കോളനിവാണങ്ങളുടെ ഉദയവും വംശീയവിഭജനത്തിന്റെ പ്രയോജനവും
സിനിമയില്‍ അഭിനയിച്ചതിനാല്‍ റോസിയെ നാടുകടത്തുകയായിരുന്നുവെങ്കില്‍, കമലത്തെ ഊരുവിലക്കേര്‍പ്പെടുത്തി, കടല്‍ത്തീരത്ത് ആര്‍ക്കോ വില്‍ക്കുകയായിരുന്നു. ആദ്യകാലത്തെ നാടകപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇതേ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. കുലസ്ത്രീമഹിമയെന്ന ബിംബബോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരം അതിക്രമങ്ങളൊക്കെ അരങ്ങേറിയിരുന്നത്. ജനങ്ങള്‍ നേരിടുന്ന ദാരിദ്ര്യം, സാമ്പത്തിക ഞെരുക്കം തുടങ്ങിയ ജീവിത സത്യങ്ങള്‍ക്കുമുകളില്‍ കയറിനിന്ന ഇത്തരം വരേണ്യസ്ത്രീബോധങ്ങളെ അട്ടിമറിക്കാന്‍, അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്കും, തൊഴില്‍ കേന്ദ്രത്തിലേയ്ക്കും പ്രവേശിച്ച ഇടപെടലുകള്‍ക്കും സാധിച്ചില്ല. അവയെ അരക്കിട്ടുറപ്പിക്കുകയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന കോളനിവാണങ്ങള്‍ എന്ന പദം പോലുള്ള വംശീയ വിദ്വേഷബോധങ്ങള്‍
ഒരു ആദിവാസിപെണ്‍കുട്ടിയ്ക്ക് നമ്മുടെ രാജ്യം അനുവദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സിവില്‍ സര്‍വ്വീസില്‍ ജോലി ലഭിക്കുകയും അതിനെത്തുടര്‍ന്നുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് വംശീയ വിഭജനങ്ങളുടെയും ധ്രുവീകരണങ്ങളുടെയും ഒരന്തരീക്ഷം രൂപപ്പെടുത്താന്‍ സമൂഹമാധ്യമങ്ങളിലൂടെ ചില ശ്രമങ്ങള്‍ നടക്കുകയുണ്ടായി. അതിനെതിരെയുള്ള പ്രതികരണങ്ങളുടെ ഭാഗമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശ്രീ. ബി. ആര്‍. പി ഭാസ്‌കര്‍, പ്രമുഖ ചിന്തകന്‍ ശ്രി. കെ.കെ. കൊച്ച് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്ന സന്ദര്‍ഭത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഈ സന്ദര്‍ഭത്തില്‍ വംശീയ വിഭജനത്തിന്റെ അപകടം ചൂണ്ടിക്കാണിച്ചുകൊണ്ടും സാംസ്‌കാരികവും സാമൂഹികവുമായ മലയാളി മനോഗണനയെ നിരീക്ഷിച്ചുകൊണ്ടും ചില കാഴ്ചകള്‍ പങ്കുവെയ്ക്കുവാന്‍ ശ്രമിക്കുകയാണിവിടെ.
മുഖ്യമായും സ്ത്രീകളാകുന്നു അപമാനിക്കപ്പെടുന്നവര്‍ എന്നതാണ് ഇവിടെ ഏറ്റവും പ്രധാനമായി കണേണ്ട വസ്തുത. കോളനികളിലെയും ചേരികളിലെയും സ്ത്രീകള്‍ രണ്ടാം തരക്കാരാണ് എന്ന് പ്രചരിപ്പിക്കുന്ന നിരന്തര സംവേദന മണ്ഡലം സമൂഹത്തിന്റെ കൊടുക്കല്‍ വാങ്ങല്‍ ഘടനയില്‍ ഒളിഞ്ഞിരിക്കുന്നു എന്നതാണ് പ്രധാന വസ്തുത. ജെ. ദേവികയും മറ്റും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ കുലീന, ആഢ്യസ്ത്രീ ബിംബങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ചില ബോധരൂപങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. സ്ത്രീകള്‍ തൊഴിലെടുക്കുന്നതും, അധ്വാനിക്കുന്നതും അതുപോലെ പൊതുഇടങ്ങളില്‍ വന്നുനില്‍ക്കുന്നതും അവരെ രണ്ടാം തരമാക്കുവാന്‍ കാരണമായി. എന്നാല്‍ നവോത്ഥാന കേരളത്തിന്റെയും പരിഷ്‌കരണ കേരളത്തിന്റെയും ചരിത്രം, സ്ത്രീകള്‍ അധ്വാനം കൊണ്ടും തൊഴില്‍ മേഖലയില്‍ പ്രവേശിച്ചുകൊണ്ടുമാണ് കേരളത്തിന്റെ ദാരിദ്ര്യം ഉള്‍പ്പെടെയുള്ള യാഥാര്‍ത്ഥ്യങ്ങളെ മറികടക്കുവാന്‍ സാധിച്ചത് എന്നതാണ്. മാത്രവുമല്ല നവോത്ഥാനത്തിനും പരിഷ്‌കരണത്തിനും സ്ത്രീകള്‍ നല്‍കിയ ഇടപെടലുകളും സംഭാവനകളുമാണ് വിവേചനബദ്ധമായിരുന്ന കേരളബോധത്തെ വലിയളവോളം മാറ്റത്തിനു പ്രേരിപ്പിച്ചത്. ഇത് ഒരു യാഥാര്‍ത്ഥ്യമായിരിക്കെ ഇതിനെ അപമാനിച്ചുകൊണ്ടുള്ള പൊതുബോധം കേരളത്തില്‍ രൂപപ്പെട്ടുവരികയുണ്ടായി. തൊഴിലാളി പ്രസ്ഥാനങ്ങളിലും തൊഴിലാളി സമരങ്ങളിലും സ്ത്രീകള്‍ നടത്തിയ വലിയ സാന്നിധ്യം അവരെ അപമാനിക്കുവാനും രണ്ടാംതരമാക്കുവാനും നെഗറ്റീവായി ഉപയോഗിച്ചു എന്നതാണ് സത്യം. പ്രകടനങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്ന സ്ത്രീകളെ രണ്ടാം തരക്കാരായി അപമാനിക്കുകയും അതുപ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം നിരന്തരം രൂപപ്പെടുകയും ചെയ്തുവന്നു. അതേസമയം കെ.ആര്‍. ഗൗരിയമ്മ ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ ജീവിതംകൊണ്ടും സമരംകൊണ്ടും ഇത്തരം പ്രചരണങ്ങളെ വലിയ ഒരളവില്‍ നിഷ്പ്രഭമാക്കുകയും സ്ത്രീസമൂഹത്തിന് ഒരു ഉണര്‍വ്വ് നിര്‍മ്മിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ പുരുഷാധികാരബോധത്തിന്റെ സമഗ്രാധികാരം പലപ്പോഴും ഇത്തരം ശ്രമങ്ങളെ അട്ടിമറിക്കുകയും ചെയ്തുവന്നു.
സാംസ്‌കാരികമായ ഇടത്തില്‍ സംഭവിച്ചതാകട്ടെ ഇതിന്റെ തുടര്‍ച്ചയായിരുന്നു. സിനിമയില്‍ അഭിനയിച്ചതിനാല്‍ റോസിയെ നാടുകടത്തുകയായിരുന്നുവെങ്കില്‍, കമലത്തെ ഊരുവിലക്കേര്‍പ്പെടുത്തി, കടല്‍ത്തീരത്ത് ആര്‍ക്കോ വില്‍ക്കുകയായിരുന്നു. ആദ്യകാലത്തെ നാടകപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇതേ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. കുലസ്ത്രീമഹിമയെന്ന ബിംബബോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരം അതിക്രമങ്ങളൊക്കെ അരങ്ങേറിയിരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ജനങ്ങള്‍ നേരിടുന്ന ദാരിദ്ര്യം, സാമ്പത്തിക ഞെരുക്കം തുടങ്ങിയ ജീവിത സത്യങ്ങള്‍ക്കുമുകളില്‍ കയറിനിന്ന ഇത്തരം വരേണ്യസ്ത്രീബോധങ്ങളെ അട്ടിമറിക്കാന്‍, അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്കും, തൊഴില്‍ കേന്ദ്രത്തിലേയ്ക്കും പ്രവേശിച്ച ഇടപെടലുകള്‍ക്കും സാധിച്ചില്ല എന്നതാണ് നാം മനസ്സിലാക്കേണ്ടുന്ന സംഗതി. ഏഷ്യയെയും ഭാരതത്തെയും ആഴത്തില്‍ പിടിമുറുക്കിയ വിഭജനപദ്ധതിയായ ജാതിവംശീയ താല്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇതു നിലനില്‍ക്കുന്നത്. ഇതു തിരിച്ചറിയുവാനുള്ള വിമൂകതയാണ് ഇതിലെ മറ്റൊരു വസ്തുത. നിര്‍ഭാഗ്യവശാല്‍, നവോത്ഥാന ശ്രമങ്ങളെ ജാതിവാദത്തിലേയ്ക്ക് തെറ്റായി നടത്തിച്ചും പരിഷ്‌കരണ ശ്രമങ്ങളെ അട്ടിമറിച്ചും ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കുന്ന ചരിത്രമാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ ഭാരതത്തില്‍ വ്യക്തിയില്ല, മറിച്ച് ജാതികളാണുള്ളത്. പൊതുസമൂഹങ്ങളില്ല മറിച്ച് വംശീയഇടങ്ങളാണുള്ളത്. ഈയവസ്ഥ രൂപപ്പെട്ടത് വരേണ്യ സങ്കല്പത്തില്‍ നിന്നാണെങ്കിലും ഇതിനെ നിലനിര്‍ത്തുന്നതില്‍ ഗാന്ധിയന്‍-മാര്‍ക്‌സിയന്‍-സോഷ്യലിസ്റ്റ് ഭൂരിപക്ഷ സമൂഹങ്ങളും തല്പരരായിരുന്നു എന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ആധുനിക ജനാധിപത്യത്തെക്കാള്‍, ജനപ്രിയമാക്കിയെടുത്തത് ഉത്തരേന്ത്യന്‍ നാട്ടുരാജകഥകളായിരുന്നുവല്ലൊ. ബാലസാഹിത്യം മുഴുവന്‍ ഇതുകൊണ്ടു നിറഞ്ഞതായിരുന്നു. ജനാധിപത്യസംവിധാനത്തിനു മുകളില്‍ രാജവാഴ്ചയെ സ്ഥാപിക്കുന്ന ബോധങ്ങള്‍ നിരന്തരം നിലകൊണ്ടു. ജനാധിപത്യ സംവിധാനത്തെ കലികാലം എന്നായിരുന്നു അഭിസംബോധന ചെയ്തത്. അഥവാ സ്ത്രീകളും ശൂദ്രസമൂഹങ്ങളും മനുഷ്യാവകാശങ്ങള്‍ ചോദിക്കുന്നു എന്നതായിരുന്നു ഇതിനു പിന്നിലെ കാരണങ്ങള്‍. ശൂദ്രസമൂഹങ്ങളില്‍ ഒരുവിഭാഗം വളരെപ്പെട്ടെന്ന് പ്രതീകാത്മ ക്ഷത്രിയത്വം നേടിയെടുക്കാന്‍ നടത്തിയ ശ്രമങ്ങളായിരുന്നു മറ്റൊന്ന്. അവര്‍ണരും അയിത്തജാതികളുമായിരുന്ന ശൂദ്രസമൂഹത്തില്‍ വിള്ളലുണ്ടാക്കിയ സവര്‍ണത അതിന്റെ വിജയം നേടിയെടുത്തത് ബഹുജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടായിരുന്നു. അതാകട്ടെ വംശീയമായ വിദ്വേഷങ്ങളിലേയ്ക്ക് പടിപടിയായി സ്ഥാനമാറ്റം ചെയ്തു. മാര്‍ക്‌സിയന്‍-ഗാന്ധിയന്‍-സോഷ്യലിസ്റ്റ് ചിന്താമണ്ഡലം ഈ പരിണാമത്തെ കാണാതെ പോവുകയൊ, കണ്ടിട്ടും നിശബ്ദമാവുകയൊ, പ്രോത്സാഹിപ്പിക്കുകയൊ ചെയ്തു. വംശീയമായ ഈ കടന്നാക്രമണം സാംസ്‌കാരികമായി പരിവര്‍ത്തനപ്പെടുകയും അധികാര നിര്‍മ്മിതിയുടെ ഭാഗധേയം നിര്‍ണയിക്കുകയും ചെയ്തു. അതുകൊണ്ടാണ് സംവരണവിരുദ്ധ തരംഗത്തിലേയ്ക്ക് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയെയും എത്തിക്കുവാന്‍ ഈ ബോധമണ്ഡലത്തിനു സാധിച്ചത്.
വരേണ്യതയുടെയും അധികാരത്തിന്റെയും തെറ്റായ ഒരു കൂട്ടുകെട്ടാണ് ഇതിനു പിന്നിലെന്ന കാര്യം മനസ്സിലാക്കാന്‍ പരിഷ്‌കര്‍ത്താക്കളുടെ പിന്‍സമൂഹത്തിനും സാധിക്കാതെ പോയി. നൂറ്റാണ്ടുകളായി പ്രത്യേക പരിരക്ഷയും റിസര്‍വേഷനും കൈപ്പറ്റുന്ന ഒരു പ്രിവിലേജ്ഡ് സമൂഹമായിരുന്നു ഭാരതത്തിലെ ബ്രാഹ്മണ്യം എന്ന യാഥാര്‍ത്ഥ്യം തന്നെയും ശൂദ്രാദിപിന്നോക്കര്‍ മറന്നു. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയ തു്‌ല്യതയ്ക്കുവേണ്ടി ശ്രമിച്ചപ്പോള്‍, അതിനോട് മുഖം തിരിഞ്ഞ സവര്‍ണതയ്ക്കു വേണ്ടി സംസാരിക്കാന്‍ ഈ ശൂദ്രാദി പിന്നോക്കര്‍ രംഗത്തുവന്നു എന്നതാണ് ദേശം നേരിട്ട ഏറ്റവും വലിയ വിരോധാഭാസം. നമുക്ക് ഒരു ആധുനിക ജനാധിപത്യ സംവിധാനമുണ്ടെന്നും ക്ഷേമരാഷ്ട്രമെന്ന സങ്കല്പമുണ്ടെന്നും രാഷ്ട്രത്തിലെ ദുര്‍ബല സമൂഹങ്ങളെ കൈപ്പിടുച്ചുയര്‍ത്തേണ്ടത് രാഷ്ട്രത്തിന്റെ ബാധ്യതയാണെന്നുമുള്ള കാതലായ വശങ്ങളെ, കലികാലം എന്നു നിരൂപിച്ച വരേണ്യത ജനാധിപത്യത്തോടു മുഖം തിരിച്ചപ്പോള്‍, ആ വരേണ്യതയുടെ ഒപ്പം നില്‍ക്കുവാന്‍ ശൂദ്രാദിപിന്നോക്ക സമൂഹം നടത്തിയ ശ്രമങ്ങളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം. അഥവാ തങ്ങള്‍ക്കുകൂടി ലഭിക്കേണ്ടുന്ന ജനാധിപത്യ അവകാശങ്ങളെ അട്ടിമറിക്കാന്‍ തങ്ങള്‍തന്നെ രംഗത്തുവന്ന ചരിത്രമാണ് മണ്ഡല്‍ കാലഘട്ടത്തിലെ ഇന്ത്യ വ്യക്തമാക്കുന്നത്. ഗാന്ധിയന്‍-മാര്‍ക്‌സിയന്‍-മതദേശവാദ അച്ചുതണ്ട് ഒരേ സ്വരത്തില്‍ സംവരണത്തിനെതിരെ സംസാരിച്ചു. മാത്രവുമല്ല മെറിറ്റോക്രസി എന്ന വാദം മുന്നോട്ടു കൊണ്ടുവരികയും ചെയ്തു. ആര്‍ക്കുവേണ്ടിയായിരുന്നു ഈ തെറ്റായ വാദം എന്ന് അവര്‍ ഇന്നും ചിന്തിച്ചുതുടങ്ങിയിട്ടില്ല. ഇന്ത്യയെ പിടിമുറുക്കിയിരിക്കുന്ന ഫാഷിസത്തിന്റെയും സ്വകാര്യവല്ക്കരണത്തിന്റെയും സ്വതന്ത്രവഴികള്‍ തുറന്നുകൊടുക്കാനാണ് ഈ ഘട്ടത്തില്‍ ഇവര്‍ ശ്രമിച്ചത്. ബഹുജന ചിന്തകളെ തള്ളിപ്പറഞ്ഞും, നവോത്ഥാന, പരിവര്‍ത്തന പ്രസ്ഥാനങ്ങളെ കയ്യൊഴിഞ്ഞും ഇന്ത്യന്‍ ഭരണഘടനയെ സമ്മര്‍ദ്ദത്തിലാക്കിയും ഇവര്‍ നടത്തിയ ശ്രമങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാധാരണ മനുഷ്യരുടെ ഐക്യത്തെയും സാമൂഹിക എഞ്ചിനീയറിംങ്ങിനെയുമാണ് തകര്‍ത്തെറിഞ്ഞത്. അത് യഥേഷ്ടം വളരുകയും, ഇന്ന് ഒരു മതരാഷ്ട്രവാദത്തിലേയ്ക്ക് കാലെടുത്തു വെക്കും വിധം, നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ഘടകമായ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, സാമൂഹ്യനീതി എന്നീ ഘടകങ്ങള്‍ വെല്ലുവിളി നേരിടുകയും ചെയ്യുന്ന അവസ്ഥയില്‍ കൊണ്ടെത്തിക്കുകയും ചെയ്തു.
ഇവയെ അരക്കിട്ടുറപ്പിക്കുകയാണ് വംശീയ വിദ്വേഷബോധങ്ങള്‍. ഇന്ന് സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ഒരുപ്രയോഗമായ കോളനിവാണങ്ങള്‍ എന്ന പദം അത് ഒരു മനുഷ്യവിഭാഗത്തെ തരംതാഴ്ത്താനുള്ള പ്രയോഗമാണെന്ന് ഏവര്‍ക്കുമറിയാം. ഇത്തരം നിരവധി പദങ്ങള്‍ നിലവിലുണ്ട്. മൃഗങ്ങളുടെ പേരുകള്‍, പ്രത്യേക ചിഹ്നങ്ങള്‍, തുടങ്ങി പലതുമുണ്ട്. എന്നാല്‍ അത് ഒരു പ്രത്യേക സമൂഹത്തിനു മേല്‍മാത്രം നിരന്തരമായി ആവര്‍ത്തിക്കുന്നതിന്റെ സാംസ്‌കാരികാധികാരത്തെയാണ് നാം ചോദ്യം ചെയ്യേണ്ടത്. കേരളത്തില്‍ ഇത്തരം പ്രയോഗങ്ങളുടെ വിതരണത്തിന് ഒരു ചരിത്രം തന്നെയുണ്ട്. ‘ചാത്തന്‍പൂട്ടാന്‍ പോകട്ടെ’ എന്ന പ്രയോഗമാണ്, വിമോചനസമര കേരളത്തില്‍ മുഴങ്ങിക്കേട്ടത്. ‘തമ്പ്രാന്‍ എന്നു വിളിപ്പിക്കും, പാളേല്‍ കഞ്ഞി കുടിപ്പിക്കും’ എന്ന മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയെ ഖണ്ഡിക്കാന്‍ കേരള മനസ്സിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ളവര്‍, മുമ്പ് ഒരു ലേഖനം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. കേരളത്തിലെ ഒരു പ്രമുഖ വിദ്യാര്‍ത്ഥി പ്രസ്ഥാനം ഏതുവിധത്തിലാണ് ദലിത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ നിശബ്ദമാക്കുന്നത് എന്നതായിരുന്നു ചര്‍ച്ചാവിഷയം. എന്നാല്‍ അതിന്റെ മറുപടിയായിക്കൊണ്ട്, പ്രസ്തുത വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി നേതാവ് അന്നെഴുതിയ മറുപടിയുടെ തലക്കെട്ടുതന്നെയും അവജ്ഞത നിറഞ്ഞതായിരുന്നു. ‘അമ്മമാര്‍ക്കു പിറന്നവരും മരക്കുറ്റിക്ക് പിറന്നവരും’ എന്നായിരുന്നു ആ തലക്കെട്ട്. ഇത് വളരെ ആശ്ചര്യകരമായിട്ട് ഒരാള്‍ക്ക് തോന്നാം. ദലിത് സംവാദമണ്ഡലങ്ങളോട്, ഇന്ത്യയിലെ അധികാര മാര്‍ക്‌സിയന്‍ പ്രസ്ഥാനങ്ങളുടെ പൊതുനിലപാടിന്റെ സൂചകം കൂടിയാണ് ആ തലക്കെട്ട് എന്നു വായിച്ചെടുക്കുവാന്‍ നമുക്ക് കഴിയും.
ഒരു ക്രൈസ്തവ ജനപ്രതിനിധി, ഇടതുപക്ഷ പ്രസ്ഥാനത്തിലുള്ള ഒരു ജനപ്രതിനിധിയെ അവഹേളിച്ചതിനെ സംബന്ധിച്ചുള്ള ചര്‍ച്ചയും മുസ്ലിം ജനപ്രതിനിധി ദലിത് ജനപ്രതിനിധിയെ അവഹേളിച്ചതിനെ സംബന്ധിച്ച വാര്‍ത്തകളും പദപ്രയോഗങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളും നാം കേട്ടതാണ്. ഇത്തരത്തിലുള്ള നിരവധി പരാമര്‍ശങ്ങള്‍ വേറെയുമുണ്ട്. വംശീയമായി അധിക്ഷേപത്തിനു വിധേയമാവുന്ന ന്യൂനപക്ഷ സമൂഹങ്ങളും ജനപ്രതിനിധികളും നമുക്കുമുന്നിലുണ്ട്. അതുകൊണ്ടുതന്നെ സാംസ്‌കാരികമായ ഇത്തരം വിനിമയ രൂപങ്ങള്‍ യാദൃശ്ചികമൊ, ഒറ്റപ്പെട്ടതോ അല്ല.
കോളനിവാണങ്ങള്‍, എന്ന പരാമര്‍ശം നല്കുന്ന ഏറ്റവും പ്രധാനപാഠം കോളനികളില്‍ താമസിക്കുന്ന മനുഷ്യര്‍ എന്നുള്ളതാണല്ലൊ. സാമ്പത്തികമായി പിന്നോക്കവും അതിപിന്നോക്കവുമായി ജീവിക്കേണ്ടി വരുന്നവര്‍ എന്നതും കറുത്ത നിറമുള്ള ഉടലുകള്‍ ഉള്ളവര്‍ എന്നതുമാകാം ഈ കടന്നുകയറ്റത്തിനു കാരണം. ഇവിടെ പ്രധാന കുറ്റവാളികള്‍ കേരളം ഭരിച്ചവര്‍ തന്നെയാണ്. എന്തുകൊണ്ട് ഈ മനുഷ്യരെ കോളനിയില്‍ നിന്നും പുറത്തുപോകുന്നതിന്, ഭൂമിയുടെയും സാമ്പത്തിക ഭദ്രതയുടെയും ഉടമകളാക്കുവാന്‍ വഴിനിഷേധിക്കുന്നു എന്നതുമായി ബന്ധപ്പെട്ടതാണ് പ്രധാന ചോദ്യം. പരിഷ്‌കൃത-നവോത്ഥാന നേതാക്കളാരുംതന്നെ, അപരിഷ്‌കൃത ജീവിതം പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നിരിക്കെ, ജനാധിപത്യ-ക്ഷേമരാഷ്ട്രത്തില്‍ എന്തുകൊണ്ട് ദലിതരും ആദിവാസികളും ഏറ്റവും ഹീനമാംവിധം പുറത്താക്കപ്പെട്ടു എന്ന കാര്യത്തിന് ഉത്തരം നല്‌കേണ്ടതുണ്ട്. സാമ്പത്തികമായി നടത്തിയ തട്ടിപ്പുകളില്‍ പിടിക്കപ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെ പലരുടെയും പേരിന്റെ കൂടെ ജാതി കൂടിയുണ്ടായിരുന്നു. രാജ്യത്തിന്റെ സമ്പത്തായ 68000 കോടി രൂപ തട്ടിയെടുത്തവര്‍ പോലും ഇവിടുത്തെ പാവപ്പെട്ട മനുഷ്യരല്ല. എന്നാല്‍ ഇവര്‍ക്കാര്‍ക്കും വംശീയമായി ഒറ്റപ്പെടേണ്ടി വരുന്നില്ല എന്നതാണ് മറ്റൊരു കാര്യം. ഇവരെ അപകീര്‍ത്തിപ്പെടുത്താനും വംശീയമായി ആക്ഷേപിക്കാനും നവമാധ്യമങ്ങള്‍ താല്പര്യം കാണിക്കുന്നില്ല.
ഇനി ചല ജനപ്രിയ മാധ്യമങ്ങളും വ്യക്തിപരിണാമവും കൂടി വിഷയമാക്കേണ്ടതുണ്ട്. വില്ലനായി അഭിനയരംഗത്തുവന്ന പല നടന്മാരും പില്‍ക്കാലത്ത് വലിയ സ്വാധീനമുള്ളവരായി മാറിയത് നാം കാണുന്നുണ്ട്. ബലാല്‍സംഗവീരന്മാരായി അഭിനയിച്ചവര്‍ പല ബോര്‍ഡുകളിലും അധ്യക്ഷന്മാരായിട്ടുണ്ട്. ഈ ഘട്ടത്തിലും അവര്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടിട്ടില്ല. വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന സ്ത്രീകളുണ്ട് അദലിതരായി. അവര്‍ക്കെതിരെയും വംശീയ അതിക്രമങ്ങള്‍ നടന്നിട്ടില്ല. ദലിതര്‍ക്കുമേല്‍ ഇന്നു നടക്കുന്ന സോഷ്യല്‍ മീഡിയ വംശീയാക്ഷേപങ്ങള്‍, തികച്ചും അനാരോഗ്യകരമായ ഒറു സമൂഹനിര്‍മ്മാണത്തിന്റെ സൂചനകളാണ് നല്കുന്നത്. ദേശരാഷ്ട്രത്തിന്റെ ഐക്യത്തെ അത് ഭിന്നിപ്പിക്കും. പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും അത് ഇല്ലാതാക്കും. ജാതിവ്യവസ്ഥയുടെ അടിസ്ഥാന സ്വഭാവമായ ഭിന്നിപ്പിക്കുക എന്ന തന്ത്രമായിരിക്കും ഇതിലൂടെ വളര്‍ച്ച നേടുക. ഇത് ഫാഷിസത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായിത്തീരും.
അതുകൊണ്ടുതന്നെ പുരോഗമനകാരികളും ജനാധിപത്യവാദികളും ഇത്തരം സമൂഹവിരുദ്ധ ശ്രമങ്ങളെ ചെറുത്തുതോല്പിക്കേണ്ടിയിരിക്കുന്നു. അതിനുകഴിയുന്നില്ലെങ്കില്‍, രാജ്യത്തിന്റെ പിന്‍മടക്കമായിരിക്കും ഫലം. ഇതാവട്ടെ വരേണ്യസമൂഹത്തിനും അതിന്റെ അധികാര ഘടകങ്ങള്‍ക്കുമല്ലാതെ, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യര്‍ക്കും അവരുടെ ഭാവിക്കും യാതൊരുവിധ ക്ഷേമവും അത് പകര്‍ന്നു നല്കുകയില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in