ഇന്ത്യ @ 75 : ഭരണഘടന വിഭാവനം ചെയ്ത വാഗ്ദത്തഭൂമിയല്ല ഇന്ന് ഇന്ത്യ
ഭരണകൂടത്തോട് ചോദ്യം ചോദിക്കാനുള്ള ജനാധിപത്യത്തിലെ മൗലികാവകാശത്തെ രാജ്യദ്രോഹം ആയി വ്യാഖ്യാനിക്കാനും അതിന്മേല്‍ നടപടി കൈക്കൊള്ളാനും രാഷ്ട്രീയസംവിധാനം ഇന്ന് തയ്യാറാണ്. ഈ വിചാരത്തിന് പൊതുസമൂഹത്തില്‍ വേരോട്ടം ലഭിച്ചിട്ടുള്ളതുകൊണ്ടും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ വഴി അതിന്റെ പ്രയോക്താക്കള്‍ക്ക് ജനസമ്മതി കൈവന്നിട്ടുള്ളതുകൊണ്ടും എതിര്‍ക്കാന്‍ നിയമസംവിധാനം പോലും ഭയക്കുന്നു. പൗരാവകാശ ഭേദഗതിക്കെതിരെ സമരം ചെയ്തവരെ തുറുങ്കിലടച്ച രീതിയിലും ദില്ലി കലാപത്തിലെ പോലീസ് ഇടപെടലിലുമൊക്കെ നമുക്ക് രാജ്യദ്രോഹ രാഷ്ട്രീയത്തിന്റെ സ്വാധീനം കാണാവുന്നതാണ്. ഏതുതരം വിയോജിപ്പിനേയും രാജ്യദ്രോഹമായി വ്യാഖ്യാനിച്ചുകൊണ്ട് അടിച്ചമര്‍ത്തുന്ന ഒരു ഭരണകൂടത്തിന്റെ ആധിപത്യമാണ് ഇന്ത്യ ജനാധിപത്യമല്ലാതായിരിക്കുന്നു എന്ന വിമര്‍ശനത്തിന് പുറകിലുള്ളത്.
ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന് എഴുപത്തിയഞ്ച് വയസ്സാകുന്നു. ദേശരാഷ്ട്രമെന്ന ആശയത്തിന് നാലു നൂറ്റാണ്ടിന്റെ (1648) ആയുസ്സ് മാത്രമേയുള്ളു. അപ്പോള്‍ 75 ന്റെ ചെറുപ്പത്തിലേക്ക് കടക്കുകയാണ് ഇന്ത്യ എന്നു പറയാം. അമൂര്‍ത്തമായ ഒരു സിവിലൈസേഷണല്‍ സങ്കല്പമായി അതിനും ഒരുപാട് നൂറ്റാണ്ടുകള്‍ മുമ്പ് ഇന്ത്യ നിലവില്‍ വന്നു എന്നു ചില ചരിത്രകാരന്മാര്‍ പറയാറുമുണ്ട്. അതുകൊണ്ടും കൂടിയാണ് 1947 ഓഗസ്റ്റ് 15 ന് നടന്നത് ഒരു അധികാരകൈമാറ്റം മാത്രമാണ് എന്ന് ചിലര്‍ വാദിക്കാറുള്ളത്. അതെന്തായാലും 75 കൊല്ലം മുമ്പ് ബ്രിട്ടീഷ് പ്രജാത്വത്തില്‍ നിന്നും ഇന്ത്യന്‍ പൗരത്വത്തിലേക്ക് നമ്മള്‍ നീങ്ങി എന്നതില്‍ തര്‍ക്കമില്ല. ആ പരിവര്‍ത്തനത്തിനെയാണ് ‘സ്വാതന്ത്ര്യം’ എന്ന് നമ്മള്‍ വിളിച്ചുപോരുന്നത്.
അധികാരകൈമാറ്റം ലക്ഷ്യമിട്ടു നടന്ന വലിയ സമരം സ്വാതന്ത്ര്യത്തെ വിശാലമായ അര്‍ത്ഥത്തിലാണ് കണ്ടത്. അതുകൊണ്ടാണ് നമ്മള്‍ ഇന്നുമതിനെ സ്വാതന്ത്ര്യസമരം എന്നു വിളിക്കുന്നത്. സ്വാതന്ത്ര്യം തന്നെ ജീവിതം, സ്വാതന്ത്ര്യം തന്നെ അമൃതം, പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം എന്ന് കുമാരനാശാന്‍ എഴുതുമ്പോള്‍ സ്വാതന്ത്ര്യം എന്ന ആശയത്തിന് കിട്ടുന്ന വലിയ ആകാശം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് മുമ്പുണ്ടായിരുന്ന വ്യവസ്ഥിതിയിലേക്ക് ഒരു തിരിച്ചുപോക്കായിരുന്നില്ല ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം വിഭാവന ചെയ്തത്. പുതിയൊരു രാഷ്ട്രത്തിന്റെ സൃഷ്ടിയാണ് അവര്‍ ലക്ഷ്യമിട്ടത്. വ്യക്തി എന്ന മൂലകവും വ്യക്തിസ്വാതന്ത്ര്യം എന്ന നവോത്ഥാന ആശയവും അടിസ്ഥാനപ്പെടുത്തിയാണ് സ്വതന്ത്ര ഇന്ത്യയെ അവര്‍ വിഭാവന ചെയ്തത്. മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യവും വഴി നടക്കാനുള്ള സ്വാതന്ത്ര്യവും ഭരണാധികാരിയെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഭയമേതുമില്ലാതെ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് ഉറക്കെ ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും ആരാധനാലയങ്ങളില്‍ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യവും തൊഴിലുകള്‍ തിരഞ്ഞെടുക്കാനും തിരസ്‌ക്കരിക്കാനും സ്വന്തം സ്വകാര്യതയും വ്യക്തിത്വവും തന്റേതായ രീതിയില്‍ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യവും കൂടി ചേര്‍ന്നതാണ് 1947 ഓഗസ്റ്റ് 15 നമുക്ക് വാഗ്ദാനം ചെയ്ത സ്വാതന്ത്ര്യം. വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ കൂടി രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം പൗര(ന്റെ) സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതു വഴി സ്വതന്ത്ര സമൂഹസൃഷ്ടി എന്ന ഉയര്‍ന്ന ജനാധിപത്യ വികാരമാണ് ഇന്ത്യയെ ദേശരാഷ്ട്രം 75 കൊല്ലം മുമ്പോട്ട് വെച്ചത്. ഈ ആശയങ്ങളുടെ സാക്ഷാത്ക്കാരമായിരുന്നു ബാബാ സാഹബ് അംബേദ്കറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട ഭരണഘടന. വലിയ തര്‍ക്കവിചാരങ്ങള്‍ക്ക് ശേഷമാണ് അതിന്റെ ശില്പികള്‍ ജനസമക്ഷം ഭരണഘടന അവതരിപ്പിച്ചത്. ഭരണഘടനയുടെ 14 മുതല്‍ 21 വരെയുള്ള വകുപ്പുകള്‍ പൗരസ്വാതന്ത്ര്യത്തിന്റെ കാവലാളുകള്‍ ആയിട്ടാണ് സങ്കല്പിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ ഭരണഘടന വിഭാവനചെയ്ത വാഗ്ദത്ത ഭൂമിയല്ല ഇന്നത്തെ ഇന്ത്യ. ആശയവും ആവിഷ്‌ക്കാരവും തമ്മിലുള്ള അന്തരം മാത്രമല്ല അതിന് കാരണം. ആശയത്തില്‍ തന്നെ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ പൗരസ്വാതന്ത്ര്യത്തിന്റെ വകുപ്പുകളില്‍ ഭരണസംവിധാനം നിയമ നിര്‍മ്മാണത്തില്‍ കൂടിയും കോടതി വിധികളില്‍ കൂടിയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുമ്മിക്കോളുക എന്നാല്‍ തുമ്മുമ്പോള്‍ ഒച്ച പുറത്ത് കേള്‍ക്കരുത് എന്ന മട്ടിലായി ഭരണഘടനാവകുപ്പുകളുടെ നില. ചരിത്രത്തിന്റെ ഭാരവും സാമൂഹ്യവൈജാത്യങ്ങളും ഉള്ള ഒരു പ്രദേശത്ത് സ്വാതന്ത്ര്യം എന്ന ആശയത്തിന് നിരന്തരമായി ഡയലോഗില്‍ ഏര്‍പ്പെട്ടുകൊണ്ടും കുണ്ടും കുഴിയും നെഗോഷ്യേറ്റ് ചെയ്തുകൊണ്ടും മാത്രമേ മുന്നോട്ട് ഓടാനാവൂ എന്നത് ശരി. പക്ഷേ സ്വതന്ത്ര ഇന്ത്യയില്‍ പലപ്പോഴും സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായി നിന്നിട്ടുള്ളത് പൗര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാഷ്ട്രീയ ബോധ്യങ്ങളിലെ തെറ്റുകള്‍ കൂടിയാണ്. വ്യക്തിയേക്കാള്‍ വലുതാണ് സമഷ്ടി എന്നും ദേശരാഷ്ട്രത്തിന്റെ ഇച്ഛയ്ക്ക് കീഴ്‌പ്പെട്ടു കഴിയേണ്ട ഊഴിയ വേലക്കാര്‍ മാത്രമാണ് ജനതയെന്നും വിശ്വസിക്കുന്ന രാഷ്ട്രീയബോധം ആഴത്തില്‍ വേരോടുന്ന ഒരു സമൂഹമായിരിക്കുന്നു ഇന്ത്യയുടേത്. തുല്യത എന്ന സങ്കല്പത്തെ സങ്കല്പിക്കാന്‍ കഴിയാത്ത രാഷ്ട്രീയബോധമാണ് വലിയ വിഭാഗം ആളുകളുടേതും. തുല്യത എന്ന സങ്കല്പം ഇല്ലെങ്കില്‍ സ്വാതന്ത്ര്യം എന്ന ആശയത്തിന് എന്ത് പ്രസക്തി. ജാതി-മത-ഗോത്ര സമൂഹങ്ങളുമായി ഉണ്ടായിരിക്കുന്ന ഒരു ഉടമ്പടി കൂടിയാണ് നമ്മുടെ ഭരണസംവിധാനം. ജാതിയും മതവും ഭാഷയും എന്നല്ല സകല വൈവിധ്യങ്ങളും നിമജ്ജനം ചെയ്യപ്പെട്ടുകൊണ്ട് തുല്യതയെ ആധാരമാക്കിയുള്ള ഒരു പൗരസമൂഹസൃഷ്ടിയുടെ ആദ്യ ചുവടുകള്‍ ഉണ്ടായിട്ടും അവയുടെ പൂര്‍ണ്ണ സാക്ഷാത്ക്കാരം വിദൂരത്തായി തുടരുന്നത് എന്തുകൊണ്ടായിരിക്കാം?
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സമകാലീന രാഷ്ട്രീയചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കുന്നത് ഒരു ബലാബല പരീക്ഷണമായിട്ടാണ് വ്യക്തിയും ഭരണകൂടവും തമ്മിലുള്ള നെഗോസിയേഷന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത് എന്നാണ്. ചിലപ്പോഴെങ്കിലും ഭരണകൂടം പൗര(ന്‍)രുടെ അവകാശങ്ങള്‍ക്കൊപ്പം നിലനിന്നിട്ടുണ്ട്. ഓരോ ചുവട് മുമ്പോട്ട് നീങ്ങുമ്പോഴും പിന്‍വിളിയായി വന്ന് പിറകോട്ട് തള്ളുന്ന സാമൂഹ്യശക്തികളും സജീവമാണ്. അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള കുറച്ചു വര്‍ഷങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയത്തിന് വിശാലമായ അര്‍ത്ഥം കൈവന്നിരുന്നു. പൗരാവകാശത്തെ മുന്‍നിര്‍ത്തി മൗലികമായ ചിന്ത നിയമസംവിധാനത്തിലും ഭരണരംഗത്തുമൊക്കെ ജനതയുടെ ഭരണകാലത്ത് നിയമമാകുകയും പൊതുബോധത്തിന്റെ ഭാഗമാവുകയും ചെയ്തു.
എന്നാല്‍ സ്റ്റേറ്റിന്റെ ഭാഗത്തുനിന്നുമുള്ള തിരിച്ചടി ഉടന്‍തന്നെയുണ്ടായി. 1980 കളില്‍ ഫെഡറല്‍ രാഷ്ട്രീയം കൈവരിച്ച ഒരു ദിശാമാറ്റം പ്രാദേശിക സ്വത്വ രാഷ്ട്രീയം കൈവരിച്ച ഓട്ടോണമി ആണ്. അതിന്റെ ഒരു കൈവഴി മതാധിഷ്ഠിതമായ സ്വത്വദേശീയതകളുടെ വളര്‍ച്ചയ്ക്ക് കാരണമായി. ജമ്മു-കശ്മീരിലും പഞ്ചാബിലും നാഗാലാന്‍ഡിലുമൊക്കെ ശക്തമായി ഉയര്‍ന്ന ദേശീയതാ സമരങ്ങളുടെ ഭാഷയില്‍ മതബോധം പ്രകടമായിരുന്നു. വിഘടനവാദവും തീവ്രവാദവുമൊക്കെയായി അത് വഴിപിരിഞ്ഞതോടെ ഫെഡറല്‍ ഇന്ത്യ എന്ന സങ്കല്പം തന്നെ തളര്‍ച്ചയിലായി. ഭരണകൂടമാകട്ടെ ഫെഡറലിസത്തെ കൈകാര്യം ചെയ്യാന്‍ പുതിയൊരു നിയമാവലി തന്നെ തയ്യാറാക്കി. ഭരണഘടനയിലെ വകുപ്പുകള്‍ പുറമേ (മൃശേരഹല 356) നിയമഭേദഗതികളില്‍ കൂടിയും പുതിയ നിയമനിര്‍മ്മാണത്തില്‍ കൂടിയും (ഡഅജഅ, ജഛഠഅ, ഠഅഉഅ എന്നീ നിയമങ്ങള്‍ ഓര്‍ക്കുക) സ്റ്റേറ്റിന്റെ സാന്നിധ്യം ശക്തമാക്കി. നക്‌സലൈറ്റുകള്‍ മുതല്‍ മതതീവ്രവാദികള്‍ വരെ പിന്‍തുടര്‍ന്ന ഹിംസയുടെ രാഷ്ട്രീയം ഭരണകൂടത്തിന്റെ പൗരാവകാശ ധ്വംസനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ക്ക് ന്യായീകരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാല്‍ 80കളില്‍ തുടങ്ങി 2014 വരെയുള്ള കാലങ്ങളില്‍ സിവില്‍ സമൂഹമെങ്കിലും ഭരണകൂടത്തിന്റെ പൗരാവകാശ ധ്വംസനങ്ങളേയും ഫെഡറല്‍ രാഷ്ട്രീയത്തിനെതിരെയുള്ള നീക്കങ്ങളേയും ചോദ്യം ചെയ്തിരുന്നു. 1991 ലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന നവലിബറല്‍ രാഷ്ട്രീയം സൃഷ്ടിച്ച അരക്ഷിതത്വം സ്വതന്ത്ര ഇന്ത്യയില്‍ പതുങ്ങി ജീവിച്ചിരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് പുതിയ ജീവന്‍ നല്‍കി. പൗരനും ഭരണകൂടവും തമ്മിലുള്ള ഉടമ്പടിയുടെ ആധാരം ഭയമായി മാറിയതും ‘ഗോള്‍ഡന്‍ ഏജ്’ ചരിത്രത്തെ ഉപജീവിച്ച് പഴയ മതസമൂഹങ്ങളുടെ പുനഃസൃഷ്ടി വാഗ്ദാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങളുടെ ഇടയില്‍ വേരോട്ടമുണ്ടാക്കി. ഉപഭോഗവും മതബോധവും ഇഴചേര്‍ന്ന ഒരു പുതിയ രാഷ്ട്രീയ ആധുനികതയാണ് മോഡിയുടെ നേതൃത്വത്തില്‍ ബിജെപി വാഗ്ദാനം ചെയ്തത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു വിച്ഛേദമായി 2014 ലെ തിരഞ്ഞെടുപ്പ് മാറുന്നത് അങ്ങനെയാണ്. സ്റ്റാന്‍സ്വാമിയുടെ ഭരണകൂടകൊലപാതകത്തിന്റെയും പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള പൗരാവകാശ ധ്വംസനത്തിന്റെയും രാഷ്ട്രീയ സന്ദര്‍ഭം 2014 ലെ തിരഞ്ഞെടുപ്പ് സൃഷ്ടിച്ച വിച്ഛേദമാണ്. 80 കള്‍ മുതലുള്ള മൂന്നു പതിറ്റാണ്ട് കാലത്തെ സമഗ്രാധിപത്യ പ്രവണതകള്‍ ഭരണകൂടത്തിന്റെ മൂര്‍ത്തരൂപമായി മാറുന്നത് 2014 ന് ശേഷമുള്ള വര്‍ഷങ്ങളിലാണ്. ദേശരാഷ്ട്രത്തിന്റെ പേരില്‍ ഭരണകൂടം നടത്തുന്ന പൗരാവകാശ ധ്വംസനങ്ങളെ ചോദ്യം ചെയ്യാനാകാത്ത ഒരു രാഷ്ട്രീയ സാഹചര്യം 2014 ന് ശേഷം ദൃഢമായി. എള്‍ഗര്‍ പരിഷദ് കേസിലും മറ്റും പൊതുസമൂഹത്തിന്റെ പ്രതിരോധം എത്ര ശുഷ്‌ക്കമായിരുന്നുവെന്ന് സമാനമായ മുന്‍ സംഭവങ്ങളോടുള്ള രാഷ്ട്രീയ ചെറുത്തു നില്‍പ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മനസ്സിലാകും.
യുപിഎയുടെ കാലത്ത് ബിനായക് സെന്‍ എന്ന പൗരാവകാശ പ്രവര്‍ത്തകനായ ഡോക്ടറെ തുറുങ്കിലടക്കാന്‍ ഉപയോഗിച്ചതും യുഎപിഎ പോലുള്ള നിയമങ്ങളാണ്. പൊതുസമൂഹം വളരെ ശക്തമായി അന്ന് ഇടപെടുകയുണ്ടായി. എന്നാല്‍ സെന്നിന്റെ അറസ്റ്റ് ഇടതുരാഷ്ട്രീയ വിചാരത്തെത്തന്നെ പ്രതിക്കൂട്ടിലാക്കുന്ന ഭരണകൂട ഇടപെടലായി മാറുകയുണ്ടായില്ല. എന്നാല്‍ ഉള്‍ഫയ്ക്ക് എതിരെ അസമിലും ഖഗഘഎ നെതിരെ ജമ്മു കാശ്മീരിലും ഖാലിസ്ഥാനികള്‍ക്കെതിരെ പഞ്ചാബിലും ചടഇച നെതിരെ നാഗാലാണ്ടിലും കാമ്‌ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ മണിപ്പൂരിലുമൊക്കെ ഭരണകൂടം ഇടപെട്ടപ്പോള്‍ അത് എല്ലാത്തരം സ്വത്വദേശീയതാ വിചാരങ്ങള്‍ക്കും എതിരായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കുകയുണ്ടായി. ഒരര്‍ത്ഥത്തില്‍ 1990 കള്‍ മുതല്‍ കശ്മീരിലും 1980 കളില്‍ പഞ്ചാബിലും അസമിലുമൊക്കെ കണ്ട ഉരുക്കുമുഷ്ടി രാഷ്ട്രീയത്തിന്റെ വ്യാപനമാണ് നമ്മളിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. പൗരാവകാശം എന്നത് ഒരു സോപാധികമായ അവകാശമായി ചുരുക്കിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ വലിയ വിജയം അതിനെയവര്‍ക്ക് പൊതുബോധം തന്നെയാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നതാണ്. മാവോയിസ്റ്റ് അറസ്റ്റ്-കൊലപാതകങ്ങള്‍ ആയാലും-ഇസ്ലാമിക തീവ്രവാദത്തിന്റെ ആരോപണമായാലും ചോദ്യം ചെയ്യപ്പെടാതെ അംഗീകരിക്കേണ്ടതുണ്ട് എന്ന് ഭരണകൂടം നിഷ്‌ക്കര്‍ഷിക്കുകയും പൗരസമൂഹം ഏതാണ്ട് മുഴുവനായി അതിനെ സംശയമില്ലാതെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സാഹചര്യം ഇന്ന് ഇന്ത്യയില്‍ എല്ലായിടത്തുമുണ്ട്.
ഭരണകൂടത്തോട് ചോദ്യം ചോദിക്കാനുള്ള ജനാധിപത്യത്തിലെ മൗലികാവകാശത്തെ രാജ്യദ്രോഹം ആയി വ്യാഖ്യാനിക്കാനും അതിന്മേല്‍ നടപടി കൈക്കൊള്ളാനും രാഷ്ട്രീയസംവിധാനം ഇന്ന് തയ്യാറാണ്. ഈ വിചാരത്തിന് പൊതുസമൂഹത്തില്‍ വേരോട്ടം ലഭിച്ചിട്ടുള്ളതുകൊണ്ടും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ വഴി അതിന്റെ പ്രയോക്താക്കള്‍ക്ക് ജനസമ്മതി കൈവന്നിട്ടുള്ളതുകൊണ്ടും എതിര്‍ക്കാന്‍ നിയമസംവിധാനം പോലും ഭയക്കുന്നു. പൗരാവകാശ ഭേദഗതിക്കെതിരെ സമരം ചെയ്തവരെ തുറുങ്കിലടച്ച രീതിയിലും ദില്ലി കലാപത്തിലെ പോലീസ് ഇടപെടലിലുമൊക്കെ നമുക്ക് രാജ്യദ്രോഹ രാഷ്ട്രീയത്തിന്റെ സ്വാധീനം കാണാവുന്നതാണ്. ഏതുതരം വിയോജിപ്പിനേയും രാജ്യദ്രോഹമായി വ്യാഖ്യാനിച്ചുകൊണ്ട് അടിച്ചമര്‍ത്തുന്ന ഒരു ഭരണകൂടത്തിന്റെ ആധിപത്യമാണ് ഇന്ത്യ ജനാധിപത്യമല്ലാതായിരിക്കുന്നു എന്ന വിമര്‍ശനത്തിന് പുറകിലുള്ളത്. 1920 കളിലും 1930 കളിലും ലോകമെമ്പാടും ജനാധിപത്യരാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് സംഭവിച്ച തിരിച്ചടിക്ക് സമാനമാണ് ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ എന്ന് രാഷ്ട്രീയ തത്വചിന്തകനായ ജോണ്‍ കീന്‍ (ഖീവി ഗലമില) അടുത്തിടെ എഴുതുകയുണ്ടായി. ഭരണകൂടം തന്നെ ജനാധിപത്യത്തെ തകര്‍ക്കുന്ന, വിമര്‍ശകരെ നിശ്ശബ്ദരാക്കുന്ന ഡെമോസൈഡിനെക്കുറിച്ച് (സ്റ്റേറ്റ് നേതൃത്വം നല്‍കുന്ന കൊലപാതകങ്ങള്‍) കീന്‍ സൂചിപ്പിക്കുന്നുണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദേശരാഷ്ട്രത്തിന്റെ സുരക്ഷയ്ക്കുവേണ്ടി പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യങ്ങള്‍ വെട്ടിക്കുറയ്ക്കാമെന്ന വാദത്തിന് രാഷ്ട്രീയ പ്രതിരോധം ഉണ്ടായാല്‍ മാത്രമേ ഈ സ്ഥിതി മാറുകയുള്ളൂ. പെഗാസസ് എന്ന പൗരന്റെ സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റത്തിനെതിരെ പൊതുസമൂഹത്തിന്റെ പ്രതിരോധം എത്ര ശുഷ്‌ക്കമാണ്! അല്പമെങ്കിലും ശബ്ദം പൊന്തിച്ചു തുടങ്ങിയിരിക്കുന്നത് ജുഡീഷ്യറിയാണ്.
അതുകൊണ്ടാണ് ജസ്റ്റിസ് രമണയുടെ രാജ്യദ്രോഹ നിയമത്തെ മുന്‍നിര്‍ത്തിയുള്ള ചോദ്യം-സ്വാതന്ത്ര്യം ലഭിച്ച് 75 കൊല്ലത്തിനുശേഷം നമുക്കെന്തിനാണീ നിയമം – ഏറ്റവും പ്രസക്തമാകുന്നത്. ഇതിന് മുമ്പ് ദില്ലി ഹൈക്കോടതി ദേവാംഗനാ കലിതയെയും നടാഷാ നര്‍വാലിനെയും അസിഫ് ഇക്ബാല്‍ തന്‍ഹയെയും ജാമ്യത്തില്‍ വിട്ടുകൊണ്ടുള്ള വിധിയില്‍ ഭരണകൂട നടപടിയില്‍ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ദിഷാ രവിയും ഐഷാ സുല്‍ത്താനയുമൊക്കെ ശബ്ദമുയര്‍ത്തുമ്പോള്‍ ഭരണകൂടം ഇടപെടുന്ന രീതി ശരിയല്ല എന്ന് കോടതികള്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. പെഗാസിസ് കേസിലെ പെറ്റിഷനുകള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറെടുക്കുകയുമാണ്. 2019ലെ ണമമേഹശ ഖൗറഴലാലി േനുശേഷം യുഎപിഎ ഒരു ജനാധിപത്യസംവിധാനത്തിനും അംഗീകരിക്കാന്‍ കഴിയാത്ത നിയമമായി മാറിയിരിക്കുന്നുവെന്ന് കോടതികളും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ജാമ്യം അവകാശമാണെന്ന നിയമചിന്തയിലെ പ്രാഥമിക തത്വങ്ങളിലൊന്നാണ് നിലവിലുള്ള യുഎപിഎ തിരസ്‌ക്കരിക്കുന്നത്. അഖില്‍ ഗോഗോയ്ക്ക് ജാമ്യം നല്‍കിയ ഗൗഹാട്ടിയിലെ എന്‍ഐഎ കോടതി ഇത്തരം നിയമം മൂലമുള്ള അറസ്റ്റുകളില്‍ വിചാരണാസംവിധാനം തന്നെ മാറ്റേണ്ടതുണ്ട് എന്ന് സൂചിപ്പിക്കുകയുണ്ടായി. എന്തായാലും, ജസ്റ്റിസ് രമണയുടെ ഇടപെടലുകള്‍ ഇന്ത്യയുടെ എഴുപത്തഞ്ചാമത്തെ വര്‍ഷത്തെ ഗണ്യമായ രീതിയില്‍ സ്വാധീനിക്കാനിടയുണ്ട്. കോവിഡാനന്തര ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി സുപ്രീം കോടതി രാജ്യദ്രോഹനിയമത്തെ എങ്ങനെ വ്യാഖ്യാനിക്കും എന്നതിനെ അനുസരിച്ചിരിക്കും.
ഷാഹിന്‍ബാഗിലെ ദാദിമാരും നിരവധി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും ബംഗാളിലെ സ്ത്രീ വോട്ടര്‍മാരുമൊക്കെ ഒരു നവരാഷ്ട്രീയ ബോധത്തിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്. ഹിംസയുടെ ആണത്ത രാഷ്ട്രീയത്തിനെതിരെയുള്ള ഒരു പ്രതിരോധമായി അതിനെ കാണേണ്ടതുണ്ട്, അതിനെ പിന്തുണയ്‌ക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ചരിത്രം നമ്മെ പ്രതിക്കൂട്ടില്‍ നിര്‍ത്തും.
ഗുന്തര്‍ഗ്രാസ്സിന്റെ ‘കുടുംബകാര്യങ്ങള്‍’ എന്നൊരു കവിതയുണ്ട്:
‘നമ്മുടെ കാഴ്ച ബംഗ്ലാവില്‍ – എല്ലാ ഞായറാഴ്ചയും ഞങ്ങള്‍ അവിടെ പോകാറുണ്ട് – അവര്‍ പുതിയൊരു വിഭാഗം തുടങ്ങിയിട്ടുണ്ട്. അവിടെ, നിറമില്ലാത്ത ചില്ലുഭരണികളിലിരുന്ന് നമ്മുടെ ഛിദ്രം ചെയ്യപ്പെട്ട കുഞ്ഞുങ്ങള്‍, വിളറിയ ഗൗരവം പൂണ്ട ഭ്രൂണങ്ങള്‍, മാതാപിതാക്കളുടെ ഭാവിയെയോര്‍ത്ത് ആധികൊള്ളാറുണ്ട്.’
നമ്മുടെ ഭയം നിറഞ്ഞ കാലത്തെക്കുറിച്ചാണ്, നമ്മളെക്കുറിച്ചാണ് ഈ കവിത.
(കടപ്പാട് – പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in