നമ്മുടെ യുവതലമുറ എങ്ങും പോയിട്ടില്ല, അവരിവിടെയുണ്ട്….
നിരന്തരമായി കേള്‍ക്കുന്ന ചോദ്യമാണ് നമ്മുടെ യുവതലമുറ എവിടെ പോയി എന്ന്. രാഷ്ട്രീയ യുവജന സംഘടനകളുടെ സമരരംഗത്ത് അവയുടെ അംഗങ്ങളുണ്ടാകുമെന്നല്ലാതെ, മറ്റു പോരാട്ടവേദികളിലൊന്നും അവരെ കാണുന്നില്ല, മത – സമുദായ സംഘടനകളുടേതല്ലാത്ത സാമൂഹ്യപ്രവര്‍ത്തന മേഖലകളിലും കാണുന്നില്ല, വായനശാലകളിലോ പുസ്തകവില്‍പ്പന ശാലകളിലോ കാണുന്നില്ല, സെമിനാര്‍ ഹാളുകളില്‍ കാണുന്നില്ല, നാടകവേദികളില്‍ കാണുന്നില്ല എന്നിങ്ങനെ പോകുന്നു യുവതലമുറക്കെതിരായ ആരോപണങ്ങള്‍. കഴിഞ്ഞില്ല, അവരെപ്പോഴും മൊബൈല്‍ ഫോണിലാണ്, സാമൂഹ്യമാധ്യമങ്ങളിലാണ്, വിദേശത്തുപോകുക മാത്രം ലക്ഷ്യമാക്കി.വരാണ്… ചുരുക്കത്തില്‍ സാമൂഹ്യപ്രതിബദ്ധതയില്ലാത്തവരായി, അരാഷ്ട്രീയവാദികളായി അവര്‍ മാറിയിരിക്കുന്നു.
ഒറ്റകേള്‍വിയില്‍ ശരിയാണെന്നു തോന്നുന്ന വിമര്‍ശനം തന്നെ. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നു തെളിയിക്കുന്ന കാഴ്ചകള്‍ കേരളത്തില്‍ തന്നെ കാണാന്‍ കഴിയും. അതിനു തിരുവനന്തപുരത്തു നടക്കുന്ന ചലചിത്രോത്സവത്തിലോ കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവത്തിലോ പോയാല്‍ മതി. ഈ പരിപാടികളില്‍ സജീവമായി പങ്കാളികളായ ആയിരകണക്കിനു ചെറുപ്പക്കാരെ കാണാന്‍ കഴിയും. അവരില്‍ വലിയൊരു ഭാഗം കൃത്യമായ രാഷ്ട്രീയ നിലപാടുയര്‍ത്തിപിടിക്കുന്നവരാണ്. അതൊരുപക്ഷെ മധ്യവയസ്‌കരേയും രാഷ്ട്രീയപ്രസ്ഥാനങ്ങളിലേക്ക് പ്രമോഷന്‍ കാത്തിരിക്കുന്ന യുവജനസംഘടനാ പ്രവര്‍ത്തകരേയും പോലെ കക്ഷിരാഷ്ട്രീയ നിലപാടുകളായിരിക്കില്ല. ആധുനികകാലത്തെ അഭിമുഖീകരിക്കുന്ന രാഷ്ട്രീയമാണ് അവര്‍ ഉയര്‍ത്തിപിടിക്കുന്നത്. അവരില്‍ വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പോരാടുന്നതും അതിനായാണ്. ഒരാളുടേയും ഗൃഹാതുരത്വം കൊണ്ടല്ല അതിനെ വിശകലനം ചെയ്യേണ്ടത്.
തീര്‍ച്ചയായും ഇന്നത്തെ യുവതലമുറ അസ്വസ്ഥരാണ്. അവരില്‍ വലിയൊരുവിഭാഗം തങ്ങളുടെ ചെറുപ്പത്തില്‍ വലിയ വിപ്ലവങ്ങളൊക്കെ ചെയ്തു എന്നു വിശ്വസിക്കുന്നവരുടെ മക്കളാണ്. എന്നാലവര്‍ തന്നെ തങ്ങളുടെ മക്കളെ വളര്‍ത്തിയത് എങ്ങനെയാണ്? അപ്പോഴേക്കും മിക്ക ദമ്പതികള്‍ക്കും ഒന്നോ രണ്ടോ മക്കള്‍ മാത്രമായി കഴിഞ്ഞിരുന്നു. അണുകുടുംബങ്ങള്‍ വ്യാപകമായി. അതിവിപ്ലവം പറയുന്നവര്‍, പഠിക്കുമ്പോഴും തുടര്‍ന്നും വലിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ് തങ്ങള്‍ എന്നഹങ്കരിക്കുന്നവര്‍ പോലും മക്കളെ രാഷ്ട്രീയപ്രവര്‍ത്തനത്തിനുപോയിട്ട് ശ്വാസം വിടാന്‍ പോലും ഭയപ്പെടേണ്ട അണ്‍ എയ്ഡഡ്് സ്ഥാപനങ്ങളില്‍ പഠിപ്പിച്ചു. അതേസമയത്തുതന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ മിണ്ടുന്നതുപോലും ചോദ്യം ചെയ്യുന്ന സദാചാരപോലീസിംഗ് വളര്‍ന്നു. വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ എന്ത് എന്ന ചോദ്യത്തിനു മറുപടിയില്ലായിരുന്നു. തൊഴിലവസരങ്ങേളാ സംരഭകത്വമോ ഇല്ലാത്ത ലോകമാണ് മുന്നില്‍. പുതിയ കാലത്തെ അഭിമുഖീകരിക്കാത്ത സാഹിത്യവും കലയും രാഷ്ട്രീയവും സിനിമയുമൊക്കെ അവരില്‍ ഒരു താല്‍പ്പര്യവും ജനിപ്പിക്കാത്തത് സ്വാഭാവികം. രാഷ്ട്രീയക്കാര്‍ സ്വന്തം കുടുംബത്തിലെ എല്ലാവര്‍ക്കും ജോലി വാങ്ങി കൊടുക്കുന്നതും അവര്‍ കാണുന്നു. മറുവശത്ത് ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും തുറന്നു തരുന്ന വിശാലമായ ലോകം. ആ സ്വാതന്ത്ര്യത്തിലേക്ക് അവര്‍ നീങ്ങാതിരുന്നാല്ലല്ലേ അത്ഭുതപ്പെടേണ്ടത്? സോഷ്യല്‍ മീഡിയയില്‍ നിന്നുതന്നെ അവര്‍ പോരാടുന്നുമുണ്ടല്ലോ. തൃശൂരില്‍ കറന്‍ബുക്‌സിന്റെ പുസ്തകപ്രകാശനത്തില്‍ നടക്കുമായിരുന്ന സ്ത്രീവിരുദ്ധതക്കെതിരെ ഒറ്റരാത്രി കൊണ്ട് പോരാടി വിജയിച്ചത് മറക്കാറായില്ലല്ലോ. ചുംബനസമരം പോലെ എത്രയോ പുതുകാല സമരങ്ങള്‍ സംഘടിപ്പിക്കുന്നത് ഈ മീഡിയയിലൂടെയാണ്. എന്തും വിരല്‍തുമ്പില്‍ ലഭ്യമാകുമ്പോള്‍ സാഹിത്യ അക്കാദമി സെമിനാറുകളിലോ പുസ്തകശാലകളിലോ രാഷ്ട്രീയപാര്‍ട്ടി യോഗങ്ങളിലോ എന്തിനവര്‍ പോകണം? തങ്ങളുടെ ചിന്തകള്‍ക്ക് സ്വാതന്ത്ര്യമോ ആഗ്രഹങ്ങള്‍ക്ക് സാക്ഷാല്‍ക്കാരമോ ഇല്ലാത്തയിടത്തു എന്തിനവര്‍ ജീവിക്കണം? സ്വാഭാവികമായും തങ്ങളെ അംഗീകരിക്കുമെന്നവര്‍ കരുതുന്ന, ആള്‍ക്കൂട്ടത്തിനു പകരം വ്യക്തിയെ മാനിക്കുമെന്നു കരുതുന്ന രാഷ്ട്രങ്ങളിലേക്ക് പോകാനവര്‍ ആഗ്രഹിക്കുന്നു. അതാണ് ഇപ്പോള്‍ പൊതുവില്‍ സംഭവിക്കുന്നത്. അക്കാര്യത്തില്‍ കുറ്റക്കാര്‍ യുവതലമുറയല്ല, മദ്ധ്യവയസ്‌ക തലമുറയാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കാര്യങ്ങള്‍ പൊതുവില്‍ ഇങ്ങനെയാണെങ്കിലും യുവതലമുറ നമ്മുടെ പൊതുരംഗത്തുനിന്ന് പൂര്‍ണ്ണമായും അദൃശ്യരാകുകയാണ് എന്നു കരുതുന്നതില്‍ ഒരര്‍ത്ഥവുമില്ല എന്നതു തെളിയിക്കുന്ന ദൃശ്യങ്ങളും നിരവധിയാണ്. അവയില്‍ രണ്ടെണ്ണമാണ് മുകളില്‍ സൂചിപ്പിച്ചത്. ആധുനികകാലത്തെ മീഡിയയാണല്ലോ സിനിമ. ആ മേഖലയിലേക്കൊന്നു നോക്കിയാല്‍ നമുക്കു കാണാനാകുക യുവജനങ്ങളുടെ വന്‍ സാന്നിധ്യമാണ്. അത് സിനിമ കാണുന്നതില്‍ നിന്നാരംഭിച്ച് സിനിമ പിടിക്കുന്നതില്‍ വരെ പ്രകടമാണ്. ഐ എഫ് എഫ് കെ തന്നെ നോക്കൂ. അതിന്റെ ആദ്യകാലത്ത് കണ്ടിരുന്ന ദൃശ്യങ്ങള്‍ എന്തായിരുന്നു? കൂടുതലും മധ്യവയസ്‌കര്‍, ബുദ്ധിജീവികള്‍, കവികള്‍…. മിക്കവര്‍ക്കും സിനിമ കാണുന്നതിനേക്കാള്‍ താല്‍പ്പര്യം പുറത്തെ ചര്‍ച്ചകളിലും പ്രതിഷേധപരിപാടികളിലും മദ്യപാനസദസ്സുകളിലുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയോ? വിദ്യാര്‍ത്ഥികളുടേയും യുവജനങ്ങളുടേയും വന്‍പങ്കാളിത്തമാണ് കുറെ വര്‍ഷങ്ങളായി കാണുന്നത്. ഭൂരിഭാഗവും സിനിമകള്‍ ഗൗരവത്തോടെ കാണുന്നവര്‍. പലരും സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍, സിനിമാ ഇന്‍സ്റ്റിട്യൂട്ടുകളില്‍ പഠിക്കുന്നവര്‍. അവിടേയും സാമൂഹ്യവിഷയങ്ങളുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ ഉണ്ടാകാറുണ്ട്. കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നടക്കുന്ന ജാതിവിവേചനത്തിനെതിരെ ഇത്തവണ അവിടെ നടന്ന പ്രതിഷേധം തന്നെ ഉദാഹരണം.
സിനിമ കാണുക മാത്രമല്ല ഈ ചെറുപ്പക്കാര്‍ ചെയ്യുന്നത്. മലയാള സിനിമയുടെ മുഖഛായ മാറ്റുന്നതില്‍ ഇന്നവര്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ചുരുങ്ങിയ ചിലവില്‍, വളരെ പ്രസക്തമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന എത്രയോ ‘ചെറിയ’ മികച്ച സിനിമകളാണ് ഇന്നു മലയാളത്തില്‍ പുറത്തുവരുന്നത്.സവര്‍ണ്ണ പുരുഷ തമ്പുരാക്കാന്മാരുടെ ആക്രോശങ്ങളില്‍ നിന്നും ഇല്ലാത്ത ഗ്രാമീണ വിശുദ്ധികളില്‍ നിന്നും പുരുഷാധിപത്യ മൂല്യങ്ങളില്‍ നിന്നും കാലഹരണപ്പെട്ട പല കുടുംബമൂല്യങ്ങളില്‍ നിന്നും മലയാളസിനിമ പതുക്കെ കുതറുകയാണ്. സിനിമാമേഖലയിലെ കുത്തകാധിപത്യങ്ങള്‍ തകരുകയുമാണ്. അതിന്റെയൊക്കെ പ്രതീകമാണ് വള്ളുവനാട്ടില്‍ നിന്ന് എറണാകുളത്തേക്ക് ഷൂട്ടിംഗ് ലൊക്കേഷനുകള്‍ മാറുന്നത്. ഈ സിനിമകള്‍ക്കുപിന്നില്‍ കൂടുതലും പുതുതലമുറക്കാരാണ്. സാംസ്‌കാരികരംഗത്തെ ഈ മാറ്റം കാണാന്‍ ഇപ്പോഴും ഭൂതകാലസ്മൃതികളില്‍ ലയിക്കുന്നവര്‍ക്ക് കാണാനാവുന്നില്ലെങ്കില്‍ എന്തു പറയാന്‍?
കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവത്തില്‍ കണ്ട ദൃശ്യങ്ങളാണ് ഈ എഴുത്തിന് പ്രധാന പ്രചോദനമായത്. സിനിമക്ക് യുവജനങ്ങള്‍ എത്തുന്നത് മനസ്സിലാക്കാം, എന്നാല്‍ ഒരു പുസ്തകപ്രസാധക സ്ഥാപനം നടത്തുന്ന സാഹിത്യോത്സവത്തില്‍ അവര്‍ എത്തുമോ എന്നു സംശയിക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു യുവജന പങ്കാളിത്തം. നാലു ദിവസങ്ങളിലായി നടന്ന നൂറുകണക്കിനു സംവാദവേദികളില്‍ വന്‍ യുവജനപങ്കാളിത്തമായിരുന്നു. അവരാകട്ടെ കേവലം കേള്‍വിക്കാരായിരുന്നില്ല. പല വേദികളിലും പാനലിസ്റ്റുകളോട് ശക്തമായ ചോദ്യങ്ങള്‍ അവരുന്നയിച്ചു. ഉദാഹരണമായി സച്ചിദാനന്ദനോടും ബി രാജീവനോടും, നിങ്ങളെന്തിനു അംബേദ്കറെ കുറിച്ചു പറയുമ്പോള്‍ ഗാന്ധിയേയും മാര്ക്‌സിനേയും കൂടെ കൂട്ടുന്നു എന്നു ചോദിച്ച പെണ്‍കുട്ടി വലിയ കയ്യടി തന്നെ നേടി. പ്രധാനമായും ദളിത്, സ്ത്രീ, എല്‍ജിബിടി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും ലൈംഗികതയും സദാചാര പോലീസിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളുമായിരുന്നു ചെറുപ്പക്കാര്‍ ഉന്നയിച്ചത്. വായന മരിക്കുന്നു എന്ന് ഒരു ഭാഗത്ത് നിരന്തരമായി കേള്‍്കകുമ്പോള്‍ അവിടെ പുസ്തകവില്‍പ്പനയും സജീവമായിരുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ വികാരം എവിടേയും വ്യക്തമായിരുന്നു എങ്കിലും നേരിട്ട് ഇരകളാക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ വിഷയങ്ങള്‍ക്ക് സംഘാടകര്‍ കാര്യമായ പ്രാധാന്യം നല്‍കിയില്ല, പ്രേക്ഷകരും കാര്യമായി ഉന്നയിച്ചില്ല എന്ന പരിമിതി ഉണ്ടായിരുന്നു. കേരളത്തിലെ ലെഫ്റ്റ് ലിബറലുകള്‍ എന്നുവിശേഷിപ്പിക്കപ്പെടുന്നവരുടെ രാഷ്ട്രീയ പരിമിതിയാണ് ഇതിലൂടെ വെളിവാകുന്നത് എന്നതും പറയാതെവയ്യ. വേദികള്‍ക്കുപുറത്ത് ആയിരകണക്കിനു ചെറുപ്പക്കാരാ.യിരുന്നു അനൗദ്യോഗിക ചര്‍ച്ചകളും കൂട്ടം ചേരലുകളുമായി ഉണ്ടായിരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ്അവരാണ് സാഹിത്യോത്സവത്തെ യഥാര്‍ത്ഥ ഉത്സവമാക്കിയത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചുരുക്കത്തില്‍ പറയാനുദ്ദേശിച്ചത് ഇതുമാത്രമാണ്. തങ്ങളുടെ ഭൂതകാലം മഹത്തരവും ഇപ്പോഴെല്ലാം തകരാറുമാണെന്ന ധാരണയാണ് ആദ്യം തിരുത്തേണ്ടത്. അതാതു കാലത്തോട് എന്നും യുവജനങ്ങള്‍ അവരുടേതായ രീതിയില്‍ പ്രതികരിക്കുന്നുണ്ട്. ഇപ്പോഴുമത് നടക്കുന്നുണ്ട്. ചെറുപ്പത്തില്‍ ഇന്റര്‍നെറ്റിനേയോ സോഷ്യല്‍ മീഡിയയേയോ കുറിച്ചറിയാതിരുന്നവര്‍ക്ക് ഇപ്പോഴത്തെ മാറ്റങ്ങള്‍ പലതും ഉള്‍ക്കൊള്ളാനാവില്ല. എത്രയോ സാമൂഹ്യവിഷയങ്ങളില്‍ സോഷ്യല്‍മീഡിയയിലൂടെ പോരാടി യുവതലമുറ വിജയിക്കുന്നു. അവര്‍ക്കും പ്രശ്‌നങ്ങള്‍ കാണും. എന്നാല്‍ അതിന്റെ പേരില്‍ കുറ്റപ്പെടുത്താനുള്ള യാതൊരു അര്‍ഹതയും നമുക്കില്ല. അവര്‍ അവരുടെ വഴി കണ്ടെത്തട്ടെ. നിങ്ങളില്‍ മിക്കവരും അങ്ങനെ കണ്ടെത്തിയവരാണെന്നും മറക്കാതിരിക്കുക.. അവരുടെ ലോകം പഴയപോലെ ചെറുതല്ല എന്നും ഓര്‍ക്കണം. വിരല്‍ത്തുമ്പിലൂടെ അവരെത്തുന്നത് ലോകം മുഴുവനാണ്. അവരുടെ സുഹൃത്തുക്കളും ലോകമാകെ പരന്നുകിടക്കുന്നു. അവിടെ ഒരു തരത്തിലുള്ള അതിര്‍ത്തികള്‍ക്കോ പാസ്‌പോര്‍ട്ടുകള്‍ക്കോ വിസകള്‍ക്കോ ഒരു സ്ഥാനവുമില്ല. അതുതിരിച്ചറിഞ്ഞാല്‍ ഇപ്പോഴും തങ്ങളാണ് ചെറുപ്പമെന്നു കരുതുന്ന മധ്യവയസ്‌കരുടെ പ്രശ്‌നങ്ങള്‍ ഏറെക്കുറെ അവസാനിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in