‘ലക്ഷ്മണ രേഖ” വരക്കുന്നത് ദരിദ്ര ജനകോടികള്‍ക്കെതിരാകുമ്പോള്‍ !
കോവിഡ്- 19 ന്റെ epicentre ആയി അമേരിക്ക മാറുന്നുവെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുള്ളപ്പോഴും ആരോഗ്യ അടിയന്തരാവസ്ഥക്കപ്പുറം, 30 കോടിയിലേറെ (ഏകദേശം ഇന്ത്യയുടെ നാലിലൊന്നില്‍ താഴെ) ജനസംഖ്യയുള്ള ആ രാജ്യം ദേശവ്യാപകമായ ഒരു അടച്ചുപൂട്ടലി (ലോക്ക് ഡൗണ്‍) ലേക്ക് കടന്നിട്ടില്ലെന്നത് കാണേണ്ടതുണ്ട്.
കൊറോണയെ പ്രതിരോധിക്കുന്നതിന് മാര്‍ച്ച് 19 ന് രാത്രി 8 മണിക്ക് രാജ്യമാസകലം 14 മണിക്കൂര്‍ കര്‍ഫ്യൂ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ഇന്നലെ രാത്രി 8 മണിക്ക് 21 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ലോക്ക് ഡൗണ്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ ഭീതിയില്‍ എന്തു ത്യാഗത്തിനും തയ്യാറായിരിക്കുന്ന ജനങ്ങള്‍ ഈ തീരുമാനത്തെയും പൊതുവില്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, കൊറോണക്കെതിരെയുള്ള ഈ നീക്കം രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാടു പെടുന്ന രാജ്യത്തെ ദരിദ്രരും പട്ടിണിക്കാരുമായ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍, രാജ്യത്തിന്റെ ഭരണത്തലവന്‍ എന്ന നിലയില്‍ മോദിയുടെ പ്രസംഗത്തില്‍ ഒന്നുമുണ്ടായില്ല.
ലോകാരോഗ്യ സംഘടനയുടെ വിദഗ്ധനായ മൈക് റയാന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചതു പ്രകാരം അനിവാര്യമായ ടെസ്റ്റിംഗ് നടത്താതെ, കേവലം ലോക്ക് ഡൗണ്‍ കൊണ്ടുമാത്രം ഉദ്ദേശിക്കുന്ന ഫലമുണ്ടാകണമെന്നില്ലെന്നാണ്. ഇക്കാര്യത്തില്‍, ഇന്ത്യയുടെ സ്ഥിതി ലോകത്ത് ഏറ്റവും പരിതാപകരമാണ്. കേരളം പോലുള്ള ചുരുക്കം പ്രദേശങ്ങളൊഴിച്ചാല്‍, ലോകത്തേറ്റവും ദുര്‍ബലമായ ആരോഗ്യ പൊതുജനാരോഗ്യ സംവിധാനമാണ് ഇന്ത്യയുടേത്.
2020 മാര്‍ച്ച് 13 ലെ കണക്കുപ്രകാരം ഇന്ത്യയില്‍ നടന്ന കൊറോണ ടെസ്റ്റിംഗ് നിരക്ക് ഒരു ദശലക്ഷത്തില്‍ 3 മാത്രമാണ്. ബഹ്‌റിന്‍ 6164, ദക്ഷിണ കൊറിയ 4831, ദക്ഷിണാഫ്രിക്ക 11, ഫിലിപ്പൈന്‍സ് 6, എന്നിങ്ങനെയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ എന്നറിയുമ്പോഴാണ് , ടെസ്റ്റിംഗ് നടത്താതെ ലോക്ക് ഡൗണ്‍ ചെയ്യുന്നതില്‍ അന്തര്‍ഭവിച്ചിട്ടുള്ള പ്രശ്‌നങ്ങള്‍. തീര്‍ച്ചയായും ഭയമുളവാക്കുന്നതാണിത്.
രണ്ടാമത്തെ വിഷയം, ഇന്ത്യയിലെ ജനസംഖ്യയുടെ വലിപ്പം തന്നെ. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ജനസംഖ്യ പോലുമില്ലാത്ത യൂറോപ്പിലെയും മറ്റും രാജ്യങ്ങളാണ് ടെസ്റ്റിംഗിനോടൊപ്പം ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുള്ളത്. ലോക്ക് ഡൗണിനു വിധേയമായ ചൈനയിലെ ഹുബൈ പ്രവശ്യയിലെ ജനസംഖ്യ 5 കോടിയായിരുന്നു. (ചൈനയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍, ആദ്യമുണ്ടായ പ്രചരണം അവിടെ ജനാധിപത്യമില്ലെന്നതായിരുന്നു ) കോവിഡ്- 19 ന്റെ epicentre ആയി അമേരിക്ക മാറുന്നുവെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുള്ളപ്പോഴും ആരോഗ്യ അടിയന്തരാവസ്ഥക്കപ്പുറം, 30 കോടിയിലേറെ (ഏകദേശം ഇന്ത്യയുടെ നാലിലൊന്നില്‍ താഴെ) ജനസംഖ്യയുള്ള ആ രാജ്യം ദേശവ്യാപകമായ ഒരു അടച്ചുപൂട്ടലി (ലോക്ക് ഡൗണ്‍) ലേക്ക് കടന്നിട്ടില്ലെന്നത് കാണേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ വേണം ഇന്ത്യയില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ലോക്ക് ഡൗണിനെ വിലയിരുത്താന്‍. 135 കോടിയോളം ജനങ്ങളും അതിന്റെ നാലിലൊന്ന് ‘ഔദ്യോഗിക’ ദാരിദ്ര്യ രേഖക്കു താഴെയുമുള്ള രാജ്യത്തെ 50 കോടിയോളം തൊഴിലെടുക്കുന്നവരില്‍ 47 കോടിയും അസംഘടിത തൊഴിലാളികളും കരാര്‍ തൊഴിലാളികളും സംസ്ഥാനാന്തര കുടിയേറ്റ തൊഴിലാളികളും ദിവസക്കൂലിക്കാരും സര്‍വോപരി ഏറ്റവും താഴ്ന്ന ജാതിയില്‍ പെട്ടവരും ശരാശരി 250-500 രൂപ ദിവസ വരുമാനമുള്ളവരുമാണ്. ഇവരില്‍ മഹാ ഭൂരിപക്ഷവും ഒരു സമ്പാദ്യവുമില്ലാത്തവരും അന്നന്നത്തെ അധ്വാനം കൊണ്ടു മാത്രം ജീവിക്കുന്നവരുമാണ്. കൂരകളിലൊതുങ്ങുന്നതോടെ ജീവിതം അസാധ്യമാകുന്നവരാണിവര്‍ .
ദൈനം ദിന കൂലി മുടങ്ങുന്നതോടെ, ഇവരുടെയും അവരുടെ കുടുംബത്തിന്റെയും ജീവന്‍ 21 ദിവസം എങ്ങനെ തള്ളിനീക്കുമെന്ന തെ സംബന്ധിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. അവശ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം അതു വാങ്ങാന്‍ ക്രയശേഷിയുള്ളവരെ ഉദ്ദേശിച്ചാണെന്നു വേണം കരുതാന്‍. പൂഴ്ത്തിവെപ്പിനും അവധിക്കച്ചവടത്തിനും കരിഞ്ചന്തക്കുമായി റിലയന്‍സ് പോലുള്ള ഊഹക്കുത്തകകള്‍ അടിച്ചു മാറ്റിയിട്ടുള്ളതു കഴിച്ച് ബാക്കിയുള്ളതില്‍ വലിയൊരു ഭാഗം ഭക്ഷ്യധാന്യം ഭക്ഷ്യധാന്യ കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ കെട്ടിക്കിടന്നു നശിക്കുകയാണ്. ഇതിന്റെ ഒരു ഭാഗമെങ്കിലും പാവങ്ങള്‍ക്കെത്തിക്കുന്നതടക്കമുള്ള ഒരു രക്ഷാപാക്കേജ് മോദിക്കു പ്രഖ്യാപിക്കാമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഉപരി-മധ്യവര്‍ഗ്ഗങ്ങള്‍ക്കുള്ള നികുതിയിളവുകളിലൊതുങ്ങി.
കൊറോണ ശ്രദ്ധേയമായതും ഭീതിദമാകുന്നതും മരണ നിരക്കിന്റെ പേരിലല്ല, മരുന്നുകള്‍ കണ്ടെത്തിയില്ലാത്തതിനാലും രോഗവ്യാപനം അഭൂതപൂര്‍വമായതു കൊണ്ടും എല്ലാ രാജ്യങ്ങളിലേക്കും മൂന്നു മാസത്തിനുള്ളില്‍ വ്യാപിച്ചതു കൊണ്ടുമാണ്. വിമാന യാത്ര ചെയ്യുന്ന ഉപരി-മധ്യവര്‍ഗ്ഗങ്ങളില്‍ നിന്നാരംഭിച്ച് ജനങ്ങളിലേക്കു വ്യാപിക്കുന്നു എന്നതാണ് ഈ മഹാമാരിയുടെ സവിശേഷത. കോവിഡിന്റെ മുന്നോടിയായി പടര്‍ന്ന ‘ഫ്‌ളു’ മൂലം 16000 -ലധികം പേര്‍ അമേരിക്കയില്‍ മരിച്ചത് വാര്‍ത്തയായില്ല.
പ്രതിവര്‍ഷം പട്ടിണിയും പോഷകാഹാരക്കുറവും മൂലം 8 ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ മരിക്കുന്നുവെന്നത് 2016ലെ കണക്കാണ്. നോട്ടു നിരോധനം മുതല്‍ കോര്‍പ്പറേറ്റ് കൊള്ളയെ പോഷിപ്പിച്ച കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ സാമ്പത്തിക നടപടികള്‍ സ്ഥിതി ഗുരുതരമാക്കിയിരിക്കുന്നു. രാജ്യത്തുല്പാദിപ്പിക്കുന്ന സമ്പത്തിന്റെ 80 ശതമാനം ഏറ്റവും മുകള്‍ത്തട്ടിലുള്ള ഒരു ശതമാനം ശതകോടീശ്വരന്മാരിലൊതുങ്ങിയിരിക്കുന്നു. തൊഴിലില്ലായ്മയും പട്ടിണിയും പാര്‍പ്പിടരാഹിത്യവും ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ സ്ഥിതിയിലെത്തിയിരിക്കുന്നു.
അത്യന്തം ഗുരുതരമായ ഈ സ്ഥിതിയിലും ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില ചരിത്രത്തില്‍ ഏറ്റവും താഴ്ന്നിരിക്കെ, അതിന്റെ പ്രയോജനം പോലും സാധാരണക്കാര്‍ക്കു ലഭ്യമാകാത്ത വിധം നികുതികള്‍ വര്‍ധിപ്പിച്ച് 40000 കോടി രൂപയോളം അധികമായി സമാഹരിക്കുന്നതോടൊപ്പം റിലയന്‍സ് പോലുള്ള എണ്ണക്കുത്തകകളും നേട്ടമുണ്ടാക്കുന്നു.
ബജറ്റുകളില്‍ ലക്ഷക്കണക്കിനു കോടി രൂപ കോര്‍പ്പറേറ്റുകള്‍ക്കു മാറ്റി വെക്കുന്നതിനു പുറമേ, ഉത്തേജക പാക്കേജുകള്‍ എന്ന പേരില്‍ വീണ്ടും വീണ്ടും ലക്ഷക്കണക്കിനു കോടി രൂപയുടെ രാജ്യ സമ്പത്ത് കോര്‍പ്പറേറ്റുകളിലേക്കു തിരിച്ചു വിട്ടു കൊണ്ടിരിക്കുന്നു. കിട്ടാക്കടമെന്ന പേരില്‍ ബാങ്കുകളിലെ ലക്ഷക്കണക്കിനു കോടി രൂപ കോര്‍പ്പറേറ്റുകളിലേക്കൊഴുകുന്നു. ജനങ്ങള്‍ക്കു തൊഴിലും ക്രയശേഷിയും സൃഷ്ടിക്കുന്ന ഉല്പാദന മേഖലകളില്‍ ഒരു നിക്ഷേപവും നടക്കുന്നില്ല. സാമ്പത്തിക മാന്ദ്യം ഊഹമേഖലകളിലേക്കു കൂടി കടന്നതോടെ ഓഹരി – നാണയ വിപണികളും മൂക്കുകുത്തി വീണിരിക്കുന്നു. വിശദാംശങ്ങളിലേക്കു കടക്കുന്നില്ല…
അതീവ ഗുരുതരമായ ഈയവസ്ഥയിലും കൊറോണയുടെ പേരില്‍ 42000 കോടി രൂപ കഴിഞ്ഞ ദിവസം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കു കൈമാറിയതിനു പുറമെ, ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ 15000 കോടി രൂപ മാറ്റി വെക്കുമെന്നാണ് മോദി പറഞ്ഞത്. കേരളം പ്രഖ്യാപിച്ചത് 20000 കോടി രൂപയുടെ പാക്കേജ് (അതില്‍ 14000 കോടി കരാറുകാര്‍ക്ക്) ആണെന്നോര്‍ക്കണം. കോറോണയില്‍ നിന്നു ജനങ്ങളെ വീണ്ടെടുക്കാനും അവരുടെ ഉപജീവനം ഉറപ്പു വരുത്താനും മുതലാളിത്ത ഭരണകൂടങ്ങള്‍ ദശക്കണക്കിനു കോടി ഡോളറിന്റെ രക്ഷാ പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതീവ ഗുരുതരമായ ഈയവസ്ഥയില്‍, മോദി പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണ്‍ മൂലം ഇന്ത്യയിലെ ദരിദ്ര ജനകോടികള്‍ പട്ടിണി എന്ന വൈറസിന്റെ പിടിയലമരുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സമ്പദ്ഘടന അടച്ചു പൂട്ടുന്നതു വഴി ഉപരി-മധ്യവര്‍ഗത്തിനും സ്ഥിര വരുമാനക്കാര്‍ക്കും ഉണ്ടാകുന്ന അസൗകര്യങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന ഈ വരേണ്യ സമീപനം നോട്ടു നിരോധനം രാജ്യത്തുണ്ടാക്കിയതേക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുക. കൊറോണയെ മറയാക്കി ജനകോടികളെ ലക്ഷ്മണ രേഖയിലൊതുക്കി അവരുടെ അതിജീവനം അസാധ്യമാക്കുന്നതെ സംബന്ധിച്ച ഗൗരവമായ പരിശോധനക്ക് ജനപക്ഷത്തു നില്‍ക്കുന്നവരെല്ലാം മുന്നോട്ടു വരികയും ജനങ്ങള്‍ക്ക് ഭക്ഷണവും ചികിത്സയും മറ്റും ഉറപ്പാക്കുന്നതിനു ഭരണകൂടത്തെ നിര്‍ബന്ധിതമാക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ക്ക് തയ്യാറാകുകയും ചെയ്യേണ്ട അടിയന്തര സന്ദര്‍ഭം കൂടിയാണിത് .
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in