായിരുന്നു സമരം. 1942 മുതല്‍ മലമടക്കമുള്ള മാലിന്യങ്ങള്‍ ഇവിടെയായിരുന്നു തട്ടിയിരുന്നത്. 1988 ഒക്ടോബര്‍ രണ്ടിനാണ് ലാലൂര്‍ മലിനീകരണ വിരുദ്ധസമിതി രൂപവത്കരിച്ചത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പിന്നീട് ബോള്‍ഷേവിക് പാര്‍ട്ടി നേതാവുമായ എം വി ആര്യന്റേയും ആദ്യകാല നക്‌സലൈറ്റ് പ്രവര്‍ത്തകനും പിന്നീട് പൗരാവകാശ പ്രവര്‍ത്തകനുമായ ടി കെ വാസുവിന്റേയും നേതൃത്വത്തിലായിരുന്നു സമരസമിതി പ്രവര്‍ത്തിച്ചത്. രൂപവത്കരണദിനത്തില്‍ അയ്യന്തോള്‍ പഞ്ചായത്തോഫിസിന് മുന്നില്‍ റിലേ നിരാഹാരത്തോടെ സമരം തുടങ്ങി. ഡോ. സുകുമാര്‍ അഴീക്കോടായിരുന്നു ഉദ്ഘാടകന്‍.
അലക്ഷ്യമായ മാലിന്യനിക്ഷേപം വഴി റോഡില്‍ പോലും ദുര്‍ഗന്ധം നിറഞ്ഞ അവസ്ഥയായിരുന്നു അന്ന് ലാലൂരില്‍. ട്രഞ്ചിങ് ഗ്രൗണ്ടിന് ചുറ്റും മതിലില്ലാത്തതുമൂലം സമീപത്തെ വീടുകളിലേക്കും മാലിന്യമെത്തിയിരുന്നു. സമരം ശക്തമായതോടെ അധികൃതരുടെ ഭാഗത്തുനിന്ന് അടിച്ചമര്‍ത്തല്‍ നീക്കങ്ങള്‍ തുടങ്ങി. 35ല്‍ പരം ക്രിമിനല്‍ കേസുകളാണ് സമരപ്രവര്‍ത്ത കരുടെ പേരില്‍ പൊലീസ് ചുമത്തിയത്. 1992ല്‍ മൂന്നു യുവാക്കളുടെ മരണത്തോടെ സമരം ആളിക്കത്തി. . കിണര്‍ ശുചീകരിക്കാന്‍ ഇറങ്ങിയ മൂന്നു യുവാക്കളും ദുഷിച്ച വായു ശ്വസിച്ചു കിണറ്റില്‍ കുടുങ്ങി മരിക്കുകയായിരുന്നു. മരിച്ച ഒരാളുടെ ഭാര്യ ആനി നല്‍കിയ പരാതിയെ തുടര്‍ന്ന് ലാലൂരില്‍ ഇനി ഒരു തരി മാലിന്യം നിക്ഷേപിക്കരുതെന്ന് ആര്‍ഡിഒ ഉത്തരവായി. ഉത്തരവ് ഏറെ ശ്ലാഘിക്കപ്പെട്ടെങ്കിലും 97ല്‍ കോടതിയെ സമീപിച്ച നഗരസഭ സ്റ്റേ വാങ്ങി. ’96ല്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പഠനമനുസരിച്ച് ലാലൂരിലെ പത്തുകിണറുകള്‍ ഉപയോഗശൂന്യമായതായി കണ്ട് സീല്‍ ചെയ്തിതുന്നു. 2008ല്‍ ഇത് നാല്‍പ്പതും പിന്നീട് 85 ആയും ഉയര്‍ന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏകദേശം 30 വര്‍ഷത്തോളം തൃശൂര്‍ നഗരസഭയും രാഷ്ട്രീയ – സാംസ്‌കാരിക നേതൃത്വങ്ങളും ചര്‍ച്ച ചെയ്ത പ്രധാന വിഷയമായിരുന്നു നഗരത്തിലെ മാലിന്യസംസ്‌കരണവും ലാലൂര്‍ നിവാസികളുടെ ദുരിതങ്ങളും. ഇക്കാലയളവില്‍ നഗരത്തില്‍ ഏറ്റവുമധികം സമരങ്ങള്‍ നടന്നതും ലാലൂരിനെ കേന്ദ്രീകരിച്ചുതന്നെ. ദുരിതങ്ങള്‍ രൂക്ഷമാകുമ്പോള്‍ ലാലൂരുകാര്‍ സമരത്തിന് ഇറങ്ങും. നിരാഹാരവും മറ്റുമായി സമരം മുറുകും. ഒപ്പം കുറേ കേസുകളും വരും. നഗരത്തിലെ ഹര്‍ത്താല്‍ വരെയെത്തി ആ സമരം. സമരം ശക്തമാകുമ്പോള്‍ വീണ്ടും ചര്‍ച്ച നടത്തി വലിയ പാക്കേജൊക്കെ എഴുതി തയ്യാറാക്കികൊണ്ടുവരും. സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കും. ലാലൂരില്‍ തന്നെ സംസ്‌കരണം തുടരും. ഇതു നിരവധി തവണ ആവര്‍ത്തിച്ചു. 2003ല്‍ കൊട്ടിഘോഷിച്ച് മാലിന്യത്തില്‍ നിന്ന് വളമുണ്ടാക്കാനുളള പദ്ധതി നടപ്പാക്കിയെങ്കിലും വന്‍പരാജയമായി.
സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം സമരത്തിന് എതിരായിരുന്നു. സമരത്തിന്റെ അവസാനഘട്ടത്തില്‍ സിപിഎം സമാന്തരസമരസമിതി ഉണ്ടാക്കി രംഗത്തിറങ്ങിയിരുന്നു. അതാകട്ടെ യുഡിഎഫ് ഭരിക്കുമ്പോള്‍ മാത്രം. എന്നാല്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള പരിസ്ഥിതി സംഘടനകളും നിരവധി ജനകീയ സംഘടനകളും സമരത്തില്‍ അണിനിരന്നു. തികച്ചും ഗാന്ധിയന്‍ രീതിയിലായിരുന്നു സമരമെങ്കിലും ഇടക്ക് മാലിന്യം കൊണ്ടുവന്ന ലോറികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നു. ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ നിന്ന് മാലിന്യങ്ങള്‍ നഗരസഭായോഗത്തിലും നഗരവീഥികളിലും മേയര്‍മാരുടെ വസതികളിലും പോയി തട്ടുന്ന രീതിയിലുള്ള സമരങ്ങളും നടന്നു. നഗരം വളര്‍ന്നതോടെ മാലിന്യങ്ങളും വര്‍ദ്ധിച്ചു. മുന്‍സിപ്പാലിറ്റിയും പിന്നീട് കോര്‍പ്പറേഷനും ഭരിച്ച ഇരുമുന്നണികളില്‍ നിന്നും പ്രശ്‌നപരിഹാരത്തിന് ഉത്തരവാദിത്വപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടായില്ല. ഹൈക്കോടതിയടക്കം ഇടപെട്ടിട്ടും ഗുണമുണ്ടായില്ല. സമരസമിതി സംഘടിപ്പിച്ച നിരന്തരസമരങ്ങളില്‍ തൃശൂരില്‍ നിന്ന് മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സാംസ്‌കാരിക സാമൂഹ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു. യേശുദാസും സുഗതകുമാരിയും വി.ആര്‍ കൃഷ്ണയ്യരുമെല്ലാം ഇതിലുള്‍പ്പെടുന്നു. തൃശൂരില്‍നിന്ന് സുകുമാര്‍ അഴീക്കോടും കോവിലനും കെ ജി ശങ്കരപിള്ളയും വയലാ വാസുദേവപിള്ളയും സാറാ ജോസഫും പവനനുമെല്ലാം നിരന്തരസാന്നിദ്ധ്യമായിരുന്നു.
മൂന്നു മുഖ്യമന്ത്രിമാരായിരുന്നു സമരത്തില്‍ ഇടപെട്ടത്. എ കെ ആന്റണി ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പുകളൊന്നും പാലിക്കപ്പെട്ടില്ല. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്ത് LAMPS എന്ന വികേന്ദ്രീകൃത സംസ്‌ക്കരണപദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. പക്ഷെ, കോര്‍പ്പറേഷന്‍ ഭരിച്ചിരുന്ന ഇടതുമുന്നണി തന്നെ നടപ്പിലാക്കിയില്ല. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമെല്ലാം ലാലൂര്‍ സന്ദര്‍ശിക്കുകയും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് യോഗം വിളിക്കുകയും ചെയ്തു. അവിടേയും കുറെ തീരുമാനങ്ങളെടുത്തെങ്കിലും നടപ്പായില്ല. തുടര്‍ന്നാമ് മുന്‍ നക്‌സല്‍ നേതാവും ചിന്തകനും സ്ഥലംനിവാസിയുമായ കെ വേണു താന്‍ നിരാഹാരസമരമാരംബിച്ചത്. 2012 ഫെബ്രുവരി 15ന് എഴുത്തുകാരന്‍ സക്കറിയയാണ് സമരം ഉദ്ഘാടനം ചെയ്തത്. സമരം നഗരത്തില്‍ ആളികത്തി. കേരളമെമ്പാടും പ്രതിദ്ധ്വനികളുണ്ടാക്കി. സംസ്ഥാനതലത്തില്‍ വളര്‍ന്ന സമ്മര്‍ദ്ദത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തി. അങ്ങനെയാണ് ലാലൂരിലേക്കുള്ള മാലിന്യനീക്കം എന്നന്നേക്കുമായി അവസാനിച്ചത്. കേരളത്തിലെ മിക്കവാറും എല്ലാ നഗരങ്ങളിലും ്ഇതിനകം സമാനപ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം വിളപ്പില്‍ശാലയിലെ സമരമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നല്ലോ.
കാല്‍നൂറ്റാണ്ടുകാലം ലാലൂരില്‍ നടന്ന ജനകീയപോരാട്ടം കേരളരൂപീകരണത്തിനുശേഷം നാം കണ്ട ഏറ്റവും മൂല്യവത്തായ ഒനായിരുന്നു. ആ പോരാട്ടമാണ് അവിടത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടിനെ സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് കോപ്ലെക്‌സാക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ചത്. തൃശൂര്‍ക്കാരനായ മന്ത്രിക്ക് ഇതറിയാത്തതല്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ സമരത്തില്‍ സജീവമായിരുന്നുതാനും. പക്ഷെ എന്നിട്ടും ഇത്തരമൊരു നിര്‍ണ്ണായകവേളയില്‍ അതെകുറിച്ച് അദ്ദേഹം പാലിക്കുന്ന മൗനം രാഷ്ട്രീയമായി ശരിയല്ല, നൈതികവുമല്ല എന്നു പറയാതിരിക്കാനാവില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in