ആവാസവ്യസ്ഥ പുന:സ്ഥാപനം അനിവാര്യം
കൊറോണ വൈറസ് മുതല്‍ അരിക്കൊമ്പന്‍ വരെ എത്തി നില്‍ക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം വീണ്ടും വാര്‍ത്തകളിലും ചിന്തകളിലും സജീവമാകുകയാണ്. പ്രകൃതിവിഭവങ്ങളെയും ജൈവവൈവിധ്യത്തെയും മനുഷ്യ-ജീവസന്ധാരണമണ്ഡലത്തെയും ഇഴപിരിക്കാന്‍ പറ്റാത്ത മലനാടിന്റെ സവിശേഷമായ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തില്‍, ആഗോളതാപനം ദൈനംദിന ജീവിതത്തെ ബാധിച്ചുവെന്ന് സാധാരണ ജനങ്ങള്‍ പോലും മനസ്സിലാക്കുന്ന ഈകാലഘട്ടത്തില്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം ഗൗരവകരമായി ചിന്തിക്കേണ്ടതും, വിശകലനം ചെയ്യേണ്ടതും സാധ്യമായ പരിഹാരമാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുമാണ്.
മനുഷ്യനെ വന്യജീവിമേഖലകളില്‍നിന്ന് മാറ്റുക എന്ന് പ്രകൃതിവാദികളും വന്യജീവികളെ കൊന്നുതള്ളുക എന്ന് വികസനവാദികളും ആക്രോശിക്കുമ്പോള്‍ മനുഷ്യനും വന്യജീവികളും എല്ലായിടത്തും ഒന്നിച്ചു നിലനിന്നുപോരുകയാണ് ചെയ്തിട്ടുള്ളതെന്ന് ചരിത്രവും ശാസ്ത്രവും നമുക്ക് കാണിച്ചു തരുന്നു. അതുകൊണ്ട് മേല്‍പ്പറഞ്ഞ രണ്ട് വാദങ്ങളും മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ആക്കംകൂട്ടുകയല്ലാതെ കുറയ്ക്കുകയില്ല.
ഇത്തരത്തിലുള്ള അങ്ങേയറ്റത്തെ നിലപാടുകളിലൂടെ മാത്രം മുന്നോട്ടുപോകുക അസാധ്യമാണ്. ചരിത്രപരമായും ആവാസശാസ്ത്രപരമായും (Ecologically) മനുഷ്യന്‍ എല്ലാക്കാലത്തും വന്യജീവികള്‍ അടക്കമുള്ള പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും ആശ്രയിച്ചു സഹവര്‍ത്തിത്വത്തോടെയാണ് മുന്നോട്ടുപോയിരുന്നത്. ഏകദേശം രണ്ടുലക്ഷത്തോളം പഴക്കമുള്ള മനുഷ്യവര്‍ഗങ്ങളുടെ പരിണാമത്തില്‍ ഹോമോ സാപിയന്‍സ് എന്ന മനുഷ്യവര്‍ഗത്തിന് 5,0000-30,000 വര്‍ഷങ്ങളുടെ പരിണാമചരിത്രമേയുള്ളൂ. അതില്‍ വിശാലമായ പുല്‍മേടുകളിലും അതിനോടു ചേര്‍ന്ന കാടുകളിലും സിംഹം, പുലി എന്നിവയുടെ ഭക്ഷണശേഷം ഇരയുടെ എല്ലുകളിലെ മജ്ജയില്‍നിന്ന് കല്ലുകളുപയോഗിച്ചു പൊട്ടിച്ചു കഴിക്കുന്നതില്‍ നിന്ന് തുടങ്ങി കാട്ടുതീയില്‍ വെന്ത മാംസം ഭക്ഷിച്ചും പിന്നീട് ജീവികളെ കൂട്ടമായി വേട്ടയാടി ഭക്ഷിച്ചും വന്യജീവികളെ മെരുക്കിയെടുത്തു (വന്യജീവനില്‍ സസ്യങ്ങളും ഉള്‍പ്പെടും) കാര്‍ഷിക സംസ്‌കാരത്തിലൂടെ ആധുനികമനുഷ്യനായി പരിണമിച്ചപ്പോഴും ഒരു കാര്യം ശ്രദ്ധേയമാണ് ഭക്ഷണത്തിനും സ്വയരക്ഷയ്ക്കും മാത്രമാണ് പ്രധാനമായും ജീവികളെ കൊന്നിരുന്നത്. മൃഗയാവിനോദമായി ജീവികളെ വേട്ടയാടുന്നത് സംസ്‌കാരമായിരുന്ന ഗോത്രമൂപ്പന്‍മാര്‍ മുതല്‍ ചക്രവര്‍ത്തികള്‍ വരെ കൃത്യമായ നിബന്ധനകളിലും പ്രത്യക കാലങ്ങളിലും മാത്രമായി നിജപ്പെടുത്തിയിരുന്നു എന്നതിന് തെളിവുകള്‍ കാണാം.
വന്യജീവികള്‍ അടക്കമുള്ള വന്യപ്രകൃതി, വ്യത്യസ്ത ആവാസവ്യവസ്ഥകള്‍ എന്നിവ പ്രകൃതിവിഭവങ്ങളുടെയും ജലസുരക്ഷയുടെയും ഭക്ഷ്യസുരക്ഷയുടെയും സര്‍വോപരി മനുഷ്യജീവനടക്കം വാഴുന്ന പ്രകൃതിയുടെ സന്തുലനത്തിന് ആവശ്യമാണെന്ന് എല്ലാത്തരത്തിലുമുള്ള പരമ്പരാഗത അനുഭവപരിജ്ഞാനങ്ങള്‍ തെളിയിക്കുന്നു. ഇതെല്ലാം വിശ്വാസങ്ങളും ആചാരഅനുഷ്ഠാനങ്ങളുമായാണ് മനുഷ്യസമൂഹങ്ങള്‍ കൈമാറിവന്നത്. ഇതില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ് പ്രകൃതിയുമായി ഇഴചേര്‍ന്നും മല്ലിട്ടും പ്രകൃതിയെ അറിഞ്ഞ്, ഈലോകം മുഴുവന്‍ നിറയുന്ന സ്വയം ആവാസസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്ന, ചിന്തിക്കുന്ന, ശാസ്ത്രാവബോധമുള്ള ആധുനിക മനുഷ്യനായി പരിണമിക്കുന്നതില്‍ വന്യജീവി സംഘര്‍ഷങ്ങള്‍ക്കും, അവയുടെ പരിപാലനത്തിനും, സഹവര്‍ത്തിത്വത്തിനും പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തെക്കുറിച്ചുള്ള ചിന്തകളും ചര്‍ച്ചകളും ആധുനിക ശാസ്ത്രാവബോധമുള്ള മനുഷ്യന്‍ എത്തിനില്‍ക്കുന്ന ആവാസശാസ്ത്രപരമായ പ്രതിസന്ധിയില്‍ (Ecological Challenges) പുതിയ അറിവുകള്‍ക്കും ദിശാബോധത്തിനും വഴിതെളിക്കുമെന്നു കരുതാം.
മനുഷ്യ-വന്യജീവി സംഘര്‍ഷം: പ്രത്യക്ഷ കണക്കുകള്‍
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഏറിവരികയാണ്. മനുഷ്യന്‍ കാടുകയറുന്നതാണോ മൃഗങ്ങള്‍ നാടിറങ്ങുന്നതാണോ ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ന ചോദ്യം സാധാരണ ജനങ്ങളില്‍ അവശേഷിക്കന്നു. ഇതുകൂടി നമ്മള്‍ അപഗ്രഥിക്കേണ്ടതുണ്ട്. Conflicts between humans and wild animals are on the rise. The common people are left with the question whether the real reason behind this is human encroachment or animal migration.
വന്യജീവികള്‍ വിളകള്‍ നശിപ്പിക്കുന്നത്, മാംസഭോജികളായ കടുവ, പുള്ളിപ്പുലി, ചെന്നായ എന്നിവ കന്നുകാലികളെ തിന്നൊടുക്കുന്നത്, ആനയും മറ്റ് വന്യജീവികളും ചിന്നഭിന്നമായ അവരുടെ വാസസ്ഥാനങ്ങളില്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പോകുമ്പോഴുണ്ടാകുന്ന സംഘര്‍ഷങ്ങള്‍, കാടിനെയും പുഴയേയും വനവിഭവങ്ങളെയും ആശ്രയിക്കുന്ന മനുഷ്യര്‍ ജീവസന്ധാരണത്തിനും വിനോദത്തിനുമായി പോകുമ്പോള്‍ വസ്തുവകകള്‍ക്കും വാസസ്ഥലങ്ങള്‍ക്കുമുണ്ടാകുന്ന നഷ്ടം, ഇതിനിടയില്‍ മനുഷ്യനും വന്യജീവികള്‍ക്കുമുണ്ടാകുന്ന ജീവഹാനി തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.
കാട്ടാനയുടെയും കടുവയുടെയും പുലിയുടെയും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട, വനമേഖലയില്‍ താമസിക്കുന്ന മനുഷ്യരുടെ എണ്ണം നമ്മള്‍ ഭീതിയോടെ കണക്കിലെടുക്കുമ്പോള്‍ അതിലേറെ ആളുകള്‍ പാമ്പുകടിയേറ്റ് മരിക്കുന്നു എന്ന വസ്തുത സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. വംശനാശഭീഷണി നേരിടുന്ന വന്യജീവികള്‍ അപകടത്തിലാകുന്നത് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ ഗണത്തില്‍പ്പെടുത്താന്‍ വിട്ടുപോകുകയും ചെയ്യുന്നു. മനുഷ്യജീവനും വന്യജീവനും ഉണ്ടായിട്ടുള്ള ഹാനി, കാര്‍ഷികവിളകള്‍ക്കുണ്ടാകുന്ന നാശം എന്നിവ മാത്രമാണ് ഏറെ പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യപ്പെടുന്നത്. കടുവ, പുലി എന്നിവ കന്നുകാലികളെ ആക്രമിക്കുന്നത്, അലഞ്ഞുനടക്കുന്ന സസ്യഭോജികളായ ജീവികളുടെ എണ്ണം കൂടുന്നത്, കാലിമേക്കല്‍ കാരണം കാടിന് സംഭവിക്കുന്ന നഷ്ടം തുടങ്ങിയവയൊക്കെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ അനന്തരഫലങ്ങളാണ്. ആവാസവ്യവസ്ഥകളും ജൈവവൈവിധ്യവും വളരെയധികം നാശോന്മുഖമായ ഈ കാലഘട്ടത്തില്‍ കാലാവസ്ഥാ വ്യതിയാനവും സുസ്ഥിരമല്ലാത്ത വികസനനയങ്ങളും മനുഷ്യജീവസന്ധാരണത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും വളരെ വലുതാണ്. സംഘര്‍ഷകാരണങ്ങള്‍ തൃപ്തികരമായ രീതിയില്‍ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് മനുഷ്യവന്യജീവി സംഘര്‍ഷത്തിന്റെ കാതലായ രണ്ടാമത്തെ തലം എന്ന് ഡോ. സിമ്മര്‍മാന്റെ അപഗ്രഥനത്തെ (2020) ആസ്പദമാക്കി International Union for Conservation of Nature (IUCN) പറയുന്നു.
നവീകരിക്കേണ്ട ധാരണകള്‍
കാര്‍ഷികവിഭവങ്ങളുടെ നാശത്തിന് ആനയെപ്പോലുള്ള വന്യജീവികള്‍ കാരണമാകുന്നു എന്ന് നമ്മള്‍ വിലയിരുത്തുമ്പോള്‍ അതിനെക്കാള്‍ നൂറുകണക്കിന് മടങ്ങ് കാരണമാകുന്നത് കാട്ടുപന്നിയും കുരങ്ങും മലയണ്ണാനും മയിലും നമ്മുടെ കണ്ണില്‍പ്പെടാത്ത, അല്ലെങ്കില്‍ കണക്കിലെടുക്കാത്ത എലികള്‍, പെരുച്ചാഴിപോലുള്ള ജീവികളുമാണെന്നതാണ് വസ്തുത. 2014-2015 മുതല്‍ 2021 വരെ ഇന്ത്യയിലാകമാനം 3,310 മനുഷ്യജീവനുകള്‍ കാട്ടാനയുമായുള്ള സംഘര്‍ഷത്തില്‍ പൊലിഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര വനം മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ ഏറ്റവുമധികം ഒഡിഷയിലും (589) തുടര്‍ന്ന് പശ്ചിമബംഗാള്‍ (562), അസം (479) സംസ്ഥാനങ്ങളിലുമാണ്. കേരളത്തില്‍ 124 മനുഷ്യര്‍ ഇക്കാരണത്താല്‍ മരിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ 320 മനുഷ്യരാണ് കടുവ, പുലി എന്നിവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഏറ്റവുമധികം മഹാരാഷ്ട്ര (99), പശ്ചിമബംഗാള്‍ (78) എന്നിവിടങ്ങളിലാണ്. 2019-2021 കാലഘട്ടത്തില്‍ ഇക്കാരണത്താലുള്ള രാജ്യത്തെ മരണം 108 ആണ്. അതേസമയം, 2021ല്‍ മാത്രം 126 കടുവകള്‍ ഇന്ത്യയില്‍ ഇല്ലാതായിട്ടുണ്ട്; കേരളത്തില്‍ 45 എണ്ണവും.
മനുഷ്യനുമായുള്ള ഇടപെടലിലെ തെറ്റായ മുന്‍ അനുഭവങ്ങള്‍ കടുവയും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമാകുന്നു എന്നാണ് പരമ്പരാഗതമായ വിലയിരുത്തല്‍. ഒരു വെടിയുണ്ടയേറ്റ പരിക്കുകൊണ്ട് മറ്റ് മൃഗങ്ങളെ വേട്ടയാടാന്‍ കഴിയാതെവന്ന ‘ചമ്പാവത്ത്’ എന്ന പെണ്‍കടുവയാണ് ലോകപ്രസിദ്ധിയാര്‍ജിച്ച നരഭോജിയായി മാറിയത്. താന്‍ വെടിവെച്ചിട്ട നരഭോജികളെല്ലാംതന്നെ ഇത്തരത്തില്‍ മനുഷ്യനാല്‍ പരിക്കേറ്റവയാണെന്നാണ് ജിം കോര്‍ബറ്റ് തന്റെ പുസ്തകങ്ങളില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതിനപ്പുറം, അശാസ്ത്രീയ നയം, അറിവില്ലായ്മ, സാങ്കേതികവിദ്യയുടെ അപര്യാപ്തത, തെറ്റായ പരിപാലനരീതികള്‍ തുടങ്ങിയവയാണ് പ്രധാന കാരണങ്ങളെന്ന് ബംഗാളിലെ സുന്ദര്‍ബനില്‍ നടത്തിയ പഠനവും ലോകത്തിലെ പുതിയ പഠനങ്ങളും തെളിയിക്കുന്നു. മനുഷ്യന്‍ കൊല്ലപ്പെടുന്നതിനെക്കാള്‍ വലിയ അളവില്‍, നമ്മുടെ ജീവസന്ധാരണത്തിന് സഹായകമാകുന്ന വന്യജീവനുകള്‍ റോഡുകളില്‍ത്തന്നെ കൊല്ലപ്പെടുന്നുണ്ട്.
കണക്കുകളെടുക്കുമ്പോള്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയിരിക്കുന്നത് കാട്ടുപന്നികളാണ്. യൂറോപ്പില്‍ 2008ല്‍ 13,276 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നേപ്പാളിലെ പഠനം (പാണ്ഡെ, 2015) കാണിക്കുന്നതും വിളനാശത്തിന് കാരണക്കാരായ മുഖ്യജീവി കാട്ടുപന്നി തന്നെയെന്നാണ്. ഇവ മൂലമുള്ള വരുമാനനഷ്ടം പ്രതിവര്‍ഷം 8 മുതല്‍ 9 ശതമാനം വരെ വരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. കെ എസ് റാവുവിന്റെ (2002) പഠനപ്രകാരം ഹിമാലയന്‍ മേഖലയില്‍ 50-60ശതമാനം വിളനാശത്തിന് കാരണക്കാര്‍ കാട്ടുപന്നികളും കുരങ്ങുകളുമാണ്. ഇതിനേക്കാളുമധികം കാര്‍ഷിക വിളനാശം ഉണ്ടാക്കുന്നത് പെരുച്ചാഴികള്‍, എലികള്‍ എന്നിവയാണ്. എന്നാല്‍ നമ്മള്‍ ഇവയെ വന്യജീവിയായി കണക്കാക്കുന്നില്ല. അവയുടെ നിയന്ത്രണം സ്വാഭാവികമായി നടന്നുവരുന്ന കാര്യവുമാണ്.
സഹജീവനം സാധ്യം
നമ്മള്‍ വന്യം എന്ന് കരുതുന്നതു മാത്രമല്ല, പ്രകൃതിയില്‍ കാണുന്ന വലുതും ചെറുതുമായ ജീവികളും സസ്യങ്ങളുമെല്ലാം വന്യജീവനാണെന്നും പ്രകൃതിയില്‍ നമ്മള്‍ കൃത്യമായ ധാരണയോടെ ഒന്നിച്ച് നിലനില്‍ക്കുകയാണ് ചെയ്യുന്നതെന്നുമുള്ള സത്യം അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. ലോകത്തെല്ലായിടത്തും വനപ്രദേശങ്ങളില്‍ പരമ്പരാഗതമായി ജീവിക്കുന്ന മനുഷ്യന്‍ വന്യജീവികളുമായി കൃത്യമായ ധാരണയോടെ സഹവസിക്കുന്നുണ്ട്. അടുത്തകാലത്ത് നടന്ന ശാസ്ത്രീയ പഠനങ്ങളെല്ലാംതന്നെ സഹവര്‍ത്തിത്വം, സഹജീവനം, കരുതലോടെയും പാരസ്പര്യത്തോടെയുമുള്ള ഇടപെടല്‍ എന്നിവയിലൂടെയാണ് ലോകം മുന്നോട്ടുപോകുന്നത് എന്നാണ് തെളിയിക്കുന്നത്. വന്യജീവികളുമായുള്ള സഹവര്‍ത്തിത്വം, സഹജീവനം, കരുതലോടെയുള്ള പരിപാലനം എന്നിവയ്ക്കായി ഐക്യരാഷ്ട്രസഭയുടെ അനുബന്ധസമിതികള്‍ അന്തര്‍ദേശീയതലത്തില്‍ പ്രായോഗിക പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തില്‍ കാട്ടുപന്നികളെ അവശ്യഘട്ടത്തില്‍ വെടിവെച്ച് നീക്കുന്നതിനുള്ള ഭേദഗതിയും പഞ്ചായത്ത് സെക്രട്ടറി തലത്തില്‍ അതിന് അധികാരപ്പെടുത്തിയിരിക്കുന്നതും ഇതിന്റെ ചുവടുപിടിച്ചാണ്.
മനുഷ്യന് വന്യജീവികളെ കൈകാര്യം ചെയ്യാനുള്ള അറിവും സാങ്കേതിക പരിജ്ഞാനവും കൂടിച്ചേര്‍ന്നിടങ്ങളിലെല്ലാം വന്യജീവികളുടെ ആക്രമണവും പാമ്പുകടിയും മൂലമുള്ള മരണവും കുറയുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. കടുവ, പുലി എന്നിവയുടെ ആക്രമണത്തില്‍ കന്നുകാലികള്‍ കൊല്ലപ്പെടുന്നു എന്ന കണക്കുകള്‍ക്കൊപ്പം വായിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. വലിയ ചെലവുകളില്ലാതെ, വന്യമായ മേച്ചില്‍ സ്ഥലങ്ങളില്‍ കാലിവളര്‍ത്തല്‍ ലാഭകരമായി മാറുന്നു എന്നതാണത്. 2021ല്‍ സ്വിറ്റ്സര്‍ലന്‍ഡിലും മറ്റു ചില പ്രദേശങ്ങളിലും നടന്ന പഠനങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്.
ഇനിയും നമ്മള്‍ ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. വനമേഖലകളിലെ സാങ്കേതിക വിദ്യകളുടെ ലഭ്യത, പരമ്പരാഗതമായ തര്‍ക്കങ്ങളുടെ പരിഹാരം, അവകാശങ്ങളുടെ ലഭ്യത, വനസംരക്ഷണ-വന്യജീവി സംരക്ഷണത്തിലെ കൂടുതല്‍ കാര്യക്ഷമമായ പങ്കാളിത്തം, സുസ്ഥിരമായ വിഭവവിനിയോഗ മാര്‍ഗങ്ങള്‍ അവലംബിക്കല്‍, നൂതനമായ മൊബൈല്‍ വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സ്ഥിരനിരീക്ഷണ മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ കൊണ്ടുവന്നേ മതിയാകൂ.
ആവാസശാസ്ത്രപരമായ പ്രതിസന്ധികള്‍
ആധുനിക മനുഷ്യന്‍ കാര്‍ഷിക മനുഷ്യനുമായി വേര്‍തിരിക്കപ്പെടുന്നത് 5000 വര്‍ഷത്തെ കാര്‍ഷിക പരിണാമത്തിനുശേഷം 500 വര്‍ഷം മാത്രം പഴക്കമുള്ള ശാസ്ത്രാവബോധത്തിലൂടെയാണ്. ഇക്കാലയളവിലാണ് മനുഷ്യവര്‍ഗം മുന്നോട്ടുപോയിരിക്കുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള മുന്നോട്ടുപോക്ക് നാം അധിവസിക്കുന്ന ഭൂമിയുടെ, മനുഷ്യജീവിതത്തിന് അനുകൂലമായ പ്രകൃതിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നു എന്ന അവസ്ഥയിലാണ, ആവാസശാസ്ത്രം അഥവാ ഇകോളജിക്കല്‍ സയന്‍സ് എന്ന വളരെ സങ്കീര്‍ണമായ ശാത്രശാഖ നേര്‍രേഖാ ശാസ്ത്രങ്ങളുടെ കാലഘട്ടത്തില്‍ ഒരു കാല്‍പ്പനികതയായി കണ്ടിരുന്ന സമഗ്രശാസ്ത്രാവബോധത്തിലേക്കുള്ള ചുവടുവെപ്പ് ഉണ്ടാകുന്നത്. ഒരു പുഴയൊഴുകുന്നതിനു പോലും പുഴയുത്ഭവിക്കുന്ന പുല്‍മേടുകളില്‍ അധിവസിക്കുന്ന ചെന്നായ്ക്കള്‍ (Wolves) അവയുടെ എണ്ണവും അവ നിയന്ത്രിക്കുന്ന സസ്യഭോജികളും അനിവാര്യമാണെന്ന് ആവാസവ്യവസ്ഥാ പഠനം തെളിയിക്കുന്നു. മനുഷ്യരെ ഉന്മൂലനം ചെയ്തുകൊണ്ടു നിലവില്‍വന്ന ലോകത്തെ ആദ്യത്തെ വന്യജീവിസംരക്ഷണ ദേശീയപാര്‍ക്ക് യെല്ലൊസ്റ്റോണ്‍ അമേരിക്ക (Yellotswone National Park, America)യില്‍ നിന്നുള്ള പഠനങ്ങളും ഇടപെടല്‍ പ്രവര്‍ത്തനങ്ങളും ഇക്കാര്യം പുറത്തുകൊണ്ടുവരുന്നു. ഇത്തരത്തിലുള്ള പഠനങ്ങള്‍ ആഫ്രിക്കന്‍ ആനകള്‍, ആഫ്രിക്കന്‍ കാടുകളെയും സാവന്നകളെയും കൃത്യമായി നിലനിര്‍ത്തുന്നതിന് അനിവാര്യമാണ്. കടലിലെ പവിഴപുറ്റുകളെ നിലനിര്‍ത്തുന്നതില്‍ നക്ഷത്ര മല്‍സ്യങ്ങള്‍ അനിവാര്യമാണ് എന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഒരേസമയം സ്ഥൂലമായ അറിവുകളും എല്ലാ ശാസ്ത്രശാഖകളും ബന്ധിപ്പിക്കുന്ന സങ്കീര്‍ണമായ സമഗ്രശാസ്ത്രാവബോധവും കാലാവസ്ഥാ വ്യതിയാനം പോലെയുള്ള പ്രശ്നങ്ങളുടെ സങ്കീര്‍ണതകള്‍ മനസ്സിലാക്കുന്നതിനു സഹായകമായിട്ടുണ്ട്. ആധുനികമായ ശാസ്ത്രസാങ്കേതികവിദ്യകളും അപഗ്രഥന സവിധാനങ്ങളുമാണ് സങ്കീര്‍ണമായ പ്രശ്നങ്ങളെ വിലയിരുത്തുന്നതിന് മനുഷ്യനെ സഹായിക്കുന്നത്. ഇത്തരം ചിന്തകളും സമഗ്രശാസ്ത്ര ശൈലികളുമാണ് മനുഷ്യനെ ആധുനിക ചികിത്സാരീതികളിലേക്കും നൂതന ശാസ്ത്രസാങ്കേതികവിദ്യകളിലേക്കും നയിക്കുന്നത്. അതുകൊണ്ടു തന്നെ പരസ്പരം ഉന്മൂലനം ചെയ്യുക എന്ന 5000 വര്‍ഷം മുമ്പുള്ള കാര്‍ഷിക സമസ്‌കാരത്തില്‍ നിന്നും, 100-500 വര്‍ഷത്തെ പഴക്കമുള്ള നേര്‍രേഖാ ശാസ്ത്ര ചിന്താ സംസ്‌കാരരീതികളില്‍നിന്നും മാറി അടുത്തകാലത്തു പരിണമിച്ചുവന്ന സമഗ്രശാസ്ത്രാവബോധമുള്ള ചിന്താ അപഗ്രഥന പരിപാലന ശൈലികള്‍ അവലംബിക്കേണ്ടതായിട്ടുണ്ട.്
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
പ്രകൃതിക്കുണ്ടായിരിക്കുന്ന വന്‍തോതിലുള്ള നാശം വിഭവദാരിദ്ര്യത്തിനും കിടമത്സരങ്ങള്‍ക്കും കാലാവസ്ഥാമാറ്റത്തിനും കാരണമായി എന്നു അംഗീകരിച്ച നൂറ്റാണ്ടില്‍ത്തന്നെ മനുഷ്യ-വന്യജീവി സംഘര്‍ഷം (Human Wildlife Conflict HWC) ഒരു പഠനഗവേഷണ വിഷയമായും മാറിയിരിക്കുന്നു.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള തെറ്റായ ഇടപെടലുകള്‍ മനുഷ്യനെയും വിഭവങ്ങളെയും വന്യജീവികളെയും അവയുടെ വാസസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതിനെയാണ് കഡഇച മനുഷ്യ-വന്യജീവി സംഘര്‍ഷം എന്ന് നിര്‍വചിച്ചിരിക്കുന്നത.് (IUCN, 2020). 2020 മുതലുള്ള ലോക ജൈവവൈവിധ്യ മാര്‍ഗരേഖയില്‍ മൂന്നു തലങ്ങളിലായാണ് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ കാരണങ്ങള്‍ വിലയിരുത്തുന്നത്.
1. വിഭവങ്ങളും വാസസ്ഥാനവുമായി ബന്ധപ്പെട്ട പ്രത്യക്ഷ കാരണങ്ങള്‍.
2. അശാസ്ത്രീയവും തെറ്റായതുമായ ധാരണകള്‍
3. മനഃശാസ്ത്രപരവും രാഷ്ട്രീയപരവും ആവാസശാസ്ത്രപരവുമായ ധാരണയില്ലായ്മ.
ഇത്തരത്തിലുള്ള കാരണങ്ങളെക്കുറിച്ചും, നമ്മുടെ ചിന്താരീതികളിലും, രാഷ്ട്രീയ പരിപാലന ശൈലികളിലും വേണ്ടമാറ്റങ്ങളും വിശദമായി പ്രതിപാദിച്ചു കഴിഞ്ഞു. പ്രകൃതി മനുഷ്യന്റെ ശത്രുവാണ് അല്ലെങ്കില്‍ മനുഷ്യന്‍ പ്രകൃതിയുടെ ശത്രുവാണ് എന്ന രണ്ടു ധ്രുവങ്ങളില്‍ നിന്നുള്ള ചിന്തകള്‍ ഒഴിവാക്കി ആവാസശാസ്ത്രപരമായ സമീപനം ആവശ്യമാണ്. കടുവ കന്നുകാലികളെ ആക്രമിച്ചു എന്നും ആന കൃഷി നശിപ്പിച്ചു എന്നും പറയുമ്പോള്‍ മറ്റ് ചെലവുകളൊന്നും ഇല്ലാതെ തന്നെ കന്നുകാലികളെ വളര്‍ത്താനും, കൃഷി ചെയ്യുന്നതിനും നമ്മളെ സഹായിക്കുന്ന ആവാസവ്യവസ്ഥകള്‍ നിലനില്‍ക്കണമെങ്കില്‍ കടുവയും ആനയും അനിവാര്യമാണ് എന്നും ഒരേസമയം മനസ്സിലാക്കണം.
ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന ദശകങ്ങളില്‍ ഇന്ത്യയിലെ വനമേഖലയിലേക്ക് മനുഷ്യര്‍ കടന്നുകയറി 30-40 ശതമാനം വനശ്രേണിയാണ് നശിപ്പിച്ചത്. ഈ കാലയളവില്‍ത്തന്നെയാണ് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ ഫലമായി ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടതും വന്യജീവികള്‍ അന്യംനിന്നതും. 1972ലെ വന്യജീവി സംരക്ഷണ നിയമം വരുന്നത് അങ്ങനെയാണ്. 1980ല്‍ വനസംരക്ഷണ നിയമം വന്നപ്പോഴേക്കും ആകെയുണ്ടായിരുന്ന വനഭൂമിയുടെ 80%ത്തിലധികം വനമല്ലാതായിക്കഴിഞ്ഞിരുന്നു.
ചരിത്രപരമായി വനത്തെ ആശ്രയിച്ചുകഴിയുന്നവര്‍ക്ക് ഭൂമിയുടെ മേല്‍ അവകാശം ലഭിക്കുന്നില്ല. ആധുനികസൗകര്യങ്ങള്‍ ഒന്നുംതന്നെയില്ലാതെ, സ്ഥിരം കുടിയിറക്ക് ഭീഷണി നേരിട്ടുകൊണ്ട് ജീവിക്കുന്ന ഇന്ത്യയിലെ ഗോത്രവര്‍ഗക്കാരടക്കമുള്ള, വനവുമായി പൊക്കിള്‍ക്കൊടിബന്ധമുള്ള മനുഷ്യരോടുള്ള ചരിത്രപരമായ നീതിനിഷേധം ഒരു പ്രധാന പ്രശ്നമാണ്. വികസനത്തിന്റെ പേരില്‍ അതേ മേഖലയില്‍ നടക്കുന്ന വന്‍തോതിലുള്ള വനനാശം, കുടിയേറ്റം, തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍, സാംസ്‌കാരിക നാശം, പട്ടിണി എന്നിവയും മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ കാരണങ്ങളായി കാണേണ്ടതുണ്ട്. വനാശ്രിതമനുഷ്യരുടെ അവകാശങ്ങള്‍ രാജ്യത്ത് പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് ഗോദവര്‍മന്‍ തിരുമുല്‍പ്പാട് കേസില്‍ (1995) കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. 1952ലെ ദേശീയ വനനയത്തിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല.
മനുഷ്യനെ ഒഴിവാക്കി വനം വന്യജീവി സംരക്ഷണം സാധ്യമാക്കുകയെന്ന യൂറോപ്യന്‍ നയം തന്നെയാണ് ഇന്ത്യയിലെ പ്രധാന വനപരിപാലന നിയമങ്ങള്‍ക്ക് പിന്നില്‍ അന്തര്‍ലീനമായത്. 1927ലെ വനനിയമത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നേതൃത്വത്തില്‍ വനത്തെയും വന്യജീവികളെയും വികസനാവശ്യങ്ങള്‍ക്കായി തുടച്ചുനീക്കി. ഇന്ത്യയിലെ 80 ശതമാനം വനസമ്പത്ത് ഇല്ലാതാക്കിയപ്പോഴാണ് അന്തര്‍ദേശീയ മാറ്റങ്ങളുടെ ചുവടുപിടിച്ച് ബാക്കിയുള്ള വന്യജീവികളെ സംരക്ഷിക്കുന്നതിന് 1972ല്‍ വന്യജീവി സംരക്ഷണ നിയമവും 1980ല്‍ വനസംരക്ഷണനിയമവും വന്നത്. എന്നാല്‍, ഇതിനുശേഷവും വനവുമായി സഹജീവിപരമായ, അനിഷേധ്യമായ ബന്ധമുള്ള ഗോത്രസമൂഹങ്ങളടക്കമുള്ള പരമ്പരാഗത വനാശ്രിതസമൂഹങ്ങളെ വനത്തില്‍നിന്ന് പറിച്ചുനടുകയാണ് ചെയ്തത്. 1980-2008 കാലയളവില്‍ പത്തുലക്ഷത്തിലധികം ആളുകളെ ഇത്തരത്തില്‍ മാറ്റിപ്പാര്‍പ്പിച്ചു. വന-വന്യജീവികളെക്കുറിച്ച് പ്രാദേശികജ്ഞാനമുള്ള മനുഷ്യസമൂഹങ്ങളെ അശാസ്ത്രീയമായ രീതിയില്‍ മാറ്റിപ്പാര്‍പ്പിക്കുന്നത് വനസംരക്ഷണത്തിന് ദോഷം ചെയ്യുകയേയുള്ളൂ എന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ തെളിയിക്കുന്നു. അതവരുടെ വംശനാശത്തിന് കാരണമാവുന്നു. ഇതുതന്നെയാണ് അശാസ്ത്രീയമായി പറിച്ചുമാറ്റപ്പെടുന്ന വന്യജീവികളുടെയും അവസ്ഥ.
സാഹസത്തിനായി വന്യജീവികള്‍ പ്രത്യേകിച്ച് കാട്ടാന, കടുവ, പുലി, പാമ്പ് എന്നിവയുടെ മേഖലകളില്‍ കയറിക്കൂടുന്നതും, ഇടപഴകുന്നതും അപകടകരമാണ്. വന്യജീവികളുടെ സ്വഭാവ സവിശേഷതകളെ അറിഞ്ഞ് മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം ബോധവാന്മാരാകണം. ചിന്നഭിന്നമായ ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കുക, വനാതിര്‍ത്തികളിലുള്ളവര്‍ക്ക് ശാസ്ത്രസാങ്കേതിക പരിജ്ഞാനം നല്‍കുക, മനുഷ്യ-വന്യജീവി സംഘര്‍ഷമേഖലകളെ തിരിച്ചറിഞ്ഞ് പ്രത്യേക പെരുമാറ്റച്ചട്ടങ്ങള്‍ ആവിഷ്‌കരിക്കുക എന്നിവ വളരെ പ്രധാനപ്പെട്ടതാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വനവുമായി ചേര്‍ന്ന് ജീവിക്കുന്ന മനുഷരെകൂടി ഉള്‍പ്പെടുത്തി പ്രശ്നബാധിതമേഖലകളില്‍ തുടര്‍ച്ചയായ പങ്കാളിത്തനിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം. ഇവര്‍ക്ക് സാങ്കേതിക പരിശീലനവും ഇന്‍സെന്റീവും നല്‍കണം. ഇതിനായി വനമേഖലകളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു സംവിധാനത്തെ തന്നെ ഉപയോഗിക്കാവുന്നതാണ്. വന്യജീവികളെ കൈകാര്യം ചെയ്യുന്നതിനു സാങ്കേതിക സൗകര്യങ്ങളും, ആവാസശാസ്ത്രപരമായ പരിജ്ഞാനവും നല്‍കണം. ഓരോ ജീവിയുടെയും സ്വഭാവസവിശേഷതകളും തദ്ദേശീയമായ ആവാസവ്യവസ്ഥാ പ്രത്യേകതകളും ഉള്‍പ്പെടുത്തിയായിരിക്കണം പരിഹാരമാര്‍ഗങ്ങള്‍ അവലംബിക്കേണ്ടത്. ഇത്തരത്തിലുള്ള വന്യജീവികളുടെ കണക്കെടുപ്പുകളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങളും അനിവാര്യമാണ്. നീര്‍ച്ചാലുകള്‍, മുറിഞ്ഞുപോയ ആനത്താരകള്‍ എന്നിവ ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിലൂടെ സമ്പുഷ്ടമാക്കണം. ഏകവിള പ്ലാന്റേഷന്‍ മേഖലകളില്‍ വന്യജീവന് അനുയോജ്യമായ സ്ഥലങ്ങളില്‍, പ്രത്യേകിച്ചും മലമുടികളിലും പുഴയോരങ്ങളിലും ആവാസശാസ്ത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ ആവാസവ്യവസ്ഥാ പുനഃസ്ഥാപനം അനിവാര്യമാണ്.
(കടപ്പാട് – മറുവാക്ക്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in