INDIA vs NDA  – 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍

”രാവെന്‍ മിഴി പൊത്തിടും മുമ്പിതാണെന്റെ
യാചന-പാതതന്‍ കാണാത്തൊരറ്റത്ത്
നാളമൊന്നുണ്ടെന്നുറപ്പു നല്‍കൂ!”

സ്വാതന്ത്ര്യദിന ചിന്തകള്‍-1973, വിഷ്ണുനാരായണന്‍ നമ്പൂതിരി

ഈ കവിതയുള്‍പ്പെടുന്ന സമാഹാരത്തിന് നമ്പൂതിരിസാര്‍ നല്‍കിയ പേര് ‘ഇന്ത്യ എന്ന വികാരം’ എന്നായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് എഴുതിയ കവിതകളുടെ സമാഹാരത്തില്‍ അപ്പേരില്‍ ഒരു കവിതയുണ്ടായിരുന്നില്ലെങ്കില്‍പോലും. എന്നാല്‍ ഇന്ത്യയെ ഒരു വികാരമായി അസംഖ്യം പേര്‍ വീണ്ടുമറിഞ്ഞ പതിറ്റാണ്ടായിരുന്നു 1970കള്‍. ഒരു ദേശ രാഷ്ട്രത്തിന്റെ വയസ്സറിയിക്കല്‍ കൂടിയായിരുന്നു ആ പതിറ്റാണ്ട്. നെഹ്‌റൂവിയന്‍ ഇന്ത്യയ്ക്ക് മകള്‍ ഇന്ദിര കര്‍ട്ടനിട്ട പതിറ്റാണ്ട്. നടന്നത് എങ്ങോട്ട് എന്ന് പലരും അന്ധാളിപ്പോടെ ചോദിച്ച പതിറ്റാണ്ട്. ‘സ്വാതന്ത്ര്യദിന ചിന്തകള്‍, 1973’ അടിന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പ് എഴുതപ്പെട്ട കവിതയാണ്. ഇന്ത്യയുടെ ആകാശത്തില്‍ ഇരുട്ട് കൂടിക്കൊണ്ടിരിക്കുന്നു എന്ന മുന്നറിയിപ്പ് ഈ കവിത തരുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ അടിയന്തിരാവസ്ഥയെ കവി anticipate ചെയ്യുന്നുണ്ട്- ഒ.വി.വിജയന്‍ ധര്‍മ്മപുരാണത്തിലൊക്കെ ചെയ്തതുപോലെ. അമ്പതുവര്‍ഷങ്ങള്‍ക്കുശേഷം കവിയും കഥാകാരനും അനുഭവിച്ച ഭയവും വിഷാദവും ക്രോധവും ഇന്നു നമ്മള്‍ അനുഭവിക്കുന്നു. കാലം തലകുത്തിനില്‍ക്കുന്നതുപോലെ. അന്ന് അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും പ്രതിരൂപമായിരുന്ന പ്രധാനപാര്‍ട്ടി പ്രതിപക്ഷത്തും അടിയന്തിരാവസ്ഥയെ എതിര്‍ത്ത ഒരു വിഭാഗം ഭരണവര്‍ഗ്ഗമായും നിലകൊള്ളുന്നു. എങ്കിലും അതേ പേടികള്‍, അതേ ആശങ്കകള്‍ കാറ്റിലിന്നുമുണ്ട്.

ജൂലൈയില്‍ ബാംഗ്ലൂരില്‍ ചേര്‍ന്ന 24 പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മ സ്വയം വിശേഷിപ്പിക്കാന്‍ തിരഞ്ഞെടുത്തത് INDIA എന്ന പദമാണ്. ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്നതിന്റെ ചുരുക്കപ്പേരാണ്. ചുരുക്കപ്പേര് അനുസരിച്ച് വികസിപ്പിച്ചതല്ലേ കചഉകഅ യുടെ വികസിതരൂപം എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. ഡവലപ്‌മെന്റ്, ഇന്‍ക്ലൂസീവ് എന്നീ പദങ്ങളില്‍ നിന്നൊക്കെ അര്‍ത്ഥം ചോര്‍ന്നുപോയിട്ട് ദശകങ്ങളായി. സര്‍ക്കാര്‍ പ്രോജക്റ്റുകളിലും രാഷ്ട്രീയക്കാരുടെ പൊളി പൊള്ള പ്രസംഗങ്ങളിലും മാത്രം പ്രത്യക്ഷപ്പെടുന്ന ഈ പദങ്ങള്‍ എന്തിനാണ് പഴയ യുപിഐക്കാര്‍ ഇപ്പോള്‍ കടമെടുത്തിരിക്കുന്നത്? എന്‍ഡിഎ(NDA ) യില്‍ ജനാധിപത്യം (Democratic) എന്ന പദം പെട്ടിരിക്കുന്നതുപോലെ? INDIA യാകട്ടെ ജനാധിപത്യം എന്ന പദം ഒഴിവാക്കിയിട്ടുമുണ്ട്. കണക്കുകൂട്ടല്‍ ഇത്രമാത്രം: INDIA ജനതയ്ക്ക് ഒരു വിചാരം എന്നതിനേക്കാള്‍ വികാരമാണ്. INDIA എന്ന വികാരത്തിന് NDA എന്ന വിചാരത്തേക്കാള്‍ ജനമനസ്സില്‍ ഓട്ടമുണ്ടാകും.

ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ ഒരു വികാരമായി അവതരിപ്പിച്ചുകൊണ്ടാണ് നരേന്ദ്രമോദി രാജ്യം കീഴ്‌പ്പെടുത്തിയത്. മണ്ണിനേയും മതത്തേയും മനുഷ്യനേയും പണ്ടേതന്നെ സവര്‍ക്കര്‍ തന്റെ ഹിന്ദുത്വരാഷ്ട്രപ്രഖ്യാപനത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എല്ലാ ദേശീയതകളുടേയും underbellyയില്‍ മണ്ണും മനവുമുണ്ട്. അതിന് ദേശരാഷ്ട്രം എന്ന സങ്കല്പം യൂറോപ്പില്‍ അവതരിപ്പിച്ച പതിനെട്ടാം നൂറ്റാണ്ടോളം പഴക്കമുണ്ട്. ഗാന്ധിജി അത് തിരസ്‌ക്കരിച്ചു. നെഹ്‌റുവിയന്‍ ഇന്ത്യ ദേശരാഷ്ട്രസങ്കല്പത്തിന് പുതിയ വ്യാഖ്യാനം നല്‍കാന്‍ ശ്രമിച്ചു. പോസ്റ്റ് കൊളോണിയല്‍ രാഷ്ട്രങ്ങളില്‍ വ്യത്യസ്തയായി യൂറോപ്യന്‍ ദേശരാഷ്ട്രസങ്കല്പത്തിനും കമ്മ്യൂണിസ്റ്റ് രാഷ്ട്രസംവിധാനങ്ങള്‍ക്കും ഇടയിലൊരു ത്രിശങ്കു സ്വര്‍ഗ്ഗം അത് തേടിപ്പോയി. ജനാധിപത്യവും മതേതരത്വവും മാര്‍ക്കറ്റും ഇടംപിടിച്ച സങ്കരവ്യവസ്ഥ ഒരു പരീക്ഷണമായിരുന്നു. ഭാഷ-മത-ഗോത്ര-ജാതി-വര്‍ഗ്ഗ പലമയെ രാഷ്ട്രദര്‍ശനത്തിന്റെ കാതലായി സൂക്ഷിച്ചുകൊണ്ട് പുതിയ ഇന്ത്യയ്ക്ക് അംബേദ്ക്കര്‍ ഭരണഘടന എന്ന നിയമാവലിയുണ്ടാക്കി. ദേശീയപ്രസ്ഥാനത്തിന്റെ, ഗാന്ധിയന്‍ നേതൃത്വധാര്‍മ്മികതയുടെ ബലത്തില്‍ ഈ ഇന്ത്യന്‍ വിചാരം ദേശരാഷ്ട്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടു. ഏതാണ്ട് മൂന്നുപതിറ്റാണ്ട് അഭംഗുരം തുടര്‍ന്ന ഈ പ്രക്രിയയെ വിശദീകരിച്ചുകൊണ്ടാണ് സുനില്‍ ഖില്‍നാനി എന്ന രാഷ്ട്രമീമാംസകന്‍ ഇന്ത്യ എന്ന ആശയം (The idea of India) എന്ന പുസ്തകം സ്വാതന്ത്ര്യത്തിന് അമ്പതുവയസ്സായപ്പോള്‍ പ്രസിദ്ധീകരിച്ചത്. നെഹ്‌റുവിയന്‍ ഇന്ത്യയുടെ വിശദീകരണമായിരുന്നു ആ പുസ്തകം. ഖില്‍നാനിയുടെ വിചാരം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയില്‍ ആധിപൂണ്ട പലര്‍ക്കും-ഇന്നത്തെ പ്രതിപക്ഷത്തിനുള്‍പ്പെടെ-ഒരു റഫറന്‍സ് ഗ്രന്ഥമായിത്തീര്‍ന്നു. സി.പി.ഐ. ജനറല്‍സെക്രട്ടറി ഡി. രാജ തന്റെ പാര്‍ട്ടികൂടി അംഗമായ India എന്ന രാഷ്ട്രീയമുന്നണി എന്താണ് എന്ന് വിശദീകരിച്ചുകൊണ്ട് എഴുതിയ ലേഖനത്തിന് നല്‍കിയ പേരും The idea of India (ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ആഗസ്ത് 3)എന്നായിരുന്നു. ചുരുക്കത്തില്‍ നെഹ്‌റുവിലേക്ക് ഒരു തിരിച്ചുപോക്ക് എന്നൊരു ധാരണ India നല്‍കുന്നുണ്ട്. ഇന്ത്യ എന്ന വികാരം നെഹ്‌റുവിയന്‍ ഇന്ത്യയാണെന്നും സവര്‍ക്കര്‍ ചിന്ത നയിക്കുന്ന മോദി നേതൃത്വം നല്‍കുന്ന ഹിന്ദുത്വ ഇന്ത്യ അല്ല എന്നുമുള്ള വാദം പ്രതിപക്ഷം തങ്ങളെ കചഉകഅ എന്ന കുടയുടെ കീഴില്‍ അണിനിരക്കുമ്പോള്‍ പറയുന്നുണ്ട്. INDIA ഒരു പാന്‍-ഇന്ത്യന്‍ കൂട്ടായ്മയാണെന്നും ഒമ്പതു സംസ്ഥാനങ്ങളില്‍ തങ്ങള്‍ ഭരണത്തിലുണ്ടെന്നും മതസമഭാവന തങ്ങളുടെ ആദര്‍ശമാണെന്നും ഇരപിടിയന്‍ ശിങ്കിടി മുതലാളിത്തത്തിന്റെ ആരാധകരല്ല തങ്ങളെന്നും പിന്നോക്ക ജനതയുടെ അവകാശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുവെന്നും പ്രതിപക്ഷം അവകാശപ്പെടുന്നു. നെഹ്‌റുവിയന്‍ ഇന്ത്യ ‘ജാതി’ എന്ന കാറ്റഗറിയോട് എടുത്ത സമീപനമല്ല INDIA യുടേത്. ജാതിസെന്‍സസ് വേണമെന്ന വാദമാണ് രാഹുല്‍ഗാന്ധിയുടേത്. പിന്നോക്ക പട്ടികജാതി-വര്‍ഗ്ഗ സമുദായങ്ങളുടെ പിന്തുണപറ്റുന്ന ലോഹ്യാപക്ഷ ജനതാ സെറ്റിന്റെ പിന്‍മുറക്കാര്‍-സമാജ് വാദി പാര്‍ട്ടിയും ലാലു പ്രസാദിന്റെ രാഷ്ട്രീയ ജനതാദളും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും-INDIAയുടെ നെടുംതൂണുകളായ സ്ഥിതിക്ക് അതിനി അങ്ങനെയേ പറ്റുകയുള്ളൂ. പെരുംതലൈവര്‍ കാമരാജ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ്സും ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെ ആനുകൂല്യം അതവകാശപ്പെടാവുന്നതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഷേക്‌സ്പിയര്‍ക്കുള്ള മറുപടി ഇരുപതാം നൂറ്റാണ്ടില്‍ ജെര്‍ട്രൂസ് സ്റ്റെയ്ന്‍ നല്‍കിയിട്ടുണ്ട്-a rose is a rose is a rose. ഒരു പേര് ചില അക്ഷരങ്ങള്‍ക്കപ്പുറത്ത് ഒരു ചിത്രവും ചിന്തയും വികാരവുമാണ്. അതുകൊണ്ടാണ് പ്രതിപക്ഷം INDIA എന്ന പേര്‍ സ്വീകരിച്ചപ്പോള്‍ മോദി ക്ഷുഭിതനായത്. ജൂണില്‍ 24 പാര്‍ട്ടികള്‍ പറ്റ്‌നയില്‍ പ്രതിപക്ഷയോഗത്തില്‍ പങ്കെടുത്തപ്പോള്‍ തന്നെ ബിജെപി അപകടം മണത്തിരുന്നു. ഒരു മാസത്തിനുശേഷം പല ഈഗോ പ്രശ്‌നങ്ങളും അവഗണിച്ചുകൊണ്ട് മമതാ ബാനര്‍ജിയും അരവിന്ദ് കേജ്‌റിവാളും ശരദ് പവാറിനും നിതീഷ്‌കുമാറിനും ലാലു പ്രസാദിനും സര്‍വ്വോപരി കോണ്‍ഗ്രസ്സിനൊപ്പമിരുന്നപ്പോള്‍ ബിജെപിയുടെ അങ്കലാപ്പ് വര്‍ദ്ധിച്ചു. ബാംഗ്ലൂരില്‍ അവര്‍ കൂട്ടിരുന്നതിന്റെ തലേന്ന് NDA യുടെ 25-ാം വാര്‍ഷികാഘോഷം സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചതിന്റെ സന്ദര്‍ഭമതാണ്. INDIA യുടെ 24 ന് പകരം 38 കാരായ തങ്ങളാണ് മുന്നണി രാഷ്ട്രീയത്തിന്റെ വക്താക്കള്‍ എന്ന് മോദിയും അമിത്ഷായും പറഞ്ഞു. NDA എന്നാല്‍ 2014 ന് ശേഷം ബിജെപി മാത്രമാണ്. കൂടെയുള്ള 37 പേരില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് പാര്‍ലമെന്റ്-നിയമസഭാ പ്രാതിനിധ്യമുള്ളവര്‍. വടക്കുകിഴക്കു സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടികളും എഐഎഡിഎംകെയും ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാം ഈര്‍ക്കിലി പാര്‍ട്ടികള്‍. മുഖമില്ലാത്തവര്‍ അല്ലെങ്കില്‍ മുഖമന്വേഷിക്കുന്നവര്‍. ഒറ്റയ്ക്കല്ല തങ്ങള്‍ എന്ന് സ്വയം ഉറപ്പുവരുത്താനും തങ്ങള്‍ ഒറ്റപ്പെട്ടിട്ടില്ല എന്ന് ജനതയോട് പറയാനുള്ള ശ്രമമായിരുന്നു ജൂലൈയില്‍ ദില്ലിയില്‍ തിടുക്കത്തില്‍ കൂടിയ NDA യോഗം. 1990 കളില്‍ വാജ്‌പേയി, അദ്വാനി, ജോര്‍ജ്ജ് ഫെര്‍ണാന്‍ഡസ്, പര്‍കാശ് സിംഗ് ബാദല്‍, താക്കറേ എന്നിവര്‍ NDA യ്ക്ക് രൂപം നല്‍കുമ്പോള്‍ അതിന് തലപ്പൊക്കമുള്ള അസംഖ്യം നേതാക്കളുണ്ടായിരുന്നു. പല രാഷ്ട്രീയധാരകളുടെ പ്രാദേശിക മാര്‍ഗ്ഗങ്ങളുടെ പ്രാതിനിധ്യമുണ്ടായിരുന്നു ചഉഅയ്ക്ക്. ശോഷിച്ച കോണ്‍ഗ്രസ്സിനേക്കാള്‍ തലപ്പൊക്കം തോന്നിച്ചു NDA. സഖ്യകക്ഷികളുടെ വികാരവിചാരങ്ങള്‍ ബഹുമാനിച്ച് കൊണ്ട് അയോധ്യ, ഏകീകൃത സിവില്‍ നിയമം, ആര്‍ട്ടിക്കിള്‍ 370 എന്നീ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തങ്ങള്‍ താല്‍ക്കാലികമായി പിന്‍മടക്കുകയാണ് എന്ന് ബിജെപി വാഗ്ദാനം നല്‍കുകയും ചെയ്തു. 1998-2004 കാലം NDA നിലനിന്നത് അടവുനയത്തിന്റെ ബലത്തിലാണ്. അന്ന് അവര്‍ക്കൊപ്പം മമതാ ബാനര്‍ജിയും കരുണാനിധിയും നിതീഷ്‌കുമാറും ബാല്‍താക്കറേയും വൈക്കോയും ചന്ദ്രബാബു നായിഡുവും രാംവിലസ് പാസ്വാനും ശരദ് യാദവും കൂടി. യുപിഎയുടെ പത്ത് കൊല്ലം സഖ്യരാഷ്ട്രീയത്തിന് ആഴം നല്‍കി. പ്രാദേശികതയുടെ പലമ കേന്ദ്രീകരണ പ്രവണതകളുടെമേല്‍ കടിഞ്ഞാണിട്ടു. അഴിമതിയുള്‍പ്പെടെ എല്ലാം വികേന്ദ്രീകരിക്കപ്പെട്ടു. സംസ്ഥാനങ്ങളുടെ വരുമാനം കൂടി, സമ്പദ്ഘടന വളര്‍ന്നു- ഉയരത്തില്‍ മാത്രമല്ല ലംബമാനമായിട്ട് അത് വികസിച്ചു. അനവധി പുതിയ വ്യവസായ ശൃംഖലകള്‍ പ്രാദേശികമായി വളര്‍ന്നതുമൂലം ഇന്ത്യന്‍ മുതലാളിത്തം കൂടുതല്‍ broadbased ഉം inclusive വുമായി. സോണിയാ ഗാന്ധിയോ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗോ പവാറോ കരുണാനിധിയോ ലാലുവോ പ്രകാശ് കാരാട്ടോ- ആരും തന്നെ കളം നിറഞ്ഞ് കളിച്ചില്ല. താനാണ് ഇന്ത്യ എന്ന് തെറ്റിദ്ധരിച്ചുമില്ല. ഒബിസി ജാതികളുടെ സാമ്പത്തിക രാഷ്ട്രീയ ശാക്തീകരണത്തിന്റെ കാലം കൂടിയായിരുന്നു അത്. സിവില്‍ സമൂഹരാഷ്ട്രീയത്തിന് അസാധാരണമായിട്ടുള്ള സ്വാധീനം ഭരണത്തിന്മേല്‍ വരികയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശനിയമവും കോടതിയുമൊക്കെ ഭരണസംവിധാനത്തെ കൂടുതല്‍ ജനാധിപത്യപരവും സുതാര്യവുമാക്കി. അതുകൊണ്ടുതന്നെയാണ് അഴിമതി വ്യാപിച്ചതും അഴിമതിക്കാരായ പലര്‍ക്കുമെതിരെ കേസുകളുണ്ടായതും അവര്‍ക്ക് ജയിലില്‍ പോകേണ്ടി വന്നതും.

ഈ രാഷ്ട്രീയത്തിനെതിരെ അത് സമൂഹത്തില്‍ സൃഷ്ടിച്ച മാറ്റത്തിന് (churn) എതിരെയുണ്ടായ ഒരു പ്രതിവിപ്ലവമായിരുന്നു ഹിന്ദുത്വ രാഷ്ട്രീയം. അത് അവതരിപ്പിച്ചത് ഒരു രാഷ്ട്രം, ഒരു പാര്‍ട്ടി, ഒരു നേതാവ്, ഒരു രാഷ്ട്രീയം എന്നിങ്ങനെയായിരുന്നു. ശക്തനായ നേതാവ് ഒരു രാഷ്ട്രീയ ഗുണമായി വിലയിരുത്തപ്പെട്ടു. അവതാരപുരുഷനായി നരേന്ദ്രമോദി ബിജെപിയുടെ ദേശീയമുഖമായി. എന്‍ഡിഎ ശുഷ്‌ക്കിച്ചു, തടിച്ചുകൊഴുത്ത ബിജെപിയുടെ ഭാരത്തില്‍ എന്‍ഡിഎ പതുങ്ങിപ്പതുങ്ങി ഇല്ലാതായി. ഒരു നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നീങ്ങുന്ന ഒരു ഭരണസംവിധാനം ആണിന്ന്. 1970 കളിലെ ഇന്ദിരയുടെ രാഷ്ട്രീയച്ഛായ മോദിയില്‍ കാണാം. India is Indira എന്ന് പറഞ്ഞത് ദേവ്കാന്ത് ബറുവ. ബറുവമാര്‍ ഇന്ത്യയിലിന്ന് അനേകം.

ഈ ശക്തനായ നേതാവിന്റെ നരേറ്റീവിന്മേലാണ് വികസനവും എന്തിന് ഹിന്ദുത്വരാഷ്ട്രീയം പോലുമിന്ന് പിടിച്ചുനില്‍ക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളും മോദിയുടേത്; മോദിക്കുവേണ്ടി, മോദിയാല്‍. സംസ്ഥാന തിരഞ്ഞെടുപ്പുകളിലും മോദി തന്നെ താരം. രമണ്‍സിംഗും ശിവ്‌രാജ് ചൗഹാനും വസുന്ധര രാജേയും യെഡിയൂരപ്പയും ഉദ്ധവും ഒക്കെ ബഹുദൂരം പിന്നില്‍. ഈ സംസ്ഥാനങ്ങളിലൊക്കെ ഇതിനകം ബിജെപി തിരഞ്ഞെടുപ്പുകള്‍ തോറ്റിരിക്കുന്നു-ഒരു സര്‍ക്കാരുണ്ടാക്കിയത് മറ്റ് വഴിയ്ക്കാണല്ലോ! അയോധ്യയും കാഷ്മീരും വാഗ്ദാനങ്ങളല്ല ഇപ്പോള്‍ ബിജെപി സാധ്യമാക്കിയ അജണ്ടകളാണ്. മോദി ഹെ തോ മുംമ്കിന്‍ ഹെ (മോദിയുണ്ടെങ്കില്‍ എന്തും സാധ്യം) എന്ന മുദ്രാവാക്യത്തെയാണ് INDIA  നേരിടേണ്ടത്. അത് സഖ്യകക്ഷികളുടെ എണ്ണം കൂട്ടിയതുകൊണ്ട് മാത്രമോ സീറ്റ് വിഭജനത്തില്‍ കൂടിയോ പരാജയപ്പെടുത്താവുന്ന ഒന്നല്ല: The business of shaping INDIA is not a matter of arithmetic but of politics എന്ന് സുഹാസ് പാല്‍ഷിക്കര്‍ എഴുതുകയുണ്ടായി.

അതേ, പാല്‍ഷിക്കര്‍ പറയുന്നതുപോലെ, INDIA ഒരു ഗണിത സമസ്യയല്ല ഒരു രാഷ്ട്രീയപ്രശ്‌നമാണ്. INDIA എങ്ങനെ തങ്ങളുടെ രാഷ്ട്രീയത്തെ വിശദീകരിക്കുന്നു എന്നത് INDIA vs NDA എന്ന 2024 ലെ പോരാട്ടത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കും. എന്താണ് INDIA നേരിടുന്ന പ്രശ്‌നം?

ഒന്ന്, നേതൃത്വം. INDIA യില്‍ വലിയ പ്രാദേശികനേതാക്കള്‍ അനേകം. പക്ഷേ, മോദിക്ക് ബദല്‍ ആര്? തിരഞ്ഞെടുപ്പുകള്‍ 2014 മുതല്‍ പ്രസിഡന്‍ഷ്യല്‍ മാതൃകയില്‍ ആയിട്ടുണ്ട്. ഒരു ദേശത്തിന് ഒരു നേതാവ് എന്ന വഴി ജനങ്ങള്‍ക്കിന്ന് സ്വീകാര്യമാണ്. 2014ലെ തിരഞ്ഞെടുപ്പ് മുതല്‍ അങ്ങനെയാണ് കണ്ടിരുന്നത്. ഒഡിസയില്‍ നവീന്‍ പട്‌നായിക്ക്, ബംഗാളില്‍ മമത, കേരളത്തില്‍ ക്യാപ്റ്റന്‍, പാഞ്ച് സാല്‍ കേജ്‌റിവാള്‍ എന്നായിരുന്നു ആപ്പിന്റെ മുദ്രാവാക്യം. പാര്‍ട്ടിഭേദമന്യേ നേതാക്കള്‍ അതിഷ്ടപ്പെട്ടുപോരുന്നു. നേതാവല്ല നയമാണ് പ്രധാനമെന്ന് പ്രതിപക്ഷത്തിന് ജനതയെ ബോധ്യപ്പെടുത്താന്‍ കഴിയുമോ? ഗാന്ധികുടുംബ പ്രതിനിധിയല്ല മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ എന്ന പരിചയസമ്പന്നനായ നേതാവാണ് തങ്ങളുടെ പ്രധാനമന്ത്രി നോമിനി എന്ന് കോണ്‍ഗ്രസ്സ് പറയുമോ? നിതീഷിനും മമതയ്ക്കും പവാറിനും ലാലുവിനും അഖിലേഷിനും കേജ്‌റിവാളിനും ഖാര്‍ഗേ സ്വീകാര്യനാവുമോ? സോണിയയും രാഹുലും പ്രിയങ്കയും ഇന്നത്തെപ്പോലെ എപ്പോഴും ഖാര്‍ഗേയുടെ നേതൃത്വം അംഗീകരിച്ചുകൊണ്ടു നില്‍ക്കുമോ? മായാവതിയുടെ പിന്‍മടക്കം കോണ്‍ഗ്രസ്സിന് ഒരിടം നല്‍കുന്നുണ്ട്. ഖാര്‍ഗേയേക്കാള്‍ സമുന്നതനായ ഒരു ദളിത് നേതാവ് ഇന്ത്യയില്‍ ഇന്ന് വേറെയില്ല. ജഗജീവന്‍ റാമോ സുശീല്‍കുമാര്‍ ഷിന്‍ഡേയോ അല്ല ഖാര്‍ഗേ. കോണ്‍ഗ്രസ്സിന്റെ, പ്രതിപക്ഷത്തിന്റെ 2024 ലെ വലിയ സാധ്യതയാണ് ഖാര്‍ഗേ. മോദിയുടെ അസ്ത്രങ്ങള്‍ക്ക് ഖാര്‍ഗേയെ വീഴ്ത്താന്‍ കഴിയില്ല. രാഹുല്‍ ഗാന്ധിക്ക് എതിരെ ഉയര്‍ത്തുന്ന വാദങ്ങളും ഭാഷയും ഖാര്‍ഗേയ്‌ക്കെതിരെ പ്രയോഗിച്ചത് തിരിച്ചടിക്കും. മോദിക്ക് ബദല്‍ ഖാര്‍ഗേ എന്ന് പ്രതിപക്ഷം പറയുമോ എന്ന് കണ്ടറിയണം.

രണ്ട്, മോദിക്ക് ബദല്‍ തങ്ങള്‍ എന്ന്INDIA എങ്ങനെ പറയും? രാമമന്ദിരവും കാശിയും ജനുവരിയില്‍ കളത്തിലെത്തും. ഫെഡറലിസവും പ്ലൂറലിസവും സെക്കുലറിസവും ഇന്ത്യയ്ക്ക് വേണ്ടതാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ പ്രതിപക്ഷം എങ്ങനെ അവതരിപ്പിക്കും? ദില്ലിയുടെ അയല്‍പക്കത്തുള്ള ഗുഡ്ഗാവ് ഒരു ചൂണ്ടുപലകയാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ് മേവാട്ട്. ഗാന്ധിജിയുടെ പ്രേരണ കാരണം വിഭജനത്തിനുശേഷം പാക്കിസ്ഥാനില്‍ പോകാത്തവരാണിവര്‍. 1947 ഒരിക്കലും വര്‍ഗ്ഗീയലഹള കണ്ടിട്ടില്ലാത്ത പ്രദേശം. എത്രയോ നാളുകളായി ബീഫ്, പള്ളി, ആരാധന എന്നിവയെ ചൊല്ലി സംഘപരിവാര്‍ രാഷ്ട്രീയം ഗുഡ്ഗാവിലെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കിയിരിക്കുന്നു. ഭിവാനിയില്‍ മോനു മാനേസര്‍ എന്ന ഗോരക്ഷകന്റെ നേതൃത്വത്തില്‍ രണ്ട് മുസ്‌ലിം കച്ചവടക്കാരെ കൊന്ന കേസ് നിലവിലുണ്ട്. പോലീസിന് പിടിക്കാന്‍ കഴിയാതെ നില്‍ക്കുന്ന മാനേസറുടെ ട്വീറ്റില്‍ കൂടിയാണ് നൂഹില്‍ (Nuh) ജൂലായ് 31 മുതല്‍ സംഘര്‍ഷം തുടങ്ങുന്നത്. ബജ്‌രംഗ്ദളും വിശ്വഹിന്ദു പരിഷത്തും ചേര്‍ന്നു നടത്തിയ ബ്രജ്മണ്ഡല്‍യാത്രയില്‍ ആയുധധാരികള്‍ അനേകമുണ്ടായിരുന്നുവെന്ന് പത്രവാര്‍ത്തകള്‍. ചെറിയ കലാപങ്ങളില്‍ കൂടി ഹിന്ദു-മുസ്‌ലിം ധ്രുവീകരണവും ഭയവും അന്യവല്‍ക്കരണവും സംഘപരിവാര്‍ രാഷ്ട്രീയം സാധ്യമാക്കുമ്പോള്‍ പ്രതിപക്ഷം അതിന് എങ്ങനെയാണ് മറുപടി നല്‍കാന്‍ പോകുന്നത്? എന്തിനേയും ഹിന്ദു-മുസ്‌ലിം ദ്വന്ദ്വത്തിലേക്ക് ചുരുക്കാന്‍ അസാമാന്യ പാടവമുണ്ട് ബിജെപിക്ക്. അസമിലും ഇപ്പോള്‍ മണിപ്പൂരിലും രാഷ്ട്രീയ ധ്രുവീകരണം ഹിന്ദു-മുസ്‌ലിം, ഹിന്ദു-ക്രിസ്ത്യന്‍ എന്ന് ദ്വന്ദ്വത്തില്‍ കൂടി മാത്രം അവതരിപ്പിക്കുകയാണ് ബിജെപി. ഇന്ദിരയുടെ കോണ്‍ഗ്രസ്സ് പരീക്ഷിച്ചതാണിത്. താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനപ്പുറം രാജ്യത്തിന് പൊള്ളലേല്‍ക്കുന്നതിലാണ് ഈ പരിപാടി അവസാനിക്കുക. ഭാരത് ജോഡോ യാത്രയുടെ സന്ദേശം ധ്രുവീകരണത്തെയാണ് ലക്ഷ്യമിട്ടത്. അതേ ചുവടില്‍ പ്രതിപക്ഷം നീങ്ങുമോ?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂന്ന്, 24 പാര്‍ട്ടികള്‍ കൂടിയാല്‍ കൂടുന്നതാണോ 272? ഒഡിസയിലും തെലുങ്കാനയിലും ആന്ധ്രപ്രദേശിലും INDIA ശുഷ്‌ക്കമാണ്. 63 ലോക്‌സഭാ സീറ്റുകള്‍ ഇവിടെയുണ്ട്. പഞ്ചാബിലും ദില്ലിയിലും-20 സീറ്റുകള്‍-കോണ്‍ഗ്രസ്സും ആപ്പും കൈകോര്‍ക്കുമോ? ഗംഗാസമതലത്തില്‍ ബിജെപിയെ പൂട്ടാന്‍ സമാജ്‌വാദി പാര്‍ട്ടിക്കും നിതീഷിനും ലാലുവിനും കോണ്‍ഗ്രസ്സിനും കഴിയുമോ? കഴിഞ്ഞ തവണ ബിജെപി തൂത്തുവാരിയതാണ് രാജസ്ഥാന്‍ (25/25), ഗുജറാത്ത് (26/26), മധ്യപ്രദേശ്(28/29), ഛത്തീസ്ഗഡ് (9/11), ദില്ലി (7/7), ഹിമാചല്‍ പ്രദേശ് (4/4), ഝാര്‍ഖണ്ഡ് (11/12), ഉത്തരാഖണ്ഡ് (5/5). കോണ്‍ഗ്രസ്സാണിവിടെ ബിജെപിയുടെ പ്രധാന എതിരാളി. മഹാരാഷ്ട്രത്തിലും (48സീറ്റുകള്‍), ബീഹാറിലും (40 സീറ്റുകള്‍) പ്രതിപക്ഷം ഇത്തവണ ശക്തമാണ്. എങ്കിലും കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവില്‍ കൂടി മാത്രമേ പ്രതിപക്ഷത്തിന് മോദിയെ പരാജയപ്പെടുത്താന്‍ സാധിക്കൂ. കോണ്‍ഗ്രസ്സിന് വിലക്കയറ്റവും തൊഴിലില്ലായ്മയും സര്‍വ്വോപരി സമൂഹത്തില്‍ ഉടനീളമുള്ള അരക്ഷിതാവസ്ഥയും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാക്കാന്‍ സാധിക്കുമോ? രാഹുല്‍ഗാന്ധി അവതരിപ്പിക്കുന്ന സ്‌നേഹത്തിന്റെ, അനുകമ്പയുടെ രാഷ്ട്രീയം പാര്‍ട്ടിയുടെ രാഷ്ട്രീയമായി ജനത കാണുമോ?

നാല്, പ്രതിപക്ഷ ഐക്യം വെറും നിലനില്‍പ്പിനുവേണ്ടി മാത്രമുള്ള അഴിമതിക്കാരുടെ കൂട്ടം എന്ന് മോദി. കചഉകഅ എന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഇന്ത്യ എന്നും പ്രധാനമന്ത്രി. INDIA ഒരു സീറ്റ്-വിഭജന പ്ലാറ്റ്‌ഫോമിനപ്പുറത്തേക്ക് ഒരു ആശയമായി ജനസമക്ഷം അവതരിച്ചാല്‍ മാത്രമേ മോദിക്ക് ബദല്‍ ആവുകയുള്ളൂ. താന്‍ പുതിയ ഇന്ത്യയെ aspirational, Hindu ഇന്ത്യ-പ്രതിനിധീകരിക്കുമ്പോള്‍ പ്രതിപക്ഷം പരാജയപ്പെട്ട ഒരു രാഷ്ട്രീയത്തിന്റെ ഖമണ്ഡിയ (ധിക്കാരികള്‍)കള്‍ മാത്രമാണെന്ന് മോദി. രാമക്ഷേത്രം, ഗുഢ്ഗാവ്, ഗോരക്ഷകര്‍, മുസ്‌ലിംവിരുദ്ധത, പിഎഫ്‌ഐ, അഴിമതി എന്നിങ്ങനെ നീളുന്നു ഭരണപക്ഷത്തിന്റെ ആയുധങ്ങള്‍. ഇവയുടെ മറുപടി കണക്കിലല്ല കാര്യത്തിലാണ്. എന്താണ് തങ്ങള്‍ എന്ന് ആത്മവിശ്വാസത്തോടെ വിശ്വാസ്യതയോടെ പറയാന്‍ ഒരു രാഷ്ട്രീയം കചഉകഅ യുടെ കൈവശം ഉണ്ടാവണം. ഭാരത് ജോഡോ ഒരു തുടക്കമായിരുന്നു. INDIA ഭാഷയില്‍ ഒരു തിണ്ണമിടുക്കിനപ്പുറം പോകണമെങ്കില്‍ അത് വ്യക്തതയോടെ രാഷ്ട്രീയം പറഞ്ഞുതുടങ്ങണം. വരും ദിവസങ്ങള്‍ രണ്ട് മുന്നണികളുടെ, രണ്ട് ആശയങ്ങളുടെ സംവാദത്തിന്റേതായാല്‍ നന്ന്.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply