അരാഷ്ട്രീയമാകുന്നോ നവകേരളം?
എന്തിനേയും ഏതിനേയും കക്ഷിരാഷ്ട്രീയ കണ്ണിലൂടെ നോക്കികാണുന്ന, സ്വയം ഒരു വിഷയത്തെ വിലയിരുത്താന്‍ തയ്യാറാകാതെ നേതാക്കള്‍ പറയുന്നത് അതേപടി വിഴുങ്ങുകയും ന്യായീകരിക്കുകയും ചെയ്യുന്ന, പാര്‍ട്ടിക്കും നേതാക്കള്‍ക്കും വേണ്ടി കൊല്ലാനും ചാവാനും തയ്യാാറാകുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു എന്നതാണ് വാസ്തവം.
വളരെ മോശപ്പെട്ട ഒരവസ്ഥയിലേക്കാണ് കേരള രാഷ്ട്രീയം നീങ്ങികൊണ്ടിരിക്കുന്നതെന്ന് ഉറപ്പിക്കാവുന്ന സംഭവവികാസങ്ങളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായതുമായി ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളാകുന്നത്. കഴിഞ്ഞ തവണത്തെ വന്‍പരാജയം ഇപ്പോഴും വേട്ടയാടുന്ന എല്‍ഡിഎഫിന്, പ്രത്യേകിച്ച് സിപിഎമ്മിനു അതു തന്നെ ഇക്കുറി ആവര്‍ത്തിച്ചാല്‍ ഉയര്‍ന്നു വരിക നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. തുടര്‍ച്ചയായി രണ്ടുതവണ നിയമസഭയിലേക്കു പരാജയപ്പെട്ട യുഡുഎഫിനാകട്ടെ കഴിഞ്ഞ തവണ വിജയം യാദൃഛികമായിരുന്നില്ല എന്നുറപ്പിച്ച്, പിന്നാലെ വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കില്‍ ഭാവി വളരെ മോശമായിരിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇരുകൂട്ടരും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിട്ടെല്ലാം ഉപേക്ഷിച്ച് ഇപ്പോള്‍ തന്നെ അങ്കത്തട്ടിലിറങ്ങി നൈതികമല്ലാത്ത രീതിയില്‍ പോരാട്ടം ആരംഭിച്ചിരിക്കുന്നത്.
പാലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ടാണ് ഇരുകൂട്ടരുടേയും നിലപാടില്ലായ്മയുടേയും കക്ഷിരാഷ്ട്രീയതാല്‍പ്പര്യങ്ങളുടേയും ചിത്രം വ്യക്തമായും പുറത്തുവന്നത്. പാലസ്തീന്‍ ജനതയോട് ഐക്യപ്പെട്ട് മുസ്ലിംലീഗ് തുടക്കം തന്നെ രംഗത്തുവന്നു. അത് സ്വാഭാവികമാണ്. വളരെ വൈകിയാണ് ആദ്യം സിപിഎമ്മും പിന്നാലെ കോണ്‍ഗ്രസ്സും രംഗത്തുവന്നത്. ഇരുകൂട്ടരും വലിയരീതിയില്‍ തന്നെ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലി സംഘടിപ്പിച്ചു. എന്നാല്‍ സൂക്ഷ്മപരിശോധനയില്‍ കാണാന്‍ കഴിയുക എന്താണ്? കേരളത്തില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് പാലസ്തീനേക്കാള്‍ ഇരുകൂട്ടരുടേയും താല്‍പ്പര്യം എന്നുതന്നെ. മുസ്ലിംലീഗിനെ മൊത്തമായോ ഭാഗികമായോ എല്‍ഡിഎഫിലേക്ക് ചാടിക്കാനാവുമോ എന്നാണ് കുറെകാലമായി സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന സമീപകാല നിലപാടുപോലും അതിനായി തിരുത്തി. ജില്ലാബാങ്ക് വിഷയം തുടങ്ങി പല വിഷയങ്ങളിലും ലീഗിനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയാണ് സിപിഎം. അതിലൂടെ ലീഗും കോണ്‍ഗ്രസ്സും തമ്മില്‍ ഭിന്നത രൂക്ഷമാക്കാനും ലീഗിനുള്ളില്‍ തന്നെ പ്രശ്‌നങ്ങളുണ്ടാക്കാനുമാണ് ശ്രമം. അതിന്റെ ഭാഗമായി തന്നെയാണ് പെട്ടെന്നു പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി പ്രഖ്യാപിച്ചതും ലീഗിനെ അതിലേക്കു ക്ഷണിച്ചതും. കുറച്ചുദിവസം രാഷ്ട്രീയ ആകാംക്ഷ സൃഷ്ടിച്ചെങ്കിലും ഒരിക്കല്‍ കൂടി ലീഗ്, കോണ്‍ഗ്രസ്സിനൊപ്പമെന്നു പ്രഖ്യാപിച്ചതും. തീര്‍ച്ചയായും ലീഗിനുള്ളില്‍ വലിയ അഭിപ്രായ വ്യത്യാസത്തിനു അതു കാരണമായി എന്നതു വ്യക്തം. ലീഗ് എത്തിയില്ലെങ്കിലും സിപിഎം തന്ത്രം പാതി വിജയിച്ചു എന്നു തന്നെ പറായം.
ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനു മിണ്ടാതിരിക്കാനാവില്ലല്ലോ. അഖിലേന്ത്യാതലത്തില്‍ പാലസ്തീന് അനുകൂലമായി നിലപാടെടുത്തു എന്നൊക്കെ പറയുമ്പോഴും, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന വേളയില്‍ അതുമായി ബന്ധപ്പെട്ട് ഒരു പരിപാടി സംഘടിപ്പിക്കാനുള്ള ധൈര്യമൊന്നും കോണ്‍ഗ്രസ്സിനില്ല എന്നു വ്യക്തം. എന്നാല്‍ കേരളത്തിലെ സംഭവവികാസങ്ങള്‍ റാലി നടത്താതിരിക്കാനാവില്ല എന്ന അവസ്ഥയിലേക്ക് അവരെ എത്തിച്ചു. ലീഗില്‍ സിപിഎം സൃഷ്ടിച്ച പ്രശ്‌നങ്ങളും ശശി തരൂര്‍ ലീഗ് റാലിയില്‍ നടത്തിയ ഹമാസ് പരാമര്‍ശവും ആര്യാടന്‍ ഷൗക്കത്തുമായി ബന്ധപ്പെട്ട വിഷയങ്ങളും മറികടക്കാന്‍ അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. എന്തായാലും ലീഗ് നേതാക്കളേയും സാമുദായിക നേതാക്കളേയുമെല്ലാം അണിനിരത്തി താല്‍ക്കാലികമായെങ്കിലും മുഖം രക്ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അപ്പോഴും അധിനിവേശത്തിനെതിരായ ആത്മാര്‍ത്ഥമായ നിലപാടാണോ ഇരു പാര്‍ട്ടികളുടേയും എന്ന ചോദ്യം അവശേഷിക്കുകയാണ്. ആണെങ്കില്‍ രണ്ടു കൊല്ലത്തേക്കടുക്കുന്ന യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിനെതിരേയും സിപിഎമ്മും കോണ്‍ഗ്രസ്സും ഒരിക്കലെങ്കിലും പ്രതികരിക്കുമായിരുന്നല്ലോ.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഏറെകൊട്ടിഘോഷിച്ചു നടക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ടും ഇരു പാര്‍ട്ടികളുടേയും ഇരുമുന്നണികളുടേയും നിലാപാടുകള്‍ ജനാധിപത്യ സംവിധാനത്തിന് അനുയോജ്യമാണെന്നു കരുതാനാവില്ല. ഏറെ കൊട്ടിഘോഷിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ ചെയ്യേണ്ട കാര്യങ്ങളാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അവരെ കൊണ്ട് ചെയ്യി്ക്കുകയാണ് വേണ്ടതെന്നും മറിച്ച്, നടക്കുന്നത് രാജഭരണത്തേയോ ഫ്യൂഡല്‍ കാലത്തേയോ ഓര്‍മ്മിപ്പിക്കുന്നതാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. അതില്‍ കുറെ ശരിയുണ്ട്താനും. ആ വിമര്‍ശനങ്ങള്‍ ഇപ്പോഴും ശരിയാണ്. എന്നാല്‍ നവകേരളസദസ്സ്, ജനസമ്പര്‍ക്കപരിപാടിയേക്കാള്‍ വിമര്‍ശനത്തിന് അര്‍ഹമാണ്. എന്തൊക്കെ പറഞ്ഞാലും ജനാധിപത്യത്തില്‍ മുഖ്യമന്ത്രി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന്, അവരോട് നേരില്‍ സംസരിച്ച്, പരാതികള്‍ കൈപറ്റി പരിഹാരത്തിനു ശ്രമിക്കുന്നതില്‍ പോസറ്റീവ് ആയ ഒരു വശമുണ്ട്. മാത്രമല്ല, അത് വന്‍തുക ചിലവഴിച്ച് നടന്ന ഒരാഘോഷവുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്നതോ? ഇവിടെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നില്ല. മറിച്ച് കാണു്ന്നത്, ക്ഷണിക്കപ്പെട്ട, വിമര്‍ശനമൊന്നും ഉന്നയിക്കില്ല എന്നുറപ്പുള്ള കുറച്ചുപേരെ മാത്രം. പിന്നെ നടക്കുന്നത് ആയിരങ്ങളെ അഭിസംബോധനചെയ്തുള്ള കക്ഷിരാഷ്ട്രീയ പ്രസംഗങ്ങളാണ്. അതുകേള്‍ക്കാനായി നിര്‍ബന്ധപൂര്‍വ്വം കുടുംബശ്രീക്കാര്‍ മുതല്‍ എല്‍കെജി കുട്ടികളെ വരെ നിര്‍ബന്ധപൂര്‍വ്വം കൊണ്ടുവരുന്നു. രക്ഷമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും വന്‍തുക ചിലവാക്കുന്നു. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നടക്കും നിര്‍ബന്ധപിരിവെടുക്കുന്നു.
കൊട്ടിഘോഷിക്കുന്ന ഈ പരിപാടിയില്‍ ജനങ്ങളുടെ പരാതികള്‍ ഏല്‍പ്പിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരെ തന്നെയാണ്. പിന്നെന്തിനാണ് മന്ത്രിസഭ ചലിക്കുന്നത്? മിക്കപരാതികളും മുമ്പുതന്നെ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടികിടക്കുന്നത്. നിങ്ങളുടെ മുന്നിലെ ഓരോ ഫയലിനു പിന്നിലും ഓരോ ജീവിതമുണ്ടെന്ന് ഇടക്കിടെ മുഖ്യമന്ത്രി പറയുമ്പോഴും പരാതികള്‍ ഭൂരിഭാഗവും ചുവപ്പുനാടയിലാണ്. പരാതികളുടെ എണ്ണം ചൂണ്ടികാട്ടി സദസ്സ് വന്‍വിജയമാണെന്നു അവകാശപ്പെടുമ്പോള്‍ സത്യത്തില്‍ പുറത്തുവരുന്നത് മലയാളികളുടെ സമകാലിക ജീവിത ദുരിതങ്ങളാണെന്നതാണ് മറച്ചുവെക്കുന്നത്. ഈ പരാതികളും പതിവുപോലെ കെട്ടികിടക്കുമെന്നു കരുതാം. മറുവശത്താകട്ടെ പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം പോലും നിഷേധിച്ച്, പ്രതിഷേധിക്കുന്നവരെ പാര്‍ട്ടി പ്രവര്‍ത്തകരെ വിട്ട് ക്രൂരമായി മര്‍ദ്ദിച്ച്, വീണ്ടും മര്‍ദ്ദിക്കാനാഹ്വാനം കൊടുത്താണ് മന്ത്രിസഭ ചലിക്കുന്നത്. സര്‍ക്കാര്‍ പരിപാടിയാണെന്നു അവകാശപ്പെടുമ്പോഴാണ് പോലീസിനുപകരം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ തെരുവില്‍ അഴിഞ്ഞാടുന്നത്. സര്‍ക്കാര്‍ പരിപാടിയാണെന്നു പറയുമ്പോള്‍ തന്നെ സര്‍ക്കാരുമായി ബന്ധമില്ലാത്ത സിപിഎം നേതാക്കള്‍ വേദിയിലിരിക്കുന്നതും സംസാരിക്കുന്നതും കാണുന്നു. നവകേരള സദസ്സിന്റെ പേരിലും ലീഗിലും യുഡിഎഫിലും ഭിന്നതയുണ്ടാക്കാനുള്ള ശ്രമവും നടക്കുന്നു. സര്‍ക്കാര്‍ ചിലവില്‍ പാര്‍ട്ടി പ്രചരണം എന്ന പ്രതിപക്ഷ ആരോപണം തള്ളാവുന്നതല്ല എന്നു സാരം.
ഇതൊക്കെയാണെങ്കിലും നവകേരള സദസ്സ് ബഹിഷ്‌കരിക്കുക എന്ന യുഡിഎഫ് നിലപാട് അംഗീകരിക്കാവുന്നതല്ല. ഒരു സര്‍ക്കാര്‍ പരിപാടിയെ പാര്‍ട്ടിപരിപാടിയാക്കാന്‍ വിട്ടുകൊടുക്കാതെ സജീവമായി ഇടപെടുകയായിരുന്നു പ്രതിപക്ഷം ചെയ്യേണ്ടിയിരുന്നത്. അതുവഴി ആയിരങ്ങളുടെ മുന്നില്‍ വെച്ച് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കാനുവള്ള അവസരം ലഭിക്കുമായിരുന്നു. പൊതുവേദിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ പരസ്യമായി നടക്കുന്ന സംവാദം ജനാധിപത്യത്തില്‍ എത്ര മനോഹരമായിരിക്കും. മാത്രമല്ല, എന്തൊക്കെ പറഞ്ഞാലും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നു കരുതി പരാതികളുമായി എത്തുന്നവര്‍ക്കുമുന്നില്‍ വാതിലടക്കുന്നതും ഉചിതമല്ല. പ്രതിപക്ഷ എം എല്‍ എമാരുടെ മണ്ഡലത്തില്‍ ഈ സമീപനം വിപരീതമായ ഫലമുണ്ടാക്കാനാണ് സാധ്യത. ഐക്യവും സമരവും ഒന്നിച്ചുനടത്തുന്ന പ്രതിപക്ഷത്തെയാണ് ജനാധിപത്യസംവിധാനത്തില്‍ ആവശ്യം. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനേക്കാള്‍ വരും തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വെക്കുന്ന സമീപനം തന്നെയാണ് ഭരണപക്ഷ്തതെപോലെ പ്രതിപക്ഷവും സ്വീകരിച്ചത് എന്നു പറയാതിരിക്കാനാവില്ല. വളരെ മോശപ്പെട്ട ഒരവസ്ഥയായിരിക്കും ഇതു സൃഷ്ടിക്കാന്‍ പോകുന്നത്.
കേരളം രാഷ്ട്രീയ പ്രബുദ്ധമാണെന്നൊക്കെ നാം അഹങ്കരിക്കാറുണ്ട്. . എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. എന്തിനേയും ഏതിനേയും കക്ഷിരാഷ്ട്രീയ കണ്ണിലൂടെ നോക്കികാണുന്ന, സ്വയം ഒരു വിഷയത്തെ വിലയിരുത്താന്‍ തയ്യാറാകാതെ നേതാക്കള്‍ പറയുന്നത് അതേപടി വിഴുങ്ങുകയും ന്യായീകരിക്കുകയും ചെയ്യുന്ന, പാര്‍ട്ടിക്കും നേതാക്കള്‍ക്കും വേണ്ടി കൊല്ലാനും ചാവാനും തയ്യാാറാകുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു എന്നതാണ് വാസ്തവം. അതിന്റെ അവസാന ഉദാഹരണങ്ങളാണ് ചൂണ്ടികാട്ടിയത്. ഇനിയും ഒരുപാട് ഉദാഹരണങ്ങള്‍ കാണാനാകും. സത്യത്തില്‍ മിക്കവാറും വിഷയങ്ങളില്‍ കാര്യമായ ഭിന്നതയില്ലാത്തവരാണ്, അതുണ്ടെന്ന് അവകാശപ്പെട്ട് സ്വന്തം അണികളെ പോലും വഞ്ചിക്കുന്നത് എന്നതും കാണേണ്ടതാണ്. . ഈ അവസ്ഥയെ സത്യത്തില്‍ വിളിക്കേണ്ടത് രാഷ്ട്രീയ പ്രബുദ്ധതയെന്നല്ല, അരാഷ്ട്രീയത എന്നാണ്. അരാഷ്ട്ീയ സമൂഹമായി നമ്മള്‍ മാറുന്നു എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. നവകേരളസദസ്സിന്റെ ഭാഗമായി നടക്കുന്ന കൈകൊട്ടിക്കളിയും ദീപം തെളിയിക്കലും മേളവുമെല്ലാം അതിന്റെ സൂചനകളാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in