സംഘപരിവാര്‍ കാലത്തെ ഗാന്ധി
ഗോഡ്‌സെ ഒരു വ്യക്തിയല്ല ഒരു പ്രതിനിധാനമാണ്.സഹവര്‍ത്തിത്വമൊ, സഹിഷ്ണുതയോ, അനുകമ്പയോ, സ്‌നേഹമോ അകത്തേക്ക് പ്രവേശിപ്പിക്കാതെ പരിശീലനം കിട്ടിയ മനുഷ്യയന്ത്രങ്ങളുടെ പ്രതിനിധി മാത്രമാണു ഗോഡ്‌സെ. ഇപ്പോള്‍ റോബോട്ടുകളുടെ കാലമായതിനാല്‍ ഇത്തരത്തില്‍ ഫീഡ് ചെയ്യപ്പെട്ട മനുഷ്യയന്ത്രങ്ങള്‍ കൂടി വരാന്‍ സാധ്യതയുണ്ട്. അപഗ്രഥനങ്ങളോ, അന്വേഷണങ്ങളോ ആവില്ല കുത്തി നിറച്ച വെറുപ്പായിരിക്കും മുന്‍ ധാരണ പോലെ ആ യന്ത്രങ്ങളെ നിയന്ത്രിക്കുക. അവരുടെ ഡാറ്റാ ബാങ്കില്‍ വെറുപ്പിന് മാത്രമേ ഇടം നല്കിയിട്ടുള്ളൂ.
ഗാന്ധിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ – കെ വേണു
മഹാത്മാഗാന്ധിയെ അനുസ്മരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിനെതിരായി നടക്കുന്ന കരുനീക്കങ്ങള്‍ തുറന്നു കാട്ടേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്വമാണ്. മഹാത്മാഗാന്ധിയെ തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘപരിവാര്‍ സമീപകാലത്ത് ഏര്‍പ്പെട്ടിരിക്കുന്നത്. പക്ഷേ ഗാന്ധി തന്നെയാണ് അവര്‍ക്കതിന് പ്രതിബന്ധമായി നില്‍ക്കുന്നതും.
ഇന്ത്യയില്‍ നിലനില്ക്കുന്ന മതേതര ജനാധിപത്യ സാമൂഹ്യ ഘടന താരതമ്യേന ശക്തം തന്നെയാണ്. അത് തന്നെയാണ് സംഘ പരിവാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും. ഇന്ത്യന്‍ സമൂഹത്തെ ഒരു ഹിന്ദുത്വ സമൂഹമാക്കി മാറ്റുക എളുപ്പമല്ലെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിലെ ഏതാണ്ട് മുപ്പത്തഞ്ചു ശതമാനത്തിന്റെ വോട്ടു കൊണ്ടാണ് അവര്‍ അധികാരത്തിലെത്തിയിട്ടുള്ളത്. അതില്‍ തന്നെ ഹിന്ദുത്വ വാദികളല്ലാത്തവര്‍ ഏറെയുണ്ട്. താല്‍ക്കാലിക പ്രേരണകള്‍ കൊണ്ട് വോട്ടുചെയ്തവരാണവര്‍. ചുരുക്കത്തില്‍ ഇന്ത്യന്‍ സമൂഹത്തിലെ ബഹു ഭൂരിപക്ഷവും ഹിന്ദുത്വ രാഷ്ട്രീയം അംഗീകരിക്കുന്നവരല്ല. പൊതുവില്‍ മതേതര ജനാധിപത്യ സ്വഭാവമാണ് ഇന്ത്യന്‍ സമൂഹം നിലനിര്‍ത്തിപ്പോരുന്നത്. ഇന്ത്യന്‍ സമൂഹത്തിന് ഈ സ്വഭാവം നല്‍കുന്നതില്‍ ഗാന്ധിയുടെ പങ്ക് നിര്‍ണായകമാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ഒരു ഹിന്ദു സംഘടനയുടെ സ്വഭാവം നല്‍കിക്കൊണ്ടുവന്ന ബാല ഗംഗാധര തിലകന്‍ 1920 ല്‍ മരിച്ചപ്പോള്‍ നേതൃത്വം ഏറ്റെടുത്ത ഗാന്ധി പ്രഖ്യാപിച്ചത് ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ ഹിന്ദു മുസ്ലിം സിക്ക് സാഹോദര്യം ഊട്ടിയുറപ്പിച്ചു കൊണ്ടാണ് കോണ്‍സ് മുന്നോട്ടു പോവുക എന്നാണ്. അതദ്ദേഹം വിട്ടുവീഴ്ച കൂടാതെ നടപ്പാക്കുകയും ചെയ്തു. അദ്ദേഹം പ്രചരിപ്പിച്ച ഈശ്വര അള്ളാ തേരേ നാം പോലുള്ള പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ഗ്രാമാന്തരങ്ങളിലേക്ക് വരെ മത സൗഹാര്‍ദ്ദ സന്ദേശം എത്തിക്കുകയാണ് ചെയ്തത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഗാന്ധിയുടെ ഈ മത സൗഹാര്‍ദ്ദ സമീപനത്തിനെതിരെ തിലകന്റെ ശിഷ്യനായിരുന്ന ഡോ.ഹെഡ്‌ഗേവാര്‍ 1920-25 കാലത്ത് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് പൊരുതി നോക്കിയെങ്കിലും പരാജയപ്പെട്ട് ’25-ല്‍ പുറത്ത് പോയി ആര്‍.എസ്.എസ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുകയാണ് ചെയ്തത്. പക്ഷേ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലുടനീളം ആര്‍.എസ്.എസ് പ്രാന്തവല്‍ക്കരിക്കപ്പെട്ടു പോയി എന്നത് ചരിത്രം.
മഹാത്മാ ഗാന്ധി ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ ഊട്ടിയുറപ്പിച്ച മത സൗഹാര്‍ദ അന്തരീക്ഷത്തെയാണ് ഡോ. അംബേദ്കറും ജവഹര്‍ലാല്‍ നെഹ്രുവും ചേര്‍ന്ന് ആധുനിക ഇന്ത്യന്‍ മതേതര ജനാധിപത്യമാക്കി വളര്‍ത്തിയെടുത്തത്.
താനൊരു സനാതന ഹിന്ദുവാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു കൊണ്ടിരുന്ന, മതേതരത്വത്തെക്കുറിച്ചോ ജനാധിപത്യത്തെക്കുറിച്ചോ ഒരിക്കലും പറയാതിരുന്ന മഹാത്മാ ഗാന്ധിയാണ് ഇന്ത്യന്‍ മതേതര ജനാധിപത്യത്തിന് അടിത്തറ പാകിയത് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വസ്തുത മൂടി വെച്ചു കൊണ്ട് മഹാത്മാഗാന്ധിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമം വിജയിക്കാന്‍ പോകുന്നില്ല.
ഗാന്ധിയെ വധിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല – പി കെ പോക്കര്‍
.
മതേതരത്വത്തിന് വേണ്ടി ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി മഹാത്മാ ഗാന്ധിയാണ്. ഗാന്ധിജിയെ ഓര്‍ക്കുമ്പോഴെല്ലാം ഫാഷിസ്റ്റുകളുടെ ക്രൂരതയും ഓര്‍മയിലേക്ക് വരും. ഗാന്ധിജിയെ വധിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.അപ്പോഴേക്കും ഗാന്ധി സംശയാതീതമായി ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന്റെ പ്രതീകം ആയികഴിഞ്ഞിരുന്നു. അതോടൊപ്പം ഹിന്ദു മതത്തിന്റെയും മറ്റ് മതങ്ങളുടെയും ഐക്യത്തിന്റെ പ്രതീകം കൂടി ആയി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വി കല്യാണം രേഖപ്പെടുത്തിയത് പ്രകാരം അന്ത്യദിനത്തിലും അദ്ദേഹത്തിന്റെ പ്രഭാത പ്രാര്‍ഥനയില്‍ ഹിന്ദുമതത്തിലെയും ഇസ്ലാം മതത്തിലെയും ശ്ലോകങ്ങള്‍ ഉണ്ടായിരുന്നു. ഗാന്ധി സ്വയം തിരുത്തി മുന്നേറിയ ഒരു മഹാത്മാവായിരുന്നു. ഫ്യൂഡല്‍ ജാതി ജീര്‍ണതയില്‍ ജനിച്ചു വളര്‍ന്ന് ഘട്ടം ഘട്ടമായി ജീര്‍ണതകള്‍ കുടഞ്ഞുകളയുകയും ഒരു സെക്യുലര്‍ രാജ്യത്തിന്റെ് മുന്നണിപ്പോരാളിയാവാനും ശ്രമിച്ച മഹാനാണ്.
അനുഭവങ്ങളില്‍ നിന്നു പഠിക്കാന്‍ തയാറാകുമ്പോഴാണ് വ്യക്തി സ്വയം നവീകരിക്കുന്നത്. ആഫ്രിക്കയിലേക്ക് പോയ മോഹന്‍ദാസ് അല്ല ഇന്ത്യയിലേക്ക് തിരിച്ചു വന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. വെള്ളക്കാരന്റെ ചവിട്ടുകിട്ടുമ്പോള്‍ മാപ്പ് എഴുതി കീഴടങ്ങുകയായിരുന്നില്ല ഗാന്ധി ചെയ്തത്. പകരം സ്വന്തം അനുഭവം മറ്റുള്ളവര്‍ക്ക് വരാതിരിക്കാനുള്ള അന്വേഷണവും പ്രതികരണവും വികസിപ്പിക്കുകയായിരുന്നു. അതേസമയം ഹിന്ദുത്വ ദേശ രാഷ്ട്ര പ്രസ്ഥാനത്തിന്റെ നേതാവും സൈദ്ധാന്തികനുമായ സവര്‍ക്കര്‍ മാപ്പെഴുതി എന്നു മാത്രമല്ല ആന്റമാനിലെ ജയിലില്‍ നിന്നും മോചിപ്പിച്ചാല്‍ ബ്രിടീഷൂകാര്‍ക്ക് ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്യുകയാണ് ചെയ്തത്. നന്മ അകത്തുണ്ടെങ്കിലേ അത് പുറത്തു വരൂ. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് കയ്യിലുണ്ടായിരുന്ന ഗാന്ധിയെ ബലം പ്രയോഗിച്ച് പുറത്താക്കിയത് കയ്യിലുണ്ടായിരുന്ന പെട്ടികള്‍ വലിച്ചെറിഞ്ഞതും വര്‍ണ വിവേചനമെന്ന ഭീകര രോഗത്തിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയുകയായിരുന്നു ഗാന്ധി. ജഹാന്നെസ്‌ബെര്‍ഗിലെ റെയില്‍വേ സ്റ്റേഷനില്‍ തണുത്തു വിറച്ചിരിക്കുമ്പോള്‍ വര്‍ണ വിവേചനത്തിനെതിരായ ചിന്തകള്‍ക്ക് അകത്തു തിയ്യിടുകയായിരുന്നു ഗാന്ധിചെയ്തത്. അതേസമയം ജാതി വീവേചനത്തിന്റെ വ്യാകരണം പിടികിട്ടാന്‍ പിന്നേയും വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നതും അംബേദ്കറുമായി സംവാദങ്ങള്‍ വേണ്ടി വന്നതും കൂട്ടിവായിക്കാവുന്നതാണ്.
സൗത്ത് ആഫ്രിക്കയില്‍ തുടരെ തുടരെ ദുരനുഭവങ്ങളും പീഡനങ്ങളും ഉണ്ടായപ്പോഴോന്നും ഗാന്ധി അത് വ്യക്തിപരമായി എടുക്കാനോ കോടതിയെ സമീപിക്കാനോ പോയില്ല. പകരം നിലനില്‍ക്കുന്ന സമൂഹത്തെ ബാധിച്ച രോഗം പഠിക്കാനും പ്രതിരോധിക്കാനുമാണ് ഗാന്ധി സജ്ജമായത്. പ്രശ്‌നങ്ങളെ സാമൂഹികപരിസരത്തില്‍ വായിച്ചെടുക്കുകയായിരുന്നു ആഫ്രിക്കയിലെ ഇന്ത്യക്കാരോടുള്ള വിവേചനത്തിനെതിരായി ഭീമന്‍ ഒപ്പ് ശേഖരണം നടത്തി നിപ്പണ്‍ പ്രഭുവിന് സമര്‍പ്പിച്ചതിലൂടെ ഗാന്ധി ഒരു പ്രതിരോധത്തിന് തുടക്കമിടുകയായിരുന്നു. നാലുതവണ ഗാന്ധി ആഫ്രിക്കയില്‍ ജയിലില്‍ അടക്കപ്പെട്ടിട്ടുണ്ട്. 1910 ല്‍ ടോള്‍സ്റ്റോയ് ഫാം തുടങ്ങിയത് സത്യാഗ്രഹികളെ തയ്യാറാക്കാനായിരുന്നു. സ്വന്തമായി ഒരു രീതീ ശാസ്ത്രം സമരങ്ങള്‍ക്ക് വേണ്ടി വികസിപ്പിച്ച ഗാന്ധി ലോകത്തിലെ സമാനതകള്‍ ഇല്ലാത്ത നേതാവാണ്. ആയുധമെടുക്കാതെ വിപ്ലവം നടത്തിയ ആദ്യ നേതാവും ഗാന്ധി ത്തന്നെയാണ്. ദണ്ഡയും ദണ്ഡനവും പരിശീലിപ്പിക്കുന്നവര്ക്ക് എങ്ങിനെയാണ് ഗാന്ധിയെ കൊല്ലാതിരിക്കാനാവുക.
ഹിന്ദുമതത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും എല്ലാ ദിവസവും ഗീത വായിക്കുകയും, ഗീത വ്യാഖ്യാനിക്കുകയും ചെയ്ത ഗാന്ധിജിയെ എന്തുകൊണ്ട് ഹിന്ദുമഹാസഭക്കോ ആര്‍ എസ് എസിനോ ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. ഇതിന്റെ ഉത്തരം ഗാന്ധിയുടെ ബഹുസ്വര സമീപനം തന്നെയായിരുന്നു. ‘1947 സെപ്തംബര് 18നു ദാരിയഗഞ്ചില്‍ നിന്നും തിരിച്ചു വന്ന ശേഷം ഗാന്ധി ബിര്‍ള മന്ദിര അങ്കണത്തിലെ ചെറിയ ആള്‍ക്കൂട്ടത്തിനടുത്തേക്ക് പ്രാര്‍ത്ഥനക്കായി പോയി. അവിടെ അദ്ദേഹം ഒരു കാര്യം ഏവരോടും ചോദിച്ചു. പ്രാര്ത്ഥനാ വേളയില്‍ ഖുര്‍ആനിലെ പ്രാര്ത്ഥന ചൊല്ലുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് തുറന്നു പറയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ഒരാളെങ്കിലും എതിര്‍ക്കുകയാണെങ്കില്‍ പരസ്യമായി താന്‍ ഒരിയ്ക്കലും പ്രാര്‍ത്ഥന നടത്തുന്നതല്ലെന്ന് അദ്ദേഹം അസന്നിഗ്ദമായി തുറന്നടിച്ചു. ആരുടേയും ഹൃദയത്തെ മുറിവേല്‍പ്പിക്കാനുള്ളതല്ല പ്രാര്‍ത്ഥന. അത് ഹൃദയങ്ങളിലെ മുറിവ് ഉണക്കാനുള്ളതാണ്. സര്‍മത പ്രാര്‍ത്ഥനയെ എതിര്‍ക്കുന്നവര്‍ കൈ ഉയര്‍ത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കൈ പോലും ഉയര്‍ന്നില്ല. അങ്ങനെ അന്ന് ഖുര്‍ആനിലെ പ്രാര്‍ത്ഥനയോടെ ചടങ്ങ് തുടങ്ങി. അത് വരെ ഖുര്‍ആന്‍ ഒടുവിലായിരുന്നു.” (ഗാന്ധിജിയുടെ അന്ത്യ പ്രഭാഷണങ്ങള്‍, പരിഭാഷ ശൂരനാട് രവി, ഹരിശ്രീ ബുക്‌സ്, പുനലൂര്‍, പു 66 )
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗാന്ധിജി ജീവിതത്തെയും സമരത്തെയും വേറിട്ട ഒരു വിതാനത്തിലാണ് നയിച്ചത്. ബ്രിടീഷുകാരില്‍ നിന്നുള്ള മോചനം ആയിരുന്നു മുഖ്യലക്ഷ്യം. ജനിച്ചു വളര്ന്ന മതകീയവും ആത്മീയവുമായ തട്ടകത്തെ ഉപേക്ഷിക്കാന്‍ ഗാന്ധിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അതേസമയം താനുള്‍പ്പെടുന്ന മനുഷ്യരെ വിമലീകരിക്കാനുള്ള പരീക്ഷണം കൂടിയായിരുന്നു അദ്ദേഹത്തിന് ജീവിതം. ജീവിതത്തെ ജീവിതശൈലി (ലൈഫ് സ്‌റ്റൈല്‍) കൊണ്ടും ഇടപെടല്‍ കൊണ്ടും കീഴാള പ്രതിനിധാനമാക്കി മാറ്റുകയായിരുന്നു ഗാന്ധി. പൊതു ഇടങ്ങളിലേക്ക് അര്‍ദ്ധ നഗ്‌നനായി ഇറങ്ങി നടന്നതിലൂടെ ജാതി ബദ്ധ സമൂഹത്തിന്റെ നിയന്ത്രണങ്ങളെ അന്ന് തന്നെ ഗാന്ധി ലംഘിക്കുകയായിരുന്നു. ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും സന്ദര്‍ശിച്ചതും വൈക്കം സത്യഗ്രഹത്തില്‍ പങ്കാളിയായതും അടിത്തട്ട് മനുഷ്യരോടു ഐക്യപ്പെടാനുള്ള പ്രതിബദ്ധത തന്നെയായിരുന്നു.
ഗാന്ധിജി അഞ്ചുതവണ കേരളത്തില്‍ വന്നപ്പോഴും കേരളത്തെ തൊട്ടറിയാന്‍ കൂടി ശ്രമിക്കുകയായിരുന്നു. ഖിലാഫത്തിനെ ബ്രിടീഷ് വിരുദ്ധ സമരോര്‍ജമാക്കാന്‍ ഗാന്ധിക്ക് ഭയമുണ്ടായിരുന്നില്ല. ഹിംസാത്മക സമരങ്ങള്‍ക്ക് ഗാന്ധി അനുകൂലമായിരുന്നില്ല. കാരണം മര്ദ്ദിതന്‍ മര്‍ദ്ദകന്റെൂ രീതി പിന്തുടരുന്നതിനെ ഗാന്ധി അനുകൂലിച്ചില്ല. ഹിംസരഹിതമായ ഒരു ഭാവിയായിരുന്നു ഗാന്ധിയുടെ ആത്യന്തിക ലക്ഷ്യം. ഗാന്ധി ആദ്യമായി കോഴിക്കോട്ടെത്തിയത് മലബാറിലെ ഖിലാഫത് പോരാളികളെ കോണ്‍ഗ്രസ്സിനോട് ഐക്യപ്പെടുത്താനായിരുന്നു. അന്ന് വലിയ ആള്‍ക്കൂട്ടത്തെ സംബോധന ചെയ്തു കോഴിക്കോട് സംസാരിച്ച ശേഷമാണ് ഗാന്ധി തലശ്ശേരിക്കും കണ്ണൂരിലേക്കും പോയത്. സംഘപരിവാര്‍ ശക്തികളുടെ എല്ലാ വിഭജന ചിന്തകള്‍ക്കും ഗാന്ധിജി അന്നും ഇന്നും എതിരാണ്. ഇന്ത്യയുടെ ബഹുസ്വരത ഇത്രമേല്‍ തിരിച്ചറിഞ്ഞ മറ്റൊരു നേതൃത്വം ഇന്ത്യക്ക് ഇന്ന് വരെ ഉണ്ടായിട്ടില്ല. നവാഖാലിയിലെ രോദനങ്ങള്‍ക്കിടയില്‍ ഓടി നടന്ന ഒരു ഗാന്ധിയും സ്വാതന്ത്ര്യ സമരത്തില്‍ ഉപ്പ് കുറുക്കാന്‍ ഓടി നടന്ന ഗാന്ധിയും സമാനതകള്‍ ഇല്ലാത്ത വേറിട്ട സമാരോല്‍സുകതയാണ് മുന്നോട്ട് വെക്കുന്നത്. ഇന്ത്യ മുഴുവന്‍ നവമാധ്യമങ്ങള്‍ ഇല്ലാത്ത ഒരു കാലത്ത് അദ്ദേഹത്തിന് നിറഞ്ഞു നില്ക്കാന്‍ കഴിഞ്ഞത് വേറിട്ട ശൈലി കൊണ്ടും ബ്രിടീഷ് വിരുദ്ധ പ്രതിബദ്ധത കൊണ്ടുമായിരുന്നു. പി ആര്‍ വര്‍ക്കോ സാങ്കേതിക വിദ്യയുടെ സഹായമോ, അതിവേഗ സഞ്ചാര സൗകര്യമോ ഇല്ലാത്ത ഒരിന്ത്യയിലാണ് ഇന്ത്യയുടെ ഹൃദയത്തിലേക്ക് ഗാന്ധി കടന്നു കയറിയത് എന്നോര്‍ക്കണം. പിന്നീട് കോണ്‍ഗ്രസ്സിന് സംഭവിച്ച ജീര്ണതകള്‍ കാരണം ഗാന്ധിജിയെ അര്‍ഹിക്കും വിധത്തില്‍ കാണാതെ പോവുന്നവരുണ്ട്.
ഗാന്ധിക്ക് പകരം സവര്‍ക്കറെ സ്വീകരണ മുറികളിലെ ചുമരുകള്‍ക്ക് അലങ്കാരമായി മാറ്റാനുള്ള ശ്രമം ഇന്ത്യ മുഴുവന്‍ നടക്കുകയാണ്. ഗാന്ധി വധത്തെ പരസ്യമായി സാധൂകരിക്കാന്‍ സംഘപരിവാര്‍ പല വഴികളില്‍ ശ്രമം ഇപ്പോഴും തുടരുകയാണ്. ഗാന്ധിജി വിഭാവനം ചെയ്ത ബഹുദേശീയതയും സംഘ പരിവാറിന്റെ ബ്രാഹ്മണാധികാര വ്യവസ്ഥയും പൊരുത്തപ്പെടില്ല എന്ന ഒറ്റ കാരണമാണ് ഗാന്ധിയെ വധിക്കാന്‍ പ്രേരിപ്പിച്ചത്. എഴുപത്തൊമ്പത് വയസ്സുള്ള ദുര്ബല ശരീരവുമായി സൗഹൃദത്തിന് വേണ്ടി ഓടി നടന്നു പ്രാര്‍ത്ഥന നടത്തിയ ആ മഹാത്മാവിനെ നേര്ക്കുനേര്‍ വെടിവെച്ചവര്‍ ഇന്ന് ഗൗരീ ലങ്കേഷിനെ പോലെ നിരായുധയായി സഞ്ചരിക്കുന്ന ഒരു സ്ത്രീയെ വെടിവെച്ചു കൊന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. വെറുപ്പിന്റെ വ്യാപാരികള്‍ക്ക് ലിംഗമോ, പ്രായമോ, നന്മയോ തടസ്സമാവില്ല.
ഗോഡ്‌സെ ഒരു വ്യക്തിയല്ല ഒരു പ്രതിനിധാനമാണ്.സഹവര്‍ത്തിത്വമൊ, സഹിഷ്ണുതയോ, അനുകമ്പയോ, സ്‌നേഹമോ അകത്തേക്ക് പ്രവേശിപ്പിക്കാതെ പരിശീലനം കിട്ടിയ മനുഷ്യയന്ത്രങ്ങളുടെ പ്രതിനിധി മാത്രമാണു ഗോഡ്‌സെ. ഇപ്പോള്‍ റോബോട്ടുകളുടെ കാലമായതിനാല്‍ ഇത്തരത്തില്‍ ഫീഡ് ചെയ്യപ്പെട്ട മനുഷ്യയന്ത്രങ്ങള്‍ കൂടി വരാന്‍ സാധ്യതയുണ്ട്. അപഗ്രഥനങ്ങളോ, അന്വേഷണങ്ങളോ ആവില്ല കുത്തി നിറച്ച വെറുപ്പായിരിക്കും മുന്‍ ധാരണ പോലെ ആ യന്ത്രങ്ങളെ നിയന്ത്രിക്കുക. അവരുടെ ഡാറ്റാ ബാങ്കില്‍ വെറുപ്പിന് മാത്രമേ ഇടം നല്കിയിട്ടുള്ളൂ.ഗോദാര്‍ദിന്റെ ആല്‍ഫവില്ല പോലെ സ്‌നേഹമെന്ന വാക്കിന് അവിടെ സ്ഥലമില്ല. സത്യമേ ജയിക്കൂ എന്നായിരുന്നു ഗാന്ധി വിശ്വസിച്ചത്. എങ്കിലും സത്യത്തിന്റെ വേഷമണിഞ്ഞു കളവും വിജയിക്കാറുണ്ടെന്ന് ഗാന്ധിജി നിരീക്ഷിച്ചിട്ടുണ്ട്.
ഇപ്പോള്‍ എങ്ങും സത്യത്തിന്റെ വേഷമിട്ട കളവുകളും മാന്യന്മാരും നിറഞ്ഞാടുമ്പോള്‍ നമ്മള്‍ സാധാരണ മനുഷ്യര്‍ നിസ്സഹായരായി മാറുന്നു. പൗരത്വ പേരുപറഞ്ഞു പീഡിപ്പിക്കപ്പെടുന്ന ആസാം വെറുപ്പിന്റെ പരീക്ഷണ ശാലയെന്ന് പറയാനാവില്ല. കാരണം മറ്റ് പല പരീക്ഷണങ്ങളും കഴിഞ്ഞാണ് അസമില്‍ അവര്‍ എത്തിയത്. വംശീയ വിദ്വേഷം ഹിംസാത്മകമായി ഒരു രാജ്യത്തെ ഗ്രസിക്കുമ്പോള്‍ ഗാന്ധിജിയെ അല്ലാതെ മറ്റാരുണ്ട് നമുക്ക് മുന്നില്‍ ഓര്‌ത്തെടുക്കാന്‍. ഇന്ന് ഭരണകൂടത്തിന്റെ പ്രത്യശാസ്ത്ര യന്ത്രങ്ങള്‍ക്കൊപ്പം വെറുപ്പ് കുത്തിനിറച്ച അര്‍ദ്ധ മനുഷ്യ, അര്ദ്ധ പട്ടാള യന്ത്രങ്ങളും സൈ്വര ജീവിതത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഇന്ത്യയില്‍ ഗാന്ധിജിക്ക് പ്രസക്തി വര്‍ദ്ധിക്കുകയാണ്. കാരണം നമുക്ക് മനുഷ്യരെ തിരിച്ചു പിടിക്കണം, സ്‌നേഹ സൗഹൃദങ്ങള്‍ കൊണ്ട്. .
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in