കാഞ്ച ഐലയ്യയുടെത് സ്ത്രീവിരുദ്ധതയും ഇസ്ലാമോ ഫോബിയയും
ജൂതന്മാര്‍ ഇസ്രായേലിനെ ഒരു വികസിത രാജ്യമാക്കി വളര്‍ത്തിയപ്പോള്‍, ഫലസ്തീനികളുടെ ഏക ലക്ഷ്യം ‘മതം’ മാത്രമായിരുന്നുവെന്നാണ് 2019 ലെ തന്റെ ഇസ്രായേല്‍ സന്ദര്‍ശനം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത്. ഇസ്രായേലിന്റെ ‘മഹത്വം’ അവരുടെ സമ്പന്നമായ ഹരിത ഉല്‍പാദന മേഖലകളില്‍ എല്ലായിടത്തും കാണാന്‍ കഴിയും എന്നൊക്കെ തന്റെ സ്വത്വവാദ വിഭ്രാന്തിയില്‍ കാഞ്ച ഐലയ്യ വിളിച്ചുപറയുന്നുണ്ട്. കേരളത്തില്‍ ഫലസ്തീനെ പിന്തുണയ്ക്കുന്നവര്‍ ‘ഹമാസിസ്റ്റുകള്‍’ ആണെന്ന് വരെ അദ്ദേഹം പറഞ്ഞുവെക്കുന്നുവത്രേ.
രേന്ദു ദേശാലുഗ ബത്തുകടമേ ധാരി (രണ്ട് രാഷ്ട്രങ്ങളായി ജീവിക്കുക മാത്രമാണ് പരിഹാരം) എന്ന തലക്കെട്ടിലുള്ള കാഞ്ച ഐലയ്യയുടെ സമീപകാല തെലുങ്ക് ലേഖനത്തില്‍ ഇസ്രായേലിനെ പൂര്‍ണമായി പിന്തുണച്ചും, ഫലസ്തീനെയും ഹമാസിനെയും അധ്വാനിക്കാത്ത, സ്ത്രീവിരുദ്ധരായ മതരാഷ്ട്ര തീവ്രവാദികളായി ചിത്രീകരിച്ചും ചരിത്രവിരുദ്ധവും പ്രകോപനപരവും അപമാനവികവും ലോകമനസാക്ഷിയെ തന്നെ നടക്കുന്നതുമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരിക്കുന്നു. ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിക്കാതെ ഫലസ്തീനും ഇറാനും മറ്റും തീവ്രവാദത്തിന് സംഭാവന നല്‍കുകയാണെന്നാണ് ഐലയ്യ ലേഖനത്തില്‍ ആക്ഷേപിക്കുന്നത്.
സാമൂഹ്യ ജനാധിപത്യത്തിന്റെ വിശാല സങ്കല്പങ്ങളെ തകര്‍ത്ത് പലതാക്കി വേര്‍തിരിച്ചെടുത്ത്, സ്വത്വാധിഷ്ഠിത സന്നദ്ധ സംഘങ്ങളാക്കി ദുര്‍ബലപ്പെടുത്തുന്ന സാമ്രാജ്യത്വത്തിന്റെയും നവ മുതലാളിത്തത്തിന്റെയും സ്വത്വ രാഷ്ട്രീയ പ്രചരണ പദ്ധതിയുടെ ബൗദ്ധിക കാവല്‍ക്കാരില്‍ ഒരാളായ കാഞ്ചാ ഐലയ്യയില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ല. സ്വത്വ വാദ സന്നദ്ധ സംഘങ്ങളെയും അതിന്റെ ബുദ്ധിജീവികളെയും ദേശരാഷ്ട്ര സങ്കല്‍പ്പങ്ങളെ തകര്‍ക്കാനും, ഫലസ്തീന്‍ പോലെയുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ ദുര്‍ബലമാക്കി അവര്‍ക്ക് സേവ ചെയ്യാനും ഉള്ള പ്രവര്‍ത്തനങ്ങള്‍ 1970 കള്‍ മുതല്‍ നടന്നു വരുന്നുണ്ട്. അത്തരത്തില്‍ സയണിസ്റ്റ് ഫാസിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും താല്പര്യങ്ങള്‍ക്ക് വേണ്ടി വഴക്കിയെടുക്കപ്പെട്ട ദളിത് സ്വത്വ വാദ ബുദ്ധിജീവിയാണ് താന്‍ എന്ന് സമര്‍ത്ഥിക്കുന്ന അഭിപ്രായ പ്രകടനങ്ങളാണ് കാഞ്ച ഐലയ്യയില്‍ നിന്നും ഇസ്രായേല്‍ – ഫലസ്തീന്‍ വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്.
ജൂതന്മാര്‍ ഇസ്രായേലിനെ ഒരു വികസിത രാജ്യമാക്കി വളര്‍ത്തിയപ്പോള്‍, ഫലസ്തീനികളുടെ ഏക ലക്ഷ്യം ‘മതം’ മാത്രമായിരുന്നുവെന്നാണ് 2019 ലെ തന്റെ ഇസ്രായേല്‍ സന്ദര്‍ശനം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത്. ഇസ്രായേലിന്റെ ‘മഹത്വം’ അവരുടെ സമ്പന്നമായ ഹരിത ഉല്‍പാദന മേഖലകളില്‍ എല്ലായിടത്തും കാണാന്‍ കഴിയും എന്നൊക്കെ തന്റെ സ്വത്വവാദ വിഭ്രാന്തിയില്‍ കാഞ്ച ഐലയ്യ വിളിച്ചുപറയുന്നുണ്ട്. കേരളത്തില്‍ ഫലസ്തീനെ പിന്തുണയ്ക്കുന്നവര്‍ ‘ഹമാസിസ്റ്റുകള്‍’ ആണെന്ന് വരെ അദ്ദേഹം പറഞ്ഞുവെക്കുന്നുവത്രേ.
ബ്രിട്ടീഷ് – അമേരിക്കന്‍ സാമ്രാജ്യത്വം സയണിസ്റ്റ് ഭീകരവാദികളിലൂടെ, ആസൂത്രിതവും ക്രൂരവുമായ അധിനിവേശത്തിലൂടെ ‘ഇസ്രായേല്‍’ എന്ന ചരിത്രവിരുദ്ധമായ ജൂതരാഷ്ട്ര നിര്‍മ്മാണം നടത്തിയതും, 1948 മുതല്‍ ചിര പുരാതന സംസ്‌കാരത്തിന്റെ പ്രഭവകേന്ദ്രമായ ഫലസ്തീന്‍ ജനതയ്ക്ക് എത്രമേല്‍ പ്രഹരം ഏല്‍പ്പിച്ചുവെന്നും പതിനായിരക്കണക്കിന് കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കി എന്നും, അത്രതന്നെ പേര്‍ അഭയാര്‍ത്ഥികളായി എന്നും അറിയാത്ത ആള്‍ ആയിരിക്കില്ല കാഞ്ച ഐലയ്യ. എന്നാല്‍ ഇസ്രായേലിന്റെ അതിഥിയായി ഒറ്റ സന്ദര്‍ശനത്തില്‍ തന്നെ അദ്ദേഹം സാമ്രാജ്യത്വത്തിന്റെയും, ജൂത സയണിസത്തിന്റെയും ദൗത്യത്തില്‍ ജ്ഞാനസ്‌നാനപ്പെടുന്നതാണ് നാം കണ്ടത്.
സ്ത്രീകള്‍ക്ക് നേരെയുള്ള ഇസ്ലാമോഫോബിക് കടന്നാക്രമണം :
സയണിസത്തിന്റെയും നവ മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഗുണഭോക്താവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ലേഖനത്തിലെ പരാമര്‍ശങ്ങളില്‍ ഏറ്റവും നൃശംസവും ചരിത്ര വിരുദ്ധവുമായത് ഫലസ്തീന്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വംശീയവും ലിംഗ വിവേചനപരവുമായ ഇസ്ലാമോഫോബിക് ആക്രമണമാണ്. ഇത് സംഘപരിവാര്‍ സ്ത്രീ വിരുദ്ധതയുടെ മിമിക്രി രൂപമാണെന്ന് പറയാവുന്നതാണ്.
ഇസ്രായേല്‍ ജൂതന്മാരെ പോലെ രാജ്യത്തെ കൃഷിയിലൂടെ ഹരിതാഭമാക്കാതെ, അധ്വാനിക്കാതേയും, രാഷ്ട്രത്തെ സമ്പന്നമാക്കിയെടുക്കാതെയും അലസന്മാരായ ഫലസ്തീന്‍ ജനതയില്‍ ഏറ്റവും നിഷ്‌ക്രിയരായ വിഭാഗമാണ് ഫലസ്തീന്‍ സ്ത്രീകള്‍ എന്നാണ് അധിനിവേശത്തിന്റെ എല്ലാ ആയോധന സാമഗ്രികളെയും സ്വീകാര്യമാക്കുന്നതിനുള്ള യുക്തി എന്ന നിലയില്‍ കാഞ്ച ഐലയ്യ അവതരിപ്പിക്കുന്നത്. ഫലസ്തീന്‍ സാംസ്‌കാരിക – സാമൂഹ്യ – രാഷ്ട്രീയ- പോരാട്ട ചരിത്രത്തില്‍ നിര്‍ണായക പങ്കു വഹിച്ച സ്ത്രീകളെ ഉച്ചാടനം ചെയ്ത് ലോകത്തിനു മുമ്പില്‍ മുസ്ലിം സ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിച്ച് സയണിസ്റ്റ് – സാമ്രാജ്യത്വ – ഫാസിസ്റ്റ് യാഗത്തിന്റെ ഇന്ത്യന്‍ യജമാനന്‍ ആകാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ ലേഖനത്തില്‍ ഉള്ളടങ്ങിയിട്ടുള്ളത് എന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. അതുകൊണ്ടുതന്നെ ഫലസ്തീന്‍ സ്ത്രീകളുടെ ചരിത്രത്തിലെ പങ്ക് ജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്.
കാഞ്ച ഐലയ്യ പറയുന്നത് ഇസ്രായേലിന്റെ കാര്‍ഷിക അധ്വാന മഹത്വം സമൃദ്ധമായ ഹരിത ഉല്‍പാദന വയലുകളില്‍ എല്ലായിടത്തും കാണാം എന്നൊക്കെയാണ്. അവര്‍ മരുഭൂമികളെ ഉല്‍പാദന ഭൂമികളാക്കി മാറ്റിയെന്നും അദ്ദേഹം ലേഖനത്തില്‍ അവകാശപ്പെടുന്നുണ്ട്. ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയെന്നു പറയുമ്പോഴും ഫലസ്തീനിലെ ജനങ്ങളെ മരുഭൂമിയിലെ അര്‍ദ്ധ കൃഷിയിടങ്ങളില്‍ പോലും കാണാനില്ലെന്നും, ഫലസ്തീന്‍ കൃഷിയിടങ്ങളില്‍ നമ്മള്‍ ഒരു സ്ത്രീയെ പോലും കാണില്ലെന്നും, എന്നാല്‍ ഇന്ത്യന്‍ ശൂദ്രരെയും ദളിത് സ്ത്രീകളെയും പോലെ ഇസ്രായേല്‍ ജൂത സ്ത്രീകള്‍ എല്ലാ സമയത്തും ജോലി ചെയ്യുകയാണെന്നും ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് രാസത്വരകമായ ഭാഷ സൃഷ്ടിച്ചുകൊണ്ട് ഐലയ്യ വ്യാഖ്യാനിക്കുന്നു. തദ്ദേശീയരായ ഗോത്രവര്‍ഗ സ്ത്രീകളെ കുടിയേറ്റക്കാരായ ഇസ്രായേലി സ്ത്രീകളുമായി താരതമ്യപ്പെടുത്തി തെറ്റായ ആഖ്യാനം നടത്തി, വസ്തുതകളുടെ ബൗദ്ധികമായ സത്യസന്ധതയില്ലായ്മയും തെറ്റായ ചിത്രീകരണവും അദ്ദേഹം ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഒന്നാമതായി ഇസ്രായേലിന്റെ കാര്‍ഷിക വികസനം അവരുടെ ജൂത വര്‍ഗ്ഗ വിശുദ്ധി പോലെ ഊതിവീര്‍പ്പിച്ച കഥകള്‍ മാത്രമാണ്. 1917 മുതല്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയും രക്തസാക്ഷികളായും കുടിയേറ്റക്കാരായ സയണിസ്റ്റ് ജൂത ഭീകരരില്‍ നിന്ന് തങ്ങളുടെ ഭൂമിയും മരങ്ങളും സംരക്ഷിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഫലസ്തീന്‍ നാടും തദ്ദേശീയരായ ഫലസ്തീന്‍ സ്ത്രീകളും തമ്മില്‍ ഐലയ്യയുടെ പരാമര്‍ശത്തിലൂടെ അന്യതയുടെ വികാരം സൃഷ്ടിക്കുന്നു.
ഇന്ത്യയില്‍, ചിപ്കോ പ്രസ്ഥാനം, ആദിവാസി മഹിളാ മസ്ദൂര്‍ കിസാന്‍ മഞ്ച്, ബൈഗാ ചക്ക് (Baiga Chak) ആദിവാസി സ്ത്രീകള്‍ തുടങ്ങിയ സ്ത്രീ സംഘാടനങ്ങള്‍ക്ക് സമാനമായി, വിവിധ മാര്‍ഗങ്ങളിലൂടെ നമ്മുടെ ആദിവാസി സ്ത്രീകള്‍ എങ്ങനെ പോരാടി, ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഒരു നീണ്ട ചരിത്രമുണ്ട്. അതിന് സമാനമാണ് ഫലസ്ഥന്‍ സ്ത്രീ മുന്നേറ്റം അവിടെ ചരിത്രപരമായി നടന്നു വരുന്നത്. നിരവധി ഗ്രാമങ്ങളിലെ സ്ത്രീകളുടെ യോഗങ്ങളില്‍ അവര്‍ തയ്യാറാക്കിയ പട്ടികകള്‍ക്കനുസൃതമായി മരങ്ങള്‍ മുറിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതിനും വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമായി മേല്‍പ്പറഞ്ഞ ആദിവാസി സ്ത്രീ കൂട്ടായ്മകള്‍ വനങ്ങളില്‍ പട്രോളിംഗ് നടത്തുന്നു. അതുപോലെ, ഫലസ്തീനിലെ ഇസ്രായേല്‍ കുടിയേറ്റ കോളനികള്‍ പിറവിയെടുക്കുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഫലസ്തീന്‍ ദേശത്തിന്റെ പെണ്‍മക്കളായ ഫലസ്തീന്‍ സ്ത്രീകള്‍ അവരുടെ മരങ്ങള്‍ സംരക്ഷിക്കുന്നതിലും അവരുടെ പരിസ്ഥിതിയും സംസ്‌കാരവും സംരക്ഷിക്കുന്നതിനുവേണ്ടിയും വിവിധതരം ഇടപെടലുകളും പോരാട്ടങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
2019-ല്‍ ഗാസ മുനമ്പില്‍ ഒരു സ്ത്രീശാക്തീകരണ പരിപാടിയുടെ ഭാഗമായി ഫലസ്തീന്‍ സ്ത്രീകള്‍ 5,000 ഒലിവ്, സിട്രസ് മരങ്ങള്‍ നട്ടുപിടിപ്പിച്ചതായി കോണ്‍ഫ്‌ലിക്റ്റ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഒബ്‌സര്‍വേറ്ററിയുടെ (ഫലസ്തീനിലെ മരം നടല്‍ പ്രതിരോധം) റിപ്പോര്‍ട്ട് പറയുന്നു. ഇസ്രായേല്‍ അധിനിവേശം ഗാസ മുനമ്പിലെ ഫലഭൂയിഷ്ഠമായ ഭൂമിയുടെ 40 ശതമാനവും തകര്‍ത്ത് ഒരു സൈനികവല്‍ക്കരിക്കപ്പെട്ട ‘ബഫര്‍ സോണ്‍’ നടപ്പിലാക്കുന്നു. വര്‍ഷങ്ങളോളം തുടര്‍ച്ചയായി നടന്ന ബോംബാക്രമണങ്ങള്‍ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളെ മാത്രമല്ല തകര്‍ത്തത്. മരം നട്ടുപിടിപ്പിച്ചതിന് കര്‍ഷകരെയും കൊന്നൊടുക്കി. ദശലക്ഷക്കണക്കിന് ഒലീവ് മരങ്ങളും മറ്റ് ഫലവൃക്ഷങ്ങളും 70 വര്‍ഷത്തിലേറെയായി ഇസ്രായേല്‍ സൈന്യം പിഴുതെറിയുകയും കത്തിക്കുകയും മോഷ്ടിക്കുകയും ചെയ്തതായി മില്യണ്‍ ട്രീ കാമ്പെയ്ന്‍ (MTC) കണ്ടെത്തുന്നുണ്ട്.
ഫലസ്തീനിലെ മില്യണ്‍ ട്രി ക്യാമ്പയിന്‍ ഭക്ഷണത്തിനുള്ള അവകാശം നേടിയെടുക്കാനും അവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കൂടാതെ ‘അവര്‍ ഒരു മരം പിഴുതെറിയുന്നു, ഞങ്ങള്‍ പത്ത് നട്ടുപിടിപ്പിക്കുന്നു’ എന്ന മുദ്രാവാക്യവുമായി കൃഷിയിലൂടെ രാഷ്ട്രീയ നീതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നതിന് ഒരു ഉദാഹരണവും ഫലസ്തീന്‍ സ്ത്രീകളുടെ പ്രവര്‍ത്തനം നമുക്ക് കാണിച്ചു തരുന്നുണ്ട്.
യൂറോപ്യന്‍ രൂപത്തിലുള്ള ഒരു ഭൂപ്രകൃതി സൃഷ്ടിക്കാനായി 1901ല്‍, ജൂത ദേശീയ ഫണ്ട് രൂപീകരിച്ചു കൊണ്ട് ‘ഫലസ്തീനിയന്‍ ഒലിവുകള്‍’ക്കെതിരെ പൈന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ഒരു ജൂത സയണിസ്റ്റ് പ്രോജക്റ്റ് തന്നെ ആരംഭിച്ചിരുന്നു. പൈന്‍ മരങ്ങളില്‍ നിന്ന് കാര്‍ഷികപരമായും സാംസ്‌കാരികമായും വ്യത്യസ്തമായ ‘ഫലസ്തീന്‍ ഒലിവ് ‘ ഇസ്രായേല്‍ ഭരണകൂടത്തിന്റെയും ജൂത ഇസ്രായേലി കുടിയേറ്റക്കാരുടെയും ക്രൂരമായ ലക്ഷ്യമായി ഇവിടെ മാറുന്നു. യഹൂദ കുടിയേറ്റക്കാര്‍ ഒലിവ് തോട്ടങ്ങള്‍ വന്‍തോതില്‍ പിഴുതെറിയുന്നത് ഫലസ്തീന്‍ ഭൂമിയുടെ മേലുള്ള നിയന്ത്രണബോധം എസ്റ്റാബ്ലിഷ് ചെയ്യാന്‍ മാത്രമല്ല, ഫലസ്തീനിയന്‍ ഒലിവ് സ്വത്വത്തെയും സംസ്‌കാരത്തെയും, ചരിത്രത്തെ തന്നെയും പിഴുതെറിയാനാണ്. ഫലസ്തീനിലെ കൃഷിയെക്കുറിച്ച് സയണിസ്റ്റ് സാമ്രാജ്യത്വ ഭാഷാശൈലിയും ചിന്തയും കടമെടുത്ത് വാചാലനാകുന്ന കാഞ്ച ഐലയ്യ, ഇസ്രായേല്‍ സൈന്യം ഗാസയിലെ 65 ചതുരശ്ര കിലോമീറ്ററിലധികം ഫാമുകളും തോട്ടങ്ങളും നശിപ്പിച്ചത് അറിഞ്ഞതേയില്ല. ലക്ഷത്തിനോടെടുത്ത് കുട്ടികളെയും സ്ത്രീകളെയും ഇതിനകം കൊന്നതും അദ്ദേഹത്തിന് അറിയില്ല.
‘ഗാസയിലെ ഇക്കോസൈഡ്’ എന്നു പറയാവുന്ന മൊത്തം ഭൂവിസ്തൃതിയുടെ 38 ശതമാനത്തില്‍ അധികം പ്രദേശത്ത് ഇസ്രായേല്‍ ഭരണകൂടം നടത്തുന്ന പാരിസ്ഥിതിക നാശം, ഭൂമിയുടെ അധിനിവേശത്തിനു വേണ്ടി മാത്രമല്ല, വിവിധ പാരിസ്ഥിതിക – വിവേചന സമ്പ്രദായങ്ങളിലൂടെ ഭൂമിയുടെ നേറ്റീവ് ഐഡന്റിറ്റി (native identity) തന്നെ മാറ്റി മറിക്കാനും വംശ വിച്ഛേദവും ഉദ്ദേശിച്ചിട്ടുള്ളതാണ്. ഒലിവ് മരങ്ങള്‍ പിഴുതെറിയുന്നതില്‍ നിന്നും മനുഷ്യാവകാശ ധ്വംസനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന്, ഇസ്രായേല്‍ നടത്തുന്ന ‘ഗ്രീന്‍വാഷിംഗ്’ (green washing) ആണ് ഐലയ്യയെ സയണിസ്റ്റ് ഭീകരതയില്‍ ഹര്‍ഷ പുളകിതനാക്കുന്നത്. അവരുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും പരിസ്ഥിതിക്കും ഫലസ്തീനിനും മൊത്തം ആ ഭൂമിക്കും ഒരുപോലെ വലിയ ദോഷം വരുത്തുമ്പോഴും പരിസ്ഥിതി സൗഹൃദ രാജ്യമായി സ്വയം പ്രചരിപ്പിക്കുന്നു.
പരിസ്ഥിതിയുടെ ഈ ചൂഷണവും ഭൂമിയുടെയും പ്രകൃതി വിഭവങ്ങളുടെയും മേലുള്ള നിയന്ത്രണവും ഇസ്രായേലിന്റെ അനധികൃത സെറ്റില്‍മെന്റ് എന്റര്‍പ്രൈസ് (settlement enterprises) കെട്ടിപ്പടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കേന്ദ്രമാണ് . അധിനിവേശ ഫലസ്തീന്‍ പ്രദേശത്തിന്റെ ഭാവിയിലെ കാലാവസ്ഥാ വ്യതിയാന പ്രവചനങ്ങള്‍ വാര്‍ഷിക താപനിലയില്‍ വര്‍ദ്ധനവുണ്ടാകുന്നതും ഭൂമിയിലും കൃഷിയിലും ഇസ്രായേല്‍ നയങ്ങള്‍ മൂലം മഴ കുറയുന്നതും ഉള്‍പ്പെട്ട പഠനങ്ങളുടെ ഭാഗമാണ്. ബ്രസീലിയന്‍ ഫിലിം മേക്കര്‍ ജൂലിയ ബച്ച (Julia Bacha) യുടെ ഡോക്യുമെന്ററിയായ നൈല ആന്‍ഡ് ദി അപ്റൈസിംഗ് (Naila and the Uprising) ഫലസ്തീന്‍ പോരാട്ടത്തിലെ സ്ത്രീ സാന്നിധ്യത്തെ ചരിത്രപരമായി രേഖപ്പെടുത്തുന്നുണ്ട്. ആക്ടിവിസ്റ്റ് നൈല അയേഷിന്റെ ശ്രദ്ധേയമായ യാത്രയെ കുറിച്ചുള്ള, പ്രചോദനാത്മകമായ ഈ ഡോക്യുമെന്ററി, 1980കളില്‍ ആദ്യ ഇന്‍തിഫാദയില്‍ ഫലസ്തീനിയന്‍ സ്ത്രീകള്‍ മുന്‍നിരയില്‍ വഹിച്ച പ്രധാന പങ്ക് വിശദീകരിക്കുന്നുണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫലസ്തീന്‍ സ്ത്രീകള്‍ അവരുടെ ദൈനംദിന ജീവസന്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക മാത്രമല്ല, കുടിയേറ്റ ശക്തികള്‍ക്കെതിരായ ദീര്‍ഘകാല ഫലസ്തീന്‍ ചെറുത്തുനില്‍പ്പില്‍ ഉടനീളം നേതൃത്വപരമായ പങ്കുവഹിച്ചു വരുന്നുമുണ്ട്. സമൂഹത്തിന്റെ പരിമിതികളെ മാറ്റിനിര്‍ത്തി കൂട്ടായ പ്രവര്‍ത്തന പ്രസ്ഥാനങ്ങളിലൂടെയുള്ള അവരുടെ സജീവ പങ്കാളിത്തം സാമ്രാജ്യത്വ അധിനിവേശത്തിനും കൊള്ളയ്ക്കും അനീതികള്‍ക്കുമെതിരെ പോരാടാനുള്ള അവരുടെ സ്വാഭാവിക പ്രവണത കാണിക്കുന്നു. ഫലസ്തീന്‍ വനിതാ കമ്മിറ്റികള്‍ അവരുടെ ഭൂമിക്കും മരങ്ങള്‍ക്കും വേണ്ടി മാത്രമല്ല, സാമൂഹിക പ്രവര്‍ത്തനത്തിലൂടെ വികലാംഗര്‍, വൃദ്ധര്‍, കുട്ടികള്‍, നവജാതശിശുക്കള്‍ എന്നിവരുടെ ജീവിതത്തിനും വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നുമുണ്ട് എന്ന ചരിത്രം, കാഞ്ചാ ഐലയ്യയുടെ ചരിത്രനിരപേക്ഷമായ സ്വത്വവാദ ബുദ്ധിജീവിതത്തിന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ, ഫലസ്തീന്‍ സ്ത്രീകളെ തെറ്റായി ചിത്രീകരിക്കുകയും അവിടത്തെ മുസ്ലീം സ്ത്രീകളെ ലിംഗ വിവേചനത്തിന്റെ പേരില്‍ അവരുടെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും അവഗണിക്കുകയും ചെയ്യുന്നത് ഓറിയന്റലിസവും, ഇസ്ലാമോഫോബിയയും ചേര്‍ന്ന സാമ്രാജ്യത്വ പദ്ധതിയല്ലാതെ മറ്റൊന്നുമല്ല.
എഡ്വേര്‍ഡ് സെയ്ദ് തന്റെ ശ്രദ്ധേയമായ ‘ഓറിയന്റലിസം’ (1978) എന്ന കൃതിയില്‍ പാശ്ചാത്യ ബുദ്ധിജീവികളെക്കുറിച്ചുള്ള ഒരു വിമര്‍ശനത്തില്‍ എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഓറിയന്റലിസം എങ്ങനെയാണ് ലിംഗഭേദത്തെക്കുറിച്ച് അനുമാനങ്ങള്‍ നടത്തുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്.
ഇസ്ലാമോഫോബിയയുടെ ഏറ്റവും ക്രൂരമായ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്നും അതുകൊണ്ടുതന്നെ അവരെ പിഴുതെടുത്ത് തലങ്ങും വിലങ്ങും എറിഞ്ഞാല്‍ ആ വംശത്തെ തന്നെ ലോകത്തിനു മുമ്പില്‍ ഒറ്റപ്പെടുത്താനും നാശോന്മുഖമാക്കുവാനും സാധിക്കുമെന്നും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും സയണിസത്തിനും വേണ്ടി സ്വയം സമുദ്ധരിക്കുന്ന, അതിന് ആനുപാതികമായ ന്യായശാസ്ത്രം അവതരിപ്പിക്കുന്ന കാഞ്ച ഐലയ്യമാര്‍ക്ക് അറിയാം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in