സ്റ്റാലിന്‍ : പ്രത്യയശാസ്ത്ര വിരുദ്ധതയുടെ മണ്‍വെട്ടി കൊണ്ട് ചരിത്രം ചികയരുത്

ജൂലൈ 10 ലെ മാതൃഭൂമി വാരാന്ത്യ പതിപ്പിലെ അഭിമുഖത്തില്‍ സ്റ്റാലിനെ കുറിച്ച് അഡ്വ ജയശങ്കര്‍ നടത്തിയ പരാമര്‍ശങ്ങളോടുള്ള പ്രതികരണം

ജൂലൈ 10 ഞായര്‍ മാതൃഭൂമി വാരാന്ത്യ പതിപ്പില്‍ അഡ്വ ജയശങ്കറുമായുള്ള അഭിമുഖത്തില്‍ താന്‍ ‘സ്റ്റാലിനിസ’ ത്തിനെതിരാണെന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ അനുകൂലികളും സ്റ്റാലിന്‍ ആരാധകരും ഒരേ ആവൃത്തിയില്‍ പ്രതികരിച്ചത് കാണാനിടയായി. ഈ രണ്ട് പക്ഷവും അറിഞ്ഞോ അറിയാതെയോ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നത്, ചരിത്ര വിശകലനത്തിലെ മാര്‍ക്‌സിസ്റ്റ് ആശയാവലികള്‍ക്ക് വിരുദ്ധമായ പ്രതിലോമതയാണ്.

‘പാഴ്നിഴലുണ്ടാക്കാത്ത പൂനിലാവ് ‘ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ച വള്ളത്തോള്‍ സ്റ്റാലിനെ വിശേഷിപ്പിച്ചത് ‘മഹാരത്‌ന’മെന്നാണ്. സ്റ്റാലിന്റെ മരണത്തെത്തുടര്‍ന്ന് വള്ളത്തോളെഴുതിയ കവിതയിലൊരു വരി ഇങ്ങിനെയായിരുന്നു.

‘തൂകുക , കണ്ണീരിന്ത്യേ: വേറെയില്ലല്ലോ, സ്റ്റാലിന്‍!”

മറ്റൊരു സ്റ്റാലിന്‍ ഇനിയില്ലല്ലോ എന്നോര്‍ത്ത് ഇന്ത്യ കരയട്ടെയെന്ന് കവി പറയുന്നു.

സ്റ്റാലിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അംബേദ്കര്‍. സ്റ്റാലിന്റെ സ്മൃതി ദിനത്തില്‍ അംബേദ്കര്‍ ഉപവസിക്കാറുണ്ടത്രേ.. ടാഗോറും സ്റ്റാലിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ അതിലെ വൈരുദ്ധ്യം ടാഗോര്‍ മുസോളിനിയുടെ അടുത്ത സുഹൃത്തായിരുന്നു എന്നതാണ്..! എന്നാല്‍ മാര്‍ക്‌സിസ്റ്റുകാര്‍ ഇതിലൊന്നും അമിതമായി ആവേശം കൊള്ളുകയൊ അഭിരമിക്കുകയോ ചെയ്യേണ്ടതില്ല. കാരണം നിരീക്ഷണങ്ങളും വിശകലനങ്ങളും പഴയ സാമൂഹ്യവ്യവസ്ഥയുടെ ഒസ്യത്തല്ല, മറിച്ച് വിമര്‍ശനവും ചരിത്രവുമാണ് അതിന്റെ പ്രാഥമികമായ സഞ്ചാരപഥങ്ങള്‍. അതുകൊണ്ട് സ്റ്റാലിനെ പോലെ ഒരു വിപ്ലവകാരിയായ രാഷ്ട്രാധികാരിയെ കമ്മ്യൂണിസ്റ്റ് ആശയ പ്രപഞ്ചത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ചരിത്രത്തില്‍ നിന്ന് പുറത്തുനിര്‍ത്താനോ വിമര്‍ശനത്തില്‍ നിന്ന് അതിദൂരം നിര്‍ത്താനോ കഴിയില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മനുഷ്യചരിത്രത്തില്‍ ആദ്യമായി, ഭൗതികലോകത്തെ സംബന്ധിച്ച്, വിവിധ ശാസ്ത്രശാഖകള്‍ കണ്ടെത്തിയതും സാമൂഹ്യശാസ്ത്രങ്ങള്‍ സമാഹരിച്ചവയുമായ സത്യങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടും ഇഴ ചേര്‍ത്തുകൊണ്ടും സാമാന്യവല്‍ക്കരിച്ചുകൊണ്ടും പുതുയുഗസൃഷ്ടിക്കുതകുന്ന ശാസ്ത്രീയ തത്വചിന്തയായ വൈരുദ്ധ്യാത്മക ഭൗതികവാദം ഒരു ബൃഹത് രാഷ്ട്രത്തില്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള നേതൃത്വങ്ങള്‍ക്ക് എത്ര ദൂരം വിജയകരമായി പോകാന്‍ കഴിഞ്ഞു എന്നാണ് പരിശോധിക്കപ്പെടേണ്ടത്. അക്കാര്യത്തില്‍ ആദ്യഘട്ടങ്ങളില്‍ സ്റ്റാലിന്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും, സാമ്രാജ്യത്വ അധികാര കേന്ദ്രീകരണത്തിന് സമാനവും ദേശാതിര്‍ത്തികള്‍ക്ക് അതീതവുമായ അതിദേശീയ അധികാര സംവിധാനം ‘കോമിന്‍ഫോം’ (cominform – Supranational Allience for Marxist-Leninist communist parties in Europe) നിലനിര്‍ത്തിയത് പോലെ നിരവധി തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. കര്‍ഷകരുടെ പരമ്പരാഗത രീതിയേയും നിര്‍ണയനാവകാശത്തെയും അവഗണിച്ചുകൊണ്ട് കേന്ദ്രീകൃത അത്യുല്‍പാദന കൃഷി സംവിധാനം സ്റ്റാലിന്‍ ആവിഷ്‌കരിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ക്‌സിസ്റ്റ് വിരുദ്ധ വികസനമത്രേ.

ബ്യൂറോക്രാറ്റിക് ഏകാധിപത്യം റഷ്യയില്‍ ക്രൂഷ്‌ചേവ് അധികാരം കയ്യേറിയ ഉടനെ നൂലില്‍ ഇറങ്ങി വന്നതല്ല. പ്രത്യുത, ഉല്‍പാദന ബന്ധങ്ങളില്‍ നിന്നാണ് അത് രൂപം കൊണ്ടത്. അത് അന്നുവരെ സ്റ്റാലിന്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ മുതലാളിത്ത – വലതു ഭാവുകത്വത്തിന്റെ ഉല്പന്നമാണ്. മുതലാളിത്ത രാജ്യങ്ങളുമായി, പ്രത്യേകിച്ച് അമേരിക്കയുമായി മത്സരിച്ച് ‘വ്യാപനവികസന’ രീതിയില്‍നിന്ന് ‘ഊര്‍ജ്ജിത വികസന’ രീതിയിലേക്ക് റഷ്യന്‍ സമ്പദ്ഘടനയെ സമൂലം മാറ്റിമറിച്ചത് സാമൂഹ്യ സാഹചര്യങ്ങളെ ആക്രമികവും സങ്കുചിതവുമായ പ്രത്യാഘാതങ്ങളിലേക്കും ന്യൂനീകരണത്തിലേക്കും നയിച്ചു. (ലോകത്ത് ആണവായുധപ്പന്തയത്തിനുവേണ്ടി സോവിയറ്റ് റഷ്യ മുന്നില്‍ നിന്നതും മറ്റൊന്നു കൊണ്ടുമല്ല)

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍വ്വരാജ്യത്തൊഴിലാളികളുടെ ഏകോപനത്തില്‍ വിശ്വസിച്ചിരുന്ന ലെനിന്‍, പക്ഷേ, രാഷ്ട്ര സ്ഥാപനത്തിന്റെ കാര്യത്തില്‍ പ്രദേശത്തെ കമ്യൂണിസ്റ്റ് റിപ്പബ്ലിക്കുകള്‍ അതാതിന്റെ സ്വത്വം നിലനിര്‍ത്തി വേറിട്ടുതന്നെ നിലനില്‍ക്കണം എന്ന് വിശ്വസിച്ചു. അങ്ങനെയുള്ള തുല്യാവകാശങ്ങളും അധികാരങ്ങളുമുള്ള സ്വതന്ത്ര കമ്യൂണിസ്റ്റു റിപ്പബ്ലിക്കുകളുടെ ഒരു യൂണിയന്‍ ആയിരുന്നു ലെനിന്റെ സ്വപ്നം. മാര്‍ക്‌സിസത്തെ അനശ്വരമാക്കുന്ന ലെനിനിന്റെ ഈ ചിന്താ പദ്ധതികള്‍ വലിയൊരളവോളം ശൂന്യമാക്കുന്നതായിരുന്നു സ്റ്റാലിന്റെ കോമിന്‍ ഫാം പടയോട്ടങ്ങള്‍.

വംശീയ വൈവിധ്യങ്ങളും സംസ്‌കാരങ്ങളും ബഹുസ്വരതയും സ്റ്റാലിന്‍ അംഗീകരിച്ചിരുന്നില്ല. സ്വതന്ത്ര കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കുകളുടെ ഒരു യൂണിയന്‍ എന്ന ലെനിന്റെ ബഹുസ്വര ആവിഷ്‌കാരത്തെ അവഗണിക്കുന്നതായിരുന്നു ആ ‘സ്റ്റാലിനിസം’. (സ്റ്റാലിന്റെ വിശ്വസ്തനും റഷ്യന്‍ രഹസ്യപൊലീസ് മേധാവിയുമായ ഫെലിക്‌സ് സെര്‍സിന്‍സ്‌കിയുമായുള്ള ഒരു കടുത്ത വാഗ്വാദത്തിനൊടുവിലാണ് ലെനിനെ കിടപ്പിലാക്കിയ ആ പക്ഷാഘാതമുണ്ടാകുന്നത്. വംശീയ വേര്‍തിരിവോടെ പെരുമാറിയ രഹസ്യപൊലീസ് ഒരു കസാക്കസിലെ ഒരു പൗരനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് സെര്‍സിന്‍സ്‌കിയെ ശകാരിച്ചു ലെനിന്‍ അന്ന്. ‘സ്റ്റാലിനുവേണ്ടി നിങ്ങള്‍ റഷ്യയില്‍ ഷോവനിസം നടപ്പിലാക്കുകയാണോ ? ‘ എന്നാണ് അന്ന് ലെനിന്‍ സെര്‍സിന്‍സ്‌കിയോട് ചോദിച്ചത്.)

വംശീയ പാരമ്പര്യ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ചുകൊണ്ട് ലെനിന്‍ നെയ്‌തെടുത്ത ആശയ പ്രപഞ്ചത്തിന് എത്രയോ ദൂരെയാണ് സ്റ്റാലിന്റെ ചരിത്രനിഷേധ ധാരണകള്‍ എന്ന് പറഞ്ഞേ മതിയാകൂ. അതേസമയം, ദാരിദ്ര്യത്തിന്റെ ഇരുണ്ട കാലത്തിലൂടെ കടന്നുപോയ റഷ്യന്‍ സമ്പദ്വ്യവസ്ഥ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഉന്നതിയുടെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ തത്വത്തില്‍ ‘സോഷ്യലിസത്തിന്റെ ദൃഢീകരണ’ മല്ല ഉണ്ടായത്; മറിച്ച് മുതലാളിത്ത ഉല്‍പാദനബന്ധങ്ങള്‍ വീണ്ടും നടപ്പാവുകയും വികസിക്കുകയുമാണുണ്ടായത്. അത് തഴച്ചു വളരുന്നത് മനസ്സിലാക്കാന്‍ സ്റ്റാലിന്റെ കാല്‍നൂറ്റാണ്ടു കാലത്തെ ഭരണത്തിലെ ഏകാധിപത്യ പ്രവണതയ്ക്ക് കഴിഞ്ഞിരുന്നില്ല. (സ്റ്റാലിന്‍ 70ശതമാനം ശരിയും 30 ശതമാനം പിഴവുമാണെന്ന് മാവോ സേതൂങ് പറഞ്ഞത് ഇവിടെ ഓര്‍ക്കാവുന്നതാണ്)

എന്നാല്‍ സോവിയറ്റ് റഷ്യയില്‍ ഉണ്ടായ സാമ്പത്തിക – സാങ്കേതിക പുരോഗതിയും സ്ത്രീശക്തികരണവും മറ്റു മൂന്നാം ലോകരാജ്യങ്ങളുമായുള്ള സഹകരണവും സമന്വയവും സ്റ്റാലിന്‍ എന്ന ക്രാന്തദര്‍ശിയായ ഭരണാധികാരി കെട്ടിപ്പടുത്ത ബൃഹത് രാഷ്ട്ര നിര്‍മിതിയുടെ മറുവശങ്ങളാണ്. സമ്പൂര്‍ണ്ണമായും തകര്‍ന്ന, അതിദരിദ്രമായിക്കഴിഞ്ഞിരുന്ന റഷ്യയെ ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിലേക്ക് നയിച്ച് ഐതിഹാസികമായ വിജയം നേടിയതില്‍ ജോസഫ് സ്റ്റാലിന്റെ നിര്‍ണായക നേതൃപാടവം ചരിത്രത്താളുകളില്‍ എക്കാലവും മായാതെ കിടക്കും. നാസിസത്തിന്റെ സമൂല നാശത്തിന് ഹേതുവായത് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ആ ചെമ്പടയായിരുന്നു. മാത്രമല്ല, ഇരുപതാം നൂറ്റാണ്ടില്‍ മനുഷ്യപുരോഗതിക്ക് കമ്മ്യൂണിസ്റ്റ് വിപ്ലവം നല്‍കിയ മഹത്തായ സംഭാവനകളും, മനുഷ്യചേതനയില്‍ സോഷ്യലിസ്റ്റ് ചിന്ത ഉണ്ടാക്കിയ മായാത്ത മുദ്രയും ജോസഫ് സ്റ്റാലിന്‍ എന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ആത്മസമര്‍പ്പണത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് വായിച്ചെടുക്കാനും മനസ്സിലാക്കാനും കഴിയില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply