ഇതിഹാസപാരമ്പര്യമല്ല, കേരളത്തിന്റേത് കാവ് പാരമ്പര്യം – ഡോ കെ എസ് മാധവന്‍

മുകളില്‍ നിന്ന് ബ്രാഹ്മണരുടെയും നാടുവാഴികളുടെയും രാജാധിപത്യത്തിന്റയും നാട്ടുകോയ്മകളുടെയും ആധിപത്യത്തിന്റെ രൂപത്തില്‍ ഇതിഹാസപുരാണ പാരമ്പര്യങ്ങള്‍ അധികാരമായി പടര്‍ന്നിറങ്ങുമ്പോള്‍ കാവ് പാരമ്പര്യങ്ങള്‍ക്ക് മേല്‍ കോയ്മ സ്ഥാപിക്കാന്‍ ജന്മി ബ്രാഹ്മണ്യവും നാട്ടുകോയ്മകളും ഇത്തരം ഇതിഹാസ പാരമ്പര്യങ്ങളെ അധീശത്ത രൂപമായി നിലനിര്‍ത്തിയിരുന്നു.

‘രാമായണം ജാതീയ വര്‍ണ്ണ മേല്‍ക്കോയ്മ നിലനിര്‍ത്തുന്ന പ്രത്യയശാസ്ത്രം’ എന്ന ലേഖനപരമ്പരയുടെ മൂന്നാം ഭാഗം

ആചാരബ്രാഹ്മണ്യവും ജന്മി നാടുവാഴിത്തവും:

ചേരപെരുമാക്കന്മാരുടെയും നാട്ടുടയവരുടെയും കാലത്ത് നമ്പൂതിരി ബ്രഹ്മണ്യവും ക്ഷേത്രാധിപത്യവും സൃഷ്ടിച്ച നമ്പൂതിരിക്ഷേത്ര ബ്രാഹ്മണ്യം സാമൂഹിക ആധിപത്യം നേടി. ജന്മിത്തവും ക്ഷേത്രമീമാംസക അനുഷ്ഠാനങ്ങളും സംസ്‌കൃത ധര്‍മ്മ ശാസ്ത്ര ജാതി – വര്‍ണ്ണ വിഭജനങ്ങളും സാമൂഹിക വിഭജനക്രമമായി നിലനിന്നു. പണിയെടുക്കുന്ന തൊഴില്‍ സമൂഹങ്ങള്‍ ആളടിയാരും അയിത്തക്കാരുമായി. കാര്‍ഷിക കൈത്തൊഴില്‍ വിഭാഗങ്ങള്‍ വ്യത്യസ്ത കുടിസമൂഹങ്ങളായി വിവിധ അയിത്ത ജാതി സമൂഹങ്ങളായി നിലനിന്നു. അമ്പലവാസികളും പതിതബ്രാഹ്മണരും ശൂദ്രരായി നിലനിര്‍ത്തിയ നായര്‍ വിഭാഗങ്ങളും ക്ഷേത്ര ബ്രാഹ്മണ്യത്തിന്റെയും അനുഷ്ഠാന വ്യവസ്ഥയുടെയും ആചാരബ്രഹ്മണ്യത്തി ന്റെയും ഇരകള്‍ കൂടിയായിരുന്നു. ബ്രാഹ്മണ്യ ലോകവീക്ഷണത്തിനും ധര്‍മ്മ ശാസ്ത്ര പാരമ്പര്യത്തിന് പുറത്തും ഒരു ആത്മീയ പാരമ്പര്യമോ അനുഷ്ഠാന വ്യവസ്ഥയോ അമ്പലവാസികള്‍ക്കും ശുദ്ര നായന്മാര്‍ക്കും അവകാശപ്പെടാന്‍ ഉണ്ടായിരുന്നില്ല.

അടിമജാതികളുടെയും ഈഴവര്‍ ഉള്‍പ്പടെയുള്ള കുടി ജനങ്ങളുടെയും അയിത്ത ജാതിക്കാരുടെയും അനുഷ്ഠാന സംസ്‌കാരത്തിന്റെയും കാവ് പാരമ്പര്യത്തെയും പോലെ ബ്രാഹ്മണ ഇതരമായ ഒരു പാരമ്പര്യം കേരളത്തില്‍ പതിത അമ്പലവാസികള്‍ക്കും ശുദ്ര നായര്‍ വിഭാഗങ്ങള്‍ക്കും ഉണ്ടായിരുന്നില്ല. പില്‍ക്കാല ചേര കാലഘട്ടത്തില്‍ നാടുകളില്‍ നിന്നുയര്‍ന്നുവന്ന സ്വരൂപങ്ങളും നാടുവാഴി കോവിലകങ്ങളും രാഷ്ട്രീയാധികാരത്തിന്റെ ശക്തികേന്ദ്രങ്ങളായി സാമന്തക്ഷത്രിയരായി. ജന്മിത്തവും ജന്മകാണാവ്യവസ്ഥയും കാണക്കാരും പാട്ടകുടിയാന്മാരെയും ഇടനിലക്കാരെയും സൃഷ്ടിച്ചു. കച്ചവടം കൈമാറ്റം പണമിടപാടുകള്‍ മുതലായവ കൃഷിയും കച്ചവടവും വികസിപ്പിക്കുന്ന കണ്ണികളായി. സ്വരൂപാ ധികാരത്തിന്റെയും കച്ചവടവിനിമയത്തിന്റെയും ഭാഗമായി എഴുത്ത്, കണക്ക് എന്നിവ കൈകാര്യം ചെയുന്ന വിഭാഗങ്ങള്‍ ഉയര്‍ന്നുവന്നു . ശൂദ്രവിഭാഗങ്ങളില്‍ നിന്നും അമ്പലവാസികളില്‍ നിന്നും സേവന ജാതി വിഭാഗങ്ങളില്‍ നിന്നുമാണ് എഴുത്തുകാരും കണക്കപിള്ളമാരുമായി ഒരു സമൂഹം ഉയര്‍ന്നു വന്നത്. എഴുത്ത് പള്ളികള്‍, ആശാന്‍ കളരികള്‍, കുടിപ്പള്ളിക്കൂടങ്ങള്‍ എന്നിവ അയിത്ത ജാതികള്‍ക്കിടയിലും നിലനിന്നിരുന്നു. നാടുവാഴി കോവിലകങ്ങളുമായി ബന്ധപെട്ടു അധികാരത്തിന്റെ ഇടനിലക്കാരും കരംപിരിവുകാരും കണക്കപിള്ളമാരും നാട്ടുപ്രമാണികളും ഭൂവുടമകളും സൈനിക സംഘങ്ങളെ നിയന്ത്രി ക്കുന്നവരും നായര്‍, നമ്പ്യാര്‍, പിള്ള, പണിക്കര്‍, മേനോന്‍, മേനോക്കി, മാടമ്പി, കുറുപ്പ്, ഉണ്ണിത്താന്‍ എന്നിങ്ങനെ ശുദ്രജാതികളായി സ്ഥാനപ്പെട്ടു. ഈഴവര്‍ മണ്ണാന്‍ തുടങ്ങിയവര്‍ അയിത്ത ജാതി കാളായിരുന്നു. ഇവര്‍ കൂടുതലും പാട്ടക്കുടിയാന്‍മാരും വെറും പാട്ടക്കാരുമായിരുന്നു. ജാതി അടിമകളായ പറയര്‍, പുലയര്‍, കണക്കര്‍ എന്നിവര്‍ ജാതിബ്രാഹ്മണ്യവും ജന്മിത്തവും സൃഷ്ടിച്ച സമൂഹ വ്യവസ്ഥയിലെ അടിത്തട്ട് മനുഷ്യരായിരുന്നു. അയിത്തജാതികള്‍ക്കും അടിമ ജാതികള്‍ക്കും ഗോത്രസമൂഹങ്ങള്‍ക്കും ക്ഷേത്ര ആരാധനയ്ക്കു പുറത്തു ബ്രാഹ്മണ ഇതരമായ വിശ്വാസവ്യവസ്ഥയും അനുഷ്ഠാനരീതികളും ദൈവഗണങ്ങളും ആരാധമൂര്‍ത്തികളും ഉണ്ടായിരുന്നു. ഈ സമൂഹങ്ങളുടെ ഭാഷകള്‍ വിവിധ ജാതി ഗോത്ര ഭാഷകളും മണിപ്രവാള മലയാളത്തില്‍ നിന്നും ഭിന്നമായ പേച്ചുവഴക്കങ്ങളും മൊഴിവഴക്കങ്ങളും ആവിഷ്‌കാരരൂപങ്ങളും നിലനിന്നിരുന്നു.

പതിതബ്രാഹ്മണരും ശൂദ്രസ്വത്വവും

കേരളത്തിലെ ആചാരബ്രാഹ്മണ്യവും ആഗമക്ഷേത്രാചാരങ്ങളും ക്ഷേത്തിന്റെ ഗര്‍ഭഗൃഹത്തിനു സമീപത്തുപോലും ചെല്ലാന്‍ ശുദ്ര നായര്‍ വിഭാഗങ്ങളെയും അമ്പലവാസികളെയും അനുവദിച്ചിരുന്നില്ല. ഇതുമൂലം മധ്യമ ജാതികളും നായര്‍ ശുദ്രര്‍ക്കും ജന്മി നാടുവാഴിത്ത വ്യവസ്ഥിതിയില്‍ ജന്മി ബ്രാഹ്മണ്യത്തിന്റെയും നാടുവാഴി കോയ്മകളുടെയും പരാന്ന ഭോജി സംസ്‌കാരത്തില്‍ പങ്കുപറ്റുന്നതിനും സ്വയം സവര്‍ണ്ണവല്‍ക്കരിക്കുന്നതിനും ഇതിഹാസ പുരാണ പാരമ്പര്യങ്ങളെ ഉപയോഗിച്ച് കൊണ്ട് നമ്പൂതിരി ബ്രഹ്മണ്യത്തെ ശുദ്രവല്‍ക്കരിക്കേണ്ടതുണ്ടായിരുന്നു. ഒരേസമയം ക്ഷേത്ര ബ്രാഹ്മണ്യത്തെയും അതിന്റെ വര്‍ണ്ണ-ജാതി ഭേദങ്ങളേയും ഇതിഹാസ പുരാണ പാര്യമ്പര്യത്തെ ഭക്തിസംസ്‌കാരമാക്കി പരിവര്‍ത്തിപ്പിച്ചു കൊണ്ടാണ് ഇതു സാധ്യമാക്കിയത്. പാപം, ദോഷം, സ്ഥാനം, മാനം, ഹീനത എന്നിവ വ്യക്തികളുടെ ഭക്തികൊണ്ട് മറികടക്കുന്ന ഒന്നായി കാണുന്ന, ഭക്തി കൊണ്ട് സാമൂഹിക വ്യവസ്ഥയെ അതിവര്‍ത്തിക്കാം എന്ന തോന്നല്‍ സൃഷിക്കുന്ന മനോഭാവവും സാമാന്യബോധവും ശുദ്രജാതികളിലും നമ്പൂതിരി ബ്രാഹ്മണ്യം പതിതരാക്കിയ ആസ്യബ്രാഹ്മണരിലും സൃഷ്ടിക്കുക എന്നതായിരുന്നു ഇതിന്റെ ഒരു രീതി. എന്നാല്‍ ഭക്തിസംസ്‌കാരം മാടമ്പി നാടുവാഴി രാഷ്ട്രിയക്രമത്തെയും നമ്പൂതിരി ജന്മിത്വത്തെയും ബ്രാഹ്മണ്യ ലോകക്രമത്തെയും സ്വാഭാവികവും സാമാന്യബോധവുമാക്കുന്നതിനു ഉപയോഗിക്കുക എന്ന ലക്ഷ്യത്തിനപ്പുറത്തേക്കു ഇതിനു വികസിക്കാന്‍ കഴിഞ്ഞില്ല. ഇതിഹാസപുരാണ പാരമ്പര്യത്തിന്റെ ഭക്തി ആവിഷ്‌കാരങ്ങള്‍ക്കു മധ്യകാല- പ്രാഗ് ആധുനിക സമൂഹത്തിലെ അടിമ ഉടമ വ്യവസ്ഥിതിയെയും കോയ്മ വ്യവസ്ഥിതിയെയും വിധ്വാംസകമായി മറികടക്കുന്ന ഒരു ആശയമണ്ഡലത്തെ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം ബ്രഹ്മണ്യത്തെയും ജാതിയെയും മുറിച്ചു മാറ്റുന്ന ചിന്തയെ സൃഷ്ടിക്കാന്‍ ബ്രാഹ്മണിക് ആശയലോകഭാരം നിറഞ്ഞ ഇതിഹാസ പുരാണ പാരമ്പര്യത്തിന് കഴിയുമായിരുന്നില്ല.

തങ്ങളുടെ ശുദ്ര പതിതത്തത്തെ ഭക്തിയിലൂടെ അതിവര്‍ത്തിക്കുന്ന രീതിയാണ് കണ്ണശകവികള്‍ എന്നറിയപ്പെടുന്ന നിരണം കവികള്‍ ചെയ്തത്. രാമായണത്തെ ആധ്യാത്മിക ഭക്തിപാരമ്പര്യമാക്കി മാറ്റുകയും ബ്രാഹ്മണ്യ വ്യവസ്ഥിതിയെ അതുവഴി അതിവര്‍ത്തിക്കുന്ന പ്രതീകാത്മക പ്രതീതി (transgress ) യായിരുന്നു ഇതു സൃഷ്ടിച്ചത്. വാല്‍മീകി രാമായണത്തിന്റെ വര്‍ണ്ണ ജാതി പ്രത്യയ ശാസ്ത്രത്തിന്റെ സമൂഹ ഭാവനയെ ഭക്തി പ്രത്യയ ശാസ്ത്രമാക്കി മധ്യകാല ജാതി ജന്മി നാടുവാഴിത്ത വ്യവസ്ഥിതിയെ സാധുകരിക്കുന്ന രീതിയായിട്ടാണ് ഇതു നിലനിന്നത്. ചീരാമ കവികളാണ് ഈ ഭക്തി ആധ്യാത്മിക ലോക ബോധം ശ്രീരാമകഥനവും ഭാഷാ രാമായണവുമായി അവതരിപ്പിച്ചത്. ഇതിന്റെ മൂര്‍ത്തവും വിപുലവുമായ രൂപം എഴുത്തച്ഛന്റെ അദ്ധാത്മരാമായണം കിളിപ്പാട്ട് രൂപത്തിലൂടെ വികസിച്ചു വന്നതാണ്. പതിതബ്രാഹ്മണരുടേയും ശുദ്ര മധ്യവര്‍ത്തികളുടെയും ആത്മീയ ഭാവനയും സ്വത്വപ്രകാശനവുമായിരുന്നു ഈ ഭക്തിസാഹിത്യവും വ്യക്തിയെ മോക്ഷത്തില്‍ എത്തിക്കുന്ന ആത്യാത്മിക പദ്ധതിയും. ഫ്യൂഡല്‍കാലഘട്ടത്തില്‍ ഫ്യൂഡല്‍ ഭൂവുടമാധികാരത്തിനു സമാന്തരമായി വ്യക്തികളെ ഇതിഹാസ പുരാണ പാരമ്പര്യത്തില്‍ ഭക്തരായി നിലനിര്‍ത്തി മേല്‍കിഴ് വ്യവസ്ഥിതിയെയും ജാതി വര്‍ണ്ണ മര്യാദകളെയും ആദര്‍ശ ധര്‍മ്മ വ്യവസ്ഥയായി കിഴാളരെയും ശുദ്ര കര്‍ഷകരെയും മെരുക്കിനിര്‍ത്തി അവരുടെ ലോക ബോധത്തെ പരുവപ്പെടുത്തിയെടുത്തതു ഭക്തിസാഹിത്യങ്ങളാണെന്നു ആര്‍ എസ് ശര്‍മ എന്ന ചരിത്രകാരന്‍ തന്റെ ഇന്ത്യന്‍ ഫ്യൂഡലിസത്തെ പറ്റിയുള്ള പഠനങ്ങളില്‍ വിശദികരിച്ചിട്ടുണ്ട്. കേരളത്തില്‍ രാമായണം വിശിഷ്യാ അദ്ധ്യാത്മ രാമായണവും പാട്ടു സാഹിത്യവും ജന്മ- കാണ-ജാതി വ്യവസ്ഥക്കുള്ളില്‍ പണിയെടുക്കുന്ന ജാതി അടിമകളെയും കാര്‍ഷിക കുടി സമുദായങ്ങളെയും കൈത്തൊഴില്‍ കമ്മാള വിഭാഗങ്ങളെയും പാട്ടക്കുടിയാന്മാരെയും വെറുംപാട്ടക്കാരെയും ഈഴവര്‍ ചാന്നാര്‍ തുടങ്ങിയ വിവിധ അയിത്ത ജാതി വിഭാഗങ്ങളെയും ജന്മിത്ത ഭൂവുടമാധിപത്യ ത്തിനോടും ക്ഷേത്രബ്രഹ്മണ്യത്തിന്റ അനുഷ്ഠാന കോയ്മയെയും മാടമ്പി നാട്ടുകോയ്മകളോടും നാടുവാഴി സ്വരൂപങ്ങളുടെ രാഷ്ട്രിയ കോയ്മയോടും വര്‍ണ്ണജാതി മൂല്യങ്ങളെ സാധുകരിക്കുന്ന ധര്‍മശാസ്ത്ര വിധികളോടും വിധേയപ്പെട്ടു നില്‍ക്കുന്ന ഭക്തി ജനസഞ്ചത്തെ പരുവപ്പെടുത്തുന്ന ഒരു പങ്ക് വഹിച്ചിട്ടുണ്ട്. കോയ്മവ്യവസ്ഥയെ ഈ ഭക്തിപാരമ്പര്യം ചോദ്യം ചെയ്തില്ല. മറിച്ചു അതിനെ ഭക്തി കൊണ്ട് മറികടക്കുന്ന പ്രതീതി യാഥാര്‍ഥ്യത്തെ നിര്‍മിക്കുന്ന അതിവര്‍ത്തന ബോധമായാണ് ഈ പാരമ്പര്യം നിലനിന്നത്. വ്യവസ്ഥിതിയെ ധര്‍മ്മ വിധികളായി അനുസരിക്കുന്ന ഭക്തസാമാന്യത്തെ സൃഷ്ടിക്കുന്ന പങ്കുകൂടി ചീരാമകവികളും കണ്ണശ /നിരണം കവികളും തുഞ്ചത്തു എഴുത്തച്ഛന്‍ മുതലായവര്‍ രൂപപ്പെടുത്തിയ പാട്ടു രാമായണങ്ങള്‍ക്കുണ്ടായിരുന്നു.

ജാതി അടിമത്തവും കാവ് പാരമ്പര്യവും

കേരളത്തിലെ ഈഴവര്‍, പുലയര്‍ പറയര്‍, വണ്ണാന്‍, കണക്കന്‍ മുതലായ അയിത്തജാതി സമൂഹങ്ങള്‍ ഈ രാമായണ ഭക്തി പാരമ്പര്യത്തിന് ചരിത്ര പരമായി പുറത്തായിരുന്നു. ഈഴവരുടെ കാവ് പാരമ്പര്യവും പറയ, പുലയ, മണ്ണാന്‍ സമുദായങ്ങളുടെ തറ, മുണ്ട്യ, കോട്ടം, പതി മുതലായ അനുഷ്ഠാന സ്ഥാനങ്ങളിലൊന്നും ഇതിഹാസ പുരാണ പാരമ്പര്യങ്ങളില്‍ പറയുന്ന മൂര്‍ത്തികളും ശ്രീരാമനെ പോലുള്ള ദൈവഗണങ്ങളൊ ആരാധന മൂര്‍ത്തികളായിരുന്നില്ല. കിഴാളരുടെയും ദളിതരുടെയും പാട്ടു പാരമ്പര്യങ്ങള്‍ ഇതിഹാസ പാരമ്പര്യത്തെ പ്രത്യേകിച്ചു രാമായണത്തെ പിന്‍പറ്റുന്നവയല്ല. ചെങ്ങന്നൂരാതിയെ പോലുള്ള വീരഗാഥകളും പൂമാതെ പൊന്നമ്മയെ പോലുള്ള പാട്ടു വഴക്കങ്ങളും രാമായണത്തെയോ ബ്രാഹ്മണിക് ഭക്തി പാരമ്പര്യത്തെയോ പിന്‍പറ്റുന്നവയല്ല. മറിച്ചു ജാതി ബ്രാഹ്മണ്യത്തെയും ജന്മി ത്തെയും നാടുവാഴി കോയ്മകളെയും നേരിട്ടെതിര്‍ക്കുന്ന പ്രത്യാധീശത്വ (counter hegemonic) സാംസ്‌കാരിക രൂപമായാണ് അവനിലനിന്നിട്ടുള്ളത്.

അദ്ധ്യാത്മ രാമായണവും ആധുനിക മലയാളിയും

കേരളത്തിലെ നവോത്ഥാന പ്രക്രിയയില്‍ ഇതിഹാസ പുരാണ പാരമ്പര്യങ്ങളെ പ്രത്യേകിച്ചു രാമായണത്തിന്റെ ഭക്തിപാരമ്പര്യത്തെ സാംസ്‌കാരികവും ദാര്‍ശനികവുമായ വിഭവവും പാരമ്പര്യവുമായി കണ്ടെടുക്കുന്ന ഒരു ഉദ്യമവും ഉണ്ടായിരുന്നില്ല. നാരായണഗുരു രാമായണത്തെ നിരാകരിക്കുന്നത് വാല്‍മീകി രാമായണത്തിന്റെ വര്‍ണ്ണ വരേണ്യതയും ജാതിശുദ്ധിയുടെയും ഭേദവ്യവസ്ഥയെ ധര്‍മ്മമായിക്കാണുന്ന ബ്രാഹ്മണപാരമ്പര്യത്തെയും ജാതി മൂല്യങ്ങളെയും ചൂണ്ടിക്കാട്ടി. വൈദിക ശൈവ പാരമ്പര്യത്തില്‍ നിന്നും വ്യത്യസ്തമായി ദക്ഷിണേന്ത്യയില്‍ വിശിഷ്യാ അബ്രാഹ്മണരായ വെള്ളാള പിള്ളമാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സിദ്ധ -ശൈവ പാരമ്പര്യത്തെയാണ് നാരായണഗുരു നവോത്ഥാനത്തിന്റെ സാമൂഹികഭാവനകളെ സൃഷ്ടിക്കുവാനായി കണ്ടെടുക്കുന്നത്. ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിനു അടിത്തറയായി വര്‍ത്തിച്ച നവോത്ഥാനത്തിന്റെ മുഖ്യ ദാര്ശനികവും മൂല്യപരവുമായ സ്രോതസ്സായി ഇതിഹാസ പുരാണങ്ങള്‍ക്കു ഒരും പങ്കും ഉണ്ടായിരുന്നില്ല. ഇതിഹാസ പുരാണ പാരമ്പര്യങ്ങളെ നിരാകരിച്ചുകൊണ്ടാണ് ആധുനിക നീതിവിചാരത്തിന്റെയും തുല്യതയുടെയും സാഹോദര്യത്തിന്റെ മൂല്യങ്ങളെ നവോത്ഥാന സംരംഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. ആധുനിക മലയാളിയെ ഒരു ഭാഷ സാംസ്‌കാരിക സ്വത്വമുള്ള ദേശിയ മനുഷ്യരായി നിര്‍മ്മിച്ചത് നവോത്ഥാന പ്രക്രിയയാണ്. എഴുത്തച്ഛന്‍ രാമായണത്തിനും കിളി പാട്ടുസാഹിത്യത്തിനും മലയാളത്തെ ഒരു മാനക ഭാഷയും മലയാളികളെ ഒരു പൊതുസമൂഹവുമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല.

രാമായണവും പാരായണവും

എഴുത്തച്ഛന്റെ കിളിപ്പാട്ട് ഭക്തി രാമായണത്തിന്റെ വക്താക്കളും പ്രചാരകരും ശൂദ്ര സമൂഹങ്ങളും അമ്പലവാസി പതിത ബ്രാഹ്മണരുമായിരുന്നു. കിഴാള ദലിത് സമൂഹങ്ങളിലെ കാവ് പാരമ്പര്യത്തിലും അയിത്ത ജാതി സമൂഹങ്ങളുടെ നാട്ടുവഴക്കങ്ങളിലെ ആത്മീയ ബോധ്യങ്ങളിലും അനുഷ്ഠാന ക്രമങ്ങളിലൊന്നും ഈ ഭക്തി രാമായണത്തിന് ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ല. അടിയാളര്‍ -കുടി സമൂഹങ്ങളുടെ വാങ്മയ പാരമ്പര്യങ്ങളും പാട്ടുസാഹിത്യവും പരിശോധിച്ചാല്‍ ഇതു നമുക്ക് മനസിലാകും. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ മീമാംസകന്മാരായിട്ടുള്ള നമ്പൂതിരി ബ്രാഹ്മണര്‍ പ്രചരിപ്പിച്ചതോ അവര്‍ നിലനിര്‍ത്തിപോന്നതോ അല്ലായിരുന്നു കേരളത്തിലെ രാമകഥന പാരമ്പര്യം. കേരളത്തിലെ പ്രസിദ്ധങ്ങളായ പരമ്പരാഗത 32 ബ്രാഹ്മണഗ്രാമങ്ങളിലൊന്നും ശ്രീരാമനു പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ ഇല്ല. മാത്രമല്ല കേരളത്തിലെ തന്ത്രപാരമ്പര്യത്തിലും തന്ത്ര ഗ്രന്ഥങ്ങളിലൊന്നും മറ്റു മൂര്‍ത്തികളെപോലെ ശ്രീരാമനായി പ്രത്യേക പ്രതിഷ്ഠാകര്‍മങ്ങളോ പൂജാ വിധികളും ഉണ്ടായിരുന്നില്ല. പിന്നീടുണ്ടായിവന്ന ശ്രീരാമ ക്ഷേത്രങ്ങളില്‍ ശ്രീരാമന് പകരമായി ചതുര്‍ ബാഹുവായ വിഷ്ണുവിന്റെ പ്രതിഷ്ഠയാണുള്ളതെന്നു തന്ത്രപാരമ്പര്യത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള ഡോക്ടര്‍ ശ്യാം കുമാറിനെ പോലുള്ളവര്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഭക്തി രാമായണ പാഠങ്ങള്‍ മലയാളത്തിന്റെ മധ്യകാലരൂപത്തില്‍നിന്നും നമ്പുതിരി മണിപ്രവാള മലയാളത്തില്‍ നിന്നും ജനങ്ങള്‍ക്ക് മനസിലാകുന്ന മലയാളത്തിലാണ് ഉണ്ടായി വന്നത്. പുതുതായി ഉയര്‍ന്നു വന്ന ഇടത്തട്ടു വിഭാഗങ്ങളുടെയും ശുദ്ര ശ്രേണിയിലുള്ളവരുടെയും ഭാഷ ആവിഷ്‌കാരവും എഴുത്ത് വഴക്കവുമായിരുന്നു ഈ പുതു മലയാളം രൂപം. കേരളത്തില്‍ നമ്പുതിരി ബ്രാഹ്മണര്‍ പതിതരാക്കിയ തങ്ങളുടെ സ്വയം കര്‍തൃത്വവും ശുദ്ര സ്വത്വവും ആവിഷ്‌കരിക്കാന്‍ ശുദ്രന്മാരും മറ്റ് അമ്പലവാസികളും ഈ ഭാഷയും ഇതിഹാസ പുരാണ കഥന രൂപങ്ങളും പാട്ടുവഴക്കങ്ങളും ഉപയോഗിച്ചു. ഇവര്‍ ഭക്തിയെ തങ്ങളുടെ ശുദ്ര പതിതത്വത്തിന്റെ ആത്മാഖ്യാനമായി വികസിപ്പിക്കുകയാണ് രാമായണ കഥ നങ്ങളിലൂടെ ചെയ്തത്. നംബൂതിരി ബ്രാഹ്മണ്യത്തിന്റെ അധീശത്വത്തെ അഭി മുഖീകരിക്കാന്‍ ഇതു ശുദ്ര നായര്‍ വിഭാഗങ്ങള്‍ക്കും പതിത ബ്രാഹ്മണര്‍ക്കും വഴി തുറന്നുനല്കി. കണ്ണശ്ശന്മാര്‍ മുതല്‍ കുഞ്ചന്‍ നമ്പിയാര്‍ വരെയുള്ള പാട്ടു പാരമ്പര്യം ഇതാണ് കാണിക്കുന്നത്. എന്നാല്‍ ഈ പാട്ടു ഭക്തി പാരമ്പര്യത്തിനും അതു മുന്നോട്ടെടുത്ത സാമൂഹിക വിഭാഗങ്ങള്‍ക്കും ആഗമ അനുഷ്ഠാനങ്ങള്‍ക്കനുസരിച്ചുള്ള ക്ഷേത്ര ബ്രാഹ്മണ്യത്തിന്റെ ഇത്തിള്‍ കണ്ണികളായി നിലനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. ശൂദ്രരെയും അമ്പലവാസികളെയും പതിത ബ്രാഹ്മണരെയും നിലനിര്‍ത്തിയ ജന്മിത്ത നാടുവാഴി സംസ്‌കാരത്തിന്റെ പരാന്ന ഭോജി സാമ്പത്തിക ബന്ധങ്ങളെയോ ജാതി ബ്രഹ്മണ്യത്തിന്റെ ആദര്‍ശ വര്‍ണ്ണ ജാതി ലോക വീക്ഷണത്തെയോ വിമര്‍ശിക്കുന്ന വിമര്‍ശസംസ്‌കാരത്തെ സൃഷ്ടിക്കാന്‍ ഇവരുടെ അദ്ധ്യാത്മ രാമായണ പാഠങ്ങള്‍ക്ക് കഴിഞ്ഞില്ല.

അതു ഭാഷയുടെ തന്നെ പുതിയ സ്വത്വപ്രകാശനത്തിന്റെ ഭക്തിപാരമ്പര്യമയി വികസിച്ചു. പക്ഷെ ഈ ഭക്തിപാരമ്പര്യത്തിലും രാമായണത്തിന്റെയോ മഹാഭാരതത്തിന്റെയോ ഭക്തിപാരമ്പര്യങ്ങളിലൊന്നും പൊതുവെ സാമൂഹിക ശ്രേണിയില്‍ നായര്‍ക്ക് താഴെയുള്ള ജാതിസമൂഹങ്ങള്‍ക്കും അയിത്ത ജാതിക്കാര്‍ക്കും ഒരു സ്വാധീനവുമുണ്ടായിരുന്നില്ല. അടുത്ത കാലം വരെയും അവരൊക്കെ കാവ് പാരമ്പര്യം എന്ന് പറയുന്ന മറ്റൊരു പാരമ്പര്യത്തിലാണ് നിലനിന്നിരുന്നത്. ഗോത്ര ദൈവങ്ങളുടെയോ കീഴാള അയിത്ത ജാതി അനുഷ്ഠാന രൂപങ്ങളുടെയോ അവരുടെ വിശ്വാസരൂപങ്ങളുടെയോ വിശ്വാസങ്കല്പങ്ങളുടെയോ പാരമ്പര്യങ്ങളുടെയോ ഭാഗമായിട്ട് കാവ് പാരമ്പര്യമെന്നു പൊതുവെ വിളിക്കപ്പെടുന്നതായിരുന്നു അവരുടെ സംസ്‌കാരം. അബ്രാഹ്മണ പാരമ്പര്യങ്ങളില്‍ നായര്‍ വരെയുള്ള വിഭാഗങ്ങളിലാണ് രാമായണവും മഹാഭാരതവും സാംസ്‌കാരികമായിട്ടുള്ള ഇടപെടലുകള്‍ കൂടുതലും നടത്തിയിട്ടുള്ളത്. ചില സമുദായങ്ങള്‍ തങ്ങളുടെ ഉത്ഭവത്തെ സാധൂകരിക്കാനും നിലനിര്‍ത്തുവാനും വേണ്ടി തങ്ങളുടെ ജാതി പുരാണങ്ങള്‍ (തങ്ങളുടെ ജാതികള്‍ എങ്ങനെയാണു ഉണ്ടായി വന്നതെന്ന്) ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ജാതിവ്യവസ്ഥയില്‍ തങ്ങളുടെ അതിജീവനത്തിന്റെ ഭാഗമായി ശിവന്റേയോ വിഷ്ണുവിന്റേയോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ഉപദേവതകളുടെയോ വംശാവലി ക്രമങ്ങളെ തങ്ങളുടെ ജാതിപുരാണവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉദാഹരണമായി ആശാരി, മുശാരി, തട്ടാന്‍ സമുദായങ്ങളൊക്കെ പലപ്പോഴും വൈഷ്ണവരില്‍ നിന്നാണ് അല്ലെങ്കില്‍ ശൈവരില്‍ നിന്നാണ് തങ്ങളൊക്കെ ഉണ്ടായതെന്നു അവകാശപ്പെടാറുണ്ട്. ശിവന്റെ ഭൂതഗണങ്ങളില്‍ നിന്നാണ് തങ്ങള്‍ ഉണ്ടായതെന്നും അല്ലെങ്കില്‍ മഹാഭാരതത്തിലെ മറ്റേതെങ്കിലും കഥാപാത്രങ്ങളുമായി ഇവര്‍ തങ്ങളുടെ ജാതി പുരാണങ്ങളെ ബന്ധിപ്പിക്കാറുണ്ട്. ജാത്യാധിപത്യത്തിന്റെ കീഴായ്മയില്‍ നില്‍കുമ്പോള്‍, അതിനെ ദൈന്യദിന ജീവിതത്തില്‍ അതിജീവിക്കാന്‍ ഇതിഹാസ പുരാണപാരമ്പര്യങ്ങളുമായി ബന്ധപ്പെടുത്തുന്ന ഒരു സ്ട്രാറ്റജിയാണിത്. അവരുടെ പാരമ്പര്യത്തെ, വിജ്ഞാനരൂപത്തെ, സവിശേഷമായ സ്വത്വത്തെ, അറിവ് രൂപങ്ങളെ. നിലനിര്‍ത്താന്‍ വേണ്ടി ഏതെങ്കിലും രൂപത്തിലുള്ള ഇതിഹാസപുരാണങ്ങളിലെ ദൈവങ്ങളെ ബന്ധിപ്പിക്കുന്നത് രീതിയാണിത്. അധികാര കോയ്മകളെ അഭിമുഖീകരിക്കുന്ന രീതികൂടിയാണിത്. എന്നാല്‍ ഇത്തരം സമൂഹങ്ങള്‍ തങ്ങളുടെ നാട്ടു പാരമ്പര്യങ്ങളെയാണ് ദൈനംദിന ആത്മീയ അനുഷ്ഠാന ജീവിതത്തില്‍ നിലനിര്‍ത്തിയത്. മുകളില്‍ നിന്ന് ബ്രാഹ്മണരുടെയും നാടുവാഴികളുടെയും രാജാധിപത്യത്തിന്റയും നാട്ടുകോയ്മകളുടെയും ആധിപത്യത്തിന്റെ രൂപത്തില്‍ ഇതിഹാസപുരാണ പാരമ്പര്യങ്ങള്‍ അധികാരമായി പടര്‍ന്നിറങ്ങുമ്പോള്‍ കാവ് പാരമ്പര്യങ്ങള്‍ക്ക് മേല്‍ കോയ്മ സ്ഥാപിക്കാന്‍ ജന്മി ബ്രാഹ്മണ്യവും നാട്ടുകോയ്മകളും ഇത്തരം ഇതിഹാസ പാരമ്പര്യങ്ങളെ അധീശത്ത രൂപമായി നിലനിര്‍ത്തിയിരുന്നു. ഇതു കാണിക്കുന്നത് കാവ് പാരമ്പര്യത്തിന്റെ ആത്മീയ പാരമ്പര്യമോ സാംസ്‌കാരിക സ്വയം തിരെഞ്ഞടുപ്പോ ആയിരുന്നില്ല രാമായണം ഉള്‍പ്പടെയുള്ള ഇതിഹാസ പാരമ്പര്യങ്ങള്‍ എന്നതാണ്. നാട്ടു കോയ്മകളും ജന്മിത്തവും നാടുവാഴി അധികാരവും കാവ് പാരമ്പര്യത്തിനുമേല്‍ കോയ്മ സ്ഥാപിക്കുന്നതിന് സംസ്‌കൃത ഇതിഹാസ പുരാണ പാരമ്പര്യത്തെ രാഷ്ട്രീയാധികാര പ്രയോഗമായി നിലനിര്‍ത്തി എന്നതാണ് വസ്തുത. അപ്പോഴും കീഴാള ദലിത് സമൂഹങ്ങളുടെ ജീവിതത്തിന്റെയോ അനുഷ്ഠാന രീതികളുടെയോ ചാക്രിക ക്രമത്തിനുള്ളില്‍ (അതായത് വര്‍ഷാവര്‍ഷംതോറും തുടരുന്ന) ഒരു പ്രധാന അനുഷ്ഠാന രീതിയോ ആരാധന ക്രമമോ ആകാന്‍ ഇതിഹാസ പുരാണ പരാമ്പര്യങ്ങള്‍ക്കു കഴിഞ്ഞില്ല. ഈ സമൂഹങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാന്‍ ഭക്തിരാമായണത്തിന് കഴിഞ്ഞില്ല. പ്രത്യേകിച്ച് രാമനോ സീതയോ രാമായണമോ ഒന്നുംതന്നെ കീഴാള ബഹുജനങ്ങളുടെ അനുഷ്ഠാന രൂപങ്ങളിലും ആത്മീയ മണ്ഡലത്തിലും നിലനിന്നിരുന്നില്ല. പിന്നെ എങ്ങനെയാണ് രാമായണം എന്നത് കീഴാള അധഃസ്ഥിത കുടുംബങ്ങളുടെ ജീവിതത്തില്‍ ഒരു പാരായണ പാഠം ആകുന്നത്?

(തുടരും)

ഈ ലേഖനപരമ്പരയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ താഴെ

രാമായണം ജാതീയ വര്‍ണ്ണ മേല്‍ക്കോയ്മ നിലനിര്‍ത്തുന്ന പ്രത്യയശാസ്ത്രം

ദക്ഷിണേന്ത്യയിലെ ക്ഷേത്രസംസ്‌കാരവും രാമായണവും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ഇതിഹാസപാരമ്പര്യമല്ല, കേരളത്തിന്റേത് കാവ് പാരമ്പര്യം – ഡോ കെ എസ് മാധവന്‍

  1. ഏകദേശം 7-ം നൂറ്റാണ്ട് മുതലാണ് കേരളത്തില്‍ ബ്രാഹ്മണ കുടിയേറ്റം നടക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. അതിന് ശേഷം ഒരു 100 -200 വര്‍ഷം മുതല്‍ മാത്രമാണ് മലയാള ഭാഷയും രൂപം കൊള്ളുന്നത്. ഇങ്ങിനെ മലയാളം രൂപം കൊണ്ടതില്‍ സവര്‍ണ്ണ കുടിയേറ്റം വലിയ പങ്ക് വഹിച്ചതായി കാണാം. അവിടം മുതലേ മലയാള സാഹിത്യവും ജനിക്കുന്നുള്ളൂ. അക്ഷരവും അറിവും സാഹിത്യവുമൊക്കെ ഇതുമായി ബന്ധപ്പെട്ടാണ് വികസിക്കുന്നത്. സ്വാഭാവികമായും മലയാള സാഹിത്യവും സവര്‍ണ്ണ സ്വാധീനത്തിലായി. രാമായണം നവോത്ഥാനത്തിന് സംഭാവന നല്‍കിയില്ല എന്ന് വരികിലും അത് സാഹിത്യ വികാസത്തിന് വലിയ സംഭാവന നല്‍കി. നാം ഇന്ന് ഉദ്ദേശ്ശിക്കുന്ന നവോത്ഥാനം അടുത്ത കാലത്തുണ്ടായ കാര്യങ്ങളാണ്. ബുദ്ധ – ജൈന സ്വാധീനവും ഇതില്‍ പരാമര്‍ശിച്ചിട്ടില്ല.

Leave a Reply