കക്കുകളി : ആവിഷ്‌കാരസ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുമ്പോള്‍

കൃസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പി എം ആന്റണിയുടെ നാടകത്തെ മുന്‍നിര്‍ത്തി, ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായും അനുകൂലമായും കേരളത്തില്‍ നടന്ന വിവാദങ്ങളും പ്രക്ഷോഭങ്ങളും മറക്കാറായിട്ടില്ലല്ലോ. ഇപ്പോഴിതാ ചരിത്രത്തിന്റെ തനിയാവര്‍ത്തനം എന്ന വിധം കക്കുകളി എന്ന നാടകവുമായി ബന്ധപ്പെട്ട് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാടകത്തിനെതിരായി തൃശൂരില്‍ കൃസ്ത്യന്‍ സഭകളുടെ നേതൃത്വത്തില്‍ വലിയ പ്രകടനം നടന്നു. മറുവശത്ത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നവര്‍ മാര്‍ച്ച 24ന് സാഹിത്യ അക്കാദമിയില്‍ യോഗം ചെര്‍ന്ന് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. ഇങ്ങനെതന്നെയായിരുന്നു മൂന്നു പതിറ്റാണ്ടുമുമ്പ് തിരുമുറിവ് വിവാദമാരംഭിച്ചത്.

പുന്നപ്ര പറവൂര്‍ ലൈബ്രറി നെയ്തല്‍ നാടക സംഘം ഒരു വര്‍ഷത്തിലേറെക്കാലമായി അവതരിപ്പിച്ചു കൊണ്ടിരിയ്ക്കുന്ന നാടകമാണ് കക്കുകളി ക്രൈസ്തവ സഭയേയും സന്യാസമഠങ്ങളേയും സന്യസ്തരേയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് നാടകമെന്നാണ് കേരള കാത്തലിക് ബിഷപ്പ് കൌണ്‍സില്‍ ഇപ്പോള്‍ കണ്ടെത്തിയത്. തൃശൂരില്‍ നടന്ന അന്താരാഷ്ട്രനാടകോത്സവത്തില്‍ അവതരിപ്പിച്ചതിനുശേഷമാണ് നാടകത്തിനതിരായ പ്രചാരണം ശക്തമായത്. തുടര്‍ന്നാണ് നാടക നിരോധനമെന്ന ആവശ്യവുമായി അവര്‍ വ്രണിതവിശ്വാസികളെ യുദ്ധോത്സുകരായി തെരുവുകളിലിറക്കിയത്. തീര്‍ച്ചയായും സഭക്കും മഠങ്ങള്‍ക്കുമെതിരായി രൂക്ഷമായ വിമര്‍ശനം നാടകത്തിലുണ്ട്. പക്ഷെ സമാനരീതിയിലുള്ള സംഭവങ്ങള്‍ക്ക് എത്രയോ തവണ കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നു. ഫ്രാങ്കോ സംഭവം പോലും കഴിഞ്ഞ് അദികകാലമായില്ലല്ലോ. തങ്ങള്‍ വിമര്‍ശനത്തിന് അതീതരാണ് എന്ന ചിന്തയില്‍ നിന്നാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുള്ളത്. അക്കാര്യത്തില്‍ മത – സാമുദായിക സംഘടനകള്‍ മാത്രമല്ല, രാഷ്ട്രീയ സംഘടനകള്‍ പോലുമുണ്ടെന്നതാണ് ചരിത്രം. വിമര്‍ശിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പ് എന്ന വസ്തുതയാണ് അതിലൂടെ ഇവര്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നത്.

നവോത്ഥാനപ്രക്ഷോഭങ്ങളിലൂടെ കേരളം ആര്‍ജ്ജിച്ച മതേതര ജനാധിപത്യ മൂല്യങ്ങള്‍ പിടപിടയായി നഷ്ടപ്പെടുന്ന കാഴ്ചയാണ് വാസ്തവത്തില്‍ ഐക്യകേരളത്തിനു ശേഷമുള്ള നമ്മുടെ ചരിത്രം. വിശ്വാസാചാര സംരക്ഷണത്തിന്റെ പേരില്‍ സിവില്‍ സാമൂഹ്യ ബന്ധങ്ങളെ കലുഷമാക്കുന്നതുമായ നിരവധി പ്രതിലോമ സന്ദര്‍ഭങ്ങള്‍ക്ക് സമീപകാലം സാക്ഷിയായിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടണ്ടായ കോലാഹലങ്ങള്‍ മറക്കാറായിട്ടില്ലല്ലോ. ആ നിരയില്‍ തന്നെയാണ് കക്കുകളിയുടെ പേരിലുയര്‍ത്തുന്ന ‘മതം അപകടത്തില്‍’ എന്ന വ്യാജഭീതിപ്രചരണം. ഒരു നാടകത്തിലൂടേയോ വിമര്‍ശനത്തിലൂടേയോ അപകടത്തിലാകുന്നതാണ് മതമെന്ന് കരുതുന്നു എങ്കില്‍ അതില്‍ അവര്‍ക്കുതന്നെ വിശ്വാസമില്ല എന്നല്ലേ അര്‍ത്ഥം? സര്‍ഗ്ഗാവിഷ്‌കാരങ്ങള്‍ക്കു മേല്‍ – അവ കവിതയോ നോവലോ നാടകമോ ഡോക്യുമെന്ററി / കഥാ സിനിമകളോ പെയ്ന്റിങ്ങോ ചരിത്രലേഖനമോ ശാസ്ത്ര സിദ്ധാന്ത വിവരണമോ ആകട്ടെ – മത നിന്ദയുടേയോ ദേശദ്രോഹത്തിന്റേയോ ചാപ്പ കുത്തി രചയിതാക്കളെ വേട്ടയാടുക, വിശ്വാസികളെ ഹിംസോന്മുഖരായി വികാരവല്‍ക്കരിയ്ക്കുക, അവരെ ചിന്താശേഷി ചോര്‍ത്തിക്കളഞ്ഞ് കൊലയും കൊള്ളിവെപ്പും നടത്താനുള്ള ആള്‍ക്കൂട്ടമായി തെരുവുകളിലെത്തിയ്ക്കുക – ലോകം പലകുറി കണ്ട ഈ രീതി തന്നെയാണ് ഇവിടേയും ആവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. കൃസ്ത്യന്‍ വിഭാഗങ്ങളടക്കം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്, പാസിസ്റ്റ് ശക്തികള്‍ക്ക് സഹായകരമാവുംവിധം ഇത്തരം വിഷയങ്ങള്‍ കുത്തിപ്പൊക്കുന്നത് എന്നതാണ് തമാശ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കസാന്‍ സാക്കീസിന്റെ ‘ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന പ്രശസ്തനോവലിനെ പ്രമേയമാക്കി തയ്യാറാക്കിയ കൃസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകാവതരണവുമായി ബന്ധപ്പെട്ടാണ് ആവിഷ്‌കാര സ്വാതന്ത്ര്യ വിഷയം സംസ്ഥാനത്ത് ഏറ്റവും ചര്‍ച്ചാവിഷയമായത്. പതിവുപോലെ നാടകം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു വിശ്വാസികള്‍ രംഗത്തിറങ്ങിയത്. ശക്തമായ പ്രക്ഷോഭങ്ങള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ നാടകാവതരണം നിരോധിച്ചു. ആന്റണിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ ആരംഭിച്ചത്. തുടക്കം നിയമ പോരാട്ടമായിരുന്നു. അതിന്റെ ഫലമായി തൃശൂരില്‍ രണ്ടിടത്തും ആലപ്പുഴയിലും കൊല്ലത്തും തലശ്ശേരിയിലും മറ്റും നാടകാവതരണം നടക്കുകയും ചെയ്തു. എന്നാല്‍ നാടകാവതരണത്തിനെതിരായ പ്രതിഷേധം ആളിപടര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും നിരോധിച്ചു. തുടര്‍ന്നാണ് നിരോധനത്തിനെതിരായ പ്രതിഷേധം തെരുവിലേക്ക് പടര്‍ന്നത്. പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മാത്രമല്ല, ബിഷപ്പ് പൗലോസ് മാര്‍ പൗലോസിനെ പോലുള്ള പുരോഹിതരും അതിന്റെ മുന്‍നിരയില്‍ നിന്നു. നക്സല്‍ വിഭാഗങ്ങളായിരുന്നു പോരാട്ടത്തിന്റെ ചാലകശക്തി. സംസ്ഥാനത്തുടനീളം സമ്മേളനങ്ങളും പ്രതിഷേധങ്ങളും അലയടിച്ചു. അതിന്റെയെല്ലാം തുടര്‍ച്ചയായിരുന്നു, തൃശൂരില്‍ ‘ആവിഷ്‌കാര സ്വാതന്ത്ര്യ കണ്‍വെന്‍ഷന്‍’ എന്ന് പേരിട്ടു നടന്ന വന്‍ സാംസ്‌കാരിക സമരം. വാക്കുകൊണ്ടും വരകൊണ്ടും അരങ്ങു കൊണ്ടുമൊക്കെ സൗന്ദര്യപരമായി ഉയര്‍ത്തിയ ഈ സമരത്തിന്റെ മുന്നണി പോരാളികളായത് സര്‍ഗ്ഗാത്മക വ്യക്തിത്വങ്ങളായിരുന്നു. മറ്റുജില്ലകളിലും നിരവധി പരിപാടികള്‍ നടന്നു. അതിനിടെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രകടനങ്ങള്‍ക്കിടിയില്‍ മുംബൈയില്‍ നാടകമരങ്ങേറി. എന്നാല്‍ പിന്നീട് സുപ്രിംകോടതി തന്നെ നാടകാവതരണം തടഞ്ഞു. മുഖ്യന്ത്രിയായിരുന്ന കരുണാകരന്‍ മാറി നായനാര്‍ വന്നപ്പോഴും സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമുണ്ടായില്ല. കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം പോലും പാലിച്ചില്ല.

തുടക്കത്തില്‍ സൂചിപ്പിച്ചപോലെ മതസംഘടനകള്‍ മാത്രമല്ല ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ രംഗത്തിറങ്ങിയിട്ടുള്ളത്. ജനകീയ സാംസ്‌കാരിക വേദി അവതരിപ്പിച്ച നാട്ടുഗദ്ദിക എന്ന ആദിവാസി നാടകത്തിനെതിരെ കേരളത്തിലങ്ങോളമിങ്ങോളം അക്രമങ്ങള്‍ നടത്തിയത് പ്രധാനമായും സിപിഎം അനുഭാവികളായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം സിവിക് ചന്ദ്രന്റെ നിങ്ങളാരെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിനുനേരേയും ഭീഷണികളുണ്ടായി. കെ പി എ സിയുടെ ഭഗവാന്‍ കാലുമാറുന്നു നാടകത്തിനെതിരെ രംഗത്തുവന്നത് ഹിന്ദുത്വവാദികളായിരുന്നു. ഇപ്പോഴും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. എസ് ഹരീഷിന്റെ മീശ എന്ന നോവലിന്റെ പ്രസിദ്ധീകരണം ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി നിര്‍ത്തിയത് അടുത്തായിരുന്നല്ലോ. പവിത്രന്റെ പര്‍ദ്ദ എന്ന കവിതക്കെതിരേയും ചിലര്‍ രംഗത്തുവന്നു. പല സിനിമകള്‍ക്കതിരേയും ഭീഷണിയുണ്ടായി. സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ, മൊയ്തു താഴത്തിന്റെ 51 വെട്ട്, ജയന്‍ ചെറിയാന്റെ ‘കാ ബോഡി സ്‌കേപ്‌സ്’, ടി ദീപേഷിന്റെ പിതാവും പുത്രനും, നാദിര്‍ഷായുടെ ഈശോ തുടങ്ങിയവ സമീപകാല ഉദാഹരണങ്ങള്‍ മാത്രം. സുപ്രിം കോടതി വിധി പ്രകാരം ശബരിമല കയറിയ ബിന്ദുവിനേയും കനകദുര്‍ഗയേയും ആധുനിക കാലത്തെ നവോത്ഥാന നായികമാരായി ചിത്രികരിച്ച കോതമംഗലം എഞ്ചിനിയറിംഗ് കോളേജിലെ മാഗസിന്‍ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചത് ഈ പരമ്പരയില്‍ തന്നെയാണ് വരുന്നത്. ചേകന്നൂരിന്റെ തിരോധാനം, ജോസഫ് മാഷുടെ കൈവെട്ടല്‍ എന്നിവ കേരളത്തെ ഞെട്ടിച്ചു. കവികളായ ഉമേഷ് ബാബു, കുരീപ്പുഴ ശ്രീകുമാര്‍, സാഹിത്യകാരന്‍ സക്കറിയ തുടങ്ങിയവരൊക്കെ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന്റെ പേരില്‍ അക്രമിക്കപ്പെട്ടിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോവിനെ ചിത്രീകരിച്ച 2019ലെ ലളിത കലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ സഭ രംഗത്തിറങ്ങിയപ്പോള്‍ പ്രതിഷേധിച്ചവര്‍ വിരലിലെണ്ണാവുന്നവരായിരുന്നു. അമൃതാനന്ദമയി ആശ്രമവുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള പല സംഭവങ്ങളും അരങ്ങേറിയിരുന്നു. അവിടത്തെ അന്തേവാസിയായിരുന്ന ഗെയ്ല്‍ ട്രെഡ്വെല്ലിന്റെ ‘വിശുദ്ധ നരകം – ആത്മസര്‍പ്പണത്തിന്റെയും ശുദ്ധ ഭ്രാന്തിന്റെയും ഓര്‍മ്മക്കുറിപ്പ്’ എന്ന പുസ്തകത്തിനെതിരെയായിരുന്നു നീക്കങ്ങള്‍. അതേകുറിച്ച് സംസാരിച്ച സ്വാമി സന്ദീപാനന്ദഗിരിക്കെതിരേയും ആക്രമം നടന്നു. കൂടാതെ അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം നിരോധിക്കുകയും അത് പ്രസിദ്ധീ കരിച്ച ഡി.സി. ബുക്‌സകിനെതിരെ അക്രമം നടക്കുകയും ചെയ്തു. സൈബര്‍ ലോകത്തും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണങ്ങള്‍ ശക്തമാണ്. നമ്മുടെ സാമൂഹിക- രാഷ്ട്രീയ-സാംസ്‌കാരിക-ബൗദ്ധിക ജീവിതം ഭീതിദമാം വിധം മാറികൊണ്ടിരിക്കുമ്പോള്‍ അതിനെ പ്രതിരോധിയ്ക്കാന്‍ ചരിത്രപരമായി കടപ്പെട്ടവര്‍ എന്നു നാം കരുതുന്നവരാകട്ടെ തങ്ങളുടെ രാഷ്ട്രീയമായ താല്‍പ്പര്യം കൊണ്ട് അതിനോട് മുഖം തിരിയ്ക്കുകയോ അഥവാ രാജിയാവുകയോ ചെയ്യുന്ന ധര്‍മ്മ ഭീരുത്വം ആവര്‍ത്തിച്ചു കൊണ്ടേയിരിയ്ക്കുന്നു. അവര്‍ക്കായി പട്ടും വളയും തയ്യാറായി കൊണ്ടിരിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീര്‍്ച്ചയായും കൃസ്തുവിന്റെ ആറാംതിരുമുറിവു പോലെ ഉന്നതമായ നിലവാരം പുലര്‍ത്തുന്ന ഒന്നല്ല ‘കക്കുകളി.’. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നൈതികമാണ്, മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമാണ് എന്ന, യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത, മലയാളികളില്‍ ഒരു വിഭാഗത്തിന്റെ ഗൃഹാതുരത്വമാണ് സഭയുടെ ജീര്‍ണ്ണതക്കെതിരെ നാടകം നിര്‍ത്തുന്നത്. അതൊന്നും പക്ഷെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നിലപാടിനു ന്യായീകരണമല്ല. കക്കുകളിക്കെതിരായ ഭീഷണി പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാത്രമല്ല ഒരു മതേതര ജനാധിപത്യ സമൂഹത്തില്‍ പുലരേണ്ട മൌലികമായ നൈതികാദര്‍ശങ്ങളെ ആകെത്തന്നെയാണ് വെല്ലു വിളിയ്ക്കുന്നത്. അതുകൊണ്ടു തന്നെ അതിനെതിരെ പ്രതിരോധമുയര്‍ത്തേണ്ടത് മതേതര, ജനാധിപത്യ, പുരോഗമന ശക്തികളുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഉത്തരവാദിത്തമായിത്തീരുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply