ഇന്ത്യയെന്നൊരു കടലാസുപൂവ്

യഹ് കൂചെ, യഹ് നീലാം ഘര്‍ ദില്‍കഷീ കെ/യഹ് ലുട്‌തെ ഹുവെ കാര്‍വാന്‍ സിന്ദഗി കെ/കഹാം ഹെ കഹാംഹെ മുഹാഫിസ് ഘുദീ കെ/ജിന്‌ഹേ നാസ് ഹെ ഹിന്ദ് പര്‍ വോ കഹാം ഹെ

(വില്‍പ്പനയ്‌ക്കൊരുങ്ങി നില്‍ക്കുന്ന ഈ തെരുവുകള്‍ വീടുകള്‍ അപഹരിക്കപ്പെട്ട ജീവിതത്തിന്റെ സാര്‍ത്ഥവാഹകസംഘങ്ങള്‍/കാണുന്നില്ലേ! ഹിന്ദുസ്ഥാന്റെ പേരില്‍ അഭിമാനം കൊണ്ടിരുന്നവര്‍, എവിടെ അവരൊക്കെ എവിടെ?)

സഹീര്‍ ലുധ്യാന്‍വിയുടെ ഈ വരികള്‍ക്ക് ആറുപതിറ്റാണ്ടില്‍പ്പരം പഴക്കമുണ്ട്. മുഹമ്മദ് റാഫി ഗുരുദത്തിന് വേണ്ടി ഈ വരികള്‍ പാടിയത് പ്യാസയിലാണ്. 1957 ലാണ് പ്യാസ റിലീസ് ചെയ്തത്. സ്വാതന്ത്ര്യത്തിന് പത്ത് വയസ്സ് ആയപ്പോള്‍ തന്നെ സഹീറിന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിരുന്നു. അപഹരിക്കപ്പെട്ട സ്വപ്‌നങ്ങളുടെ കഥ പറഞ്ഞ ‘പ്യാസ’ നെഹ്‌റുവിയന്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആദ്യ സിനിമകളില്‍ ഒന്നായിരുന്നു. ജിന്‌ഹേ നാസ് ഹെ ഹിന്ദ്പര്‍, വോ കഹാം ഹെ എന്ന വരിയില്‍ സഹീര്‍ തിരക്കിയത് നെഹ്‌റുവിനെയാണെന്നും സിനിമ കണ്ട നെഹ്‌റു കരഞ്ഞുവെന്നും കഥയുണ്ട്. സ്വപ്‌നം നഷ്ടപ്പെട്ട് പരാജിതരായാണ് നെഹ്‌റുവും ഗുരുദത്തും സഹീറും മരിച്ചത്. സ്വപ്‌നജീവികള്‍ ആയിരുന്നതുകൊണ്ടാണ് നെഹ്‌റുവും ഗുരുദത്തും സഹീറും ഒക്കെ ഇന്നും ഓര്‍മ്മിക്കപ്പെടുന്നത്. സ്വപ്‌നം കണ്ട് സമയം കളയരുത് എന്ന് തന്റെ മന്‍ കീ ബാത് (മനസ്സില്‍ തോന്നിയത്) കുട്ടികളോട് ഉപദേശിക്കുന്ന ഒരു പ്രധാനമന്ത്രി ഹിന്ദുസ്ഥാനിനുണ്ടാകുമെന്ന് സ്വപ്‌നത്തില്‍പോലും അവര്‍ ഭയപ്പെട്ടിരുന്നിരിക്കില്ല. ഹിന്ദിന്റെ ഇപ്പോഴത്തെ ഭരണാധികാരികള്‍ ജീവിക്കുന്നത് സ്വപ്‌നങ്ങളിലല്ല മറിച്ച് നുണകളിലാണ്. ദില്ലിയില്‍-ഇന്ത്യയിലെമ്പാടും-മഹാമാരി മരണനൃത്തം ചവിട്ടിയ ഈ മെയ്മാസക്കാലത്തും പെരും നുണകള്‍കൊണ്ട് നെയ്ത ശവക്കച്ച യാഥാര്‍ഥ്യത്തിനുമേല്‍ അണിയിക്കാനാണ് ഭരണാധികാരികള്‍ മുതിര്‍ന്നത്.

കുംഭമേളയ്ക്കും തിരഞ്ഞെടുപ്പ് മഹോത്സവങ്ങള്‍ക്കും ശേഷം മഹാമാരി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വന്നപ്പോള്‍ ഭരണകൂടം പിന്‍വാങ്ങി. തലസ്ഥാനനഗരിയില്‍ മഹാനഗരത്തില്‍ മരണം വീടുകള്‍തോറും ഫ്‌ളാറ്റുകള്‍ തോറും കയറിയിറങ്ങിയപ്പോള്‍ ഭരണാധികാരികള്‍ എവിടെയോ ഒളിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ദില്ലിയില്‍ മാത്രം ഏപ്രില്‍-മെയ് മാസക്കാലത്ത് പതിമൂവായിരത്തില്‍പ്പരം ആളുകള്‍ കോവിഡ് മൂലം മരിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതേ കാലയളവില്‍ മുപ്പത്തിനാലായിരത്തില്‍പ്പരം മരണസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തില്‍ ഇതേ കാലയളവില്‍ നഗരത്തില്‍ മരണമടഞ്ഞത് (മരണസര്‍ട്ടിഫിക്കറ്റുകളുടെ കണക്ക് പ്രകാരം) പതിനായിരത്തില്‍ താഴെപ്പേര്‍ മാത്രമാണ്. അതായത്, ഇരുപതിനായിരം പേരെങ്കിലും കോവിഡ് മൂലം ദില്ലിയില്‍ ഏപ്രില്‍-മെയ് മാസക്കാലത്ത് മരിച്ചിട്ടുണ്ട് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയിലെ പരസ് സിംഗിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. ഏതാണ്ട് എല്ലാ മരണവും അടയാളപ്പെടുത്താന്‍ സന്നാഹങ്ങളുള്ള തലസ്ഥാന നഗരിയില്‍ മരണത്തിന്റെ ഇത്രയേറെ അണ്ടര്‍ റിപ്പോര്‍ട്ടിങ്ങ് നടക്കുന്നുണ്ടെങ്കില്‍ ഉത്തര്‍പ്രദേശിലും ഗുജറാത്തിലേയുമൊക്കെ അവസ്ഥ എന്തെന്ന് ഊഹിക്കാവുന്നതാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ കോവിഡ് മരണസംഖ്യ സര്‍ക്കാര്‍ കണക്കിലെ മൂന്നരലക്ഷത്തേക്കാള്‍ രണ്ടിരട്ടിയെങ്കിലും (ഏറ്റവും കുറഞ്ഞ കണക്കുപ്രകാരം) ആണെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്. തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ നടത്തുന്ന ഇഢീലേൃ ന്റെ യശ്വന്ത് ദേശ്മുഖ് എഴുതിയത് അവരുടെ കണക്കുകള്‍പ്രകാരം ഇന്ത്യയില്‍ പതിനെട്ട് ലക്ഷം പേരെങ്കിലും കോവിഡ് മൂലം ഇതിനകം മരിച്ചിട്ടുണ്ടാകുമെന്നാണ്.

കോവിഡ് നിയന്ത്രണാധീനമാണ് എന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഉത്തര്‍പ്രദേശില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി എന്ന് ലോകം തിരിച്ചറിഞ്ഞത് ഗംഗയിലും യമുനയിലും നൂറുകണക്കിന് ശവങ്ങള്‍ പൊന്തിത്തുടങ്ങിയപ്പോഴാണ്. ഗംഗയില്‍ ശവാഹുതി ജ്യേഷ്ഠമാസക്കാലത്ത് സാധാരണമാണ് എന്നൊക്കെ തുടക്കത്തില്‍ വിശദീകരണമുണ്ടായി. ഹമീര്‍പൂരിലും അലഹബാദിലെ പ്രയാഗയിലുമൊക്കെ നദീതീരങ്ങളില്‍ ശവങ്ങള്‍ അടിഞ്ഞു തുടങ്ങിയതോടെ ജനം പരിഭ്രാന്തരായി. ജീവദായിനിയാണ് ഗംഗ എന്നാണല്ലോ സങ്കല്പം. എല്ലാവരാലും എല്ലാറ്റിനാലും തിരസ്‌ക്കരിക്കപ്പെട്ടവരുടെ അവസാനത്തെ അഭയസ്ഥാനമാണ് ഗംഗാമാതാവെന്ന് ഗംഗാലഹരിയില്‍ ജഗന്നാഥ പണ്ഡിതന്‍ എഴുതിയിട്ടുണ്ട്. തീര്‍ത്ഥസ്ഥലിയാണ് ഗംഗ. ഗംഗയിലെ ഓരോ തിരയും തീര്‍ത്ഥമാണെന്നും പറയാറുണ്ട്. എല്ലാ തീര്‍ത്ഥങ്ങളുടെയും ഉറവിടവും അന്തസത്തയും ഗംഗയാണെന്നും ജീവന്റെ സ്രോതസ്സായ ജലത്തിന്റെ തന്നെ പ്രതിരൂപമാണ് ഗംഗ എന്നും വിശ്വാസമുണ്ട്. അതില്‍ അനാഥശവങ്ങള്‍ നിറയുമ്പോള്‍ ജനം ഭയചകിതരാവുന്നു. ഒരു നുണയാലും മറച്ചുപിടിക്കാനാവാത്ത സത്യം മാത്രമായിരുന്നു ഗംഗയില്‍ നാം കണ്ട ശവപ്രവാഹം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മഹാമാരിയുടെ താണ്ഡവനൃത്തം മൂലം പലയിടത്തും വിറകിന് ക്ഷാമമുണ്ടായത്രേ. ദില്ലിയില്‍ ശ്മശാനങ്ങള്‍ ഒരു സമയത്ത് നിറഞ്ഞുകവിഞ്ഞിരുന്നു. പാര്‍ക്കിലും പാതയോരത്തും ചിതകള്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കര്‍മ്മക്രിയാദികള്‍, ശരീരശുദ്ധി ഇവയൊന്നും സാധ്യമാകാത്ത ശവദാഹങ്ങളും മറവുകളും മരണപ്പെട്ടവരുടെ ഉറ്റവരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഉത്തര്‍പ്രദേശില്‍ സര്‍ക്കാരും മറ്റും ശ്രമിച്ചത് മരണമെന്ന യാഥാര്‍ത്ഥ്യത്തെ നിരാകരിക്കാനാണ്. ബിജെപിയുടെ തന്നെ ജനപ്രതിനിധികള്‍ പരസ്യമായി വിമര്‍ശനം ഉയര്‍ത്തിയപ്പോഴാണ് മഹാമാരിയുടെ പിടിയിലാണ് തന്റെ പ്രജകളും എന്ന് മുഖ്യമന്ത്രി ആദിത്യനാഥ് വിമ്മിഷ്ടത്തോടെയെങ്കിലും സമ്മതിച്ചത്. അതിനിടയില്‍ പരസ്യമായി ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചവരേയും നദികളിലെ, നദീതീരങ്ങളിലെ മറവു ചെയ്യാത്ത ശവശരീരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തവരേയും രാജ്യദ്രോഹത്തിന് ശിക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരുമ്പെടുകയുണ്ടായി.

ദില്ലിയിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. ഏപ്രില്‍ രണ്ടാം പകുതിയിലാണ് രോഗം നഗരത്തില്‍ പിടിമുറുക്കിയത്. ആശുപത്രികളില്‍ ഇടമില്ലാതായി എന്നു മാത്രമല്ല പ്രാണവായു നല്‍കാനുള്ള സംവിധാനങ്ങള്‍ പോലും മതിവരാതായി. മരുന്നിനും പ്രാണവായുവിനും കരിഞ്ചന്തയില്‍ വില പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് ആംബുലന്‍സ് വിളിച്ച എന്റെ സഹപ്രവര്‍ത്തകന് നല്‍കേണ്ടി വന്നത് പതിനായിരം രൂപ. ദില്ലിയില്‍ വീട്ടില്‍ ക്വാറന്റയിന്‍ ചെയ്തിരുന്ന സുഹൃത്തിന് വെന്റിലേറ്റര്‍ കൊച്ചിയില്‍ നിന്നു വരുത്തേണ്ടിവന്നു. നൂറുകണക്കിന് പേര്‍ മരിച്ചത് വെറും പ്രാഥമിക ശുശ്രൂഷ നല്‍കാനുള്ള സംവിധാനം ആശുപത്രികളില്‍ അസാധ്യമായതുകൊണ്ടുമാത്രമാണ്. മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും തയ്യാറെടുപ്പുകള്‍ എടുക്കാത്ത ഒരു ഭരണകൂടത്തിന്റെ ഇരകളായിരുന്നു ഏപ്രില്‍-മെയ് മാസക്കാലത്ത് കോവിഡ് മൂലം മരണപ്പെട്ടവരില്‍ ഏറെപ്പേരും. അതുകൊണ്ട് തന്നെ ഈ മരണങ്ങള്‍ പലതും അടയാളപ്പെടുത്തേണ്ടത് ഭരണകൂട കൊലപാതകങ്ങള്‍ ആയിട്ടാണ്.

ഇത്രയേറെ മരണങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നോ? മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞേനെ എന്നാണ് വിദഗ്ദ്ധ മതം. പ്രധാനമായി വേണ്ടിയിരുന്നത് വാക്‌സിനേഷന്‍ തന്നെയായിരുന്നു. വ്യാധിയെ തടഞ്ഞില്ലെങ്കിലും വ്യാധിയുടെ ആഘാതം കുറയ്ക്കാനെങ്കിലും അതിന് കഴിഞ്ഞിരുന്നു എന്ന് പലരുടേയും അനുഭവസാക്ഷ്യമുണ്ട്. എന്നാല്‍ ലോകത്തിന്റെ വാക്‌സിന്‍ തലസ്ഥാനം എന്ന കെട്ടുകഥയുമായി നെഞ്ചുവിരിച്ചു നടന്നവര്‍ സ്വന്തം ജനങ്ങള്‍ക്ക് വേണ്ടുന്ന വാക്‌സിനുകള്‍ തയ്യാറാക്കാനുള്ള ഓര്‍ഡറുകള്‍ നല്‍കിയിരുന്നില്ല. രണ്ട് കമ്പനികളില്‍ നിര്‍മ്മാണം പരിമിതപ്പെടുത്തിയതുമൂലം വേണ്ടത്ര നിര്‍മ്മാണം അസാധ്യവുമായി. അയല്‍പക്കത്തോ സുഹൃദ്‌രാജ്യങ്ങള്‍ക്കോ കച്ചവട ഉടമ്പി പ്രകാരം വാക്‌സിന്‍ നല്‍കിയതായിരുന്നില്ല പ്രശ്‌നം-അതിനൊപ്പം ഇന്ത്യക്കാരേയും ഉള്‍പ്പെടുത്തിയില്ല എന്നതു മാത്രമാണ് കുറ്റകരം. എന്നാല്‍ ഫെബ്രുവരിയില്‍ തന്നെ ഭരിക്കുന്ന പാര്‍ട്ടി തങ്ങളുടെ നേതാവ് കോവിഡിനെ കീഴ്‌പ്പെടുത്തിയ കഥ പ്രമേയം വഴി വിളംബരം ചെയ്തിരുന്നുവല്ലോ! അതേ നേതാവ്-ഇന്ത്യന്‍ പ്രധാനമന്ത്രി പദം കൈയ്യാളുന്നയാള്‍-ലോകസമക്ഷം ഇന്ത്യ മഹാമാരിയില്‍ നിന്നും ലോകത്തെ രക്ഷിക്കുന്ന കാര്യം ലോകരാഷ്ട്രത്തലവന്മാരുടെ മീറ്റിംഗില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇന്ത്യ വലിയ ആരോഗ്യ പ്രതിസന്ധി നേരിടുന്നു എന്ന് വിദേശപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ അവര്‍ പലരും സഹായഹസ്തവുമായി എത്തുകയും ചെയ്തു: ചെറിയ ആഫ്രിക്കന്‍ രാജ്യമായ കെനിയ വരെ സഹായം നല്‍കിയിരുന്നു. 12 ടണ്‍ കാപ്പിയും ചായപ്പൊടിയും കപ്പലണ്ടിയും വിശ്വഗുരുവാകാന്‍ ഒരുമ്പെട്ടിറങ്ങിയ രാജ്യത്തിന് കിട്ടിയ റിയാലിറ്റി ചെക്ക്!

കോവിഡിന്റെ രണ്ടാംതിര പിന്‍വാങ്ങി തുടങ്ങിയിരിക്കുന്നു എന്നാണ് കണക്കുകള്‍. മൂന്നാം തിരയ്ക്കും നമ്മള്‍ ഒരുങ്ങിയിരിക്കണം എന്ന് വിദഗ്ദ്ധാഭിപ്രായം. പ്രാണനുവേണ്ടി നട്ടംതിരിയുന്ന കാലത്ത് മറ്റൊന്നും നമ്മള്‍ തിരക്കിയിരുന്നില്ല. കഴിഞ്ഞ കൊല്ലത്തെ അനുഭവം കൊണ്ടാവണം നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ വളരെ നേരത്തെ തന്നെ ഗ്രാമങ്ങളിലേക്ക് മടങ്ങിയിരുന്നു. മനുഷ്യര്‍ പുറത്തിറങ്ങാത്തതുകൊണ്ട് പട്ടിണിയുടെ തോത് എന്തെന്ന് ഇന്നും നമുക്കറിയില്ല. സമ്പദ്ഘടന കൂപ്പുകുത്തിയത് നമുക്കറിയാം. ചില കണക്കുകള്‍ ഇങ്ങനെ:’സി.എം.ഐ.ഇ. എന്ന സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കുപ്രകാരം തൊഴിലില്ലായ്മ മെയ്മാസത്തില്‍ 14.5 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ 12.6 കോടി തൊഴിലുകള്‍ നഷ്ടപ്പെട്ടു എന്നാണ് കണക്കുകള്‍. തൊഴിലിടങ്ങളില്‍ തൊഴില്‍ സുരക്ഷ ഗണ്യമായി കുറഞ്ഞു-പുതിയ തൊഴിലുകള്‍ അരക്ഷിത തൊഴില്‍ മേഖലയിലാണ്. 97% ഇന്ത്യക്കാരുടേയും സാമ്പത്തികശേഷി മുമ്പത്തേക്കാളും മോശമായി. അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ ‘സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ റിപ്പോര്‍ട്ട് 2020’ പ്രകാരം 23 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യരേഖയ്ക്ക് താഴേക്കു വന്നിരിക്കുന്നു. സമ്പദ്ഘടനയാകട്ടെ ചുരുങ്ങിക്കൊണ്ടേയിരിക്കുകയാണ്. മഹാമാരിയില്‍ മരണപ്പെട്ടവരുടെ കണക്കുകള്‍ മാത്രമേ ഇപ്പോഴും ഓര്‍ത്തെടുക്കുന്നുള്ളൂ. അവരുടെ കുടുംബങ്ങളുടെ, അസുഖം വന്ന് രക്ഷപ്പെട്ടവരുടെ സാമ്പത്തികസ്ഥിതി എന്തെന്ന കാര്യം ആര്‍ക്കുമറിയില്ല. ദില്ലിയില്‍ ഞങ്ങള്‍ വാക്‌സിനേഷന്‍ എടുത്ത സ്വകാര്യ ആശുപത്രിയില്‍ – മധ്യവര്‍ഗ്ഗത്തിനും താഴെയുള്ളവര്‍ സമീപിക്കുന്ന ആശുപത്രിയാണ് – ഒരു ദിവസത്തേക്കുള്ള കോവിഡ് ചികിത്സാ പാക്കേജ് മുപ്പത്തിയയ്യായിരം രൂപ(35,000)ആയിരുന്നു. ലാബ് ടെസ്റ്റുകള്‍ക്കും എക്‌സ്‌റേ മുതലായവയ്ക്കും വേറെ. ശവസംസ്‌കാരത്തിനും മറവിനും എന്തിന് ക്രിയാപരിപാടികള്‍ക്കുമുള്ള ചിലവുകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരുന്നു ഏപ്രില്‍-മെയ് മാസക്കാലത്ത്. ആവശ്യത്തിനും അനാവശ്യത്തിനും ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ചില താടിക്കാര്‍ അപ്രത്യക്ഷരാകുകയും ഇതിനിടയില്‍ എപ്പഴോ ദില്ലിയുടെ സംസ്ഥാനപദവി ഏതാണ്ട് റദ്ദാക്കപ്പെടുകയുമുണ്ടായി. തലസ്ഥാന നഗരവാസികള്‍ Withering away of state എന്താണെന്ന് കണ്‍മുന്നില്‍ തന്നെ കണ്ടു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതുകൊണ്ടാണ് ദില്ലി ഹൈക്കോടതിയും സുപ്രീംകോടതിയും നിങ്ങള്‍ മണലില്‍ തലപൂഴ്ത്തിയിരിക്കുകയാണോ എന്ന് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. കേന്ദ്രത്തിന്റെ തുഗ്ലക്കിയന്‍ വാക്‌സിന്‍ നയത്തെ നിരന്തരമായി കുടഞ്ഞുകൊണ്ടിരിക്കുന്നത്. പല വാക്‌സിനുകള്‍ക്ക് പല ഇടങ്ങളില്‍ പല ആശുപത്രികളില്‍ പല വില എന്ന വിചിത്രമായ ഈ പോളിസി തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരേയും തയ്യാറായിട്ടില്ല. ഇതിനൊക്കെ ഇടയിലാണ് പോസിറ്റീവ് ആയി ചിന്തിക്കാന്‍ സംഘപരിവാര്‍ ചിന്താശിബിരം തുടങ്ങിയത്. പരിവാരങ്ങള്‍ അപകടം മണത്തിരിക്കുന്നുവെന്ന് ചുരുക്കം. ബുദ്ധന്റെ കഥയിലെന്നപോലെ മരണമെത്താത്ത വീടില്ലെന്ന് പ്രവര്‍ത്തകര്‍ മനസ്സിലാക്കിയിരിക്കുന്നു. കടുകുമണി വറുക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവരുമെന്ന തിരിച്ചറിവാണ് പ്രതീക്ഷയെപ്പറ്റി സംസാരിക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുന്നത്. ആരാധകര്‍ക്ക്, ജനതയ്ക്കു തന്നെ തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഭയം പ്രധാനമന്ത്രിയേയും തീണ്ടിയിട്ടുണ്ടാവണം!

വിശ്വാസം, അതാണ് എല്ലാമെന്ന് നരേന്ദ്രമോദിയുടെ ജനസമ്മതിയെ മുന്‍നിര്‍ത്തിയുള്ള ഒരു പഠനത്തില്‍ അശോക യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്‍ നീലാഞ്ജന്‍ സര്‍ക്കാര്‍ എഴുതുകയുണ്ടായി. The Politics of Viswas വിശ്വാസത്തിന്റെ രാഷ്ട്രീയം-എന്നാണ് സര്‍ക്കാര്‍ 2019 ലെ മോദിയുടെ പൊതുതിരഞ്ഞെടുപ്പ് വിജയത്തെ വിശകലനം ചെയ്തുകൊണ്ട് എത്തിച്ചേര്‍ന്ന നിഗമനം. എന്താണീ വിശ്വാസത്തിന്റെ രാഷ്ട്രീയം?

നീലാഞ്ജന്‍ സര്‍ക്കാര്‍ (Neelanjan Sirkar) ഇങ്ങനെ എഴുതുന്നു: A form of personal politics in which voters prefer to centralise political power in a strong leader and trust the leader to make good decisions for the polity in contrast to the standard models of democratic accountability and issue based politics. അധികാരത്തെ ശക്തനായ ഒരു നേതാവില്‍ കേന്ദ്രീകരിക്കുകയും അയാളെ തങ്ങളുടെ നന്മയ്ക്കുതകുന്ന തീരുമാനങ്ങള്‍ മാത്രം എടുക്കുന്ന ഒരാളായി വിശ്വസിക്കുകയും ചെയ്യാന്‍ ജനം തയ്യാറാവുന്ന ഒരവസ്ഥയെക്കുറിച്ചാണ് തന്റെ പ്രബന്ധത്തില്‍ നീലാഞ്ജന്‍ സര്‍ക്കാര്‍ എഴുതിയത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സാധാരണ നടത്തപ്പെടുന്ന വിലയിരുത്തലുകള്‍ ഭരണവിഷയങ്ങളെ മുന്‍നിര്‍ത്തിയും ജനാധിപത്യ മാനദണ്ഡങ്ങള്‍-പൗരനീതി, തുടങ്ങിയ-പരിശോധിച്ചുകൊണ്ടുമാണ്. ഗരീബി ഹഠാവോ എന്ന് ഇന്ദിരാഗാന്ധി പറഞ്ഞപ്പോള്‍ ജനം അവരില്‍ സമ്പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചു. അതിന് കണക്കുകളുടെ അടിസ്ഥാനം ഒന്നുമുണ്ടായിരുന്നില്ല.

മോദിയുടെ ‘വിശ്വാസ രാഷ്ട്രീയത്തിന്’ രണ്ട് കാരണങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തുന്നുണ്ട്. ഒന്ന്, യൂണിറ്ററി ഹിന്ദു ദേശീയതയില്‍ വിശ്വസിക്കുന്നവരും ബഹുസ്വരതയില്‍ വിശ്വസിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുകമൂലം ഹിന്ദുസ്വത്വവാദികള്‍ അധികാര കേന്ദ്രീകരണത്തിന് ഫെഡറലിസത്തിന്റെ എതിര്‍പക്ഷത്തുനിന്നുകൊണ്ട് പിന്തുണ നല്‍കുന്ന അവസ്ഥ ഉണ്ടാകുന്നു; രണ്ട്, ബിജെപിയ്ക്ക് ലഭ്യമായിരിക്കുന്ന മാധ്യമ-കമ്മ്യൂണിക്കേഷന്‍ സ്രോതസ്സുകള്‍ക്കുമേലുള്ള നിയന്ത്രണം ശക്തമായ പാര്‍ട്ടി മെഷിനറിയുടെ സഹായത്തോടെ വോട്ടര്‍മാരെ സംഘടിപ്പിക്കാനും മോദിയുടെ സന്ദേശങ്ങള്‍ അവരില്‍ എത്തിക്കാനും അവരെ അതിലേക്ക് ആകര്‍ഷിക്കുവാനും സഹായിക്കുന്നു. (ഈ വിശകലനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ അധികാരകേന്ദ്രീകരണം നടത്തുന്ന പല നേതാക്കളുടേയും തിരഞ്ഞെടുപ്പ് സമ്മിതി മനസ്സിലാക്കുവാന്‍ നമ്മെ സഹായിച്ചേക്കാം.) തന്റെ പ്രബന്ധത്തില്‍ സര്‍ക്കാര്‍ നല്‍കിയ രണ്ട് കണക്കുകള്‍ ശ്രദ്ധേയമാണ്: 1994-98 കാലയളവില്‍ 44% പേര്‍ ശക്തനായ നേതാവില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നുവെങ്കില്‍ 2010-14 കാലയളവില്‍ അത് 56% ആയി വര്‍ദ്ധിച്ചിരുന്നു.

വിശ്വാസത്തിന്റെ രാഷ്ട്രീയം ശക്തനായ നേതാവിന്റെ നിത്യസാന്നിധ്യം ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല അയാള്‍ കരുതലിന്റെ, പ്രതീക്ഷയുടെ പ്രവാചകനും ആവേണ്ടതുണ്ട്. ജനത-അനുയായികള്‍ എങ്കിലും-അപ്പോള്‍ നേതാവിനെ മുഖവിലയ്ക്ക് എടുക്കും. ലോകമെമ്പാടും താന്‍ ആദരിക്കപ്പെടുന്നുവെന്നും താന്‍ മൂലം ഇന്ത്യയും ആദരിക്കപ്പെടുന്നുവെന്നും മോദി വിളംബരം ചെയ്യുമ്പോള്‍ അനുയായികള്‍ അത് വിശ്വസിക്കുന്നുണ്ട്. എഴുപത് വര്‍ഷത്തില്‍ ആരും ചെയ്യാത്തതാണ് താന്‍ ചെയ്യുന്നതെന്ന് മോദി പറയുമ്പോള്‍ അവര്‍ കൈയ്യടിക്കുന്നുണ്ട്. ശരിയായാലെന്താ തെറ്റായാലെന്താ അദ്ദേഹം അതിവേഗം തീരുമാനങ്ങള്‍ എടുക്കുന്നുണ്ടല്ലോ എന്ന് ന്യായീകരണം പലരും നല്‍കാറുണ്ട്. കോവിഡിനെ താന്‍ പരാജയപ്പെടുത്തി എന്ന് മോദി പറഞ്ഞപ്പോള്‍ ഒരു വര്‍ഷം മുമ്പ് അനുസരണയോടെ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുകയോ തൊഴിലുപേക്ഷിച്ച് മിണ്ടാതെ ആവലാതിപ്പെടാതെ ഗ്രാമങ്ങളിലേക്ക് മടങ്ങുകയോ ചെയ്ത മനുഷ്യര്‍ അത് വിശ്വസിച്ചു. മുഖാവരണവും സാമൂഹ്യ അകലവും കാറ്റില്‍ പറത്തി അവര്‍ ബംഗാള്‍ പിടിച്ചടക്കാന്‍ ആക്രമണം ഒരുക്കൂട്ടിയ പ്രധാനമന്ത്രിക്കും ഗൃഹമന്ത്രിക്കും ചെവികൊടുത്തു. ആയിരക്കണക്കിന് പേര്‍ കോവിഡ് മൂലം മരണമടഞ്ഞ ഗുജറാത്തില്‍ വച്ചാണ് മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കോവിഡിന്റെ രണ്ടാം വരവിനേയും കീഴ്‌പ്പെടുത്തി എന്ന് ഗൃഹമന്ത്രി അമിത്ഷാ പറഞ്ഞത്. വിശ്വാസ രാഷ്ട്രീയത്തിന്റെ പരിമിതിസീമകള്‍ ഇവിടെ പരീക്ഷിക്കപ്പെടുകയാണ്.

ഭക്തര്‍ നോട്ടുബന്ദിയെ വിശ്വസിച്ചു, ബാലാക്കോട്ടിനെ വിശ്വസിച്ചു, റഫേല്‍ വിമാനത്തെ വിശ്വസിച്ചു, കാശ്മീരിലെ അതിക്രമങ്ങളുടെ ന്യായീകരണങ്ങളെ വിശ്വസിച്ചു, പൗരത്വനിയമഭേദഗതിയെ വിശ്വസിച്ചു, സാമ്പത്തിക ആരോഗ്യത്തെക്കുറിച്ചുള്ള വിളംബരങ്ങള്‍ വിശ്വസിച്ചു, വിശ്വഗുരുവിനെക്കുറിച്ചുള്ള കെട്ടുകഥകള്‍ വിശ്വസിച്ചു. കോവിഡിന്റെ കഥ വ്യത്യസ്തമാണ്. കോവിഡിന്റെ ശമ്പളം മരണമാണ്. ആ യാഥാര്‍ത്ഥ്യത്തെ നിരാകരിക്കാനാണ് ഷാ ആവശ്യപ്പെടുന്നത്, മോദി ആവശ്യപ്പെടുന്നത്, ആദിത്യനാഥ് ആവശ്യപ്പെടുന്നത്, ബിജെപി നേതൃത്വം ആവശ്യപ്പെടുന്നത്. ഉദ്ധവ് താക്കറേയും പിണറായി വിജയനും ഹെമന്ത് സോറനും അരവിന്ദ് കേജ്‌റിവാളുമൊന്നും അത് ചെയ്യുന്നില്ല. ജനത നേരിട്ട ദുരന്തത്തെ അംഗീകരിച്ചുകൊണ്ട് പരിഹാരങ്ങള്‍ തേടുകയാണവര്‍.

വിശ്വാസത്തിനപ്പുറം നിലകൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. പ്രതീക്ഷയറ്റ ഒരു ജനതയുടെ സാന്നിധ്യം. ഒരു തലമുറയിലെ ഏറ്റവും മികച്ച ചെറുപ്പക്കാരെ ഭരണകൂടം ജയിലിലടച്ചിരിക്കുകയാണ്. മറുവശത്ത് തൊഴിലുകള്‍ ഇല്ലാതാവുന്നു. സര്‍വ്വകലാശാലകള്‍ കാറ്റും വെളിച്ചവുമെത്താത്ത അടഞ്ഞ മുറികളാവുന്നു. Mood of Nation സര്‍വ്വേകള്‍ നടത്താറുള്ള സി-വോട്ടര്‍ എന്ന ഏജന്‍സിയുടെ അധിപന്‍ യശ്വവന്ത് ദേശ്മുഖ് അടുത്തിടെ എഴുതുകയുണ്ടായി: തന്റെ സര്‍വ്വേകള്‍ ചൂണ്ടിക്കാണിക്കുന്നത് 80% പേര്‍ പറയുന്നത് ഭാവിയെക്കുറിച്ച് അവര്‍ക്ക് ഒരു പ്രതീക്ഷയും ഇല്ല എന്ന്. യുദ്ധങ്ങളും വരള്‍ച്ചയും തൊഴിലില്ലായ്മയും കൊടുമ്പിരിക്കൊണ്ട 1960 കളിലോ മറ്റോ ആയിരിക്കണം ഇതിനുമുമ്പ് ഇത്തരമൊരു പ്രതീക്ഷാനഷ്ടത്തിന്റെ അന്തരീക്ഷം ഇന്ത്യയില്‍ രൂപപ്പെട്ടിട്ടുള്ളത്. ദേശ്മുഖ് മറ്റൊരു കാര്യം കൂടി പറയുകയുണ്ടായി. ഏഴു വര്‍ഷത്തില്‍ ആദ്യമായി മോദിയുടെ ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയവരുടെ എണ്ണം തൃപ്തി രേഖപ്പെടുത്തിയവരേക്കാള്‍ കൂടുതലായിരിക്കുന്നു. അതെന്തായാലും പ്രതീക്ഷാഭരിതമല്ലാത്ത ഒരു ഭാവിയിലേക്ക് നീങ്ങുന്നു ജനത എന്നതിന്റെ ഒരുപാട് കഥകള്‍ കേള്‍ക്കാനുണ്ട്. മധ്യവര്‍ഗ്ഗം ഏതെങ്കിലും വിധത്തില്‍ കുടുംബത്തോടൊപ്പം വിദേശത്തു കുടിയേറാനോ കുട്ടികളെ അയക്കാനോ തയ്യാറെടുക്കുന്നതിന്റെ കഥകള്‍ ഇപ്പോള്‍ ധാരാളം കേള്‍ക്കാനുണ്ട്. ഏതുവിധേനയും രാജ്യം വിടുക എന്നതിപ്പോള്‍ ഒരു ആഗ്രഹം എന്നതിനേക്കാള്‍ ആവശ്യമായി പലരും കണ്ടുതുടങ്ങിയിരിക്കുന്നു.

കോവിഡിന്റെ ആഘാതം ഏറെ ഏറ്റത് മധ്യവര്‍ഗ്ഗത്തിന്‍മേലാണ്. എല്ലാക്കാലത്തും വടക്കേയിന്ത്യയില്‍ പലയിടത്തും ആരോഗ്യസംവിധാനം പരിതാപകരം തന്നെയായിരുന്നു. എന്നാല്‍ പണവും സാമൂഹ്യാധികാരവും പൊതുസംവിധാനങ്ങളില്‍നിന്നും മെച്ചപ്പെട്ട ആതുരശുശ്രൂഷ ലഭിക്കാനും പ്രൈവറ്റ് സംവിധാനങ്ങളില്‍ നിന്നും പരിരക്ഷ ആവശ്യപ്പെടാനും മധ്യവര്‍ഗ്ഗത്തെ സഹായിച്ചിരുന്നു. ഏപ്രില്‍-മെയ് മാസക്കാലത്ത് ചത്തടിഞ്ഞത് ആ വിശ്വാസമാണ്. പ്രാണവായു കിട്ടാഞ്ഞ് ഒരു മുന്‍ അംബാസിഡര്‍ ആശുപത്രിയുടെ പാര്‍ക്കിംഗ് ഇടത്തുവെച്ച് മരണപ്പെടുമ്പോള്‍ ഒരു വര്‍ഗ്ഗത്തിന്റെ ആത്മവിശ്വാസം കൂടിയാണ് കെട്ടുപോയത്. ഒരുപാട് പേര്‍ക്ക് ഇന്ന് ഇന്ത്യ സ്വപ്‌നങ്ങളുടെ ശവപ്പറമ്പുമാത്രമാണ്.

സഹീര്‍ ലുധ്യാന്‍വിയുടെ കവിതയിലേക്ക് മടങ്ങിവരാം.സരാ മുള്‍ക്ക് കെ റഹ്ബരേ കോ ബുലാവോ/യഹ് കുച്ഛേ, യഹ് ഗലിയാം, യഹ് മസാര്‍ ദിഘാവോ/ ജിന്‌ഹേ നാസ് ഹെ ഹിന്ദ് പര്‍ ഉന്‍കോ ലാവോ (ആരെങ്കിലും ഈ സമൂഹത്തിന്റെ കാവലാളുകളെ വിളിച്ച് ഈ തെരുവുകള്‍, ശവകുടീരങ്ങള്‍ കാട്ടിക്കൊടുക്കുക/വിളിച്ചുവരുത്തുക, ഹിന്ദുസ്ഥാനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരെ കൂട്ടിക്കൊണ്ടുവരിക.)

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply