ജാതീയവിവേചനത്തിനെതിരെ സാംസ്‌കാരിക കേരളം
ശങ്കറിനെ അനുകൂലിച്ച് പരസ്യമായി പ്രസ്താവനകള്‍ നടത്തുകയും തന്റെ അറിവോടെയാണ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്നു പറയുകയും വിദ്യാത്ഥികളേയും തൊഴിലാളികളേയും അധിക്ഷേപിക്കുകയും ചെയ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരെ വാക്കാല്‍ പോലും സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല എന്ന് മാത്രമല്ല, മുഖ്യമന്ത്രി പരസ്യമായി അദ്ദേഹത്തെ പ്രശംസിക്കുകയാണ് ചെയ്തത്. ഈ സമരകാലഘട്ടത്തില്‍ തന്നെ ദേശാഭിമാനി അദ്ദേഹത്തിനു പുരസ്‌കാരം നല്‍കി. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാകട്ടെ അടൂരിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങി.
കെ. ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ (KRNNIVSA) വിദ്യാര്‍ത്ഥികളും തൊഴിലാളികളും 2022 ഡിസംബര്‍ 5 മുതല്‍ അനിശ്ചിതകാല സമരം കഴിഞ്ഞ ദിവസം ഒത്തുതീര്‍ന്നിരുന്നല്ലോ. ഉന്നതവിദ്യാഭ്യാമന്ത്രി ആര്‍ ബിന്ദു, വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പുണ്ടായത്. അതോടൊപ്പം ആരോപണവിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജി വെ്ക്കുകയും ചെയ്തു. പുതിയ ഡയറക്ടറെ നിയമിക്കുന്ന സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു, നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ നികത്തും, അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രോസ്‌പെക്ടസില്‍ സംവരണ സീറ്റുകളുടെ വിവരം ഉള്‍പ്പെടുത്തും, ഡയറക്ടറുടെ വീട്ടില്‍ ജീവനക്കാരെ ജോലിക്ക് നിയോഗിക്കില്ലെന്ന് ഉറപ്പാക്കും, വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും, പ്രധാന അധികാര സമിതികളില്‍ വിദ്യാര്‍ത്ഥി പ്രതിനിധി ഉണ്ടാക്കും, വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ ബൈ ലോ, ബോണ്ടില്‍ നിന്ന് ഒഴിവാക്കും, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്വാഭാവികമായുണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പരാതികളും യഥാസമയം പരിഹരിക്കുന്നതിന് ഒരു സ്ഥിരം വിദ്യാര്‍ത്ഥി ക്ഷേമസമിതി രൂപീകരിക്കും, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലും മറ്റ് അരികുവത്കൃത വിഭാഗങ്ങളിലും പെട്ട വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പരാതികള്‍ യഥാസമയം പരിശോധിച്ച് പരിഹരിക്കാനും ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസ്സം നീക്കാനും, സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി രൂപീകരിക്കും, അക്കാദമിക് പരാതികള്‍ പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കും, കോഴ്‌സിന്റെ ദൈര്‍ഘ്യം ചുരുക്കിയതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ സമിതി രൂപീകരിക്കും. കോഴ്‌സ് ഫീസ് സംബന്ധിച്ച വിഷയവും വര്‍ക് ഷോപ്പുകള്‍, പ്രൊജക്ട് ഫിലിം ചിത്രീകരണം തുടങ്ങിയവയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണവും സംബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്കുള്ള പരാതികളും കമ്മിറ്റി പരിശോധിക്കും, ഡിപ്ലോമകള്‍ സമയബന്ധിതമായി നല്‍കാന്‍ നടപടി സ്വീകരിക്കും, ഇതിനകം പഠനം പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം മാര്‍ച്ച് 31 ന് മുമ്പ് ഡിപ്ലോമകള്‍ നല്‍കും, പധാന അധികാരസമിതികളില്‍ വിദ്യാര്‍ത്ഥിപ്രാതിനിധ്യം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചതായാണ് വാര്‍ത്ത.
സമരം താല്‍ക്കാലികമായി ഒത്തുതീര്‍ന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് അന്തിമമായ പരിഹാരമായി എന്നു പറയാനാകില്ല. അതിന്റെ പ്രഖ്യാപനങ്ങളൊക്കെ ഇനിയും വരണം. മാത്രമല്ല, ഈ സമരം ഉന്നയിക്കുന്ന വളരെ പ്രസക്തമായ വിഷയങ്ങളോട് കേരളീയസമൂഹം ഇപ്പോഴും ഗുണാത്മകമായ രീതിയില്‍ പ്രതികരിക്കുന്നു എന്നും പറയാനാകില്ല. ഇത്തരം സാഹചര്യത്തിലാണ് സമരത്തെ പിന്തുണച്ചുരുന്ന ഫോറം എഗെന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍ & ഒപ്രഷന്‍ എന്ന സാംസ്‌കാരിക കൂട്ടായ്മ റിപ്പബ്ലിക് ദിനത്തില്‍ സെക്രട്ടറിയേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തുന്നത്. ജാതിവെറിക്കും ഭരണകൂടത്തിന്റെ സവര്‍ണ ദാസ്യത്തിനും എതിരെ സാംസ്‌കാരിക കേരളം സെക്രട്ടേറിയറ്റിലേക്ക് എന്ന മുദ്രാവാക്യമാണ് അവരുയര്‍ത്തിപിടിക്കുന്നത്. പ്രൊഫ എം കുഞ്ഞാമനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ജാതിവിവേചനവും തൊഴിലാളി – സ്ത്രീ – വിദ്യാര്‍ത്ഥിദ്രോഹ പ്രവൃത്തികളും നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹെനതിരെ ഇതുവരെയും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. മറിച്ച് അദ്ദേഹത്തിനു ഭംഗിയായി രാജിവെച്ചൊഴിയാനുള്ള അവസരം നല്‍കുകയാണ് ഉണ്ടായത്. രാജിയും ഇപ്പോള്‍ നടക്കുന്ന ‘വിവാദങ്ങളുമായി’ യാതൊരു ബന്ധവുമില്ല എന്നും ഉത്തരവാദിത്വത്തിന്റെ കാലാവധി കഴിഞ്ഞതിനാല്‍ സ്വമേധയാ ഇറങ്ങിപോകുന്നതാണ് എന്നുമാണ് ശങ്കര്‍ മോഹന്റെ അവകാശവാദം. സമരം ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗൗരവതരമായ ക്രമക്കേടുകളും വിവേചനങ്ങളും അതിക്രമങ്ങളുമാണ് പുറത്തു കൊണ്ടുവന്നത്. ശങ്കര്‍ മോഹന്റെ നിയമലംഘനങ്ങളും ജാതീയ അധിക്ഷേപങ്ങളും പലതും പൊതുരേഖകളായി ഉണ്ടായിട്ടും സര്‍ക്കാര്‍ നടപടികള്‍ ഇനിയും താമസിപ്പിക്കുകയാണ്. മാത്രമല്ല സര്‍്ക്കാര്‍ നിയോഗിച്ച കമ്മീഷനുകളുടെ റിപ്പോര്‍ട്ടില്‍ ഇവയെല്ലാം അംഗീകരിക്കുന്നതായി സൂചനയുണ്ടായിട്ടും അവ പ്രസിദ്ധീകരിക്കാനും തയ്യാറാകുന്നില്ല. സുതാര്യതയാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്ന ബാലപാഠമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്.
മറുവശത്ത് ശങ്കറിനെ അനുകൂലിച്ച് പരസ്യമായി പ്രസ്താവനകള്‍ നടത്തുകയും തന്റെ അറിവോടെയാണ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്നു പറയുകയും വിദ്യാത്ഥികളേയും തൊഴിലാളികളേയും അധിക്ഷേപിക്കുകയും ചെയ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരെ വാക്കാല്‍ പോലും സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല എന്ന് മാത്രമല്ല, മുഖ്യമന്ത്രി പരസ്യമായി അദ്ദേഹത്തെ പ്രശംസിക്കുകയാണ് ചെയ്തത്. ഈ സമരകാലഘട്ടത്തില്‍ തന്നെ ദേശാഭിമാനി അദ്ദേഹത്തിനു പുരസ്‌കാരം നല്‍കി. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാകട്ടെ അടൂരിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങി. അടൂര്‍ മതേതരവാദിയാണ്, അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന വലിയ കലാകാരരനാണ്, അദ്ദേഹത്തിനെതിരെ നടക്കുന്നത് വ്യക്തിഹത്യയാണ് എന്നൊക്കെയാണ് ബേബിയുടെ പരാതി. അടൂര്‍ മികച്ച സിനിമക്കാരനാണോ എന്നതല്ല ഇവിടത്തെ പ്രശ്‌നമെന്ന് മുഖ്യമന്ത്രിയും ബേബിയും ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു അതുപോലെതന്നെയാണ് മതേതരവാദി ആകുന്നതോട് കൂടി ഒരാള്‍ പുരോഗമനകാരിയാകും എന്ന ധാരണയും. സത്യത്തില്‍ ജാതിയെ അഭിസംബോധന ചെയ്യാതെ ഇരിക്കാനുള്ള ഒരു തന്ത്രം കൂടിയാണത്. അവര്‍ ഹിന്ദുത്വം, ഹിന്ദുത്വ ഫാസിസം എന്നൊക്കെ പറയുകയും അതിനെതിരായി നിലപാട് എടുക്കുകയും ചെയ്യും. എന്നാല്‍ ഹിന്ദുത്വത്തിന്റെയും ഹിന്ദുത്വ ഫാസിസത്തിന്റെയും അടിസ്ഥാന ഘടനയായ ജാതിയെ അഭിസംബോധന ചെയ്യില്ല. മത്തരവാദിയായിരുന്നുകൊണ്ട് ജാതി സംവരണത്തെ എതിര്‍ക്കാനും സാമ്പത്തിക സംവരണത്തെ അനുകൂലിക്കാനും കഴിയുന്നത് അതുകൊണ്ടാണ്. സംവരണ അട്ടിമറി എന്നത് ഭരണഘടനാ ലംഘനമാണെന്നു പോലും ഇവര്‍ മനസ്സിലാക്കുന്നില്ല.. ചെറുപ്പത്തിലേ ജാതിവാല്‍ മുറിച്ചു എന്ന അടൂരിന്റെ വാക്കുകളും ഈ വിഷയത്തില്‍ അദ്ദേഹത്തെ രക്ഷിക്കുന്നില്ല.
സമരം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഒരു സംശയം ന്യായമായും ഉയരും. അവരുടെ സമരം പൂര്‍ണ വിജയമായിരുന്നോ? എല്ലാം പരിഹരിക്കാനുള്ള സമരം വിദ്യാര്‍ത്ഥികളുടെ ചുമലിലാണ് എന്ന ധാരണയിലാണ് ഈ ചോദ്യങ്ങള്‍ ഉയരുന്നത്. ഈ ചോദ്യങ്ങള്‍ അവര്‍ മാത്രം ഉയര്‍ത്തേണ്ടതല്ല. എല്ലാ പ്രശ്‌നങ്ങളും അവിടെ മാത്രം ഉള്ളതുമല്ല. കേരളീയ അധികാര വ്യവഹാരങ്ങളെയും അക്കാദമിക സംവിധാനങ്ങളെയും തീണ്ടിയ വിവേചനബാധയുടെ വിഷമാണ് അവിടെ പുറത്തു കണ്ടത്. അതിനാല്‍ ചെറുത്തുനില്‍പ്പ് പൊതു സമൂഹത്തില്‍ നിന്നാണ് ഉണ്ടാവേണ്ടത്. അതിനാലാണ്, ഫോറം എഗെന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍ ആന്റ് ഒപ്‌റഷന്‍ (ഫാദോ – F A D O ) എന്ന വാട്‌സപ് കൂട്ടായ്മ ഈ വിഷയം ചര്‍ച്ച ചെയ്യാനും രംഗത്തിറങ്ങാനും തീരുമാനിച്ചത്. സമരം നടന്നുകൊണ്ടിരിക്കെ, ഈ ആവശ്യങ്ങള്‍ ഉയര്‍ത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് റിപ്പബ്ലിക് ദിനത്തില്‍ മാര്‍ച്ച് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഡയറക്ടറുടെ ഒഴിഞ്ഞുമാറല്‍ രാജിയോടെ സര്‍ക്കാര്‍ കുറ്റകരമായ സഹായമാണ് അവര്‍ക്കു ചെയ്തുകൊടുത്തതെന്ന് വ്യക്തമായെന്നും ഈ സാഹചര്യത്തില്‍ നേരത്തേ നിശ്ചയിച്ച മാര്‍ച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാറ്റിയതാണെന്നും കൂട്ടായ്മക്കു നേതൃത്വം കൊടുക്കുന്ന ഡോ ആസാദും പ്രവീണ്‍ ഈങ്ങമണ്ണയും പറയുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഭവങ്ങളും അതില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിസ്സംഗഭാവവും ഒറ്റപ്പെട്ട അനുഭവമല്ല എന്നതുതന്നെയാണ് പ്രധാനം. രോഹിത് വെമുല തന്റെ രക്തസാക്ഷിത്വത്തിലൂടെ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇവിടേയും ആവര്‍ത്തിക്കുന്നത്. ്തുകൊണ്ടാകാം രോഹിതിന്റെ മാതാവ് രാധിക വെമുല ഈ കുട്ടികളില്‍ ഞാനെന്റെ മകനെ കാണുന്നു എന്നു പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനവും സംവരണ അട്ടിമറികളും നിരന്തരം സംഭവിക്കുന്നു. സംവരണ സീറ്റുകള്‍ നികത്താതിരിക്കല്‍, സ്‌റ്റൈപ്പന്റ് നല്‍കാതിരിക്കയോ കാലതാമസം വരുത്തുയോ ചെയ്യല്‍, ഗവേഷണത്തിന് ദളിത് വിദ്യാര്‍ത്ഥികള്‍ക്കു മാര്‍ഗദര്‍ശനം നല്‍കാന്‍ മടി കാണിക്കല്‍, സര്‍വ്വകലാശാലാ നിയമനങ്ങളില്‍ സംവരണ തസ്തികകള്‍ മുന്‍കൂട്ടി പറയാതിരിക്കല്‍, റൊട്ടേഷനില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങി ഒട്ടേറെ പരാതികളാണ് സമീപകാലത്ത് ഉയര്‍ന്നു കേട്ടത്. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനങ്ങളും സംവരണ അട്ടിമറികളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മീഷനെ വെക്കണമെന്ന് ആവശ്യപ്പെടേണ്ടതുണ്ടെന്ന് ഈ കൂട്ടായ്മ ആവശ്യപ്പെടുന്നത്.
മാര്‍ച്ചില്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍ പ്രധാനമായും ഇവയാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചന – സംവരണ അട്ടിമറി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കുക, കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിവിവേചനവും വിദ്യാര്‍ത്ഥി – സ്ത്രീ – തൊഴിലാളി ദ്രോഹനടപടികളും കൈക്കൊണ്ട ശങ്കര്‍ മാഹനന് എതിരെ ക്രിമിനല്‍ കേസെടുക്കുക, ജാതി വിവേചനത്തിന് കൂട്ടുനില്‍ക്കുകയും, സ്ത്രീ തൊഴിലാളികളെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്ത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെ നീക്കം ചെയ്യുക. ഇന്‍സ്റ്റിറ്റ്യൂട്ട് പരാതികള്‍ അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുക. കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ അതതുസമയത്ത് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവുക., കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുക, കാമ്പസുകളിലെ ജാതിവിവേചനം അവസാനിപ്പിക്കുക, സംവരണാനുകൂല്യങ്ങള്‍ പിടിച്ചുവെക്കുന്ന അധികാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക… ഈ ആവശ്യങ്ങളുമായി റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാകയും, ഭരണഘടനാ ആമുഖവും അംബേദ്കര്‍ ചിത്രവും കയ്യിലേന്തിയാണ് തങ്ങള്‍ മാര്‍ച്ച് നടത്തുക എന്ന് സംഘാടകര്‍ അറിയിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in