കൊവിഡ് തകര്‍ത്തെറിയുന്ന അസംഘടിത ജനവിഭാഗങ്ങള്‍
കാര്‍ഷികവൃത്തി നന്നായി അറിയാവുന്ന ദലിത് അറിവുകള്‍ ഉള്‍പ്പെടുത്തി പുതിയ തൊഴില്‍ പാക്കേജ് നടപ്പിലാക്കേണ്ടതാണ്. ക്ഷീര വ്യവസായത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കന്നുകാലി വളര്‍ത്തല്‍, പുല്ല് കൃഷി, കാലിത്തീറ്റ എന്നിവയെ പ്രാഥമിക പട്ടികയില്‍ പെടുത്തിയുള്ള പാക്കേജിന് പ്രാധാന്യം നല്‍കുക. ദലിത്, ആദിവാസി, അതീവ പിന്നോക്ക വിഭാഗക്കാരുടെ മക്കളുടെ ഈ ലേണിങ് വിദ്യാഭ്യാസത്തിനു ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ക്ക് സഹായം നല്‍കുക. നിലവിലെ സാഹചര്യങ്ങള്‍ മാറുമെന്നും, പ്രതീക്ഷയുടെ പുതിയ വാതായനങ്ങള്‍ തുറക്കുമെന്നും ഉറപ്പു നല്‍കുന്ന മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ ഈ മേഖലയിലെ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും നല്‍കുക. വൃദ്ധ ജന, നവജാതശിശു പരിരക്ഷയ്ക്കാവശ്യമായ നൂതന പദ്ധതി തുടങ്ങുക. ഈ മേഖലയില്‍ പെട്ടവര്‍ക്ക് അടിയന്തിര സഹായം എന്ന നിലയില്‍ ഒരു ലക്ഷം രൂപയുടെ ധന സഹായം നല്‍കുക.
കൊവിഡും ലോക്കൗട്ടും ഏറ്റവും തകര്‍ക്കുന്നത് അസംഘടിതമേഖലകളുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കോടിക്കണക്കിനു പേരെയാണ്. രാജ്യത്തിന്റെ മറ്റുഭാഗങ്ങെളപോലെ കേരളവും ഇക്കാര്യത്തില്‍ വ്യത്യസ്ഥമല്ല. ലോക്കൗട്ടിന്റെ രണ്ടുഘട്ടത്തിനുശേഷം ലഭിച്ച ഇളവുകളുടെ പിന്‍ബലത്തില്‍ പല മേഖലകളും കര കയറാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത്രത്ര എളുപ്പമല്ല. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഭൂരഹിതരായി ഉള്ളത്, ഏറ്റവുമധികം വ്യക്തികള്‍ വാടക വീടുകളില്‍ താമസിക്കുന്നത്, സ്വന്തമായി വാഹനങ്ങള്‍ ഏറ്റവും കുറവ് ഉള്ളവര്‍, ഡിജിറ്റല്‍ ഡിവൈസസ്, ഡാറ്റാ ആക്‌സസ് എന്നിവയുടെ ലഭ്യത കുറവ് ഉള്ളവര്‍, ഏറ്റവും കൂടുതലായ് കോളനികളില്‍ താമസിക്കുന്നവര്‍ ദളിത്-ആദിവാസി വിഭാഗങ്ങളാണ്. ഇവര്‍ക്കൊപ്പം അതീവ പിന്നോക്ക മേഖലയില്‍ ഉള്ളവര്‍ കൂടി ചേര്‍ന്ന സമൂഹങ്ങള്‍ക്കാണ് കോവിഡ് 19 പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം ഉണ്ടായിരിക്കുന്നത്. പുതിയ തൊഴില്‍ അവസരങ്ങള്‍ ഇവര്‍ക്കായി ഉണ്ടാക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയിലും, അതിനോട് ബന്ധപ്പെട്ടുണ്ടാകുന്ന വ്യവസായ മേഖലയിലുമാണ് ഇനി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്നത്. അത്തരം മേഖലകളില്‍ ഇപ്പോള്‍ തൊഴില്‍ നഷ്ടമായവരെ ഉള്‍പ്പെടുത്തി പരിശീലനം നല്‍കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹ്യപ്രവര്‍ത്തക മൃദുലാദേവി എസ് എഴുതുന്നു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (മൈേ്രകാ സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍െ്രപെസസ് )
11/05/2020 ലെ ഡാറ്റാ വിശകലനം ചെയ്തതനുസരിച്ച് കോട്ടയം ജില്ലയില്‍ പതിനഞ്ചു അരിമില്ലുകളും നൂറ്റി എണ്‍പത്തിമൂന്ന് ധാന്യമില്ലുകളും നാല്പത്തി മൂന്ന് കോക്കനട്ട് & എഡിബിള്‍ ഓയില്‍ മില്ലുകളുമാണുള്ളത്. പൂജ്യം ശതമാനം ആണ് ഇപ്പോള്‍ അരിമില്ലിലെ ഉത്പാദനം. ധാന്യ മില്ലില്‍ മുപ്പത്തി എട്ട് ശതമാനം ഉത്പാദനവും, ഭക്ഷ്യ എണ്ണ ഉത്പാദനം പതിനഞ്ച് ശതമാനവും ആണ് നടന്നത്. ഈ മൂന്ന് മില്ലുകളില്‍ നിന്നും (മൊത്തം ഇരുനൂറ്റി നാല്പത്തി മൂന്ന് യൂണിറ്റ് ) അന്‍പത്തി മൂന്ന് ശതമാനം ഉത്പാദനം ആണ് ഈ ദിവസം ഉണ്ടായത്. കോട്ടയം ഗ്രീന്‍ സോണില്‍ നിന്ന് റെഡ് സോണില്‍ ആയ ജില്ലയായിരുന്നു അന്ന്.
മറൈന്‍ ഫുഡ് (കടല്‍ വിഭവങ്ങള്‍ )
രണ്ട് യൂണിറ്റ് ഉണ്ടായിരുന്നതില്‍ ഒരു യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. പൂജ്യം ഉത്പാദനം ആണ് രണ്ടാമത്തെ യൂണിറ്റ് കാണിക്കുന്നത്. കടല്‍ വിഭവങ്ങളുടെ ലഭ്യതക്കുറവാണ് ഇതിനുള്ള കാരണം. 1698 അഗ്രോ ഫുഡ് േ്രപാസസ് യൂണിറ്റുകള്‍ ഉള്ളതില്‍ 1060 എണ്ണം പ്രവര്‍ത്തിക്കുന്നു. 62%. ആണ് ഇവിടെ നിന്നുള്ള ഉത്പാദനം. ബാക്കി യൂണിറ്റുകളില്‍ പ്രവര്‍ത്തനം ഇല്ല. പാക്കിങ് െ്രപാഡക്ട്‌സ് യൂണിറ്റുകള്‍ ഒന്‍പത് എണ്ണം ഉള്ളതില്‍ അഞ്ചെണ്ണം പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് 55 ശതമാനം ഉത്പാദനം മാത്രമാണ് കാണിക്കുന്നത്. ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് ഫീഡ്‌സ് പതിനാലു യൂണിറ്റുകള്‍ ഉള്ളതില്‍ ഒന്‍പതു യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. അറുപത്തി നാലു ശതമാനം ആണ് ഉത്പാദനം നടക്കുന്നത്. ..ഈ മേഖല അവശ്യവസ്തുവിന്റെ പരിധിയില്‍ വന്നത് കൊണ്ടാണ് 64% ഉത്പാദനം ഉണ്ടായത്. സാനിറ്റേഷന്‍ ആന്‍ഡ് പേഴ്‌സണല്‍ ഹൈജീന്‍ മേഖലയില്‍ 16 യൂണിറ്റ് ജില്ലയില്‍ ഉള്ളതില്‍ 9 എണ്ണം പ്രവര്‍ത്തിക്കുന്നതില്‍ 56% ഉത്പാദനം നടക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ േ്രപാഡക്റ്റ്‌സ് ആന്‍ഡ് ഡ്രഗ്സ്സ് മേഖലയിലെ പതിനെട്ടു യൂണിറ്റില്‍ പത്തു എണ്ണം പ്രവര്‍ത്തിക്കുന്നു. 55%. ഉത്പാദനം ആണ് ഇവിടെ ഉണ്ടാകുന്നത് മെഡിക്കല്‍ എക്വിപ്‌മെന്റ്‌സ് മൊത്തം യൂണിറ്റും പ്രവര്‍ത്തിക്കുന്നു. (10 എണ്ണം ) 90 ശതമാനം ഉത്പാദനം ഇവിടെ നടക്കുന്നുണ്ട്. നിലവിലെ കോവിഡ് സാഹചര്യം ആണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഈ മേഖലയെ പ്രവര്‍ത്തനക്ഷമമാക്കുന്നത്.
ഓരോ മേഖലയിലും ഉല്‍പാദനം കുറയുന്നതിന് പിന്നില്‍ പല ഘടകങ്ങളാണുള്ളത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, സാങ്കേതികമായ തകരാറുകള്‍, തൊഴില് ദിവസങ്ങള്‍ മണിക്കൂറുകള്‍ ആയി നിജപ്പെടുത്തല്‍, തൊഴിലാളികളുടെ എണ്ണം കുറയല്‍, ഇലക്ട്രിസിറ്റിയുടെ ലഭ്യതക്കുറവ് ഇവയൊക്കെയും നിലവിലെ കോവിഡ് സാഹചര്യത്തില്‍ പുതിയ തൊഴില്‍ അന്തരീക്ഷം ഉണ്ടാക്കിയത് ഉത്പാദന മേഖലയെ ബാധിച്ചു. ഇപ്പോള്‍ മിക്കവാറും സ്ഥലത്ത് 10 മണി മുതല്‍ 5 മണി വരെയുള്ള സമയമാണ് തൊഴിലുകള്‍ നടക്കുന്നത്. ആ സമയത്തിനകത്തു നിന്ന് ഉച്ചഭക്ഷണം, ചായകുടി അടക്കമുള്ള മറ്റു കാര്യങ്ങള്‍ക്ക് വേണ്ടി ഉള്ള സമയം മാറ്റിയിട്ടാണ് ഉത്പാദനത്തിനായി കിട്ടുക. നേരത്തെ ഉണ്ടായിരുന്നത്രയും ആളുകളുടെ അധ്വാനവും, അത്രയുംതന്നെ യന്ത്രങ്ങളും ഉപയോഗിക്കുന്നില്ല. ലോക കമ്പോളങ്ങള്‍ അടച്ചിട്ടതും, അന്താരാഷ്ട്ര വിമാനത്താവളം അടച്ചതും രാജ്യങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ ആകാത്ത അവസ്ഥ വന്നു. ഗതാഗത മേഖല പൂര്‍ണമായും സ്തംഭിച്ചതു വഴി സംസ്ഥാനങ്ങള്‍ /ജില്ലകള്‍ തമ്മില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നത് അസംസ്‌കൃതവസ്തുക്കള്‍ ഇവിടെയെത്തുന്നതിന് ടസ്സമായി. ഇത് എല്ലാ വ്യാപാരമേഖലയേയും ബാധിച്ചു. കോവിഡിന് മരുന്ന് കണ്ടു പിടിക്കാത്തിടത്തോളം എന്ത്, എപ്പോള്‍ സംഭവിക്കും എന്ന് പ്രതീക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ഒപ്പംതന്നെ വൈകുന്നേരങ്ങളിലെ ഇടിവെട്ടോട് കൂടിയ മഴയുള്ള കേരളത്തിന്റെ കാലാവസ്ഥ മൂലം ഇലക്ട്രിസിറ്റി വിതരണം മുടങ്ങുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ മുന്‍ കരുതലായുള്ള സാമൂഹിക അകലം പാലിക്കല്‍ തൊഴില്‍ മേഖലയെ സജീവമാക്കുവാന്‍ തടസ്സം നില്‍ക്കുന്നു.
ഈ അവസ്ഥയില്‍ നിന്നു കൊണ്ട് ചില തൊഴില്‍ മേഖലകളെ കോവിഡ് 19 മൂലം മുണ്ടായ ലോക് ഡൗണ്‍ലോഡ് സാഹചര്യങ്ങള്‍ എത്തരത്തില്‍ ബാധിക്കുന്നു എന്നുള്ളതാണ് ഇനി പരിശോധിക്കുന്നത്.
സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങളിലെ മാനുഫാക്ചറിങ്, റീറ്റെയ്ല്‍ വിഭാഗക്കാര്‍ :
ചെറുകിട ബിസിനസ്സുകാരായ ഇക്കൂട്ടര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതു നിലവില്‍ ആവശ്യ വസ്തുക്കള്‍ ആയി പ്രഖ്യാപിച്ച സാധനങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയത് എന്നുള്ളതാണ്. അവശ്യവസ്തുക്കള്‍ ആളുകള്‍ വാങ്ങിക്കണം എന്നുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ മേഖലയില്‍ ഉത്പാദനം നടന്നു വരുമാനം ഉണ്ടാകണം. എം എസ് എം ഇ യൂണിറ്റുകള്‍ പ്രവര്‍ത്തനരഹിതം ആകുമ്പോള്‍ അവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം കൊടുക്കണമെന്ന് ഒരു നിബന്ധന വന്നിട്ടുണ്ടെങ്കിലും അതിനുള്ള പണം കണ്ടെത്താന്‍ ഈ ചെറുകിട ബിസിനസ്സുകാര്‍ക്ക് ആവുന്നില്ല. അത് കണ്ടെത്തുവാനായി അവര്‍ ബുദ്ധിമുട്ടുന്നു. ഉദാഹരണത്തിന് എക്സ് എന്ന കമ്പനിയില്‍ നിന്നും മാനുഫാക്ചറിംഗ് കോണ്‍ട്രാക്ട് ചെയ്യുന്ന ചെറുകിട ബിസിനസുകാരോ അവരുടെ കീഴിലുള്ള തൊഴിലാളികളോ എക്‌സിന്റെ നേരിട്ടുള്ള ജീവനക്കാരന്‍ /ജീവനക്കാരി ആകുന്നില്ല. തൊഴിലാളികളുടെ എണ്ണം എത്രയാണ് അതിനനുസരിച്ചുള്ള ചിലവുകള്‍ ചെയ്യേണ്ടത് ആ മാനുഫാക്റ്ററിങ് യൂണിറ്റ് ഉടമ തന്നെയാണ്. അടുപ്പിച്ചു രണ്ട് പ്രളയം വന്നപ്പോള്‍ തന്നെ ഇവരുടെ തൊഴില്‍ മേഖല അനിശ്ചിതത്വത്തിലായി. പ്രഖ്യാപിക്കുന്ന മോറട്ടോറിയം ആശ്വാസമല്ല മറിച്ച് ബാങ്കുകള്‍ പലിശയടക്കം തിരിച്ചു പിടിക്കുന്ന ബാധ്യത തന്നെയായി ചിലരെങ്കിലും കരുതുന്നു. പ്രളയ സമയത്ത് ഉണ്ടായിരുന്ന മൊറട്ടോറിയത്തില്‍ നിന്ന് കര കയറിയപ്പോഴാണ് വീണ്ടുമൊരു മോറട്ടോറിയം വന്നത്.
ചപ്പല്‍ വ്യവസായം കേരളത്തില്‍ നിര്‍മ്മാണം നടത്തിയാലും, ഉത്തരേന്ത്യയിലാണ് അതിന്റെ ഉപഭോഗം കൂടുതലും നടക്കുന്നത്. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത് കേരളത്തിന്റെ ഈ ചെറുകിട വ്യവസായത്തെ ഗണ്യമായി തകര്‍ത്തു കളഞ്ഞു. ദീര്‍ഘവീക്ഷണത്തോടെ എന്ത് ചെയ്താലും കോവിഡ് 19 ലോകം മുഴുവന്‍ ബാധിച്ചതിനാല്‍ എപ്പോള്‍ വേണമെങ്കിലും അവസ്ഥകള്‍ തകിടം മറിയാം. ഇവിടുത്തെ തൊഴിലാളികള്‍ മിക്കവരും വളരെ ദരിദ്രമായ ചുറ്റുപാടില്‍ നിന്നും എത്തുന്നവരാണ്. ഫാന്‍സി ഐറ്റം വില്‍ക്കുന്ന കടകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നത് കഴിഞ്ഞ ദിവസം മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നാല്‍ ഡൈ ഒഴികെ മറ്റൊന്നും വിറ്റു പോകുന്നില്ല. കമ്പനി സാധനങ്ങള്‍ വിറ്റു പോകുന്നത് ഇക്കൂട്ടര്‍ക്ക് വലിയ ലാഭം നല്‍കുന്നില്ല. എന്നാല്‍ വള, മാല തുടങ്ങിയവ നിലവില്‍ കാര്യമായി വിറ്റ് പോകുന്നില്ല. മാസ്‌ക് വയ്ക്കുന്നത് ലിപ് സ്റ്റിക്ക് പോലെയുള്ള മേക്കപ്പ് സാധനങ്ങളുടെ ഡിമാന്‍ഡ് കുറച്ചിരിക്കുന്നു
ബ്യൂട്ടി പാര്‍ലര്‍ & സലൂണ്‍ തൊഴിലാളികള്‍ /ഡീലര്‍മാര്‍. :
സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ ബ്യൂട്ടി പാര്‍ലറുകളും, സലൂണുകളും അടച്ചിരുന്നു. ബാക്കി മിക്ക മേഖലകളും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടും ബ്യൂട്ടിപാര്‍ലര്‍, സലൂണ്‍ മേഖലകള്‍ ഇത് വരെയും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ രണ്ടു മേഖലയിലെയും ഡീലര്‍മാരും, തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. ഈ മേഖലയിലെ തൊഴിലാളികള്‍ മിക്കവരും ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉള്ള വരുമാനമാര്‍ഗ്ഗം അടഞ്ഞുപോയി. ഡീലര്‍മാര്‍ ആയിട്ടുള്ളവര്‍ക്ക് കെട്ടിടത്തിന്റെ വാടക, ശമ്പളം, സാധനങ്ങള്‍ കേടാകുന്ന അവസ്ഥ അത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്രയും ദിവസം കട അടഞ്ഞു കിടന്നതിനാല്‍ അതിലിരിക്കുന്ന കോസ്‌മെറ്റിക്‌സ് വായു സഞ്ചാരം കിട്ടാതെ ഫംഗസ് പ്രവേശിക്കുവാനുള്ള സാധ്യത കൂടുതലാണ് പിന്നീട് അവ ഉപയോഗശൂന്യമായി തീരും. മിക്ക കമ്പനികളും കേടായ വസ്തുക്കള്‍ തിരിച്ചെടുക്കില്ല. എക്‌സപയറി ഡേറ്റ് കഴിഞ്ഞ സാധനങ്ങള്‍ ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല. എല്ലാ വിധത്തിലും കടുത്ത പ്രതിസന്ധിയാണ് ഇവര്‍ നേരിടുന്നത്. ക്ഷേമനിധിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം സര്‍ക്കാരിന്റെ ധനസഹായം ലഭ്യമാകുന്നുണ്ട്. എന്നാല്‍ 95 ശതമാനം ആളുകളും ക്ഷേമനിധിയില്‍ അംഗങ്ങളല്ല. നിത്യച്ചിലവിനായി എല്ലാവരും ബുദ്ധിമുട്ടുകയാണ്. മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലാണ് . അടിയന്തിരമായി സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്ന് കോസ്മെറ്റിക്‌സ് ഡീലേര്‍സ് അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് രാജേഷ് കൈതകം പറയുന്നു.
പെയിന്റിങ് മേഖല:
നോട്ട് പിന്‍വലിക്കല്‍ മുതല്‍ സാമൂഹികമായും, സാമ്പത്തികമായും പ്രതിസന്ധിയില്‍ അകപ്പെട്ടവരാണ് ഇക്കൂട്ടര്‍. എറണാകുളം,, കോട്ടയം മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് പെയിന്റിംഗ് തൊഴിലാളികള്‍ കൂടുതലായി ഉള്ളത്. എല്ലാ ജില്ലകളിലും തന്നെ പെയിന്റിംഗ് മേഖലയില്‍ പ്രാവീണ്യമുള്ള ജനവിഭാഗങ്ങള്‍ ഉണ്ട്. ദലിത് ജനവിഭാഗങ്ങള്‍ ഈ മേഖലയില്‍ കൂടുതലുണ്ട്. ഇടുക്കി അടക്കമുള്ള ഇതര ജില്ലയിലെ തൊഴിലാളികള്‍ മേല്‍പ്പറഞ്ഞ ജില്ലകളില്‍ താമസിച്ച് ജോലി ചെയ്യുന്ന പ്രവണതയാണ് കൂടുതലായും കണ്ടു വരുന്നത്. മേല്‍പ്പറഞ്ഞ ജില്ലകളിലാണ് ബില്‍ഡിങ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നത്. നോട്ട് പിന്‍വലിച്ചപ്പോള്‍ മുതലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഏതൊക്കെയോ തരത്തില്‍ അഡ്ജസ്റ്റ് ചെയ്താണ് അവര്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. അതിനെ തകിടം മറിച്ചാണ് പ്രളയം കടന്നു വന്നത്. അപ്പോഴും സൗഹൃദങ്ങള്‍ക്കിടയില്‍ പരസ്പരം കണ്ടുകൊണ്ടുള്ള കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിരുന്നു. എന്നാല്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിലേക്ക് കോവിഡ് അവരെ എത്തിച്ചത്. തിങ്കള്‍ മുതല്‍ ശനിയാഴ്ച വരെ പലിശക്കാര്‍ കയറിയിറങ്ങുന്ന വീടുകള്‍, മക്കളുടെ വിദ്യാഭ്യാസം അടക്കം എല്ലാം തന്നെ നിലവില്‍ കടങ്ങളോടെ ചെയ്തു വന്നവരാണ് ഇവരില്‍ മിക്കവരും. സാധാരണഗതിയില്‍ വീട്ടു ചെലവുകള്‍ കഴിഞ്ഞാല്‍ മരുന്നിനു പോലും പണം ലഭ്യമാകാത്ത അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്.
പെയിന്റിംഗ് മേഖലയെ തകര്‍ക്കുന്ന വലിയൊരു പ്രതിസന്ധി അസംസ്‌കൃത വസ്തുക്കള്‍ ബോംബെയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ആണ് ഇവിടെ എത്തുന്നത് എന്നുള്ളതാണ്. അതുകൊണ്ട് നിര്‍മ്മാണ മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുന്നു അടുത്തെങ്ങും പഴയതുപോലെ ഉണര്‍വ്വിലേയ്ക്ക് ഈ മേഖല എത്തിച്ചേരുന്നതിന് സാധ്യത കുറവാണ്. പള്ളികള്‍, ഉത്സവ സ്ഥലങ്ങള്‍, വിവാഹ വീടുകള്‍ എന്നിവയുടെ മോടിപിടിപ്പിക്കലൊന്നും നടക്കുന്നില്ല. ഇനി കടന്നുവരുന്ന മണ്‍സൂണ്‍ മറ്റൊരു പ്രളയവുമായാണോ എത്തുക എന്ന ഭീതി എല്ലാവരിലുമുണ്ട്. അതിനാല്‍ തന്നെ നിലവിലുള്ള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ഉണ്ടാവില്ല. പ്രവാസി സമൂഹത്തില്‍ നിന്നും കാര്യമായ പണം സംസ്ഥാനത്തു എത്താനുള്ള സാധ്യതയ്ക്കും മങ്ങലേറ്റു. ഈ മേഖലയിലെ കോണ്‍ട്രാക്ടര്‍മാരായി ജോലി ചെയ്യുന്നവര്‍ ഒരാളുടെ പണി കൂടി ചെയ്തു കൊണ്ട് തന്നെയാണ് കോണ്‍ട്രാക്റ്റ് എടുക്കുന്നത്. ദിവസക്കൂലിക്കാരായ പെയിന്റിംഗ് മേഖലയിലുള്ളവരും, കോണ്‍ട്രാക്ടര്‍മാര്‍ ആയിട്ടുള്ളവരും പരസ്പരം വിട്ടുവീഴ്ച ചെയ്താണ് പ്രളയം അടക്കമുള്ള അവസ്ഥയില്‍ മുന്നോട്ട് നീങ്ങിയത്. സര്‍ക്കാരിലേക്ക് തിരിച്ചടയ്‌ക്കേണ്ടതെല്ലാം പുറകെ തിരിച്ചടയ്‌ക്കേണ്ടി വരും. ബാങ്ക് ലോണ് വാഹന ഇടപാടുകള്‍ മിക്കവാറും സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ടവ ആയിരിക്കും. അവരില്‍ നിന്നും കാര്യമായ ഒരു വെട്ടിക്കുറയ്ക്കലും ഉണ്ടാവാന്‍ സാധ്യത ഇല്ല. നിലവിലുള്ള കടക്കെണിയില്‍ നിന്നും ദുരിതത്തിലേക്ക് അവര്‍ മാറാന്‍ സാധ്യതയുണ്ട് കടമായി ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍ പുതിയ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ കിട്ടാന്‍ എളുപ്പമല്ല. കടന്നു വരാനിരിക്കുന്ന മണ്‍സൂണ്‍ ഏറെ ആശങ്കയോടെയാണ് അവര്‍ നോക്കിക്കാണുന്നത്. ഈ അവസ്ഥ എത്രകാലം തുടരും എന്ന് പ്രവചിക്കാനാവില്ല രണ്ടുവര്‍ഷമെങ്കിലും കരുതലോടെ സര്‍ക്കാര്‍ കൂടെ ഇല്ലെങ്കില്‍ പിടിച്ചു കയറുവാന്‍ ഇവര്‍ ബുദ്ധിമുട്ടും.
മത്സ്യ വിപണന മേഖല :
ഈ മേഖലയില്‍ ഏറെ നഷ്ടമാണ് കോവിഡ് 19 ഉണ്ടാക്കിയിരിക്കുന്നത്. എണ്ണക്കടം നിലവിലുള്ള സമയത്താണ് കോവിഡ് വന്നപ്പോള്‍ ഉണ്ടായ ലോക ഡൗണ്‍ തുടങ്ങുന്നത്. പുറം കടലിലേക്ക് പോകുന്ന ബോട്ടുകളിലെ ഇന്ധനം നിറയ്ക്കുവാന്‍ ആവശ്യമായ പണം മത്സ്യത്തൊഴിലാളികള്‍ ഇടനിലക്കാരില്‍ നിന്നും വാങ്ങുന്നുണ്ടായിരുന്നു. അന്നന്നത്തെ പണിക്ക് ശേഷം ഈ തുക തിരിച്ചു നല്‍കാം എന്ന കരാറിലാണ് ഇത് വാങ്ങുക. എന്നാല്‍ കടലില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നീക്കുവാന്‍ പ്രാപ്്തമല്ലാത്തതിനാല്‍ ഇന്ധനം തന്നവര്‍ക്ക് പണം മടക്കി കൊടുക്കാന്‍ ആവാത്ത അവസ്ഥ ഉണ്ടാവുന്നു.
നിലവില്‍ ചില ക്രമീകരണങ്ങള്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്
കടലില്‍നിന്നും പിടിക്കുന്ന മീനുകള്‍ മത്സ്യഫെഡ് നേരിട്ട് വാങ്ങി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത് അതിനാല്‍ തന്നെ ഇടനിലക്കാരെ ഒഴിവായി കിട്ടുന്നു. മുന്‍കാലങ്ങളില്‍ പലതരത്തിലുള്ള കൈകളില്‍ കൂടി പോയിട്ടാണ് മീന്‍ വില്‍പ്പന സാധ്യമാകുന്നത്. എന്നാല്‍ തങ്ങളുടെ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള മത്സ്യങ്ങള്‍ മാത്രമാണ് മത്സ്യഫെഡ് നേരിട്ട് ഏറ്റുവാങ്ങുന്നത്.. കിളിമീന്‍, അയല, ചൂര തുടങ്ങിയവ. ക്ലാപ്പി, തിരണ്ടി പോലുള്ള മത്സ്യങ്ങള്‍ ഏറ്റെടുക്കുന്നില്ല. ഒരു പകല്‍ മുഴുവന്‍ പുറം കടലില്‍ പോയി മത്സ്യം പിടിച്ച് തിരിച്ചെത്തുന്നവര്‍ മത്സ്യഫെഡിന് മുമ്പില്‍ എത്തുമ്പോഴാണ് താന്‍ പിടിച്ചിരിക്കുന്ന മത്സ്യം അവരുടെ പട്ടികയില്‍ ഉള്ളതല്ല എന്നറിയുന്നത്. അന്നത്തെ ദിവസത്തെ അധ്വാനം നഷ്ടമാകുന്നതാണ് ഈ അവസ്ഥ കൊണ്ട് ഉണ്ടാകുന്നത്.
നിരവധി അസംഘടിത തൊഴിലാളികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തലച്ചുമടായി കടപ്പുറത്ത് വീടുകളില്‍ മത്സ്യം എത്തിക്കുന്ന സ്ത്രീജനങ്ങള്‍ ഇത്തരത്തില് അസംഘടിതരായവരാണ്. അവര്‍ വിദ്യാഭ്യാസ ആവശ്യത്തിനും, വീടുപണി ആവശ്യത്തിനും ഒക്കെ പലിശക്കാരോട് പണം കടം വാങ്ങിയിട്ടുണ്ടാവും. ഈ മേഖലയില്‍ ഇത്തരം തൊഴിലാളികള്‍ ഉള്ളതായി സര്‍ക്കാരിന്റെ കണക്കുകളിലില്ല. എന്നാല്‍ സഹായങ്ങളൊന്നും കിട്ടാനിടയില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇവര്‍ അധ്വാനിക്കുന്ന പണം എത്തുന്നുണ്ടെങ്കിലും, നിലവില്‍ തൊഴിലാളികള്‍ എന്ന പട്ടികയില്‍ പെടാത്തതിനാല്‍ യാതൊരു ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കില്ല സര്‍ക്കാരിന്റെ രേഖയില്‍ ഇല്ലാത്ത ഈ തൊഴിലാളികള്‍ മിക്കവരും സ്ത്രീജനങ്ങള്‍ ആണ്. ഇവരുടെ കഷ്ടതകള്‍ എങ്ങനെ പരിഹരിക്കപ്പെടണം എന്നുള്ളതിന് ബദല്‍ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവേണ്ടതുണ്ട് ഇവര്‍ക്കുണ്ടാകുന്ന തൊഴില്‍ ശൂന്യത സാമ്പത്തികവും, മാനസികവുമായ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുന്നു. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ അടക്കം നിരവധി കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത് ഈ സ്ത്രീകളുടെ അധ്വാനഫലം കൊണ്ടുകൂടിയാണ്. കോവിഡ് എന്ന മഹാമാരിക്ക് മുന്‍പില്‍ ഈ അസംഘടിത തൊഴില്‍ മേഖലയും പകച്ചു നില്‍ക്കുന്നു.
മീന്‍ വിപണന മേഖലയെ ഏറെ പ്രതികൂലമായി ബാധിക്കുന്നത് ലത്തീന്‍ കത്തോലിക്കാ പള്ളിയുടെ ചോദ്യം ചെയ്യാനാവാത്ത അതിശക്തമായ ഇടപെടലുകളാണ്. മീന്‍ വാങ്ങുന്നവരും വില്‍ക്കുന്നവരും പള്ളിക്ക് വിഹിതം നല്‍കേണ്ടതുണ്ട്. ഇതിനായി വര്‍ഷാദ്യം തന്നെ ടെണ്ടറുകള്‍ ക്ഷണിക്കുന്നു. വിഴിഞ്ഞം പള്ളിയില്‍ ഒന്നരക്കോടി രൂപയുടെ ടെണ്ടറാണ് വിളിച്ചിരിക്കുന്നത്. മറ്റു പള്ളികളില്‍ തുക കൂടാനാണ് സാധ്യത. അതിസമ്പന്നനായ ഒരാള്‍ ആദ്യമേ തന്നെ ഈ തുക പള്ളിക്ക് നല്‍കുന്നു. ഒന്നരക്കോടി രൂപയ്ക്ക് മുകളില്‍ ടെന്‍ഡറുകള്‍ പിടിച്ച ശേഷം അവര്‍ പള്ളിക്ക് പണം നല്‍കുന്നു. ഈ പണം മുതലാളിമാര്‍ മീന്‍ വിപണന മേഖലയിലെ തൊഴിലാളികളില്‍ നിന്നാണ് ഈടാക്കുന്നത്. തിരുനാളാഘോഷങ്ങള്‍ പോലെയുള്ളവ നടപ്പാക്കുകയാണ് ഈ പണം വഴി പള്ളി ചെയ്യുന്നത്. ജീവിതത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നടത്തുവാനുള്ള പണം ലഭ്യമാകാതെ ഇരിക്കുന്ന അവസരത്തിലും പള്ളിക്ക് പണം കൊടുക്കേണ്ടി വരുന്നു. ഏതെങ്കിലും കാരണവശാല്‍ പണം എത്തിയിട്ടില്ലെങ്കില്‍ ഊരുവിലക്ക്, തൊഴില്‍ വിലക്ക്, പള്ളി വിലക്ക് എന്നീ കടുത്ത നടപടികള്‍ പള്ളി സ്വീകരിക്കാറുണ്ട് ഏകദേശം 5000 രൂപയ്ക്ക് മുകളില്‍ പിഴ നല്‍കിയാണ് പലപ്പോഴും പള്ളി വിലക്കില്‍ നിന്നും വിശ്വാസിസമൂഹം രക്ഷപെട്ടു പോരുന്നത്. ഒരു ജനാധിപത്യ രാജ്യത്തില്‍ ഇത്തരത്തില്‍ ഒരു സംവിധാനം പള്ളിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ഇവിടെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ തന്നെയും സര്‍ക്കാര്‍ ടപെടുന്നില്ല. ഇത്തരത്തിലുള്ള പ്രവണതകള്‍ ഉള്ള ഒരു സമൂഹത്തിലാണ് കോവിഡ് 19 മൂലമുണ്ടായ ലോക് ഡൗണ്‍ ബാധിച്ചത് കടന്നുവരുന്ന ദിവസങ്ങളിലെ ഇവരുടെ അവസ്ഥ ഏറെ പരിതാപകരം ആകുവാന്‍ സാധ്യതയുണ്ട്
വേനല്‍ മഴയ്ക്ക് കടലില്‍ പോകുന്നത് അങ്ങേയറ്റം അപകടകരമായ അവസ്ഥയാണ് വൈകിട്ട് വരുന്ന മഴയോടു കൂടിയ ഇടിവെട്ടും, മിന്നലും ജീവനുകള്‍ തന്നെ അപഹരിക്കുവാനുള്ള സാധ്യതയുണ്ട്. മണ്‍സൂണ്‍ സമയത്തു മീനുകളുടെ പ്രജനനകാലം അനുസരിച്ച് തൊഴില്‍ നിര്‍ത്തി വയ്ക്കേണ്ടി വരും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസ്ഥയും കടന്നു വേണം കോവിഡ് 19 എന്ന മഹാമാരി വരുത്തിവെച്ച സാമ്പത്തികപ്രതിസന്ധി പരിഹരിക്കുവാന്‍. ഇങ്ങനെ നിരവധി അനവധി ചൂഷണങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹം എന്ന രീതിയില്‍ അവരെ കാര്യമായിപരിഗണിച്ചുകൊണ്ട് തന്നെ ബദല്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കേണ്ടതുണ്ട്.
മുള മേഖല :
ഗാര്‍ഹിക ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, മത്സ്യമേഖലയിലേക്കുള്ള ഉപകരണങ്ങള്‍, കുട്ട, വട്ടി പുറം, പനമ്പ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഒരു കാലഘട്ടത്തില്‍ മനുഷ്യജീവിതത്തിന്
ഒഴിച്ചുകൂടാനാവാത്ത അവശ്യ വസ്തുക്കളില്‍ പെട്ടതായിരുന്നു. എന്നാല്‍ കാര്‍ഷിക മേഖലയില്‍ നിന്ന് വ്യവസായ മേഖലയിലേക്കും, സേവന മേഖലയിലേക്കും സമൂഹം നടന്നു കയറുകയും പ്ലാസ്റ്റിക് വ്യാപനം ഉണ്ടാവുകയും ചെയ്തപ്പോള്‍ മുള, ഈറ്റ ഇവയില്‍ നിന്നുണ്ടാകുന്ന പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്ക് ഇടിവു സംഭവിച്ചു. ഇത് ദലിത് ആദിവാസി സമൂഹങ്ങളുടെ ഉപജീവനത്തെ ഗണ്യമായ രീതിയില്‍ ബാധിച്ചു. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ടൂറിസ്റ്റ് മേഖലകളില്‍ മുള വന്‍ തിരിച്ച് വരവ് നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചില എന്‍ജിഒ ഇടപെടലുകളുടെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് ഉപജീവനം കഴിച്ചു വന്ന പറയര്‍, പുലയര്‍, കുറവര്‍, മുതുവാന്‍, മന്നാന്‍ തുടങ്ങിയ ദളിത് ആദിവാസി സമൂഹങ്ങള്‍ക്ക് തിരിച്ചടി ഉണ്ടാവുകയാണ് ചെയ്തത്. കാരണം ഈ കമ്മ്യൂണിറ്റിയില്‍ ഉള്ള ദളിത്-ആദിവാസി വിഭാഗങ്ങളെ ഉള്‍പ്പെടുത്താതെ അവരില്‍നിന്ന് പരിശീലനം നേടിയ മധ്യവര്‍ത്തി സമൂഹത്തിന്റെ കൈകളിലേക്ക് വിളയുമായി ബന്ധപ്പെട്ട ജോലികള്‍ എത്തിച്ചേര്‍ന്നു.
ബാംബൂ മിഷന്‍, ബാംബൂ കോര്‍പ്പറേഷന്‍ ഇവയിലൊന്നും തന്നെ ഈ മേഖലയില്‍ നേരിട്ട് ഇടപെട്ടുകൊണ്ടിരിക്കുന്ന ദളിത് ആദിവാസി കമ്മ്യൂണിറ്റിയെ ഉള്‍പ്പെടുത്താതെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടന്നത്. ഇടുക്കി ജില്ലയിലെ, അടിമാലിയില്‍ ഉള്ള ചില്ലിത്തോട് എന്ന സ്ഥലത്തുനിന്നാണ് എറണാകുളം ഇടുക്കി ജില്ലകളിലേയ്ക്ക് ആവശ്യത്തിനുള്ള മുറം എത്തിക്കുന്നത്. നെയ്ത്തു മേഖലയില്‍ നൂറില്‍പരം മുസ്ലിം വിഭാഗങ്ങള്‍ തൊഴില്‍ ചെയ്യുന്നുണ്ട്. ആഴ്ചയില്‍ 500 മുറം വീതം ഇവിടെനിന്ന് ഇറങ്ങുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് വന്ന ലോക് ഡൗണ്‍ മൂലം ഈ മേഖല വളരെ ദുര്‍ബലമായ അവസ്ഥയിലാണ്.
ആദിവാസി വിഭാഗക്കാരായ മുതുവാന്‍ സമൂഹം ഏകദേശം 25 തരത്തിലുള്ള നെയ്ത്തു വേലകള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ചെയ്യാറുണ്ട്. മുതുവാന്‍, മന്നാന്‍, പറയര്‍, പുലയര്‍, കുറവര്‍ വിഭാഗങ്ങളില്‍ നല്ലൊരു ശതമാനം ആളുകള്‍ ഉപജീവനത്തിനായി മുളയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. ബാംബൂ മിഷന്‍, ബാംബൂ കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ പണിയെടുക്കുന്ന 75% തൊഴിലാളികളും ഈ കമ്മ്യൂണിറ്റിക്കു പുറത്ത് നിന്നുള്ളവരാണ്. ദലിത് ആദിവാസി വിഭാഗങ്ങള്‍ക്ക് ഇത് ഏറെ പ്രതിസന്ധി ഉണ്ടാക്കി.. കാലാനുസൃതമായി ഈ തൊഴിലിന്റെ കലാപരമായ സാധ്യത കൂടി ഉപയോഗിക്കുകയാണെങ്കില്‍ ഗാര്‍ഹിക, കാര്‍ഷിക ആവശ്യങ്ങള്‍ക്കും പുറമെ മറ്റൊരു രീതിയിലും ഈ വിപണിയുടെ സാധ്യത കണ്ടെത്താവുന്നതാണ്. എന്നാല്‍ അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയൊക്കെ തന്നെ ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നു അതിനാല്‍ തന്നെ വളരെ വൈദഗ്ധ്യമുള്ള നിരവധി ആളുകള്‍ നിത്യജീവിതത്തിന് വേണ്ടി തൊഴിലുറപ്പ് പദ്ധതിയിലേക്ക് മാറിയിട്ടുണ്ട്. ഈ മേഖലയിലേക്ക് പ്രാവീണ്യമുള്ളവരെ കൊണ്ടുവരികയാണെങ്കില്‍ പലതരത്തിലുള്ള മുള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാവുന്നതാണ് . ടൂറിസം അനുബന്ധ പരിപാടികളില്‍ മുള ഉല്‍പ്പന്നങ്ങളുടെ സാധ്യത കണ്ടെത്താവുന്നതാണ് ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കു പനമ്പിന്റെ മൂല തിരിക്കാനും, കെട്ടാനും വൈദഗ്ധ്യമുള്ളതിനാല്‍ ഉത്പാദനം കൂട്ടി ഈ വിപണിയെ ശക്തമാക്കുവാന്‍ കഴിയുന്നതാണ്.. അവരെ മാറ്റിനിര്‍ത്തി കൊണ്ടാണ് നിലവില്‍ ഈ മേഖല മുന്നോട്ട് പോകുന്നത്.
മുള എന്ന വസ്തുവിന്റെ മൂല്യം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അത്രയും പ്രതിസന്ധി കടന്നു പോകുന്ന സമയത്ത് തന്നെയാണ് കോവിഡ് കൂടി ഈ മേഖലയെ ബാധിച്ചിരിക്കുന്നത്.അതോടെ അവസ്ഥ കൂടുതല്‍ കഠിനമായി. ഈ മേഖലയില്‍ തുടര്‍ന്ന് പിടിച്ചുനില്‍ക്കണം എന്നുണ്ടെങ്കില്‍ ഈ മേഖലയില്‍പ്പെട്ട അസംഘടിതരായ ദലിത്, ആദിവാസി തൊഴിലാളികള്‍ക്ക് അവര്‍ക്കുണ്ടായ തൊഴില്‍ ശൂന്യത നികത്തി അവരെ മറ്റൊരു മേഖലയില്‍ തന്നെ തൊഴിലവസരങ്ങള്‍ കണ്ടെത്തി സംരക്ഷിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നിലവിലുള്ള സ്ഥിതി മെച്ചപ്പെടുത്തേണ്ടതുണ്ട്. നബാര്‍ഡിന്റെ കേന്ദ്ര സര്‍ക്കാര്‍ കര്‍മ പദ്ധതികളിലേയ്ക്ക് സ്‌റ്റേറ്റിന് ഈ മേഖലയെ നിര്‌ദേശിക്കാവുന്നതാണ് കോവിഡ് 19 വ്യാപിച്ചിരിക്കുന്ന ഈ സമയത്തുതന്നെ പരിസ്ഥിതി സൗഹൃദപരമായി നാം ജീവിക്കേണ്ടതിന്റെ ആവശ്യകത കൂടി നമുക്ക് മുന്നറിയിപ്പ് തരുന്നുണ്ട്. പരിസ്ഥിതിസൗഹൃദ തൊഴില്‍ കൂടിയായി ഇതിനെ വളര്‍ത്തിയെടുക്കാവുന്നതാണ് . അന്തരീക്ഷം മലിനമാകാതെ, ചെയ്‌തെടുക്കാവുന്ന ഒരു ജോലിയാണ് ഇത്. അത്തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ നിലവില്‍ കടക്കെണിയില്‍ കൂടി കടന്നുപോകുന്ന സമൂഹത്തിന് അത് പ്രയോജനപ്രദമായിരിക്കും..
ടൂറിസം മേഖല:
സ്വാഭാവികമായും നിലവില്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി അന്താരാഷ്ട്ര തലത്തില്‍ തന്നെ ബാധിക്കുന്നുണ്ട്. പുകയില്ലാത്ത വ്യവസായം എന്നറിയപ്പെടുന്ന ടൂറിസം മേഖല ഏറ്റവുമധികം വരുമാനം രാജ്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ടൂറിസം മേഖലയില്‍ ഉണ്ടാവുന്ന മാന്ദ്യം ടൂറിസ്റ്റ് ഗൈഡുകളെയും ഫോട്ടോഗ്രാഫര്‍മാരെയും. ഹോട്ടല്‍ ജീവനക്കാരേയും ഓട്ടോ െ്രഡെവര്‍മാരെയും, കാര്‍ െ്രഡെവര്‍മാരെയും, ചുമട്ടുതൊഴിലാളികളേയും, ഹൗസിങ് ബോട്ടുകാരേയും ഹോംസ്‌റ്റേകളേയും പ്രതിസന്ധിയിലാക്കും.
തോട്ടം മേഖല:
തോട്ടം മേഖലയില്‍ എസ്‌റ്റേറ്റുകളില്‍ സ്ഥിര ജോലിചെയ്യുന്ന തൊഴിലാളികളും, ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന അസ്ഥിര തൊഴിലാളികളും ഉണ്ട്. പ്ലാന്റേഷന്‍ ആക്ട് പ്രകാരമുള്ള സുരക്ഷ സ്ഥിരം തൊഴിലാളികള്‍ക്ക് ലഭ്യമാകുവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ മേഖലയില്‍ ഏറെയും ദിവസക്കൂലിക്കാരാണുള്ളത് . എപ്പോള്‍ വേണമെങ്കിലും തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവില്‍ ഇക്കൂട്ടര്‍ നേരിടുന്നത്. തോട്ടം മേഖലയിലെ മാന്ദ്യം ഏതു കാലം വരെ നീണ്ടു നില്‍ക്കുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനാവില്ല. അസംഘടിത തൊഴിലാളികളുടെ പെട്ടെന്നുണ്ടായ തൊഴിലില്ലായ്മ കൊണ്ട് തന്നെ ഇതര മേഖലകളിലേയ്ക്ക് ഇക്കൂട്ടര്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള ഉള്ള സാധ്യതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. കോവിഡ് 19 മായ് ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ മുന്‍നിര്‍ത്തി അവശ്യവസ്തുക്കളില്‍ ഒന്നായി ഭക്ഷണം പരിഗണിച്ചതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്ന തോട്ടം മേഖലയിലും മറ്റ് അസംഘടിത മേഖലയിലും ഉണ്ടായിരുന്ന സമൂഹത്തെ ഫുഡ് േ്രപാസസ്സിങ് മേഖലയിലെ കൈത്തൊഴിലുകളിലേയ്ക്ക് ഉള്‍ചേര്‍ക്കുവാനുള്ള സാധ്യത ചിന്തിക്കാവുന്നതാണ്. അത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, ഏതു രീതിയിലുള്ള ക്രമപ്പെടുത്തലാണ് അവിടെ ഉണ്ടാകേണ്ടത് എന്നും കൃത്യമായ നയരൂപീകരണം ഉണ്ടാവേണ്ടതുണ്ട്. ഇവരില്‍ മിക്കവരും ലയങ്ങള്‍ പോലെയുള്ള സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറച്ചുമാത്രം ലഭ്യമായി താമസിക്കുന്നവരാണ്.
ഇത്തരം അസംഘടിത തൊഴില്‍ മേഖലകളിലെ വിഭാഗക്കാരുടെ മക്കളുടെ വിദ്യാഭ്യാസവും ഏറെ പ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ കോവിഡിനെതിരെയുള്ള ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനാല്‍ ക്ലാസ് മുറികളില്‍ ഒന്നിച്ചിരുന്നുള്ള പഠനം സാധ്യമാകുന്നത് ഉടനെ ഉണ്ടാകാനിടയില്ല. അങ്ങനെയെങ്കില്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ വഴി ആയിരിക്കണം നടക്കുക. ഓണ്‍ലൈന്‍ വഴി പഠനം സാധ്യമാകണമെങ്കില്‍ അതിനനുസരിച്ചുള്ള ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍, ആന്‍േ്രഡായ്ഡ് ഫോണുകള്‍ ഇവയൊക്കെ ഈ സമൂഹത്തിന് വാങ്ങുക എന്നുള്ളത് നിലവിലെ സാഹചര്യത്തില്‍ ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വായ്പ തിരിച്ചടവ്, വാഹനം വാങ്ങിയതിന്റെ തിരിച്ചടവ്, ഫോണിന്റെ തിരിച്ചടവ് ഇതിനൊക്കെ ഇടയ്ക്ക് മക്കളെ ഇ ലേര്‍ണിംഗ്, ഡിജിറ്റല്‍ ഡിവൈസ് വിദ്യാഭ്യാസത്തിന് പ്രാപ്തമാക്കാന്‍ ആവശ്യമായ വസ്തുക്കള്‍ എത്തിച്ചു കൊടുക്കുവാന്‍ ഉള്ള സാമ്പത്തികം ഉണ്ടാക്കുക എന്നുള്ളത് ഏറെ ദുഷ്‌കരമായ കാര്യമാണ്.
ഗാര്‍ഹിക തൊഴിലാളികള്‍ :
മറ്റു വീടുകളില്‍ വീട്ടു ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കേരളത്തിലെ ദലിത് /ആദിവാസി പിന്നോക്ക സമൂഹങ്ങളില്‍ നിന്നുള്ള ആളുകളാണ് ഭൂരിഭാഗവും. സ്ത്രീകളാണ് ഏറ്റവുമധികം ഈ മേഖലയില്‍ ഉണ്ടാകാറുള്ളത്. വീട്ടുടമ നിശ്ചയിക്കുന്ന കൂലിയിലാണ് മിക്കവരും ജോലി ചെയ്യുന്നത്. കൂടുതല്‍ കൂലി ചോദിച്ചാല്‍ പണി നഷ്ടമാകും എന്നുള്ളതിനാല്‍ മിക്കയിടങ്ങളിലും ഒരു തൊഴില്‍ എന്ന നിലയില്‍ പരമാവധി ഉടമയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ജോലിചെയ്യുന്ന അസംഘടിത മേഖലയില്‍ പെട്ട വിഭാഗമാണ് വീട്ടു ജോലിക്കാര്‍. ഇവര്‍ ജോലി ചെയ്യുന്ന പണം ബാങ്കുകളിലും , കമ്പോളങ്ങളിലും എത്തുന്നത് കൊണ്ട് കൂടിയാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ നിലനിന്നു പോരുന്നത്. എന്നാല്‍ ഈ തൊഴില്‍ വിഭാഗങ്ങള്‍ ലോസര്‍ക്കാരിന്റെ തൊഴില്‍ രേഖകളിലോ, ലേബര്‍ ആക്റ്റിന്റെയോ പരിധിയില്‍ പെടുന്നവരല്ല. ഏതുതരത്തിലുള്ള മഹാമാരി വന്നാലും പ്രകൃതിക്ഷോഭങ്ങള്‍ വന്നാലും യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭ്യമാകുന്നില്ല. മിക്കവരും ഒരു ദിവസം തന്നെ വിവിധ വീടുകളിലും ഫ്‌ളാറ്റുകളിലും ജോലിക്ക് എത്താറുണ്ട്. ഇന്ത്യയിലെ ഈ മേഖലയിലുള്ള എല്ലാവര്‍ക്കും ഒരേ ശമ്പളമോ,, ആനുകൂല്യങ്ങളോ ലഭിക്കാറില്ല എന്നാല്‍ ഉടമയുടെ വീട്ടില്‍ നിന്നും കിട്ടുന്ന ചില സഹായങ്ങള്‍ കൊണ്ടുതന്നെ വര്‍ഷങ്ങളായി ഒരിടത്തു തന്നെ ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതരാവുകയുണ്ട്. ഇതിനോടകം തന്നെ ഉടമയുടെ വീടുമായി വൈകാരികമായ ബന്ധവും ഉണ്ടാകാറുണ്ട്. മറ്റു തൊഴില്‍ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ തന്നെ പലപ്പോഴും ഈ വൈകാരികമായ അടുപ്പം ഉള്ളതുകൊണ്ട് തന്നെ പ്രശ്‌നം പരിഹരിക്കാതെ തൊഴില്‍ മറ്റൊരിടത്ത് കണ്ടെത്തിയാണ് ഇക്കൂട്ടര്‍ നീങ്ങുന്നത്. വ
ീടു പുതുക്കി പണിയുന്നതിനും, മക്കളെ വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടിയും, അവരുടെ കല്യാണ ആവശ്യങ്ങള്‍ക്കു വേണ്ടിയും ഉടമയില്‍ നിന്നും ഇവര്‍ സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ടാവും. അത്തരം വൈകാരികതകള്‍ കൊണ്ട് തന്നെ തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇവര്‍ കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്. ഈ വിഭാഗക്കാരുടെ സേവനം കൊണ്ടുകൂടിയാണ് ഇന്ത്യയിലെ മിക്ക പൗരരും കൃത്യസമയത്ത് ജോലിസ്ഥലത്തു എത്തുന്നതും സമാധാന പരമായി ജോലി ചെയ്യുന്നതും. എന്നാല്‍ പ്രവാസി പണം ഇനി അധികം ഒന്നും ഇങ്ങോട്ട് എത്തുവാന്‍ സാധ്യതയില്ലാത്ത ഈ സമയത്ത് സ്വയം നിയന്ത്രണങ്ങളില്‍ കൂടി സാമ്പത്തിക മാന്ദ്യത്തെ നേരിടുവാന്‍ വ്യക്തികള്‍ തീരുമാനം എടുക്കുവാനുള്ള സാധ്യതയുണ്ട്. ലോക് ഡൗണ്‍ തുടങ്ങിയപ്പോള്‍ തന്നെ തന്നെ ഈ രംഗത്തുള്ളവര്‍ തൊഴിലില്‍ നിന്നും മിക്കവാരും നിഷ്‌കാസിതര്‍ ആയിക്കഴിഞ്ഞു. ഒറ്റദിവസംകൊണ്ട് ജോലി നഷ്ടമായവരാണ് മിക്കവരും. ജോലിയിലേക്ക് തിരികെ കയറാമെന്ന് ഇവര്‍ക്ക് പ്രതീക്ഷിക്കുവാന്‍ സാധ്യമല്ല. കൂലി കുറച്ചാല്‍ മാത്രമായിരിക്കും ഇനി ഈ തൊഴില്‍ മേഖലയിലേക്ക് എത്തിപ്പെടാന്‍ സാധിക്കുകയുള്ളൂ. ഉടമയ്ക്കും കോവിഡ് പോലെയുള്ള മഹാമാരി നിരവധി നഷ്ടങ്ങള്‍ വരുത്തിയതിനാല്‍ ചിലപ്പോള്‍ അവരുടെ കൂലി കുറയ്ക്കുവാനോ, അല്ലെങ്കില്‍ തൊഴില്‍ നിന്നുതന്നെ വരെ മാറ്റി നിര്‍ത്തുവാനോ സാധ്യതയുണ്ട്. ഇവര്‍ക്ക് വേണ്ടി വാദിക്കുവാന്‍ പ്രത്യേക സംഘടിത സംഘടനകള്‍ ഇല്ല. . മിക്കവരും സ്വകാര്യ മേഖലയില്‍ നിന്നും പലിശയ്ക്ക് പണം എടുത്തവരുമായിരിക്കും. വിദ്യാഭ്യാസ കാര്യങ്ങള്‍ മുന്നോട്ട് ചെയ്യേണ്ടതുണ്ട് പണി പൂര്‍ത്തിയാകാത്ത ഭവനങ്ങള്‍ ഉണ്ടായിരിക്കും. ഈ മേഖലയിലുള്ളവരുടെ നിശബ്ദ സേവനം വളരെ കൃത്യമായ രീതിയില്‍ ആയതിനാല്‍ തന്നെ ഇവരുടെ തൊഴില്‍ നഷ്ടം വലിയൊരു ശൂന്യത ഉണ്ടാക്കുന്നുണ്ട്. കൃത്യമായ രീതിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഈ സമൂഹത്തെ ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തനം ഉണ്ടാകേണ്ടതുണ്ട്
ഗര്‍ഭാനന്തര ശുശ്രൂഷകര്‍ :
,
പ്രസവം കഴിഞ്ഞ സ്ത്രീകളെ കുളിപ്പിക്കുന്ന, ഔഷധ ശുശ്രൂഷ ചെയ്യുന്ന പ്രായമായ സ്ത്രീകളുടെ വരുമാനം കോവിഡ് വന്നതോടെ നിലച്ചു പോയി കുളിപ്പീര് അല്ലെങ്കില്‍ പെറ്റോടം എന്ന രീതിയില്‍ നാട്ടിന്‍പുറങ്ങളിലെ പ്രസവാനന്തര ശുശ്രൂഷ ചെയ്യുന്ന സ്ത്രീസമൂഹങ്ങളുടെ ചെറിയ തൊഴിലിടം കോവിഡ് വന്നതോടെ കഷ്ടത്തിലായി. ഈ തൊഴിലില്‍ പ്രവീണ്യം ഉള്ള പ്രായമായ അമ്മമാര്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. നിലവിലെ ആധുനിക വൈദ്യശാസ്ത്രം ചിലപ്പോള്‍ തള്ളിക്കളയുകയും എന്നാല്‍ പൊതു സമൂഹത്തിന്റെ വിശ്വാസ്യതയില്‍ ഇന്നും നിലകൊള്ളുകയും ചെയ്യുന്ന ഒരു.തൊഴിലാണിത്. പ്രസവിച്ച പെണ്ണിനെ കുളിപ്പിക്കുന്നതിനൊപ്പം നവജാത ശിശുവിന്റെ മല മൂത്ര വിസര്‍ജ്യങ്ങള്‍ അടങ്ങിയ തുണികള്‍ കഴുകിവൃത്തിയാക്കിയുമാണ് ഈ മേഖലയിലുള്ള സ്ത്രീകള്‍ അവരുടെ വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നത്. ഈ മേഖലയില്‍ പ്രാവീണ്യം ഉള്ള ആളുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതുകൊണ്ടുതന്നെ ഈ തൊഴില്‍ അറിയാവുന്ന വ്യക്തികള്‍ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോയി താമസിച്ചൊക്കെ ഇത് ചെയ്ത് കൊടുക്കാറുണ്ട്. ഒരു പെണ്‍കുട്ടി ഗര്‍ഭിണി ആകുമ്പോള്‍ തന്നെ ഇവരെ ബുക്ക് ചെയ്തു വെക്കാറുണ്ട്. ഒരാള്‍ പറഞ്ഞു മറ്റൊരാളിലേക്ക് എത്തിയാണ് ഈ തൊഴില്‍ സാധ്യമാകുന്നത്.
ഏഴുദിവസത്തെ (ഒരാഴ്ച ) കുളിപ്പിക്കല്‍ എന്നതാണ് പ്രാഥമികമായി പ്രസവം കഴിഞ്ഞ സ്ത്രീയ്ക്ക് നല്‍കുന്ന ഔഷധ പരിരക്ഷ. ഏഴു ദിവസം എന്ന് സാങ്കേതികമായി പറയുമ്പോള്‍ പോലും എട്ട് ദിവസം കൊണ്ടാണ് ഇത് പൂര്‍ത്തിയാകുന്നത് ഏഴാം ദിവസം കുതിര്‍ത്തു വച്ച മുപ്പതില്‍പ്പരം ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ‘പലഇലക്കുളി’ എട്ടാംദിവസം ആണ് പൂര്‍ത്തിയാവുക .കുളിപ്പിക്കുവാന്‍ വേണ്ടി എത്തുന്ന സ്ത്രീ കുഞ്ഞിനോടും അമ്മയോടും കാണിക്കുന്ന സ്‌നേഹവാത്സല്യം ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. എട്ടാം ദിവസത്തെ കൂലി കിട്ടണം എന്നില്ല. കിട്ടിയില്ലെങ്കിലും അവര്‍ പരാതി പറയാറില്ല ചിലര്‍ കണ്ടറിഞ്ഞു നല്‍കും. അതായത് ഈ മേഖലയില്‍ നിയതമായ വരുമാനം ഇല്ല എന്നുള്ളതാണ് വാസ്തവം. സാമ്പത്തിക സ്ഥിതി അനുസരിച്ച് ഓരോരുത്തരും കൊടുക്കുന്നത് വാങ്ങും ചില വീടുകളില്‍ യാതൊരു പ്രതിഫലവും കൂടാതെ ഇവര്‍ ജോലി ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ജില്ല വിട്ടു മറ്റൊരു ജില്ലയിലേക്ക് പോകാന്‍ വയ്യാത്ത അവസ്ഥ ആയത് കൊണ്ട് കൊണ്ട് ഈ മേഖലയില്‍ ജോലി ചെയ്യുന്ന വൃദ്ധരായ, സ്ത്രീജനങ്ങള്‍ക്കു മുന്നിലുള്ള വരുമാന മാര്‍ഗ്ഗമാണ് അടഞ്ഞിരിക്കുന്നത്. ഈ സ്ത്രീകളെ തൊഴിലാളികളായി എങ്ങും അടയാളപ്പെടുത്തിയിട്ടില്ല . അതിനാല്‍ അവര്‍ക്കായി കര്‍മപരിപാടികള്‍ ഒന്നും തന്നെ വന്നതുമില്ല. അനുഭാവപൂര്‍വ്വം ഇവരെ പരിഗണിക്കേണ്ടതുണ്ട്.
കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ :
മേസ്തിരി, മെയ്ക്കാട് എന്നീ തൊഴിലുകള്‍ ചെയ്തുകൊണ്ടിരുന്നവര്‍ കെട്ടിടനിര്‍മ്മാണ മേഖല തകര്‍ന്നതോടുകൂടി കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടു. നോട്ട് പിന്‍വലിക്കല്‍, അടുപ്പിച്ചു വന്ന രണ്ടു പ്രളയങ്ങള്‍ എന്നിവയൊക്കെ കെട്ടിട നിര്‍മ്മാണ തൊഴിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ഫ്‌ളാറ്റ് നിര്‍മ്മാണം, റിസോര്‍ട്ടുകളുടെ നിര്‍മ്മാണം എന്നിവ ഏറെക്കാലമായി നിന്നുപോയി. വളരെ അടിയന്തിരഘട്ടങ്ങളില്‍ വാടകവീട്ടില്‍ നിന്നും പുതിയ വീട്ടിലേക്ക് മാറേണ്ട സാഹചര്യങ്ങള്‍ വന്നവരുടെ വീടുപണി, ചെറിയ ചെറിയ അറ്റകുറ്റപ്പണികള്‍ എന്നിവയല്ലാതെ മേസ്തിരി, മെയ്ക്കാട് മേഖലയില്‍ മറ്റു തൊഴിലവസരങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല
അതിനോടനുബന്ധിച്ച തന്നെ ഇതര തൊഴില്‍ മേഖലകളായ ഇലക്ട്രീഷ്യന്‍ വര്‍ക്ക്, പെയിന്റിംഗ്, അലൂമിനിയം ഫാബ്രിക്കേഷന്‍, പ്ലംബിംഗ്, ഇന്റീരിയര്‍ ഡിസൈനിങ് എന്നിങ്ങനെയുള്ള മേഖലകള്‍ക്കും കടുത്ത ക്ഷീണം സംഭവിച്ചു വരുംകാലങ്ങളില്‍ ഒന്നുംതന്നെ ഈ മേഖല പുഷ്ടി പ്രാപിക്കും എന്ന് യാതൊരു പ്രതീക്ഷയും ഇല്ല. പ്രവാസികള്‍ മടങ്ങിവരുന്നതോടുകൂടി ആകെ ഉണ്ടായിരുന്ന പ്രതീക്ഷയും അവസാനിക്കുന്നു ഒരുകാലത്ത് പ്രവാസികള്‍ മത്സരിച്ച് പണിതുയര്‍ത്തിയ രമ്യഹര്‍മ്യങ്ങള്‍ മേസ്തിരി, മേക്കാട് മേഖലയെ ഏറെ വളര്‍ത്തി എങ്കിലും ഇന്ന് പ്രവാസി പണം എത്താത്തതും, നാട്ടിലെ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായതും ഈ മേഖലയെ പ്രതിസന്ധിയില്‍ പെടുത്തുന്നു.
അലുമിനിയം ഫാബ്രിക്കേഷന്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ആലകള്‍ തുടങ്ങിയവര്‍ക്കാവശ്യമായ പല അസംസ്‌കൃത വസ്തുക്കളും നമ്മുടെ സംസ്ഥാനങ്ങളില്‍ ഉല്‍പാദിപ്പിക്കുന്നില്ല. ചിലത് രാജ്യത്ത് തന്നെ ലഭ്യമല്ല. അലൂമിനിയം ഫാബ്രിക്കേഷന്‍ പോലെയുള്ള മേഖലകളിലെ അസംസ്‌കൃത വസ്തുക്കള്‍ ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇവിടെയെത്തുന്നത്. ചൈനയില്‍ കൊറോണ ബാധിച്ചപ്പോള്‍ തന്നെ അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ സാമ്പത്തിക തകര്‍ച്ച ഇവിടെയും ശക്തമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. നിര്‍മാണമേഖല സ്തംഭിച്ചതും, പ്രസ്തുത മേഖല നിലനിര്‍ത്തിപ്പോന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്കും, അവര്‍ തിരിച്ചു വരാനുള്ള സാധ്യത എത്രത്തോളം ആയിരിക്കും എന്നുള്ള ആശങ്കയും അതിലേറെ പ്രവാസികളുടെ പണം ഇല്ലാതായതും കൊണ്ട് തന്നെ നിര്‍മ്മാണമേഖലക്കു പകരം കാര്‍ഷികമേഖലയിലേക്ക് ജനം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യത ഉണ്ട്. ആ മേഖലയോട് ചേര്‍ന്ന് നിന്നുകൊണ്ടുള്ള വ്യവസായ മേഖലകളയായ അേ്രഗാ -ഫുഡ് ഇന്‍ഡസ്ട്രീസ്, മത്സ്യബന്ധനം, ക്ഷീര വ്യവസായം എന്നിവയില്‍ ഇനി ഉണര്‍വ് ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നുള്ളതാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍ രാജീവ് ഗോപി പറയുന്നത് . മഹാമാരിയെ ചെറുക്കുന്ന ഒരു മരുന്ന് കണ്ടെത്തുകയാണെങ്കില്‍ അതിന്റെ പ്രധാന ചേരുവ എന്തായിരിക്കുമോ അതില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ടായിരിക്കും എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഈ ലേണിങ്
പാര്‍ശ്വവല്‍കൃത സമൂഹത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം വീട്ടിലെ മുറിക്കുള്ളില്‍ ഒതുങ്ങുന്നതു അവരുടെ ജീവിതത്തെ ശക്തമായി ബാധിക്കും പരിസ്ഥിതിലോല പ്രദേശങ്ങളില്‍ താമസിക്കുന്ന വിഭാഗങ്ങളില്‍ കൂടുതലും ദളിത്, ആദിവാസി അതീവ പിന്നോക്ക വിഭാഗത്തിലെ കുട്ടികളായിരിക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ മക്കളെ പുതിയ രീതിയിലുള്ള പഠന സമ്പ്രദായത്തിലേക്ക് എത്തിക്കുവാന്‍ ആവശ്യമായ ഡിജിറ്റല്‍ സാങ്കേതിക സഹായങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ, ചിലവേറിയ ഒരു അവസ്ഥാവിശേഷം ആയിരിക്കും. . ഇ ലേര്‍ണിംഗ് സാധ്യമാക്കുന്നതിനാവശ്യമായ ടെക്നിക്കല്‍ ഡിവൈസസ് ആയ കമ്പ്യൂട്ടര്‍, ലാപ് ടോപ്പ്, ആന്‍േ്രഡായ്ഡ് ഫോണുകള്‍ക്കൊപ്പം സര്‍വ്വസജ്ജമായ മുറിയും, നെറ്റ് ലഭ്യത, റേഞ്ച് എന്നിവ ഉണ്ടെങ്കില്‍ മാത്രമേ ഒരു ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമായി നടന്നു പോവുകയുള്ളൂ തുടരെയുള്ള തൊഴില്‍ നഷ്ടങ്ങള്‍ മൂലം സമാധാന അവസ്ഥ തകര്‍ക്കപ്പെടുന്ന അവസ്ഥയുള്ള ഭവനങ്ങളിലും മതിയായ സൗകര്യങ്ങളില്ലാത്ത മുറിയിലും ഇരുന്നു കൊണ്ട് ഈ ലേണിങ് വിദ്യാഭ്യാസത്തിലേക്ക് കടന്നുപോവുക എന്നത് ഈ കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകും. നിലവില്‍ പലിശക്കടം പെരുകി നില്‍ക്കുന്ന അവസ്ഥയില്‍ ഇത്തരം സാദ്ധ്യതകള്‍ എത്തിക്കുക എന്നുള്ളത് രക്ഷകര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം. ബുദ്ധിമുട്ടായിരിക്കും ഈ കുട്ടികള്‍ക്കായി ഒരു വിശാല മുറി തന്നെ കണ്ടെത്തി ഒരു മീറ്റര്‍ അകലത്തില്‍ ഇരുത്തി കൊണ്ട് ഒരു പ്രത്യേക പ്ലാറ്റ്‌ഫോം ഉണ്ടാക്കിയെടുത്ത് അവിടേക്ക് അദ്ധ്യാപന സൗകര്യം എത്തിക്കാവുന്നതാണ് നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സജ്ജമാക്കിയ ഓണ്‍ലൈന്‍ ക്ലാസുകളെപ്പറ്റി ആലോചിക്കേണ്ടതുണ്ട്.
എല്‍ ജി ബി റ്റി ഐ ക്യൂ സമൂഹം :
എല്‍ ജി ബി റ്റി ഐ ക്യു ഐഡന്റിറ്റി ഉള്ള വ്യക്തികള്‍ മിക്കവരും സ്വന്തം കുടുംബത്തില്‍ നിന്നും അകറ്റപ്പെട്ടവരാണ്. സമൂഹവും വേണ്ടത്ര സ്വീകാര്യത ഇവര്‍ക്ക് നല്കുന്നില്ല. അതിനാല്‍ തന്നെ സ്വന്തമായ ഇടങ്ങള്‍ കണ്ടെത്തി, അവിടെ താമസിച്ചുകൊണ്ട് തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നവരാണ് മിക്കവരും . ഭൂരിഭാഗം പേരും മേക്കപ്പ് ആര്‍ട്ടിസ്റ്റ്, നൃത്തം, അധ്യാപനം, അഭിനയം, മോഡലിങ്, അടക്കമുള്ള മേഖലകളില്‍ ആണ് തൊഴില്‍ ചെയ്യുന്നത്. ഈ മേഖലയില്‍ നിന്നുള്ള കവികള്‍ അടക്കമുള്ള ആക്ടിവിസ്റ്റുകള്‍, അഭിനേത്രികള്‍, വാര്‍ത്ത വായനക്കാര്‍, പൈലറ്റ് മുതലായ മറ്റൊരു വിഭാഗവും ശാക്തീകരിക്കപ്പെട്ടു വന്നിട്ടുണ്ട്. എന്നാല്‍ ഇന്നും ഒരു മികച്ച വാസസ്ഥലം പോലും ഇവര്‍ക്കു കിട്ടാതെ പോകുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. ഉടമകള്‍ അമിത വാടക ഈടാക്കിയാണ് വീടുകള്‍ നല്‍കുന്നത്. .ട്രാന്‍സ് സര്‍ജറി കഴിഞ്ഞവര്‍ക്ക് ഔഷധങ്ങള്‍ സൗജന്യമായി എത്തിക്കേണ്ടതുണ്ട്. നിലവില്‍ അവര്‍ തൊഴില്‍ ചെയ്യുന്ന മേഖലകള്‍ ലോക് ഡൗണ്‍ മൂലം സ്തംഭനാവസ്ഥ ആയതിനാലും, തുടര്‍ന്ന് ആ മേഖലകളില്‍ കാര്യമായ വ്യതിയാനം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാലും ഇന്നും അവഗണന അനുഭവിക്കുന്ന ആ വിഭാഗങ്ങള്‍ക്ക് വാസസ്ഥലം അടക്കമുള്ള സുരക്ഷ, ഭേദപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ എത്തിക്കാന്‍ സത്വര നടപടികള്‍ ഉണ്ടാവേണ്ടതാണ്.
കാറ്ററിംഗ് /ഹോട്ടല്‍ മേഖല :
കേരളത്തിലെ കാറ്ററിംഗ് മേഖല ഏറ്റവും നന്നായി വരുമാനമുണ്ടാക്കുന്ന സമയത്താണ് ലോക് ഡൗണ്ില്‍ അകപ്പെട്ടു പോയത്. സമൂഹവ്യാപനം തടയുവാനുള്ള സാമൂഹിക അകലം പാലിക്കല്‍ എന്ന പ്രതിരോധം കോവിഡ് 19 എന്ന വിപത്തിനെ ചെറുക്കാന്‍ അത്യന്താപേക്ഷിതമായതിനാല്‍ ഒന്നിച്ചിരുന്നുള്ള ഭക്ഷണം ലോക് ഡൗണിന് മുന്‍പ് തന്നെ വിലക്കപ്പെട്ടിരുന്നു. പുരവാസ്തുബലി, വിവാഹം, പിറന്നാള്‍ ആഘോഷങ്ങള്‍, പെരുന്നാള്‍, ഉത്സവ ആഘോഷങ്ങള്‍ അങ്ങനെ എല്ലാ ചടങ്ങുകളും നടക്കുന്ന സമയത്ത് തന്നെയായിരുന്നു ഹോട്ടല്‍ /കേറ്ററിംഗ് സര്‍വീസുകളെ ഇത് ബാധിച്ചത്. ഇപ്പോള്‍ 25 പേര്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കാം എന്നുള്ള ഒരു ക്രമപ്പെടുത്തല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേറ്ററിംഗ് മേഖലയെ പിടിച്ചുനിര്‍ത്തുന്ന മുഴുവന്‍ പാചക തൊഴിലാളികളെയും ഉള്‍പ്പെടുത്തുവാന്‍ കേറ്ററിംഗ് ഉടമയ്ക്ക് സാധിക്കുന്നില്ല. കൂട്ടത്തില്‍ ഏറ്റവും അത്യാവശ്യമുള്ള പാചക തൊഴിലാളികള്‍ക്ക് തൊഴില്‍ കൊടുത്തു കൊണ്ടാണ് ഈ മേഖല നീങ്ങുന്നത്. ഹോട്ടല്‍ മേഖലയില്‍ പാര്‍സല്‍ സര്‍വീസ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ സാധ്യമല്ല. തട്ടുകട അടക്കമുള്ള വഴി ക്കച്ചവടങ്ങള്‍ നിരോധിച്ചു. കേറ്ററിംഗ് മേഖലയില്‍ കൗമാരക്കാരായ ആയ നിരവധി ചെറുപ്പക്കാര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. തങ്ങളുടെ പഠനത്തിന് മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി പണം കണ്ടെത്തുകയും, ബുക്ക് പുസ്തകം യൂണിഫോം പഠനത്തിനാവശ്യമായ കമ്പ്യൂട്ടര്‍, ലാപ്‌ടോപ് ഫോണ്‍ തുടങ്ങിയ സാധനങ്ങള്‍ വാങ്ങുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സദ്യകളില്‍ വിളമ്പുവാന്‍ പോയി ഉണ്ടാക്കിയിരുന്നു. പഠനാവശ്യത്തിനായി മറ്റാരേയും ബുദ്ധിമുട്ടാതിരിക്കുവാനോ, അല്ലെങ്കില്‍ വീട്ടിലെ സാമ്പത്തിക പ്രയാസം കൊണ്ടോ ആണ് ഇവര്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടത്. അവര്‍ക്കൊക്കെയും തൊഴില്‍ നഷ്ടമായി. അതുപോലെതന്നെ കുടുംബസ്ഥരായ പാചക തൊഴിലാളികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ജോലി നഷ്ടമായി. വരുംകാലങ്ങളില്‍ ഈ സര്‍വീസ് തിരിച്ചു എത്തുമോ എന്ന് തന്നെയുള്ള ആശങ്കയിലാണ് നിലകൊള്ളുന്നത് കാരണം കോവിഡ് എന്ന രോഗത്തിന് ഫലപ്രദമായ മരുന്നു കണ്ടുപിടിക്കുന്നത് വരെ ഈ മേഖല തിരിച്ച് വരുവാന്‍ സാധ്യത തീരെ കുറവാണ്. ഓണക്കാലം ഏറ്റവുമധികം പുരവാസ്തുബലിയും വിവാഹവും അടക്കമുള്ള ചടങ്ങുകള്‍ നടക്കുന്ന സമയമാണ്. ഇപ്പോഴുള്ള സാഹചര്യം കണക്കിലെടുത്തു ഈ മേഖലയില്‍ ഉള്ളവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്.
ഡ്രൈവിംഗ് മേഖല
ഓട്ടോ, കാര്‍, ബസ് െ്രഡെവര്‍മാര്‍, കണ്ടക്ടര്‍മാര്‍, സഹായികള്‍ തുടങ്ങി വലിയൊരു സമൂഹം ഇപ്പോള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്നുണ്ട് ഗതാഗതം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്. പരമാവധി വാഹനത്തില്‍ കയറ്റാവുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ഇന്ധനത്തിനുള്ള പണം മുടക്കിയത് തിരിച്ചു കിട്ടുവാന്‍ ഉതകാത്ത സര്‍വീസുകള്‍ കൂടുതല്‍ കടക്കെണിയില്‍ എത്തിക്കുമെന്നതിനാല്‍ ആ തൊഴില്‍ മേഖല ഏറെക്കുറെ ഇപ്പോള്‍ നിശബ്ദമാണ്. ഒരു ദിവസത്തെ ഓട്ടംകഴിഞ്ഞ് ബസ് ഉടമയ്ക്കു ലാഭം കിട്ടുന്ന തരത്തില്‍ ഗതാഗതം പുനരാരംഭിച്ചാല്‍ മാത്രമേ ബസ് നിരത്തിലേക്ക് ഇറങ്ങാന്‍ സാധ്യത ഉണ്ടാകൂ. സ്വന്തമായി വാഹനം ഉള്ളവരായാലും, മറ്റൊരാളുടെ വാഹനം വാടകയ്ക്ക് എടുത്ത് ഓടുന്നവര്‍ ആയാലും സമൂഹ വ്യാപനം കുറയ്ക്കുക എന്നുള്ള മുഖ്യ നയത്തില്‍ നിന്ന് തന്നെ കോവിഡിനെ നേരിടുന്നതിനാല്‍ വരുമാനം കിട്ടാതായതു ഔട്ടോ /കാര്‍ െ്രഡെവര്‍മാരുടെ വീടുകളിലെ അവസ്ഥ ദുസ്സഹമാക്കി. ഗതാഗതം നിലക്കുമ്പോള്‍ രാജ്യത്തിന്റെ, ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തമായി തന്നെ ബാധിക്കും. അതിനെ നേരിടുവാനുള്ള ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനൊപ്പം, തൊഴില്‍ നഷ്ടം ആയവരെ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.
മദ്രസ അധ്യാപകര്‍
ആരാധനാലയങ്ങള്‍ അടച്ചിട്ടത് മദ്രസ അധ്യാപകരുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ അധ്യാപനം അല്ലെങ്കില്‍ മറ്റു തൊഴിലുകള്‍ ഉള്ളവര്‍ മദ്രസ അധ്യാപകരായി എത്താറുണ്ട് അവരെ ലോക് ഡൗണ്‍ കാര്യമായി ബാധിക്കുന്നില്ല. ഒരു മദ്രസ അധ്യാപകന്‍ ഏറെക്കുറെ പള്ളിയുടെ മുഴുവന്‍ മേല്‍നോട്ടവും ചെയ്തുകൊണ്ടാണ് ഈ തൊഴില്‍ ചെയ്യുന്നത്. ഇത് മാത്രം ഉപജീവനം ആയിട്ടുള്ള മദ്രസ അധ്യാപകരുടെ അവസ്ഥ വളരെ മോശമായിട്ടാണ് ഇപ്പോള്‍ കടന്നുപോകുന്നത്. അവര്‍ക്കു വരുമാനത്തിനായ് മറ്റു തൊഴിലുകള്‍ ഉണ്ടാവണമെന്നില്ല നിലവില്‍ കൂട്ടായ്മകള്‍ സാധിക്കാത്തതിനാല്‍ തന്നെ അവര്‍ക്ക് ആകെയുള്ള വരുമാന സാധ്യതയാണ് അടഞ്ഞു പോയത് . പെരുന്നാള്‍ അടക്കമുള്ള വിശേഷദിവസങ്ങളില്‍ ആയിരുന്നു ഇവര്‍ക്ക് വരുമാനം കുറച്ചു കൂടുതല്‍ ലഭ്യമായിരുന്നത്. അതും ഇപ്പോഴത്തെ സാഹചര്യത്തില്‍ നഷ്ടമായിട്ടുണ്ട്. ഇനി എപ്പോഴായിരിക്കും ഈ അവസ്ഥ മാറി ആരാധനാലയങ്ങള്‍ തുറക്കുക എന്നത് അനിശ്ചിതത്വത്തില്‍ ആയതിനാല്‍ മദ്രസ അധ്യാപകരുടെ അവസ്ഥ വളരെ ബുദ്ധിമുട്ടാണ്. തൊഴില്‍ നഷ്ടം ആയവരില്‍ ഇവരെക്കൂടി ഉള്‍പ്പെടുത്തി പരിരക്ഷ ഉറപ്പാക്കേണ്ടതാണ്.
ക്ഷീര വ്യവസായം:
ക്ഷീരമേഖലയിലെ പാല്‍ സംഭരണം ഏറെക്കുറെ പഴയ പോലെ തന്നെ നടന്നു. മില്‍മയുടെ നേതൃത്വത്തില്‍ പ്രാഥമിക സംഭരണ ശാലകള്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് പാല്‍ സംഭരിച്ചു. ഹോട്ട്‌സ്‌പോട്ട് പ്രഖ്യാപിച്ച നിയന്ത്രണ മേഖല ഒഴികെ എല്ലായിടത്തും തന്നെ പാല്‍ വിതരണം കൃത്യമായി നടന്നു. സംഭരണ ശേഷം തിരികെ എത്തിയ വണ്ടി അണുനശീകരണം നടത്തിയാണ് അടുത്ത ദിവസത്തിനായി സജ്ജമാക്കിയത്.
വളരെ കുറഞ്ഞ ചിലവില്‍ പ്രോട്ടീനും, ധാതുക്കളും അടങ്ങിയ സമ്പൂര്‍ണ്ണ ഭക്ഷണം എന്ന് നിലയില്‍ കോവിഡ് 19 ബാധിച്ചിരിക്കുന്ന അവസ്ഥയില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു എന്ന നിലയില്‍ പാലിന് കൃത്യമായ സ്ഥാനം ഉണ്ട്. നിലവില്‍ മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ ശാരീരിക ആരോഗ്യം അത്യന്താപേക്ഷിതമാണ് അതുകൊണ്ടുതന്നെ കാര്‍ഷിക മേഖലയുടെ വിഭാഗത്തില്‍ ഉള്ള ക്ഷീരമേഖലയില്‍ വരും കാലങ്ങളില്‍ കൂടുതല്‍ പേര്‍ കടന്നു വരുവാന്‍ സാധ്യത കാണുന്നുണ്ട് എന്നതാണ് പ്രാഥമിക നിഗമനം.
കോവിഡ് 19 മൂലമുള്ള ലോക് ഡൗണ്‍ മൂലം ചെക്ക്പോസ്റ്റുകളില്‍ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നതുകൊണ്ട് അതിര്‍ത്തി കടന്നു വന്ന് കൊണ്ടിരുന്ന നിലവാരം കുറഞ്ഞ പാല് പിടിച്ചെടുത്തിരുന്നതിനാല്‍ അമിതലാഭം ഉണ്ടാക്കി ക്കൊണ്ടിരുന്ന സ്വകാര്യ മേഖലയില്‍ നിന്നുള്ള പാല് വിതരണം നിലച്ചിരുന്നു. ശുദ്ധമായ പാല് നേരിട്ടു ക്ഷീര കര്‍ഷകരില്‍ നിന്നും വാങ്ങി അവര്‍ക്കു ലാഭം ഉറപ്പാക്കിക്കൊടുക്കുവാനും, ജനത്തിന് കുറഞ്ഞ ചിലവില്‍ ഒരു സമ്പൂര്‍ണ ഭക്ഷണം എന്ന നിലയില്‍ ആരോഗ്യ മേഖലയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും മില്‍മയ്ക്കു സാധിച്ചു. പാല് വില കൂട്ടിയതുമില്ല ഏതൊക്കെ പ്രതിസന്ധികള്‍ വന്നാലും പാലിന്റെ വില എല്ലായ്‌പ്പോഴും സ്ഥിരമായി നിലനിര്‍ത്തുവാന്‍ സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പാല്‍ ചിലവ് കുറഞ്ഞ ഒരു ഭക്ഷണ വസ്തു എന്ന നിലയില്‍ വില ഇടിഞ്ഞ് പോകുവാനുള്ള സാധ്യത കുറവാണ് എന്നതും ക്ഷീരമേഖലയെ പിടിച്ചു നിര്‍ത്തി.
കലാ സംഘങ്ങള്‍
വലിയ സ്‌പോണ്‍സര്‍ ഷിപ്പുകളുടെ സഹായം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പിന്നണി ഗായകര്‍, ഗാനമേള ട്രൂപ്പുകള്‍, മിമിക്രി സംഘങ്ങള്‍, കൊറിയോഗ്രാഫര്‍മാര്‍, നാടന്‍പാട്ട് കലാ സംഘങ്ങള്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, സൗണ്ട് എന്‍ജിനീയറിങ്, ബാലെ, നാടകം ട്രൂപ്പുകള്‍, തെരുവ് നാടകങ്ങള്‍, കഥാ പ്രസംഗങ്ങള്‍, ഉപകരണ സംഗീതം, ബാന്‍ഡ് സെറ്റ്, പന്തല്‍,-സ്റ്റേജ് ഡെക്കറേഷന്‍, ലൈറ്റ് &സൗണ്ട്, തയ്യല്‍ തൊഴിലാളികള്‍, ഹാള്‍, കസേര, പാത്രങ്ങള്‍ മുത്തുക്കുട നിര്‍മ്മാണം, എന്നിങ്ങനെയുള്ള കലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തകര്‍ – ഇവരെല്ലാം ഏറെ പ്രതിസന്ധിയിലാണ് ഇപ്പോള്‍. പ്രളയം മുതല്‍ ഈ മേഖലയിലുള്ള കലാകാരന്മാര്‍ക്ക് തിരിച്ചടി അനുഭവപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഉത്സവ സീസണുകള്‍, പെരുന്നാള്‍ സീസണുകള്‍ ആഘോഷ പരിപാടികള്‍ എന്നിവയില്‍ നിയന്ത്രണം വരുത്തിയതിനാല്‍ ഈ മേഖലയിലുള്ള കലാകാരുടെ ജീവിതം ദുരിതക്കയത്തില്‍ ആണ് പ്രകൃതി ദുരന്തങ്ങളിലും മഹാമാരികളിലും സമൂഹത്തെ പിടിച്ചുയര്‍ത്തുന്നത് വേദനയുടെ ഒപ്പം നില്‍ക്കുന്ന നാടിന്റെ സാംസ്‌കാരികതയാണ്. ദലിത്, പിന്നോക്ക മേഖലയില്‍ നിന്നുള്ള നിരവധി കലാസംഘങ്ങള്‍ കല കൊണ്ട് ഉപജീവനം കഴിക്കുന്നവരാണ്. അവര്‍ക്ക് ഇതുവരേയും കാര്യമായ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. അതിനാല്‍ കലാ രംഗത്തുള്ള വ്യക്തികളുടെ സാമ്പത്തിക തൊഴില്‍ നഷ്ടങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതി ഉണ്ടാവേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ഇതര സംസ്ഥാന തൊഴിലാളികള്‍ :
കോവിഡ് 19 അനുബന്ധിച്ച് ഉണ്ടായ ലോക് ഡൗണില്‍ പലായനത്തിന്റേയും, ഭക്ഷണ ദൗര്‍ലഭ്യതയുടെയും, തൊഴില്‍ നഷ്ടത്തിന്റെയും കൂടുതല്‍ ദുരിതങ്ങള്‍ അറിഞ്ഞത് ഇതര സംസ്ഥാന തൊഴിലാളികള്‍ ആയിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും ദലിത് വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ആധാര്‍ അടക്കമുള്ള രേഖകള്‍ പോലും ഇവരില്‍ മിക്കവര്‍ക്കുമില്ല. ഇത്തരക്കാരുടെ തൊഴില്‍ പുനരധിവാസം, ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ശുചീകരണ തൊഴിലാളികള്‍, റിക്ഷാ തൊഴിലാളികള്‍, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ക്കൊക്കെ വളരെ കൃത്യമായ പോളിസികള്‍ നടപ്പിലാക്കേണ്ടതുണ്ട്.
നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍, സോഷ്യോ – ഇക്കണോമിക് ആന്‍ഡ് കാസ്റ്റ് സര്‍വ്വേ ഡാറ്റ എന്നീ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഭൂരഹിതരായി ഉള്ളത്, ഏറ്റവുമധികം വ്യക്തികള്‍ വാടക വീടുകളില്‍ താമസിക്കുന്നത്, സ്വന്തമായി വാഹനങ്ങള്‍ ഏറ്റവും കുറവ് ഉള്ളവര്‍, ഡിജിറ്റല്‍ ഡിവൈസസ്, ഡാറ്റാ ആക്‌സസ് എന്നിവയുടെ ലഭ്യത കുറവ് ഉള്ളവര്‍, ഏറ്റവും കൂടുതലായ് കോളനികളില്‍ താമസിക്കുന്നവര്‍ ഇന്ത്യയിലെ ദളിത്-ആദിവാസി വിഭാഗങ്ങളാണ്. ഇവര്‍ക്കൊപ്പം അതീവ പിന്നോക്ക മേഖലയില്‍ ഉള്ളവര്‍ കൂടി ചേര്‍ന്ന സമൂഹങ്ങള്‍ക്കാണ് കോവിഡ് 19 പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം ഉണ്ടായിരിക്കുന്നത്. പുതിയ തൊഴില്‍ അവസരങ്ങള്‍ ഇവര്‍ക്കായി ഉണ്ടാക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയിലും, അതിനോട് ബന്ധപ്പെട്ടുണ്ടാകുന്ന വ്യവസായ മേഖലയിലുമാണ് ഇനി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്നത്. അത്തരം മേഖലകളില്‍ ഇപ്പോള്‍ തൊഴില്‍ നഷ്ടമായവരെ ഉള്‍പ്പെടുത്തി പരിശീലനം നല്‍കേണ്ടതുണ്ട്. കാര്‍ഷികവൃത്തി നന്നായി അറിയാവുന്ന ദലിത് അറിവുകള്‍ ഉള്‍പ്പെടുത്തി പുതിയ തൊഴില്‍ പാക്കേജ് നടപ്പിലാക്കേണ്ടതാണ്. ക്ഷീര വ്യവസായത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കന്നുകാലി വളര്‍ത്തല്‍, പുല്ല് കൃഷി, കാലിത്തീറ്റ എന്നിവയെ പ്രാഥമിക പട്ടികയില്‍ പെടുത്തിയുള്ള പാക്കേജിന് പ്രാധാന്യം നല്‍കുക. ദലിത്, ആദിവാസി, അതീവ പിന്നോക്ക വിഭാഗക്കാരുടെ മക്കളുടെ ഈ ലേണിങ് വിദ്യാഭ്യാസത്തിനു ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ക്ക് സഹായം നല്‍കുക. നിലവിലെ സാഹചര്യങ്ങള്‍ മാറുമെന്നും, പ്രതീക്ഷയുടെ പുതിയ വാതായനങ്ങള്‍ തുറക്കുമെന്നും ഉറപ്പു നല്‍കുന്ന മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ ഈ മേഖലയിലെ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും നല്‍കുക. വൃദ്ധ ജന, നവജാതശിശു പരിരക്ഷയ്ക്കാവശ്യമായ നൂതന പദ്ധതി തുടങ്ങുക. ഈ മേഖലയില്‍ പെട്ടവര്‍ക്ക് അടിയന്തിര സഹായം എന്ന നിലയില്‍ ഒരു ലക്ഷം രൂപയുടെ ധന സഹായം നല്‍കുക. കുറഞ്ഞ പലിശ നിരക്കില്‍, കൂടുതല്‍ തിരിച്ചടവ് സമയം ഉള്‍പ്പെടുത്തി ആവണം ഈ പാക്കേജ് നടപ്പിലാക്കേണ്ടത്. അത് അര്‍ഹിക്കുന്ന കരങ്ങളില്‍ എത്തിക്കുവാനായി അര്‍പ്പണബോധമുള്ള ആളുകളെ ചുമതലപ്പെടു ത്തുക.
മാറിയ സാഹചര്യങ്ങളെ നേരിടുവാന്‍ മികച്ച ശാരീരിക, മാനസിക, ആരോഗ്യമുള്ള സമൂഹത്തെ ആവശ്യമാണ്. അത്തരം പൗരര്‍ ചേര്‍ന്നേ കോവിഡാനന്തര ഇന്ത്യയെ നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളു.ഇന്ത്യന്‍ ഭരണഘടന പ്രത്യേക പരിരക്ഷ ഉറപ്പ് നല്‍കുന്ന ജന വിഭാഗങ്ങള്‍ക്ക് അത് നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. കോവിഡ് കാലത്തെ പ്രത്യേക സാമ്പത്തിക പാക്കേജ് ദലിത് ആദിവാസി അതീവ പിന്നോക്ക ജനതയുടെ അവകാശമാണ്.
റഫറന്‍സ് :
1. Data Of Micro Small and Medium Enterprises. 11/06/2020
2 )National Sample Survey Organisation report,2012-2013.
3) Socio Economic and Caste Census Report,2011.
ടെലിഫോണ്‍ അഭിമുഖങ്ങള്‍
ജെറില്‍ ടോം (ലക്ച്ചറര്‍, സാമ്പത്തിക ശാസ്ത്ര വിഭാഗം, എസ് ബി കോളേജ്, ചങ്ങനാശ്ശേരി )
എം. ടി . ജയന്‍ (മുന്‍ ചെയര്‍മാന്‍, മില്‍മ എറണാകുളം മേഖല യൂണിറ്റ് )
രാജീവ് ഗോപി (ജനറല്‍ മാനേജര്‍, ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍, കോട്ടയം )
ഗോമതി അഗസ്റ്റിന്‍ (പൊമ്പിളൈ ഒരുമൈ )
ശാന്തമ്മ ( പ്രസവാനന്തര ശ്രുശ്രൂഷ)
അനില്‍ കുമാര്‍ ഡേവിഡ് (കവി )
പ്രിജിത് (പ്രസിഡന്റ് ,ക്യു വറിഥം )
ശശി ജനകല (ഫോക് ലോര്‍ അക്കാദമി /സാംസ്‌കാരിക വകുപ്പ് ബാംബൂ ആര്‍ട്ട് ജേതാവ്, ഗ്രീന്‍ ഫൈബര്‍ ചെയര്‍മാന്‍ )
ആശാലത രാജന്‍ (വര്‍ണം കേറ്ററിംഗ് )
മായാ സൂസന്‍, അനൂപ് സി എസ്, ഷമീല്‍ സി പി (മാനുഫാക്റ്ററിങ് റീറ്റെയ്ല്‍ സംരംഭകര്‍ )
ബൈജു മണര്‍കാട് (പെയിന്റിംഗ് മേഖല )
റോബിന്‍സണ്‍ (D Hഡ്രീം ഹോം ഡിസൈനേഴ്സ് ആന്‍ഡ് ഡിവലപ്പേഴ്സ് )
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in