കെ ആര്‍ മീര : ഇടതുപക്ഷ പ്രച്ഛന്നത്തിന്റെ പ്രതീകം
ഏറെ പ്രതിഷേധമുയര്‍ന്നിട്ടും കോണ്‍ഗ്രസിനേയും ഹിന്ദുമഹാസഭയേയും സമീകരിച്ച തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്ന കെ ആര്‍ മീരയുടെയും അതിനെ പിന്തുണക്കുന്നവരുടേയും സാംസ്‌കാരിക ലക്ഷ്യങ്ങളെ കുറിച്ചാണ് പി എം പ്രേംബാബു എഴുതുന്നത്.
‘ഗാന്ധിജിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു’ എന്ന അസത്യത്തിന്റെ അപചരിത്രം നിര്‍മ്മിക്കുക, അതിലൂടെ ചരിത്രത്തില്‍ ആര്യസമാജിനെയും ബ്രഹ്മസമാജിനെയും മറ്റും പ്രതിരോധിച്ച കോണ്‍ഗ്രസിന്റെ മറ്റൊരു പ്രധാന ചരിത്രം തമസ്‌കരിക്കുക, തുടര്‍ന്ന് കോണ്‍ഗ്രസ്സിനെ ഹിന്ദു മഹാസഭയുമായി സമീകരിക്കുക. എന്നിട്ടും പോരാതെ ഒരു സിപിഎം പ്രോക്‌സി അത് ശരിയാണ് എന്ന് യൂട്യൂബിലൂടെ പറഞ്ഞത് പ്രചരിപ്പിക്കുക. ഇതെല്ലാം പറയുന്നത് കേരളത്തിലെ ഒരു സാഹിത്യകാരിയത്രേ..
കോണ്‍ഗ്രസ്സ് നേതാക്കളും നെഹ്രുവും മറ്റും ആസൂത്രിതമായി ഗാന്ധി വധകുറ്റത്തില്‍ നിന്നും സവര്‍ക്കറെ സംരക്ഷിച്ചു എന്നും അവര്‍ ഹിന്ദുത്വ വാദികള്‍ക്ക് അനുകൂലമായിരുന്നു എന്നുമൊക്കെയുള്ള സിപിഎമ്മിലെ ഹിന്ദുത്വ പ്രച്ഛന്നങ്ങള്‍ എഴുതിയത് സാഹിത്യകാരി സ്വയം ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു. സിപിഎമ്മിലെ ഇതേ തെരുവ് പ്രഭാഷകരായ ഹിന്ദുത്വ പ്രച്ഛന്നങ്ങള്‍ തന്നെയാണ് മുസ്ലിം സംഘടനകള്‍ തീവ്രവാദികളാണ് എന്ന് പറയുന്നതും അവരുടെ കര്‍തൃത്വങ്ങളെ രാഷ്ട്രീയ ബഹിഷ്‌കൃതരാക്കാന്‍ ശ്രമിക്കുന്നതും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എഴുത്തുകാരി/കാരന്‍ എന്ന ഈ ഇടതുപക്ഷ സാംസ്‌കാരിക പ്രച്ഛന്നങ്ങളുടെ മൗലിക ലക്ഷ്യം അധികാര രാഷ്ട്രീയ ഭരണകൂടങ്ങളെ സംരക്ഷിക്കുക എന്നതാണ്. അവിശുദ്ധമായ ഈ ദുരാഗ്രഹങ്ങളുടെ കൂട്ടായ്മയില്‍ പ്രധാനിയാണ് എം മുകുന്ദന്‍. കേരളത്തിലെ സിപിഎം നേതൃത്വം കൊടുത്ത ഉപരിവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ സ്വാഭാവികമായ ജന്മങ്ങളാണ് ഇന്ത്യാ ചരിത്രം പോലും അറിയാത്ത ഈ എഴുത്തുകാര്‍. കീഴാളബോധത്തിന്റെ ശക്തിയും സൗന്ദര്യവും ചോരക്കലി നിറഞ്ഞ വാക്കുകളിലൂടെ ആവിഷ്‌കരിച്ച കോവിലന്റെ രചനകള്‍ സൃഷ്ടിച്ച മുന്നേറ്റം സ്തംഭിപ്പിച്ചതും ഈ കപട സാഹിത്യ വിഭാഗത്തിന് പ്രചാരം ലഭിച്ചതിന്റെ ഭാഗമായിട്ടാണ്. അതുപോലെ തന്നെയാണ് സാറാ ജോസഫിന്റെ ‘ആലാഹയുടെ പെണ്‍മക്കള്‍’ എന്ന നോവലിനെ വാഴ്ത്തിയവര്‍ പി എ മുഹമ്മദ് കോയയുടെ ‘സുല്‍ത്താനും വീടും’ എന്ന കൃതിയെ തമസ്‌കരിച്ചത്. ഭാഷയിലും ആവിഷ്‌കാരത്തിലും സവിശേഷമായ ഒരു പ്രാദേശിക വഴക്കം സൂക്ഷ്മതലത്തില്‍ ആവിഷ്‌കരിച്ച നോവലായിരുന്നു അത്. ഒപ്പം പല ദളിത് സാഹിത്യ രചനകളും മുഖ്യധാരയില്‍ ഇടം കിട്ടാതെ പിന്‍ തള്ളപ്പെട്ടു. സി അയ്യപ്പന്‍ തള്ളപ്പെട്ടതും, എന്‍എസ് മാധവന്‍ ചര്‍ച്ച ചെയ്യപ്പെട്ടതും മലയാളിയുടെ വായനയിലെ കപട – ഭരണകൂട – ഇടതുപക്ഷ ഉപരിവര്‍ഗ്ഗ നാട്യങ്ങളുടെ മറ്റൊരു ഉദാഹരണമാണ്.
ചുരുക്കത്തില്‍ കീഴാള വിമോചനം ലക്ഷ്യം വെച്ചുകൊണ്ട് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ആവിഷ്‌കരിക്കാവുന്ന കീഴാള സംസ്‌കൃതിയുടെ ചിഹ്നങ്ങളും കലാമൂല്യങ്ങളും പരിഗണിക്കുവാനും ഉയര്‍ത്തി ക്കൊണ്ടുവരാനും സിപിഐ(എം) ഉള്‍പ്പെട്ട ഇടതുപക്ഷ വിഭാഗങ്ങള്‍ തയ്യാറായില്ല. ആ ചുവന്ന പതാക നാട്യങ്ങള്‍ക്ക് പുറകില്‍ ജന്മം കൊണ്ടവരാണ് മീരയും മുകുന്ദനും ബാലചന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ എ്ന്നു പറയാതെ വയ്യ..
ഇന്ത്യന്‍ ഉപരിവര്‍ഗ്ഗ രാഷ്ട്രീയത്തെ ആക്രമണാത്മകമായി മുന്നോട്ടു കൊണ്ടു പോകാന്‍ ആഗ്രഹിച്ച ഗോഡ്‌സെയും, അതേ രാഷ്ട്രീയത്തെ ഹൃദ്യമായ ഒരു വ്യാജ സോഷ്യലിസ്റ്റ് അനുഭവത്തിന്റെ രൂപത്തില്‍ അര്‍പ്പണ ക്രമമാക്കി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ച ഇഎംഎസ് നമ്പൂതിരിപ്പാടും ഉള്‍പ്പെടെയുള്ള ബുദ്ധിജീവികളും ഒരേ രാഷ്ട്രീയത്തിന്റെ രണ്ട് എതിരറ്റങ്ങള്‍ ആണെന്ന്
ഏറെ വൈകിയാണ് കേരളം മനസ്സിലാക്കി തുടങ്ങുന്നത്. സിപിഎം എന്ന പാര്‍ട്ടിയുടെ അധികാര കേന്ദ്രങ്ങളില്‍ ഒരു ആദിവാസിയോ ദളിതനോ ഉണ്ടാകാതിരുന്നതും, ഭരണരംഗങ്ങളില്‍ മുസ്ലിം പ്രാതിനിധ്യം അതിന്യൂനീകരിക്കപ്പെട്ടതും ഈ രണ്ട് എതിരറ്റങ്ങളുടെ പ്രകാശനമാണ്. അങ്ങനെ സിപിഎം പ്രസവിച്ച പല എഴുത്തുകാരും ഇന്ന് MCR ബ്രാന്‍ഡ് കസവുമുണ്ടും, ‘നവോത്ഥാന’ കേരളത്തിന്റെ അഭിമാനമുണ്ടും ഉടുത്ത്, കുലപുരുഷ വേഷത്തില്‍ അമ്പലങ്ങള്‍ക്കു ചുറ്റും കറങ്ങുന്നതാണ് നാം കാണുന്നത്. തിരുവന്തപുരത്തെ ഒരു വിപ്ലവകാരിയുടെ കുഞ്ഞിന്റെ പേര് ‘ആര്യന്‍’ എന്നാകുന്നതും ഇത് പോലെയുള്ള എഴുത്തുകാരുടെ സംസര്‍ഗ്ഗങ്ങളില്‍ നിന്നാണ്.
ഒരേസമയം സാമ്രാജ്യത്വത്തിനെതിരെ തീക്ഷ്ണ സമരം നടത്തുന്നു എന്ന് വരുത്തിത്തീര്‍ക്കുകയും, സാമ്രാജ്യത്വത്തിന്റെ മൂല്യങ്ങളോട് വിധേയത്വം നിലനിര്‍ത്തുകയും ചെയ്യുക, അവര്‍ണ്ണ – ദളിത് – മുസ്ലിം സമൂഹത്തോട് പ്രകടനാത്മകമായ അനുതാപം പ്രദര്‍ശിപ്പിക്കുകയും എന്നാല്‍ അവര്‍ക്ക് ഇന്ത്യന്‍ യാഥാസ്ഥിതിക ഉപരിവര്‍ഗ്ഗത്തിനുമേല്‍ മുന്‍കൈ ഉണ്ടാകാതിരിക്കാനുള്ള സൂക്ഷ്മതയും ശ്രദ്ധയും പാലിക്കുക, മാവോയിസ്റ്റുകളോ തീവ്രവാദികളോ ഐ എസ് ഭീകരരോ ആയി അവരെ ചിത്രീകരിക്കുക ഇതൊക്കെയാണ് സിപിഎമ്മിന്റെ രാഷ്ട്രീയ അടവു നയങ്ങള്‍.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗോഡ്‌സെയും ഗാന്ധിയും തമ്മിലുള്ള തീവ്രമായ അകലം, ഇന്ന് നരേന്ദ്രമോദിയും പിണറായി വിജയനും തമ്മില്‍ ഇല്ല. ബിജെപി നേതാക്കളും സിപിഎം നേതാക്കളും തമ്മിലുള്ള അകലം ഒട്ടും തീക്ഷ്ണമല്ലാതെ ഇങ്ങനെ ചുരുങ്ങി വരുമ്പോള്‍, സിപിഎമ്മിന്റെ നയത്തിന് ഗോഡ്‌സെയുടെ പ്രസ്ഥാനത്തില്‍ അംഗീകാരം ലഭിക്കുകയാണ് ചെയ്യുന്നത്. മീര, മുകുന്ദന്‍, ബാലചന്ദ്രന്‍, ബെന്യാമിന്‍, സച്ചിദാനന്ദന്‍ തുടങ്ങിയ എഴുത്തുകാര്‍ക്ക് സിപിഎംന്റെ എഴുത്തച്ഛനായ പ്രഭാവര്‍മ്മ നയിക്കുന്ന ഇടതുപക്ഷ അക്കാദമിയുടെ തൊഴുത്തില്‍ സുഖശയനം നടത്താന്‍ കഴിയുന്നതിന് കാരണം ഇപ്പറഞ്ഞതാണ്.
ഒരു ഹൈന്ദവ സിപിഎമ്മുകാരന്റെ മാനസികരൂപ വിശേഷവും അടിസ്ഥാന ഗുണവിഭവങ്ങളും ഉള്ള ഈ സംഘം, പിണറായി വിജയന്റെ സാംസ്‌കാരിക കാര്യാലയത്തില്‍ ഇരുന്നുകൊണ്ട് സിപിഎമ്മിന്റെയും ബിജെപിയുടെയും സാംസ്‌കാരിക നയത്തിന്റെ മധ്യസ്ഥ ബിന്ദുവായി പ്രവര്‍ത്തിക്കുമ്പോള്‍, ഒരു യാഥാസ്ഥിതിക ഹൈന്ദവ സിപിഎമ്മുകാരന്റെ ദയനീയമായ അവസ്ഥാവിശേഷമാണ് ജനങ്ങള്‍ക്ക് മുമ്പില്‍ സാക്ഷ്യപ്പെടുന്നത്. സ്വന്തം വ്യക്തിത്വത്തെ ഒരു അര്‍ത്ഥാലങ്കാരമാക്കി തീര്‍ക്കാന്‍ ഒരുപാട് പ്രച്ഛന്നങ്ങള്‍ സ്വന്തം ശരീരത്തില്‍ അണിഞ്ഞ് സിപിഎമ്മില്‍ ചാരി നില്‍ക്കുന്ന ഇവര്‍ ചുരുക്കത്തില്‍ എത്തിച്ചേരുന്നത്, സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തെ സാംസ്‌കാരികനയമാക്കി പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനത്തിന്റെ ഇഷ്ട ദാസികളോ ദാസന്മാരോ ആയിട്ടാണ് പ്രകോപനപരമായ സര്‍ഗാത്മക പ്രവര്‍ത്തനത്തില്‍ ഒരുതരത്തിലും ഏര്‍പ്പെടാത്ത മീര അധികാര സ്ഥാപനത്തിന്റെ ഓമനയാകുന്നത് അങ്ങനെയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in