സംവരണ സംരക്ഷണത്തിനായ് ഭാരത് ബന്ദ് വിജയിപ്പിക്കുന്നതിനുള്ള സംയുക്ത അഭ്യര്‍ത്ഥന
പൗരന്മാരെ മതാധിഷ്ഠിതമായി വിഭജിച്ച് പൗരത്വം പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം പരിമിതപ്പെടുത്തുന്ന പൗരത്വഭേദഗതി നിയമത്തോടൊപ്പം, ഇന്ത്യയിലെ മഹാഭൂരിപക്ഷമായ ദലിതര്‍, ആദിവാസികള്‍, പിന്നോക്കവിഭാഗക്കാര്‍ തുടങ്ങിയവരുടെ പൗരത്വാവകാശങ്ങള്‍ റദ്ദുചെയ്യുന്ന ഭരണഘടനാ വിരുദ്ധമായ തീരുമാനമാണ് സംവരണം മൗലികാവകാശമല്ല എന്ന സുപ്രീംകോടതി വിധി.
(1) ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഫെബ്രുവരി 23-ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ശ്രദ്ധയില്‍ പെട്ടുകാണുമല്ലോ. സംവരണം മൗലികാവകാശമല്ലാതാക്കി മാറ്റുന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, വിഷയത്തിന് ദേശീയ ശ്രദ്ധ ലഭിക്കുന്നതിനും, കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുമാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൗരന്മാരെ മതാധിഷ്ഠിതമായി വിഭജിച്ച് പൗരത്വം പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം പരിമിതപ്പെടുത്തുന്ന പൗരത്വഭേദഗതി നിയമത്തോടൊപ്പം, ഇന്ത്യയിലെ മഹാഭൂരിപക്ഷമായ ദലിതര്‍, ആദിവാസികള്‍, പിന്നോക്കവിഭാഗക്കാര്‍ തുടങ്ങിയവരുടെ പൗരത്വാവകാശങ്ങള്‍ റദ്ദുചെയ്യുന്ന ഭരണഘടനാ വിരുദ്ധമായ തീരുമാനമാണ് സംവരണം മൗലികാവകാശമല്ല എന്ന സുപ്രീംകോടതി വിധി.
2) ജാതിവ്യവസ്ഥയിലധിഷ്ഠിതമായ ഇന്ത്യയില്‍ ദശകങ്ങളോളം നീണ്ടുനിന്ന പൗരസമത്വപ്രക്ഷോഭങ്ങളിലൂടെയാണ് പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മനുഷ്യോചിതമായ പരിഗണന കിട്ടുന്നതും അയിത്തം, തൊട്ടുകൂടായ്മ തുടങ്ങിയ മര്‍ദ്ദനരൂപങ്ങളില്‍ നിന്നും മോചിപ്പിച്ച് ജനാധിപത്യവ്യവസ്ഥയില്‍ പൗരത്വം ലഭ്യമാകുന്നതും. ജാതി-മത-വര്‍ഗ്ഗ – വംശ – ലിംഗ വിഭജനത്തിനതീതമായി ‘നിയമത്തിന് മുന്നില്‍ എല്ലാവരും തുല്ല്യരാണെന്ന്’ അംഗീകരിക്കുന്നതോടൊപ്പം ജാതിമര്‍ദ്ദനം മൂലം സാമൂഹികമായി പിന്നോക്കം തള്ളപ്പെട്ടവര്‍ക്ക് പൗരസമത്വം ഉറപ്പാക്കാനും ഭരണത്തില്‍ പങ്കാളിത്തമുണ്ടാക്കാനുമാണ് ഭരണഘടനയുടെ ഭാഗം 3 – ല്‍ (ആര്‍ട്ടിക്കിള്‍ 15, 16) സംവരണം ഉറപ്പുനല്‍കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 ലൂടെ അയിത്തോച്ചാടനം നിയമമാക്കിയെങ്കിലും ഭരണത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സാമൂഹികമായി പിന്നോക്കം തള്ളപ്പെട്ട എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇത്തരം വകുപ്പുകള്‍ മൗലികാവകാശമാക്കിയത്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവവും സാമൂഹിക ജനാധിപത്യം ഉറപ്പാക്കുന്നതില്‍ സുപ്രധാനവുമാണ്.
3) എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് തുല്ല്യാവസരം നഷ്ടപ്പെടുംവിധം സ്വകാര്യവല്‍ക്കരണം ശക്തിപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, സംവരണം സംരക്ഷിക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയ്‌ക്കെതിരെ ഭരണഘടനാസ്ഥാപനങ്ങള്‍ തന്നെ രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്. സംവരണത്തിനും പൗരസമത്വനിയമങ്ങള്‍ക്കുമെതിരെ ഏറ്റവും ശക്തമായി രംഗത്തുവരുന്നത് കോടതികളാണെന്ന വസ്തുത നിഷേധിക്കാന്‍ കഴിയില്ല. സംഘപരിവാര്‍ അധികാരത്തില്‍ പിടിമുറുക്കിയതിന് ശേഷം പാര്‍ലമെന്റും ഈ ദിശയില്‍ നീങ്ങുകയാണ്. 1980 കള്‍ക്ക് ശേഷം ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ രൂപപ്പെട്ടുവന്ന സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സംവരണം മൗലികാവകാശമല്ലാതാക്കുവാന്‍ നിരവധി വ്യവഹാരങ്ങള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടതിന് ശേഷം നടന്ന വ്യവഹാരമാണ് (Indira Sahey Vs Union of India) ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. സംവരണത്തിന്റെ പരിധി 50% നിജപ്പെടുത്തല്‍, ക്രീമിലെയര്‍ തുടങ്ങിയ തീരുമാനങ്ങളോടൊപ്പം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള 16 (4) വകുപ്പ് പ്രമോഷനുകള്‍ക്ക് ബാധകമാക്കേണ്ടതില്ല എന്നും കോടതി തീരുമാനിക്കുകയുണ്ടായി. ഇത് മറികടക്കാന്‍ പാര്‍ലമെന്റ് 1995, 2000, 2001 എന്നീ വര്‍ഷങ്ങളില്‍ ഭരണഘടനയുടെ 16(4) വകുപ്പ് ഭേദഗതി ചെയ്ത് 16 (4എ), 16 (4ബി) ഉള്‍പ്പെടുത്തുകയുണ്ടായി. എസ്.സി./എസ്.ടി. പ്രമോഷനുകളിലുള്‍പ്പെടെ സംവരണം പാലിക്കുന്നത് മൗലികാവകാശത്തിന്റെ ഭാഗമാക്കി. സുപ്രീം കോടതിയില്‍ ഇത് വീണ്ടും ചോദ്യം ചെയ്യപ്പെടുകയും (M. Nagaraj Vs Union of India), പ്രമോഷനില്‍ ഉള്‍പ്പെടെയുള്ള സംവരണം മൗലികാവകാശമാക്കികൊണ്ട് 2006 ല്‍ ഭരണഘടനയുടെ 16 (4എ), 16 (4ബി) എന്നീ വകുപ്പുകള്‍ ശരിവെക്കുകയുകണ്ടായി. എന്നാല്‍ അത് ശരിവെക്കുമ്പോള്‍ തന്നെ (Validate), സംവരണീയരുടെ പിന്നോക്കാവസ്ഥ തെളിയിക്കപ്പെടണം, മതിയായ പ്രാതിനിധ്യമില്ലെന്ന് സര്‍ക്കാരുകള്‍ക്ക് ബോധ്യപ്പെടണം, ഭരണമികവിന്റെ താല്പര്യം കണക്കിലെടുക്കണം തുടങ്ങിയ ചില വ്യവസ്ഥകള്‍ വീണ്ടും കോടതി അടിച്ചേല്‍പ്പിച്ചു. ത്രിപുരയിലുണ്ടായ എസ്.സി./എസ്.ടി. (Reservation of Vacancies in Services & Posts) Act 1991 1991 എന്ന നിയമം, നാഗരാജ് കേസിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന ത്രിപുര ഹൈക്കോടതി വിധിയെ തുടര്‍ന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് / ആര്‍. ഭാനുമതി എന്നീ ജഡ്ജുമാര്‍ ഈ കേസ് ഭരണഘടനാ ബെഞ്ചിന് വിടുകയും (നവംബര്‍ 2017) 2018 സെപ്തംബര്‍ 26-ന് നാഗരാജ് കേസിലെ വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. എങ്കിലും എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് പ്രമോഷനില്‍ ക്രീമിലെയര്‍ കൊണ്ടുവരണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. എസ്.സി./എസ്.ടി. പ്രമോഷനില്‍ സംവരണം നടപ്പാക്കുമ്പോള്‍ ക്രീമിലെയര്‍ കണക്കിലെടുക്കണമന്ന സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട ചില വ്യവഹാരങ്ങള്‍ തുടരുകയാണ്. ഇത് നിലനില്‍ക്കുമ്പോഴാണ്, സുപ്രീം കോടതി പലഘട്ടങ്ങളിലായി പരിശോധിച്ച് തള്ളിയ വ്യവസ്ഥകള്‍ ഇപ്പോള്‍ പുറത്തുവന്ന വിധിയിലൂടെ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. സുപ്രീംകോടതി ജസ്റ്റിസുമാരായ എന്‍. നാഗേശ്വരറാവു, ഹേമന്ത് ഗുപ്ത എന്നിവരുടെ ബഞ്ച് വ്യക്തമാക്കിയിരിക്കുന്നത് ‘സര്‍ക്കാരുകള്‍ക്ക് റിസര്‍വേഷന്‍ പാലിക്കാന്‍ ബാധ്യത ഇല്ലെന്നും, പ്രമോഷനിലെ സംവരണം ഒരു മൗലികാവകാശമല്ലെന്നുമാണ്’ ചുരുക്കത്തില്‍ ഭരണഘടനയുടെ 16 (4എ), 16 (4ബി) തുടങ്ങിയ വകുപ്പുകള്‍ റദ്ദാക്കി, ബ്രാഹ്മണതാല്പര്യം സംരക്ഷിക്കാന്‍ സ്വന്തം ഉത്തരവിറക്കിയിരിക്കുകയാണ്. ഒരു മൗലികാവകാശത്തെ അട്ടിമറിക്കാന്‍ കോടതി ‘നാറാണത്ത് ഭ്രാന്തനെ’ പോലെ പെരുമാറുകയാണ് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ സുപ്രീം കോടതി വിധിക്ക് ദൂരവ്യാപകമായ ഫലമുണ്ടാകും. എസ്.സി/എസ്.ടി. അതിക്രമം തടയല്‍ നിയമം – 1989, ആദിവാസി വനാവകാശ നിയമം – 2006 എന്നിവ ദുര്‍ബലപ്പെടുത്തുന്നതില്‍ സുപ്രീം കോടതിക്ക് ഉള്ള പങ്ക് കൂടി ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതാണ്.
4) പൗരത്വനിയമത്തില്‍ മത വിഭജനം കൊണ്ടുവരുന്നതോടൊപ്പം, മൗലികാവകാശത്തിന്റെ ഭാഗമായ സംവരണം റദ്ദാക്കുക എന്ന സംഘപരിവാര്‍ പദ്ധതിക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ പാര്‍ലമെന്റിലും നിലനില്‍ക്കുന്നത്. തികച്ചും ഭരണഘടനാ വിരുദ്ധമായ നിലയില്‍ ‘മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക്’ 10% സംവരണം കൂടി നടപ്പിലാക്കികൊണ്ട്, എസ്.സി/എസ്.ടി./ഒ.ബി.സി. വിഭാഗക്കാരുടെ ക്വാട്ട 40% ആക്കി കുറച്ചു എന്നുമാത്രമല്ല, ആര്‍ട്ടിക്കിള്‍ 46 ലെ നിര്‍ദ്ദേശകതത്വത്തെ ദുരുപയോഗം ചെയ്ത് ആര്‍ട്ടിക്കിള്‍ 15 ന്റെ പരിരക്ഷ സവര്‍ണര്‍ക്കുകൂടി നല്‍കിയിരിക്കുയാണ്. ആര്‍ട്ടിക്കിള്‍ 15 സാമൂഹികായി പിന്നോക്കവിഭാഗങ്ങള്‍ക്ക്, വിശിഷ്യാ എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് മാത്രമുള്ള മൗലികാവകാശ പരിരക്ഷയാണ്. അതിന്റെ ആനുകൂല്യം സവര്‍ണര്‍ക്കു കൂടി പാര്‍ലമെന്റ് നീട്ടികൊടുത്തിരിക്കുകയാണ്. സര്‍ക്കാരിന് അധികാരമില്ലാത്ത ഒരു തീരുമാനം പാര്‍ലമെന്റ് കൈക്കൊള്ളുക വഴി, ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് ക്ഷതമേല്‍പ്പിച്ചിരിക്കുകയാണ്. മുസ്ലീം ലീഗ് എം.പി.മാര്‍, ഒവൈസി എന്നിവര്‍ മാത്രമാണ് ഭരണഘടനാ തത്വങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നുള്ളു. മറ്റ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംഘപരിവാറിന്റെ നീക്കത്തോടൊപ്പം നില്‍ക്കുകയുണുണ്ടായത്. ഈ സാഹചര്യത്തില്‍ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതിയുടെ വിധി പ്രതിരോധിക്കാന്‍ ദലിത് – ആദിവാസി – പിന്നോക്ക – മത ന്യൂനപക്ഷ താല്പര്യങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്ന പ്രസ്ഥാനങ്ങള്‍ യോജിച്ച ഒരു നീക്കത്തിന് തയ്യാറാകേണ്ടതാണ്. കോടതികളിലും, പാര്‍ലമെന്റിലും നടത്തേണ്ട ഇടപെടലുകള്‍ക്കൊപ്പം ജനകീയ പ്രക്ഷോഭങ്ങളിലും അണിനിരക്കേണ്ടതാണ്.
5) സംവരണ വിഷയത്തോട് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് സവര്‍ണ ഹിന്ദു താല്പര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന നിയലിലാണെന്നതും ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതാണ്. ദശകങ്ങളായി എയ്ഡഡ് നിയമനങ്ങളില്‍ എസ്.സി./എസ്.ടി. വിഭാഗങ്ങളുടെ പ്രാതിനിധ്യം നിഷേധിക്കുന്നു എന്ന് മാത്രമല്ല, ദേവസ്വം ബോര്‍ഡില്‍ നടപ്പാക്കിയ ‘മുന്നോക്കക്കാരിലെ ദരിദ്രര്‍ക്ക്’ വേണ്ടി നടപ്പാക്കിയ സംവരണ പദ്ധതി എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. കെ.എ.എസിലെ സംവരണത്തിന് അനുമതി നല്‍കുന്നത് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നുമാത്രമാണ്. എസ്.സി./എസ്.ടി. സംവരണം നീട്ടുന്ന കാര്യത്തില്‍ ഭരണഘടനാമൂല്യങ്ങള്‍ക്ക് അനുസൃതമായ ഒരു നിലപാട് ഇടതുപക്ഷ സര്‍ക്കാരിന് ഇല്ലെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ദേശീയതലത്തില്‍ കോടതികള്‍ തന്ന സംവരണത്തെ അട്ടിമറിക്കുമ്പോള്‍, എസ്.സി./എസ്.ടി. സംവരണം ദുര്‍ബ്ബലപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്ക് ആക്കം കൂട്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
6) സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി നടപ്പാക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ ദേശീയ പ്രക്ഷോഭം രാജ്യമെമ്പാടും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. മുസ്ലിംമത ന്യൂനപക്ഷങ്ങളോടൊപ്പം, ദലിത് – ആദിവാസി – ജനാധിപത്യശക്തികളും ഐക്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പൗരന്മാരെ മതപരമായി വിഭജിച്ച് മുസ്ലീം സമുദായത്തെ അപരവല്‍ക്കരിക്കുന്നതോടൊപ്പം, ആദിവാസി – ദലിത് വിഭാഗങ്ങളുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും ഭാഷാദേശീയതകളുടെയും പൗരസമത്വാവകാശങ്ങളും സാമൂഹികാവകാശങ്ങളും റദ്ദാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടന അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നടപടിക്കെതിരെയാണ് 23-ന് നടക്കുന്ന ഭാരത് ബന്ദ് ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. പൗരസമത്വ പ്രക്ഷോഭത്തോടൊപ്പം ഐക്യപ്പെടണമെന്നും, ഭാരത് ബന്ദ് വിജയിപ്പിക്കാനുള്ള ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
എം. ഗീതാനന്ദന്‍ (ദലിത് – ആദിവാസി – സ്ത്രീ – പൗരാവകാശ കൂട്ടായ്മ)
യു.സി. രാമന്‍ (ദലിത് ലീഗ്)
സി.എസ്. മുരളി (ദലിത് – ആദിവാസി – സ്ത്രീ പൗരാവകാശ കൂട്ടായ്മ)
അഡ്വ. ഡി. ദിപു (ഭീം ആര്‍മി, കേരള ചീഫ്)
കെ. അമ്പുജാക്ഷന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി)
കെ.കെ. ബാബുരാജ്
പി.എം. വിനോദ് (കെ.പി.എം.എസ്.)
സജി കെ. ചേരമന്‍ (എ.എസ്. 4)
പി.വി. സജീവ് (കൊടുങ്ങല്ലൂര്‍ കൂട്ടായ്മ)
അഡ്വ. പി.ഒ. ജോണ്‍ (ദലിത് – ആദിവാസി കോ-ഓര്‍ഡിനേഷന്‍, കോട്ടയം)
സി. മായാണ്ടി (എസ്.സി./എസ്.ടി. കോ-ഓര്‍ഡിനേഷന്‍, പാലക്കാട്)
(രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങള്‍ക്കും, പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നോക്ക സമുദായസംഘടനകള്‍ക്കും, സാമൂഹികപ്രസ്ഥാനങ്ങള്‍ക്കും ഫെബ്രുവരി 23 ഭാരത് ബന്ദ് അനുകൂല സംഘടനകള്‍ സമര്‍പ്പിക്കുന്നത്.)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in