കേരളത്തെ മലയാള ഭൂമിയായി, ഒരു ഭാഷാ സാംസ്‌കാരിക ഭൂപ്രദേശമായാണ് ചട്ടമ്പി സ്വാമികള്‍ സ്ഥാനപ്പെടുത്തുന്നത്.
നമ്പൂതിരി ബ്രാഹ്മണരുടെ ജന്മിത്വഭൂവുടാമാധികാരവും ബ്രാഹ്മണ പൗരോഹിത്യവും കേരളസമൂഹത്തില്‍ ചരിത്രപരമായി സ്ഥാപിച്ചെടുത്ത വിഭാവാധികാരത്തിന്റെയും സാംസ്‌കാരിക കോയ്മയുടെയും വ്യവസ്ഥയെ വിഭാവാധികാരവും ജ്ഞാനാധികാരവുമായി സ്ഥാനപ്പെടുത്തുകയാണ് ചട്ടമ്പി സ്വാമി ചെയ്തത്. സംസ്‌കാരവും ചരിത്രജീവിതവും ചരിത്ര പ്രക്രിയയായി ജ്ഞാനത്തിന്റെയും അധികാരത്തിന്റെയും രൂപത്തില്‍ എങ്ങനെ കേരളത്തില്‍ പ്രവര്‍ത്തിച്ചു എന്നതാണ് ചട്ടമ്പി സ്വാമിയുടെ ‘പ്രാചീന മലയാളം ‘ എന്ന കൃതിയിലെ പ്രധാന പ്രമേയം. സവിശേഷമായ പ്രത്യേക അധികാരങ്ങള്‍ ബ്രാഹ്മണര്‍ നേടിയെടുത്തത് ജാതി ഘടനയില്‍ കുലമഹിമയും പുരോഹിത അധികാരവും മുന്‍ നിര്‍ത്തി സമൂഹത്തില്‍ ഗുരു സ്ഥാനം നേടിയെടുത്തുകൊണ്ടായിരുന്നു എന്നു സ്വാമി സ്ഥാനപ്പെടുത്തുന്നു.
1.കോയ്മാ ചരിത്രവും കേരളത്തിന്റെ വരേണ്യ സാമൂഹിക ശാസ്ത്ര പദ്ധതിയും:
പ്രാചീന മദ്ധ്യകാല കേരളത്തെപറ്റി ഇതുവരെ എഴുതപെട്ട അക്കാദമികവും അല്ലാത്തതുമായ എല്ലാ ചരിത്ര രചനകളും ഇടനാടിന്റെ ചരിത്രമാണ്. വിപുലമായ കാടു -കടല്‍ മേഖലകളെ ഒഴിവാക്കിയ ഈ ചരിത്രസാഹിത്യത്തിന്റെ മുഖ്യ പ്രമേയങ്ങള്‍ ഇടനാട്ടില്‍ രൂപപ്പെട്ട നീര്‍നില നെല്‍കൃഷിയും അതിന്റെ മിച്ചത്തില്‍ ഉയര്‍ന്നുവന്ന ബ്രാഹ്മണ ഗ്രാമങ്ങളും ക്ഷേത്രസങ്കേതങ്ങളും നാട്ടുടയവരുടെയും ചേര പെരുമാക്കന്മാരുടെയും കോയ്മയുമാണ്. ബ്രാഹ്മണ കുടിയേറ്റങ്ങളും ബ്രാഹ്മണ ഗ്രാമങ്ങളുടെ വളര്‍ച്ചയും ക്ഷേത്ര സംസ്‌കാരത്തിന്റെ ആധിപത്യവും ചേര ഭരണവ്യവസ്ഥയുടെ സംസ്ഥാപനവുമാണ് കേരളത്തിന്റെ പ്രാഗ് ആധുനിക ചരിത്രം എന്നതാണ് വ്യവസ്ഥാപിത ചരിത്രശാസ്ത്രം നിര്‍മിച്ചു വച്ചിരിക്കുന്ന വീജ്ഞാനം. ശാസനങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുരൂപങ്ങളെ ഈ കാഴ്ചപ്പാടില്‍ വായിക്കുന്നതിന്റെയും കേരളോത്പത്തിയുടെ മുഖ്യ വാദമുഖങ്ങളെ ചരിത്രമാക്കുന്നതിനായി ഈ തെളിവുരൂപങ്ങള്‍ അടിസ്ഥാനമാക്കുന്നതാണ് ഈ ചരിത്രശാസ്ത്രം. കാര്‍ഷിക അറിവുകളും സാങ്കേതിക വിദ്യയും സാമൂഹിക സംഘടനത്വവും ബ്രാഹ്മണകുടിയേറ്റത്താല്‍ മാത്രം സാധ്യമായതാണ് എന്ന ചരിത്ര മുന്‍വിധിയിലാണ് ഈ ചരിത്ര വിജ്ഞാനവും അതിന്റെ രീതിശാസ്ത്രവും വിശകലന പരികല്പനകളും നിലനില്‍ക്കുന്നത്. ബ്രാഹ്മണ കുടിയേറ്റങ്ങള്‍ക്കു മുന്നെ ഇവിടെ നിലനിന്ന തദ്ദേശീയകാര്‍ഷിക സമൂഹങ്ങളെ പ്രാകൃത ഗോത്രങ്ങളായി നിരൂപിക്കുന്ന ആഖ്യാനമാണ് ഈ ചരിത്ര വിജ്ഞാനം വരേണ്യ വംശീയ മുന്‍വിധിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബ്രാഹ്മണ ഇതര സമൂഹങ്ങളെ ജനവംശീയ നിര്‍ണ്ണയത്വത്തോടെ സ്ഥാനപ്പെടുത്തുന്ന വിശകലന രീതിയാണ് ഇത് മുന്നോട്ട് വയ്ക്കുന്നത്. വ്യത്യസ്ത അതിജീവന ഉപജീവന രൂപങ്ങള്‍ നിലനിര്‍ത്തിയ കാടു – കടല്‍ മേഖലയിലെ ജനസമൂഹങ്ങളെയും ഇടനാട്ടിലെ കാര്‍ഷിക സമൂഹങ്ങളെയും ഈ നേര്‍ രേഖാചരിത്ര വിശകലനം സാംസ്‌കാരികമായി പ്രാകൃതരായി സ്ഥാനം നിര്‍ണ്ണയം ചെയ്തുകൊണ്ടാണ് ബ്രാഹ്മണ കുടിയേറ്റത്തെയും ബ്രാഹ്മണ ഗ്രാമങ്ങളെയും സാംസ്‌കാരിക പരിവര്‍ത്തനത്തിന്റെ മുഖ്യ ഏജന്‍സിയായി സ്ഥാനപ്പെടുത്തിയിരിക്കുന്നത്. ചരിത്രപരിവര്‍ത്തനത്തില്‍ ബ്രാഹ്മണ ഇതര സമൂഹങ്ങളെയും അവരുടെ മാനവിക സ്ഥല രാശികളെയും അറിവ് സംസ്‌കാരത്തെയും ചരിത്രത്തിന്റെ അന്വേഷണത്തില്‍ നിന്നും പൂര്‍ണമായി പുറംതള്ളിയ ഈ കോയ്മ ചരിത്ര (dominant history)വ്യവഹാരങ്ങള്‍ എത്രത്തോളം മലയാളിയുടെയും കേരളത്തിന്റെയും പൊതുചരിത്രമാകും എന്നതാണ് ചട്ടമ്പി സ്വാമികളുടെ ചരിത്ര വിചാരത്തെ മുന്‍ നിര്‍ത്തി ആലോചിക്കുമ്പോള്‍ പ്രസക്തമാകുന്നത്. ഇടനാട്ടില്‍ തന്നെ പറമ്പ് ഭൂമിയിലും നീര്‍നില പ്രദേശത്തും ബ്രാഹ്മണരുടെ കുടിയേറ്റങ്ങള്‍ക്കു മുന്നെ ഗ്രാമസമൂഹങ്ങളായി രൂപപ്പെടുകയും കുടികളായി നിലനിന്നു വികസിച്ചുവന്നതുമാണ് കാര്‍ഷിക സമൂഹങ്ങള്‍. എന്നാല്‍ ഇത് വ്യവസ്ഥാപിത അക്കാദമിക ചരിത്ര ഗവേഷണത്തിന്റെയും പാഠപുസ്തക ചരിത്രത്തിന്റെയും അന്വേഷണ വിഷയമായിട്ടില്ല. ബ്രാഹ്മണരുടെ കുടിയേറ്റത്തിനു മുന്നെ കാര്‍ഷിക ഗ്രാമങ്ങളായി രൂപപ്പെട്ടുകൊണ്ട് ബ്രാഹ്മണ ഇതര ഊരുകള്‍ വികസിച്ചു വന്നിരുന്നു. വിഭവ മിച്ചവും ഭൂഉടമസ്ഥതയും നിലനിര്‍ത്തിയതായിരുന്നു തദ്വേശിയ കാര്‍ഷിക സമൂഹങ്ങള്‍ . ഈ കാര്‍ഷിക സമൂഹത്തിന്റെമേല്‍ വിവിധ നാടുകളുടെ കോയ്മകളായ നാട്ടുടയവരും ബ്രാഹ്മണരും ബ്രാഹ്മണ ഗ്രാമങ്ങളും ക്ഷേത്രസങ്കേതങ്ങളും ചേരപെരുമാക്കന്മാരും ആധിപത്യം നേടിയെടുക്കുകയാണുണ്ടായത്. കാര്‍ഷിക സമൂഹത്തിന്റെയും അവരുടെ ഭൂമിയുടെയും പണിയെടുക്കുന്ന അടിയാളര്‍ സമൂഹത്തിന്റെയും മേല്‍ ഈ ശക്തികള്‍ അധിപത്യം നേടിയെടുത്തു . കാര്‍ഷിക സമൂഹങ്ങളെ ശൂദ്ര പതിതരാക്കി നമ്പൂതിരി ജന്മിത്വവും ബ്രാഹ്മണ പൗരോഹിത്യവും വളര്‍ന്നു വന്നു. നമ്പൂതിരി ബ്രാഹ്മണര്‍ സംസ്‌കാരത്തിന്റെയും അറിവിന്റെയും വിഭവങ്ങളുടെയും മേല്‍ കോയ്മ സ്ഥാപിച്ചെടുക്കുകയും ചരിത്രത്തിന്റെ അധീശ കര്‍തൃത്വമാകുകയും ചെയ്തു. ശൂദ്രകുടികളും തറകളും കമ്മാള കുടികളും ജാതി അടിമകളാക്കപ്പെട്ട ആളടിയാരും പുലയരും കുടികളായി സ്ഥാനപെട്ട ഉത്പാദക സമൂഹങ്ങളും ചരിത്രകര്‍ത്തൃത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. മുഖ്യധാര ഉപാദാനങ്ങളും മറ്റിതര തെളിവുരൂപങ്ങളും സാക്ഷ്യ പെടുത്തുന്നത് ആയ്മ കോയ്മകളുടെ ഈ ചരിത്ര പ്രക്രിയകളെയാണ്. എന്നാല്‍ കേരളത്തിലെ അക്കാദമിക ചരിത്രം കേരളോല്പത്തി കഥനങ്ങളെ ചരിത്രമാക്കിയ ചരിത്രശാസ്ത്രമാണ് നിരന്തരം ചരിത്ര വിജ്ഞാനമായി ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്. ആര് ആരുടെ പക്ഷത്തു നിന്നു ചരിത്ര ഭൂതകാലത്തോട് വ്യത്യസ്തമായി ചോദ്യങ്ങള്‍ ചോദിക്കും എന്നതാണ് പ്രശ്‌നം.
2.നവോത്ഥാന ആധുനികതയും ശൂദ്ര വിമര്‍ശ സംസ്‌കാരവും:
കേരളത്തിന്റെ നവോദ്ധാന ആധൂനികരണ പ്രക്രിയയ്ക്കുള്ളില്‍ ഒരേ സമയം തന്നെ കോളണിയല്‍ ജ്ഞാനാധികാരത്തെയും മിഷനറി എഴുത്തു സംസ്‌കാരത്തെയും നമ്പൂതിരിമാര്‍ സൃഷ്ടിച്ച പാരമ്പര്യ ചരിത്രപാഠങ്ങളെയും മണിപ്രവാള ഭാഷ വിചാരങ്ങളെയും മറികടന്നുകൊണ്ട് മൗലീകമായ ചരിത്ര- ഭാഷ പ്രശ്‌നങ്ങള്‍ ഉന്നയിച്ചത് ചട്ടമ്പിസ്വാമിയാണ്. കേരളത്തെ ഒരു ഭാഷാ-സാംസ്‌കാരിക ഭൂപ്രദേശമായി, മലയാള ഭൂപ്രദേശമായി ,സ്ഥാനപ്പെടുത്തി കൊണ്ടാണ് ചട്ടമ്പി സ്വാമികള്‍ കേരളോല്പത്തി കഥനങ്ങളുടെ ചരിത്ര ഭൂമികയെ അപനിര്‍മ്മിച്ചത്. സമൂഹരൂപീകരണം ഭരണകൂടസ്ഥാപനം എന്നി നിലനില്‍ക്കുന്ന മുന്‍വിധി ചരിത്ര അന്വേഷണ മാതൃകയ്ക്ക് പുറത്തുകടന്നു കൊണ്ട് പുതിയ ചോദ്യങ്ങളും രീതിശാസ്ത്രവും വികസിപ്പിക്കുന്നതിന് ചട്ടമ്പി സ്വാമികളുടെ ചരിത്രസമീപന രീതിയും മലയാളഭാഷ വിചാരവും മുന്നോട്ടെടുക്കേണ്ടതുണ്ട്.
നമ്പൂതിരി ബ്രാഹ്മണരുടെ ജന്മിത്വഭൂവുടാമാധികാരവും ബ്രാഹ്മണ പൗരോഹിത്യവും കേരളസമൂഹത്തില്‍ ചരിത്രപരമായി സ്ഥാപിച്ചെടുത്ത വിഭാവാധികാരത്തിന്റെയും സാംസ്‌കാരിക കോയ്മയുടെയും വ്യവസ്ഥയെ വിഭാവാധികാരവും ജ്ഞാനാധികാരവുമായി സ്ഥാനപ്പെടുത്തുകയാണ് ചട്ടമ്പി സ്വാമി ചെയ്തത്. സംസ്‌കാരവും ചരിത്രജീവിതവും ചരിത്ര പ്രക്രിയയായി ജ്ഞാനത്തിന്റെയും അധികാരത്തിന്റെയും രൂപത്തില്‍ എങ്ങനെ കേരളത്തില്‍ പ്രവര്‍ത്തിച്ചു എന്നതാണ് ചട്ടമ്പി സ്വാമിയുടെ ‘പ്രാചീന മലയാളം ‘ എന്ന കൃതിയിലെ പ്രധാന പ്രമേയം. സവിശേഷമായ പ്രത്യേക അധികാരങ്ങള്‍ ബ്രാഹ്മണര്‍ നേടിയെടുത്തത് ജാതി ഘടനയില്‍ കുലമഹിമയും പുരോഹിത അധികാരവും മുന്‍ നിര്‍ത്തി സമൂഹത്തില്‍ ഗുരു സ്ഥാനം നേടിയെടുത്തുകൊണ്ടായിരുന്നു എന്നു സ്വാമി സ്ഥാനപ്പെടുത്തുന്നു. നമ്പൂതിരി ജന്മിത്വത്തിന്റെ ഭൂവുടാമാധികാരത്തെയും ബ്രാഹ്മണ ജ്ഞാനാധികാരത്തിന്റെ ശുദ്ധി വരേണ്യതയെയും വിധ്വംസകമായി അപനിര്‍മ്മിക്കുന്ന ഒരു ചരിത്ര വിജ്ഞാനത്തെ വ്യവഹാരികമായി ചട്ടമ്പിസ്വാമി നിര്‍മിച്ചു. ബ്രാഹ്മണാധികാരം സാംസ്‌കാരിക കോയ്മയായും ജ്ഞാനാധികാരമായും മൂലധനാധികാരവുമായി സ്ഥാപിച്ചെടുത്ത് അതിനെ ഒരു ജ്ഞാന സിദ്ധാന്തമാക്കി നമ്പൂതിരി ബ്രാഹ്മണ്യം നിലനിര്‍ത്തി. ശുദ്ദിവരേണ്യതയില്‍ ബ്രാഹ്മണര്‍ നിലനിര്‍ത്തിയ ബ്രാഹ്മണ്യ വേദാന്തവും നമ്പൂതിരി ബ്രാഹ്മണര്‍ സ്ഥാപിച്ചെടുത്ത മീമാംസക ആചാര ബ്രാഹ്മണ്യവുമാണ് ഇതിന്റെ സാംസ്‌കാരിക അടിത്തറ.ഈ ജ്ഞാനാധികാര പദ്ധതിയെയും സാംസ്‌കാരിക കോയ്മയെയും എങ്ങനെയാണ് നമ്പൂതിരിമാര്‍ ജന്മികളായി മാറിയത് എന്ന പ്രശ്‌നത്തെ കേരള ചരിത്രത്തില്‍ ഉന്നയിച്ചുകൊണ്ടാണ് ചട്ടമ്പി സ്വാമികള്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്.കേരളത്തിന്റെ ചരിത്ര ഭൂത കാലത്തെ കണ്ടെടുക്കുന്ന പുതിയ ഒരു അന്വേഷണ രീതിക്ക് ഇത് തുടക്കമിട്ടു. ചരിത്രത്തിലും ജ്ഞാനാധികാരത്തിലും ബ്രാഹ്മണര്‍ അറിവധികാരം സ്ഥാപിച്ചെടുത്തതിനെ സാധുകരിക്കുന്ന അധീശപാഠമായ കേരളോല്പത്തിവഴക്കങ്ങളെ അപനിര്‍മ്മിക്കുന്നതിന് അധികാരനിരൂപണമെന്ന പ്രതിഫലനാത്മക വിമര്‍ശ സിദ്ധാന്തം ചട്ടമ്പിസ്വാമികള്‍ രൂപപ്പെടുത്തുന്നത് ഈ പശ്ചാത്തലത്തിലാണ്.കേരളത്തിലെ കോളോണിയല്‍ ചരിത്ര വിശകലന രീതിക്കും മിഷണറി ഭാഷാ-എഴുത്തു സംസ്‌കാരത്തിനും സമാന്തരമായി തദ്ദേശിയമായ ഒരു മലയാള ഗദ്യ സംസ്‌കാരത്തെ സ്വാമികള്‍ നിര്‍മ്മിച്ചെടുത്തുകൊണ്ടാണ് മലയാള പ്രദേശത്തിന്റെ ചരിത്രത്തെയും മലയാളം എന്ന ഭാഷാ വ്യവസ്ഥയെയും പഠിക്കുന്നതിന് ചട്ടമ്പിസ്വാമി തദ്ദേശിയമായ ഒരു രീതി ശാസ്ത്രവും വിശകലനമാതൃകയും നിര്‍മ്മിച്ചത്.കേരളം എന്ന ഭാഷ-സാംസ്‌കാരിക ഭൂപ്രദേശത്തെ മലയാളിയുടെ സാംസ്‌കാരിക മാതൃകമായി ‘മലയാളം ‘ എന്ന സ്വത്വപ്രദേശമായി സ്വാമികള്‍ സ്ഥാനപ്പെടുത്തുന്നു. ബ്രാഹ്മണര്‍ക്കു പരശുരാമന്‍ ദാനം നല്‍കിയതും ബ്രാഹ്മണരുടെ വരവോടെയാണ് കേരളത്തില്‍ സംഘടിതമായ കാര്‍ഷിക- സാംസ്‌കാരിക ജീവിതവും ഭാഷയും സാമൂഹിക സ്ഥാപനങ്ങളും സ്വത്ത് രൂപങ്ങളും ഉണ്ടായതെന്ന കേരളോല്പത്തിയിലെ ബ്രാഹ്മണ്യ ചരിത്ര അഖ്യാനത്തെയും ബ്രാഹ്മണ്യ ചരിത്ര ജ്ഞാനത്തെയും സ്വാമികള്‍ തള്ളിക്കളഞ്ഞു.
3.നമ്പൂതിരി ബ്രാഹ്മണ്യവും ശൂദ്ര വിമര്‍ശവും:
ഉത്തമ, മധ്യമ, അധമ എന്നതായിരുന്നു കേരളത്തിലെ ബ്രഹ്മണ്യ പാരമ്പര്യത്തിലെ സ്ത്രീ വിഭജനം. ഇതില്‍ നമ്പൂതിരി സ്ത്രീകള്‍ നാടുവാഴി കോവിലകങ്ങളിലെ സ്ത്രീകള്‍ എന്നിവരാണ് ഉത്തമ എന്ന കുലസ്ത്രീകളായവര്‍. സ്ത്രീ ധര്‍മം ഇവര്‍ക്ക് മാത്രമേ കേരളത്തില്‍ നമ്പൂതിരി വരേണ്യത അനുവദിച്ചിരുന്നുള്ളൂ . ബ്രാഹ്മണ പുരുഷാധിപത്യത്തിന്റെ ശുദ്ദി സങ്കല്പത്തെയും ആണ്‍വഴി അവകാശങ്ങളും നിലനിര്‍ത്താന്‍ ആണ്‍പ്രജകളെ പ്രസവിക്കേണ്ടവരാണ് ഉത്തമകളായ ഈ കുലസ്ത്രീകള്‍ . അതുവഴി കുല ശുദ്ദിയും ജാതി വരേണ്യതയും നിലനിര്‍ത്തുന്ന ലൈംഗിക ഉപകരണവും ഇണചേരലിന്റെയും പ്രജനനത്തിന്റയും കേവലം ശരീരങ്ങള്‍ മാത്രമായി അവരെ ശാങ്കര സ്മൃതിയിലും ആശൗചധര്‍മങ്ങളിലും ധര്‍മശാസ്ത്രങ്ങളിലും ആചാര ദീപിക മുതലായ ഗ്രന്ഥങ്ങളിലും സ്ഥാനപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് ബ്രാഹ്മണ പാരമ്പര്യത്തില്‍ അവര്‍ മാത്രമാണ് കുല ശുദ്ദി കാക്കേണ്ടവര്‍.ശൂദ്ര സ്ത്രീകളാണ് മധ്യമകള്‍. അവര്‍ നായര്‍ക്കുമുകളിലുള്ള പ്രത്യേകിച്ച് നമ്പൂതിരിമാരുടെ കാമക്കൂത്തിനു വിധേയരാകുന്ന സംബന്ധശരീരങ്ങളായെ കണ്ടിരുന്നുള്ളു. ശൂദ്രരായ നായര്‍ സ്ത്രീകള്‍ ആണ് ഇത് എന്നാണ് ഇളംകുളം കുഞ്ഞന്‍ പിള്ളയുടെയും കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പുതിരിപ്പാടിന്റെയും അഭിപ്രായം. മൂന്നാമത്തെ കൂട്ടര്‍ കായിക അധ്വാനം ചെയ്യുന്ന സ്ത്രീകളാണ്. കമ്മാളര്‍, ഈഴവര്‍, തീയ്യര്‍, പുലയര്‍, പറയര്‍ എന്നിങ്ങനെ അയിത്തജാതിക്കാരായി പരിഗണിക്കപ്പെട്ടിരുന്ന സ്ത്രീകള്‍. നമ്പുതിരിയുടെ ‘പുളപ്പു കാലം’എന്നു ഇളംകുളം കുഞ്ഞന്‍പിള്ള വിശേഷിപ്പിച്ച കേരളത്തിലെ നമ്പൂതിരിജന്മിമാരുടെ കാമക്കൂത്തിനു ഇരയായവരായിരുന്നു ശൂദ്ര മധ്യമകളായ നായര്‍ സ്ത്രീകള്‍.ഇവര്‍ക്ക് കുലസ്ത്രീകള്‍ എന്ന പരിഗണന ഒരിക്കലും ബ്രാഹ്മണര്‍ അനുവദിച്ചു കൊടുത്തിരുന്നില്ല. എന്നുമാത്രമല്ല ബ്രാഹ്മണ-ശൂദ്ര ജാതി സംബന്ധത്തില്‍ പിറന്ന കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ നമ്പൂതിരിമാര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. വ്യക്തി എന്ന നിലയില്‍ ചട്ടമ്പി സ്വാമികള്‍ ബ്രാഹ്മണ്യസംബന്ധത്തിന്റെ ഉത്പന്നവും അതിന്റെ ഇരയുമായിരുന്നു.
4. ‘പ്രാചീന മലയാളം ‘ : മലയാളിയുടെ മാനവിക ഭൂമിശാസ്ത്രം:
—
നമ്പൂതിരി ബ്രാഹ്മണരുടെ ജന്മിത്വഭൂവുടാമാധികാരവും ബ്രാഹ്മണ പൗരോഹിത്യവും കേരളസമൂഹത്തില്‍ ചരിത്രപരമായി സ്ഥാപിച്ച അധികാരത്തി ന്റെ സ്വഭാവം വിഭാവാധികാരവും ജ്ഞാനാധികാരവുമായി സ്ഥാനപ്പെടുത്തുകയാണ് ചട്ടമ്പി സ്വാമി തന്റെ ‘പ്രാചീന മലയാളം ‘ എന്ന കൃതിയില്‍.സംസ്‌കാരവും ചരിത്രജീവിതവും ചരിത്ര പ്രക്രിയയായി ജ്ഞാനത്തിന്റെയും അധികാരത്തിന്റെയും രൂപത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതാണ് സ്വാമികളുടെ അന്വേഷണത്തിലെ പ്രധാന പ്രമേയങ്ങളില്‍ ഒന്ന്. സവിശേഷമായ പ്രത്യേക അധികാരങ്ങള്‍ ബ്രാഹ്മണര്‍ നേടിയെടുത്തത് ജാതി ഘടനയില്‍ കുലമഹിമയും പുരോഹിത അധികാരവും മുന്‍നിര്‍ത്തി ഗുരുസ്ഥാനം നേടിയെടുത്തുകൊണ്ടാണ് എന്നു സ്വാമി സ്ഥാനപ്പെടുത്തുന്നു. നമ്പൂതിരി ജന്മിത്വത്തിന്റെ ഭൂവുടാമാധികാരത്തെയും ബ്രാഹ്മണ ജ്ഞാനാധികാരത്തിന്റെ ശുദ്ധി വരേണ്യതയെയും വിധ്വംസകമായി അപനിര്‍മ്മിക്കുന്ന ഒരു ചരിത്ര വിജ്ഞാനത്തെ വ്യവഹാരികമായി സ്വാമികള്‍ നിര്‍മിച്ചു. ബ്രാഹ് മണാധികാരം സാംസ്‌കാരിക കോയ്മയും ജ്ഞാനാധികാരവും മൂലധനാധികാരവുമായി സ്ഥാപിച്ചെടുത്ത ജ്ഞാന സിദ്ധാന്തം ശുദ്ദിവരേണ്യതയില്‍ ബ്രാഹ്മണര്‍ നിലനിര്‍ത്തിയ ബ്രാഹ്മണ്യ വേദാന്തവും നമ്പൂതിരി ബ്രാഹ്മണര്‍ സ്ഥാപിച്ചെടുത്ത മീമാംസക ആചാരങ്ങളുമാണ്. എങ്ങനെയാണ് കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണര്‍ ജന്മികളായി തീര്‍ന്നത് എന്ന ചരിത്ര പ്രശ്‌നത്തെ ഉന്നയിച്ചുകൊണ്ടാണ് ചട്ടമ്പി സ്വാമികള്‍ കേരളത്തിന്റെ ചരിത്ര ഭൂത കാലത്തെ കണ്ടെടുക്കുന്നത്. ചരിത്രത്തിലും ജ്ഞാനാധികാരത്തിലും ബ്രാഹ്മണര്‍ അറിവധികാരം സ്ഥാപിച്ചെടുത്തതിനെ സാധുകരിക്കുന്ന അധീശപാഠമായ കേരളോല്പത്തിവഴക്കങ്ങളെ സ്വാമികള്‍ അപനിര്‍മ്മിക്കുന്നു. കേരളം എന്ന ഭാഷ-സാംസ്‌കാരിക ഭൂപ്രദേശത്തെ മലയാളിയുടെ സാംസ്‌കാരിക മാതൃകമായി മലയാളം എന്ന സ്വത്വപ്രദേശമായി സ്ഥാനപ്പെടുത്തിയത് ചട്ടമ്പിസ്വാമിയാണ്. ബ്രാഹ്മണര്‍ക്കു പരശുരാമന്‍ ദാനം നല്‍കിയതും ബ്രാഹ്മണരുടെ വരവോടെയാണ് കേരളത്തില്‍ സംഘടിതമായ കാര്‍ഷിക- സാംസ്‌കാരിക ജീവിതവും ഭാഷയും സാമൂഹിക സ്ഥാപനങ്ങളും സ്വത്ത് രൂപങ്ങളും ഉണ്ടായതെന്ന കേരളോല്പത്തിയിലെ ബ്രാഹ്മണ്യ ചരിത്ര അഖ്യാനത്തെയും ചരിത്രവിജ്ഞാനത്തെയും സ്വാമികള്‍ തള്ളിക്കളഞ്ഞു.
സാമൂഹിക ജീവിതത്തില്‍ പൊതുബോധമായി പ്രവര്‍ത്തിക്കുന്നതു ജാതിയുടെ വരേണ്യ ബോധമായി മാറിയിരിക്കുന്നു. തങ്ങള്‍ വിമര്‍ശിക്കപ്പെടാന്‍ പാടില്ലെന്നും തങ്ങളുടെ ജാതി ബോധ്യങ്ങള്‍ക്കും സ്വയം വിചാരത്തിനും അനുസൃതമായുള്ള മൂല്യങ്ങളും കാഴ്ചപ്പാടും പെരുമാറ്റശീലങ്ങളും ആചാരമര്യാദകളും മുറകളും ക്രമങ്ങളും തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യാര്‍ത്ഥം നിലനിര്‍ത്തുന്ന രീതിയാണിത് . അതു പൊതുസമൂഹത്തിന്റെ മൂല്യവും പെരുമാറ്റശീലവും നടപ്പ് ഇരിപ്പു രീതികളുമായി നിലനിര്‍ത്തുന്നതിനാണ് ജാതി ശുദ്ധി ബോധവും ആഢ്യത്വവും എന്നു പറയുന്നത്. പണിയെടുക്കുന്നവരെ ജാതി അടിമത്തത്തില്‍ നിലനിര്‍ത്തി മനുഷ്യരെ അപരരും അഴുക്കും ഹീനവസ്തുക്കള്‍ മാത്രമായി കാണുകയും എല്ലാ സ്ത്രീകളെയും ഭോഗവസ്തുവായി കാണുകയും ചെയ്യുന്ന സാമൂഹിക ലോക ബോധമായിട്ടാണിത് പ്രവര്‍ത്തിക്കുന്നത്. ബ്രാഹ്മണര്‍, മേല്‍ജാതിക്കാര്‍ എന്നി വരുടെ സ്ത്രീകളുടെ ലൈംഗികതയും കാമനയും കീഴ്ജാതിക്കാരും പണിയെടുക്കുന്നവരുമായി പങ്കുവയ്ക്കുന്നതു തടയാനായി കുലസ്ത്രീ മാതൃകയും പതിവ്രത സങ്കല്പവും രൂപപ്പെടുത്തി ലൈംഗിക വേഴ്ചയും പ്രജനനവും അവരവരുടെ കുലങ്ങള്‍ /ജാതികള്‍ എന്നിവയ്ക്കുള്ളില്‍ മാത്രം നിലനിര്‍ത്തുന്നു. സ്ത്രീകളെ അശുദ്ധയായി കാണുന്ന കാഴ്ചയും പ്രവര്‍ത്തി ശീലങ്ങളുമാണ് ബ്രഹ്മണ്യത്തിന്റെയും സവര്‍ണ പുരുഷാധിപത്യത്തിന്റെയും പൊതു ലോക വീക്ഷണം. ഇതിനെ ഒരു ആദര്‍ശ ജിവിതക്രമായി മറ്റു സമൂഹത്തിന്റെ മേല്‍ അനുഷ്ടാന സംവിധാനങ്ങളിലൂടെയും സംസ്‌കൃത ഇതിഹാസ പുരാണ പാരമ്പര്യങ്ങളുടെ വിശ്വാസ അനുശീലനത്തിലൂടെയും രാഷ്ട്രിയ കോയ്മ വ്യവസ്ഥകളുടെ ദണ്ഡന മുറകളിലൂടെയും നടപ്പാക്കിയ സംസ്‌കാരമാണ് ചാതുര്‍ വര്‍ണ്യ ജാതി വ്യവസ്ഥയും അതിന്റെ തരം തിരിവു അസമത്വ വ്യവസ്ഥയും.
കീഴോര്‍ സമൂഹങ്ങളോടും ശൂദ്രജനതയോടും വെറുപ്പും ഹിംസയും നിലനിര്‍ത്തിയാണ് ജാതി ബ്രാഹ്മണ്യം അതിന്റെ മനുഷ്യ വിരുദ്ധത ആചാരമര്യാദകള്‍, ജാതി വിവേചനത്തിന്റെ നന്മ തിന്മ സങ്കല്പങ്ങള്‍ കിഴാളവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഗുണദോഷ വിചാരങ്ങളിലൂടെ, പെരുമാറ്റശീലങ്ങളിലൂടെ ,ദൈനംദിന സാമൂഹിക ഇടപാടുകളെ നിയന്ത്രിച്ചു നിലനിര്‍ത്തിയത്.സംസ്‌കാരവും സാമൂഹിക ജീവിതവും സനാതനവും പാരമ്പര്യവുമാക്കി നിലനിര്‍ത്തിയ ചരിത്ര ജീവിതമാണ് സംസ്‌കാരത്തിന്റെ പല മകളുടെ അധികാരഘടനയായ മേല്‍ -കീഴ് ബന്ധവ്യവസ്ഥ. സവര്‍ണ ആണത്തത്തിന്റെയും ജാതി കോയ്മയുടെയും ജീവിതരൂപങ്ങളെ ദൈനംദിന വ്യവഹാരങ്ങളും അനുദിന നടപ്പ് രീതികളുമായി നിലനിര്‍ത്തിയതും അതു തുടരുന്നതും ജാതി പുരുഷാധിപത്യത്തിന്റെ ഈ മേല്‍ – കീഴ് ബന്ധങ്ങളുടെ ബ്രാഹ്മണ്യ പ്രത്യയ ശാസ്ത്രത്താലാണ് . ഈ വേര്‍തിരിവ് വ്യവസ്ഥയെയും മനുഷ്യരുടെ അന്ത: കരണത്തില്‍ അത് ബോധവിചാരങ്ങളായി മനോഭാവമായി മാനസിക അവസ്ഥകളായി,ചോദ്യം ചെയ്യാന്‍ പാടില്ലാത്തതും അലംഘനീയവുമായി മാറുമ്പോള്‍ അതു ഒരു സാമാന്യബോധവും ജീവിതരീതിയും സംസ്‌കാരവുമായി മാറുന്നു. ഇത് സനാതനമായി മാറ്റമില്ലാത്തതായി നിലനിര്‍ത്തുന്ന സമൂഹബന്ധവും ആദര്‍ശ ജീവിത പദ്ധതിയുമായി കാണുന്ന കാഴ്ച്ചപ്പാട് സാമൂഹികതയും മത ബോധവും ധര്‍മ്മവിചാരവുമായി സമൂഹത്തില്‍ സ്ത്രീവിരുദ്ധപുരുഷാധിപത്യമൂല്യവും കീഴാള വിരുദ്ധ ജീവിത കാഴ്ചയുമായിതീര്‍ന്നു. ബ്രാഹ്മണ്യം ജ്ഞാനാധികാരത്തിലൂടെ അറിവിനെ മൂലധനകോയ്മയും വ്യത്യസ്ത അധികാര രൂപങ്ങളുമായി പ്രയോഗിച്ച് സാമൂഹിക വേര്‍തിരിവിനെ (social distinction)നിലനിര്‍ത്തി. പുരോഹിത ജാതി ബ്രഹ്മണ്യവും ബ്രാഹ്മണ്യ പുരുഷാധിപത്യമൂല്യങ്ങളിലും നിലനില്‍ക്കുന്ന സനാതന സാമൂഹികതയായി, സാമൂഹിക മൂല്യവ്യവസ്ഥയും ധാര്‍മിക വിചാര(social morality )വുമായി ഇത് ആചാരങ്ങളിലൂടെ തുടര്‍ന്നു. ഈ മൂല്യ വ്യവസ്ഥ ആചാരങ്ങള്‍ ,മര്യാദകള്‍, പെരുമാറ്റങ്ങള്‍ സാമൂഹിക കീഴ് വഴക്കങ്ങള്‍, നന്മതിന്മ ഗുണദോഷ വിചാരങ്ങള്‍ എന്നിവയിലൂടെ നിലനില്‍ക്കുകയും വളരുകയും ചെയ്തത് ജാതി വ്യവസ്ഥയുടെയും അതിന്റെ അടിത്തറയായി നിലനില്‍ക്കുന്ന ബ്രാഹ്മണ്യത്തിന്റെ പ്രവര്‍ത്തനരീതികളിലൂടെയുമാണ് .ശുദ്ധിയെ കേന്ദ്രമാക്കുന്ന ആചാരങ്ങള്‍ അധികാരവും ശുദ്ധി ഹിംസയുമായി കീഴാളരെയും അധ്വാനിക്കുന്ന സ്ത്രീകളെയും ഹീനരായി പുറംതള്ളുകയും ചെയ്യുന്നു. ബ്രാഹ്മണ്യത്തിന്റെ നടത്തിപ്പുകാരും കാവല്‍ക്കാരും ഇരയുമായി ശുദ്രരെയും അന്തരാള ജാതികളെയും അവരിലെ സ്ത്രീകളെയും കീഴായ്മയില്‍ നിലനിര്‍ത്തുന്നു. ജാതി ഹിന്ദു സ്ത്രീകളെ കുലസ്ത്രീകളായി പ്രച്ഛച്ചവേഷം കെട്ടിച്ചു ബ്രഹ്മണ്യത്തിന്റെയും സവര്‍ ണതയുടെയും ജാതി ശരീരങ്ങളെ പെറ്റുകൂട്ടാനുള്ള ഭോഗ ഉപകരണങ്ങളായി മാത്രം നിലനിര്‍ത്തുന്നു. അവരിലൂടെ ശുദ്ധി ഹിംസ നിരന്തരം പുനരുല്പാദിപ്പിക്കുന്ന രീതിയിലാണ് കേരളത്തിലെ നമ്പൂതിരി ജന്മിത്തവും ബ്രാഹ്മണ പൗരോഹിത്യ ജ്ഞാന വ്യവസ്ഥയും നിലനിന്നത്. ഇതിനെതിരെ ബൗദ്ദികവും സാസ്‌കാരികവുമായ ഒരു ധാര്‍മിക വിപ്ലവമാണ് ചട്ടമ്പി സ്വാമി നയിച്ചത്.
5. ‘പ്രാചീന മലയാളം ‘ :ശൂദ്ര വിമര്‍ശത്തിന്റെ ബൗദ്ധിക ചരിത്രം :-
.
കേരളത്തില്‍ നമ്പൂതിരി ബ്രാഹ്മണര്‍ ജന്മികളായി തീരുകയും അവര്‍ക്കു കുലശ്രേഷ്ഠതയും ഗുരുസ്ഥാനവും കല്പിച്ചു കൊടുക്കപ്പെടുകയുമുണ്ടായി. കേരളോല്പത്തി കഥകളുടെ പിന്‍ബലത്തിലാണ് സ്ഥാനമാനങ്ങളും ശ്രേഷ്ഠതയും നമ്പൂതിരി ബ്രാഹ്മണര്‍ നേടിയെടുക്കുകയും നിലനിര്‍ത്തുകയും സാധുകരിക്കുകയും ചെയ്തിരുന്നത്. ഇതാകട്ടെ പരശുരാമന്‍ കേരളത്തെ കടലില്‍ നിന്ന് വീണ്ടെടുത്തു ബ്രാഹ്മണരെ കൊണ്ടുവന്നു അവര്‍ക്കു കേരള ഭൂപ്രദേശത്തെ ദാനം ചെയ്തു കുടിയിരുത്തി എന്ന വാദത്തെ അടിസ്ഥാനപ്പെടുത്തിയുമാണ് നിലനിന്നത്. പരശുരാമ ദത്തമായ ഭൂമിയില്‍ കുടിയേറിപ്പാര്‍ത്തു ജാതി ശ്രേണിയില്‍ പ്രഥമ സ്ഥാനവും സമൂഹത്തില്‍ ഗുരുസ്ഥാനവും പുരോഹിത പദവിയും നമ്പൂതിരിമാര്‍ നേടിയെടുത്തു. എന്നാല്‍ കേരളോല്പത്തി കഥകളെ അടിസ്ഥാനമാക്കുന്ന ഈ വാദത്തിനു യുക്തിസഹമായ അടിത്തറയില്ല എന്നു ചട്ടമ്പി സ്വാമികള്‍ വിശദമാക്കുന്നു. പാരമ്പര്യ നടപ്പിരുപ്പു രീതികളും പ്രമാണതെളിവുകളുടെയും പിന്തുണയില്ലാത്ത വാദങ്ങളിലാണ് കേരളത്തില്‍ നമ്പൂതിരി ജന്മിത്വം സാധുകരണം നേടി നിലനിന്നത്. ബ്രാഹ്മണരുടെ ജന്മവകാശമായി കരുതുന്ന ജന്മിത്ത ഭൂവുടമ അവകാശത്തിനു ചരിത്ര പിന്തുണയില്ല എന്നാണ് സ്വാമികള്‍ സ്ഥാപിക്കുന്നത്. അതുകൊണ്ട് നമ്പൂതിരിമാര്‍ അവകാശപ്പെടുന്നതും നിലനിര്‍ത്തിയതുമായ ഭൂമിയുടെ മേലുള്ള അവരുടെ ജന്മവകാശത്തെ സ്വാമികള്‍ നിഷേധിക്കുകയും ചെയ്തു. നമ്പൂതിരി ബ്രാഹ്മണര്‍ക്ക് പ്രത്യേകിച്ചു കുലമഹിമ ഇല്ല. നാടോടി ഗോത്രങ്ങളായ ഇവര്‍ക്ക് ഗോത്ര ശുദ്ദി അവകാശപ്പെടാന്‍ കഴിയില്ല. നമ്പൂതിരിമാരുടെ ജാതി ശുദ്ധിയും വരേണ്യതയും പുരോഹിത പദവിയും അവര്‍ മറ്റു ജനസമൂഹങ്ങളെ ഹീനരാക്കി പ്രവര്‍ജിച്ചു പുറംതള്ളിക്കൊണ്ട് സ്വയം അത്യാരോപിച്ചു നേടിയതാണ്. കേരള ഭൂമിയില്‍ നായര്‍ കുലങ്ങള്‍ക്കാണ് ഭൂമിയില്‍ ഉടമസ്ഥ സ്ഥാനം ഉണ്ടായിരുന്നത് എന്നു സ്വാമി ചരിത്രപരമായി സ്ഥാനപ്പെടുത്തുന്നു. ദ്രാവിഡജനതയായ നായര്‍ ജാതികള്‍ കുലമഹിമ ഉണ്ടായിരുന്നവരും നാടുവാഴികളുമായിരുന്നെന്നാണ് ചട്ടമ്പി സ്വാമികളുടെ വാദം. കേരളത്തിലേക്ക് കുടിയേറിയ നമ്പൂതിരി ബ്രാഹ്മണര്‍ അവരുടെ യഥാര്‍ത്ഥ സ്വദേശത്തു നിന്നും ബഹിഷ്‌കൃതരും പാഷാണ്ട മതക്കാരും ധര്‍മ ഭ്രഷ്ടരുമായ പാപികളുമായിരുന്നു. സംസ്‌കാര ചിത്തരല്ലാത്ത ആധാര്‍മ്മികളായ ഒരു കൂട്ടം ആര്യ ബ്രാഹ്മാണരാണ് നമ്പൂതിരിമാര്‍. ഈ ആര്യ നമ്പൂതിരിമാരുടെ ആധിപത്യത്തിന് കീഴില്‍ അവരുടെ താഴ്മയില്‍ കഴിഞ്ഞു കൂടേണ്ടി വന്നവരാണ് നായന്മാര്‍. മലയാള ബ്രാഹ്മണരായ നമ്പൂതിരിമാര്‍ക്ക് കേരള ഭൂമിയില്‍ ജന്മവകാശമില്ല, അതിനു അവര്‍ക്കു അര്‍ഹതയും യോഗ്യതയുമില്ല എന്നും സ്വാമികള്‍ പറയുന്നു. പരശുരാമന്‍ പാപമില്ലാത്തവനാണെന്നും അതിനാല്‍ പാപപരിഹാരത്തിനായി ബ്രാഹ്മണര്‍ക്ക് മലയാളഭൂമി ദാനം ചെയ്യേണ്ട ആവശ്യം പരശുരാമനില്ല എന്നു സ്വാമികള്‍ സ്ഥാപിക്കുന്നുണ്ട്. മലയാള ബ്രാഹ്മണരെ പരശുരാമന്‍ കൊണ്ടുവരികയോ അവക്ക് മലയാള ഭൂമി ദാനം ചെയ്യുകയോ ഉണ്ടായിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഭൂവുടമാവകാശവും മേന്മയും നായന്മാരില്‍ ചേര്‍ന്നതാണ് എന്നാണ് പ്രാചീന മലയാളം എന്ന കൃതിയില്‍ ചട്ടമ്പി സ്വാമി സ്ഥാനപ്പെടുത്തുന്നത്. നമ്പൂതിരി ബ്രാഹ്മണ്യത്തിതിനെതിരെ സ്വാമികള്‍ ഉന്നയര്‍ത്തുന്ന താത്വിക വെല്ലുവിളിയാണി തു. ദക്ഷിണേന്ത്യയിലെ ബ്രാഹ്മണ്യ വിരുദ്ധ ചിന്തയ്ക്ക് കേരളത്തിന്റെ ചരിത്ര ശാസ്ത്രത്തിലും ബൗദ്ധിക മണ്ഡലത്തിലും
ചട്ടമ്പി സ്വാമികള്‍ ഇടപെട്ടത് ഭൂവുടമസ്ഥത അവകാശത്തെ മുന്‍നിര്‍ത്തി നമ്പൂതിരിമാര്‍ അവകാശപെടുന്ന ജാതി ശുദ്ധി വരേണ്യതയും പ്രത്യേക അവകാശ മഹിമയും സ്ഥാനമാനാധികാരത്തെയും നിഷേധിച്ചുകൊണ്ടായിരുന്നു. ബ്രാഹ്മണര്‍ക്ക് കേരളത്തില്‍ ഭൂമിയുടെ മേല്‍ ജന്മാവകാശങ്ങളില്ല.മലയാള ഭൂമി പരശുരാമ ക്ഷേത്രമാണെന്നും പരശുരാമന്‍ ബ്രാഹ്മണരെ വരുത്തി അവര്‍ക്കു ദാനം ചെയ്തതാണ് ഈ ഭൂമി എന്നും അതുമൂലമാണ് ബ്രാഹ്മണര്‍ക്ക് പ്രത്യേക അവകാശങ്ങളും അധികാരങ്ങളും കിട്ടിയതെന്നും നമ്പൂതിരിമാര്‍ സ്ഥാപിച്ചെടുത്ത കേരളോല്പത്തി ചരിത്രത്തെ അപനിര്‍മ്മിക്കുകയാണ് ചട്ടമ്പിസ്വാമി. ബ്രാഹ്മണ കുടിയേറ്റത്തെ തുടര്‍ന്ന് മലയാളത്തില്‍ /കേരളത്തില്‍ പല ‘ഏര്‍പ്പാടുകളും നടപ്പും’ ഉണ്ടായിവരികയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മലയാള നായന്മാര്‍ ബ്രാഹ്മണരുടെ ദാസ്യന്മാരും ബ്രാഹ്മണര്‍ നായന്മാരെ ശൂദ്രരായി വിളിക്കാനും തുടങ്ങിയത് എന്നും ചട്ടമ്പി സ്വാമി വിശദികരിക്കുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചരിത്രപരതയെ കേരളത്തില്‍ പ്രാചീന മലയാളം എന്ന കൃതിയിലൂടെ ചട്ടമ്പി സ്വാമികള്‍ കണ്ടെടു ക്കുന്നതായി കാണാവുന്നതാണ്. ബി ആര്‍ അംബേദ്കറുടെ ‘ശൂദ്രര്‍ ആരായിരുന്നു’ എന്ന വിഖ്യാത കൃതിയും ‘പ്രാചീന മലയാളം’ എന്ന ചട്ടമ്പി സ്വാമിയുടെ കൃതിയും പരസ്പരം വൈജ്ഞാനിക അഭിമുഖികരണം നേടുന്നത് യാദൃശ്ചികമല്ല. ശൂദ്രര്‍ക്കെതിരായ ബ്രാഹ്മണ പണ്ഡിതരുടെ ഗൂഡാലോചന തുറന്നു കാണിക്കുന്നതിനും ശൂദ്രര്‍ ഇന്നത്തെ സ്ഥിതിയില്‍ എത്തിപെട്ടതെങ്ങനെയെ ന്നു അറിയാന്‍ പാടില്ലാത്ത കാര്യ വിവരമില്ലാത്തവരുമായ ശൂദ്രര്‍ക്കു വേണ്ടിയാണ് അംബേദ്കര്‍ തന്റെ ‘ശൂദ്രര്‍ ആരായിരുന്നു’ എന്ന ഗ്രന്ഥം എഴുതിയിരിക്കുന്നതെന്നു ആ പുസ്തകത്തിന്റെ ആമുഖത്തില്‍ അംബേദ്കര്‍ പ്രസ്ഥാവിച്ചിട്ടുണ്ട്. പരശുരാമ ദത്തമെന്നവകാശപ്പെടുന്ന നമ്പൂതിരിമാരുടെ ഭൂമിയുടെ മേലുള്ള ജന്മാവകാശം ബ്രാഹ്മണര്‍ ഉണ്ടാക്കിയെടുത്ത സ്‌കന്ദ പുരാണത്തിലെ ഒന്നാമധ്യായമായ സാഹ്യാദ്രിഖണ്ഡം, കേരള മഹാത്മ്യം , കേരളോല്‍പത്തി, കേരള അവകാശക്രമം എന്നി ബ്രാഹ്മണ കൃതികളെ ഖണ്ഡിച്ചുകൊണ്ട് ചട്ടമ്പി സ്വാമികള്‍ നിഷേധിക്കുന്നുണ്ട്. യുക്തിയും ചരിത്രാനുഭവവും വിമര്‍ശനത്തിന്റെ കേന്ദ്രത്തില്‍ സ്ഥാപിക്കുന്ന വിശകലന രീതിയാണ് ചട്ടമ്പി സ്വാമികള്‍ പിന്തുടരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ഗുരു സ്ഥാനമഹിമയും ജാതി ശുദ്ധിവാദവും നിഷേധിക്കുന്നത്. ബ്രാഹ്മണരുടെ പ്രത്യേക അവകാശങ്ങളും പദവികളും ഉന്നയിക്കുന്ന ഗ്രന്ഥങ്ങള്‍ പരസ്പര വിരുദ്ധങ്ങളും വിശ്വാസയോഗ്യത യില്ലാത്തതും ന്യായത്തിനും ചേരാത്തതുമായതിനാല്‍ അവയെ യുക്തി യുക്തം വിമര്‍ശിച്ചു ആന്തരികമായി ദുര്‍ബല പ്പെടുത്തുകയും റദ്ദാക്കുകയും ചെയ്യുന്ന രീതിയാണ് സ്വാമികളുടേത്. കേരളത്തെ ബ്രാഹ്മണ്യ വിരുദ്ധ സാംസ്‌കാരിക ചരിത്ര സ്വത്വ ഭൂപ്രദേശമായി ‘ കണ്ടെടുക്കാനാണ് ചട്ടമ്പിസ്വാമികള്‍ ശ്രമിച്ചത്.എന്നാല്‍ കേരളത്തില്‍ പിന്നീടുണ്ടായി വന്ന ചരിത്രശാസ്ത്രം ബ്രാഹ്മണ കുടിയേറ്റത്തെയും ബ്രാന്മണ്യ ക്ഷേത്ര സംസ്‌കാരത്തെയും കേന്ദ്രസ്ഥാനത്തു നിര്‍ത്തിയാണ് കേരളത്തിന്റെ ചരിത്ര ഭൂതകാലത്തെയും മലയാളിയുടെ ചരിത്ര സ്വത്വത്തെയും കണ്ടെടുത്തത്.
കേരളത്തെ മലയാള ഭൂമിയായി ഒരു ഭാഷാ സാംസ്‌കാരിക ഭൂപ്രദേശമായിട്ടാണ് ചട്ടമ്പി സ്വാമികള്‍ സ്ഥാനപ്പെടുത്തുന്നത്. നമ്പൂതിരി ബ്രാഹ്മണരുടെയും കേരളോത്പത്തിയുടെയും പരശുരാമദത്തമായ കേരളം എന്ന ആഖ്യാനത്തെ നിരാകരിച്ചുകൊണ്ട് കേരളത്തിന്റെ ചരിത്ര ഭൂതകാലത്തിനു ബ്രാഹ്മണ്യ ഇതരമായ ചരിത്ര സാംസ്‌കാരിക രൂപീകരണ വ്യാഖ്യാനം നല്‍കുന്ന ഒരു വംശവലി ചരിത്രമാണ് ചട്ടമ്പി സ്വാമികള്‍ നിരൂപിക്കുന്നത്. കേരളത്തിന്റെ ചരിത്ര സാംസ്‌കാരിക സ്വത്വ രൂപീകരണത്തില്‍ നമ്പൂതിരി ബ്രാഹ്മണരുടെ ചരിത്രരക്ഷാ കര്‍ത്തൃത്വത്തെ നിഷേധിക്കുന്ന സാംസ്‌കാരികവും ബൗദ്ദികവുമായ വ്യാഖ്യാനമാണ് സ്വാമികള്‍ മുന്നോട്ടുവയ്ക്കുന്നത്. ആധുനിക മലയാളി സ്വത്വ രൂപീകരണത്തില്‍ ബ്രാഹ്മണ കുടിയേറ്റ ചരിത്രത്തിനും ബ്രാഹ്മണ്യ സംസ്‌കാരത്തിനും ഒരു പങ്കും ഇല്ല എന്നു സ്ഥാപിക്കുന്ന ചരിത്രശാസ്ത്രത്തിനു അടിത്തറയിട്ടു എന്നതാണ് ചട്ടമ്പിസ്വാമിയുടെയും അദ്ദേഹത്തിന്റെ പ്രാചീമലയാളം എന്ന കൃതിയുടെയും ചരിത്ര ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Puratchi
October 5, 2020 at 5:52 pm
Great article! An enlightening experience! Thank You for writing this.