സര്‍ക്കാര്‍ തൊഴില്‍ ദായകരല്ല, സംരംഭകരുമല്ല
\കെ ഫോണിന്റേയും കെ പപ്പടത്തിന്റേയും ഉദ്ഘാടനത്തിനും പ്രഖ്യാപനത്തിനുെമാക്കെ ശേഷം മുഖ്യമന്ത്രിയും കൂട്ടരും അമേരിക്കയില്‍ ലോകകേരളസഭ മേഖലാ സമ്മേളനത്തിലാണ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും മറിച്ച് കേരളത്തിന്റെ വികസനത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുമൊക്കെയാണ് കേരള നിയമസഭയുടെ ഒരു എക്‌സടെന്‍ഷന്‍ ആയി ലോകകേരള സഭ രൂപം കൊണ്ടത്. കുറെ വിവാദങ്ങള്‍ സൃഷ്ടിച്ചുവെന്നസ്സാതെ ആ ലക്ഷ്യങ്ങള്‍ നേടാന്‍ കാര്യമായൊന്നും ചെയ്യാന്‍ സഭക്കായിട്ടില്ല എന്നതാണ് വാസ്തവം. അതോടൊപ്പം കെ ഫോണ്‍ മുതല്‍ കെ പപ്പടം വരെയുള്ള സംരംഭങ്ങള്‍ സര്‍ക്കാര്‍ തന്നെ തുടങ്ങുന്നതാണോ കേരള വികസനം എന്ന ചോദ്യം ഉയര്‍ത്തേണ്ട സമയമാണിത്.
ആധുനിക കാലത്ത് ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങള്‍ എന്താണെന്ന ചോദ്യം വളരെ പ്രസക്തമാണ്. അത് പരമാവധി പേര്‍ക്ക് തൊഴില്‍ നല്‍കലാണെന്നാണ് വലിയൊരുവിഭാഗം ധരിച്ചുവെച്ചിരിക്കുന്നത്. കേരളത്തില്‍ ഞങ്ങള്‍ ഭരിക്കുമ്പോള്‍ ഇത്രപേര്‍ക്ക് പി എസ് സി വഴി ജോലി കൊടുത്തു, അവര്‍ ഭരിക്കുമ്പോള്‍ എത്രപേര്‍ക്ക് കൊടുത്തു, മറ്റു സംസ്ഥാനങ്ങളില്‍ എത്രപേര്‍ക്ക് കൊടുക്കുന്നു, ഞങ്ങള്‍ ഇത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചു, നിങ്ങളോ തുടങ്ങിയ ചോദ്യങ്ങളെല്ലാം കേള്‍ക്കുന്നത് അതിന്റെ ഭാഗമാണ്. സര്‍ക്കാരിനെ ഒരു തൊഴില്‍ ദായക സ്ഥാപനമായാണ് ഇവരെല്ലാം കാണുന്നത്. അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തന്നെ കൊട്ടിഘോഷിച്ച് പുതിയ വ്യവസായങ്ങളും സംരംഭങ്ങളും തുടങ്ങുന്നത്. തികച്ചും തെറ്റായ സമീപനമാണിത്. സര്‍ക്കാരിന്റെ ഉത്തരവാദിത്തം പരമാവധി പേര്‍ക്ക് തൊഴില്‍ കൊടുക്കലല്ല. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായത്ര പേര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ നേരിട്ടു തൊഴില്‍ നല്‍കേണ്ടത്. മറുവശത്ത് സംരംഭകര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനും അതിലൂടെ പരമാവധി പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള സാഹചര്യം ഒരുക്കുകയുമാണ്. Government’s responsibility is not to provide employment to maximum number of people. It is to create a situation for entrepreneurs to start enterprises and thereby provide employment to maximum number of people.
ഇന്നു സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകള്‍ എന്തൊക്കെയാണെന്ന് ഏറെക്കുറെ എല്ലാവര്‍ക്കും അറിയാം. മദ്യവില്‍പ്പനയും ലോട്ടറിയുമാണ് അതില്‍ പ്രധാനം. ഇവ രണ്ടും ഒരു ഭരണകൂടത്തിന് പ്രധാനമായും ആശ്രയിക്കാവുന്ന സ്രോതസ്സുകാളോണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. പല സംസ്ഥാനങ്ങളും ഇവരണ്ടും നിരോധിച്ചിട്ടുമുണ്ട്. അതുപോലെ സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന്് ചിലവഴിക്കുന്ന പണത്തിന്റെ ഭരിഭാഗവും പോകുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനത്തിനും പെന്‍ഷനുമായാണ്. ലീവ് സറണ്ടര്‍, സ്വന്തമായി പെന്‍ഷനുണ്ടെങ്കിലും പങ്കാളി മരി്ച്ചാല്‍ ആ പെന്‍ഷനും തുടരല്‍, ആശ്രിതനിയമനം തുടങ്ങി എത്രയോ അനീതികളും ഇവിടെ നടക്കുന്നു. കൊവിഡ് കാലത്ത് ലോകത്ത് എവിടെയും നടക്കാത്തപോലെ ജിവനക്കാര്‍ക്ക് വേതനവും പെന്‍ഷനും വര്‍ദ്ധിപ്പിക്കലിനും കേരളം സാക്ഷ്യം വഹിച്ചു. എയ്ഡഡ് മേഖലിയല്‍ നടക്കുന്ന അനീതികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായതിനാല്‍ വിശദീകരിക്കുന്നില്ല. കെ എസ് ഇ ബിയെപോലുള്ള സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന ഭീമമായ വേതവവര്‍ദ്ധനവിനെതിരെ സി എ ജി പോലും രംഗത്തുവന്നിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ കാലാവധി 10 വര്‍ഷമാക്കണമെന്നും അങ്ങനെ പരമാവധി പേര്‍ക്ക് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അവസരം നല്‍കണമെന്നും തുടര്‍ന്ന് സംരംഭകരാകാനുള്ള സഹായങ്ങള്‍ നല്‍കണണെന്നുമുള്ള നിര്‍ദ്ദേശം പല സാമ്പത്തിക വിദഗ്ധരും മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ ആരു കേള്‍ക്കാന്‍? കേട്ടാല്‍ തന്നെ സംഘടിത ശക്തിയായ ജീവനക്കാര്‍ സമ്മതിക്കുമോ? മാസത്തിലൊരിക്കലെങ്കിലും ഓരോ ഫയലിനു പുറകിലും ഓരോ ജീവിതമുണ്ടെന്നു മറക്കരുതെന്നു കേണു പറയുന്ന മുഖ്യമന്ത്രിയെ നാം കാണുന്നതല്ലേ? മറുവശത്ത് സര്‍ക്കാര്‍ വാങ്ങിയ നെല്ലിന്റെ വിലയോ നിരവധി ജീവനക്കാര്‍ക്ക് തൊഴില്‍ കൊടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കുള്ള കുടിശികകളോ ഒരിക്കലും സമയത്ത് കൊടുക്കാറില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇതിനൊക്കെ പുറമെയാണ് സര്‍ക്കാര്‍ നേരി്ട്ടു നടത്തുന്ന സ്ഥാപനങ്ങളുടെ അവസ്ഥ. പല പൊതുമേഖലാ സ്ഥാപനങ്ങളും വന്‍നഷ്ടത്തിലാണ്. കെ എസ് ആര്‍ ടി സിയില്‍ ഓരോ ബസിനും മൂന്നുകോടി കടമാണ്. സ്വകാര്യബസുടമകള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെ അംഗീകരിക്കാത്ത സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിക്ക് വര്‍ഷം തോറും എത്രയോ കോടികളാണ് കൊടുക്കുന്നത്. എഫ് എ സി ടി എന്ന വളനിര്‍മ്മാണ ശാലക്കും എത്രയോ കോടികള്‍ കൊടുത്തിരിക്കുന്നു. സ്വന്തമായി കുറികമ്പനി പോലും നടത്തുന്നതാണ് നമ്മുടെ സര്‍ക്കാര്‍. അടുത്തകാലത്തു തന്നെ എത്രയോ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ തുടങ്ങിയത്, അഥവാ തുടങ്ങി എന്നു പ്രഖ്യാപിച്ചത്. സ്വന്തമായി ലാപ് ടോപ്, ഓണ്‍ ലൈന്‍ ടാക്‌സി, ചിക്കന്‍, ഒ ടി ടി പ്ലാറ്റ് ഫോം, കെ ഫോണ്‍, കെ പപ്പടം എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു. ഇവയേതെങ്കിലും വിജയകരമായി നടക്കുന്നുണ്ടോ, നടക്കുമെന്നു പ്രതീക്ഷിക്കാമോ? സാധ്യത കുറവാണ്. ഓരോന്നും സര്‍ക്കാരിന് വന്‍ ബാധ്യത സൃഷ്ടിക്കാനാണ് സാധ്യതയെന്നേ മുന്‍ അനുഭവങ്ങളില്‍ നിന്നു പറയനാവൂ. മറുവശത്ത് കടമെടുക്കാനുള്ള അവകാശത്തിനായാണ് നാം കേന്ദ്രത്തോട് തര്‍ക്കിക്കുന്നത്. അല്ലാതെ യഥാര്‍ത്ഥ ഫെഡറല്‍ ഘടനക്കായല്ല.
വാസ്തവത്തില്‍ സര്‍ക്കാര്‍ ചിക്കനും പപ്പടവും ലാപ്‌ടോപ്പുമൊക്കെ ഉണ്ടാക്കി വില്‍ക്കണോ? ബസുകളോടിക്കണോ? കേബിളും ഒ ടി ടിയും ടാക്‌സിയുമൊക്കെ നല്‍കണോ? അതിനായി പണവും ഊര്‍ജ്ജവും കളയണോ? വേണ്ട എന്നു തന്നെയാണ് മറുപടി. സംരംഭകത്വത്തെ കുറിച്ച് ദിവസംതോറും ഉരുവിട്ടുകൊണ്ടിരിക്കുന്ന ഒരാളാണല്ലോ നമ്മുടെ വ്യവസായ മന്ത്രി. പി രാജീവ് പറയുന്ന പോലെ സംരംഭങ്ങള്‍ തുടങ്ങാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് ചെയ്യേണ്ടത്. കൊടുക്കുന്നു എന്ന് പല കണക്കുകളും ഉദ്ധരിച്ച് അദ്ദേഹം പറയുന്നുണ്ടെങ്കിലും എത്രമാത്രം പ്രായോഗികമാണ് എന്നതില്‍ സംശയമുണ്ട്. പ്രത്യേകിച്ച് കൊവിഡിനു ശേഷം എത്രയോ സംരംഭകരും കര്‍ഷകരുമൊക്കെ തകര്‍ന്ന് ആത്മഹത്യയിലഭയം തേടിയിരിക്കുന്നു. കൂടാതെ ഗള്‍ഫിലും മറ്റും വര്‍ഷങ്ങള്‍ തൊഴില്‍ ചെയ്ത് സ്വരുകൂട്ടിയ പണവുമായി ഇവിടെ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിച്ച്, പ്രതിസന്ധികള്‍ നേരിട്ട് ജീവിതം പോലും അവസാനിപ്പിച്ചിരിക്കുന്നു. സംരംഭകരെ ഒരു തെറിവാക്കുപോലെ മുതലാളി, പെറ്റിബൂര്‍ഷ്വാ തുടങ്ങിയ പദങ്ങളാല്‍ വിശേഷിപ്പി്ക്കുന്ന ഒരു സംസ്‌കാരം ഇവിടെ നിലനില്‍ക്കുന്നു. കച്ചവടത്തെ വളരെ മോശമായ തൊഴിലായി അവതരിപ്പിക്കുന്ന പൊതുബോധവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സംരംഭകരും മുതലാളികളും കച്ചവടക്കാരുമൊക്കെ എത്രയോ പേര്‍ക്ക് തൊഴില്‍ കൊടുക്കുന്നവരാണ് എന്നുപോലും നാം ഓര്‍ക്കുന്നില്ല. ലക്ഷങ്ങള്‍ വേതനം വാങ്ങുന്ന യുജിസിക്കാരന്‍ നമുക്ക് വിപ്ലവകാരിയും പെട്ടികടക്കാരന്‍ ബൂര്‍ഷ്വാസിയുമാണ്. അതേസമയം കോര്‍പ്പറേറ്റ് സംരംഭകര്‍ക്ക് ഒരു പ്രശ്‌നവുമില്ല. നോക്കുകൂലി പോലും അവര്‍ക്ക് ബാധകമല്ല. മെച്ചപ്പെട്ട റോഡുകള്‍ നിര്‍മ്മിക്കുന്നതൊഴികെ സംരംഭകര്‍ക്ക് ഗുണകരമാകുന്ന കാര്യമായ പ്രവര്‍ത്തനമൊന്നും കാണുന്നില്ല. ചാനലുകളില്‍ വരുന്ന ‘നാം മുന്നോട്ട്്’ എന്ന സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയുടെ കഴിഞ്ഞ ലക്കത്തില്‍ സംരംഭകര്‍ തയ്യാറായിട്ടും പലപ്പോഴും നിയമത്തിന്റഎ നൂലാമാലകള്‍ തടസ്സമാകുന്നു എന്നും അവ ലഘൂകരിക്കണമെന്നും ഒരു പഞ്ചായത്ത് പ്രസിഡന്റ ്തന്നെ പരാതി പറയുന്നതു കേട്ടു. പക്ഷെ മുഖ്യമന്ത്രി അതിനോട് കാര്യമായി പ്രതികരിച്ചില്ല.
കാലഹരണപ്പെട്ട ഇത്തരം പ്രത്യയശാസ്ത്രങ്ങള്‍ വലച്ചെറിയാതെ കേരളവികസനം സാധ്യമാകില്ല എന്നതാണ് വസ്തുത. തീര്‍ച്ചയായും സംരംഭകരെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം വേണം. ബസ് ചാര്‍ജ്ജും ഓട്ടോചാര്‍ജ്ജും നിശ്ചയിക്കാനും ഹോട്ടലുകള്‍ റെയ്ഡ് ചെയ്ത് പൂട്ടിക്കാനും മിനിമം കൂലി നിശ്ചയിക്കാനുമൊക്കെ അധികാരമുള്ള സര്‍ക്കാരിനു അതിനും അധികാരമുണ്ട്. അത്തരത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലും സഹായത്താലും സംരംഭകത്വം തുടങ്ങാനും ആരോഗ്യകരമായ മത്സരത്തിനുമുള്ള സാഹചര്യമൊരുക്കാനുമാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. അത്തരം മത്സരം ജനങ്ങള്‍ക്ക ഏറെ ഗുണകരമാകുമെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മാര്‍ക്കറ്റിലുണ്ട്. അത്തരം സമീപനമാണ് തുടരേണ്ടത്. അല്ലാതെ ഖജനാവിനെ കാലിയാക്കി സര്‍ക്കാര്‍ തന്നെ മുതലാളിയും തൊഴില്‍ ദായകരുമാകലല്ലോ.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തീര്‍ച്ചയായും സ്വകാര്യമേഖലയെ മാറ്റി നിര്‍ത്തി സര്‍ക്കാര്‍ നേരിട്ടു നടത്തേണ്ട ചില മേഖലകളുണ്ട്. വിദ്യാഭ്യാസവും ആരോഗ്യവും പോലെ ഒരു സമൂഹത്തെ സംബന്ധിച്ച് സുപ്രധാനമായ മേഖലകള്‍. എന്നാല്‍ ആ മേഖലകളില്‍ എന്താണ് നടക്കുന്നതെന്നു വിശദീകരിക്കേണ്ടതില്ലല്ലോ. ആ മേഖലകളില്‍ ചിലവഴിക്കേണ്ട പണമാണ് അനാവശ്യമായ മറ്റുപല മേഖലകളിലേക്കും തിരിച്ചുവിട്ട് വര്‍ഷം തോറും കടബാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഇത്തരം മേഖലകളിലാകട്ടെ സ്വകാര്യസ്ഥാപനങ്ങള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു. മറുവശത്ത് ദുര്‍ബ്ബലവിഭാഗങ്ങളുടെ ക്ഷേമം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വയോധികരേയും ഭിന്നശേഷിക്കാരേയും മറ്റും എന്തുവില കൊടുത്തും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നാല്‍ വൃദ്ധജനങ്ങള്‍ക്ക് തുച്ഛം പെന്‍ഷന്‍ നല്‍കി കൈകഴുകകയാണ് ചെയ്യുന്നത്. സാമ്പത്തിക പ്രശ്‌നം വന്നാല്‍ ആദ്യം ഒഴിവാക്കുക ഈ പെന്‍ഷനാണ്. വൃദ്ധജനങ്ങളെയെല്ലാം ഇന്‍ഷ്വര്‍ ചെയ്യാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ ചെയ്യുന്നത് സര്‍ക്കാര്‍ ജീവനക്കാരെയാണ്. ഭിന്നശേഷിക്കാരുടേയും മാറാരോഗികളുടേയും മറ്റും അവസ്ഥയും മഹാകഷ്ടമാണ്. അതിരൂക്ഷമായ പ്രതിസന്ധികള്‍ നേരിടുന്ന ആദിവാസികള്‍, മത്സ്യത്തൊഴിലാലികള്‍, തോട്ടം തൊഴിലാളികള്‍, ദളിതര്‍, ഭിന്നലിംഗ ലൈംഗിക വിഭാഗങ്ങള്‍ തുടങ്ങിയ സാമൂഹ്യവിഭാഗങ്ങളുടെ പ്രശ്‌നങ്ങളും ഏറ്റെടുക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതിനൊന്നും ശ്രമിക്കാതെയാണ് പപ്പടവും ചിക്കനും ലാപ്‌ടോപ്പുമൊക്കെ ഉണ്ടാക്കി വന്‍ബാധ്യത ക്ഷണിച്ചുവരുത്തുന്നത്. അതിനായി ലോകം മുഴുവന്‍ സഞ്ചരിക്കുന്നത്. ലോക കേരള സഭകള്‍ സംഘടിപ്പിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in