ചരിത്രം, വെള്ളത്തൂവല്‍ സ്റ്റീഫനിലൂടെ…
ഒരു കാലത്ത് നക്‌സലൈറ്റ് പോരാളിയായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫനെ കുറിച്ച്
വസന്തത്തിന്റെ ഇടിമുഴക്കം കേരളത്തിന്റെ ആകാശത്തെ വിറപ്പിച്ച എഴുപതുകളുടെ അവസാനം, നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ അമൂല്യമായ ചില നന്മകളോട്, ആ സഖാക്കളുടെ സത്യസന്ധതയോട് – അപക്വമെന്നറിയാമായിരുന്നിട്ടും – അതിയായ താല്‍പര്യം പ്രകടിപ്പിച്ചിരുന്നവരിലൊളായിരുന്നു ഞാന്‍. കോളേജ് കാലത്ത് എ.ഐ.എസ്.എഫുകാരനായിരുന്നുവെങ്കിലും ഇടത്പക്ഷം ആവശ്യപ്പെടുന്ന മാനവികതയുടെ പാഠങ്ങളില്‍ ചിലതെങ്കിലും അക്ഷരംപ്രതി പകര്‍ത്തിയിരുന്ന നക്‌സല്‍ പ്രസ്ഥാനത്തോട് അജ്ഞാതമായ ആഭിമുഖ്യം മനസ്സില്‍ അങ്കുരിച്ച നാളുകള്‍. ജനയുഗം വാരികയില്‍ എന്റെ ചില കുറിപ്പുകള്‍ വെളിച്ചം കണ്ടിരുന്ന അക്കാലത്ത് അതേ വാരികയില്‍ നല്ല കവിതകളെഴുതിയിരുന്ന കിളിമാനൂര്‍ ദിവാകരന്‍, നഗരൂര്‍-കുമ്മിള്‍ നക്സല്‍ കേസില്‍ പിടിയിലകപ്പെട്ട വാര്‍ത്ത എന്നെ നടുക്കി. തലശ്ശേരി-തൃശ്ശിലേരി, പുല്‍പള്ളി, കായണ്ണ, ആക് ഷനുകളുടെ പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ മനോരമയില്‍ നോവല്‍ പോലെ വായിച്ച നാളുകള്‍. പോലീസ് സ്റ്റേഷനില്‍ നിന്നുള്ള അജിതയുടെ പ്രസിദ്ധമായ ഒന്നാം പേജ് ഫോട്ടോ ( മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ ടി. നാരായണേട്ടന്‍ രഹസ്യമായി ക്ലിക്ക് ചെയ്ത പടം), പോലീസ് ഐ.ജി വി.എന്‍. രാജന്റെ ബന്ധു കൂടിയായ കോങ്ങാട് നാരായണ്‍കുട്ടി നായരുടെ തലയറുത്ത സംഭവം, നക്സല്‍ നേതാവ് മുണ്ടൂര്‍ രാവുണ്ണിയുടെ ചരിത്രം, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയെഴുതിയ രക്തം കിനിയുന്ന കഥകള്‍. സച്ചിദാനന്ദന്റെ കനല്‍പോലുള്ള ഗദ്യം. അകം പിടിച്ചുകുടയുന്ന കടമ്മനിട്ടക്കവിതകള്‍. ബി. രാജീവന്റെ സൈദ്ധാന്തിക ലേഖനങ്ങള്‍…
മനോരമ ലേഖകനായി ഒറ്റപ്പാലത്ത് പിന്നീട് ജോലി ചെയ്യുമ്പോള്‍, പുഴയ്ക്കക്കരെ മായന്നൂരില്‍ നടന്ന ക്രൂരമായ നക്സല്‍ വേട്ടയെക്കുറിച്ച് കേട്ടറിഞ്ഞു. മായന്നൂര്‍ നക്സലുകളുടെ ഒളിത്താവളമായിരുന്നു. സുഹൃത്ത് ഹരിദാസനോടൊപ്പം മായന്നൂരില്‍ പിന്നെ പല തവണ പോയി. തോള്‍സഞ്ചിയും നീളന്‍മുടിയുമായി, മാവോസൂക്തങ്ങളുദ്ധരിച്ചിരുന്ന ചെറുതുരുത്തിയിലെ ശ്രീകുമാര്‍, ഞാറ്റടി എന്ന സിനിമയെടുത്ത കൊച്ചുനാരായണന്‍, പട്ടാമ്പി കോളേജില്‍ നിന്ന് വാരാന്ത്യങ്ങളില്‍ ഒറ്റപ്പാലത്ത് എന്റെ ലോഡ്ജിലെത്താറുണ്ടായിരുന്ന കഥാകൃത്ത് വി.പി ശിവകുമാര്‍, ലോഡ്ജ്മേറ്റ് എസ്.ബി. ഐ ജീവനക്കാരന്‍ രാജീവന്‍ തുടങ്ങി നിരവധി ചങ്ങാതിമാരുടെ ചര്‍ച്ചകളില്‍ കലര്‍പ്പേശാത്ത പലതരം മാവോ ചിന്തകളുടെയും മിശ്രിതം കടന്നു വന്നിരുന്നു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ക്കിരയായവരുടെ ദുരന്തങ്ങള്‍ പലതും കേട്ടറിഞ്ഞു. എം. സുകുമാരന്റേയും പി.കെ നാണുവിന്റേയും യു.പി ജയരാജന്റേയും കഥകളൊക്കെ വലിയ മതിപ്പുണ്ടാക്കി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വര്‍ഗീസിനെപ്പോലെ, അജിതയെപ്പോലെ, കുന്നിക്കലിനെപ്പോലെ, രാവുണ്ണിയെപ്പോലെ അന്ന് മനസ്സില്‍ തറച്ച പേരായിരുന്നു വെള്ളത്തൂവല്‍ സ്റ്റീഫന്റേത്. സഫാരി ടി.വിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരമ്പരയില്‍, സ്റ്റീഫന്‍ പറഞ്ഞ അനുഭവകഥകള്‍, മനസ്സിനെ വല്ലാതെ കിടിലം കൊള്ളിച്ചു. ഓരോ ഓര്‍മയിലും തുടിച്ചു നിന്ന കയ്പേറിയ ജീവിതം.. ഇത്രയധികം ഉള്ളുലച്ച ഒരു ജീവിതകഥനം അടുത്തൊന്നും ഞാന്‍ അനുഭവിച്ചിട്ടില്ല. മനസ്സിനെ അത് നിരന്തരം പിന്തുടരുന്നു, വീണ്ടും വീണ്ടും കാണാന്‍ സദാ പ്രേരണയാകുന്നു.
– ആദിവാസിക്കുടിലുകളില്‍ തണുപ്പകറ്റാന്‍ ഉടുവസ്ത്രം പോലുമില്ലാത്ത കുട്ടികള്‍ പട്ടിക്കുട്ടികളെ കെട്ടിപ്പിടിച്ചുറങ്ങുന്ന കാഴ്ച, കൊടുംപട്ടിണിയാല്‍ കണ്‍മുമ്പില്‍ മരിച്ചുവീണ നിരവധി കാടിന്റെ മക്കള്‍, അത്യന്തം ക്ലേശകരമായ ഒളിവ് ജീവിതം, ഷെല്‍ട്ടറില്‍ രോഗിയായിക്കിടന്നപ്പോള്‍ വീട്ടുകാര്‍ ചാക്കില്‍കെട്ടി സംരക്ഷിച്ച കഥ, ഒടുവില്‍ പോലീസ് വലയില്‍. ജയിലിലെ നിഷ്ഠൂര പീഡനങ്ങള്‍, ഒറ്റപ്പെടലുകള്‍, ഐ.ജി മുരളീകൃഷ്ണദാസിന്റെ തത്വോപദേശങ്ങള്‍ (ഒരാളും മറ്റൊരാളുമായി സാമ്യം ഇല്ലാത്തിടത്തോളം കാലം സോഷ്യലിസം എന്നത് വെറും ഉട്ടോപ്യയെന്ന് 1977 ല്‍ മുരളീകൃഷ്ണദാസ്, വെള്ളത്തൂവല്‍ സ്റ്റീഫനെ ഉപദേശിച്ചു. നക്സലിസം ഉപേക്ഷിക്കാന്‍ ചാരുമജുംദാരുടെ ശിഷ്യനായ സ്റ്റീഫന്‍ പക്ഷേ, തയാറായില്ല. തടവുകാര്‍ക്കിടയില്‍ ഒറ്റുകാരെ സൃഷ്ടിക്കാനുള്ള പോലീസ് തന്ത്രവുമാകാമിതെന്ന് സ്റ്റീഫന്‍ സംശയിച്ചു), ഡി.ഐ.ജിയായിരുന്ന കെ. ലക്ഷ്മണ അതിക്രൂരമായി സ്റ്റീഫനെ മര്‍ദ്ദിച്ചു. എല്ലുകള്‍ നുറുങ്ങിപ്പോകുന്ന മര്‍ദ്ദനത്തിന് ലക്ഷ്മണയുടെ ശിങ്കിടികളായ ചില പോലീസുകാരും കൂട്ട് നിന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മാലിന്യം നിറഞ്ഞ സെല്ലിനകത്ത് പട്ടിണിയോടും രോഗത്തോടും മല്ലടിച്ച് കഴിയവെ, നക്സലിസത്തോട് അനുഭാവമുള്ള വാര്‍ഡന്‍, ചുട്ടെടുത്ത രണ്ട് ഏത്തപ്പഴവും വെള്ളവും നല്‍കി- ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ ഭക്ഷണമായിരുന്നു അതെന്ന് സ്റ്റീഫന്‍. ജീവപര്യന്ത തടവുകാലം വായനയുടെയും എഴുത്തിന്റെയും കാലമായി.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
– തിരുവനന്തപുരം പേട്ടയില്‍ സ്ഥാപിച്ച ജയറാം പടിക്കലിന്റെ മര്‍ദ്ദനക്യാമ്പിലേക്ക് എന്നെ കൊണ്ടു പോയി. വെള്ളത്തൂവല്‍ സ്റ്റീഫനെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത വന്നു. പക്ഷേ പോലീസ് നിഷേധിച്ചു. പോലീസ് നുണ പറഞ്ഞു: ഞങ്ങള്‍ അയാളെ പിടിച്ചിട്ടില്ല. മുഖ്യമന്ത്രി അച്യുതമേനോന്‍ ഇത് വിശ്വസിച്ചു. ആഭ്യന്തരമന്ത്രി കരുണാകരന് പക്ഷേ അറിയാമായിരുന്നു എന്നെ പിടിച്ച കാര്യം. പിന്നീട് സി.പി.ഐ ഓഫീസില്‍ നിന്ന് വിവരം ലഭിച്ച അച്യുതമേനോന്‍ പോലീസ് ഐ.ജിയോട് പറഞ്ഞു: സ്റ്റീഫനെ പിടിച്ചിട്ടുണ്ടെങ്കില്‍ നിയമാനുസൃതം കോടതിയില്‍ ഹാജരാക്കണം. വെടിയേറ്റ് മരിച്ച വര്‍ഗീസിന്റെ അനുഭവം ഒരിക്കലും സ്റ്റീഫനുണ്ടാകരുത്. (മര്‍ദ്ദകവീരന്മാരായ ജയറാം പടിക്കലും പുലിക്കോടനുമൊക്കെച്ചേര്‍ന്ന് ഉരുട്ടിക്കൊന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി പി. രാജന്റെ കേസിലും അച്യുതമേനോനില്‍ നിന്ന് രഹസ്യം മറച്ചുവെച്ച് കരുണാകരനും കൂട്ടരും മൗനസാക്ഷിയാക്കുകയായിരുന്നുവെന്നത് ചരിത്രം). വയലാര്‍ രവി ആഭ്യന്തര മന്ത്രിയായപ്പോള്‍, ജയില്‍ സന്ദര്‍ശിച്ച് സ്റ്റീഫനുമായി കാണുകയും പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു.
ഹൈറേഞ്ചില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്ത സ്റ്റീഫന്‍ 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ പക്ഷത്ത് നിലയുറപ്പിച്ചു. പിന്നീട് നക്സലിസത്തിലേക്ക് മാറി. സ്വാഭാവികവും സത്യസന്ധവുമായ വിവരണത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു, ചരിത്രം എന്നിലൂടെ…. തീര്‍ച്ചയായും സമരോല്‍സുകവും പ്രദീപ്തവുമായ കേരളീയ ചരിത്രത്തിന്റെ ചുവന്ന ഏടുകളിലേക്ക് വെളിച്ചം വീശുന്ന ഉജ്ജ്വലമായ എപ്പിസോഡുകള്‍.
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in