ഡോ കെ പി കണ്ണന്റെ നിലപാടുകളും പ്ലാനിംഗ് ബോര്‍ഡംഗത്തിന്റെ വാദങ്ങളും
ബഹുമാനപ്പെട്ട മെമ്പറുടെ അഭിപ്രായത്തില്‍ സംസ്ഥാനങ്ങളുടെ സ്വയം ഭരണ അവകാശത്തില്‍ കേന്ദ്രം കൈ ഇടുകയാണ്. സ്വയംഭരണ അവകാശം എന്നത് ഭരണ ഘടന നല്‍കുന്ന അധികാരങ്ങള്‍ പ്രയോജനപ്പെടുത്തി വിഭവ സമാഹരണം നടത്തിയാണ് സംരക്ഷിക്കേണ്ടത്. വളരെ ലളിതമായി ആര്‍ക്കും മനസ്സിലാക്കാവുന്ന ഈ കാര്യം തിരിച്ചറിയുന്നില്ല.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട കെ പി കണ്ണന്റെ മാതൃഭൂമി ഇന്റര്‍വ്യൂ നമ്മുടെ ഇടതുപക്ഷത്തെ ഒട്ടൊന്നുമല്ല അങ്കലാപ്പില്‍ ആഴ്ത്തിയിരിക്കുന്നത്. അദ്ദേഹത്തെപ്പോലെ തലയെടുപ്പുള്ള, ഇടതുപക്ഷ സഹയാത്രികന്‍ ആയ ഒരാള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കു വിശ്വാസ്യത ഏറുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് പ്ലാനിങ് ബോര്‍ഡ് അംഗമായ ഡോ.രാമ കുമാര്‍, പ്രൊഫസര്‍ കണ്ണന്റെ വാദങ്ങളെ തടുക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്. ഡോ. രാമ കുമാറിന്റെ വാദങ്ങള്‍ പരിശോധിക്കാം.
കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍ മദ്യവും ലോട്ടറിയുമാണെന്ന് ഗവര്‍ണര്‍ പറഞ്ഞത് സര്‍ക്കാരിന് വലിയ കുറച്ചിലായി പോയി. ആദ്യം മുഖ്യമന്ത്രി മദ്യവരുമാനത്തില്‍ കേരളം പത്താം സ്ഥാനത്താണെന്ന് പറഞ്ഞു. അതിനെ തിരുത്തി ഞാന്‍ പോസ്റ്റ്ിട്ടു. തുടര്‍ന്ന് ഡോ. തോമസ് ഐസക് മദ്യവും ലോട്ടറിയും കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളല്ലെന്നു പറഞ്ഞു ഒരു വീഡിയോ ഇറക്കി. അതിനുള്ള മറുപടിയായി ഞാന്‍ ഒരു പോസ്റ്റ് ഇട്ടു. . അത് തന്നെയാണ് ഡോ രാമ കുമാറും ആവര്‍ത്തിക്കുന്നത്. പക്ഷെ തെറ്റിദ്ധരിപ്പിക്കലില്‍ ഡോ. രാമ കുമാര്‍ ഡോ. ഐസക്കിനെ കവച്ചുവെച്ചു.
2022-23 ല്‍ മദ്യത്തില്‍ നിന്നു sales tax ആയി 14,843 കോടിയും excise ആയി 2876 കോടിയും കിട്ടി എന്നദ്ദേഹം പറയുന്നു. ലോട്ടറിയില്‍നിന്ന് ലാഭമായി കിട്ടിയത് 1018 കോടി മാത്രം!. അങ്ങനെ രണ്ടുംകൂടി മൊത്തം 18737 കോടി. അദ്ദേഹത്തിന്റെ കണക്കില്‍ തനതു നികുതി വരുമാനം 70199 കോടി. തനതു നികുതിയിതര വരുമാനം 15,535 കോടി. രണ്ടും കൂടി തനതു വരുമാനം 85,544 കോടി. മദ്യത്തില്‍നിന്നും ലോട്ടറിയില്‍നിന്നുമുള്ള 18,737 കോടി മൊത്തം തനതുവരുമാനമായ 85,544 കോടിയുടെ ശതമാനമായി എടുത്താല്‍ വെറും 22% മാത്രം! 22% പോലും കൂടുതല്‍ അല്ലേ? 22% പോലും വരില്ലെന്നാണ് ഇദ്ദേഹത്തിന്റെ അടുത്ത വാദം. കേന്ദ്രത്തില്‍നിന് ഉള്ള നികുതി ഓഹരിയും (17,784 കോടി ), കേന്ദ്രത്തിനിന്നുള്ള ഗ്രാന്റും (25,941 കോടി ) അനുവദനീയമായ വായ്പയും (36,763 കോടി ) തനതു വരുമാനമായ 85,544 കോടിയോടു ചേര്‍ക്കണം. അപ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 1.66 ലക്ഷം കോടി ആണ്. മദ്യത്തില്‍നിന്നും ലോട്ടറിയില്‍നിന്നും ഉള്ള 18, 737 കോടി മൊത്തം വരുമാനമായ 1.66 ലക്ഷം കോടിയുടെ വെറും 12% മാത്രം! കാര്യങ്ങള്‍ അറിയാത്തവരെ സംബന്ധിച്ചിടത്തോളം എത്രയോ ശരി ഇദ്ദേഹത്തിന്റെ സംഖ്യകളും റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ State Finances : A Study of budgets of 2023-24 ‘ എന്ന ആധികാരിക പ്രസിദ്ധീകരണത്തില്‍ പേജ് 169 ല്‍ ( ഈ പ്രസിദ്ധീകരണം rbi. Org. in എന്ന വെബ്‌സൈറ്റില്‍നിന്ന് സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാം) നല്‍കിയിരിക്കുന്ന 2022-23 ലെ സംഖ്യകളും തമ്മില്‍ ചെറിയ വ്യത്യാസമൊക്കെ ഉണ്ട്. അത് തത്കാലം അവഗണിക്കാം. ഇദ്ദേഹത്തിന്റെ രീതിശാസ്ത്രത്തിലെ തെറ്റുകളും തെറ്റിദ്ധരിപ്പിക്കലുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
ആദ്യമായി മദ്യത്തില്‍നിന്ന് ബീവറേജ്സ് കോര്പറേഷന്‍ നല്‍കുന്ന dividend അദ്ദേഹം കണക്കില്‍ പെടുത്തിയിട്ടില്ല. അത് 50 കോടിയോ മറ്റോ ഉള്ളു. അത് പോകട്ടെ എന്ന് വെക്കാം. ലോട്ടറിയില്‍നിന്ന് RBI ഡാറ്റാ പ്രകാരവും, സര്‍ക്കാരിന്റെ ബഡ്ജറ്റ് in brief എന്ന പ്രസിദ്ധീകരണ പ്രകാരവും വരുമാനം 11 536.80 കോടിയാണ്. ഡോ. രാമകുമാറിന് ഇത് 1080 കോടി മാത്രം. അദ്ദേഹം ലോട്ടറിയില്‍നിന്ന് കിട്ടുന്നതായി കണക്ക് കൂട്ടുന്നത് വരവായ 11,536.80 കോടിയില്‍നിന്ന് ചെലവ് കഴിച്ചു മിച്ചം വരുന്ന 1080 കോടി മാത്രം. ലോട്ടറിയുടെ പരസ്യം, കമ്മീഷന്‍, സമ്മാനം ഇതൊക്കെ കഴിഞ്ഞു സര്‍ക്കാരിന് കിട്ടുന്ന ലാഭം ഇത്രയേ ഉള്ളു. ഇങ്ങനയാണെങ്കില്‍ ഓരോ നികുതി -നികുതിയിതര സ്രോതസ്സുകളുടെയും വരവില്‍നിന്ന് ചെലവ് കുറച്ച് ലാഭമായി എടുക്കണ്ടേ? ഉദാഹരണമായി ഭൂനികുതിയില്‍നിന്നുള്ള വരവില്‍നിന്ന് അതുപിരിക്കാന്‍ സര്‍ക്കാരിന്റെ മൊത്തം ചെലവ് കുറച്ചു ലാഭം ആയല്ലേ എടുക്കേണ്ടത്? ലോട്ടറി വകുപ്പിന്റെ മൊത്തം ചെലവുകൂടി വരുമാനത്തില്‍നിന്ന് കുറച്ചാല്‍ ഒരുപക്ഷെ ലോട്ടറി ലാഭത്തിനു പകരം നഷ്ടമായി എന്നും വരാം
ഒന്നാമത് ഇത് revenue സംബന്ധിച്ച സര്‍ക്കാര്‍ കണക്കുകളുടെ രീതിശാസ്ത്രത്തിന് എതിരാണ് എന്നതാണ്. ഇന്ത്യ ആകെ പിന്തുടര്‍ന്ന് പോരുന്ന രീതി ഇതല്ല. Revenue ഉം ലാഭവും കൂട്ടിക്കുഴക്കുകയാണ് ഇവിടെ. അത് മനഃപൂര്‍വം ചെയ്യുന്നതാണ്. ലോട്ടറിയില്‍നിന്ന് ലാഭമാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ അതിന് ഒരു പ്രത്യേക കമ്പനി ഉണ്ടാക്കി അതിന്റെ വരവില്‍നിന്ന് ചെലവ് കുറച്ച് സര്‍ക്കാരിന് ലാഭം കൊടുക്കാം. അത് dividends & profits എന്ന ഹെഡില്‍ സര്‍ക്കാര്‍ അക്കൗണ്ടുകളിലാണ് വരിക. ഇവിടെ ലോട്ടറിയില്‍നിന്നു സര്‍ക്കാരിന് വരുമാനം ഇല്ല എന്നു വരുത്താനാണ് ഈ തെറ്റിദ്ധരിപ്പിക്കല്‍.
കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കണ്ടേ?. പക്ഷെ അതില്ലതാനും. ലോട്ടറിയില്‍നിന്നുള്ള 11,536.8 കോടി വരവില്‍നിന്ന് ചെലവ് കുറച്ച് ലാഭമായ 1080 കോടി മദ്യത്തില്‍നിന്നുള്ള വരുമാനത്തോടൊപ്പം കൂട്ടി. പക്ഷെ മൊത്തം തനതു വരുമാനത്തില്‍ എടുത്തിരിക്കുന്നത് 11,536.80 ആണ് താനും. എന്ന് പറഞ്ഞാല്‍ nominator ല്‍ കുറച്ചു. പക്ഷെ denominator ല്‍ കുറച്ചില്ല. അങ്ങനെ കുറച്ചിട്ടു ശതമാനം എടുത്തിരുന്നു എങ്കില്‍ മദ്യവും ലോട്ടറിയും കൂടി തനതു വരുമാനത്തിന്റെ 22% അല്ല, 24.95% സംഭാവന ചെയ്യുന്നു എന്ന് കാണാം. പോട്ടെ, ഇത് തിരക്കുള്ള പ്ലാനിങ് ബോര്‍ഡ് അംഗത്തിന്റെ ഒരു കൈപ്പിഴ അല്ലേ?
ഇനിയാണ് തമാശ. 22% പോലും അദ്ദേഹത്തിന് സ്വീകാര്യമല്ല. ഇനിയും കുറക്കണം. അതിനുള്ള മാര്‍ഗം എന്ത്? തനതു വരുമാനത്തിന് പകരം കേന്ദ്രത്തില്‍നിന്നുള്ള നികുതിയുടെ ഓഹരിയും ഗ്രാന്റും അനുവദനീയമായ കടവും ഒക്കെ കൂടി കൂട്ടി denominator വലിയ ഒരു സംഖ്യ ആക്കുകയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ന്യായീകരണം ഇതാണ് : കേന്ദ്രത്തില്‍നിന്നുള്ള നികുതി ഓഹരി ഇവിടെനിന്നു പിരിച്ചോണ്ട് പോകുന്നത് അല്ലേ? ഗ്രാന്റും കടവുമൊക്കെ നമുക്ക് അവകാശപ്പെട്ടത് തന്നെയല്ലേ? ‘ എനിക്കും ഏമാനും കൂടെ ഒരു ലക്ഷം രൂപ ശമ്പളം’ എന്ന് പണ്ടൊരു വേലക്കാരന്‍ പറഞ്ഞ പോലെയാണിത്. അല്ലെങ്കില്‍ പരീക്ഷക്ക് 100 മാര്‍ക്കില്‍ 10 മാര്‍ക് കിട്ടിയ വിദ്യാര്‍ത്ഥി ‘ എനിക്കും അടുത്തിരിക്കുന്നവനും കൂടി 100 ഇല്‍ 98 മാര്‍ക്കു കിട്ടി’ എന്ന് പറയുന്നതുപോലെ സ്വന്തം പ്രകടനം മറച്ചുവെക്കാനുള്ള തന്ത്രമാണ്. സംസ്ഥാനത്തിന്റെ തനതു വരുമാന സ്രോതസ്സുകളെ മൊത്തം തനതുവരുമാനവുമായാണ് ബന്ധപ്പെടുത്തേണ്ടത്. അതാണ് പൊതുവെ സ്വീകരിച്ചുവരുന്ന രീതിയും. എങ്കില്‍മാത്രമേ ഓരോ നികുതി – നികുതിയിതര സ്രോതസ്സുകളുടെയും പ്രകടനം പ്രത്യേകം പ്രത്യേകമായി വിലയിരുത്താന്‍ ഒക്കുകയുള്ളൂ. തനതു വരുമാനമായ 85,544 കോടിയോടൊപ്പം കേന്ദ്രത്തില്‍നിന്നുള്ള നികുതി ഓഹരി (17,784), ഗ്രാന്റ് ( 25, 941), വായ്പ (36,763) ഒക്കെ കൂടെ കൂട്ടി കേരളത്തിന്റെ മൊത്തം വരുമാനം 1.66 ലക്ഷം കോടി ആയി അദ്ദേഹം ഉയര്‍ത്തി. മദ്യത്തില്‍നിന്നും ലോട്ടറിയില്‍നിന്നുമുള്ള 18,737 കോടി 1.66 ലക്ഷം കോടിയുടെ വെറും 12% മാത്രം!. മദ്യവും ലോട്ടറിയും കൂടി തനതുവരുമാനത്തിന്റെ 34.08% സംഭാവന ചെയ്യുന്നത് കുറച്ചുകൂറച്ചു 12% ആക്കുന്ന വിദ്യ നോക്കണേ കടം വരുമാനം ആണെന്ന് ആദ്യം കേള്‍ക്കുകയാണ്. ഇദ്ദേഹത്തിന് ഇവ തമ്മിലുള്ള വ്യത്യാസം ഒന്നുകില്‍ അറിയില്ല. അല്ലെങ്കില്‍ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ്. വരുമാനം തിരിച്ചു കൊടുക്കേണ്ടതല്ല. കടം പലിശ അടക്കം തിരികെ കൊടുക്കേണ്ടതാണ്. വരുമാനത്തോട് ഒപ്പം കൂട്ടാവുന്നതല്ല കടം.
ഉത്തരവാദിത്തപ്പെട്ട ആസൂത്രണ ബോര്‍ഡ് അംഗമാണ് ഇതുപോലുള്ള ഗുരുതരമായ പ്രമാദങ്ങള്‍ ഉള്ള ഒരു തെറ്റിദ്ധരിപ്പിക്കല്‍ പ്രബന്ധം face book പോലുള്ള സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നോര്‍ക്കണം. പബ്ലിക് ഫിനാന്‍സ് മേഖലയില്‍ കാര്യമായ ഒരു അക്കാഡമിക് സംഭാവനയും ചെയ്തിട്ടുള്ള ആളല്ല അദ്ദേഹം. പ്രവര്‍ത്തന മേഖല കൃഷിയും അനുബന്ധ മേഖലകളുമാണ്. അതുപോകട്ടെ. ആര്‍ക്കും ഏത് കാര്യവും പഠിച്ചെടുത്ത് കൈകാര്യം ചെയ്യാം. പക്ഷെ മനഃപൂര്‍വം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അത് ചെയ്യരുത്. ഇതുകൊണ്ട് അദ്ദേഹം രാജി കൊടുക്കണമെന്നൊന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല. കുറഞ്ഞപക്ഷം തെറ്റുകള്‍ സംഭവിച്ചുപോയി എന്ന് അംഗീകരിച്ചുകൊണ്ട് ക്ഷമാപണമായി ഒരു പോസ്റ്റ് ഇട്ടുകൂടെ? അല്ലാത്തപക്ഷം പ്ലാനിങ് ബോര്‍ഡ് ചെയര്‍മാന്‍ ഇദ്ദേഹത്തില്‍നിന്ന് ഒരു വിശദീകരണം ദയവായി ആവശ്യപ്പെടണം. ഇതിലൊന്ന് നടക്കുന്നില്ലെങ്കില്‍ ഇദ്ദേഹത്തിന് എതിരെ നിയമനടപടികള്‍ക്കു സാധ്യത ഉണ്ടോ എന്ന് പരിശോധിക്കേണ്ടിവരും.
അഭിമുഖത്തില്‍ പ്രൊഫസര്‍ കെ പി കണ്ണന്‍ ഇന്നത്തെ ധനപ്രതിസന്ധിയും നികുതി പിരിവില്‍ ഉണ്ടായിട്ടുള്ള കുറവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്നുണ്ട്. സത്യത്തില്‍ അദ്ദേഹം ഉദ്ദേശിച്ചത് തനതു വിഭവസമാഹരണം എന്നാണെന്ന് സന്ദര്ഭത്തില്‍നിന്നും മനസ്സിലാക്കാം. ഒരു സംസ്ഥാനത്തിന് ഭൂനികുതി, stamps and registration, വാഹനനികുതി, state excise, കാര്ഷികാദായ നികുതി എന്നിങ്ങനെ പല നികുതികള്‍ ഉണ്ട്. നികുതിയിതര വരുമാന മാര്‍ഗങ്ങള്‍ ആയി ഭാഗ്യക്കുറി, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുള്ള ലാഭവിഹിതം, ഖനനത്തിന്മേല്‍ ഉള്ള റോയല്‍റ്റി, സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം എന്നുതുടങ്ങി വലുതും ചെറുതുമായ പലതുമുണ്ട്. ഇവ എല്ലാം പ്രയോജനപ്പെടുത്തി അതോടൊപ്പം കേന്ദ്രത്തില്‍നിന്നുള്ള നികുതി ഓഹരിയും ഗ്രാന്റുകളും കൂട്ടിച്ചേര്‍ത്ത് revenue ചെലവുകള്‍ നികത്താനുള്ള വരുമാനം കണ്ടെത്താനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്.
ഈ കാര്യത്തില്‍ കഴിഞ്ഞ 60 വര്‍ഷമായി സംഭവിച്ച പരാജയത്തിന്റെ ചിത്രം എന്റെ Economic and Pilitical Weekly യില്‍ പ്രസിദ്ധീകരിച്ച സ്‌പെഷ്യല്‍ ആര്‍ട്ടിക്കിള്‍ വരച്ചുകാണിക്കുന്നുണ്ട്. നമ്മുടെ മെമ്പര്‍ അത് കണ്ടിട്ടില്ല. ആളോഹരി ഉപഭോഗത്തില്‍ പ്രധാന സംസ്ഥാനങ്ങളുടെ ഇടയില്‍ എട്ടാം സ്ഥാനത്തു നിന്നു 1999-00 മുതല്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളം non-food ഇനങ്ങള്‍, പ്രത്യേകിച്ച് സ്വര്‍ണം ഉള്‍പ്പടെ ഉള്ള ആഡംബര വസ്തുക്കളുടെ ഇന്ത്യയിലെ തന്നെ ഉപഭോഗ കേന്ദ്രമാണ്. പക്ഷെ കേരളം സമാഹരിക്കുന്ന തനതുവരുമാനത്തിന്റെ ഏകദേശം 61% എവിടെനിന്നാണ് എന്നല്ലേ? പെട്രോള്‍, മദ്യം, മോട്ടോര്‍ വാഹനങ്ങള്‍, ലോട്ടറി എന്നീ നാല് ഇനങ്ങളില്‍നിന്നാണ്. ഇതില്‍ ആദ്യത്തെ രണ്ടും പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യുന്നവയാണ്. മോട്ടോര്‍ വാഹനങ്ങളിലും നികുതി വെട്ടിപ്പ് അസാധ്യം ആണ്. കാരണം MV act പ്രകാരം വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നികുതി അടച്ചിരിക്കണം. ലോട്ടറി സര്‍ക്കാരിന്റേതാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
പറഞ്ഞുവരുന്നത് ഇതാണ്: നികുതി വെട്ടിപ്പ് ഇല്ലാത്തിടത്തുനിന്ന് കിട്ടുന്നതാണ് മുഖ്യം. മറ്റ് എല്ലാ സ്രോതസ്സുകളില്‍നിന്നും കിട്ടുന്നത് 40% താഴെ മാത്രം.കേരളത്തിലെ മത്സരിച്ചുള്ള മുന്നണി ഭരണം ശ്രുഷ്ടിച്ച ഈ വിനയുടെ പശ്ചാത്തലത്തില്‍ വേണം പ്രൊഫസര്‍ കണ്ണന്റെ അഭിപ്രായം കണക്കിലെടുക്കാന്‍. ഈ കാട് കാണാതെ സംസ്ഥാനത്തിന്റെ ഒരു വരുമാന സ്രോതസ്സ് മാത്രമായ GST എന്ന മരത്തില്‍ മാത്രമാണ് മെമ്പറുടെ കണ്ണ്. മറ്റ് nikuthi- നികുതിയിതര സ്രോതസ്സുകളെ കുറിച്ച് പറയുന്നത് പോലുമില്ല. GST യുടെ കാര്യത്തില്‍തന്നെ ചില നികുതി സ്രോതസ്സകള്‍ GST യില്‍ ലയിച്ചത് കൊണ്ട് സംസ്ഥാനത്തിന് നഷ്ടം വന്നു എന്ന വാദം ഒരു പരിധിവരെ ശരിയാണ്. പക്ഷെ GST വന്നതോടെ സേവനങ്ങളുടെ മേല്‍ നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനത്തിന് കിട്ടി എന്ന കാര്യം മിണ്ടുന്നില്ല. GST യില്‍ നികുതി നിരക്കുകള്‍ കുറഞ്ഞു. ശരി തന്നെ. അതുകൊണ്ട് ആണൊ GST വരുമാനം വര്‍ധിക്കാത്തത്?
സത്യമെന്താണ്? GST വന്നു അഞ്ച് വര്‍ഷം നഷ്ടപരിഹാരം കിട്ടും. ഓരോ വര്‍ഷവും തലേവര്‍ഷത്തെക്കാള്‍ 14% വളര്‍ച്ച ഉണ്ടാകുന്നില്ലെങ്കില്‍ കുറവ് വരുന്നത് നഷ്ടപരിഹാരമായി അഞ്ച് വര്‍ഷം കേന്ദ്രം തരും. ചുമ്മാ എന്തിന് നികുതി പിരിക്കാന്‍ ഇറങ്ങി വ്യാപാരി സമൂഹത്തിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തണം.? അഞ്ച് വര്‍ഷം നന്നായി ഉഴപ്പി. നഷ്ടപരിഹാരം നീട്ടണം എന്ന് അപേക്ഷിച്ചു. നീട്ടും എന്ന് കരുതി. ഉണ്ടായില്ല. ഗത്യന്തരമില്ലാതെ നികുതി പിരിവിനു ഇറങ്ങിയപ്പോള്‍ വര്‍ധന 25%.! സത്യത്തില്‍ നഷ്ടപരിഹാരം എന്ന പരിപാടി തന്നെ ഇല്ലാത്തിരുന്നു എങ്കില്‍ ഇന്നത്തെ പ്രതിസന്ധി തന്നെ ഒഴിവായേനെ.
ബഹുമാനപ്പെട്ട മെമ്പറുടെ അഭിപ്രായത്തില്‍ സംസ്ഥാനങ്ങളുടെ സ്വയം ഭരണ അവകാശത്തില്‍ കേന്ദ്രം കൈ ഇടുകയാണ്. സ്വയംഭരണ അവകാശം എന്നത് ഭരണ ഘടന നല്‍കുന്ന അധികാരങ്ങള്‍ പ്രയോജനപ്പെടുത്തി വിഭവ സമാഹരണം നടത്തിയാണ് സംരക്ഷിക്കേണ്ടത്. വളരെ ലളിതമായി ആര്‍ക്കും മനസ്സിലാക്കാവുന്ന ഈ കാര്യം തിരിച്ചറിയുന്നില്ല. എന്നിട്ട് കേരളത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥ മൂലം നികുതി പിരിവ് പാടാണത്രേ. ആഭ്യന്തര ഉത്പാദന വളര്‍ച്ചയോടൊപ്പം നികുതി വളര്‍ച്ച ഉണ്ടാകണമെങ്കില്‍ ഉത്പാദനം ഇവിടെത്തന്നെ നടക്കണം പോലും. ഒരു രണ്ടാം വ്യവസായ വിപ്ലവം കേരളത്തില്‍ നടന്നില്ലെങ്കില്‍ കേരളത്തിന്റെ കാര്യം പോക്കാണ്. മന്ത്രി രാജീവ് make in കേരള പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ട് ഭാവിയില്‍ പ്രതീക്ഷിക്കാം. GST ഒരു ഉപഭോഗ നികുതിയാണ്. ഉപഭോഗം നടക്കുന്നിടത്തു നികുതി കിട്ടുന്നില്ലെങ്കില്‍ അതിന്റെ കാരണം തിരയേണ്ടത് നികുതി പിരിവിലെ അലംഭാവത്തിലും രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായ്മയിലും ആണ്. ഇത് അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും മനസ്സിലാകും. ആര്‍ട്ട് സിനിമ പോലെ, അബ്‌സ്ട്രാക്ട് പെയിന്റിംഗുകള്‍ പോലെ സങ്കീര്‍ണം ആയി പറഞ്ഞാല്‍ അല്ലേ ബുദ്ധിജീവി ആവുകയുള്ളു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in