ഗദ്ദര്‍ ഒരേസമയം വിപ്ലവകവിയും കീഴാളകവിയുമായിരുന്നു
ഒരേ സമയം വര്‍ഗ്ഗരാഷ്ട്രീയത്തില്‍ ഉറച്ചുനിന്ന വിപ്ലവകവിയും മറുവശത്ത് ജാതിമേല്‍ക്കോയ്മക്കതിരെ പോരാടിയ കീഴാള കവിയുമായിരുന്നു ഗദ്ദര്‍. എന്നാല്‍ അദ്ദേഹത്തിനെതിരെ ജാതിപ്പരിഹാസം (Caste banter) വ്യക്തമാക്കുന്ന വരികളാണ് ജനകീയ കലാസാഹിത്യവേദിയുടെ അനുസ്മരണത്തില്‍ കാണുന്നത്. അതിങ്ങനെയാണ് – ‘രാഷ്ട്രീയത്തിനു മേല്‍ ഏകപക്ഷീയമായി തോക്കിനെ പ്രതിഷ്ഠിയ്ക്കുന്ന അയഥാര്‍ത്ഥതയില്‍ ഏതു നായക പ്രഭാവനും സ്വത്വ-ജാതി രാഷ്ട്രീയത്തിന്റെ ഒരെളുപ്പവഴിയിലേക്കെത്താവുന്ന വിപരീത യുക്തി കൂടി ഉള്‍ക്കൊള്ളുന്നു എന്ന് ഈ ഐതിഹാസിക ജീവിതം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
മഴമുകിലിനെ പോലും തീയായ് പെയ്യിക്കുന്ന, ചണ്ഡാലന്റെ വിമോചന ബോധത്തെ ഉദ്ദീപിപ്പിക്കുകയും, മര്‍ദ്ദകര്‍ക്കെതിരെയുള്ള പോരാട്ടബോധത്തെ ആളിക്കത്തിക്കുകയും ചെയ്തിരുന്ന ആ വരികളും ചുവടുകളും പൊടുന്നനെ നിശ്ചലമാക്കി കീഴാള കവി ഗദ്ദര്‍ വിടവാങ്ങി. മേദക് ജില്ലയിലെ തൂപ്രാന്‍ ഗ്രാമത്തില്‍ ഒരു ദലിത് കുടുംബത്തില്‍ ഗുമ്മാഡി വിത്തല്‍ റാവു എന്ന പേരില്‍ ജനിച്ച ഗദ്ദര്‍ തന്റെ ആദ്യ ആല്‍ബമായ ‘ഗദ്ദര്‍’ ലൂടെയാണ് ജനപ്രിയനായത്. ‘വിമതന്‍’ എന്നര്‍ത്ഥം വരുന്ന ഗദ്ദര്‍ എന്ന പേര് പിന്നീടദ്ദേഹം സ്വീകരിക്കുകയായിരുന്നു.
നാടോടി വാക്കുകളുടെയും ശീലുകളുടെയും പ്രതിരോധ ശക്തി കണ്ടെത്തിയ കീഴാള കവിയായ ഗദ്ദര്‍, ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മാറിയ ആലാപനത്തിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഉണര്‍വേകുന്ന വിപ്ലവകവിയായി മാറുകയായിരുന്നു. സാമൂഹിക മാറ്റത്തിനും വിമോചനത്തിനുമുള്ള പോരാട്ട വഴിയില്‍ ദളിത് – നാടോടി കലകളുടെയും സംസ്‌കാരത്തിന്റെയും അസാധാരണവും ചരിത്രപരവുമായ പ്രതിരോധശക്തിയുടെ പരീക്ഷണം കൂടിയായിരുന്നു ഗദ്ദറിന്റെ ആവിഷ്‌കാരങ്ങള്‍. എഴുപതുകളുടെ അവസാനത്തില്‍ തന്നെ ഗദ്ദര്‍ ജനതതിയുടെ കലാകാരനായി മാറിക്കഴിഞ്ഞിരുന്നു.
മര്‍ദ്ദിതരുടെ യാതനകളെയും അഭിലാഷങ്ങളെയും പ്രതീക്ഷകളെയും അവരുടെ തന്നെ ശബ്ദത്തില്‍ അവരുടെ തന്നെ ഹൃദയത്തില്‍ പ്രതിധ്വനിപ്പിക്കാന്‍ ആ സബാള്‍ട്ടന്‍ (subaltern) കവിക്ക് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ ഒരേസമയം വിപ്ലവകവിയും, കീഴാള കവിയുമാക്കി ചരിത്രത്തില്‍ പ്രതിഷ്ഠിച്ചത്. ഒരുഭാഗത്ത് വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ വാതിലുകള്‍ തുറന്നിടുമ്പോള്‍, മറുഭാഗത്ത് ജാതിമേല്‍ക്കോയ്മക്കതിരെയുള്ള ദേശാതിര്‍ത്തികളെ ഉല്ലംഘിക്കുന്ന കലാപത്തിന്റെ പടവാള്‍പ്പാട്ടായി അവതരിക്കുന്നു. ചുട്ടു പഴുത്ത മണ്ണില്‍ കല്‍നടയായി നടന്ന കവിക്ക് ആദിവാസി ദളിത് യാതനകളും അതിന്റെ വിമോചന ചരിത്രവിചാരങ്ങളുമാണ് കവിതകളിലെ പ്രാണശക്തി. ഗദ്ദറിന്റെ ഗാനാവിഷ്‌കാരങ്ങള്‍ പ്രകീര്‍ത്തിക്കുമ്പോള്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഓരം ചേര്‍ക്കപ്പെട്ട വിഭാഗത്തിന്റെ സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടം എത്രമാത്രം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞു എന്ന് നാം പരിശോധിക്കേണ്ടതുണ്ട്..
ജനകീയ കലാസാഹിത്യ വേദിയുടെ വിപ്ലവ അനുസ്മരണ പാരഡി
പ്രാഥമികമായി ഗദ്ദറിന്റെ സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ എല്ലാം തന്നെ കീഴാള കാവ്യ-നൃത്ത രൂപങ്ങളാണ്. വിപ്ലവ കലാവിഷ്‌കാരമായി അത് പിന്നീട് ഉരുത്തിരിയുകയാണ് ചെയ്യുന്നത്. എന്നാല്‍ അതിനെ വിപ്ലവ പ്രബുദ്ധതയായി മാത്രം കാണാനാണ് ജനകീയ കലാസാഹിത്യ വേദി വക്താക്കള്‍ ശ്രമിക്കുന്നത്. ദളിത് ദാര്‍ശനികതയും വിപ്ലവബോധവും ഒരുപോലെ മുറുകിനില്‍ക്കുന്ന കാവ്യ- നൃത്ത ആവിഷ്‌കാരമാണ് ഗദ്ദറിന്റേത്. അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനങ്ങളില്‍ എവിടെയും പ്രകാശിക്കുന്നത് കീഴാള വിമോചനത്തിന്റെ രൂപഭേദങ്ങളാണ്.
താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹമടക്കം ഗ്രാമീണ ജീവിതത്തിലനുഭവിക്കുന്ന രൂക്ഷമായ ജാതീയത, ജാത്യാചാരങ്ങള്‍, ഭീകരമായ ദളിത് പീഡനങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ കീഴാള വിപ്ലവ ഭാവുകത്വത്തിന്റെ ഭാവാന്തരങ്ങളില്‍ നിറഞ്ഞുജീവിച്ച ജനകീയ കവിയായീട്ടാണ് ഗദ്ദറിനെ നാം അടയാളപ്പെടുത്തേണ്ടത്.
സാമൂഹിക ബഹിഷ്‌കരണത്തിന്റെയും വ്യവസ്ഥാപരമായ പട്ടിണിയുടെയും ഇരട്ട പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ അധഃസ്ഥിതരുടെ ലക്ഷ്യത്തിനായിത്തന്നെയാണ് ഗദ്ദര്‍ ജീവിച്ചത്. അദ്ദേഹത്തിന്റെ എല്ലാ രചനകളും സാമൂഹ്യാധിഷ്ഠിതമാണ്. ജാതി വിവേചന പശ്ചാത്തലത്തില്‍ നിന്ന് സ്ത്രീകളുടെയും പുരുഷന്മാരുടെയും യാതനകള്‍ പുറത്തുകൊണ്ടുവരുക മാത്രമല്ല, അവരുടെ സാമൂഹികവും സാമ്പത്തികവുമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പോരാട്ടത്തില്‍ അവരെ നിലനിര്‍ത്തുന്ന പോസിറ്റീവ് ശക്തിയെ പുറത്തെടുക്കുകയും ചെയ്യുന്നു.
ഗദ്ദറിനെതിരെയുള്ള ജാതിപ്പരിഹാസം (Caste banter) വ്യക്തമാക്കുന്ന വരികളാണ് ജനകീയ കലാസാഹിത്യവേദിയുടെ അനുസ്മരണത്തിലെ ഉപസംഹാരത്തില്‍ കാണുന്നത്. ‘രാഷ്ട്രീയത്തിനു മേല്‍ ഏകപക്ഷീയമായി തോക്കിനെ പ്രതിഷ്ഠിയ്ക്കുന്ന അയഥാര്‍ത്ഥതയില്‍ ഏതു നായക പ്രഭാവനും സ്വത്വ-ജാതി രാഷ്ട്രീയത്തിന്റെ ഒരെളുപ്പവഴിയിലേക്കെത്താവുന്ന വിപരീത യുക്തി കൂടി ഉള്‍ക്കൊള്ളുന്നു എന്ന് ഈ ഐതിഹാസിക ജീവിതം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു…’ മൂല്യയുക്തിഭംഗം വിളിച്ചോതുന്ന ഈ പ്രസ്താവന ദളിത് വിരുദ്ധ ആശയരാഷ്ട്രീയത്തിന്റെ ബുദ്ധി കാര്യസ്ഥന്‍മാരാണ് തങ്ങളെന്ന് റെഡ് ഫ്‌ളാഗ് പാര്‍ട്ടിയുടെ സാംസ്‌കാരിക സംഘടനയായ ജനകീയ കലാസാഹിത്യ വേദി വക്താക്കള്‍ കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട്.
തോക്കേന്തുന്നവരെല്ലാം സ്വത്വ – ജാതി രാഷ്ട്രീയ നിര്‍മിതിയുടെ അനിവാര്യ ഘടകമായിത്തീരും എന്നാണോ ഈ മാര്‍ക്‌സിസ്റ്റ് മാലാഖമാര്‍ ഉദ്ദേശിക്കുന്നത്..? ഏതുതരം വര്‍ഗ്ഗരാഷ്ട്രീയ/മാര്‍ക്‌സിയന്‍ സമീപനമാണിതെന്നു കൂടി അടിക്കുറിപ്പും ടിപ്പണിയും കൊടുത്താല്‍, അനുസ്മരണം കൂടുതല്‍ അഴകുള്ളതായിത്തീരുമായിരുന്നു. വര്‍ഗ്ഗ – ജാതി ബന്ധ വിഷയത്തെ ചരിത്രപരമായി വിലയിരുത്തുന്നതില്‍ പരാജയപ്പെട്ട എം എല്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച മാരകമായ മുറിവിലൂറിയ ചോരയിലാണ് ജാതി- സ്വത്വ രാഷ്ട്രീയത്തിന്റെ ആഴവും പരപ്പും അന്വേഷിക്കേണ്ടത്.
കേരളത്തിലെ ധനകാര്യ അശ്ലീലതയുടെ ഭരണത്തുടര്‍ച്ചയിലേക്കുള്ള പിണറായി വിജയന്റെ വാമന യാത്രയില്‍ ഗ്ലാസ്‌നോസ്തിയന്‍ ആശിര്‍വാദം ചൊരിഞ്ഞ ഈ ജനകീയ കലാ സാഹിത്യം ജനുസുകള്‍ അവരുടെ റെഡ് ഫ്‌ളാഗ് പാര്‍ട്ടിയും ഗദ്ദറിന്റെ സ്വത്വ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വേപഥു കൊള്ളുന്നത് ഇടതുപക്ഷ വേഷാഭിനയ കൗശലം കൈമുതലായി ഉള്ളതുകൊണ്ടാണ്. ദളിതര്‍ക്ക് യാതൊരു പരിഗണനയും ഇല്ലാത്ത, ഒരിക്കലും ഒരു കീഴാളന്‍ പ്രഥമ സ്ഥാനത്ത് വരാത്ത സിപിഎമ്മിന്റെയും, പിണറായി തിരുവടികളുടെയും മുമ്പില്‍ ഞങ്ങള്‍ നിങ്ങളുടെ സാംസ്‌കാരിക പാചകശാലയിലെ വെപ്പുകാരാണ് എന്ന് ബോധ്യപ്പെടുത്തുന്നതാണ് ജനകീയ കലാസാഹിത്യ വേദിയുടെ ഗദ്ദര്‍ അനുസ്മരണത്തിന്റെ ഉപസംഹാരം. സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് വിജയവും ഭരണത്തുടര്‍ച്ചയും നവലിബറലിസത്തിനും ഫാഷിസത്തിനുമെതിരെ പോരാടുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണെന്ന് റെഡ് ഫ്‌ളാഗ് വക്താവ് പ്രസ്താവിച്ചതും ഇവിടെ ഓര്‍ക്കാവുന്നതാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കോര്‍പ്പറേറ്റ് മൂലധനത്തിന്റെയും, സവര്‍ണ്ണ രാഷ്ട്രീയത്തിന്റേയും, മാധ്യമ നിലയവിദ്വാന്മാരുടേയും, പിന്നെ പിണറായി വിജയന്റെയും പെരിസ്‌ട്രോയിക്കന്‍ വിജയവും ഭരണത്തുടര്‍ച്ചയും നവലിബറലിസത്തിനും ഫാഷിസത്തിനുമെതിരെ പോരാടുന്നവര്‍ക്ക് ഉത്സാഹവും ചൈതന്യവും സംഭരിച്ചു കൊടുക്കുമെന്ന് LDFല്‍ ദയാസമ്പന്നമായ കിനാവുകള്‍ കാണാന്‍ ഒരു വിപ്ലവ പാര്‍ട്ടിയെ കീറിമുറിച്ച് പങ്കുവെച്ച വിഭാഗത്തിന്റെ മുഖ്യ വക്താവിന് തോന്നിയീട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ ‘ആത്മാവിന് വിലപേശുന്ന’ പാപമൊന്നും ഗദ്ദര്‍ ചെയ്തിട്ടില്ല.
പിണറായി വിജയനും ആഭ്യന്തര – വിദേശ കോര്‍പ്പറേറ്റുകളും, സംഘപരിവാര്‍ ദൈവദൂതന്മാരും കെട്ടിപ്പൊക്കിയ സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ നാലുകെട്ടിനുള്ളില്‍ ഒരു ശിങ്കിടിപ്പണിയുടെ പിന്‍വാതില്‍ നിയമനത്തിന് വേണ്ടിയുള്ള നിവേദനവുമായി നടക്കുന്നവരും, പുരകത്തുമ്പോള്‍ സവര്‍ണ്ണ മുറക്കാന്‍ ചെല്ലം എടുക്കുന്ന അതിന്റെ സാംസ്‌കാരിക ആസ്ഥാന ഋഷികളും വിപ്ലവത്തിന്റെ അലങ്കാരപടം പൊളിഞ്ഞു വീഴുമ്പോള്‍ ഇല്ലാത്ത വിശുദ്ധാഖ്യാനം കൊണ്ട് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഇടതുപക്ഷ ഭരണ ഭീകരതയുടെ തുടര്‍ച്ച നവലിബറലിസത്തിനും ഫാഷിസത്തിനുമെതിരെ പോരാടുന്നവര്‍ക്ക് എനര്‍ജി ഡ്രിങ്ക് ആണെന്നു പറഞ്ഞവരാണ് ഗദ്ദറിന്റെ കമ്മ്യൂണിസ്റ്റ് കുല വിശുദ്ധി പരിശോധിക്കുന്നത്! കെപിഎംജി, സിസ്ട്ര, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, അദാനി, അംബാനി തുടങ്ങിയ നിയോലിബറലിസത്തിന്റെ ഒറ്റക്കൊമ്പുള്ള കാണ്ടാ മൃഗങ്ങള്‍ എന്തുകൊണ്ട് പാറിപ്പറക്കുന്ന ചിത്രശലഭങ്ങളായി ഗദ്ദറിന്റെ കവിതകളിലും നൃത്താവിഷ്‌കാരങ്ങളിലും കടന്നുവന്നില്ല എന്നുകൂടി പരിശോധിച്ചിരുന്നുവെങ്കില്‍ ജനകീയ കലാസാഹിത്യ വക്താക്കളുടെ അനുസ്മരണം പൂര്‍ണ്ണമാകുമായിരുന്നു.
ആധുനിക വിപണി ആവശ്യപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയ വേഷങ്ങള്‍ ഗദ്ദര്‍ കെട്ടിയാടിയീട്ടില്ല എന്ന് നവഹിന്ദുത്വ ശുദ്ധിയുള്ള സോഷ്യല്‍ ഡെമോക്രാറ്റിക് മുന്നണിയിലേക്ക് വിലയം പ്രാപിച്ച് സാക്ഷാല്‍ ശ്രീകൃഷ്ണന്റെ മോഹമാളികയിലേക്കുള്ള കുചേലന്റെ യാത്രയെ അനുസ്മരിപ്പിക്കുന്ന ഈ സാംസ്‌കാരിക സംഘം തിരിച്ചറിയുന്നത് നന്നായിരിക്കും..
പിണറായി വിജയനും അദ്ദേഹത്തിന്റെ ഏകാധിപത്യ ആണ്‍കോയ്മയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയും അധികാര ഹിന്ദുത്വത്തോടുള്ള ദാസ്യം മറച്ചുപിടിക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ ചെങ്കൊടി (red flag) ഉപയോഗിക്കുന്നത്. എന്നാല്‍ ഗദ്ദറിന് ചെങ്കൊടി ഒരിക്കലും അവിശുദ്ധമായ എന്തെങ്കിലും മറച്ചു പിടിക്കാന്‍ വേണ്ടി ഉപയോഗിക്കേണ്ടി വന്നിട്ടില്ല. അദ്ദേഹത്തിന് നീലയും ചുവപ്പും ആത്മപ്രകാശനത്തിന്റെ രണ്ടു തുറമുഖങ്ങളാണ്, സ്വാതന്ത്ര്യമാണ്. പുരോഗമനത്തിന്റെ പ്രച്ഛന്നത്തില്‍ ഇടതുപക്ഷ പദാവലികളുടെ ജാര ഭാഷയില്‍ നാടകങ്ങളും കവിതകളും അദ്ദേഹത്തിന് അവതരിപ്പിക്കേണ്ടി വന്നിട്ടില്ല. ഇടതുപക്ഷ വിരുദ്ധ വ്യാജപൊതുബോധത്തിന് കൂലിക്ക് കൈയടിക്കുന്ന അവതാരങ്ങളായിരുന്നില്ല ഗദ്ദറിന്റെ ആവിഷ്‌കാരങ്ങള്‍ കാണാന്‍ ചുറ്റും കൂടിവന്ന സാധാരണ ജനതതി.
കേരളത്തിലിപ്പോള്‍ ബോധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന വംശീയ സംഘര്‍ഷങ്ങളെ (ലൗ ജിഹാദ്, ന്യൂനപക്ഷ ത്രീവ്രവാദം, താലിബാനിസം, ദളിത് തീവ്രവാദം, വിവിധതരം മിത്തുകള്‍) വിവാദങ്ങളാക്കി മാറ്റാനും കീഴാളരുടെയും ന്യൂനപക്ഷങ്ങളുടെയും സ്വത്വസംഘര്‍ഷങ്ങള്‍ക്കും അവര്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കും ജാതി വിരുദ്ധവും വര്‍ഗ്ഗപരവുമായ പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കുന്ന വിശാല ഐക്യത്തില്‍ നിന്നും ആ ജനവിഭാഗങ്ങളെ അകറ്റിക്കൊണ്ടുപോകുവാനും സവര്‍ണാനുകൂല സംവരണത്തെ സംഘപരിവാറിനെകാള്‍ ശക്തമായി ന്യായീകരിക്കുന്ന പിണറായി വിജയന്‍ സവര്‍ണ്ണ പരിവാറുകളുടെ കാര്‍മികത്വത്തില്‍ പലവിധശ്രമങ്ങള്‍ നടത്തിവരുന്നു. ഈ സന്ദര്‍ഭത്തില്‍ ഗദ്ദറിനെ കുറിച്ചുള്ള ഈ കീഴാള വിരുദ്ധ അനുസ്മരണത്തിന്റെ വെടിയുണ്ടകള്‍ എന്തിനെയൊക്കെയാണ് ഉന്നം വയ്ക്കുന്നത് എന്ന് കൃത്യവും വ്യക്തവുമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in