കോവിഡ് കാലത്തെ ഭക്തി

പുരോഗമന മൂല്യങ്ങള്‍ പേറുന്നു എന്ന് വിചാരിക്കുന്ന കേരളീയ സമൂഹത്തിലെ ഫ്യൂഡല്‍-നാടുവാഴി-ബ്രാഹ്മണിക മൂല്യങ്ങളുടെ സംരക്ഷണകേന്ദ്രമായി ഭക്തിയും ക്ഷേത്രസംസ്‌കാരവും നിലനില്‍ക്കുകയാണ്. അതുകൊണ്ടാണ് ഒരു ദളിത് ശാന്തിയുടെ ക്ഷേത്രപ്രവേശനം ‘വിപ്ലവ’ മായി അറിയപ്പെടുന്നത്. കൃഷ്ണഭക്തിയുടെ അതുല്യകേന്ദ്രമായി വര്‍ത്തിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്തരമൊരു ദളിത് ശാന്തി നിയമനം പ്രതീക്ഷിക്കാമോ? തത്വമസി ആലേഖനം ചെയ്ത ശബരിമലയില്‍ ഒരു ദളിത് ശാന്തി പൂജ ചെയ്യുന്ന കാലം വന്നുചേരുമോ? ഭക്തിയുടെ പരമമായ മൂല്യമായി സമത്വത്തെ ഭാവന ചെയ്യാമെങ്കില്‍ ആ ഭാവനയുടെ എതിര്‍ ചേരിയിലാണ് ഭക്തിയും ക്ഷേത്രസംസ്‌കാരവും ഇന്ന് പ്രവര്‍ത്തിച്ച് പോരുന്നത്. ചുരുക്കത്തില്‍ ജാതിവ്യവസ്ഥയുടേയും ജാതിമൂല്യങ്ങളുടേയും ശക്തി സ്രോതസായി ‘ക്ഷേത്രഭക്തി’ തുടരുന്നു.

”പന്ഥാരിയുടെ ഭഗവാന്‍ അവളോടൊപ്പം ഭക്ഷിക്കുമ്പോള്‍
നാമന്റെ ജാതിക്കെന്തു വില?
നിനക്ക് മൈരാലയുടെ കുലം പറയാമോ?
നാമനെന്തു മഹത്ത്വമാണുള്ളതെന്ന് പറഞ്ഞാലും
ജാതിയും ജാതിയുടെ മഹത്ത്വവും വിഷ്ണുദാസന്മാര്‍ക്ക് വേണ്ട,
വേദശാസ്ത്രം അങ്ങനെ ചെറുതാവുന്നു.
തുക്ക പറയുന്നു നിങ്ങളുടെ ഏതുപുസ്തകമാണ്
വീണുപോയവരെ രക്ഷിച്ചിട്ടുള്ളത്-എനിക്കാരെയുമറിയില്ല”

(തുക്കാറാമിന്റെ ഒരു ഗീതികയില്‍നിന്ന്)

കോവിഡ് എന്ന മഹാവ്യാധി പടര്‍ന്നുപിടിച്ചപ്പോള്‍ നാട്ടിലെ ആരാധനാലയങ്ങള്‍ മതഭേദമില്ലാതെ അടഞ്ഞു കിടന്നു. ആയിരക്കണക്കിന് ‘ഭക്തര്‍’ തിങ്ങി നിറഞ്ഞിരുന്ന ‘തീര്‍ത്ഥാടന’ കേന്ദ്രങ്ങള്‍ ക്രമേണ ശൂന്യമാന്‍ തുടങ്ങി. ദൈവത്തിന്റെയും ഭക്തിയുടെയും അസ്ഥിത്വത്തെയും അന്തഃസത്തയേയും ചോദ്യംചെയയ്യുന്ന വിധത്തില്‍ കോവിഡ് എന്ന മഹാമാരി ദേശരാഷ്ട്രത്തെ വിഴുങ്ങി. ആരാധനാലയങ്ങളിലേക്ക് കടന്നു ചെന്ന് ഈശ്വരാരാധന നിര്‍വഹിക്കണമെന്നുള്ള കാലങ്ങളായി തുടര്‍ന്നു പോരുന്ന വിശ്വാസരീതികള്‍ക്ക് കോവിഡ് വിലങ്ങുതടിയായി. കഠിനമായി പാലിച്ചുപോരുന്നു എന്ന് പൗരോഹിത്യശക്തികള്‍ അവകാശപ്പെടുന്ന ആചാരാനുഷ്ഠാന കീഴ്‌വഴക്കങ്ങള്‍ തകിടം മറിഞ്ഞു. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നീക്കുപോക്കുകള്‍ ആവാമെന്ന് കോവിഡ് അവരെ പഠിപ്പിച്ചു. മഹത്തായ മൂല്യങ്ങള്‍ സംവഹിക്കുന്നു എന്ന് കരുതപ്പെടുന്ന ഭക്തി, നൂറ്റാണ്ടുകളായി ആചാര-അനുഷ്ഠാന ബന്ധമായിട്ടാണ് ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നുപോരുന്നത്. ഒരുവേള ഭക്തിയുടെ പരമമായ മൂല്യമായി പ്രപഞ്ച പ്രേമത്തെയും, സഹജീവികളോടുള്ള കരുണയേയും ഒക്കെ പ്രതിഷ്ഠിയ്ക്കാമെങ്കിലും, ചരിത്രത്തിന്റെ പാതകളില്‍ ഇവയെല്ലാം കേവലസങ്കല്പങ്ങളായിട്ടാണ് തുടര്‍ന്ന്‌പോരുന്നത്. ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ എല്ലാ മനുഷ്യരിലും, സര്‍വചരാചരങ്ങളിലും ഈശ്വരനെ സമാനഭാവത്തില്‍ ദര്‍ശിക്കുന്നു എന്നവകാശപ്പെടുന്ന ഭക്തിയുടെ വക്താക്കള്‍ക്കും പ്രയോക്താക്കള്‍ക്കും ഇന്ത്യയെ ബാധിച്ച ദുഷിച്ചതും ജീര്‍ണ്ണിച്ചതുമായ ജാതിവ്യവസ്ഥയുടെ മൂല്യബോധത്തെ മറികടക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

കൊറോണയ്ക്ക് മുന്‍പ് ശബരിമലയ്ക്ക് ശേഷം

ഭക്തി ഇന്ത്യന്‍ സമൂഹത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ചരിത്രപരമായ പ്രധാനപ്പെട്ട ഒരു സാമൂഹ്യസന്ദര്‍ഭമായിരുന്നു ശബരിമല സ്ത്രീപ്രവേശനത്തോട് ബന്ധപ്പെട്ട വിധിയും അതിനെ തുടര്‍ന്ന് കേരളസമൂഹത്തില്‍ നടന്ന കലാപങ്ങളും. ശബരിമലക്ഷേത്രത്തിന്റെ ആലേഖനം ചെയ്യപ്പെട്ട ഉപനിഷദ്‌വാക്യമാണ് ”തത്വമസി’-അത് നീയാകുന്നു. ഭക്തനും ഈശ്വരനും ഒന്നായിത്തീരുന്ന ‘പവിത്രമായ’ ബോധത്തെ തത്വമസി പ്രതിനിധാനം ചെയ്യുന്നു എന്ന് കരുതാമെങ്കില്‍, എന്തുകൊണ്ടാണ് ക്രൂരമായ ഹിംസകള്‍ക്ക് ആ ക്ഷേത്രം വേദിയായത്. സമ്പൂര്‍ണമായി സ്ത്രീവിരുദ്ധമായ ഒന്നായി ഭക്തി മാറുന്ന ഒരു കാഴ്ചയാണ് ശബരിമല വിധിക്ക് ശേഷം കേരളസമൂഹത്തില്‍ അരങ്ങേറിയത്. ഭക്തി പ്രകടനത്തിനും ക്ഷേത്രാരാധനയ്ക്കും സ്ത്രീ ശരീരത്തെ സംബന്ധിച്ച ‘അശുദ്ധി’ പ്രത്യേകിച്ച് ആര്‍ത്താവാശുദ്ധി ഒരു വിഘാതമാണെന്ന് വാദിയ്ക്കപ്പെട്ടു. യഥാര്‍ത്തില്‍ ആര്‍ത്തവ കാലത്ത് പോലും സ്ത്രീകള്‍ക്ക് പൂജാദ്യനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ സാധിയ്ക്കുന്ന വിധത്തിലുള്ള താന്ത്രികപാരമ്പര്യം നിലനിന്നിടത്തുനിന്നാണ് സ്ത്രീകളെ അശുദ്ധരായി പുറന്തള്ളുന്ന ഒരു പ്രക്രിയ രൂപപ്പെട്ടുവരുന്നത്. കേരളത്തിലെ ക്ഷേത്ര സംസ്‌കാരവും ഭക്തിസാധനങ്ങളും ഇന്നും ഫ്യൂഡല്‍ ബ്രാഹ്മണിക മൂല്യങ്ങള്‍ക്കകത്ത് തന്നെയാണ് നിലയുറപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ അരങ്ങേറിയ ”നവോത്ഥാന പരിശ്രങ്ങള്‍ക്ക്” ഈ ”ഫ്യൂഡല്‍ ഭക്തി” യുടെ മൂല്യങ്ങളെ റദ്ദ് ചെയ്യാനായില്ല എന്ന മാത്രമല്ല, ബ്രാഹ്മണിക ഭക്തിമൂല്യങ്ങള്‍ ക്ഷേത്ര സംസ്‌കാരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്തു. ഭക്തി പ്രസ്ഥാനത്തിന് (ഭക്തിയുടെ ചരിത്രത്തെ പ്രസ്ഥാനവല്‍ക്കരിക്കാമോ എന്ന സംശയം ബാക്കിയാണ്) ബന്ധപ്പെട്ട് ദക്ഷിണേന്ത്യയില്‍ സുദീര്‍ഘചരിത്രപാരമ്പര്യമുണ്ട്. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. എന്നാല്‍ ഭക്തിയുമായി ഇഴചേര്‍ന്ന ഈ പാരമ്പര്യവ്യവസ്ഥ തന്നെയാണ് നൂറ്റാണ്ടുകളായി ദളിതരേയും, പിന്നോക്കജാതിവിഭാഗങ്ങളേയും സ്ത്രീകളേയും ‘മര്‍ദ്ദിച്ച്’ അരികുവല്‍ക്കരിച്ചുകൊണ്ടിരുന്നത്. ക്ഷേത്രത്തെ സംബന്ധിച്ച് ഭക്തന്‍ ജീവാത്മാവും വിഗ്രഹത്തിലെ ചൈതന്യം പരമാത്മാവും എന്നിങ്ങനെയുള്ള ഘടാഘടിയന്‍ തത്വവിചാരങ്ങള്‍ ഇന്ന് കേള്‍ക്കാം. ഈ തത്വവിചാരങ്ങളുടെ പൂര്‍വ്വപിതാക്കന്മാരാണ് ജാതിവ്യവസ്ഥയുടെ കൊടിയപീഡനങ്ങള്‍ നടപ്പിലാക്കിയത്. ”സരസ്തിക്ക് തീണ്ടലില്ല” എന്ന് പ്രഖ്യാപിച്ച് പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മ അയിത്തജാതിക്കാരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്നാണ് തിരുവിതാകൂര്‍ ക്ഷേത്രപ്രവേശന റിപ്പോര്‍ട്ടില്‍ എഴുതിയത്. 1936 ല്‍ ചിത്തിരതിരുനാള്‍ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ച ഘട്ടത്തിലും അയിത്തജാതിക്കാരെ തന്റെ അധികാര പരിധിയിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കാന്‍ റീജന്റൊയി തിരുവിതാകൂര്‍ ഭരിച്ച ഗൗരി ലക്ഷ്മി ബായി തയ്യാറായില്ല. വൈയ്ക്കത്തെ റോഡില്‍ നടക്കുന്നതിനായുള്ള അവകാശം നേടിയെടുക്കുന്നതിന് ചര്‍ച്ചയ്ക്ക് ചെന്ന ഗാന്ധിയോട് ഇണ്ടന്തുരുത്തി നമ്പ്യാതിരി പറഞ്ഞത്. ”ഞങ്ങളുടെ വിശ്വാസമനുസരിച്ച്, ഞങ്ങളുടെ ആചാരമനുസരിച്ച്, മുന്‍ ജന്മങ്ങളിലെ പാപകര്‍മ്മങ്ങളുടെ ഫലമായി അവര്‍ അയിത്തജാതിയില്‍ പിറക്കുന്നു. ആചാരവിധികളനുസരിച്ച് അവരോട് ഇങ്ങനെ പെരുമാറാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്, ഇക്കാര്യം പരിഗണിച്ചാല്‍ ഇവര്‍ കൊള്ളക്കാരെക്കാളും ഹീനരാണ്” എന്നാണ.് ഭഗവത്ഗീതയിലെയോ, ഭാഗവതത്തിലേയോ, രാമായണത്തിലേയോ, ഉപനിഷ്തതിലേയോ തത്വവിചാരങ്ങളുടെ അടിസ്ഥാനത്തില്‍ ജാതിവ്യവസ്ഥയുടെ ക്രൂരപീഡകള്‍ ഉപേക്ഷിക്കാന്‍ പൗരോഹിത്യവും തയ്യാറായില്ല. (ഗീതയും രാമായണവും ഉപനിഷത്തുകളും സമത്വഭാവന അവതരിപ്പിക്കുന്നുഎന്നാണ് ചിലര്‍ കരുതുന്നത്, യാഥാര്‍ത്ഥ്യം അങ്ങനെയല്ലെന്ന് ഈ കൃതികളുടെ സൂക്ഷ്മ പഠനത്തിലൂടെ ബോധ്യപ്പെടാവുന്നതേയുള്ളൂ.) ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന് സങ്കല്പിക്കുന്ന ഭക്തിയിലുടെ ശ്രേണീകൃത അസമത്വത്തെ മുറിച്ച് കടക്കാന്‍ കഴിഞ്ഞില്ല എന്നാണ് കേരളചരിത്രത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പുരോഗമന മൂല്യങ്ങള്‍ പേറുന്നു എന്ന് വിചാരിക്കുന്ന കേരളീയ സമൂഹത്തിലെ ഫ്യൂഡല്‍-നാടുവാഴി-ബ്രാഹ്മണിക മൂല്യങ്ങളുടെ സംരക്ഷണകേന്ദ്രമായി ഭക്തിയും ക്ഷേത്രസംസ്‌കാരവും നിലനില്‍ക്കുകയാണ്. അതുകൊണ്ടാണ് ഒരു ദളിത് ശാന്തിയുടെ ക്ഷേത്രപ്രവേശനം ‘വിപ്ലവ’ മായി അറിയപ്പെടുന്നത്. കൃഷ്ണഭക്തിയുടെ അതുല്യകേന്ദ്രമായി വര്‍ത്തിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്തരമൊരു ദളിത് ശാന്തി നിയമനം പ്രതീക്ഷിക്കാമോ? തത്വമസി ആലേഖനം ചെയ്ത ശബരിമലയില്‍ ഒരു ദളിത് ശാന്തി പൂജ ചെയ്യുന്ന കാലം വന്നുചേരുമോ? ഭക്തിയുടെ പരമമായ മൂല്യമായി സമത്വത്തെ ഭാവന ചെയ്യാമെങ്കില്‍ ആ ഭാവനയുടെ എതിര്‍ ചേരിയിലാണ് ഭക്തിയും ക്ഷേത്രസംസ്‌കാരവും ഇന്ന് പ്രവര്‍ത്തിച്ച് പോരുന്നത്. ചുരുക്കത്തില്‍ ജാതിവ്യവസ്ഥയുടേയും ജാതിമൂല്യങ്ങളുടേയും ശക്തി സ്രോതസായി ‘ക്ഷേത്രഭക്തി’ തുടരുന്നു. ഭക്തിയെപ്പറ്റി നാരദഭക്തിസൂത്രം പറയുന്നത് ”സാ ത്വസ്മിന്‍ പരമപ്രേമരൂപാ” എന്നാണ്. പരമമായ പ്രേമരൂപമാണ് ഭക്തി. അനിര്‍വചനീയമായ സ്‌നേഹമാണ് ഭക്തി എന്നും ഭക്തിയെ നിര്‍വചിക്കുന്നുണ്ട്. ”എന്റെ ഭക്തനെ ഞാനായി തന്നെ കരുതണം” എന്ന ഉദ്ധവോപദേശത്തിലെ ഭാഗവതകൃഷ്ണന്റെ വാക്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഭക്തിയെ പ്രയോക്താക്കള്‍ ശബരിമല സന്ദര്‍ഭത്തില്‍ എങ്ങനെയാണ് പെരുമാറിയത് എന്ന് പരിശോധിക്കേണ്ടതുണ്ട്. ഭക്തിയുടെ മൂല്യമായി അവതരിപ്പിക്കുന്ന ഈശ്വരീയ-സമത്വഭാവനയിലേക്ക് ഭക്തര്‍ കടന്ന ചരിത്രമേയില്ല. ആചാര-അനുഷ്ഠാനബദ്ധമായ ഭക്തിയ്ക്കായിട്ടാണ് പൗരോഹിത്യം നിലകൊണ്ടത്.

ഭക്തിയുടെ ചരിത്രത്തില്‍ ആചാരാനുഷ്ഠാനങ്ങളെ വിമര്‍ശിക്കുകയും അതിനെ കൈയൊഴികയും ചെയ്ത ഭക്തിയുടെ ഒരു വിമര്‍ശനധാര തീര്‍ച്ചയായും ഉണ്ടായിരുന്നു. തുക്കയുടെയും നാമദേവന്റെയും രവിദാസിന്റെയും ഒക്കെ ഭക്തിഗീതങ്ങള്‍ ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. എന്നാല്‍ ദക്ഷിണേന്ത്യയിലെയും, വിശേഷിച്ച് കേരളത്തിലെ ക്ഷേത്രവും ഭക്തിധാരകളും ബ്രാഹ്മണ്യമൂല്യങ്ങള്‍ക്കകത്താണ് പ്രതിപ്രവര്‍ത്തിച്ചത്. എഴുത്തച്ഛന്റെ രാമായണവും പൂന്താനത്തിന്റെ ജ്ഞാനപ്പാനയും ബ്രാഹ്മണമൂല്യങ്ങളെ പൊതുബോധമാക്കുന്നതില്‍ ഏറെ വിജയിക്കുകയും ചെയ്തു. ബ്രാഹ്മണരുടെ കാലിലെ പൊടി തന്റെ ഹൃദയത്തെ ശൂദ്ധീകരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ച എഴുത്തച്ഛനും ചണ്ഡകര്‍മ്മങ്ങള്‍ ചെയ്യുന്നവരാണ് പിന്നീട് ചണ്ഡാളരായി പിറക്കുന്നതെന്നും പാടുന്ന പൂന്താനവും ഭക്തിപാരമ്പര്യം നിറഞ്ഞ കാവ്യവചസുകളിലൂടെ ശ്രേണികൃതമായ ബ്രാഹ്മണ്യവ്യവസ്ഥയെ നീതിമത്കരിക്കുകയായിരുന്നു. മൂല്യപരമായി തന്നെ ബ്രാഹ്മണ്‌യ്തതിന്റെ ഈ ഭക്തി സംസ്‌കാരത്തെ വിമര്‍ശനവിധേയമാക്കാന്‍ നാരാണഗുരുവിന് സാധിച്ചു. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ബ്രാഹ്മണ്യത്തിന്റെ ഈ അധികാരവ്യവസ്ഥയെയാണ് ഗുരു മറികടന്നത്. കളവംകോട് കണ്ണാടി പ്രതിഷ്ഠിക്കുന്നതിലൂടെയും സത്യം, ദയ, ശാന്തി എന്നിങ്ങനെ ആലേഖനം ചെയ്യുന്നതിലൂടെയും സമൂഹത്തെ പരിവര്‍ത്തിക്കുന്ന മൂല്യങ്ങളെ അവതരിപ്പിക്കുകയായിരുന്നു ഗുരു.

കൊറോണ കാലം ആചാരവിധികളെ ലഘൂകരിക്കുമെങ്കിലും അനുകൂല കാലാവസ്ഥയില്‍ ‘ഭക്തര്‍’ ആചാരവിധികളിലേക്ക് തന്നെ വീണ്ടും മടങ്ങിപ്പോകുവാനും സാധ്യത ഏറെയാണ്. മനുഷ്യ മസ്തിഷ്‌കം അടിസ്ഥാനപരമായി തന്നെ ഗോത്രീയധാരണകള്‍ സംവഹിയ്ക്കുന്ന ഒന്നായത് കൊണ്ട് മറിച്ച് സംഭവിക്കണമെങ്കില്‍ സാമൂഹികമായ ചിന്താപരിവര്‍ത്തനം വേണ്ടിവരും. ആചാരാനുഷ്ഠാങ്ങളുടെ നൈഷ്ഫല്യം കുറേയേറെപ്പേര്‍ക്ക് ബോധ്യംവന്നേക്കാനിടയുണ്ട് എന്ന് പ്രത്യാശിക്കാം. അടിസ്ഥാനപരമായി ഭക്തി സമഭാവനയാണ് ഉത്പാദിപ്പിക്കുന്നതെങ്കില്‍ ജാതിവ്യവസ്ഥയുടെ കഠിനത എന്ത്‌കൊണ്ടാണ് ഒഴിയാത്തത്. കേരളം ക്ഷേത്രങ്ങളുടെ നാട് കൂടിയാണ് സമത്വവും നീതിയും നടപ്പിലാക്കുന്ന ദൈവങ്ങളുടെ സേവകര്‍, അവരെ ഭക്തിപൂര്‍വ്വം ഉപാസിക്കുന്നവര്‍ എന്ത് കൊണ്ടാണ് നീതിയുടെ ഈ വിചാരലോകത്തേക്ക് കടക്കാത്തത്. ജാതി വ്യവസ്ഥയെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ഇന്നും നിലനില്ക്കുന്ന കേരളീയ സമൂഹത്തിലെ ഭക്തി, പൊള്ളയായ ഒരു അന്ധവിശ്വാസവും മനുഷ്യന്റെ സാമൂഹിക നീതിബോധത്തെയും ശാസ്ത്രബോധത്തെയും (സായന്‍സിക ബോധം) പരിഹസിക്കുകയും ചെയ്യുന്ന ഒന്നാണെന്ന് പറയാതിരിയ്ക്കാന്‍ നിവര്‍ത്തിയില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭക്തിയുടെ അനുസന്ധാനത്തിലൂടെ ബ്രാഹ്മണരേക്കാളും മെച്ചപ്പെട്ട ബ്രാഹ്മണരാകാനാണ് ചിലരിന്ന് പരിശ്രമിക്കുന്നത്. ‘കര്‍മബ്രാഹ്മണ്യം’ എന്ന വാദമാണ് ഇതിനവര്‍ ഉപയോഗിക്കുന്നത്. സഹോദരന്‍ അയ്യപ്പന്റെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്: ”….നമ്മുടെ എല്ലാവരുടേയും ഭാവിഗുണത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാനാണ് ബ്രഹ്മശ്രീനാരായണ ഗുരുസ്വാമികള്‍ ഉപദേശിക്കുന്നത്. അല്ലാതെ നമ്മളെ ഈഴവബ്രാഹ്മണരാക്കാനല്ല” ജാതിക്കൊലകള്‍ ഇന്നും തുടരുന്ന സാമൂഹ്യവ്യവസ്ഥിതി ബ്രാഹ്മണ്യ ആണ്‍കോയ്മാവ്യവസ്ഥയുടെ ഇരിപ്പിടമാണെന്നതില്‍ തര്‍ക്കമില്ല.

അപരസ്‌നേഹത്തിലേക്ക് തുറക്കാത്ത ഭക്തി കേവലം ആചാരബദ്ധവും മാനവികാവിരുദ്ധവുമാണ്. ”അയലു തഴപ്പതിനായതി പ്രയത്‌നം/നയമറിയും നരനാചരിച്ചിടേണം” എന്ന ഗുരുവാക്യത്തിലാണ് സാമൂഹിക നീതിയുടെ തത്വം പ്രകാശിക്കുന്നത്. ചുരുക്കത്തില്‍ ജാതിവ്യവസ്ഥയും അതിന്റെ മൂല്യങ്ങളും സമ്പൂര്‍ണ്ണമായി കൈയ്യൊഴിഞ്ഞ വ്യക്തിയും സമൂഹവും സമഭാവനയുടേയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു എന്ന് പറയാനാവൂ.
”നിങ്ങള്‍ പറയുന്ന കഥകള്‍ക്ക് അടിസ്ഥാനമില്ല. നിങ്ങള്‍ പന്ഥാരിറാവുവിനെ അറിയുമ്പോള്‍, എല്ലാറ്റിനും സാധ്യത കണ്ടെത്തും നിങ്ങളുടെ വന്ധ്യമായ ബ്രാഹ്മണ്യത്തെക്കുറിച്ച് കേള്‍ക്കാന്‍ അവിടെയാരാണുള്ളത്? തുക്കപറയുന്നു, അറിവിന്റെ ഭണ്ഡാരം ഇതിനെക്കാളെല്ലാമെറെയാണ്”

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply