രാഷ്ട്രമീമാംസയുടെ ഇന്ത്യന്‍ ധാരകള്‍

വിവേകാനന്ദന്‍, ഗാന്ധി, അരബിന്ദോ, ടാഗോര്‍, എം. എന്‍. റോയ്, ബി. ആര്‍. അംബേദ്ക്കര്‍, ജയപ്രകാശ് നാരായണന്‍ – ഡെന്നിസ് ഡാള്‍ട്ടന്റെ ഇന്ത്യന്‍ ഐഡിയാസ് ഓഫ് ഫ്രീഡം എന്ന പുസ്തകം അനില്‍ ചേലമ്പ്ര പരിചയപ്പെടുത്തുന്നു.

ലിബറലിസം എന്നത് ഒരു യൂറോപ്യന്‍ ആശയം എന്ന നിലക്കാണ് നാമെല്ലാം മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് തീര്‍ത്തും വ്യത്യസ്തമായ ചില ഉള്‍ക്കാഴ്ചകള്‍ ആധുനിക ഇന്ത്യയില്‍നിന്ന് വികസിച്ചുവന്നിട്ടുണ്ട്. വിവേകാനന്ദന്‍, ഗാന്ധി, അരബിന്ദോ, ടാഗോര്‍ എന്നിവര്‍ സ്വാതന്ത്ര്യത്തെപ്രതി അവതരിപ്പിച്ച ആശയങ്ങളെ ക്രോഡീകരിച്ചും വ്യാഖ്യാനിച്ചും ഡെന്നിസ് ഡാള്‍ട്ടന്‍ 1982ല്‍ ‘ഇന്ത്യന്‍ ഐഡിയ ഓഫ് ഫ്രീഡം’ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. മേല്‍പ്പറഞ്ഞ ധൈഷണികരോടൊപ്പം എം. എന്‍. റോയ്, ബി. ആര്‍. അംബേദ്ക്കര്‍, ജയപ്രകാശ് നാരായണന്‍ എന്നിവരുടെ ചിന്തകള്‍കൂടി ഉള്‍പ്പെടുത്തി 2023ല്‍ ഡാള്‍ട്ടണ്‍ ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു. ഇപ്പോള്‍ അതിന്റെ പേര് ‘ഇന്ത്യന്‍ ഐഡിയാസ് ഓഫ് ഫ്രീഡം’ എന്നാണ്. രാമചന്ദ്രഗുഹയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

ഡാള്‍ട്ടണ്‍ തന്റെ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നവരൊന്നും യൂറോപ്യന്‍ അര്‍ത്ഥത്തിലുള്ള രാഷ്ട്രമീമാംസകരല്ല. വിവേകാനന്ദന്‍ ഒരാത്മീയ നേതാവാണ്. അരബിന്ദോ വിപ്ലവകാരിയാവാന്‍ തുനിഞ്ഞ് മിസ്റ്റിക് ആയ ചിന്തകനാണ്. ഗാന്ധി രാഷ്ട്രീയക്കാരനും സാമൂഹ്യപരിഷ്‌ക്കര്‍ത്താവുമാണ്. ടാഗോറാകട്ടെ കവിയാണ്. ഹോബ്‌സ്, ലോക്ക്, കാന്റ്, മില്‍ എന്നിവരെപ്പോലെ പ്രതിഷ്ഠാപിത ചിന്തകള്‍ക്ക് രൂപം നല്‍കിയവരല്ല ഇവരൊന്നും. അവര്‍ മൗലികമായി ആക്റ്റിവിസ്റ്റുകളായിരുന്നു. എന്നാല്‍ വിവേകാനന്ദന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ധൈഷണികര്‍ അവതരിപ്പിച്ച ആശയങ്ങളുടെ മൂല്യം ഒട്ടും ചെറുതല്ല എന്ന് ഈ പുസ്തകം തെളിയിക്കുന്നു.

മതത്തെ പുറത്തുനിര്‍ത്തിയാണ് യൂറോപ്പില്‍ ലിബറലിസത്തെക്കുറിച്ചുള്ള ആലോചനകള്‍ നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ മതത്തിനകത്തുനിന്ന് സ്വാതന്ത്രത്തെക്കുറിച്ചുള്ള ആശയങ്ങള്‍ക്ക് രൂപം നല്‍കി എന്നതാണ് ഇന്ത്യയില്‍നിന്നുള്ള ചിന്തകരുടെ സവിശേഷത. ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്ന ചിന്തകരെ ‘ആന്തരവിമര്‍ശകരായ പാരമ്പര്യവാദികള്‍’ എന്ന സംജ്ഞകൊണ്ട് വിശേഷിപ്പിക്കാമെന്ന് രാമചന്ദ്രഗുഹ നിരീക്ഷിക്കുന്നുണ്ട്.

ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്ന ചിന്തകരെല്ലാം പലതരത്തില്‍ ബൗദ്ധദര്‍ശനത്തോട് ചേര്‍ന്ന് നില്‍ക്കുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്. മതത്തിന്റെ പുറന്തോടാണ് അനുഷ്ഠാനം. അത് മനുഷ്യരെ വേര്‍തിരിക്കുന്നു. അവരില്‍ അന്ധത നിറക്കുന്നു. എന്നാല്‍ മതത്തിന്റെ ആത്മീയാംശം മനുഷ്യരെ ലോകത്തോളം വികസിക്കാന്‍ പ്രേരിപ്പിക്കുന്നു. അത് മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്നു. എല്ലാത്തരം അമിതാധികാര രൂപങ്ങള്‍ക്കും മതത്തിലെ ആത്മീയത എതിരാണ്. ഇത്തരത്തില്‍ മതത്തിനകത്ത് നില്‍ക്കുകയും അതിന്റെ ധാര്‍മ്മികമായ ഉള്ളടക്കത്തെ വീണ്ടെടുക്കുകയും അനുഷ്ഠാനപരമായ പുറന്തോടിനെ തകര്‍ക്കുകയും ജനതയെ വിമോചിപ്പിക്കുകയും ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുസ്തകത്തിലെ ചിന്തകള്‍ രൂപപ്പെട്ട് വരുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്തുകൊണ്ടാണ് താന്‍ ഈ ഏഴ് ചിന്തകരെ ചര്‍ച്ചക്കായി തിരഞ്ഞെടുത്തതെന്ന് ഡാള്‍ട്ടണ്‍ പുസ്തകത്തിന്റെ ആമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇവരെല്ലാം മനുഷ്യപ്രകൃതം, സത്യാന്വേഷണം, സാമൂഹ്യനിര്‍മ്മാണം, ജനാധികാരം, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയങ്ങള്‍, സമത്വം, നീതി, സാമൂഹ്യവിപ്ലവം തുടങ്ങിയ സങ്കല്‍പ്പനങ്ങള്‍ എന്നിവയെക്കുറിച്ച് മൗലികമായ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെ ചിന്തകളെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ധാരാളം വിഭവങ്ങള്‍ ലഭ്യമാണ്. കാരണം ഇവരെല്ലാം തങ്ങളുടെ ആശയങ്ങള്‍ പ്രബന്ധങ്ങളിലൂടെ സമൃദ്ധമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ രാഷ്ട്രീയ ചിന്തയുടെ പുത്തന്‍ നവോത്ഥാനം സംഭവിച്ചത്. ഇവരുടെ ചിന്തകള്‍ തമ്മിലുള്ള അന്തരം സുവ്യക്തവും പലപാട് ചര്‍ച്ച ചെയ്തതുമാണ്. എന്നാല്‍ ഇവര്‍ക്കിടയിലുള്ള സമാന്തരത വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തിലാണ് ഈ സമാന്തരത്വം എന്നാണ് ഡാല്‍ട്ടണ്‍ പറയുന്നത്. ലക്ഷ്യവും മാര്‍ഗ്ഗവും തമ്മിലുള്ള ബന്ധം, ആത്മനവീകരണം, അഹിംസ, രാഷ്ട്രീയ നൈതികത എന്നിങ്ങനെ വിവിധങ്ങളായ പ്രമേയങ്ങളുമായി ബന്ധിപ്പിച്ചാണ് ഇവര്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നത്.

ധീരതയാണ് സ്വാതന്ത്ര്യമെന്ന് ഗാന്ധി പ്രസ്താവിച്ചു. ബ്രിട്ടീഷുകാര്‍ ആധുനികതയുടെ വക്താക്കളായി സ്വയം അവരോധിക്കുകയും പാരമ്പര്യജീവിതത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ഭീതിയില്‍ ഇന്ത്യക്കാര്‍ അനുഭവിച്ച അപകര്‍ഷബോധമാണ് അവരുടെ അടിമത്തത്തിന് കാരണമായത്. ഗാന്ധി സ്വാതന്ത്ര്യത്തെ നിര്‍വ്വചിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഒരു മനോവിശ്ലേഷക തന്റെ രോഗിയുടെ അബോധം വിശകലനം ചെയ്ത് രോഗനിര്‍ണ്ണയം നടത്തുന്നതുപോലെയാണ് ഗാന്ധി ഇന്ത്യന്‍ മനസ്സിനെ അപഗ്രഥിക്കുന്നത്. അടിമത്തം ബാഹ്യമല്ലെന്നും അത് ആഭ്യന്തരമാണെന്നും ഗാന്ധി മനസ്സിലാക്കിയിരുന്നു. ഗാന്ധി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആലോചന തുടങ്ങുന്നത് കോളോണിയല്‍ പ്രജയുടെ അബോധത്തില്‍നിന്നാണ്. ഇത്തരമൊരു സ്വാതന്ത്ര്യചിന്ത കൊളോണിയല്‍ യജമാനരില്‍നിന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ. ഗാന്ധിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആലോചന ഏറ്റവും സാന്ദ്രമായി അവതരിപ്പിക്കപ്പെട്ടത് ‘ഹിന്ദ് സ്വരാജി’ലാണ്. സാമ്പത്തിക സമത്വം, ഹിന്ദു-മുസ്ലിം ഐക്യം, അയിത്തോച്ചാടനം എന്നിവയൊക്കെയാണ് സ്വാതന്ത്ര്യത്തിലേക്കുള്ള വഴികളായി ഗാന്ധി കണ്ടത്.
ആഭ്യന്തരവും ബാഹ്യവുമായ അടിമത്തങ്ങളെക്കുറിച്ച് അരബിന്ദോയും ടാഗോറും ആഴത്തില്‍ പഠിച്ചിട്ടുണ്ട്. അവരുടെ കണ്ടെത്തലുകള്‍ക്ക് ഗാന്ധിയുടെ കാഴ്ചകളുമായി പ്രകടമായ സാദൃശ്യമുണ്ട്.
ചുരുക്കത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ത്തന്നെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഗഹനവും അനന്യവുമായ ചിന്തകള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രൂപപ്പെട്ട് കഴിഞ്ഞിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപകുതിയില്‍ വിവേകാനന്ദന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് അവതരിപ്പിച്ച ആശയങ്ങളിലും ആഭ്യന്തര മുക്തിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളുണ്ട്. ആത്മം ആത്മത്തെ ഉയര്‍ത്തുന്നതാണ് സ്വാതന്ത്ര്യം എന്ന് വിവേകാനന്ദനും പറയുന്നുണ്ട്. അടിമത്തത്തെ ഉന്‍മൂലനം ചെയ്യുന്നതില്‍ വ്യക്തികളുടെ നിര്‍വാഹകത്വത്തിനുള്ള പങ്ക് ഊന്നിപ്പറയുന്നതാണ് വിവേകാനന്ദന്റെ സ്വാതന്ത്ര്യചിന്തകള്‍. സ്വാതന്ത്ര്യത്തിലേക്ക് സ്വയം ചലിക്കുകയും മറ്റുള്ളവരെ സ്വാതന്ത്ര്യത്തിലെത്താന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ മാനവികമൂല്യം എന്ന് വിവേകാനന്ദന്‍ പറയുന്നു. ഇന്ത്യയില്‍ ആധുനികകാലത്ത് വികസിച്ചുവന്ന സങ്കല്‍പ്പമനുസരിച്ച് സ്വാതന്ത്ര്യമെന്നത് വ്യക്തിപരവും ധാര്‍മ്മികവുമായ പരിണാമമാണ്. വിവേകാനന്ദനെ സംബന്ധിച്ചിടത്തോളം ഒരാള്‍ തന്നില്‍ത്തന്നെയുള്ള ദൈവികത്വത്തെ ഉണര്‍ത്തുന്നതാണ് സ്വാതന്ത്ര്യം. അത് കേവലം വ്യക്തിയുടെ സ്വാതന്ത്ര്യമല്ല. തന്നിലുള്ള ദൈവികത്വം എല്ലാ ചരാചരങ്ങളിലും ഉണ്ടെന്ന് മനസ്സിലാക്കി എല്ലാവരുടെയും ആത്മാഭിമാനത്തെ മാനിച്ചുകൊണ്ട് ജീവിക്കാന്‍ കഴിയുന്ന അവസ്ഥയാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. അതായത് പാശ്ചാത്യ മുതലാളിത്തം അവതരിപ്പിച്ച ലിബറലിസത്തില്‍നിന്ന് തീര്‍ത്തും ഭിന്നമാണ് ഇന്ത്യന്‍ സങ്കല്‍പ്പത്തിലുള്ള സ്വാതന്ത്ര്യം.

എം. എന്‍. റോയിയുടെ റാഡിക്കല്‍ ഹ്യൂമനിസം പ്രത്യക്ഷത്തില്‍ അരബിന്ദോയുടെ തത്വചിന്തക്ക് വിരുദ്ധമാണെന്ന് തോന്നാം. എന്നാല്‍ റോയ് എഴുതിയ ‘പ്രോബ്ലം ഓഫ് ഫ്രീഡം’ എന്ന പ്രബന്ധം സൂക്ഷിച്ച് വായിച്ചാല്‍ ഈ ധാരണ തിരുത്തേണ്ടിവരുമെന്നാണ് ഡാല്‍ട്ടന്‍ പറയുന്നത്. ധാര്‍മ്മികതയിലൂന്നി വ്യക്തികള്‍ ആഭ്യന്തരസ്വാതന്ത്ര്യമാര്‍ജ്ജിക്കണം. കാരണം അത്തരം വ്യക്തികളുടെ നേതൃത്വം സമൂഹത്തെ നയിക്കുന്നതില്‍ പ്രധാനമാണെന്ന് റോയ് കരുതുന്നു. വ്യക്തിസ്വാതന്ത്ര്യത്തെ സമുദായസ്വാതന്ത്ര്യത്തില്‍നിന്ന് ഭിന്നമായി കാണുന്നില്ല എന്നതാണ് ഇന്ത്യന്‍ ചിന്തയുടെ സവിശേഷതയായി ഡാള്‍ട്ടന്‍ കാണുന്നത്. ഗാന്ധിയില്‍ നിന്നാരംഭിച്ച ഈ ചിന്താധാര റോയിയിലാണ് ചെന്നവസാനിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ആയതിനാല്‍ ഹ്യൂമനിസ്റ്റായ റോയിക്ക് ഗാന്ധിയെപ്പോലെത്തന്നെ ബ്രിട്ടീഷുകാരില്‍നിന്നുള്ള മോചനം ആത്യന്തിക സ്വാതന്ത്ര്യമല്ല. ആത്മീയ സ്വാതന്ത്ര്യം എന്ന് അരബിന്ദോയും വിവേകാനന്ദനും വിശേഷിപ്പിക്കുന്നതെന്തിനേയാണോ അതുതന്നെയാണ് റോയിയുടെ ‘ധനാത്മക സ്വാതന്ത്ര്യം’.

ഹിന്ദുയിസത്തിന്റേയും ഗാന്ധിയുടേയും മുഖ്യ വിമര്‍ശകനായ അംബേദ്ക്കര്‍ ഇക്കൂട്ടത്തില്‍ വരുന്ന ചിന്തകനല്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്നായ ‘ബുദ്ധനും ബുദ്ധധര്‍മ്മ’വും എന്ന കൃതിയില്‍ ഭയത്തില്‍നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. ബുദ്ധന്റെ ധര്‍മ്മപദത്തെ അധികരിച്ചുകൊണ്ടാണ് അംബേദ്ക്കര്‍ ഈ സങ്കല്‍പ്പം ചര്‍ച്ച ചെയ്യുന്നത്. ‘ബുദ്ധനും ബുദ്ധധര്‍മ്മ’വും എന്ന പുസ്തകത്തില്‍ ഗുഹയിലകപ്പെട്ട മനുഷ്യനെക്കുറിച്ചുള്ള പ്ലാറ്റോയുടെ വളരെ പ്രശസ്തമായ അന്യാപദേശത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഭാഗമുണ്ട്. എന്നാല്‍ അംബേദ്ക്കറുടെ അവതരണത്തില്‍ പ്ലാറ്റോയില്‍നിന്നുള്ള മൗലികമായ വ്യത്യാസവും നമുക്ക് കാണാനാവുമെന്ന് ഡാല്‍ട്ടന്‍ പറയുന്നു. പ്ലാറ്റോയുടെ അന്യാപദേശത്തില്‍ ആത്മീയസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സൂചനകളൊന്നുമില്ല. പ്ലാറ്റോയില്‍നിന്ന് വ്യത്യസ്തമായി ബുദ്ധന്‍ ജന്‍മനാ ഒരു ജനാധിപത്യവാദിയാണെന്ന് അംബേദ്ക്കര്‍ വാദിക്കുന്നു. എല്ലാവരുടേയും സ്വാതന്ത്ര്യത്തിനും തുല്യതക്കും വേണ്ടിയാണ് ബുദ്ധന്‍ നിലയുറപ്പിച്ചത്. ചുരുക്കത്തില്‍ ബുദ്ധനില്‍ ആഭ്യന്തരവും ബാഹ്യവുമായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഉദ്ഗ്രഥിക്കുന്നത് കാണാമെന്നാണ് അംബേദ്ക്കര്‍ വാദിക്കുന്നത്. ആയതിനാല്‍ ഗുഹയിലകപ്പെട്ട മനുഷ്യന്റെ അന്യാപദേശം ഉദ്ധരിച്ചുകൊണ്ട് അംബേദ്ക്കര്‍ ബൗദ്ധദര്‍ശനത്തിന്റെ വിമോചന സാദ്ധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ബുദ്ധന്‍ ജീവിതത്തിലുടനീളം സ്വയം മാറിക്കൊണ്ടിരുന്നു.
ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്ന ചിന്തകരിലെല്ലാം ഈ സവിശേഷത കാണാം. ഇന്ത്യയിലെ തീവ്ര ഇടത്-വലത് രാഷ്ട്രീയത്തെ പ്രതിനിധീകരിച്ചവരില്‍ ഇത്തരമൊരു പരിണാമം കാണാനാകില്ലെന്ന് ഡാല്‍ട്ടന്‍ സൂചിപ്പിക്കുന്നുണ്ട്. ബൗദ്ധചിന്തയുടെ ആദിപ്രരൂപ സാന്നിദ്ധ്യം ഇവിടെ പരാമര്‍ശിക്കുന്ന ചിന്തകരില്‍ കാണാന്‍ കഴിയും. വിവേകാനന്ദന്റെ സമ്പൂര്‍ണ്ണകൃതികളില്‍ നിരവധി ഇടങ്ങളില്‍ ബുദ്ധന്റെ പരാമര്‍ശമുണ്ട്. തന്നെ ഏറ്റവുമധികം സ്വാധീനിച്ച നായകന്‍ ബുദ്ധനാണെന്ന് പലയിടങ്ങളിലും അദ്ദേഹം പറയുന്നുണ്ട്. ബുദ്ധന്റെ അത്യഗാധമായ സ്‌നേഹവും ധീരതയുമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഗുണങ്ങളെന്ന് വിവേകാനന്ദന്‍ സൂചിപ്പിക്കുന്നുണ്ട്. ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്കുവേണ്ടിയാണ് ബുദ്ധന്‍ സത്യാന്വേഷണം നടത്തിയത്. മനുഷ്യരെ അഹന്തയില്‍നിന്ന് മാത്രമല്ല, നാമിതുവരെക്കാണാത്ത ദൈവം തുടങ്ങിയ ഉണ്‍മകളില്‍നിന്നും ബുദ്ധന്‍ നമ്മെ സ്വതന്ത്രരാക്കി. നിര്‍വ്വാണം എന്ന് ബുദ്ധന്‍ വിശേഷിപ്പിച്ചത് സ്വാതന്ത്ര്യത്തെത്തന്നെയാണ്. അത് പരലോക മോക്ഷമല്ല. ഇഹലോകത്ത് നാമകപ്പെട്ടിരിക്കുന്ന അസ്വാതന്ത്ര്യങ്ങളില്‍നിന്നുള്ള മോചനം തന്നെയാണ്. ബുദ്ധന്റെ ധീരതയെപ്പറ്റി അരബിന്ദോ സൂചിപ്പിക്കുന്നുണ്ട്.

1922ല്‍ തന്റെ നിസ്സഹകരണ പ്രസ്ഥാനം പരാജയപ്പെട്ടപ്പോഴാണ് ഗാന്ധി ആഭ്യന്തര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആലോചനകളിലേക്ക് വരുന്നത്. ലക്ഷ്യവും മാര്‍ഗ്ഗവും തമ്മിലുള്ള പൊരുത്തത്തില്‍ ഗാന്ധി കൂടുതല്‍ ഊന്നുന്നതും തന്റെ രാഷ്ട്രത്തിലെ ജനതക്ക് ഇക്കാര്യത്തില്‍ പരിശീലനം ആവശ്യമുണ്ടെന്ന് ഗാന്ധിക്ക് ബോദ്ധ്യപ്പെടുന്നതും ഈ സന്ദര്‍ഭത്തിലാണ്. മാര്‍ഗ്ഗം അഹിംസാത്മകമായാലേ ലക്ഷ്യം അഹിംസാത്മകമാവൂ എന്ന് ഗാന്ധി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഹിംസയുടെ മാര്‍ഗ്ഗത്തിലൂടെ സ്വരാജ് കരസ്തമാക്കിയാല്‍ ആ സ്വരാജ് ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, ലോകത്തിനുതന്നെ ഒരു ശല്യമായിരിക്കുമെന്ന് ഗാന്ധി ഓര്‍മ്മിപ്പിക്കുന്നുണ്ട്. 1930ല്‍ ഗാന്ധി ഉപ്പുസത്യാഗ്രഹത്തിനൊരുങ്ങുമ്പോള്‍ തന്റെ ആദര്‍ശങ്ങള്‍ക്കനുസരിച്ച് പരിശീലനം നേടിയവരെ മാത്രമേ പങ്കെടുപ്പിച്ചിട്ടുള്ളൂ എന്ന വസ്തുത ഡാല്‍ട്ടണ്‍ ഓര്‍മ്മിക്കുന്നുണ്ട്.

ഇരുപതാം നൂറ്റണ്ടില്‍ ലോകത്ത് നിരവധി വിപ്ലവങ്ങള്‍ നടക്കുകയുണ്ടായി. എന്നാല്‍ ആ ദേശങ്ങളിലൊന്നും മാര്‍ഗ്ഗ-ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ഇത്ര ഗഹനമായ ആലോചനകള്‍ നടന്നിട്ടില്ല. കമ്മ്യൂണിസ്റ്റുകാരുമായി റോയ് പിരിയുന്നത് മാര്‍ഗ്ഗവും ലക്ഷ്യവും തമ്മിലുള്ള പൊരുത്തത്തെക്കുറിച്ച് അവര്‍ക്കുണ്ടായിരുന്ന കാഴ്ചപ്പാടിനോട് യോജിക്കാന്‍ കഴിയാതെ വന്നതുമൂലമാണ്.

അംബേദ്ക്കറും മാര്‍ഗ്ഗ-ലക്ഷ്യങ്ങളെക്കുറിച്ച് ‘ബുദ്ധനും ബുദ്ധധര്‍മ്മ’വും എന്ന കൃതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കര്‍മ്മ സിദ്ധാന്തം അവതരിപ്പിക്കുന്നത് ബുദ്ധനാണ്. ഒരാളുടെ പ്രവൃത്തിയുടെ ഫലമാണ് അയാള്‍ കൊയ്‌തെടുക്കുന്നതെന്ന് ബുദ്ധന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈ കര്‍മ്മ സിദ്ധാന്തം പില്‍ക്കാല ബ്രാഹ്മണമതത്തില്‍ കാണുന്നതുപോലെയല്ല. ഒരാളുടെ ധാര്‍മ്മിക നിലപാടാണ് അയാളുടെ കര്‍മ്മത്തെ നിയന്ത്രിക്കുന്നത്. അത് ആത്യന്തികമായി കര്‍മ്മ ഫലത്തേയും. കര്‍മ്മത്തില്‍നിന്ന് രക്ഷ നേടാനാവില്ലെന്ന ബോദ്ധ്യം ഒരാള്‍ക്ക് അയാളുടെ കര്‍മ്മത്തെ പരിഷ്‌ക്കരിക്കാനുള്ള അവസരം നല്‍കുന്നുണ്ട്. അതായത് ആത്മപ്രതിഫലനാത്മകമായി ഒരാള്‍ക്ക് അയാളുടെ കര്‍മ്മങ്ങളെ നവീകരിക്കാനാവും. ഈ സാദ്ധ്യതയാണ് പില്‍ക്കാല ബ്രാഹ്മണ്യം അടച്ചുകളഞ്ഞത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മേല്‍പ്പറഞ്ഞവരുടെ കൂട്ടത്തില്‍ ജയപ്രകാശ് നാരായണനാണ് ചിന്താപരമായ നിരവധി കാണ്ഡങ്ങളിലൂടെ കടന്നുപോയ ഒരാള്‍. അദ്ദേഹം ഗാന്ധിയില്‍ ആകൃഷ്ടനായിരുന്നെങ്കിലും 1922 ലെ നിസ്സഹകരണപ്രസ്ഥാനം ജെ. പി. യെ നിരാശനാക്കി. എം. എന്‍ റോയിയുടെ മാര്‍ക്‌സിസ്റ്റ് ചിന്തകളോട് ജെ. പി. അടുക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. എന്നാല്‍ റോയിയുടെ അതേ കാരണത്താല്‍ത്തന്നെയാണ് ജയപ്രകാശ് നാരായണന്‍ മാര്‍ക്‌സിസത്തോട് വിടപറയുന്നത്. പിന്നീടദ്ദേഹം വിനോബയുടെ ശിഷ്യനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്രകാരം ചിന്തയുടെ ഋതുഭേദങ്ങളിലൂടെയാണ് ജയപ്രകാശ് നാരായണന്‍ കടന്നുപോയത്. 1948 ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ജെ. പി. നടത്തിയ ‘മാര്‍ഗ്ഗവും ലക്ഷ്യവും’ എന്ന പ്രഭാഷണം ബുദ്ധനില്‍നിന്നാരംഭിക്കുന്ന ചിന്തയുടെ തുടര്‍ച്ചയാണ്. രാഷ്ട്രീയത്തിലെ ധാര്‍മ്മികതയുടെ ശോഷണമാണ് ഫാസിസത്തിലേക്കും സ്റ്റാലിനിസത്തിലേക്കും ലോകത്തെ നയിച്ചതെന്ന് ജെ. പി. ഈ പ്രഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

‘ഇന്ത്യന്‍’ എന്ന് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പേരിട്ട് വിളിക്കാവുന്ന രാഷ്ട്രീയ ചിന്തയുടെ ചരിത്രമാണ് ഡാല്‍ട്ടണ്‍ പറയുന്നത്. പരസ്പരം വിയോജിക്കുന്നതായി നാം കരുതുന്ന ചിന്താധാരകള്‍ ബൗദ്ധദര്‍ശനത്തിന്റെ ഒരന്തര്‍ധാര പങ്കുവെക്കുന്നുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ധാര്‍മ്മികത ചോര്‍ന്നു പോയ ഇന്ത്യന്‍ രാഷ്ട്രീയമാണ് ഒടുവില്‍ ഹിന്ദുത്വ ഫാസിസമായി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ അവസ്ഥ സൃഷ്ടിക്കുന്നതില്‍ ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന എല്ലാ പ്രസ്ഥാനങ്ങള്‍ക്കും പങ്കുണ്ട്.

(കടപ്പാട് – ആഗസ്ത് ലക്കം പാഠഭേദം)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply