ഓണ്‍ലൈന്‍ വിദ്യാഭ്യാസം സ്ഥിരസംവിധാനമാക്കരുത്

പഠനത്തെ കേവലം സിലബസ് പഠനമാക്കി ചുരുക്കുന്ന ഓണ്‍ലൈന്‍ പഠനപദ്ധതികള്‍ വിദ്യാര്‍ത്ഥിജീവിതത്തിലെ സര്‍ഗ്ഗാത്മകവും സാംസ്‌ക്കാരികവുമായ മേഖലകളില്‍ വലിയ ശോഷണമായിരിക്കും സൃഷ്ടിക്കുന്നത്. പഠനത്തിന്റെ തന്നെ സര്‍ഗ്ഗാത്മകതയെ അതു നശിപ്പിക്കുമെന്ന് ഇതിന്നകം ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. നന്നായി കാര്യങ്ങള്‍ അവതരിപ്പിക്കാനറിയുന്ന വളരെ കുറച്ചു അദ്ധ്യാപകരിലേക്കു അദ്ധ്യാപനവൃത്തി ചുരുങ്ങുന്നതോടെ അറിവ് സ്ഥിതമായി തീരുകയും വിമര്‍ശനാത്മകചിന്ത അപ്രത്യക്ഷമാകുകയും ചെയ്യും. വ്യാഖ്യാനിക്കാനും വിമര്‍ശിക്കാനുമുള്ള അവസരങ്ങള്‍ കുറയുന്നതോടെ വിദ്യാഭ്യാസമെന്നത് വിവരങ്ങളുടെ വിനിമയം മാത്രമായി ചുരുങ്ങും.

കോവിഡ് ബാധയുടെ പ്രശ്നസങ്കീര്‍ണ്ണമായ സാഹചര്യത്തില്‍, കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസരീതി വ്യാപകമായി നടപ്പിലാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മഹാമാരിയുടെ സന്ദിഗ്ദ്ധഘട്ടത്തെ അഭിമുഖീകരിക്കാനുള്ള ഒരു ശ്രമമെന്ന നിലയ്ക്കാണ് ഇപ്പോള്‍ അത് ആസൂത്രണം ചെയ്യുന്നതെങ്കിലും ദൂരവ്യാപകമായ തലത്തില്‍ വിദ്യാഭ്യാസരംഗം മൊത്തമായി തന്നെ; പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസരംഗം, ഇങ്ങനെയൊരു വിദ്യാഭ്യാസപദ്ധതിയിലേക്കു പൂര്‍ണ്ണമായും നീങ്ങാന്‍ ഇടയാക്കിയേക്കുമോയെന്ന ആശങ്കകള്‍ ഇതിന്നകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുകളും കണക്റ്റിവിറ്റിയും വെബിനാറുകളും ഒക്കെ ഘടകങ്ങളായി വരുന്ന, സാങ്കേതികവിദ്യയെ വലിയ തോതില്‍ ആശ്രയിക്കുന്ന, മാനുഷികാദ്ധ്വാനത്തെ കുറയ്ക്കുന്ന, കലാലയങ്ങളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നും അദ്ധ്യാപകരെ നീക്കം ചെയ്യാന്‍ ഇടവരുത്തിയേക്കാവുന്ന, വിദ്യാഭ്യാസമേഖലയിലെ ചെലവിനെ വലിയ തോതില്‍ കുറയ്ക്കാന്‍ സഹായിച്ചേക്കാവുന്ന ഈ വിദ്യാഭ്യാസപദ്ധതി നല്‍കുന്ന നേട്ടങ്ങളും കോട്ടങ്ങളും വലിയ വിശകലനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു! മഹാമാരിയുടെ കാലത്ത് സാമൂഹികമായ അകലം ഉറപ്പു വരുത്താന്‍ നടപ്പിലാ ക്കുന്ന ഈ സാങ്കേതികവിദ്യാപദ്ധതിയുടെ സാമൂഹികമായ പ്രത്യാഘാതങ്ങള്‍ അപാരമാണെന്നും അത് വിദ്യാഭ്യാസജീവിതത്തെ സാമൂഹികമായ മാനങ്ങളില്ലാത്തതും വലിയ തോതില്‍ സാമൂഹിക അകലം സൃഷ്ടിക്കുന്നതുമായി മാറ്റിത്തീര്‍ക്കുമെന്നും പറയുന്നതിനാണ് ഈ കുറിപ്പ് ലക്ഷ്യമാക്കുന്നത്.

സ്‌കൂള്‍ – കലാലയവിദ്യാഭ്യാസം നല്‍കുന്ന സാമൂഹികജീവിതമാണ് ആ കാലഘട്ടത്തെ മനുഷ്യജീവിതത്തിലെ തന്നെ ഏറ്റവും സവിശേഷവും സജീവവുമായ ഘട്ടമാക്കുന്നത്. സമൂഹത്തിലെ വ്യത്യസ്തധാരകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ കൂടിച്ചേരുകയും പരസ്പരം ഇടപഴകുകയും ചെയ്തുകൊണ്ട് സ്വായത്തമാക്കുന്ന സാമൂഹികബോധം അവരുടെ പില്‍ക്കാലജീവിതത്തെ നയിക്കുന്ന ഒരു പ്രധാന ഘടകമാണ്. ലോകസ്ഥിതിയെ യുവത മനസ്സിലാക്കുന്നത് അവര്‍ പഠനത്തിലൂടെ ആര്‍ജ്ജിക്കുന്ന വിജ്ഞാനത്തിലൂടെ മാത്രമല്ല, ഈ സാമൂഹികജീവിതത്തിലെ പങ്കുവയ്ക്കലുകളിലൂടെയും സൗഹൃദങ്ങളിലൂടെയും കൂടിയാണ്. സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയും ഭരണകൂടങ്ങളുടെ നൃശംസമായ കടന്നുകയറ്റങ്ങള്‍ക്കെതിരെയും പുതിയകാലത്ത് ഉണ്ടായിട്ടുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ ഏറെയും വിദ്യാര്‍ത്ഥിസമൂഹങ്ങളുടെ മുന്‍കൈയിലാണ് നടന്നിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ അടുത്ത കാലത്തു നടന്ന പുതിയ പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭസമരങ്ങള്‍ തുടങ്ങിവയ്ക്കുന്നതും പിന്നീട് അതിനെ മുന്നോട്ടു കൊണ്ടുപോകുന്നതും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളാണെന്നു കാണുക! ഇന്ത്യയിലെ ദളിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ അടുത്ത കാലത്ത് ഏറ്റവും വലിയ പ്രക്ഷോഭവേദികള്‍ ഉയര്‍ത്തിയത് വിദ്യാര്‍ത്ഥികളായിരുന്നു. നമ്മുടെ കലാലയങ്ങളും സര്‍വ്വകലാശാലകളും ജനാധിപത്യബോധത്തിന്റെ കാവലാളുകളെന്ന നിലയ്ക്കാണ് ഈയടുത്ത നാളുകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. അവര്‍ കൂട്ടായ്മകളിലൂടെ വളര്‍ത്തിയെടുത്ത സാമൂഹികബോധമായിരുന്നു ഇതിന്റെ ആധാരം. സാമൂഹികഅകലത്തെ ഉറപ്പു വരുത്തുന്ന പുതിയ സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനപദ്ധതികള്‍ വിദ്യാര്‍ത്ഥികളുടെ ഈ സാമൂഹികബോധത്തെ ഉടച്ചു കളയാന്‍ കൂടി ഉതകുന്നതാണ്. തൊഴിലാളികളുടെ ഐക്യത്തെ ശിഥിലമാക്കാന്‍ വ്യാവസായികശാലകളിലെ ഉല്‍പ്പാദനരീതികളില്‍ വലിയ തോതില്‍ വികേന്ദ്രീകരണം വരുത്തുകയും ഒരു ഉല്‍പ്പന്നത്തിന്റെ ഘടകഭാഗങ്ങള്‍ പലയിടങ്ങളിലായി നിര്‍മ്മിക്കുന്ന പദ്ധതി നടപ്പിലാക്കുകയും ചെയ്ത മുതലാളിത്ത ആസൂത്രണമെന്ന പോലെ വിദ്യാര്‍ത്ഥികളുടെ സാമൂഹികബോധത്തെ തച്ചുതകര്‍ക്കാന്‍ ഈ ഓണ്‍ലൈന്‍ പഠനസംവിധാനങ്ങള്‍ ഒരു പരിധി വരെയെങ്കിലും ഭരണകൂടങ്ങളെ സഹായിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ പരസ്പരം കാണുന്നില്ല. അവര്‍ തമ്മിലുള്ള വിനിമയങ്ങള്‍ കുറയുന്നു. സൗഹൃദങ്ങളും കൂട്ടായ്മകളും രൂപപ്പെടുന്നില്ല. ഓരോരുത്തരും അവരവരുടെ തുരുത്തിലിരുന്നു പാഠഭാഗങ്ങള്‍ പഠിക്കുന്നവര്‍ മാത്രമായി മാറ്റിത്തീര്‍ക്കപ്പെടുന്നു. പഠിക്കുന്ന പാഠഭാഗങ്ങള്‍ ഇതരലോകത്തിന്റെ ജീവിതവുമായി ബന്ധപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ ഇല്ലാതാകുന്നു. യന്ത്രങ്ങള്‍ സൃഷ്ടിക്കുന്ന അന്യവല്‍ക്കരണം ഇവിടെ വലിയ തോതില്‍ തന്നെ പ്രത്യക്ഷപ്പെടുമെന്നു തീര്‍ച്ചയാണ്. അത്യന്തം അപകടകരമായ സ്ഥിതിയാണ് ഇതു സൃഷ്ടിക്കുക. അടുത്ത കാലത്ത് ലോകമെമ്പാടും അരങ്ങേറിയ പ്രക്ഷോഭങ്ങള്‍ക്ക് ആധുനിക വാര്‍ത്താവിനിമയസങ്കേതങ്ങള്‍ സഹായകമായി നിന്നിരുന്നുവെന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ടെങ്കിലും ഇവിടെ ഉന്നയിക്കപ്പെട്ട സാമൂഹികാവബോധത്തിന്റെ പ്രശ്നം വളരെ പ്രസക്തമാണ്.

വിദ്യാഭ്യാസത്തിന്റെ കാലം ക്ലാസ്മുറിയിലെ പഠനത്തിന്റെ മാത്രം കാലമല്ല. സര്‍ഗാത്മകതയെ വളര്‍ത്തിയെടുക്കുന്ന നിരവധി ഇതരപ്രവര്‍ത്തനങ്ങളുടെ കാലമാണത്. വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരികവും കലാപരവും കായികവുമായ ശേഷികള്‍ വികസിപ്പിക്കാനുള്ള കാലമാണത്. പഠനത്തെ കേവലം സിലബസ് പഠനമാക്കി ചുരുക്കുന്ന ഓണ്‍ലൈന്‍ പഠനപദ്ധതികള്‍ വിദ്യാര്‍ത്ഥിജീവിതത്തിലെ സര്‍ഗ്ഗാത്മകവും സാംസ്‌ക്കാരികവുമായ മേഖലകളില്‍ വലിയ ശോഷണമായിരിക്കും സൃഷ്ടിക്കുന്നത്. പഠനത്തിന്റെ തന്നെ സര്‍ഗ്ഗാത്മകതയെ അതു നശിപ്പിക്കുമെന്ന് ഇതിന്നകം ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. നന്നായി കാര്യങ്ങള്‍ അവതരിപ്പിക്കാനറിയുന്ന വളരെ കുറച്ചു അദ്ധ്യാപകരിലേക്കു അദ്ധ്യാപനവൃത്തി ചുരുങ്ങുന്നതോടെ അറിവ് സ്ഥിതമായി തീരുകയും വിമര്‍ശനാത്മകചിന്ത അപ്രത്യക്ഷമാകുകയും ചെയ്യും. വ്യാഖ്യാനിക്കാനും വിമര്‍ശിക്കാനുമുള്ള അവസരങ്ങള്‍ കുറയുന്നതോടെ വിദ്യാഭ്യാസമെന്നത് വിവരങ്ങളുടെ വിനിമയം മാത്രമായി ചുരുങ്ങും. വിവരങ്ങളെ വിശകലനം ചെയ്യാനും വിവിധ പ്രകരണങ്ങളുടെ പശ്ചാത്തലത്തില്‍ അവയെ വ്യാഖ്യാനിക്കാനും ജ്ഞാനോല്‍പ്പാദനത്തിന്റെ രീതിശാസ്ത്രത്തേയും ദര്‍ശനത്തേയും വിമര്‍ശിക്കാനും പ്രാപ്തമാക്കുന്ന വിദ്യാഭ്യാസരീതികള്‍ ഇല്ലാതാകും. വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുകയായിരിക്കും ഫലം.

കേവലമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്കു നീങ്ങുന്ന ഏതൊരു പദ്ധതിയും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. മഹാമാരിയുടെ കാലത്തെ താല്‍ക്കാലികസംവിധാനം എന്നതിന്നപ്പുറത്തേക്ക് ഒരു ഏകമാത്രദീര്‍ഘകാലപദ്ധതിയായി ഇതിനെ വിഭാവനം ചെയ്യാനുള്ള ശ്രമങ്ങളെ അത്യന്തം സന്ദേഹത്തോടെ കാണുകയും നിരസിക്കുകയും ചെയ്യേണ്ടതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply