ഗൗരിയമ്മ അതിജയിച്ച ഇടത്തില്‍ ഹരിത പരാജയപ്പെടില്ല.
സ്ത്രീവിരുദ്ധമായ സമീപനങ്ങളും നിലപാടുകളും മുസ്ലിംലീഗിന്റെ മാത്രം കുത്തകയൊന്നുമല്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അവര്‍ക്ക് കഴിയുന്ന വിധത്തില്‍ സ്ത്രീവിരുദ്ധതയെ കൊണ്ട് നടക്കുന്നവരാണ്. സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും എത്രയെങ്കിലും ഉദാഹരണങ്ങള്‍ നമുക്കറിയാവുന്നതാണ്. ഇത്തരമൊരു അനുഭവ പരിസരത്ത് നിന്ന് സ്ത്രീ വിരുദ്ധ പൊതുബോധം ഉല്‍പാദിപ്പിക്കുന്നത് എങ്ങിനെ എന്നാണ് നാം അറിയേണ്ടത്. അഥവാ എന്ത് കൊണ്ടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീ വിരുദ്ധ ഉള്ളടക്കം കൊണ്ട് നടക്കുന്നത് എന്ന അന്വേഷണത്തിനാണ് നാം തയാറാവേണ്ടത് എന്നര്‍ഥം.
ആധുനിക ദേശ രാഷ്ട്ര സങ്കല്പത്തില്‍ ജനാധിപത്യം എന്ന ആശയം നിലനിര്‍ത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ റോളുകളുണ്ട്. ജനസമൂഹത്തിന്റെ ജനാധിപത്യ ബോധം ഉയര്‍ത്തിക്കൊണ്ടുവന്ന് രാജ്യനിവാസികളെ സ്വതന്ത്ര വ്യക്തിത്വങ്ങളായി രൂപപ്പെടുത്തുന്നതില്‍ നിസ്തുലമായ പങ്കാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വഹിക്കുന്നത്. ഭരണകൂടത്തിന്റെ എല്ലാതരം അടിച്ചമര്‍ത്തലിനെയും ചോദ്യം ചെയ്യാന്‍ പൗരനെ സജ്ജമാക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് അവിതര്‍ക്കിതമാണ്. ഈ അര്‍ഥത്തില്‍ ജനാധിപത്യ സ്ഥലികളുടെ വികാസത്തെ പുഷ്ടിപ്പെടുത്തുന്നവര്‍ എന്ന നിലയില്‍ ഏറെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന വലിയ ഒരു സ്ഥാപനമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പക്ഷെ ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീസമൂഹത്തോട് ഇവര്‍ കാണിക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനം ഒരു തുടര്‍ക്കഥയായി ഇപ്പോഴും ആചരിച്ച് പോവുന്നു.
കാലങ്ങളായി നിലനില്‍ക്കുന്ന ആണിന്റെ അധീശത്വ ബോധത്തില്‍ തന്നെയാണ് നിലവിലെ എല്ലാ സ്ഥാപനങ്ങളും മുന്നോട്ട് പോവുന്നത് എന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന സ്ഥാപനവും അതില്‍ നിന്ന് മുക്തമായിട്ടില്ല. ഒട്ടും ജനാധിപത്യപരമായി വികസിക്കാത്ത കുടുംബഘടനക്കകത്ത് നിന്ന് പുറമേക്ക് വന്ന് പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ആണും പെണ്ണും അടങ്ങുന്ന പൗരസമൂഹവും പുരുഷാധിപത്യത്തിന്റെ ഭാഷയില്‍ തന്നെയാണ് സംസാരിക്കുന്നത്. വലിയ ചോദ്യങ്ങളും അന്വേഷണങ്ങളും സ്ത്രീ നടത്തേണ്ടതില്ല എന്ന പൊതുബോധം തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടി എന്ന സ്ഥാപനത്തെയും മുന്നോട്ട് നയിക്കുന്നത്. കുടുംബത്തിനകത്ത് നിന്നും നേരിടുന്ന അടിച്ചമര്‍ത്തലുകളെ അതിജയിച്ച് സമൂഹത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് കയറിവരുമ്പോള്‍ അവിടെയും അടിച്ചമര്‍ത്തലിന് വിധേയമാവുന്ന സ്ത്രീസമൂഹത്തെ തന്നെയാണ് നാം കാണുന്നത്. പുരുഷമേധാവിത്വം അംഗീകരിച്ച് അനുസരണയോടെ മുന്നോട്ട് വരുന്ന ഒരു സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള ജനാധിപത്യ വികാസമെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും നേടിട്ടുള്ളൂ. അതിനാല്‍ പുരുഷന്‍ നിര്‍ണ്ണയിച്ച് തരുന്ന സ്ഥലകാലങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി മാത്രമെ സ്ത്രീക്ക് ലഭിക്കുകയുള്ളൂ. ഇതിനെതിരെ ശബ്ദിക്കുന്നവരെ ഭയപ്പെടുത്താനും കീഴൊതുക്കാനുമുള്ള ഒരു സംഘടനാ മെക്കാനിസം എല്ലാ രാഷ്ട്രീയ സംഘടനകള്‍ക്കുമുണ്ട്.
എന്നാല്‍ പുരുഷന്‍ കല്‍പിച്ചരുളിയ ഇത്തരം സ്ഥലകാലങ്ങളില്‍ നില്‍ക്കാന്‍ സന്നദ്ധമല്ലാത്ത ഒരു സ്ത്രീയൊ അല്ലെങ്കില്‍ ഒരു കൂട്ടം സ്ത്രീകളൊ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പുറത്തുള്ള ഒരു ഏജന്‍സിയെ സമീപിക്കുമ്പോള്‍ മാത്രമാണ് പാര്‍ട്ടികള്‍ക്കകത്ത് നടക്കുന്ന അടിച്ചമര്‍ത്തലുകളെകുറിച്ച് പുറം ലോകം അറിയുന്നത്. ഇത്തരത്തിലുള ഒരു പുറം ലോകം അറിയലായിരുന്നു കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന ഹരിത എന്ന വിദ്യാര്‍ഥിനി സംഘടനയുടെ പ്രശ്‌നം. മുസ്ലിം ലീഗിന്റെ പെണ്‍കുട്ടികളുടെ സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിതയിലെ പത്തോളം വിദ്യാര്‍ഥിനികളാണ് എം.എസ്.എഫ് എന്ന സംഘടനയുടെ നേതാക്കളില്‍ നിന്ന് തങ്ങള്‍ക്ക് നേരിട്ട ലൈംഗീക അധിക്ഷേപത്തിനെതിരെ നീതി തേടി വനിതാ കമ്മീഷനിലേക്ക് പോയത്. ഹാദിയ, പാലത്തായി, വാളയാര്‍ എന്നീ കേസുകളില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഒന്നും ചെയ്യാത്തവരാണ് എന്ന ആക്ഷേപം വനിതാ കമ്മീഷനെതിരെ ഉന്നയിച്ച ഹരിതയിലെ വിദ്യാര്‍ഥിനികള്‍ തന്നെയാണ് ഇതേ വനിതാ കമ്മീഷനെ സമീപിച്ചത് എന്നത് മറ്റൊരു ദുരന്തമാണ്. അഥവാ തങ്ങളുടെ പ്രശനങ്ങള്‍ അഡ്രസ്സ് ചെയ്യാന്‍ മുസ്ലിംലീഗ് തയ്യാറാവാത്ത ഒരു സാഹചര്യം രൂപപ്പെട്ടപ്പോള്‍ നീതിതേടി മറ്റ് വഴികളെ കുറിച്ച് അന്വേഷിക്കേണ്ടിവന്നു എന്നര്‍ഥം. സംഘടനക്കകത്ത് നിന്ന് നേരിട്ട അതിക്രമത്തിനെതിരെ സംഘടനയുടെ രക്ഷാധികാരമുള്ള മാതൃസംഘടനയെ സമീപിച്ചപ്പോള്‍ അവര്‍ക്ക് നീതിനിഷേധം അനുഭവപ്പെട്ടു. ഇപ്പോള്‍ ആ നീതി നിഷേധം കുറച്ചുകൂടി ശക്തമായി എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം വനിതാ കമ്മീഷനില്‍ പരാതി കൊടുത്ത വിദ്യാര്‍ഥിനികളുടെ നടപടി ശരിയല്ല എന്ന് പറഞ്ഞ് ഹരിത എന്ന സംഘടനയുടെ പ്രവര്‍ത്തനം തന്നെ നിശ്ചലമാക്കുകയാണ് മുസ്ലിംലീഗ് ചെയ്തത്. ജെന്‍ഡര്‍ രാഷ്ട്രീയത്തെ കുറിച്ച് ഒട്ടും തിരിച്ചറിവില്ലാത്ത ഒരു സംഘടനയായി ചരിത്രത്തില്‍ മുസ്ലിം ലീഗിനെ അടയാളപ്പെടുത്തുന്നതാണ് ഇത്തരം നടപടികള്‍.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇതുപോലുള്ള സ്ത്രീവിരുദ്ധമായ സമീപനങ്ങളും നിലപാടുകളും മുസ്ലിംലീഗിന്റെ മാത്രം കുത്തകയൊന്നുമല്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അവര്‍ക്ക് കഴിയുന്ന വിധത്തില്‍ സ്ത്രീവിരുദ്ധതയെ കൊണ്ട് നടക്കുന്നവരാണ്. സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും എത്രയെങ്കിലും ഉദാഹരണങ്ങള്‍ നമുക്കറിയാവുന്നതാണ്. ഇത്തരമൊരു അനുഭവ പരിസരത്ത് നിന്ന് സ്ത്രീ വിരുദ്ധ പൊതുബോധം ഉല്‍പാദിപ്പിക്കുന്നത് എങ്ങിനെ എന്നാണ് നാം അറിയേണ്ടത്. അഥവാ എന്ത് കൊണ്ടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീ വിരുദ്ധ ഉള്ളടക്കം കൊണ്ട് നടക്കുന്നത് എന്ന അന്വേഷണത്തിനാണ് നാം തയാറാവേണ്ടത് എന്നര്‍ഥം.
മാറ്റിനിര്‍ത്തലും അരികുവല്‍ക്കരണവും നേരിട്ട്‌കൊണ്ട് തന്നെയാണ് ചരിത്രത്തില്‍ എല്ലാ സ്ത്രീ മുന്നേറ്റങ്ങളും ഉണ്ടായിട്ടുള്ളത്. നിരന്തരം സ്ത്രീയെ അദൃശ്യപ്പെടുത്തലിന് വിധേയമാക്കുന്ന ഒരു പുരുഷാധിപത്യ സാമൂഹ്യക്രമമാണ് ഇവിടെയുള്ളത്. ഈ അദൃശ്യവല്‍ക്കരണത്തെയെല്ലാം അതിജയിച്ച് പൊതുമണ്ഡലത്തില്‍ സ്ത്രീക്ക് നിലനില്‍ക്കാന്‍ ആണത്തം പ്രകടിപ്പിക്കണം എന്ന മിഥ്യാബോധം നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. ധിഷണ ഇല്ലാത്തവളും ദുരബലയായിട്ടുള്ളവളും എന്ന നിലയിലാണ് സ്ത്രീ സമൂഹത്തെ ഇവിടുത്തെ സ്ത്രീകളുള്‍പ്പെട്ട പൊതുസമൂഹം നോക്കിക്കാണുന്നത്. അതുകൊണ്ട്തന്നെ പരിചരണം പോലുള്ള സ്‌ത്രൈണതയെ നിലനിര്‍ത്തുന്ന ജോലികളാണ് സ്ത്രീകള്‍ ചെയ്യേണ്ടത് എന്നും അതിനാല്‍ ഗാര്‍ഹികഇടത്തില്‍ നില്‍ക്കുന്നതാണ് സ്ത്രീക്ക് നല്ലത് എന്നും പറഞ്ഞ് വെക്കുന്നു. അഥവാ രാഷ്ട്രീയം, അധികാരം പോലുള്ള പൊതുമണ്ഡലങ്ങള്‍ ആണത്തത്തിന്റെ വേദിയാണെന്നും അവിടെ പുരുഷന് മാത്രമെ ഇടമുള്ളൂ എന്ന ബോധമാണ് ഇവിടെ നിലനില്‍ക്കുന്നത്.
ഒരു സ്ത്രീക്ക് അവളുടെ സ്‌ത്രൈണതയെ നിലനിര്‍ത്തി രാഷ്ട്രീയത്തില്‍ വരാന്‍ കഴിയില്ല എന്നും അവള്‍ ആണത്തം പ്രദര്‍ശിപ്പിച്ചാല്‍ മാത്രമെ രാഷ്ട്രീയ പ്രവേശം സാധ്യമാവൂ എന്ന തെറ്റായ ധാരണയെതിരുത്തേണ്ടതുണ്ട്. കാരണം ഇന്ത്യയിലും ലോകത്തും അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച സ്ത്രീകള്‍ ആണത്തം വിളംബരം ചെയത്‌കൊണ്ടല്ല അവിടെ എത്തിചേര്‍ന്നത്. അഥവാ അവരുടെ സ്‌ത്രൈണത നിലനിര്‍ത്തി കൊണ്ട് തന്നെയാണ് ഇന്ദിരാഗാന്ധി ജയലളിത മായാവതി തുടങ്ങി നിരവധി പേര്‍ അധികാര രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് എത്തിയത്.. സ്വന്തം ഇടത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നുമുള്ള പ്രത്യാക്രമണങ്ങളെ ഒരേ സമയം നേരിട്ട് കൊണ്ടാണ് ഗൗരിയമ്മ ഇവിടെ ജീവിച്ചത്. പൊതുമണ്ഡലത്തില്‍ വേട്ടയാടപ്പെട്ടതിന്റെ വലിയ ഒരു ദൃഷ്ടാന്തമായും അതോടൊപ്പം അതിനെ അതിജയിച്ചും ഗൗരിയമ്മ ഇപ്പോഴും ചരിത്രത്തില്‍ നില നില്‍ക്കുന്നത് അവരുടെ സ്‌ത്രൈണത കൊണ്ട് തന്നെയാണ്. ഗൗരിയമ്മയുടെ കലഹങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല മറിച്ച് അടിച്ചമര്‍ത്തപ്പെട്ട മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടികൂടിയായിരുന്നു. അതുകൊണ്ടാണ് ചരിത്ര പ്രസിദ്ധമായ പലബില്ലുകളും അവര്‍ക്ക് പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞത്. കേരള കര്‍ഷകബന്ധബില്ല്, സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുക്കല്‍ നിയമം, അഴിമതി നിരോധന നിയമം, വനിതാ കമ്മീഷന്‍ ആകട് തുടങ്ങിയ ബില്ലുകള്‍ വാര്‍ത്തെടുത്തത് ഗൗരിയമ്മയാണെന്ന് അറിയുമ്പോള്‍ മാത്രമെ നമുക്ക് അവരുടെ ഇടപെടലിന്റെയും കലഹത്തിന്റെയും വില മനസ്സിലാവുകയുള്ളൂ.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തരത്തില്‍ നിരന്തരം കലഹിച്ച് ഉഴുതുമറിച്ച കേരളത്തില്‍ ഹരിത പോലുള്ള ഒരു വിദ്യാര്‍ഥിനി സംഘടന പകച്ച്‌പോവുന്നത് ചരിത്രത്തിന്റെ പിറകോട്ട് പോക്കായിരിക്കും. അതു കൊണ്ടായിരിക്കാം എം എസ്.എഫിന്റെ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തെഹലിയ ഞങ്ങളുടെ മാതൃക ഗൗരിയമ്മയാണ് ഇ.എം.എസ് അല്ല എന്ന പ്രസ്താവന നടത്തിയത്’ ഈ പ്രസ്താവനയെ പിന്തുണക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ മുഴുവന്‍ മനുഷ്യരും തയാറായതും നാം കണ്ടതാണ്. അഥവാ സമൂഹം കല്‍പിച്ചു നല്‍കിയ രണ്ടാം സ്ഥാനം സ്വയം ഏറ്റെടുത്ത് കൊണ്ട് മുന്നോട്ട് പോവേണ്ടവരാണ് സ്ത്രീകള്‍ എന്ന ആണ്‍ബോധത്തെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സ്ത്രീകള്‍ അവരുടെ സ്വത്വം തിരിച്ചറിയുകയും അവരുടെ പ്രശ്‌നങ്ങള്‍ അവളായി തന്നെ ഉയര്‍ത്തികൊണ്ടുവരികയും ചെയ്യുന്ന പുതിയ ഒരു ലോകസാഹചര്യത്തെ കുറിച്ച് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോധമില്ലാതെപോയി.
സ്ത്രീ അവരുടെ സ്വത്വത്തിന് നേരെ വരുന്ന എല്ലാ നീക്കങ്ങളെയും തിരിച്ചറിയാനും ചെറുത്തു തോല്‍പിക്കാനുമുള്ള ഒരു ഇടം നേടിയെടുത്തത് സത്യത്തില്‍ ജനാധിപത്യത്തിന്റെ തന്നെ വിജയമാണ്. പക്ഷെ ഇത് തിരിച്ചറിയുന്നിടത്ത് നമ്മുടെ പുരുഷ കേന്ദ്രീകൃത ലോകം പരാജയപ്പെട്ട് കൊണ്ടിരിക്കുന്നു. മുതലാളിത്തവും പുരുഷ മേല്‍കോയ്മാ രാഷ്ട്രീയവും ഒന്നിച്ചണിനിര്‍ക്കുന്ന ലോകത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും. ജീര്‍ണിച്ച മുതലാളിത്ത സാംസ്‌കാരിക യുക്തിയില്‍ സ്ത്രീ വെറും ഒരു ചര്‍ക്ക് മാത്രമായി തീരുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതാണ് ഇത്തരം അതിക്രമങ്ങള്‍. അതോടൊപ്പം സ്ത്രീ സമൂഹത്തോടുള്ള തെറ്റായ മതസങ്കല്പങ്ങളും അവരെ അടിച്ചമര്‍ത്തലിനും നീതി നിഷേധത്തിനും വിധേയമാക്കപ്പെടുന്നു.
ഇത്തരം നീതിനിഷേധങ്ങള്‍ക്ക് നേരെയുള്ള കലഹങ്ങള്‍ തുടര്‍ന്ന് കൊണ്ടുതന്നെയാണ് ലോകത്ത് സ്ത്രീ മുന്നേറ്റം സാധ്യമായത്. അതുകൊണ്ട് ഹരിതയുടെ പോരാട്ടവും വെറുതെയാവില്ല എന്ന് നമുക്ക് മനസ്സിലാക്കാം. സ്ത്രീയെ അദൃശ്യപ്പെടുത്തി ഇനിയും മുന്നോട്ട് പോവാന്‍ കഴിയാത്ത ഒരു ലോക പരിസരമാണ് ഇവിടെ രൂപപ്പെടുന്നത്. പുരുഷ കേന്ദ്രികൃത സമൂഹം അംഗീകരിച്ചാലും ഇല്ലെങ്കിലും ലോകത്ത് നടക്കുന്ന സ്ത്രീമുന്നേറ്റത്തെ തടഞ്ഞു നിര്‍ത്താന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയില്ല എന്നവര്‍ മനസ്സിലാക്കണം. സ്വയം നവീകരിച്ച് മുന്നോട്ട് വന്നാല്‍ മാത്രമെ പുതിയ കാലത്തെ രാഷ്ട്രീയത്തെ ഏറ്റെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുകയുള്ളൂ. പുരോഗമനപരമായ ആശയങ്ങളും മുന്നേറ്റങ്ങളും സ്ത്രീകള്‍ തന്നെ ഉയര്‍ത്തി കൊണ്ട് വരുമ്പോള്‍ പഴയ ആണധികാരത്തിന്റെ ഭാഷയില്‍ സംസാരിക്കാതിരിക്കുന്നതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്ലത്. അഥവാ പുതിയ കാലത്ത് സ്ത്രീകളുടെ സ്വത്വത്തെ അവര്‍ തന്നെ നിര്‍ണയിച്ച് മുന്നോട്ട് വരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പഴയ പിതൃഅധികാര ഭാഷയിലെ ഉദ്ധരണികള്‍ കൊണ്ട് അവരെ ഇരുത്തിക്കളയാം എന്ന അന്ധവിശ്വാസം ഉപേക്ഷിച്ച് ജനാധിപത്യത്തിന്റെ പുതിയ ഭാഷയില്‍ സംസാരിക്കണം എന്നര്‍ഥം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in