രാമന്റെ ദുഃഖം : അയോദ്ധ്യ മിത്തില്‍ നിന്ന് സംഘപരിവാര്‍ മന്ദിരത്തിലേക്ക്

അയോധ്യയിലെ പുതിയ രാമക്ഷേത്രം ഇന്ന് ഹിന്ദുക്കളുടെ പ്രശ്‌നമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയ രാമനിലേക്ക് മറ്റ് രാമായണ പാരമ്പര്യങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് രാമഭക്തിയെ സ്വാംശീകരിക്കുന്നതിനെ ഹിന്ദുമതത്തിന്റെ അധികാരമുപയോഗിച്ചുള്ള കോളനിവല്‍ക്കരണം എന്ന് പ്രതാപ് ഭാനു മേത്ത വിശേഷിപ്പിക്കുകയുണ്ടായി. രാമക്ഷേത്രം ഇന്ന് രാമന്റെ ദുഃഖമായി മാറുന്നത് അതുകൊണ്ടാണ്. പള്ളിയുടെ അവശിഷ്ടങ്ങള്‍ക്ക് പുറത്ത് ഉയരുന്ന മണിമന്ദിരം മര്യാദാപുരുഷോത്തമന് കളങ്കമായി നിലകൊള്ളും. മൗലികവും ബഹുസ്വരവുമായ ഒരു ദേശരാഷ്ട്രത്തെ വിഭാവന ചെയ്ത ഗാന്ധിയും നെഹ്‌റുവും അംബേദ്ക്കറും ജെപിയും ആചാര്യ നരേന്ദ്രദേവും ലോഹ്യയുമൊക്കെ ഉള്‍പ്പെടുന്ന ഒരു രാഷ്ട്രീയധാര നിഷ്‌ക്കാസനം ചെയ്യപ്പെടുന്നതിന്റെ ചിത്രമാണ് നമ്മള്‍ അയോധ്യയില്‍ കാണുന്നത്.

ആഗസ്ത് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളി ഇഷ്ടിക പാകി അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടത്തി. മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി മതപരമായ ഒരു ചടങ്ങില്‍ സംബന്ധിക്കുന്നത് ശരിയല്ല എന്ന വിമര്‍ശനമുയരുന്നു. നെഹ്‌റുവിയന്‍ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഹിന്ദുവിരുദ്ധതയാണ് വിമര്‍ശനത്തിന് പിന്നിലെന്ന് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ എഴുതിവരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഢിയും ആര്‍എസ്എസ് ബുദ്ധിജീവി മന്‍മോഹന്‍ വൈദ്യയും സോമനാഥ ക്ഷേത്ര പുനഃനിര്‍മ്മാണകാലത്ത് അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്വീകരിച്ച നിലപാട് എടുത്തുകാട്ടിയാണ് നെഹ്‌റുവിന്റെ സെക്കുലര്‍ പാരമ്പര്യം ഹിന്ദുവിരുദ്ധമാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. നെഹ്‌റുവിന്റെ സോമനാഥ് വിഷയത്തിലെ നിലപാട് അയോധ്യയുടെ സാഹചര്യത്തില്‍ പരിശോധിക്കേണ്ടതുണ്ട് എന്ന് വൈദ്യയും റെഡ്ഢിയും ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എഴുതിയത് ശരിയാണ്. നെഹ്‌റുവിന്റെ ക്ഷേത്ര പുനഃസ്ഥാപനത്തെക്കുറിച്ചുള്ള നിലപാടും ആ വിഷയത്തില്‍ അതിന് കടകവിരുദ്ധമായ നടപടി സ്വീകരിച്ച അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദുമായുള്ള കത്തിടപാടുകളും ഇന്നും പ്രസക്തമാണ്. ഒരു സെക്കുലര്‍ ഭരണകൂടം എന്തുചെയ്തു കൂടാ എന്നും ഒരു സെക്കുലര്‍ രാഷ്ട്രത്തിന്റെ ഭരണാധികാരികള്‍ ഭരണപരവും വ്യക്തിപരവുമായ കാര്യങ്ങളില്‍ നിഷ്‌ക്കര്‍ഷിക്കേണ്ടുന്ന ശരിതെറ്റുകള്‍ എന്തൊക്കെയെന്നുമുള്ള സംവാദമായിരുന്നു നെഹ്‌റുവും രാജേന്ദ്രപ്രസാദും തമ്മില്‍ അന്നു നടന്നത്. രണ്ടുപേരും താന്താങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ദേശീയ പ്രസ്ഥാനത്തില്‍, വിശിഷ്യാ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍, എക്കാലത്തും മതവും രാഷ്ട്രീയവും തമ്മില്‍ നിലനിന്നുപോന്നിരുന്ന വൈരുദ്ധ്യ നിലപാടുകളുടെ ബൗദ്ധിക പ്രതിഫലനമായിരുന്നു നെഹ്‌റു-പ്രസാദ് ഡിബേറ്റില്‍ കണ്ടതെങ്കില്‍ എഴുപതു വര്‍ഷത്തിനിപ്പുറം നമ്മുടെ മുമ്പില്‍ അരങ്ങേറുന്നത് അതിന്റെ പ്രഹസനരൂപം മാത്രമാണ്. പ്രഹസനങ്ങള്‍ക്കും അതിന്റേതായ പ്രസക്തിയുണ്ട് എന്നതുകൊണ്ട് നമ്മളതു ശ്രദ്ധിക്കണം.

പത്തു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുഹമ്മദ് ഗസ്‌നി എന്ന അഫ്ഗാന്‍ ആക്രമകാരിയാല്‍ തകര്‍ക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന ഗുജറാത്തിലെ സോമനാഥക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്നത് കോണ്‍ഗ്രസ്സിലെ വലിയ നേതാവും എഴുത്തുകാരനുമായിരുന്ന കനയ്യലാല്‍ മനോഹര്‍ലാല്‍ മുന്‍ഷിയുടെ ജീവിതലക്ഷ്യമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കടുപ്പിച്ച് മുന്‍ഷി അതിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. സോമനാഥ് സ്ഥിതിചെയ്തിരുന്ന ജുനാഗഡിന്റെ നവാബ് പാക്കിസ്ഥാനില്‍ തന്റെ രാജ്യത്തെ ചേര്‍ക്കാന്‍ ശ്രമിച്ചുപോന്നതിന്റെ പശ്ചാത്തലത്തില്‍ കൂടി വേണം മുന്‍ഷിയുടെ സോമനാഥ ക്ഷേത്രനിര്‍മ്മാണത്തെ കാണേണ്ടത്. മുസ്‌ലിം ആക്രമണത്തിന്റെയും അധിനിവേശത്തിന്റെയും പ്രതീകമായി ഗുജറാത്തില്‍ കണ്ടുപോന്നിരുന്ന സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തെ മുന്‍ഷി പുതിയ ഇന്ത്യയുടെ സൃഷ്ടിയുമായി ഇണക്കിവായിച്ചു. 1947 ല്‍ ക്ഷേത്രപരിസരത്ത് എത്തിയ സര്‍ദാര്‍ പട്ടേല്‍ സ്വതന്ത്ര ഇന്ത്യയുടെ ലക്ഷ്യങ്ങളിലൊന്നാണ് സോമനാഥക്ഷേത്ര നിര്‍മ്മിതി എന്ന് പ്രഖ്യാപിച്ചു. ഗാന്ധിജിയുടെ സമ്മതം തിരക്കിയപ്പോള്‍ അദ്ദേഹം പുനര്‍നിര്‍മ്മാണത്തെ എതിര്‍ത്തില്ല. പക്ഷേ സര്‍ക്കാര്‍ പണമല്ല ഉപയോഗിക്കേണ്ടത്, പൊതുജനങ്ങളില്‍നിന്നും പിരിവെടുത്തുകൊണ്ടുവേണം നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക സംഭരിക്കേണ്ടത് എന്ന ഗാന്ധിജിയുടെ ഉപദേശം മുന്‍ഷി സ്വീകരിച്ചു. 1950 കളുടെ തുടക്കത്തില്‍ ക്ഷേത്രം പൂര്‍ത്തിയായപ്പോള്‍ നെഹ്‌റു മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായിരുന്ന മുന്‍ഷി പുനരുദ്ധാരണം ഒരു സര്‍ക്കാര്‍ പരിപാടിയായി അവതരിപ്പിച്ചതിനെ നെഹ്‌റു എതിര്‍ത്തു. മുന്‍ഷിയുടെ വാക്കുകളില്‍ നെഹ്‌റു പറഞ്ഞത്, ‘I do not like your attempt to revive Somanath. This is Hindu revivalism.” വലിയ വര്‍ഗ്ഗീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വിഭജിക്കപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരിയുടെ കരുതല്‍ തന്നെയാണ് നെഹ്‌റുവിന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നത്. എന്നാല്‍, പൂര്‍ത്തിയായ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്‍ഷിയുടെ താല്പര്യപ്രകാരം രാജേന്ദ്ര പ്രസാദ് സമ്മതിച്ചപ്പോള്‍ നെഹ്‌റു രാഷ്ട്രപതിക്ക് കത്തെഴുതി: I confess that I do not like the idea of your associating yourself with a spectacular opening. താങ്കള്‍ക്കും മറ്റേതൊരാള്‍ക്കും ക്ഷേത്ര സന്ദര്‍ശനമാകാം. അനവധി ധ്വനികള്‍, വിവക്ഷകളുള്ളതാണ് ഈ പരിപാടി. വ്യക്തിപരമായി, സോമനാഥത്തില്‍ വലിയതോതില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തേണ്ട സമയമല്ല ഇത് എന്ന് ഞാന്‍ കരുതുന്നു. കുറേശ്ശെയായി പില്‍ക്കാലത്ത് എപ്പോഴെങ്കിലും ഭംഗിയായി ചെയ്യാമായിരുന്നു. പണി ഏതായാലും ചെയ്തുകഴിഞ്ഞിരിക്കുന്നു. എങ്കിലും താങ്കള്‍ ഈ പരിപാടിയില്‍ അദ്ധ്യക്ഷത വഹിക്കാതിരിക്കുന്നതാണ് അഭികാമ്യം എന്നു ഞാന്‍ കരുതുന്നു.” പ്രധാനമന്ത്രിയുടെ കത്തിനുള്ള രാഷ്ട്രപതിയുടെ മറുപടി ഇപ്രകാരമായിരുന്നു: ”വ്യക്തിപരമായി പരിപാടിയുമായി ബന്ധപ്പെടുന്നതില്‍ അനൗചിത്യമൊന്നും എനിക്ക് തോന്നുന്നില്ല, പ്രത്യേകിച്ച് ഞാന്‍ ക്ഷേത്രസന്ദര്‍ശനങ്ങള്‍ നിര്‍ത്തിയിട്ടില്ലാത്തതിനാല്‍.” പ്രസാദ് പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.

നെഹ്‌റു പറയാന്‍ ശ്രമിച്ചത് രണ്ടു കാര്യമാണ്; ഒന്ന്, ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സന്ദര്‍ഭം, രണ്ട്, ഇന്ത്യന്‍ രാഷ്ട്രപതി അതില്‍ പങ്കെടുക്കുമ്പോള്‍ പരിപാടിക്ക് കൈവരാന്‍ ഇടയുള്ള സര്‍ക്കാര്‍ മുദ്ര. ക്ഷേത്ര പുനരുദ്ധാരണത്തിനോ (ആ വസ്തുവിന്മേല്‍ മറ്റാര്‍ക്കും അവകാശമുണ്ടായിരുന്നില്ല) രാഷ്ട്രപതി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലോ നെഹ്‌റുവിന് എതിര്‍പ്പുണ്ടായിരുന്നു എന്ന ആരോപണം ശരിയല്ല. ഔചിത്യത്തെക്കുറിച്ചാണ് നെഹ്‌റു സൂചിപ്പിച്ചത്. പ്രസാദാകട്ടെ തന്റെ ഭരണഘടനാ പദവിയേയും ഹിന്ദുവെന്ന വ്യക്തിസത്തയേയും വേര്‍തിരിച്ചു കാണാനാണ് നെഹ്‌റുവിനോട് ആവശ്യപ്പെട്ടത്. നെഹ്‌റു ചൂണ്ടിക്കാണിച്ച പരിപാടിയുടെ അപകടകരമായ ധ്വനികള്‍ ശ്രദ്ധിക്കാന്‍ അദ്ദേഹം കൂട്ടാക്കിയതുമില്ല. ഗാന്ധിജിക്കും നെഹ്‌റുവിനും പിടികിട്ടിയതെന്തോ അത് പ്രസാദിന് പിടികിട്ടിയില്ല എന്നു പറയാം.

ഈ സംവാദത്തില്‍ വെളിവാകുന്ന മറ്റൊരു കാര്യം ഇന്ത്യന്‍ രാഷ്ട്രസ്വത്വത്തെ ഹിന്ദു പുനരുദ്ധാരണ ശ്രമങ്ങളുമായി കൂട്ടിച്ചേര്‍ക്കരുത് എന്ന നെഹ്‌റുവിന്റെ നിലപാടാണ്. സ്വതന്ത്ര ഇന്ത്യന്‍ രാഷ്ട്രത്തിന്റെ സ്ഥാപനത്തിന്റെ തുടക്കം വലിയ സാമൂഹ്യ വിടവിന് കാരണമായ ഒരു ചരിത്ര സംഭവുമായി ബന്ധപ്പെടുത്തിക്കൊണ്ടാകരുതെന്നും ചരിത്രത്തിലെ മുറിവുകളെ ആഘോഷമാക്കരുതെന്നുമുള്ള നെഹ്‌റുവിന്റെ കാഴ്ചപ്പാട് സോമനാഥ വിവാദത്തിലെ ഇടപെടലില്‍ കാണാവുന്നതാണ്. ഗാന്ധിജിയുടെ അനുയായികളായി തുടരുമ്പോള്‍ തന്നെ വിഭജനാനന്തര ഇന്ത്യയുടെ പുനര്‍നിര്‍മ്മിതി ഹിന്ദു ഉപരിവര്‍ഗ്ഗത്തിന്റെ ഇച്ഛാനുസൃതമായി, ഇഷ്ടങ്ങള്‍ക്കൊപ്പവുമാകണമെന്ന വാദം നെഹ്‌റുവിന്റെ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കുമുണ്ടായിരുന്നു. ഗാന്ധിയനെന്ന് അഭിമാനിച്ചിരുന്ന മുന്‍ഷി അവസാനകാലത്ത് ജനസംഘത്തില്‍ ചേരുകയുണ്ടായി.

ദേശീയ പ്രസ്ഥാനത്തിനകത്തും കോണ്‍ഗ്രസ്സിലും എപ്പോഴും നിലനിന്നുപോന്നിട്ടുള്ള ഈ വൈരുദ്ധ്യം ഏറ്റവും പ്രകടമാകാറുള്ളത് യുപി പോലുള്ള സംസ്ഥാനങ്ങളിലാണ്. 1949 ല്‍ അയോധ്യയിലെ ബാബ്‌റി പള്ളിക്കകത്ത് സീതാരാമലക്ഷ്മണന്മാരുടെ വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തപ്പെട്ടത് ജില്ലാ ഭരണകൂടത്തിന്റെ കൃത്യമായ സഹകരണത്തോടുകൂടിയാണെന്ന് കോടതി രേഖകളിലുണ്ട്. അതിനെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നെഹ്‌റു യുപി മുഖ്യമന്ത്രി ഗോവിന്ദ്‌വല്ലഭ് പന്തിന് കത്തെഴുതുകയുണ്ടായി. ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല കൈയ്യേറ്റത്തെ ുീലെശൈീി നും േെമൗേൂൌീ യുമായി തീര്‍പ്പിലാക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്തത്. പന്തിന്റെ അനന്തരാവകാശികള്‍ പില്‍ക്കാലത്ത് ബിജെപിയില്‍ ചേര്‍ന്നു.

ഇന്ന് കമല്‍നാഥിനെപ്പോലെയുള്ളവര്‍ അയോധ്യാ പരിപാടിക്ക് കൈയ്യടിക്കുമ്പോഴും കോണ്‍ഗ്രസ്സ് നേതൃത്വം നിശ്ശബ്ദത പാലിക്കുമ്പോഴും വെളിവാകുന്നത് പഴയ ആ വൈരുദ്ധ്യവും രാഷ്ട്രീയ നിലപാടുകള്‍ കൃത്യമായി അടയാളപ്പെടുത്താനുള്ള വിമുഖതയുമാണ്. നെഹ്‌റുവിന്റെ സെക്കുലറിസം വൈദേശികമാണ് എന്ന് സംഘ്പരിവാര്‍ ആവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് മിണ്ടാട്ടം മുട്ടുന്നത് ചരിത്രബോധം കമ്മിയായതുകൊണ്ടുമാത്രമല്ല. നെഹ്‌റു-പ്രസാദ് സംവാദത്തിലെ നെഹ്‌റു മതവിരുദ്ധനോ ഹിന്ദുവിരുദ്ധനോ ക്ഷേത്രവിരുദ്ധനോ അല്ല. പക്ഷേ മിത്തുകളുടെ അപാര സ്വാധീനത്തെക്കുറിച്ച് ബോധമുള്ളയാളും ചരിത്രത്തിന്റെ മുറിവായകളില്‍ രാഷ്ട്രീയം തേച്ചാലുണ്ടാകുന്ന നീറ്റലുകളെക്കുറിച്ച് ബോധ്യമുള്ളയാളുമാണ്. ആ നെഹ്‌റുവിന്റെ പ്രസക്തി ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. മതവും മിത്തും ചരിത്രവും ഇഴചേരുന്ന നെയ്ത്ത് ഒരു പക്ഷേ ഗാന്ധിജിയെപ്പോലെയോ ലോഹ്യയെപ്പോലെയോ നെഹ്‌റുവിന് വഴങ്ങിയിരുന്നില്ല. പക്ഷേ, അതിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ച് തികഞ്ഞ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഗാന്ധി-നെഹ്‌റു ദ്വന്ദ്വത്തിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ നയിക്കേണ്ടിയിരുന്ന ജെപി-ലോഹ്യ നേതൃത്വം അധികാരരാഷ്ട്രീയത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത് ചില അന്വേഷണങ്ങളെങ്കിലും വഴിമുട്ടിപോകുന്നതിന് കാരണമായിട്ടുണ്ട്.

സോമനാഥില്‍ ക്ഷേത്രാരാധനയ്ക്കാണ് മുന്‍തൂക്കം ലഭിച്ചതെങ്കില്‍ എഴുപതു കൊല്ലത്തിനിപ്പുറം അയോധ്യയില്‍ രാഷ്ട്രീയമാണ് മുന്നിട്ടു നില്‍ക്കുന്നത്. രാമജന്മഭൂമി പ്രസ്ഥാനം ഒരു രാഷ്ട്രീയ മുന്നേറ്റമായിരുന്നു. അയോധ്യയിലെ ബാബറിപ്പള്ളി പൊളിച്ചുകളഞ്ഞ് അവിടെയൊരു രാമക്ഷേത്രം പണിയണമെന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ അധികാരത്തിലെത്തിക്കാനും ഒരു രാഷ്ട്രീയ ചിന്തയെ ഇന്ത്യന്‍ സ്റ്റേറ്റിന്റെ മര്‍മ്മസ്ഥാനത്തും പ്രതിഷ്ഠിക്കാനുമുള്ള അജണ്ട മാത്രമായിരുന്നു. ആ പ്രസ്ഥാനത്തില്‍ മുസ്‌ലിം വിരുദ്ധത പ്രകടമായിരുന്നു. നൂറുകണക്കിന് ആളുകളാണ് അദ്വാനിയുടെ രഥയാത്രക്കാലത്ത് കൊല്ലപ്പെട്ടത് എന്ന് കണക്കാക്കപ്പെടുന്നു. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണസംവിധാനവും കോടതികളും ആ ശ്രമങ്ങള്‍ക്ക് കുട പിടിച്ചുനിന്നു. അയോധ്യയില്‍ ബാബറിപ്പള്ളി നിന്നിടത്ത് ഉയരുന്നത് ഒരു ഹിന്ദുക്ഷേത്രമല്ല, സംഘപരിവാര്‍ മന്ദിരമാണ്. അവിടുത്തെ പോരാളിയായ രാമന്‍ വാല്‍മീകിയുടെയോ കബീറിന്റെയോ എഴുത്തച്ഛന്റെയോ ത്യാഗരാജസ്വാമികളുടെയോ ഗാന്ധിജിയുടെയോ രാമനല്ല. അത് വിശ്വഹിന്ദു പരിഷത്തിന്റെ, അദ്വാനിയുടെ രാമനാണ്. നുണയും ചതിയും ചേര്‍ന്ന അധികാര രാഷ്ട്രീയത്തിന്റെ പ്രതിഷ്ഠാപനമാണ് ഓഗസ്റ്റ് 5 ന് അയോധ്യയില്‍ നടന്നത്. അതുകൊണ്ട് തന്നെ ശിലാന്യാസത്തിന് സംഘപരിവാര്‍ നേതാവായ മോദിയുടെ സാന്നിധ്യത്തില്‍ അത്ഭുതപ്പെടേണ്ടതില്ല. പക്ഷേ, പ്രധാനമന്ത്രി പദവി വഹിക്കുന്നയാള്‍ ഇതിനൊരുങ്ങുന്നതില്‍ അനൗചിത്യവും അപാകതയും അപകടവുമുണ്ട്.

ബാബറി ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ തീര്‍പ്പുകല്പിക്കവേ 1949 ലും 1992 ഡിസംബര്‍ 6 നും നടന്ന അക്രമങ്ങളെ സുപ്രീം കോടതി അപലപിക്കുകയുണ്ടായി. എന്നു മാത്രമല്ല, പള്ളി പൊളിക്കല്‍ ഒരു ക്രിമിനല്‍ നടപടിയായിരുന്നു എന്ന കേസ് ഇപ്പോഴും കോടതിയില്‍ നടക്കുന്നുണ്ട്. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ കേസില്‍ പ്രതികളാണ്. ഈ സാഹചര്യത്തില്‍ ആ ക്രിമിനല്‍ നടപടിയില്‍ കൂടി കൈവശപ്പെടുത്തിയ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഈ മഹാമാരിയുടെ സമയത്ത് പ്രത്യക്ഷപ്പെടുമ്പോള്‍ അതിന്റെ രാഷ്ട്രീയധ്വനി എന്തായിരിക്കും? ഭരണകൂടം നല്‍കാനുദ്ദേശിക്കുന്ന സന്ദേശം എന്തായിരിക്കും?

വാസ്തവത്തില്‍ ശ്രീരാമന് ഈ കലാപരിപാടിയില്‍ ഒരു അപ്രധാന വേഷം മാത്രമാണുള്ളത് എന്നാരെങ്കിലും പറഞ്ഞാല്‍ കുറ്റപ്പെടുത്തരുത്. സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം കണ്ടു. വലിയൊരു മണിമന്ദിരത്തിലേക്ക് മോദിയുടെ കൈപിടിച്ച് നടന്നുകയറുന്ന ശസ്ത്രധാരിയായ ഒരു ബാലന്‍. ഈ ചിത്രം ശിലാന്യാസ സന്ദര്‍ഭത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. ശിലാന്യാസ വേദിയില്‍ ഹവനകുണ്ഡത്തിന് ചുറ്റും മോദിക്കു പുറമെ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, ഗുജറാത്ത് മന്ത്രിയും ഇപ്പോള്‍ ഉത്തര്‍പ്രദേശ് ഗവര്‍ണറുമായ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ആദിത്യനാഥ് എന്നിവര്‍ ഇരിപ്പുറപ്പിച്ചിരുന്നു. പഴയ അയോധ്യ സംഘത്തിലെ പ്രധാനികള്‍- അദ്വാനി, ജോഷി, ഉമാഭാരതി, കല്യാണ്‍സിംഗ്, വിനയ് കട്യാര്‍- ആരും തന്നെ ഇന്ന് ബിജെപിയില്‍ സ്വാധീനം ഉള്ളവരല്ല, അവരില്‍ ഉമാഭാരതി മാത്രമാണ് ചടങ്ങില്‍ എത്തിയത്. ടെലിവിഷന്‍ ക്യാമറകള്‍ പറഞ്ഞുതന്ന കഥ വളരെ ലളിതമായിരുന്നു: മോദിയാണ് താരം. മോദി മാത്രമാണ് താരം. മോദിക്കൊപ്പമുണ്ടാവേണ്ടിയിരുന്ന ആഭ്യന്തരമന്ത്രി അമിത്ഷായെ കോവിഡ് ചതിച്ചു. അതുകൊണ്ട് ക്യാമറകള്‍ മോദിയെ മാത്രം ആശ്ലേഷിച്ചു. രാമക്ഷേത്രത്തിന്റെ ശിലാന്യാസമായിരുന്നില്ല അത്, ഹിന്ദുരാഷ്ട്രത്തിന്റെ തറക്കല്ലിടീല്‍ ആയിരുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയരുത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ശ്രദ്ധയിലേക്ക് വന്നതാണ് ബാബറി പള്ളിയെച്ചൊല്ലിയുള്ള തര്‍ക്കം. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പള്ളിയുടെ പിതൃത്വം മുഗള്‍ ചക്രവര്‍ത്തി ബാബറിന് ഹിന്ദുത്വ രാഷ്ട്രീയം കല്‍പ്പിച്ചുകൊടുത്തിട്ടുണ്ടെങ്കിലും തെളിവൊന്നും ലഭ്യമല്ല. പഴയ പുണ്യസ്ഥലിയാണ് അയോധ്യ. ശ്രീബുദ്ധന്റെ സാകേതവും ഇതേ അയോധ്യയാണ് എന്ന് പറയപ്പെടുന്നു. ബുദ്ധന്‍ അയോധ്യക്കടുത്ത് ഉദ്യാനത്തില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. ബുദ്ധവിഹാരങ്ങളാല്‍ സമ്പന്നമായിരുന്നു ഒരു കാലത്ത് അയോധ്യ എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഒരുപാട് ജൈന തീര്‍ത്ഥങ്കരന്മാരും ക്ഷേത്രങ്ങളും സരയൂ തീരത്ത് വസിച്ചിരുന്നു. ഗുപ്ത സാമ്രാജ്യകാലത്ത് ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമാകുന്നുണ്ട് അയോധ്യ. പില്‍ക്കാലത്ത് ഔധിലെ നവാബുമാര്‍ തങ്ങളുടെ തലസ്ഥാനം അയോധ്യക്കപ്പുറത്ത് ഫൈസാബാദില്‍ നിര്‍മ്മിച്ചു. ശൈവ-വൈഷ്ണവ സംഘട്ടനങ്ങളുടെ രണഭൂമി കൂടിയായിരുന്നു അയോധ്യ എന്ന് നഗരചരിത്രം എഴുതിയ വലയ് സിംഗ് പറയുന്നുണ്ട്. (അ്യീറവ്യമ: ഇശ്യേ ീള ളമശവേ, രശ്യേ ീള ഉശരെീൃറ). പക്ഷേ രാമാനന്ദന്റെ പരമ്പരയുടെ സ്വാധീനത്തിലാണത്രേ ശ്രീരാമഭക്തിയുടെ കേന്ദ്രമായി പതിനാറാം നൂറ്റാണ്ടില്‍ അയോധ്യ മാറുന്നത്. ബൗദ്ധരേയും ജൈനരേയും പിന്‍തള്ളി രാമനന്ദികള്‍ നഗരം നിറഞ്ഞു. അന്നും സൂഫികളും പിന്നെ സിഖ് ഗുരുക്കന്മാരും അയോധ്യ സന്ദര്‍ശിക്കുന്നുണ്ട്. വളരെക്കാലം അയോധ്യയില്‍ താമസിച്ച അമീര്‍ ഖുസ്രോ അയോധ്യയെ വിശേഷിപ്പിച്ചത് നഗരോദ്യാനം എന്നാണ്. ഹിന്ദി-ഹിന്ദു ഇന്ത്യയുടെ ഹൃദയത്തുടിപ്പായ തുളസീദാസും അയോധ്യയില്‍ തങ്ങിയിട്ടുണ്ട്. പക്ഷേ അവരാരും തന്നെ രാമജന്മ സ്ഥാനത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കം തുടക്കമിട്ട ഒരു കേസിന് സ്വാഭാവികമായി വലിയ പ്രാധാന്യമൊന്നും അന്നാരും നല്‍കിയില്ല. വിഭജനത്തിന്റെ ദശകത്തില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കവേയാണ് ഉദ്യാനനഗരിയില്‍ രാമജന്മസ്ഥാനം ഒരു പള്ളിക്കു കീഴിലാണ് എന്ന വാദം വിശ്വാസമായി മാറുന്നത്. അതിന് രാഷ്ട്രീയരൂപം കൈവരുന്നത് 1964 ല്‍ ആര്‍എസ്എസ് രൂപീകരിച്ച വിശ്വഹിന്ദുപരിഷത്ത് രാമജന്മസ്ഥാനത്തെ ഒരു സമര വിഷയമാക്കിയതോടെയാണ്. 1984 ല്‍ വെറും രണ്ടു സീറ്റില്‍ ഒറ്റപ്പെട്ടുപോയ ബിജെപി വിശ്വഹിന്ദുപരിഷത്തിന്റെ രാമക്ഷേത്ര അജണ്ട ഏറ്റെടുക്കുന്നതിന്റെ സാഹചര്യം അന്നത്തെ ബിജെപി അധ്യക്ഷന്‍ അദ്വാനി തന്റെ ആത്മകഥയില്‍ വിശദമാക്കിയിട്ടുണ്ട്. മൂന്നുപതിറ്റാണ്ട് മാത്രമേ വേണ്ടിവന്നുള്ളൂ സംഘപരിവാറിന് രാമനെ മുന്‍നിര്‍ത്തി ഇന്ത്യന്‍ രാഷ്ട്രീയത്തെ തകിടം മറിക്കാന്‍. ആ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാന്‍ ഇന്ന് രാഷ്ട്രീയ മുഖ്യധാരക്ക് ഭയമാണ്. രാമനെ പ്രതിയാണ് ഭൂരിപക്ഷം ഹിന്ദുക്കളും വോട്ട് ചെയ്യുന്നത് എന്ന പൊതുബോധത്തിന്റെ തടവുകാരാണ് അവര്‍. മെജോറിറ്റേറിയനിസത്തിന്റെ ആക്രമോത്സുക രാഷ്ട്രീയം അടിത്തറ പാകിയ പുതിയ റിപ്പബ്ലിക്കിന്റെ ഉദയമാണ് രാമക്ഷേത്ര ശിലാന്യാസമെന്ന് സുഹാസ് പാല്‍ഷിക്കര്‍ എഴുതുകയുണ്ടായി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിഷ്പ്രഭമാകുന്ന പ്രതിപക്ഷത്തിന് ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ അജണ്ടകള്‍ ചെറുക്കാന്‍ കഴിയുന്നില്ല എന്നതിനപ്പുറം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആശയ ലോകത്തിനെതിരെ പൊരുതാനുള്ള ഭാഷയും അവരുടെ പക്കലില്ല.

ഹിന്ദുത്വത്തിന്റെ രാഷ്ട്രീയത്തെ ചെറുക്കണമെങ്കില്‍ ഭരണഘടനയുടെ ഭാഷ മാത്രം മതിയാവില്ല. സവര്‍ക്കറുടെ വരണ്ട യുക്തിവാദ ഹിന്ദുത്വമല്ല മോദിയുടെ ഹിന്ദുത്വം. തൗര്യത്രികത്തിന്റെ നാടകഭാഷയിലാണ് മോദി രാഷ്ട്രീയം ജീവിക്കുന്നത്. വേഷവും ഭാഷയും അഭിനയവും ചേര്‍ന്ന ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ യാഥാര്‍ത്ഥ്യമെന്ത്, സ്വപ്‌നമെന്ത്, നുണയേത് എന്നൊന്നും തീരുമാനിക്കാന്‍ കഴിയാത്ത വിധം അടിമപ്പെട്ടിരിക്കുകയാണ് ജനത. അനവധി അസുലഭമായ കഥകളാല്‍ അലങ്കരിതമായ അനന്തമായ ഒരു നോവലാണ് മിത്ത് എന്ന് ലോഹ്യ എഴുതിയിട്ടുണ്ട്. ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളാണ് അവരുടെ മിത്തുക്കളെന്നും അതിലൊന്നാണ് രാമകഥയെന്നും ലോഹ്യ എഴുതിയിട്ടുള്ളത് ഓര്‍ക്കുക. പല വേഷങ്ങളില്‍ ഒരുങ്ങി ഭാഷാചാതുരി ഉപയോഗിച്ച് ശ്രദ്ധാപൂര്‍വ്വം ഒരുക്കിക്കൂട്ടിയ കെട്ടുകാഴ്ചകളില്‍ കൂടി മോദി ഇന്ത്യന്‍ ഭാവനയില്‍ കയറിക്കൂടിയിരിക്കുന്നു. മോദി എന്ന യാഥാര്‍ത്ഥ്യം ഒരു ഭരണ പരാജയമായിരുന്നിരിക്കെ മോദി എന്ന മിത്തിനെ ജനം ആശ്ലേഷിച്ചുകഴിഞ്ഞിരിക്കുന്നു. അയോധ്യാ നാടകവും ആ മിത്തിനെ സമ്പന്നമാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്.

അതുകൊണ്ടാണ് അയോധ്യയിലെ പുതിയ രാമക്ഷേത്രം ഇന്ന് ഹിന്ദുക്കളുടെ പ്രശ്‌നമാകുന്നത്. സംഘപരിവാറിന്റെ രാഷ്ട്രീയ രാമനിലേക്ക് മറ്റ് രാമായണ പാരമ്പര്യങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് രാമഭക്തിയെ സ്വാംശീകരിക്കുന്നതിനെ ഹിന്ദുമതത്തിന്റെ അധികാരമുപയോഗിച്ചുള്ള കോളനിവല്‍ക്കരണം എന്ന് പ്രതാപ് ഭാനു മേത്ത വിശേഷിപ്പിക്കുകയുണ്ടായി. രാമക്ഷേത്രം ഇന്ന് രാമന്റെ ദുഃഖമായി മാറുന്നത് അതുകൊണ്ടാണ്. പള്ളിയുടെ അവശിഷ്ടങ്ങള്‍ക്ക് പുറത്ത് ഉയരുന്ന മണിമന്ദിരം മര്യാദാപുരുഷോത്തമന് കളങ്കമായി നിലകൊള്ളും. മൗലികവും ബഹുസ്വരവുമായ ഒരു ദേശരാഷ്ട്രത്തെ വിഭാവന ചെയ്ത ഗാന്ധിയും നെഹ്‌റുവും അംബേദ്ക്കറും ജെപിയും ആചാര്യ നരേന്ദ്രദേവും ലോഹ്യയുമൊക്കെ ഉള്‍പ്പെടുന്ന ഒരു രാഷ്ട്രീയധാര നിഷ്‌ക്കാസനം ചെയ്യപ്പെടുന്നതിന്റെ ചിത്രമാണ് നമ്മള്‍ അയോധ്യയില്‍ കാണുന്നത്.

രാമകഥ ദുരന്തപര്യവസാനിയായിരുന്നു. അധികാരത്തിന്റെയും വിശ്വാസ നഷ്ടങ്ങളുടെയും ദുരന്തനാടകം മാത്രമാണ് രാമചരിതം എന്ന് സി.എന്‍.ശ്രീകണ്ഠന്‍നായര്‍ പറഞ്ഞുതന്നിട്ടുണ്ട്. ‘സാകേത’ത്തില്‍ യവനിക വീഴുന്നതിന് മുമ്പ് സൂത്രധാരന്‍ പറയുന്ന വാക്കുകളും നമ്മെ വിടാതെ പിന്‍തുടരും. സി.എന്‍. ഉദ്ധരിച്ചിട്ടുള്ള ഗീതാശ്ലോകവും ആര്യവംശത്തിന്റെ തിന്മകള്‍ മാത്രമല്ല സമകാലിക ഇന്ത്യന്‍ സന്ദര്‍ഭത്തെക്കൂടി ഓര്‍മ്മപ്പെടുത്തുന്നു. ”ഇക്ഷ്വാകുവും ദിലീപനും അവസാനം നടന്ന വഴിക്ക് ആ സൂര്യവംശരാജാവും നടന്നു. മൃത്യുവിലേക്കുള്ള ആ വഴിയില്‍ പാപം ഇറക്കി വെയ്ക്കാന്‍, താവളം തേടി ദശരഥന്‍ നടന്നു. ഇരുളില്‍ കൈകള്‍ ആഞ്ഞാഞ്ഞുഴറി, ഒടുവില്‍ ഏതോ വെളിച്ചം മോഹിച്ച് തളര്‍ന്നു വീണുമരിച്ചു. മരണം ആ താവളം ആയിരിക്കാം. പാപം അവിടെ ഇറക്കി വെയ്ക്കാം. പക്ഷേ, മനുഷ്യന്‍ എന്തിന് ഈ പാപഭാരം പേറുന്നു?

അഥ കേന പ്രയുക്തോയം
പാപം ചരതി പുരുഷഃ
അനിച്ഛന്നപി വാര്‍ഷ്‌ണേയ!
ബലാദിവ നിയോജിത: ”

(പിന്നെയാരു നിയോഗിച്ചു/പാപം ചെയ്യുന്നു പുരുഷന്‍/ മനസ്സില്ലെങ്കിലും കൃഷ്ണ, പിടിച്ചേല്പിച്ച മാതിരി – വിവ: രാഘവന്‍ തിരുമുല്‍പ്പാട്.)

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “രാമന്റെ ദുഃഖം : അയോദ്ധ്യ മിത്തില്‍ നിന്ന് സംഘപരിവാര്‍ മന്ദിരത്തിലേക്ക്

  1. മികച്ച ലേഖനം

Leave a Reply