മുഷിവിന്റെ ലാവണ്യലഹരി: സനല്‍ ഹരിദാസിന്റെ കഥകള്‍

കഥകളുടെ ആഖ്യാനശരീരത്തില്‍ പലവിധ ഇരട്ടിപ്പുകളും കൂട്ടിയോജിപ്പിക്കലുകളും കൊണ്ടുവരുന്നതിലൂടെയാണ് സനലിന്റെ എഴുത്ത് ശൈലി പാകപ്പെടുന്നത്. മിക്കവാറും കഥകളില്‍ വൈദേശീയരായ കഥാകൃത്തുക്കളെയോ സൈദ്ധാന്തികരെയോ സന്ദര്‍ഭവുമായി ഇണക്കിക്കൊണ്ട് ഉപയോഗിച്ചിട്ടുള്ളതായി കാണാം. ഏറ്റവും പ്രാദേശികമായ പൊരുളുകളുടെ പരിസരം പരിശോധിക്കുമ്പോഴും ക്ളാസിക് യൂറോപ്യന്‍ തത്വചിന്തയുടെയും പുരാവൃത്തങ്ങളുടെയും ചുരുളുകളിലേക്ക് ചെന്ന് ചേരുന്ന ഒരു തഴക്കം സനലിന്റെ ശൈലിയില്‍ ഉണ്ട് – സനല്‍ ഹരിദാസിന്‍െ തേര്‍ഡ് റൈറ്റ് എന്ന കഥാസമാഹരം ഡോ അരുണ്‍ലാല്‍ മൊകേരി വായിക്കുന്നു

മലയാള സാഹിത്യത്തില്‍ ചെറുകഥ പ്രധാനപ്പെട്ട ഒരു പഠന/വിമര്‍ശന വിഷയമായിട്ടില്ല. ഗദ്യസാഹിത്യം എന്ന നിലയില്‍ നോവലുകളെ അധികരിച്ചാണ് മിക്കവാറും ഗവേഷണ പ്രബന്ധങ്ങളും വിമര്‍ശനകൃതികളും എഴുതപ്പെട്ടിട്ടുള്ളത്. ചെറുകഥാരചന പൊതുവേ നോവലെഴുത്തിലേക്കുളള പരിശീലനമോ മുന്നൊരുക്കമോ ആയി കണക്കാക്കപ്പെട്ടു പോരുന്നു. സമീപകാലത്തെ സാഹിത്യപരിസരം പക്ഷേ ഇവിടെ ഒരു മാറ്റം അനിവാര്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒന്നു രണ്ടു ദശകങ്ങളായിട്ട് മലയാളസാഹിത്യത്തിലെ ഏറ്റവും സജീവവും പരീക്ഷണാത്മകവുമായ പൊടിപ്പുകള്‍ ചെറുകഥാസാഹിത്യത്തിലാണ് വന്നു കൊണ്ടിരിക്കുന്നത്. പുതിയ സാംസ്‌കാരിക അവസ്ഥകളുടെ പ്രതിഫലനങ്ങള്‍; ലിംഗരാഷ്ട്രീയം, സ്വത്വരാഷ്ട്രീയം, നവമുതലാളിത്തം തുടങ്ങിയ തരംഗങ്ങളോടുള്ള പ്രതികരണങ്ങള്‍; എഴുത്ത് രീതികളിലെ സാഹസിക മുന്നേറ്റങ്ങള്‍ ഇവയൊക്കെ അളക്കാനും പഠിക്കാനും ഇന്ന് മലയാളി വായനാസമൂഹത്തിന് ഇവിടെ എഴുതപ്പെടുന്ന ചെറുകഥകളാണ് ഏറ്റവും ഉത്തമമായ പ്രതലം. കവിതകളിലും നോവലുകളിലും ഈ ഉണര്‍വുകള്‍ അനുഭവവേദ്യമാണെങ്കിലും ചെറുകഥകളോളം ജനകീയമായി അവ നവരാഷ്ട്രീയവും നവശൈലീഭാവങ്ങളും വിനിമയം ചെയ്യുന്നില്ല.

മലയാളിയുടെ ചെറുകഥാവായന ഭാഷയിലെ സാഹിതീയ ആഴ്ചപ്പതിപ്പുകളിലൂടെയാണ് ഏറിയ പങ്കും നടക്കുന്നത്. ഇവിടുത്തെ ആഴ്ചപ്പതിപ്പുകള്‍ക്ക് നമ്മുടെ സാഹിത്യവാസനയുടെ ചരിത്രത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട് താനും. ഈ ചരിത്രം പക്ഷേ ചിലപ്പോഴെങ്കിലും ചില എഴുത്തുകാര്‍ക്ക് പ്രതിബന്ധം സൃഷ്ടിച്ചതായും കാണാം. പത്രാധിപരാഷ്ട്രീയവും സ്ഥാപിതമായ സാഹിത്യവൃത്തങ്ങളുടെ ലോബിയധികാരവും പ്രസിദ്ധീകരിച്ചു വരുന്ന കൃതികളുടെ എണ്ണത്തെയും തിരഞ്ഞെടുപ്പിനെയും ബാധിക്കുമ്പോഴാണ് ഇത്തരം പ്രതിബന്ധങ്ങള്‍ വായനയുടെ വികാസത്തെ സംബന്ധിച്ചിടത്തോളം നിര്‍ഭാഗ്യകരമായിപ്പോവുന്നത്. സമൂഹമാധ്യമങ്ങളുടെ വരവോടെ മേല്പറഞ്ഞ പത്രാധിപ-അപ്രമാദിത്വം തുലോം കുറഞ്ഞിട്ടുണ്ട്. വായനക്കും വിചിന്തനത്തിനും മറ്റ് ഇടങ്ങള്‍ ജനങ്ങള്‍ക്ക് ഇന്ന് ലഭ്യമാണ്. അച്ചടിയുടെ ചെലവ് കുറഞ്ഞതും പുസ്തകക്കമ്പോളങ്ങള്‍ സാമാന്യമായതും പുതിയ പരീക്ഷണങ്ങളെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന സാഹചര്യഹേതുക്കളാകുന്നു. മലയാളത്തില്‍ ഇന്ന് അച്ചടിരംഗത്ത് പുതിയ നിക്ഷേപകര്‍ ഒരുപാടുണ്ട്. പ്രായേണ അറിയപ്പെട്ടിട്ടില്ലാത്ത, എന്നാല്‍ വാഗ്ദാനങ്ങളുടെ ഉഷ:പ്രകാശം പേറുന്ന പ്രതിഭകളുടെ രചനകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവര്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സനല്‍ ഹരിദാസിന്റെ തേഡ് റേറ്റ് എന്ന പുതിയ കഥാസമാഹാരം ഈ ഒരു സാഹചര്യത്തിലാണ് വായിക്കേണ്ടതും വിലയിരുത്തപ്പെടേണ്ടതും. നവമാധ്യമങ്ങളില്‍ എഴുതിത്തെളിഞ്ഞ ഈ ചെറുപ്പക്കാരന്‍ തന്റെ രചനകളില്‍ ആഴ്ചപ്പതിപ്പു കഥാഫോര്‍മാറ്റ് ബോധപൂര്‍വം ഉപേക്ഷിക്കുന്നു. ആദിമധ്യാന്തപൊരുത്തമുള്ള യഥാതഥകഥകളുടെ ശ്രേണിയിലേക്ക് ചേര്‍ത്തുവെക്കാവുന്ന കഥകളല്ല സനലിന്റെ രചനകള്‍ പലതും. അവ ഇരുണ്ട തുരങ്കങ്ങളില്‍ തെളിഞ്ഞു മാഞ്ഞു നീങ്ങുന്ന ഒരു ബീഡിത്തുമ്പിലെ കനല്‍പൊട്ടു പോലെ, പിടി തരാതെ, രൂപത്തെ വര്‍ജിച്ച ഊര്‍ജങ്ങള്‍ ആയി കഥ പറഞ്ഞു പോവുന്നു. അച്ചാച്ചന്റെ അനാഥത്വവും, മരണവും, അച്ഛന്റെ മദ്യപാനവും, അമ്മയുടെ തന്റേടവും സ്‌നേഹത്തിന്റെ രേഖീയമായ ഒഴുക്കും, മുഷിഞ്ഞ വര്‍ത്തമാന കാലവും ഒന്നിച്ചു പ്രകടിക്കുന്ന മാന്‍ഷന്‍ ഹൗസ് പോലെയുള്ള കഥകള്‍ ഉദാഹരണം. ദീര്‍ഘമായ ആഖ്യാനങ്ങള്‍ തീരെ കുറവാണെന്നിരിക്കെത്തന്നെ മിനിക്കഥകളുടെ ലാവണ്യശാസ്ത്രം സനലിന്റെ കഥകള്‍ പിന്തുടരുന്നില്ല. എഴുത്തുകാരന്റെ സ്വത്വപരവും സാമൂഹ്യപരവുമായ ഉണര്‍വുകളും അറിവുകളും ആശനിരാശകളും തീര്‍ക്കുന്ന കലങ്ങിമറിഞ്ഞ ഒരു കരുവിലാണ് ഈ കഥകളുടെ ഈറ്റ് നടന്നിട്ടുള്ളത്. മുഷിവാണ് ഇവയുടെ സ്ഥായീഭാവം. സമകാലികജീവിതച്ചന്തയില്‍ അറുത്ത് തൂക്കിയിട്ട ചോരയുണങ്ങാത്ത മനസ്സാക്ഷിത്തുണ്ടത്തിന്മേല്‍ മണിയനീച്ചകളെപ്പോലെ സനലിന്റെ കഥകള്‍ ആര്‍ത്തു പൊതിയുന്നു.

കഥകളുടെ ആഖ്യാനശരീരത്തില്‍ പലവിധ ഇരട്ടിപ്പുകളും കൂട്ടിയോജിപ്പിക്കലുകളും കൊണ്ടുവരുന്നതിലൂടെയാണ് സനലിന്റെ എഴുത്ത്‌ശൈലി പാകപ്പെടുന്നത്. മിക്കവാറും കഥകളില്‍ വൈദേശീയരായ കഥാകൃത്തുക്കളെയോ സൈദ്ധാന്തികരെയോ സന്ദര്‍ഭവുമായി ഇണക്കിക്കൊണ്ട് ഉപയോഗിച്ചിട്ടുള്ളതായി കാണാം. ഏറ്റവും പ്രാദേശികമായ പൊരുളുകളുടെ പരിസരം പരിശോധിക്കുമ്പോഴും ക്ളാസിക് യൂറോപ്യന്‍ തത്വചിന്തയുടെയും പുരാവൃത്തങ്ങളുടെയും ചുരുളുകളിലേക്ക് ചെന്ന് ചേരുന്ന ഒരു തഴക്കം സനലിന്റെ ശൈലിയില്‍ ഉണ്ട്. ഇതിന്റെ സൂചന എന്നോണം സമാഹാരത്തിലെ ആദ്യകഥ തുടങ്ങുന്നത് മൈല്‍സ് ഡേവിസ് എന്ന അമേരിക്കന്‍ ജാസ് കലാകാരന്റെ ചിലപ്പോള്‍ നമുക്ക് നമ്മുടെ സ്വരം കണ്ടെത്താന്‍ ഒരുപാട് കാലവിളംബം സഹിക്കേണ്ടി വരുന്നു എന്ന ഉദ്ധരണിയിലാണ്. പതിനഞ്ച് കഥകള്‍ക്ക് ശേഷം തന്റെ സ്വരം കണ്ടെത്തിയതിന്റെ വിക്ഷീണമായ പ്രസ്താവം സനല്‍ കുറിക്കുന്നുണ്ട്. ഇതാണ് സമാഹാരത്തിലെ അവസാന വാചകം: ഉത്കണ്ഠയുടെ നിമിഷങ്ങള്‍ സമൂഹയാഥാര്‍ഥ്യത്തിലേക്കുള്ള എന്റെ തുരങ്കപാതയാണ്. സബ് വേ എന്ന അവസാനകഥയിലെ ആതുരനായ മുഖ്യകഥാപാത്രത്തിന്റെ എഴുത്തുന്മാദം പ്രതിഫലിക്കുന്ന വാചകമാണിത്. ഇതിന്റെ ഫലശ്രുതിയില്‍ ഒരു പേജ് മാത്രം ദൈര്‍ഘ്യമുള്ള സബ് വേയും പതിനഞ്ച് കഥകള്‍ നീണ്ട ഈ സമാഹാരവും തീരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൈല്‍സ് ഡേവിസിനും സബ് വേയിലെ എഴുത്തുകാരനും ഇടയില്‍ ഈ ചെറിയ സമാഹാരത്തിലൂടെ കടന്നു പോകുന്ന വലിയ പേരുകളില്‍ കഫ്കയും, യോസയും, മാര്‍കേസും, ബെര്‍ജറും, യവ്തുഷങ്കോയും, മുറകമിയും, കിം കി ഡുക്കും, തര്‍ക്കെവ്‌സ്‌കിയും, ഇങ്ങേയറ്റത്ത് അയ്യപ്പനും കുരീപ്പുഴയും ഒക്കെയുണ്ട്. ബോധപൂര്‍വം സൃഷ്ടിച്ചു വെക്കുന്ന ഈ റഫറന്‍സ് ശ്രേണി വായനയില്‍ ഒരേസമയം അര്‍ത്ഥാധിക്യത്തിനും അര്‍ത്ഥശങ്കയ്ക്കും കാരണമാവുന്നു: തേഡ് റേറ്റ് എന്ന കഥയിലെ യവ്തുഷങ്കോയുടെ ചലച്ചിത്ര ശകലം ആ കഥയുടെ രാഷ്ട്രീയത്തോട് ഇഴുകി നിന്ന് കൊണ്ട് രൂപകധര്‍മ്മം വൃത്തിയായി നിര്‍വഹിക്കുന്നുവെങ്കില്‍ ഒപിയം എന്ന കഥയില്‍ മുറകാമിയെക്കുറിച്ചുള്ള പരാമര്‍ശം ഒരു വേള അനാവശ്യമായി വന്നിറങ്ങിപോവുന്നു. കഫ്കയും ചങ്ങമ്പുഴയും ഒന്നിച്ചു വന്നു കയറുന്നതിന്റെ അര്‍ത്ഥാധിക്യം ആദ്യകഥയായ അത്യഹത്തിനെ ശ്രദ്ധേയമാക്കുമ്പോള്‍ മാന്‍ഷന്‍ ഹൗസില്‍ ഓഷോ ചിന്ത മരണത്തിന് കീഴ്‌പ്പെടുന്ന അച്ഛാച്ചനും താവഴിക്കും അര്‍ത്ഥങ്ങളുടെ താങ്ങ് കൊടുക്കുന്നു. മറ്റൊരുപാടിടങ്ങളില്‍ ഇങ്ങനെ വിശ്വസാഹിത്യകാരും തത്വചിന്തകരും വന്ന് കഥാര്‍ത്ഥത്തെ തൊട്ടും തെറിച്ചും പോകുന്നതായി കാണാം. വളരെ വിവിധമായ ഒരു സിദ്ധാന്ത ലോകത്തെ ഇതിനാല്‍ തന്റെ കഥാലോകത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ സനലിന് സാധിക്കുന്നുണ്ട്. ഉഭയ ലൈംഗികതയും സ്വവര്‍ഗ്ഗരതിയും ഈ കഥകളുടെ പൊള്ളുന്ന ഭ്രമണപഥങ്ങളില്‍ അപരിചിതത്വങ്ങളല്ലാതെ, അപരധ്വനികള്‍ പേറാതെ സങ്കടങ്ങളും സന്തോഷങ്ങളും വിതറി മടങ്ങുന്നുണ്ട്. ദാരിദ്ര്യം കൊണ്ടു മാത്രം കൈവരുന്ന പരക്ലേശവിവേകം ഈ പതിനഞ്ചു കഥകളിലും അലിഞ്ഞു കിടക്കുന്നു. ഇതിലെ മനുഷ്യത്വത്തിന്റെ ഉപ്പാണ് ആ അറിവ്. ഒരു വേള അപകര്‍ഷതയും പല തലങ്ങളില്‍ ചൂഴ്ന്നു നില്‍ക്കുന്ന കടുത്ത ഇല്ലായ്മകളും ആണ് ഇതിലെ ആഖ്യാനസ്വരത്തിന്റെ മുഷിവിന് ആധാരമാവുന്നത്. രതിയോ വായനയോ യാത്രകളോ സൗഖ്യപ്പെടുത്താത്ത തരം മുഷിവുകളിലൂടെ രൂപപ്പെടുന്ന കഥാലോകമാണ് തേഡ് റേറ്റ്. കഥാശില്പ നിര്‍മ്മാണത്തിലും ഇതിവൃത്ത വൈവിധ്യത്തിലും ഇനിയും ദൂരങ്ങള്‍ ഈ കഥാകാരന്‍ കടന്നുചെല്ലേണ്ടതുണ്ട്. ഏത് ആദ്യകഥാസമാഹാരത്തെയും പോലെ സംശയങ്ങളും സന്ദേഹങ്ങളും കൗമാരത്തിന്റെ തരം സാഹസികതയും വീണു നിഴലിച്ച ഈ ചെറുകഥാലോകം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമാവുമെന്നും കൂടുതല്‍ കരുത്തുറ്റ ലാവണ്യബോധപ്രകാശനമാവുമെന്നും ഉള്ള പ്രത്യാശ വായനാന്ത്യത്തില്‍ ബാക്കിയിട്ടു കൊണ്ട് ഈ പഠനം ചുരുക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply