ഹരിദ്വാര്‍ : മോക്ഷത്തിലേക്കുള്ള സൈക്കഡലിക് സഞ്ചാരങ്ങള്‍

എം.മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള പഠനം

‘ജീവിതം ജീവിക്കാനര്‍ഹമല്ലെന്നു വിലയിരുത്തിയിട്ട് സ്വയം ജീവനെടുക്കുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്; ജീവിക്കാന്‍ തങ്ങള്‍ക്കൊരു കാരണമായ ആശയങ്ങളുടെയോ വ്യാമോഹങ്ങളുടെയോ പേരില്‍ കൊല്ലപ്പെടുന്ന വേറേ ചിലരെയും ഞാന്‍ കണ്ടു. അങ്ങനെ, എന്താണ് ജീവിതത്തിന്റെ അര്‍ത്ഥം എന്നതാണ് ഏറ്റവും സുപ്രധാനമായ പ്രശ്‌നമെന്ന നിഗമനത്തില്‍ ഞാനെത്തിച്ചേര്‍ന്നു’ – ആല്‍ബേര്‍ കാമു

‘മരണം വ്യര്‍ത്ഥമാക്കിയ ജീവിതത്തിനു നേരെ പുതിയ മനുഷ്യന്‍ കൈക്കൊണ്ട ജീവിതവീക്ഷണമാണ് ആധുനികത. നിക്ഷേധിക്കുന്നവരുടെയും ക്ഷോഭിക്കുന്നവരുടെയും മൊഴിയാണത്’- ‘എന്താണ് ആധുനികത’ എന്ന ഗ്രന്ഥത്തില്‍ എം മുകുന്ദന്‍ ആധുനികതയ്ക്ക് നല്‍കുന്ന ഒരു നിര്‍വചനമാണിത്. പിറവിയുടെയും ദൈനംദിന വര്‍ത്തമാനത്തിന്റെയും അന്ത്യനിദ്രയുടെയും പൊരുളറിയാത്ത; അസംബന്ധം നിറഞ്ഞ ക്രിയാനൈരന്തര്യമാണല്ലോ ഒന്നോര്‍ത്തു നോക്കിയാല്‍ ജീവിതം. ഈ നിരര്‍ത്ഥകത എക്കാലത്തും മനുഷ്യനെ അലട്ടിയ ശാപമാണ്. ഗര്‍ഭപാത്രത്തിന്റെ സുരക്ഷിതത്വത്തില്‍ നിന്നുള്ള വിടുതല്‍; നഷ്ടമായ പറുദീസക്ക് സമാനമായി മനുഷ്യനെ മരണം വരെ പിന്‍തുടരുകയുമാണ്. മലയുടെ തുഞ്ചത്തെക്ക് കല്ലുരുട്ടിക്കയറ്റി, കഠിനാധ്വാനത്തിനൊടുവില്‍ അതിനെ താഴേക്കു തന്നെ പതിക്കാന്‍ അനുവദിച്ച സിസിഫസും നാറാണത്തുഭ്രാന്തനും അതിപുരാതനകാലം മുതല്‍ തുടങ്ങുന്ന ഈ വ്യര്‍ത്ഥതാ ബോധത്തിന്റെ പുരാവൃത്ത രൂപങ്ങളാണ്.

‘കാഫ്കയുടെയോ കമ്യുവിന്റെയോ തൂലികയില്‍ നിന്നല്ല ആധുനികത ജന്മം കൊണ്ടത്. നൂറ്റാണ്ടുകള്‍ക്കോ യുഗങ്ങള്‍ക്കോ മുന്‍പ് തന്റെ സൃഷ്ടാവിനും മരണത്തിനും നേരെ ആദ്യമായി ക്ഷോഭിച്ചവനാണ് ആധുനികതയ്ക്ക് ജന്മം നല്‍കിയത്’ എന്ന മുകുന്ദന്റെ വാക്കുകള്‍ ആധുനികതയുടെ കര്‍തൃത്വപരമായ ധാരണകളെ തള്ളിക്കളയുന്നതാണ്. കാലാകാലങ്ങളായി തുടര്‍ന്നു വരുന്നതും നിലനില്‍പ്പിനെ പ്രതിയുള്ളതുമായ ആന്തരിക-ബാഹ്യ ലഹളയുടെ സര്‍ഗ്ഗാത്മകമായ വരമൊഴി രൂപമാണ് ഈ നിലയില്‍ നാം പരിചയിച്ച ‘ആധുനികത’.

 

 

 

 

 

എം മുകുന്ദന്റേതായി 1972-ല്‍ പുറത്തുവന്ന ‘ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു’ എന്ന നോവല്‍ ആധുനികതയുടെ രോഗാതുര സൗന്ദര്യത്തെ ഏറിയപങ്കും ആവാഹിക്കുന്ന ഒന്നാണ്. ഒരു സ്പാനിഷ് സായിപ്പിന്റെ വിവര്‍ത്തകനും ചെസ്സ് കളിക്കാരനുമായ രമേശ് പണിക്കര്‍ അയാളുടെ കാമുകിയും വിദ്യാര്‍ത്ഥിനിയുമായ സുജ എന്നിവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. നോവല്‍ രചിക്കപ്പെടുന്ന എഴുപതുകളില്‍ സജീവമായിരുന്ന ആശയങ്ങളുടെ സ്വാധീനവും അതേ തുടര്‍ന്നുള്ള പ്രയോഗ ശ്രമങ്ങളും നായകനായ രമേശനില്‍ കാണാം. അറുപതുകളുടെ മധ്യത്തില്‍ അമേരിക്കയില്‍ നിന്നും തുടങ്ങി ലോകമാസകലം പടര്‍ന്നുപിടിച്ച കൗണ്ടര്‍ കള്‍ച്ചര്‍ മുന്നേറ്റമായ ഹിപ്പി സംസ്‌കാരം അതില്‍ പ്രധാനമാണ്. രമേശന്റെ ലഹരി ഉപയോഗവും അതിനെ തുടര്‍ന്നുള്ള അയാളുടെ സാമൂഹിക നിരീക്ഷണങ്ങളും ഇതിനെ സാധൂകരിക്കുന്നു.

മദ്യത്തില്‍ നിന്ന് ഭാംഗിലേക്കും സിഗരറ്റില്‍ നിന്ന് ഛരസിലെക്കും പുതു പാതകള്‍ വെട്ടിയ രമേശനെയാണ് നോവലിന്റെ തുടക്കത്തില്‍ തന്നെ നാം കാണുന്നത്. തന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നോവലില്‍ ഒരിടത്തും അയാള്‍ക്ക് കുറ്റബോധമുള്ളതായി ചിത്രീകരിക്കുന്നില്ല. അയാള്‍ ലഹരിയുടെ കയങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഊളിയിടുകയാണ്.
ഹിപ്പി മുന്നേറ്റത്തിന്റെ പ്രവാചകന്മാരിലൊരാളായ തിമോത്തി ലാറി ഒരു പുതിയ മതത്തിന് തന്നെ അമേരിക്കയില്‍ രൂപം നല്‍കിയിരുന്നു. ദിവസവും ഒരു മണിക്കൂറെങ്കിലും തുടര്‍ച്ചയായി ലഹരി ഉപയോഗിക്കുക എന്നതാണ് അദ്ദേഹത്തിന്റെ മതം നിഷ്‌കര്‍ഷിച്ചത്.

ഹിപ്പി മുന്നേറ്റത്തിന്റെ ഈ സൈക്കഡലിക് സംസ്‌കാരം നോവലിലെ നായകനെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. ഹിപ്പി സംസ്‌കാരത്തിന്റെ തന്നെ ഉപോല്പന്നമായ ലൈംഗിക അരാജകത്വവും നായകനില്‍ പ്രകടമാണ്. അയാള്‍ വിവര്‍ത്തകനായി ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയോടൊത്ത് ഒരേ പെണ്ണിനൊപ്പം മൂവരും ശയിക്കുന്ന പതിവുള്ളതായി നോവലില്‍ പ്രസ്താവിച്ചു കാണുന്നു. അതോടൊപ്പം തന്നെ വിവാഹത്തെക്കുറിച്ചുള്ള അയാളുടെ സമീപനങ്ങളും ഇതിനു സമാനമാണ്. വിവാഹം ബന്ധങ്ങളെ സ്ഥാപനവല്‍ക്കരിക്കുന്നു എന്നാണ് അയാള്‍ കരുതുന്നത്. ‘ഫ്രീ സെക്‌സ് അനുവദിക്കുന്ന ഒരു സൊസൈറ്റി ആണ് എന്റെ കണ്ണില്‍ സ്വര്‍ഗ്ഗം’ , ‘ഇന്‍ ദ ലാസ്റ്റ് കൗണ്ട് അച്ഛനും അമ്മയും ഇല്ല. ആണുംപെണ്ണുമേയുള്ളൂ’ തുടങ്ങിയ രമേശന്റെ വാക്കുകള്‍ അയാളുടെ ലൈംഗിക അരാജകത്വത്തെ അടിവരയിടുന്നു.

കമ്മ്യൂണിസത്തോട് അയാള്‍ക്കുള്ള അനുഭാവത്തിന്റെ ലാഞ്ചനകളും നോവലില്‍ പലയിടങ്ങളിലായി കാണാം. ചെസ്‌ബോര്‍ഡില്‍ മാവോയുടെ യുദ്ധതന്ത്രത്തെ ആവിഷ്‌കരിക്കുന്നതു മുതല്‍ പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും കമ്മ്യൂണിസം തല പൊക്കുന്നതായി കാണാം. കാമുകിയോടൊത്ത് അയാള്‍ നടത്തിയ ഹരിദ്വാര്‍ യാത്രയില്‍ മാനസാ ദേവിയുടെ ക്ഷേത്രത്തിലെത്തിയ അയാള്‍ പ്രാര്‍ത്ഥിക്കുന്നത് ‘വിയറ്റ്‌നാമിലെയും ബയാഫ്രായിലേയും രക്തച്ചൊരിച്ചിലുകള്‍ അവസാനിപ്പിക്കാന്‍’ ആണ്. തന്റെ ജന്മ നാട് താന്‍ ജോലി ചെയ്യുന്ന ഡല്‍ഹിയിയോ പിറന്ന കേരളമോ അല്ലെന്നും ഭൂമിയാണെന്നുള്ള അയാളുടെ പ്രഖ്യാപനം കമ്മ്യൂണിസ്റ്റ്-ഹിപ്പി ചിന്തകളോട് ഒരുപോലെ യോജിക്കുന്നതാണ്.

എന്നാല്‍ നോവലില്‍ ഒരിടത്ത് രമേശന്‍ സുജയുമായി നടത്തുന്ന സംവാദത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങളെ തലകീഴായി കെട്ടിത്തൂക്കുന്ന നായകനാണ് ദൃശ്യമാകുന്നത്. നഗരം പ്രോലിക്കേറിയേറ്റിനെ ബൂര്‍ഷ്വായായും ഗ്രാമം ബൂര്‍ഷ്വാസിയെ പ്രോലിറ്റേറിയേറ്റായും മാറ്റുമെന്ന റെഴീസ് ദെ ബ്രെയുടെ ചിന്തയെ ആണ് ഇതിനായി അയാള്‍ കൂട്ടുപിടിക്കുന്നത്.
ദെ ബ്രേയുടെ ചിന്തകളെ അടിസ്ഥാനമാക്കി, റഷ്യന്‍ വിപ്ലവം ഒരു ബൂര്‍ഷ്വാ വിപ്ലവമാണെന്നും പെട്രാഗോഡ് ഒരു നഗരമായിരുന്നല്ലോ എന്നുമാണ് അയാള്‍ കാമുകിയെ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. ഇത് അയാളുടെ വര്‍ഗ്ഗപരമായ നിലപാട് കൂടിയായി കണക്കാക്കിയാല്‍ തെറ്റു പറയാനാകില്ല.

നായകന്റെ അമ്മ ഒരു കോളേജ് അധ്യാപികയാണ് എന്നതു മുതല്‍ ഡല്‍ഹിയിലെ അയാളുടെ തൊഴില്‍ പ്രദാനം ചെയ്യുന്ന സുഖലോലുപതകള്‍ വരെ അയാളുടെ ബൂര്‍ഷ്വാ വര്‍ഗ്ഗ പരിസരത്തിന്റെ അടയാളങ്ങളാണ്. ഹരിദ്വാറില്‍ എത്തുന്ന അയാള്‍ തിരഞ്ഞെടുക്കുന്ന മുന്തിയ താമസസൗകര്യവും പണം ചെലവഴിക്കുന്നതില്‍ അയാള്‍ക്കുള്ള നിര്‍ലോഭ സമീപനവും രമേശന്റെ ബൂര്‍ഷ്വാ സംസ്‌കാരത്തെ പിന്‍പറ്റുന്നതാണ്. തൊഴിലാളികളോടുള്ള അയാളുടെ നിര്‍ദോഷം എന്ന് തോന്നിപ്പിക്കുന്ന നിര്‍ദാക്ഷിണ്യങ്ങളും ഉപരിവര്‍ഗ-ആധിപത്യ സ്വഭാവത്തിന്റെ അടയാളങ്ങളാണ്.

ഹരിദ്വാറില്‍ അവരുടെ പുറകെ കൂടുകയും ഇഷ്ടമുള്ളത് തന്നാല്‍ മതി എന്ന് പറഞ്ഞ് സവാരിക്കായി കെഞ്ചുകയും ചെയ്യുന്ന റിക്ഷാവാലയോട് റിക്ഷയില്‍ കയറി ഇരുന്ന ശേഷം മാനസാ ദേവിയുടെ കുന്നിന്‍ മുകളിലേക്ക് പോകാനാണ് രമേശന്‍ ആവശ്യപ്പെടുന്നത്. ചെങ്കുത്തായ പടികള്‍ കയറി എത്തേണ്ട ഒരു മലയിലേക്ക് പോകാന്‍ റിക്ഷാക്കാരനോട് കല്‍പ്പിക്കുകയും അവന്റെ നിസ്സഹായതയില്‍ രസിക്കുകയും ചെയ്യുന്ന രമേശനില്‍ ബൂര്‍ഷ്വാ സംസ്‌കാരത്തിന്റെ മനോഭാവമാണ് ബഹിര്‍സ്ഫുരിക്കുന്നതെന്ന് ഉറപ്പിക്കാനാകും. റിക്ഷാക്കാരന് വച്ചുനീട്ടുന്ന ഒരു രൂപ ഔദാര്യത്തില്‍ അധികാരത്തിന്റെ ഉദാരതയും തെളിഞ്ഞുകാണാം.

ഏകാന്തത, ശൂന്യതാബോധം, മരണഭയം, സ്ഥിരതയില്ലായ്മ, നിരാശ, ഈഡിപ്പല്‍ കോംപ്ലക്‌സ്, ഗര്‍ഭാശയത്തിലേക്ക് മടങ്ങാനുള്ള വ്യഗ്രത, പാപബോധം, ആത്മപീഡനം, പരപീഡനം എന്നിങ്ങനെ നിരവധി സ്വഭാവ വ്യതിയാനങ്ങള്‍ രമേശനില്‍ കാണാം. ഇവയില്‍ ആത്മപീഡനം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. സ്വസ്ഥതയില്ലായ്മക്കു പരിഹാരമായി സ്വന്തം വിരല്‍ മുറിച്ച് ശാന്തി തേടുന്ന നായകനില്‍ ആത്മ പീഡനത്തിന്റെ ആദ്യാങ്കുരങ്ങള്‍ കാണാം. തനിക്ക് മാരകമായ എന്തെങ്കിലും രോഗങ്ങള്‍ പിടിപെട്ടിരുന്നുവെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്, അയാളില്‍ മസോക്കിസ്റ്റ് (ആത്മപീഡനം) പ്രവണതകള്‍ ശക്തി പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ട്രെയിന്‍ യാത്രയില്‍ കാണുന്ന വിദേശി സ്വന്തം കാമുകിയെ ബലാത്സംഗം ചെയ്യുന്നതായി സങ്കല്‍പ്പിക്കുന്ന രമേശന്‍ മസോക്കിസത്തിന്റെ മൂര്‍ത്തരൂപമായി മാറുകയാണ് പിന്നീട്.

സുജ എന്ന നായികയിലേക്കു വരുമ്പോള്‍, രമേശന്റെ ചിന്താഗതികളുമായി ഏറെ സാമ്യങ്ങള്‍ കാണാം. ‘അവള്‍ ഹിപ്പികള്‍ ജനിക്കുന്നതിനു മുന്‍പ് ഹിപ്പി ആയി, ചെഗുവേരയെ മരിക്കുന്നതിനു മുന്‍പ് തന്നെ ഹീറോവാക്കി’ – എന്നാണ് നോവലില്‍ ഒരിടത്ത് അവളെ വിശേഷിപ്പിക്കുന്നത്. ലഹരി, ലൈംഗിക അരാജകവാദം എന്നിവ ഒഴിച്ചുനിര്‍ത്തിയാല്‍ നായികയും അലക്ഷ്യവും ഏറെക്കുറെ അരാജകവുമായ ജീവിതമാണ് നയിക്കുന്നത്. രമേശന്റെ യാത്രകളില്‍ അവള്‍ പലപ്പോഴും സന്തതസഹചാരിയാണ്. ധാരാളമായി പുസ്തകങ്ങള്‍ വായിക്കുന്നവളും വിവാഹപൂര്‍വ്വ ലൈംഗീക ബന്ധത്തെ എതിര്‍ക്കാത്തവളുമാണ് നായിക. റിക്ഷാക്കാരനോട് – ‘നീ രക്താര്‍ബുദം വന്ന് മരിച്ചവനാണ്’ എന്ന് പറയുകയും; താന്‍ ‘ഭാര്യയും കുട്ടിയും ഉള്ളവനാണ് ഇപ്രകാരം പറയരുത്’ എന്ന് അയാള്‍ കെഞ്ചുമ്പോള്‍ ‘നിന്റെ ഭാര്യക്കും കുട്ടിക്കും ഞാന്‍ ചിലവിന് കൊടുക്കാം’ എന്ന് ധാഷ്ഠ്യം പറയുകയും ചെയ്യുന്ന സുജയെ നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്. രമേശന്റേതിന് ഒട്ടും പുറകിലല്ലാത്ത അധീശത്വ ബോധം തനിക്കും ഉണ്ട് എന്ന് തെളിയിക്കുന്ന നായികയെ ഇവിടെനിന്ന് കണ്ടെത്തവുന്നതാണ്.

ഹരിദ്വാറില്‍ നിന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം വീണ്ടും തനിയെ ഹരിദ്വാറിലേക്ക് തിരിക്കുന്ന രമേശനെയാണ് നോവലിന്റെ ഒടുവില്‍ നാം കാണുന്നത്. നാഗരികനായ സഞ്ചാരിയായല്ല ഭിക്ഷുവായിയാണ് ഇത്തവണ രമേശന്‍ യാത്ര തിരിക്കുന്നത്. ഹരിദ്വാറിലേക്കുള്ള ആദ്യയാത്രയില്‍ ചുടേല്‍ എന്ന കറുത്ത സത്വത്തെ പാപത്തിന്റേയും; വെളുത്ത പശുവിനെ പുണ്യത്തിന്റേയും പ്രതിരൂപമായി രമേശ് സുജക്ക് മുന്‍പില്‍ അവതരിപ്പിച്ചിരുന്നു. പാപ-പുണ്യ ദ്വന്ദ്വങ്ങളുടെ സംഘര്‍ഷത്തിന് ഹരിദ്വാര്‍ അയാളില്‍ ആക്കംകൂട്ടി എന്നത് തീര്‍ച്ചയാണ്. തനിച്ചുള്ള ഹരിദ്വാര്‍ സന്ദര്‍ശനത്തില്‍ അയാള്‍ ചുടേലിന്റെ ശവശരീരം കണ്ടെത്തുന്നുണ്ട്. പാപനാശത്തിന്റെ ബിംബമായാണ് ചുടേലിന്റെ മരണം ഇവിടെ പ്രത്യക്ഷപ്പെടുന്നത്.

‘എന്ത് പാപമാണ് നാം ചെയ്തത്’ എന്ന കാമുകിയുടെ ചോദ്യത്തിന് രമേശന്‍ കൃതിയില്‍ ഒരിടത്ത് നല്‍കുന്ന മറുപടി ഇവിടെ എടുത്തുപറയേണ്ടതുണ്ട്. ‘ജീവിച്ചിരിക്കുന്നു എന്ന പാപം’ – എന്ന അയാളുടെ മറുപടി നോവലിന്റെ സത്തയെത്തന്നെ ഉള്‍ക്കൊള്ളുന്നതാണ്. ‘ജനനമെന്ന തെറ്റിനുള്ള ശിക്ഷയാണ് ജീവിതം’ എന്ന ഷെനെയുടെ വാക്കുകളും, ‘എന്റെ ജന്മത്തോടെയാണ് എന്റെ ദുഃഖങ്ങള്‍ തുടങ്ങുന്നത്’ എന്ന റൂസ്സോയുടെ വാക്കുകളും ഇവിടെ ഉയര്‍ന്നുകണ്ട അസ്തിത്വപരമായ ആശങ്കകളുടെ പൂര്‍വ്വ മാതൃകകളാണ്.

‘ഒരു വ്യക്തിയില്‍ ദാര്‍ശനിക വ്യഥ ഉരുത്തിരിയാന്‍ പല കാരണങ്ങളുണ്ടാവാം. മുള്ളില്‍ ചവിട്ടിയാലും സൂചി കൊണ്ട് കുത്തിയാലും തീയില്‍ വിരല്‍ കൊണ്ടാലും നമുക്ക് വേദനിക്കും. എങ്ങനെ വേദനിക്കുന്നു എന്നതല്ല മൗലിക പ്രശ്‌നം. വേദനിക്കുന്നുണ്ടോ എന്നതാണ്’ എന്ന മുകുന്ദന്റെ തന്നെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് നിര്‍ത്തുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply