ജനസംഖ്യാദിനത്തില്‍ കേരളം ചര്‍ച്ച ചെയ്യേണ്ടത്
ഇന്ത്യയുടെ പൊതു അവസ്ഥയില്‍ നിന്നു വ്യത്യസ്ഥമായ കേരളത്തിലെ സമകാലികാവസ്ഥയില്‍ ജനസംഖ്യാദിനം മുന്നോട്ടുവെക്കുന്ന, അല്ലെങ്കില്‍ വേക്കേണ്ട ചിലവിഷയങ്ങളാണ് ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്. അതി്‌ലേറ്റവും പ്രധാനം ജനസംഖ്യയില്‍ വര്‍ദ്ധിക്കുന്ന വൃദ്ധരുടെ അനുപാതമാണ്, പ്രത്യകിച്ച് സ്ത്രീകളുടെ
ജൂലൈ 11 ലോക ജനസംഖ്യാ ദിനമാണ്. ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു, അതു കുറക്കാനുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷക്ഷ്യത്തോടെ ഇത്തരമൊരു ദിനാചരണത്തിനു തുടക്കമായത്. പല വികസിത രാഷ്ട്രങ്ങളിലും അതുകൊണ്ടു ഗുണമുണ്ടായെങ്കിലും അവികസിത രാജ്യങ്ങളുടെ അവസ്ഥ വ്യത്യസ്ഥമാണ്. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുക എന്നതായിരുന്നു. എന്നാലതു യാഥാര്‍ത്ഥ്യമാകാന്‍ ഒരു സാധ്യതയുമില്ല. പ്രധാന കാരണം ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ വലിയ നേട്ടം ഉണ്ടാക്കാനാവാത്തുതന്നെ. ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. ഇന്ത്യയിലേക്കു വന്നാല്‍ സ്ഥിതി ആശാവഹമല്ല എന്നത് പ്രകടമാണ്. ഏതാനും വര്‍ഷങള്‍ക്കുള്ളില്‍ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നുറപ്പ്. അതിനാല്‍ തന്നെ ദാരിദ്ര്യവും വര്‍ദ്ധിക്കുമെന്നതില്‍ സംശയമില്ല.
ഇന്ത്യയുടെ പൊതു അവസ്ഥയില്‍ നിന്നു വ്യത്യസ്ഥമായ കേരളത്തിലെ സമകാലികാവസ്ഥയില്‍ ജനസംഖ്യാദിനം മുന്നോട്ടുവെക്കുന്ന, അല്ലെങ്കില്‍ വേക്കേണ്ട ചിലവിഷയങ്ങളാണ് ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്. അതി്‌ലേറ്റവും പ്രധാനം ജനസംഖ്യയില്‍ വര്‍ദ്ധിക്കുന്ന വൃദ്ധരുടെ അനുപാതമാണ്, പ്രത്യകിച്ച് സ്ത്രീകളുടെ. ജനസംഖ്യയില്‍ നാല്പ്പതു ശതമാനത്തോളം പേര്‍ വൃദ്ധരായി മാറുന്ന നിലയിലേക്കാണ് കേരളം നീങ്ങുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. മരണനിരക്കെന്നപോലെ ജനനനിരക്കും കുറഞ്ഞതും ശരാശരി ആയുസ്സ് കൂടിയതുമാണ് ഈ പ്രവണതക്ക് മുഖ്യമായ കാരണങ്ങള്‍. ഈ പ്രവണതകള്‍ കേരളത്തില്‍ അഖിലേന്ത്യാതലത്തേക്കാള്‍ വളരെ കൂടുതലാണ്. കൂടാതെ യുവജനങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കില്‍ ഇപ്പോഴും കുറവില്ല. ഉന്നതവിദ്യാഭ്യാസം നേടുന്നവരില്‍ ഭൂരിപക്ഷത്തിനും തൊഴില്‍ നല്‍കാനുള്ള സാഹചര്യം ഇപ്പോഴും ഇവിടെയില്ലല്ലോ. വലിയൊരു വിഭാഗം ഉന്നതവിദ്യാഭ്യാസം നേടിയവരും അല്ലാത്തവരും തൊഴിലിനായി ഇപ്പോഴും പുറത്തുപോകുന്നു. ഈ സാഹചര്യം സ്വാഭാവികമായും കേരളത്തെ കൂടുതല്‍ നരപ്പിക്കുന്നു.
കേരളത്തിന്റെ ആരോഗ്യരംഗത്തെ ഏറ്റവും വലിയ നേട്ടമായി ചൂണ്ടികാണിക്കുന്നത് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതാണല്ലോ. എന്നാല്‍ അതിനനുസരിച്ച് വൃദ്ധരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ നാം പരാജയപ്പെട്ടു. ആയുര്‍ ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ കേരളത്തെ യൂറോപ്പിനോട് ഉപമിക്കാറുണ്ട്. അവിടേയും വൃദ്ധജനസഖ്യാനുപാതം കൂടുകയും ചെറുപ്പക്കാരുടേത് കുറയുകയുമാണ്. എന്നാല്‍ അവിടെ മിക്ക രാജ്യങ്ങളിലും വാര്‍ദ്ധക്യത്തെ സര്‍ക്കാര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നു എന്നതാണ് വസ്തുത. അതാണല്ലോ ആ രാജ്യങ്ങളിലെ വയോധികരെ ശുശ്രൂഷിക്കുക എന്ന വലിയൊരു തൊഴില്‍ മേഖല മലയാളിക്കും ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടത്തെ വയോധികരുടെ അവസ്ഥയോ? സ്വന്തമായി പെന്‍ഷനില്ലാത്തവരുടെ അവസ്ഥ എത്രയോ പരിതാപകരമാണ്. സര്‍ക്കാര്‍ കൊടുക്കുന്ന തുച്ഛമായ ക്ഷേമപെന്‍ഷന്‍ കൊണ്ട് എന്താകാന്‍? മരുന്നിനു മുതല്‍ ചായക്കുവരെ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ടിവരുന്ന അപമാനകരമായ അവസ്ഥയിലാണ് പൊതുവില്‍ നമ്മുടെ വാര്‍ദ്ധക്യം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വയോജനങ്ങളില്‍ വലിയൊരു ഭാഗം ഒരിക്കലും എണീല്‍ക്കാത്ത വിധം കിടപ്പിലുമാണ് – ജീവിതവും മരണവും അന്തസ്സില്ലാത്തതാകുന്ന ദയനീയമായ അവസ്ഥ. ഇന്ത്യയില്‍ ഈ അവസ്ഥ ഏറ്റവും മോശം കേരളത്തിലാണ്. സര്‍ക്കാര്‍ ജീവനക്കാരെപോലെതന്നെ പല രീതിയിലും ജീവിതം മുഴുവന്‍ സമൂഹത്തെ സേവിച്ചവരാണ് എല്ലാവരും. വാര്‍ദ്ധക്യത്തില്‍ അവരുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയാണ്. അഥവാ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇക്കാര്യം ഉന്നയിക്കാന്‍ നമ്മുടെ സംഘടിത പ്രസ്ഥാനങ്ങളോ കേരളം നമ്പര്‍ വണ്‍ എന്നു കൊട്ടിഘോഷിക്കുന്നവരോ തയ്യാറല്ല. സാമൂഹ്യജീവിതമില്ലാത്ത വൃദ്ധര്‍ക്ക് ശക്തമായ സംഘടനയുമില്ല. പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയ നയങ്ങള്‍ക്കൊപ്പം മികച്ച രീതിയില്‍ വൃദ്ധസദനങ്ങളും പകല്‍വീടുകളും ആരംഭിക്കാന്‍ സക്കാര്‍ തയ്യാറാകണം. പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം കൂടുതല്‍ സജീവമാകണം. സാമ്പത്തിക ശേഷിയുള്ള മക്കള്‍ വൃദ്ധരെ പുറംതള്ളുന്നതില്‍ കര്‍ശന നടപടി വേണമെന്നത് ശരി. അപ്പോഴും ഇത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് തത്വത്തില്‍ അംഗീകരിക്കണം. ഒരു പ്രായം കഴിഞ്ഞാല്‍ മക്കള്‍ക്ക് ഭാരമാകാതെ മാറിപോകുന്നവരാണ് വികസിത രാഷ്ട്രങ്ങലിലെ വയോധികര്‍. അവര്‍ ദമ്പതികളായോ ഒറ്റക്കോ അല്ലെങ്കില്‍ താല്‍പ്പര്യമുള്ളവര്‍ ഒരുമിച്ചോ താമസിക്കുന്നു. തീര്‍ച്ചയായും സര്‍ക്കാരിന്റെ പരിരക്ഷ അവര്‍ക്കുണ്ട്. ആ ഒരു ദിശയിലാണ് നാം മുന്നോട്ടുപോകേണ്ടത്. പക്ഷെ ഇവിടെ നാമവര്‍ക്ക് സാമൂഹ്യജീവിതവും നിഷേധിക്കുകയാണ്. ശരാശരി ആയുസ്സ് ഉയര്‍ന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.
വയോധികരുടെ പ്രശ്‌നം പറയുമ്പോള്‍ സ്ത്രീകളുടെ വിഷയം പ്രത്യേകം പറയണം. 2013-17 ലെ എസ്.ആര്‍.എസ് റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും യഥാക്രമം 72.5 വയസും 77.8 വയസും ആണ്. അതിനാല്‍ സ്വാഭാവികമായും വൃദ്ധരില്‍ സ്ത്രീകളാണ് കൂടുതല്‍. കൂടാതെ പൊതുവില്‍ പുരുഷന്മാര്‍ ഏതാനും വയസ്സിന് താഴെയുള്ള സ്ത്രീകളെയാണല്ലോ വിവാഹം കഴിക്കുക. അതിനാല്‍ തന്നെ വിധവകളായ വൃദ്ധകളുടെ എണ്ണം കേരളത്തില്‍ വളരെ കൂടുതലാണ്. ഇക്കാര്യം ഇനിയും വേണ്ടവിധത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനസംഖ്യാദിനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതായ മറ്റനവധി വിഷയങ്ങളുമുണ്ട്. അടുത് കാലം വരെ സ്ത്രീകളാണ് കേരളത്തില്‍ കൂടുതല്‍ എന്നു നാം അഭിമാനത്തോടെ പറയാറുണ്ട്. എന്നാലിപ്പോള്‍ അതിനു മാറ്റം വരുന്നു എന്നാണ് വാര്‍ത്തകള്‍. പുരുഷന്മാരാണ് കൂടുതല്‍ പുറത്തുപോകുന്നത്. എന്നിട്ടും അടുത്തകാലത്തായി പുരുഷന്മാരുടെ എണ്ണമാണ് കൂടുതല്‍. ലിംഗപരിശോധന നടത്തിയുള്ള ഗര്‍ഭഛിദ്രം കേരളത്തില്‍ വ്യാപകമാകുന്നുണ്ടോ എന്നു പലരും സംശയം ഉന്നയിക്കുന്നുണ്ട്. കുറെകാലമായുള്ള മറ്റൊരു പ്രവണതയും പരിശോധിക്കേണ്ടതാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കാണത്. അവരില്‍ ഭൂരിഭാഗവും വളരെ ചെറുപ്പമാണ്. പുരുഷന്മാരുമാണ്. നമ്മുടെ ചെറുപ്പക്കാര്‍ പുറത്തുപോകുമ്പോള്‍ ശാരീരികാധ്വാനം ആവശ്യമായ മേഖലകളിലേക്കാണ് അവര്‍ കൂട്ടത്തോടെ എത്തുന്നത്. ജനസംഖ്യയുമായി ബന്ധപ്പെട്ട് ഇനിയുള്ള പഠനങ്ങളെല്ലാം ഇവരെകൂടി കണക്കിലെടുത്തേ കഴിയൂ. എന്നാല്‍ അവര്‍ ജീവിതം മുഴുവന്‍ ഇവിടെ കഴിയുന്ന പ്രവണത ഇപ്പോഴില്ല. ഭാവിയില്‍ അതുണ്ടാകില്ല എന്നു പറയാനാകില്ല. സ്വന്തം നാട്ടില്‍ നിന്ന് വിവാഹം കഴിച്ച് കൊണ്ടുവന്നോ ഇവിടെ നിന്നുതന്നെ വിവാഹം കഴിച്ചോ അന്യസംസ്ഥാന തൊഴിലാളികള്‍ ജീവിതം കരുപിടിപ്പിച്ചുകൂട എന്നില്ല. എങ്കിലതു ജനസംഖ്യാവിതരണത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഗൗരവമായി പഠിക്കേണ്ടിവരും. ഒരു വലിയ മെട്രോനഗരമായി കേരളം മാറുന്ന അവസ്ഥയായിരിക്കും ഇതുണ്ടാക്കുക.
ലിംഗപരമായ പ്രശ്‌നത്തോടൊപ്പം ജാതിപരവും മതപരവുമായ പ്രശ്‌നങ്ങളും ജനസംഖ്യാവിതരണവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. അവയാകട്ടെ രാജ്യമാകെ നിലനില്‍ക്കുന്ന ആവശ്യവുമായി ബന്ധപ്പെട്ടാണ്. ജാതി സെന്‍സസ് നടത്തുക എന്നതാണതില്‍ പ്രധാനം. പിന്നോക്ക – ദളിത് വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശമായ സംവരണം എത്രമാത്രം പാലിക്കപ്പെടുന്നുണ്ട് എന്നു വ്യക്തമാകാന്‍ അത് അനിവാര്യമാണ്. കേരളത്തിലും അത് പ്രസക്തമാണ്. എന്നാല്‍ അതിന് ഇനിയും കേന്ദ്രഭരണകൂടം തയ്യാറായിട്ടില്ല. മറ്റൊന്ന് രാജ്യത്തെ മുസ്ലിംവിഭാഗങ്ങളുടെ ജനസംഖ്യ വര്‍ദ്ധിക്കുന്നു എന്ന രീതിയില്‍ സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന പ്രചാരണമാണ്. അക്കാര്യത്തില്‍ അവരേറ്റവും വലിയ ഉദാഹരണമായി കാണിക്കുന്നത് കേരളമാണ്. എന്തിനേറെ, ഇവിടെ ന്യൂനപക്ഷങ്ങള്‍ തന്നെയായിട്ടും ഒരു വിഭാഗം കൃസ്ത്യന്‍ വിഭാഗങ്ങളും ഈ പ്രചാരണം ഏറ്റെടുത്തിരിക്കുന്നു. വളരെ അപകടകരമായ അവസ്ഥയിലേക്കാണ് ഇതു സംസ്ഥാനത്തെ നയിക്കുക. അതേ സമയം വളരെ പ്രകടമായ മറ്റൊരു കണക്കിനോട് എല്ലാവരും തന്നെ മുഖം തിരിക്കുകയുമാണ്. സംസ്ഥാനത്തെ ആദിവാസി ജനവിഭാഗങ്ങളുടെ ജനസംഖ്യ കുറയുന്നു എന്നതാണ്. വയനാടും ഇടുക്കിയിലും അട്ടപ്പാടിയിലുമൊക്കെ അതാണവസ്ഥ. ഈ ജനസംഖ്യാദിനത്തിലെങ്കിലും ഇത്തരം വിഷയങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിയുമെങ്കില്‍ അത്രയും നന്ന്്…..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in