അടിയന്തരാവസ്ഥാ പോരാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും 26ന്
‘ഏത് മഹാന്റെ മുന്നിലാണെങ്കില്‍ പോലും ഇന്ത്യക്കാര്‍ സ്വന്തം സ്വാതന്ത്രം പണയം വെക്കരുത്. നമ്മുടെ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള അധികാരം ആരെയും വിശ്വസിച്ച് ഏല്പിക്കരുത്. മതഭക്തി ആത്മസാക്ഷാല്‍ക്കാരത്തിലേക്ക് വഴിതുറക്കും എന്നത് ശരിതന്നെ. പക്ഷേ, രാഷ്ട്രീയത്തിലെ നേതൃഭക്തിയും ആരാധനയും സ്വേച്ഛാധിപത്യത്തിലേക്ക് വഴിതെളിക്കും.’ ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിനെ ഉദ്ധരിച്ച് ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അവസാന യോഗത്തില്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടിയ വിപത്താണ് ഇപ്പോള്‍ നമ്മളെ തുറിച്ചുനോക്കുന്നത്.
പി സി ഉണ്ണിച്ചെക്കന്‍
‘യമുനയില്‍ കാളസര്‍പ്പങ്ങള്‍ വട്ടമിട്ടിരിക്കുന്നു. വിഷനിശ്ശബ്ദത.
അതിന്റെ അധികാരത്തിന്റെ എല്ലാ ഫണങ്ങളിലും വിഷനിശ്ശബ്ദത.’
1973ല്‍ കെ.ജി. ശങ്കരപ്പിള്ള എഴുതിയ കവിതയിലെ ഈ വരികള്‍ ഇപ്പോഴാണ് കൂടുതല്‍ അന്വര്‍ത്ഥമാകുന്നത്. അടിയന്തരാവസ്ഥ ഒരു ഭൂതകാല ഓര്‍മയല്ല, മറിച്ച് അതൊരു വര്‍ത്തമാന യാത്ഥാര്‍ഥ്യം കൂടിയാണ് എന്നാണ് ജൂണ്‍ 26 നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ജൂണ്‍ 25ന് അര്‍ദ്ധരാത്രി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച 21 മാസത്തോളം നീണ്ടുനിന്ന ആഭ്യന്തര അടിയന്തരാവസ്ഥയെ ഇന്നത്തെ ഫാസിസ്റ്റ് വാഴ്ചയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ഇന്ദിരാ ഗാന്ധിയുടെ ഭരണം അവസാനിച്ച് മൊറാര്‍ജ്ജി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 44-ആം ഭരണഘടനാ ഭേദഗതിയിലൂടെ എല്ലാ ഭരണകൂട സ്ഥാപനങ്ങളുടെയും അന്തസത്ത വീണ്ടെടുക്കാന്‍ കഴിഞ്ഞു. എന്നാലിന്ന് എല്ലാ ഭരണകൂട സ്ഥാപനങ്ങളും മോഡി സര്‍ക്കാരിന്റെ കുഴലൂത്തുകാരായി മാറിക്കഴിഞ്ഞു. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലകളായ ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നിവയെല്ലാം കനത്ത വെല്ലുവിളി നേരിടുകയാണ്. പാര്‍ലിമെന്ററി ജനാധിപത്യ വ്യവസ്ഥയെ തകിടം മറിച്ച്, RSS-ന്റെ സ്വപ്നത്തിലുള്ള പ്രെസിഡന്‍ഷ്യല്‍ ഭരണം കൊണ്ടുവരുന്നതിനുള്ള ഗൂഢ നീക്കങ്ങളാണ് അരങ്ങേറുന്നത്. ‘ഒരു രാജ്യം, ഒറ്റ തെരെഞ്ഞെടുപ്പ്’ നടപ്പാക്കാന്‍ കമ്മറ്റിയെ നിയോഗിച്ചിരിക്കുന്നത് ഇതിനുള്ള ചുവടുവെപ്പായേ കാണാനാവൂ. പതിനേഴാം ലോകസഭയിലേക്കുള്ള എം.പി.മാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഴങ്ങിക്കേട്ട ജയ് ശ്രീറാം വിളികള്‍ ഒരു വലിയ അപകടത്തെയാണ് വിളംബരം ചെയ്യുന്നത്. ഭരണഘടനയില്‍ അധിഷ്ഠിതമായ ജനാധിപത്യ റിപ്പബ്ലിക്കില്‍ നിന്ന് മനുസമൃതിയില്‍ അധിഷ്ഠിതമായ മതരാഷ്ട്രത്തിലേക്കുള്ള പ്രയാണമാണ് നടക്കുന്നത്. പ്രമുഖ രാഷ്ട്രമീമാംസകനായ ക്രിസ്റ്റഫര്‍ ജെസ്ലോട്ട് നിരീക്ഷിച്ചത് പോലെ ഇസ്രയേലിന്റെ ഒരു ‘ഹിന്ദുത്വ പതിപ്പ്’ ഇന്ത്യയില്‍ സൃഷ്ടിച്ചെടുക്കാനാണ് ശ്രമം.
ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് മുന്‍പ് മോഡി തൊട്ടുവണങ്ങിയത് ഭരണഘടനയെയാണ്. പ്രത്യക്ഷത്തിലുള്ള ആദരം പരോക്ഷമായ ആക്രമണത്തിന്റെ തുടക്കമാണെന്നാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഗാന്ധിജിയെ സാഷ്ടാംഗം നമസ്‌കരിച്ചതിന് ശേഷമാണ് ഗോഡ്സെ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചത്. 2014ല്‍ പാര്‍ലമെന്റിനെ സാഷ്ടംഗം പ്രണമിച്ചാണ് ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് പറഞ്ഞുകൊണ്ട് മോഡി കാലെടുത്ത് വച്ചത്. നിലവില്‍ ഉണ്ടായിരുന്ന എല്ലാ നടപടി ചട്ടങ്ങളേയും കീഴ് -വഴക്കങ്ങളെയും ലംഘിച്ച ചരിത്രമാണ് നാം പിന്നീട് കണ്ടത്. കഴിഞ്ഞ 5 വര്‍ഷം പാസാക്കിയ 72 ബില്ലുകളില്‍ 65 എണ്ണവും പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റീ, സെലക്ട് കമ്മിറ്റീ പോലുള്ള സമിതികളുടെ പരിശോധനകള്‍ ഒന്നും കൂടാതെയാണ് നിയമമാക്കിയത്. ഇപ്പോള്‍ ഗുജറാത്തില്‍ നിന്ന് ഒഴിവ് വന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് രണ്ട് ഘട്ടമായി തെരെഞ്ഞെടുപ്പ് നടത്തി രണ്ടും നേടാനാണ് ബിജെപി ശ്രമിക്കുന്നത്. ‘ജനാധിപത്യമില്ലാത്ത ജനാധിപത്യ രാഷ്ട്ര’മാക്കാനാണ് ശ്രമം.
ഡെസ്മണ്ട് മോറിസ് Human Zoo എന്ന കൃതിയില്‍ ‘ഞങ്ങള്‍ നിങ്ങള്‍ നമ്മള്‍ അവര്‍’ എന്നിങ്ങനെ തരം തിരിച്ച് in group, out group എന്നാക്കിയത് പോലെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്ര സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുകയാണ്. 2018 ഓഗസ്റ്റില്‍ മീററ്റില്‍ പൂജാ ശകുന്‍ പാണ്ഡേ ചീഫ് ജസ്റ്റീസായി ഹിന്ദു കോടതിയും നിലവില്‍ വന്നുകഴിഞ്ഞു.
‘ഏത് മഹാന്റെ മുന്നിലാണെങ്കില്‍ പോലും ഇന്ത്യക്കാര്‍ സ്വന്തം സ്വാതന്ത്രം പണയം വെക്കരുത്. നമ്മുടെ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള അധികാരം ആരെയും വിശ്വസിച്ച് ഏല്പിക്കരുത്. മതഭക്തി ആത്മസാക്ഷാല്‍ക്കാരത്തിലേക്ക് വഴിതുറക്കും എന്നത് ശരിതന്നെ. പക്ഷേ, രാഷ്ട്രീയത്തിലെ നേതൃഭക്തിയും ആരാധനയും സ്വേച്ഛാധിപത്യത്തിലേക്ക് വഴിതെളിക്കും.’
ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിനെ ഉദ്ധരിച്ച് ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അവസാന യോഗത്തില്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടിയ വിപത്താണ് ഇപ്പോള്‍ നമ്മളെ തുറിച്ചുനോക്കുന്നത്. ‘മഹത്തായ പാരമ്പര്യമുള്ള ഒരു രാജ്യത്തിന്റെ ആത്മാവ് ഇരുണ്ട രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണ്’ എന്ന ഗാര്‍ഡിയന്‍ പത്രത്തിന്റെ മുഖക്കുറിപ്പും അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളെ ഓര്‍ക്കുമ്പോള്‍ നാം മറക്കാന്‍ പാടില്ല. സ്വാതന്ത്ര്യം അപകടത്തിലായപ്പോള്‍ അത് സംരക്ഷിക്കാനായി പോരാടിയവര്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് ഭീഷണിയെ തിരിച്ചറിയണം. ഇന്ത്യയില്‍ ഗ്യാസ് ചേമ്പറുകള്‍ ഒന്നും ഇല്ലല്ലോ, അതുകൊണ്ട് ഫാസിസം ഇല്ലാ എന്ന് നടിക്കുന്നവരെയോര്‍ത്ത് നമുക്ക് ലജ്ജിക്കാം. കനക്കുന്നത് ഇരുട്ടാണ്, ആ ഇരുട്ടിനെ കീറിമുറിക്കാനുള്ള വജ്രസൂചികള്‍ ആകാനുള്ള പ്രതിജ്ഞയാണ് ഈ അടിയന്തരാവസ്ഥാ ദിനത്തില്‍ നാമെടുക്കേണ്ടത്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in