നീതിയാണ് പ്രധാനം, നിയമമല്ല സഖാവ് ഗോപി കോട്ടമുറിക്കല്‍

കൊവിഡ് കാലത്തുപോലും ലാഭം കൂട്ടിയ ബാങ്കുകള്‍ സര്‍ഫാസി ഭീഷണിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.. അതിനെ പ്രതിരോധിക്കുക എന്നത് ഒരു ജനപ്രതിനിധിയുടെ കടമയാണ്. അതാണ് മാത്യു കുഴല്‍നാടന്‍ ചെയ്തത്. തന്റെ നടപടിയെ ഒരിക്കലും രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തോടൊപ്പം നില്‍ക്കാനാണ് ഈ സമയത്ത് മുഴുവന്‍ മനുഷ്യസ്‌നേഹികളും തയ്യാറാകേണ്ടത്. അല്ലാതെ ഇപ്പോഴും ഈ ക്രൂരമായ നടപടിയെ ന്യായീകരിക്കാനും കുഴല്‍നാടനെതിരെ നിയമനടപടിയെടുക്കാനും ശ്രമിക്കുന്ന കോട്ടമുറിക്കലിനൊപ്പമല്ല.

ആരുമറിയാതെ തെരുവില്‍ വലിച്ചെറിയെപ്പെടുമായിരുന്ന മുവാറ്റുപുഴയിലെ ദളിത് കുടുംബത്തിന്റെ പ്രശ്‌നം പൊതു സമൂഹത്തില്‍ വരുന്നതിനും താല്‍ക്കാലികമായെങ്കിലും പ്രശ്‌നത്തിനു പരിഹാരമാകാനും കാരണം ബാങ്ക് അധികൃതല്‍ പൂട്ടിയ വീടിന്റെ പൂട്ട് തല്ലിതകര്‍ത്ത മാത്യു കുഴല്‍ നാടന്‍ എം എല്‍ എയുടെ പ്രവൃത്തിയാണ്. എം എല്‍ എയുടെ നടപടിക്കെതിരെ നിയമനടപടിയെടുക്കാനാണത്രെ മുവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ നീക്കം. സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് അധ്യക്ഷനുമായ ഗോപി കോട്ടമുറിക്കലാണ് അര്‍ബന്‍ ബാങ്കിന്റേയും അധ്യക്ഷന്‍. ചില സമയങ്ങളില്‍ നിയമത്തേക്കാള്‍ പ്രാധാന്യം നീതിക്കാകുമെന്നും അത്തരമൊരു സന്ദര്‍ഭമാണ് ഇതെന്നും നിയമത്തിന്റെ മുന്നില്‍ എം എല്‍ എ കുറ്റക്കാരനാകാം, നീതിക്കുമുന്നില്‍ പക്ഷെ അദ്ദേഹമാണ് ശരിയെന്നും കോട്ടമുറിക്കലിനു മനസ്സിലാകുന്നില്ല എന്നര്‍ത്ഥം. മാത്രമല്ല നിയമങ്ങള്‍ അനുസരിക്കാന്‍ മാത്രമല്ല, ചിലപ്പോള്‍ ലംഘിക്കാനും ഉള്ളതാണെന്നും അങ്ങനെയാണ് ലോകത്തെ സാമൂഹ്യമാറ്റങ്ങളെല്ലാം ഉണ്ടായിട്ടുള്ളതെന്നും കമ്യൂണിസ്റ്റ് നേതാവായ അദ്ദേഹത്തിനു മനസ്സിലാകാത്തതാണ് അത്ഭുതം.

മനുഷ്യത്വമുള്ള ഒരാള്‍ക്കും എന്തിന്റെ പേരിലായാലും ചെയ്യാനാവാത്ത കാര്യമാണ് ബാങ്ക് അധികൃതര്‍ ചെയ്തത്. ഒപ്പം നിയമവിരുദ്ധവും. ഫോട്ടോഗ്രാഫറും ദളിത് കുടുംബാംഗവുമായ അജീഷ് ക്യാമറ വാങ്ങാനും മറ്റുമായി എടുത്ത ഒരു ലക്ഷം രൂപയുടെ ലോണ്‍ തിരിച്ചടവില വാഴ്ച മൂലം ഒന്നര ലക്ഷമായതാണ് ബാങ്കിനെ ചൊടിപ്പിച്ചത്. കൊവിഡ് കാലം അജീഷിന്റെ തൊഴിലിനെ പാടെ തകര്‍ത്തിരുന്നു. സ്റ്റുഡിയോ അടക്കം നഷ്ടപ്പെട്ടു. ഉള്ളത് സര്‍ക്കാരില്‍ നിന്നു തന്നെ പണ്ടു ലഭിച്ച നാലു സെന്റ് ഭൂമിയം അടച്ചുറപ്പില്ലാത്ത കൊച്ചുവീടും. ഹൃദ്രോഗിയുമായി. നാലു പെണ്‍കുട്ടികളുടെ പിതാവായ അദ്ദേഹം തന്റെ ദയനീയാവസ്ഥ പല തവണ ബാങ്കിനെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കാതെ, അജീഷും ഭാര്യയും ആശുപത്രിയിലായിരുന്ന നേരത്ത്, സര്‍ഫാസി എന്ന സാമ്പത്തിക ഭീകരനിയമമുപയോഗിച്ചാണ് വീടു ജപ്തി ചെയ്തത്. അതാകട്ടെ രണ്ടുപെണ്‍കുട്ടികള്‍ മാത്രമുള്ളപ്പോള്‍. അവരോട് വിവരം പറഞ്ഞപ്പോള്‍ സന്തോഷത്തോടെ പുസ്തകവും പേനയുമെല്ലാമെടുത്ത് പുറത്തിറങ്ങി എന്നാണ് ഗോപി കോട്ടമുറിക്കല്‍ പറയുന്നത്. പിന്‍വശത്ത് വാതിലില്ലാത്ത വീട്ടില്‍ വാതില്‍ ഫിറ്റ് ചെയ്താണ് താഴിട്ട്് പൂട്ടിയത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വിഷയത്തില്‍ ഇടപെട്ട മാത്യു കുഴല്‍ നാടന്‍ അജീഷിന്റെ ബാാധ്യത ഏറ്റെടുക്കുകയായിരുന്നു. അപ്പോഴാണ് ജാള്യത മറക്കാന്‍ സിഐടിയുവില്‍ പെട്ട ബാങ്കിലെ ഉദ്യോഗസ്ഥര്‍ തങ്ങള്‍ ആ ബാധ്യത തീര്‍ത്തെന്നു പ്രഖ്യാപിച്ചത്. എന്നാല്‍ ആത്മാഭിമാനമുള്ള ആരും ചെയ്യുന്ന പോലെ ആ സഹായത്തെ അജീഷ് നിരസിക്കുകയായിരുന്നു. അല്‍പ്പം കാരുണ്യത്തിനായി പലവട്ടം താന്‍ ബാങ്കില്‍ കയറിയിറങ്ങിയപ്പോഴൊക്കെ അവരെങ്ങനെയാണ് പെരുമാറിയതെന്നത് മറക്കാന്‍ അദ്ദേഹത്തിനാവില്ലല്ലോ. ബാലാവകാശ കമ്മീഷനാകട്ടെ വിഷയത്തില്‍ ബാങ്കിനെതിരെ സ്വമേധയാ കെസെടുത്തിട്ടുമുണ്ട്. ഈ നാണക്കേടു കൂടിയായപ്പോഴാണ് എം എല്‍ എക്കെതിരെ കേസെടുക്കാനുള്ള നീക്കം. സര്‍ഫാസി നിയമം സഹകരണ മേഖലയിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കെതിരേയും പ്രയോഗിക്കരുതെന്ന നിയമസഭയുടെ ഐക്യകണ്‌ഠേനയുള്ള പ്രമേയം നിലനില്‍ക്കുമ്പോഴാണ് ഇതെല്ലാം നടക്കുന്നതെന്നതാണ് കൗതുകകരം. അതേസമയം നൂറുകണക്കിനുപേരാണ് കുടുംബത്തെ സഹായിക്കാനും ബാധ്യത തീര്‍്കകാനുമായി രംഗത്തു വ്ന്നിരിക്കുന്നത്. മറുവശത്ത് വീട്ടിലെ സാഹചര്യം ആരും പറഞ്ഞില്ലെന്നും ബാങ്ക് അധികൃതരെ ബന്ധപ്പെട്ടാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്നു എന്നുമാണ് ഗോപി കോട്ടമുറിക്കല്‍ പറയുന്നത്. അജീഷാകട്ടെ അത് നിഷേധിക്കുക.യും ചെയ്യുന്നു.

കേരളം നേരിടുന്ന അതിരൂക്ഷമായ വിഷയമാണ് പൂട്ടുപൊളി്ക്കല്‍ എന്ന ‘നിയമവിരുദ്ധ’ പ്രവൃത്തിയിലൂടെ കുഴല്‍നാടന്‍ പൊതുസമൂഹത്തിനുമുന്നില്‍ കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാനത്ത് ആയിരകണക്കിനു പേരാണ് ഇത്തരത്തില്‍ സര്‍ഫാസി ഭീകര സാമ്പത്തിക നിയമത്തിന്റെ ഇരകളായത്, ഇരകളാകാന്‍ പോകുന്നത്. പലയിടത്തും അതിരൂക്ഷമായ പ്രക്ഷോഭങ്ങള്‍ തന്നെ ഉണ്ടായിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് സര്‍ഫാസി വിരുദ്ധ പ്രസ്ഥാനം എന്ന സംഘടന തന്നെ നിലവിലുണ്ട്. സംഘടനയുടെ പിന്തുണയോടെ പ്രീതാഷാജി എന്ന യുവതി നടത്തിയ പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നല്ലോ. അപ്പോഴായിരുന്നു നിയമസഭയില്‍ പ്രമേയം പാസാക്കപ്പെട്ടത്. എന്നാല്‍ ഇപ്പോഴും നിരവധി പാവപ്പെട്ടവര്‍ വേട്ടയാടപ്പെടുകയാണ്. കൊവിഡ് കാലം ഏറ്റവുമധികം തകര്‍ത്തത് സ്വയം സംരംഭകരെയാണല്ലോ. അവരോടൊന്നും യാതൊരു വിധ പരിഗണനയുമില്ലാതെയാണ് ബാങ്കുകള്‍ പെരുമാറുന്നത്. കൊവിഡ് കാലത്ത് ബാങ്കുകളുടെ ലാഭം വര്‍ദ്ധിച്ചു എന്ന വാര്‍ത്തയും ഇതുമായി കൂട്ടിവായിക്കണം. ജപ്തി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് കാലത്ത് യാതൊരു പ്രതിസന്ധിയും നേരിടേണ്ടി വന്നില്ല എന്നതും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുകളില്‍ സൂചിപ്പിച്ചപോലെ ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ ഭീകരനിയമമെന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് സര്‍ഫാസി ആക്ട് അഥവാ സെക്യൂരിറ്റിസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസ്സെറ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റിസ് ഇന്‍ട്രസ്റ്റ് ആക്ട്. 2002ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് സര്‍ഫാസി നിയമം പാസാക്കിയത്. യുപിഎ സര്‍ക്കാരും ഈ നിയമത്തിന് അനുകൂലം തന്നെയായിരുന്നു. ആഗോളമൂലധനശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയപ്പെട്ടുകൊണ്ടാണ് ഈ നിയമം തയ്യാറാക്കപ്പെട്ടത്. നവ ഉദാരവത്കരണ സാമ്പത്തികനയങ്ങളുടെ അടിത്തറയാണ് ഇത്തരം നിയമങ്ങള്‍. ഇതനുസരിച്ച് ഇന്ത്യയിലെ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവര്‍ കൊടുത്ത വായ്പകളുടെ തിരിച്ചടവ് മൂന്നുമാസം പോലും മുടങ്ങുന്ന സാഹചര്യത്തില്‍ ഈടായി നല്‍കിയ ഗാര്‍ഹികമോ വ്യാപാര സംബന്ധിയായതോ ആയ വസ്തു ലേലം ചെയ്ത് പണം തിരികെ നേടാവുന്നതാണ്. കോടതി നടപടികള്‍ ഇല്ലാതെ തന്നെ ബാങ്കുകള്‍ക്ക് ഇത് ചെയ്യാവുന്നതാണ്. ലേലനടപടികള്‍ക്കായി അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികളും ഇന്ത്യയില്‍ സ്ഥാപിതമായിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. പലയിടത്തും ഇവര്‍ക്കൊപ്പം ലോണ്‍തട്ടിപ്പു സംഘങ്ങളും രംഗത്തുവരും. അവര്‍ വന്‍തുക അടിച്ചുമാറ്റും. സാധാരണഗതിയില്‍ ബാങ്കുകള്‍ അവരുടെ കിട്ടാക്കടങ്ങള്‍ ഇത്തരം കമ്പനികള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ജപ്തി നടപടികളില്‍ കോടതിയുടെ ഇടപെടല്‍ സാധ്യമല്ല. സിവില്‍ കോടതിയില്‍ പോകാനുള്ള 34-ാം വകുപ്പ് റദ്ദാക്കി. ആസ്തിയിന്മേല്‍ ആള്‍ത്താമസമുണ്ടെങ്കില്‍ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കും. ഈ നിയമം തന്നെയാണ് അജീഷിനെതിരേയും പ്രയോഗിച്ചത്. പാവപ്പെട്ടവര്‍ക്കെതിരെയല്ലാതെ, സമ്പന്നര്‍ക്കെതിരെ ഇതൊന്നും പ്രയോഗിക്കാറുമില്ല. ഈ നിയമം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് അതിസമ്പന്നരുടെ കോടിക്കണക്കിനു രൂപ എഴുതി തള്ളിയതെന്നും മറക്കരുത്.

സംഭവത്തിനുശേഷം പതിവുപോലെ അജീഷിനും കുഴല്‍നാടനുമെതിരെ സൈബര്‍ അക്രമണം പൊടിപൊടിക്കുകയാണ്. പണം കടം വാങ്ങിയാല്‍ തിരിച്ചു കൊടുക്കേണ്ട എന്നതാണവരുടെ ഏകലോജിക്. പാര്‍ട്ടി ഭക്തരും കൊവിഡ് കാലത്തും തങ്ങളുടെ സുഖജീവിതത്തിനു ഒരു പ്രശ്‌നവും വരാത്തവരുമാണ് സ്വാഭാവികമായും അതിനു പുറകില്‍. കൊവിഡ് സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെയാണ് തകര്‍ത്തതെന്ന് അവര്‍ക്കറിയില്ല. അറിഞ്ഞാലും പാര്‍ട്ടിക്കൂറിനാല്‍ അതിനുനേരെ കണ്ണടക്കും. ഏറ്റവും തകര്‍ന്നത് ബിസിനസുകാരും സംരംഭകരുമാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അടച്ചു പൂട്ടി വീട്ടിലിരുന്ന അവര്‍ക്ക് ആകെ കിട്ടിയ സഹായം റേഷന്‍ കിറ്റ് മാത്രമാണ്. എത്രയോ പേര്‍ ആത്മഹത്യ ചെയ്തു. ഇനിയുമെന്നാണ് അവരുടെയൊക്കെ ജീവിതം പച്ചപിടിക്കാന്‍ പോകുന്നത് ? എന്നാലതൊന്നും കണക്കിലെടുക്കാതെയാണ് കൊവിഡ് കാലത്തുപോലും ലാഭം കൂട്ടിയ ബാങ്കുകള്‍ സര്‍ഫാസി ഭീഷണിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അതിനെ പ്രതിരോധിക്കുക എന്നത് ഒരു ജനപ്രതിനിധിയുടെ കടമയാണ്. അതാണ് മാത്യു കുഴല്‍നാടന്‍ ചെയ്തത്. തന്റെ നടപടിയെ ഒരിക്കലും രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തോടൊപ്പം നില്‍ക്കാനാണ് ഈ സമയത്ത് മുഴുവന്‍ മനുഷ്യസ്‌നേഹികളും തയ്യാറാകേണ്ടത്. അല്ലാതെ ഇപ്പോഴും ഈ ക്രൂരമായ നടപടിയെ ന്യായീകരിക്കാനും കുഴല്‍നാടനെതിരെ നിയമനടപടിയെടുക്കാനും ശ്രമിക്കുന്ന കോട്ടമുറിക്കലിനൊപ്പമല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply