ഇന്ത്യന്‍ റിപ്പബ്ലിക്കും കര്‍ഷകസമരവും
യുപിഎ യുടെ ആന്തര രാഷ്ട്രീയഘടന സമ്പൂര്‍ണ്ണമായും ഇത്തരമൊരു ആഭ്യന്തര മുതലാളിത്ത വളര്‍ച്ചയെ സഹായിക്കുന്നതായിരുന്നില്ല. പല താല്പര്യങ്ങളുടെ ഇടഭൂമിയായിരുന്നു യു.പി.എ. വികേന്ദ്രീകൃതമായിരുന്നു അതിന്റെ പ്രവര്‍ത്തനങ്ങളും, തന്മൂലം അഴിമതിയും. യുപിഎ തന്നെ ശക്തിപ്പെടുത്തിയ സ്ഥാപനങ്ങള്‍ സിഎജി, വിവരാവകാശ നിയമം, സിവിസി, കോടതികള്‍ എന്നിങ്ങനെ ഈ അഴിമതികളെക്കുറിച്ച് അറിയുകയും ഇടപെടുകയും ചെയ്യുന്നുണ്ട്. (യു.പി.എ. എന്ന രാഷ്ട്രീയ സഖ്യത്തില്‍ പ്രാദേശിക രാഷ്ട്രീയ ശക്തികളുടെ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നല്ലോ.) അതുകൊണ്ടുതന്നെ അതിന്റെ അഴിമതിക്കും അത് പോറ്റിയ/ അതിനെ പോറ്റിയ സ്വകാര്യ മൂലധനത്തിനും പ്രാദേശികതയുടെ സ്വഭാവമുണ്ടായിരുന്നു. അസംഖ്യം പുതിയ സംരംഭകര്‍/മുതലാളിമാര്‍/വ്യവസായികള്‍ പൊന്തിവന്ന കാലം കൂടിയായിരുന്നു യുപിഎ വര്‍ഷങ്ങള്‍. എന്നാല്‍ ഇതേ സംഘം തന്നെയാണ് തങ്ങളുടെ അടുത്ത ഘട്ടത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് യുപിഎയുടെ അവകാശ രാഷ്ട്രീയ ഉടമ്പടികള്‍ തടസ്സം നില്‍ക്കുന്നു എന്നു കണ്ട് ബിജെപിയെ പിന്തുണയ്ക്കാന്‍ തുടങ്ങിയത്. ഇന്ത്യന്‍ സ്വകാര്യ മുതലാളിത്തം മോദിയില്‍ കണ്ടത് തങ്ങള്‍ക്കായി ഒരു ‘സര്‍സംഘചാലക്കി’നെയാണ്.
കഴിഞ്ഞ കാല്‍നൂറ്റാണ്ടിലെ ഏറ്റവും ദീര്‍ഘവും തീക്ഷ്ണവുമായ ശൈത്യത്തില്‍ കൂടിയാണ് ദില്ലി ഇത്തവണ കടന്നുപോവുന്നത്. സെപ്തംബര്‍ മാസത്തില്‍ പാര്‍ലമെന്റ് സമവായം ഇല്ലാതെ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പഞ്ചാബില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയിരുന്നു. കാര്‍ഷിക രംഗത്തെ പുതിയ പരിഷ്‌കാരങ്ങള്‍ ഏറ്റവുമധികം ബാധിക്കുക തങ്ങളെയാണ് എന്ന് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ മനസ്സിലാക്കിയിരുന്നു.
ഹരിത വിപ്ലവത്തിന്റെ ഈറ്റില്ലം ഈ പ്രദേശങ്ങളായിരുന്നല്ലോ. ഗോതമ്പ്, നെല്ല് ഉല്പാദനവും അതിന്റെ സംഭരണവും കൃത്യമായ താങ്ങുവിലയും വിതരണവുമൊക്കെ ഏറെക്കുറെ കാര്യക്ഷമമായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഇടപെടലോടെ മണ്ഡികളില്‍ കൂടി ഇക്കാലമത്രയും നടന്നുപോന്നിരുന്നു. പ്രാദേശിക പ്രക്ഷോഭങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെവികൊടുക്കാത്തതു കൊണ്ടാണ് കര്‍ഷക യൂണിയനുകള്‍ ദില്ലിയിലേക്ക് നീങ്ങിയത്. ശൈത്യകാലം അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക് എത്തുന്നതിന് മുമ്പ്തന്നെ അവര്‍ ദില്ലിയുടെ വടക്കന്‍ അതിരുകളില്‍ തമ്പടിച്ചുകഴിഞ്ഞിരുന്നു. നഗരത്തിനകത്തേക്ക് പ്രവേശനാനുമതി കിട്ടാത്തതുകൊണ്ടാണ് ദീര്‍ഘകാല താമസത്തിന് സജ്ജമായിത്തന്നെ എത്തിയ കര്‍ഷകരുടെ സംഘങ്ങള്‍ സിംഗു അതിര്‍ത്തിയിലും ടിക്‌രിയിലും ടെന്റ് കെട്ടിയത്. പഞ്ചാബ്-ഹരിയാന പാത, ഒരുപാട് പടയോട്ടങ്ങള്‍ കണ്ട അതേ പാതകള്‍ ദില്ലിയില്‍ പ്രവേശിക്കുന്നത് ഈ ഭാഗത്താണ്. കിഴക്കന്‍ ദില്ലിയുടെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഘാസിപ്പൂരില്‍ കര്‍ഷകരെത്തുന്നത് പിന്നീടാണ്. ശൈത്യം കടുത്തപ്പോള്‍ അവരുടെ ഇടയില്‍നിന്നും മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു തുടങ്ങി. കര്‍ഷക പ്രശ്‌നത്തിന് രാഷ്ട്രീയ മാനവും വന്നുതുടങ്ങി. സമര നേതാക്കളോട് സര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിക്കണമെന്ന് സമ്മര്‍ദ്ദമുണ്ടായി. പഞ്ചാബ് അപ്പോഴേക്കും പ്രതിഷേധത്തിന്റെ കടലായി മാറിക്കഴിഞ്ഞിരുന്നു. തങ്ങളുടെ ജീവിത സുരക്ഷയ്ക്കുമേല്‍ തങ്ങളോടാലോചിക്കാതെ നടന്ന ദില്ലിയുടെ കടന്നുകയറ്റമായി, ആക്രണമായിത്തന്നെ അവര്‍ കാര്‍ഷിക നിയമങ്ങളെ കണ്ടു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
രാഷ്ട്രീയ അന്തരീക്ഷം മാറുന്നതിന്റെ ആദ്യ ലക്ഷണമായിരുന്നു ശിരോമണി അകാലിദള്‍ മോദി മന്ത്രിസഭയില്‍ നിന്നും രാജിവെച്ചതും പിന്നെ എന്‍ഡിഎയില്‍ നിന്നു വിട്ടുപോകുന്നതും. രണ്ടായിരത്തി പതിനാലിലും പത്തൊമ്പതിലും നരേന്ദ്രമോദിയെ തിരസ്‌ക്കരിച്ച് ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ്സിനെ പിന്തുണച്ചവരാണ് പഞ്ചാബികള്‍. ആ തിരഞ്ഞെടുപ്പുകളില്‍ അകാലിദള്‍ ബിജെപിക്ക് ഒപ്പമായിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച് അകാലിദള്‍ മന്ത്രി ഹര്‍സിംരത് കൗര്‍ പറഞ്ഞത് കര്‍ഷക നിയമത്തെപ്പറ്റി എന്‍ഡിഎക്കുള്ളില്‍ ചര്‍ച്ചകളേ നടന്നില്ല എന്നാണ്. വാസ്തവത്തില്‍ മോദിസര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമങ്ങളെ കണ്ടത് വെറുമൊരു ഭരണ പരിഷ്‌കാരമായിട്ടാണ്. തങ്ങള്‍ക്ക് രാഷ്ട്രീയ സ്വാധീനം കുറഞ്ഞ പഞ്ചാബിലാണ് അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവവേദ്യമാവുക എന്നതിനാല്‍ ആ തലവേദന തങ്ങളുടേതല്ല എന്ന് കരുതിക്കാണണം. സര്‍വ്വോപരി സര്‍ക്കാരിന്റെ സാമ്പത്തിക ഉദാരവല്‍ക്കരണ പരിപാടിയുടെ ഷോ പീസ് നടപടിയായിട്ടാണ് പ്രധാനമന്ത്രി കാര്‍ഷിക പരിഷ്‌ക്കരണങ്ങളെ അവതരിപ്പിച്ചത്.
ഭക്ഷണത്തിന്റെ പൊളിറ്റിക്കല്‍ ഇക്കോണമി തൊണ്ണൂറുകള്‍ തുടങ്ങി മാറിത്തുടങ്ങിയിരുന്നു. ഹരിതവിപ്ലവത്തിന്റെ ദശകങ്ങളില്‍ (1965-1985) കര്‍ഷക സമൂഹം ഇന്ത്യന്‍ രാഷ്ട്രീയത്തെ ഗണ്യമായി സ്വാധീനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദശകങ്ങളിലായി സര്‍ക്കാരുകള്‍ ഭക്ഷ്യോത്പാദനസംഭരണവിതരണ മേഖലകളില്‍ നിന്നും പിന്‍വാങ്ങേണ്ടതാണ് എന്നൊരു സമവായം സര്‍ക്കാരില്‍ സ്വാധീനമുള്ള സാമ്പത്തിക വിദഗ്ദ്ധരും അവരെ പിന്‍തുടര്‍ന്ന് രാഷ്ട്രീയ നേതൃത്വവും രൂപപ്പെടുത്തിയിരിക്കുന്നു. കാര്‍ഷിക മേഖലയിലെ മൂലധന നിക്ഷേപം സര്‍ക്കാര്‍ ഗണ്യമായി കുറച്ചിരുന്നു. ഡാം, കനാല്‍, എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍, വിത്ത്, വളം, മരുന്നുകള്‍, കാര്‍ഷികോപകരണങ്ങള്‍, ഗവേഷണം എന്നീ മേഖലകളിലേക്ക് സ്വകാര്യ മൂലധനം എത്തട്ടെ എന്നുമാത്രമല്ല ഇത്രയേറെപ്പേരെ കാര്‍ഷിക രംഗത്തിന് പോറ്റാനാവില്ല എന്നും തൊഴിലാളികളെ മാത്രമല്ല കൃഷിക്കാരേയും ഭൂവുടമകളേയും കാര്‍ഷിക വൃത്തിയില്‍ നിന്നും മാറ്റണമെന്നുമുള്ള വിചാരം സ്‌റ്റേറ്റിന്റെ മുഖ്യധാരാ ചിന്തയായിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഭൂമിയെ കര്‍ഷകനില്‍നിന്നും മോചിപ്പിച്ച് വ്യവസായത്തിനും നഗരവല്‍ക്കരണത്തിന്റെ ഭാഗമായി റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കും നല്‍കുക എന്ന നയം സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ആദ്യ ദശകങ്ങളില്‍ തുടങ്ങിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കോളനിവല്‍ക്കരണത്തില്‍ കൂടി മാത്രമേ ഇന്ത്യന്‍ മുതലാളിത്തത്തിന് വളരാനാവൂ എന്ന നിഗമനം ഇതിന്റെ പുറകിലുണ്ടായിരുന്നു. ഝാര്‍ഖണ്ടും ഛത്തീസ്ഗഡുമൊക്കെ വളരെ നേരത്തെതന്നെ ഇതിന്റെ ഇരകള്‍ ആയവരാണ്.
എന്നാല്‍ യുപിഎ യുടെ ആന്തര രാഷ്ട്രീയഘടന സമ്പൂര്‍ണ്ണമായും ഇത്തരമൊരു ആഭ്യന്തര മുതലാളിത്ത വളര്‍ച്ചയെ സഹായിക്കുന്നതായിരുന്നില്ല. പല താല്പര്യങ്ങളുടെ ഇടഭൂമിയായിരുന്നു യു.പി.എ. വികേന്ദ്രീകൃതമായിരുന്നു അതിന്റെ പ്രവര്‍ത്തനങ്ങളും, തന്മൂലം അഴിമതിയും. യുപിഎ തന്നെ ശക്തിപ്പെടുത്തിയ സ്ഥാപനങ്ങള്‍ സിഎജി, വിവരാവകാശ നിയമം, സിവിസി, കോടതികള്‍ എന്നിങ്ങനെ ഈ അഴിമതികളെക്കുറിച്ച് അറിയുകയും ഇടപെടുകയും ചെയ്യുന്നുണ്ട്. (യു.പി.എ. എന്ന രാഷ്ട്രീയ സഖ്യത്തില്‍ പ്രാദേശിക രാഷ്ട്രീയ ശക്തികളുടെ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നല്ലോ.) അതുകൊണ്ടുതന്നെ അതിന്റെ അഴിമതിക്കും അത് പോറ്റിയ/ അതിനെ പോറ്റിയ സ്വകാര്യ മൂലധനത്തിനും പ്രാദേശികതയുടെ സ്വഭാവമുണ്ടായിരുന്നു. അസംഖ്യം പുതിയ സംരംഭകര്‍/മുതലാളിമാര്‍/വ്യവസായികള്‍ പൊന്തിവന്ന കാലം കൂടിയായിരുന്നു യുപിഎ വര്‍ഷങ്ങള്‍. എന്നാല്‍ ഇതേ സംഘം തന്നെയാണ് തങ്ങളുടെ അടുത്ത ഘട്ടത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് യുപിഎയുടെ അവകാശ രാഷ്ട്രീയ ഉടമ്പടികള്‍ തടസ്സം നില്‍ക്കുന്നു എന്നു കണ്ട് ബിജെപിയെ പിന്തുണയ്ക്കാന്‍ തുടങ്ങിയത്. ഇന്ത്യന്‍ സ്വകാര്യ മുതലാളിത്തം മോദിയില്‍ കണ്ടത് തങ്ങള്‍ക്കായി ഒരു ‘സര്‍സംഘചാലക്കി’നെയാണ്. സാമ്പത്തിക വിദഗ്ദ്ധരുടെ ഭാഷയില്‍ പറഞ്ഞാല്‍ റെഗുലേറ്ററി കൊളസ്‌ട്രോള്‍ (ബിസിനസ്സിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്ന നിയമങ്ങള്‍) നീക്കം ചെയ്ത് മുതലാളിത്തത്തിന് വളരാന്‍ അവസരം നല്‍കും ഈ ‘സംഘചാലക്’ എന്നവര്‍ കരുതി. പക്ഷേ ‘സംഘചാലക്’ ഒരു രാഷ്ട്രീയ ജീവിയാണെന്നതും തന്റെ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടുന്ന ഒന്നു മാത്രമായിട്ടാണ് മൂലധനത്തെ കാണുന്നതെന്നും അവര്‍ മറന്നു. ആ രാഷ്ട്രീയ ജീവിതമാകട്ടെ വൈയക്തിക അധികാര ലക്ഷ്യങ്ങള്‍ക്കൊപ്പം പ്രത്യയശാസ്ത്രപരമായി ഇന്ത്യയെ പുനഃനിര്‍മ്മിക്കണമെന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയധാരയില്‍ സമര്‍പ്പിതവുമാണ്. സംരംഭകര്‍/വ്യവസായികള്‍/മുതലാളിമാര്‍ തിങ്ങിനിറഞ്ഞു വളരുന്ന വികേന്ദ്രീകൃതമായ ഒരു ഉല്പാദനമേഖല ആവശ്യപ്പെടുന്നത് വികേന്ദ്രീകൃതമായ ഒരു രാഷ്ട്രീയ സംവിധാനമാണ്. ഫെഡറലിസത്തിന്റെ രാഷ്ട്രീയം അതാവശ്യപ്പെടും. ഇന്ത്യയെ ഏകശിലാരൂപത്തില്‍ പ്രത്യയശാസ്ത്രാടിത്തറയില്‍ പുനര്‍നിര്‍മ്മിക്കാന്‍ ഈ സംവിധാനം തടസ്സമാണ്. എല്ലാ സാമ്പത്തിക ഉല്പാദക വിനിമയ മേഖലകളേയും നിയന്ത്രണത്തില്‍ വെക്കുന്ന അരഡസന്‍ കമ്പനികള്‍ മാത്രമായാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ജോലി എളുപ്പമാകും. വാര്‍ത്താവിനിമയം മുതല്‍ തുറമുഖങ്ങളും സൂപ്പര്‍മാര്‍ക്കറ്റും ഇന്റര്‍നെറ്റും കൃഷിയും വരെ അവര്‍ നിയന്ത്രിക്കുകയും അവരെ നിയന്ത്രിക്കുക വഴി രാജ്യത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പൊളിറ്റിക്കല്‍ ഇക്കോണമി ഇന്ന് ഇന്ത്യയില്‍ ഭാവന ചെയ്യപ്പെട്ടിട്ടുണ്ട്. കര്‍ഷക സമരത്തിനോടുള്ള സര്‍ക്കാരിന്റെ പ്രതികരണത്തെ സ്വാധീനിക്കുന്നത് ഈ ഭാവനയാണ്. ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ ചില സാമ്പത്തിക കുത്തകകള്‍ക്ക് കൈമാറുന്നു എന്ന വിമര്‍ശനത്തിന്റെ ആധാരവും പുതിയ പൊളിറ്റിക്കല്‍ ഇക്കോണമിയെക്കുറിച്ചുള്ള ആശങ്കയും ഭയവും തന്നെയാണ്. ഇന്ത്യയുടെ പ്രത്യയശാസ്ത്ര പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സാംസ്‌കാരിക മൂലധനം, ഹിന്ദുത്വം എന്ന ആശയ ലോകം, ബിജെപിയുടെ കൈവശമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആവശ്യമായത് സ്വകാര്യമൂലധനം നല്‍കണം. അത്യന്തം കേന്ദ്രീകൃതമായ ഒരു പാര്‍ട്ടി നേതൃത്വവും ഇലക്ടറല്‍ ബോണ്ടുകള്‍ പോലെയുള്ള ഉപകരണങ്ങളും പാര്‍ട്ടി ബിസിനസ്സ് കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അനുയോജ്യമായ രാഷ്ട്രീയ സാമ്പത്തിക സംവിധാനം സൃഷ്ടിച്ചിട്ടുണ്ട്. കര്‍ഷക സമരത്തിന്റെ രാഷ്ട്രീയ സന്ദര്‍ഭം ചില നിയമ നിര്‍മ്മാണങ്ങള്‍ക്കപ്പുറം ഒരു പ്രത്യയശാസ്ത്ര സന്ദര്‍ഭം കൂടിയാണ് എന്നു ചുരുക്കം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ദില്ലിയില്‍ അരങ്ങേറിയത്. ഇന്ത്യന്‍ സ്‌റ്റേറ്റിന്റെ ഉത്സവാഘോഷമാണ് റിപ്പബ്ലിക് ദിനം. സ്‌റ്റേറ്റിന്റെ ഹിംസാത്മക മുഖത്തെ പ്രദര്‍ശിപ്പിക്കുകയും ജനതയെ അത് ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യം രാജ്പഥില്‍ നടക്കുന്ന പരേഡിലും മറ്റും അന്തര്‍ലീനമാണ്. ഇന്ത്യാഗേറ്റില്‍ നിന്നു തുടങ്ങി ചുവപ്പുകോട്ടയില്‍ അവസാനിക്കുന്ന പരേഡിന്റെ പ്രതീകാത്മക സ്വഭാവം കണ്ടറിയേണ്ടതാണ്. അന്നേ ദിവസം എന്നല്ല ഏതാനും ദിവസങ്ങള്‍ക്കു മുമ്പുതന്നെ നഗരം സെക്യുരിറ്റി കമ്പളത്തിനുള്ളിലാകും. മറ്റൊരു പൊതുപരിപാടിക്കും അവസരം നല്‍കാറില്ല ആ ദിവസങ്ങളില്‍. അന്നേ ദിവസമാണ് കര്‍ഷകര്‍ തങ്ങളുടെ ശക്തി തെളിയിക്കാനായി തിരഞ്ഞെടുത്തത്. പ്രതീകാത്മകമായിരുന്നു ആയിരക്കണക്കിന് ട്രാക്ടറുകള്‍ നിരത്തിയുള്ള കര്‍ഷകറാലിയും. സുപ്രീം കോടതി നല്‍കിയ പിന്തുണ കൊണ്ടു മാത്രമാണ് സര്‍ക്കാര്‍ റാലിക്ക് അനുമതി നല്‍കിയത്. രണ്ട് ഇന്ത്യകള്‍ നേര്‍ക്കുനേര്‍ വന്ന ദിവസം. എന്നാല്‍ ഇത്തരം കരുനീക്കങ്ങള്‍ (ംമൃ ീള ുീശെശേീി)െ ഒരു തരം ഞാണിന്മേല്‍ കളിയാണ്. കാരണം സ്‌ക്രിപ്റ്റ് എപ്പോള്‍ വേണമെങ്കിലും തെറ്റാമല്ലോ! അതുതന്നെയാണ് റിപ്പബ്ലിക് ദിനത്തിലും ഒരുപക്ഷേ സംഭവിച്ചത്. ഘാസിപ്പൂരില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും ഇരച്ചുകയറിയ ട്രാക്ടറുകള്‍ പോലീസ് സംവിധാനത്തെ താറുമാറാക്കി. ഒരു സംഘം ചെങ്കോട്ടയിലെത്തി പ്രതിഷേധം തുടര്‍ന്നു. ചിലര്‍ ചെങ്കോട്ടയുടെ എടുപ്പുകള്‍ കയറി പ്രധാനമന്ത്രി ദേശത്തെ സംബോധന ചെയ്യാന്‍ നിലയുറപ്പിക്കുന്ന സ്‌റ്റേജിന് പുറകിലുള്ള കൊടിമരത്തില്‍ നിഷാന്‍ സാഹിബിന്റെ കൊടി ഉയര്‍ത്തി. സിഖ് ഖാല്‍സയുടെ കൊടിയാണ് നിഷാന്‍ സാഹിബ്. ആത്മീയ സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ ഇച്ഛയെയും പ്രതിനിധീകരിക്കുന്നു നിഷാന്‍ സാഹിബ്. രാഷ്ട്രപതാക അഴിച്ചുമാറ്റിയല്ല ചെങ്കോട്ടയില്‍ കയറിയവര്‍ നിഷാന്‍ സാഹിബ് ഉയര്‍ത്തിയത്. രാഷ്ട്രപതാകയ്ക്ക് താഴെയാണ്, ഒരു ജനതയുടെ ആത്മവീര്യത്തെ അടയാളപ്പെടുത്തിപ്പോരുന്ന നിഷാന്‍ സാഹിബ് പാറിച്ചത്. അതില്‍ വിഘടനവാദം കാണുന്നത് അപകടകരമായ അതിവായനയാണ്. എന്നാല്‍ അതുതന്നെയാണ് പ്രധാനമന്ത്രി മുതല്‍ താഴോട്ട് പലരും ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. ഭരണകൂടം പ്രാന്തവല്‍ക്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സമരത്തിലെ ചെറിയ ഒരു ധാരയുടെ ആക്രമോത്സുകമായ സാന്നിധ്യമായി വേണമെങ്കില്‍ ചെങ്കോട്ടയിലെ പതാക ഉയര്‍ത്തലിനെ കണ്ടുകൊള്ളുക! അതിലെ പ്രതീകാത്മക രാഷ്ട്രീയം അതുയര്‍ത്തിയവര്‍ അങ്ങനെ തിരിച്ചറിഞ്ഞുകൊണ്ടാണോ അത് ചെയ്തത് എന്നൊന്നും നമുക്കറിയില്ല. വായിച്ചെടുക്കേണ്ടത് ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തിന്റെ പശ്ചാത്തലത്തിലാണ്. ആ ഫെഡറല്‍ സ്വഭാവത്തിന്റെ പ്രധാനപ്പെട്ട ഒരു ധാരയാണ് പഞ്ചാബ്. നിഷാന്‍ സാഹിബിനെ, പഞ്ചാബിനെ ഭരണകൂടം ഇന്ത്യന്‍ ദേശീയതയുടെ, പുറത്തുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചരിത്രത്തിലെ ഒരുപാട് ഭൂതങ്ങള്‍ ഉയര്‍ന്നെഴുന്നേറ്റ് വരുന്നത് നമുക്ക് കാണാം.
കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കപ്പുറം ചില ആത്മീയ രാഷ്ട്രീയത്തിന്റെ ഒലികള്‍ നിഷാന്‍ സാഹിബില്‍ ശ്രവിക്കാന്‍ കഴിയും.
സിഖ് മതക്കാരുടെ പ്രക്ഷോഭമല്ല പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരന്നിരിക്കുന്ന ഈ സമരം, എങ്കിലും സിഖ് ചരിത്രത്തിന്റെ ആത്മീയ ധ്വനികള്‍ സമരത്തിലുണ്ട്. ഭായി കനൈയ്യ (1648-1715)യുടെ കഥ പ്രസിദ്ധമാണ്. ഒമ്പതാമത്തെ ഗുരു, ഗുരു തേജ് ബഹദൂറിന്റെ ശിഷ്യനായിരുന്നു അദ്ദേഹം. സന്ധി സംഭാഷണത്തിന് സന്ദര്‍ശിച്ച് ഗുരു തേജ് ബഹദൂറിനെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് വധിച്ചു. ചെങ്കോട്ടയ്ക്ക് എതിരെ ആ സ്മരണ നിലനിര്‍ത്തുന്ന ഗുരുദ്വാരയുണ്ട്. തേജ് ബഹദൂറിന്റെ മകന്‍ പത്താമത്തെ സിഖ് ഗുരുവായി സ്ഥാനമേറ്റപ്പോള്‍ ഭായി കനൈയ്യ ഒപ്പം കൂടി. ഖാല്‍സ എന്ന പോരാളികളുടെ സംഘത്തെ സ്ഥാപിച്ച ഗുരു ഗോബിന്ദ് സിംഗ് പതിമൂന്ന് വട്ടം മുഗള്‍ സൈന്യവുമായി ഏറ്റുമുട്ടി. അദ്ദേഹത്തിന്റെ അമ്മയും നാല് ആണ്‍മക്കളും മുഗള്‍ സൈനികരാല്‍ കൊല്ലപ്പെട്ടു. അനന്ത്പൂര്‍ സാഹിബിലെ പ്രസിദ്ധമായ യുദ്ധത്തിനിടയില്‍ ഭായി കനൈയ്യയെക്കുറിച്ച് സൈനികര്‍ ഗുരു ഗോബിന്ദ് സിംഗിനോട് പരാതി പറഞ്ഞു. അനന്ത്പൂര്‍ സാഹിബ് ഉപരോധിച്ച മുഗള്‍ സൈന്യത്തിലെ പരിക്കേറ്റ സൈനികര്‍ക്ക് ഭായി കനൈയ്യ ജലം നല്‍കുന്നു എന്നതായിരുന്നു പരാതി. ശത്രുക്കള്‍ക്ക് എന്തിനാണ് ജലം നല്‍കുന്നത് എന്ന് ഗുരു ചോദിച്ചപ്പോള്‍ കനൈയ്യ പറഞ്ഞു: ഞാന്‍ നോക്കുമ്പോള്‍ ശത്രുക്കളെ കാണാന്‍ കഴിയുന്നില്ല, എനിക്ക് മനുഷ്യരെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഗുരുചിന്തയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടയാളാണ് ഭായി കനൈയ്യ എന്ന് ഗോബിന്ദ് സിംഗ് അനുയായികളോട് പറഞ്ഞു. ആത്മസ്ഥൈര്യത്തിന്റെയും സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉയര്‍ന്ന രൂപമായി ഭായി കനൈയ്യ ഇന്നു പഞ്ചാബിന്റെ ആത്മാവില്‍ ജീവിക്കുന്നു.
ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യാനും കാരുണ്യം ജീവിതരീതിയാക്കാനും ഉത്‌ബോധിപ്പിക്കുന്ന ഭായി കനൈയ്യയുടെ കഥ സമരസ്ഥലികളില്‍ കേട്ടുവെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു. ചെങ്കോട്ടയിലെ അക്രമത്തിനിടയില്‍ ടെലിവിഷന്‍ ക്യാമറയില്‍ പ്രത്യക്ഷപ്പെട്ട് കൈകൂപ്പിക്കൊണ്ട്, ”പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ്. നിങ്ങള്‍ ഈ നിയമങ്ങള്‍ പിന്‍വലിക്കണ”മെന്ന് പറയുന്ന ചെറുപ്പക്കാരനില്‍ ഖാല്‍സയുടെ, ഗുരു ഗോബിന്ദ് സിംഗിന്റെ രാഷ്ട്രീയമുണ്ട്. ഉയര്‍ന്ന നൈതികതയുടെ മാനമുണ്ട്. അവസാനത്തെ യുദ്ധത്തിന് ശേഷം ഗുരു ഗോബിന്ദ് സിംഗ് ഔറംഗ്‌സീബിന് എഴുതി എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കത്തുണ്ട്. സഫര്‍നാമ എന്ന ആ കത്ത് മൗലികമായ ഒരു വിജയപ്രഖ്യാനമാണ്. ഔറംഗസീബിന്റെ യുദ്ധങ്ങള്‍ നീതിയുടെ പക്ഷത്തുനിന്നുമല്ല എന്നും ചതിയുടേതാണ് എന്നും അതിനാല്‍ തന്നെ ആത്മീയ ശോഭ കെട്ട വ്യക്തിയാണ് ഔറംഗസീബ് എന്നും സഫര്‍നാമയില്‍ പറയുന്നുണ്ട്. ഔറംഗസീബ് ചക്രവര്‍ത്തിയായി തുടരുകയും തന്റെ കുടുംബം ഏതാണ്ട് മുഴുവനായി യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടു എങ്കിലും സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന തന്റേതാണ് ആത്മീയ വിജയം എന്ന് ഗുരു പറയുന്നു. അതിരുകളില്ലാത്ത അധികാരം സ്വപ്‌നം കാണുന്ന എല്ലാ ഭരണാധികാരികള്‍ക്കുമുള്ള സന്ദേശമാണ് സഫര്‍നാമ.
മുഗള്‍സാമ്രാജ്യത്തിന്റെ അധികാര വിസ്തീര്‍ണ്ണം ഔറംഗ്‌സീബിന്റെ പ്രധാന ലക്ഷ്യമായിരുന്നു. ബാബറും ഹുമയൂണും അക്ബറുമൊന്നും ചെയ്യാത്ത മറ്റൊരു പ്രവൃത്തി കൂടി ഔറംഗ്‌സീബ് ചെയ്തു. തന്റെ സാമ്രാജ്യത്തെ മത രാഷ്ട്രമാക്കാനും അതിനെ എതിര്‍ത്ത അതിര്‍ത്തി പ്രദേശങ്ങളിലെ സമൂഹങ്ങളെ അപരവല്‍ക്കരിക്കാനും കീഴ്‌പ്പെടുത്താനും അയാള്‍ ശ്രമിച്ചു. നിരന്തര യുദ്ധങ്ങളായിരുന്നു ഫലം. യൂറോപ്പ് നവോത്ഥാനത്തിലേക്കും സമുദ്രയാനങ്ങളിലേക്കും വ്യവസായവല്‍ക്കരണത്തിലേക്കും തിരിഞ്ഞപ്പോള്‍ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തികളിലൊന്നായ മുഗള്‍ സാമ്രാജ്യം ഔറംഗസീബിന്റെ കീഴില്‍ യുദ്ധങ്ങളുടെ സങ്കുചിത മതചിന്തയുടെ ചുമട് താങ്ങുകയായിരുന്നു. ഔറംഗ്‌സീബിന്റെ ഭരണം സൃഷ്ടിച്ച മുറിവുകള്‍ മുഗള്‍ സാമ്രാജ്യത്തിന്റെ വ്രണങ്ങളായി മാറി. മുഗള്‍ സാമ്രാജ്യത്തിന്റെ കുലാന്തകനായി മാറി ഔറംഗ്‌സീബ്. ഗുരു പറഞ്ഞിരുന്നല്ലോ നീതിയുടെ പക്ഷത്തല്ല അയാള്‍ നിലകൊണ്ടത്. ഔറംഗ്‌സീബിന്റെ ഭരണം ഒരു പാഠമാണ്. അനുരഞ്ജനവും സമവായങ്ങളും സഖ്യങ്ങളുമാണ് അക്ബറും പിന്‍ഗാമികളും പിന്‍തുടര്‍ന്നത്. അത് മുഗള്‍ സാമ്രാജ്യത്തിന് ആയുസ്സ് നല്‍കി. (ഇന്ത്യയുടെ പ്രാദേശിക സ്വത്വങ്ങളാണ് അതിന്റെ ശക്തിയെന്ന് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ഫെഡറല്‍ ഭരണഘടന തിരിച്ചറിയുന്നു.) ദില്ലി എന്ന അധികാരകേന്ദ്രവും പ്രാദേശിക രാഷ്ട്രീയ സാംസ്‌കാരിക സ്വത്വങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യന്‍ സ്‌റ്റേറ്റിനെ എപ്പോഴും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട്. ആ സംഘര്‍ഷം ഇന്നതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. അപരസ്വത്വ നിര്‍മ്മിതികളിലൂടെ രാഷ്ട്രീയ ധ്രുവീകരണവും അധികാരവും ലക്ഷ്യമിടുന്ന പുതിയ ചക്രവര്‍ത്തിമാര്‍ ചരിത്രപാഠങ്ങള്‍ മറന്നിരിക്കുന്നു. തങ്ങളോട് യോജിക്കാത്തവരെ പ്രാന്തവല്‍ക്കരിക്കാനും അപരവല്‍ക്കരിക്കാനുമുള്ള ശ്രമം എമ്പാടും നമുക്ക് കാണാം.
കര്‍ഷകസ്വത്വം ഒരു രാഷ്ട്രീയസ്വത്വമേ അല്ലായിരിക്കാം; കര്‍ഷക സമൂഹം പ്രാദേശികാര്‍ത്ഥത്തിലും പാര്‍ട്ടി രാഷ്ട്രീയത്തിന് ഉപരിയായും സംഘടിക്കപ്പെട്ടവയായിരിക്കാം. പക്ഷേ, ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ മറ്റനേകം ദുരന്തങ്ങളുടെ നിഴലുകളുണ്ട്; ഒട്ടും പ്രസാദാത്മകമല്ലാത്ത ഒരു നാളെയുടെ മുന്നറിയിപ്പുമുണ്ട്. അതിന്റെ അലയൊലികളെ അറസ്റ്റുകള്‍ കൊണ്ടോ നവമാധ്യമങ്ങള്‍ക്കു മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നോ, രാജ്യദ്രോഹത്തിന്റെ ബാനര്‍ പൊക്കിപ്പിടിച്ചോ നിശ്ശബ്ദമാക്കാന്‍ കഴിയുകയില്ല.
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in