കോവിഡും മുതലാളിത്തവും എം എ ബേബിയും
സംഭവിക്കാന്‍ പോകുന്നത് കോളറ, പ്ലേഗ്, വസൂരി, ക്ഷയം തുടങ്ങിയ മാരക രോഗങ്ങളെ ഭൂമുഖത്തു നിന്നു തുടച്ചുനീക്കുന്നതിനുള്ള വാക്‌സിനുകള്‍ കണ്ടെത്തി വിപണിയിലെത്തിച്ച അതേ ലോക വിപണി ശക്തികള്‍ തന്നെ ഒരു വര്‍ഷത്തിനുള്ളില്‍ കൊറോണക്കെതിരായ ഫലപ്രദമായ വാക്‌സിനും വിപണിയിലെത്തിക്കും എന്നതാണ് – മുതലാളിത്തമാണ് കോവിഡിനെ സൃഷ്ടിച്ചതെന്നും കോവിഡിനെതിരെയുള്ള സമരം മുതലാളിത്തത്തിനെതിരായ സമരമായി വികസിപ്പിക്കണമെന്നുമുള്ള എം.എ.ബേബിയുടെ നിലപാടിനോട് കെ വേണു പ്രതികരിക്കുന്നു
മുതലാളിത്തമാണ് കോവിഡിനെ സൃഷ്ടിച്ചതെന്നും കോവിഡിനെതിരെയുള്ള സമരം മുതലാളിത്തത്തിനെതിരായ സമരമായി വികസിപ്പിക്കണമെന്നും സി.പി.എം.നേതാവ് എം.എ.ബേബി അണികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോ കാണാനിടയായി. ഒരു പാര്‍ട്ടി നേതാവ് അണികളോട് എന്ത് പറയുന്നു എന്നുള്ളത് മറ്റുള്ളവര്‍ അന്വേഷിക്കേണ്ട കാര്യമല്ല. പക്ഷെ കോവിഡ് ഇപ്പോള്‍ മുഴുവന്‍ മനുഷ്യവംശത്തിനു മുന്നില്‍ ഒരു വെല്ലുവിളി ആയിട്ടുള്ള സാഹചര്യത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള പ്രസ്താവനകളില്‍ പൊതുസമൂഹം താല്‍പര്യമെടുക്കുക സ്വാഭാവികമാണ്.
കോവിഡിന്റെ ഉത്ഭവസാഹചര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമൊക്കെ ചൈനയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചൈന അനുകൂലമായി പ്രതികരിച്ചിട്ടില്ല. കുറച്ചു വിവരങ്ങള്‍ ഇപ്പോള്‍ തന്നെ ലോകത്തിനു മുന്നിലുണ്ട്. വുഹാനിലെ ഒരു ഡോക്ടര്‍ ആദ്യമായി ഈ വൈറസിന്റെ സാന്നിദ്ധ്യവും അതിന്റെ അപകടസ്വഭാവവും അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അധികാരികള്‍ ഈ വിവരം പരസ്യപ്പെടുത്തരുതെന്നു താക്കീത് ചെയ്യുകയും അങ്ങിനെ എഴുതിവാങ്ങുകയും ചെയ്തുവത്രേ. താമസിയാതെ ആ ഡോക്ടര്‍ ആ രോഗം പിടിപെട്ടു മരിക്കുകയും ചെയ്തു. കാര്യങ്ങള്‍ പിടി വിട്ടുപോകുമെന്നു കണ്ടപ്പോഴാണ് ചൈന ഈ വൈറസിനെ കുറിച്ച് ലോകത്തെ അറിയിക്കുന്നത്. വൈറസിന്റെ ജനിതകഘടന ലോകശാസ്ത്രലോകത്തിനു വെളിപ്പെടുത്തുകയും ഈ വൈറസിനെതിരായ വാക്‌സിന്‍ കണ്ടു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ ലോകനിലവാരത്തില്‍ ഊര്‍ജിതമായി നടക്കുന്നുമുണ്ട്. തീര്‍ച്ചയായും ചൈനയിലേതുള്‍പ്പെടെ ലോകതലത്തിലുള്ള മുതലാളിത്ത ശക്തികള്‍ തന്നെയാണ് ഇതിനു പിന്നിലുള്ളത്.
വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്കെത്തുന്നത്. ജന്തുക്കളെ ജീവനോടെ പ്രദര്‍ശിപ്പിച്ചു ആവശ്യക്കാര്‍ക്ക് വേണ്ടതിനെ കൊന്ന് മാംസം കൊടുക്കുന്ന ചന്തയെ ആണ് വെറ്റ് മാര്‍ക്കറ്റ് എന്ന് വിളിക്കുന്നത്. ഒരു പ്രത്യേകവിഭാഗം വവ്വാലുകളുടെ ശരീരം അഭയസ്ഥാനമാക്കുന്നവയാണ് കൊറോണ വൈറസ്. ഈ വവ്വാലുകളുമായി ബന്ധം പുലര്‍ത്തുന്ന ഇടനില ജന്തുക്കള്‍ വഴിയാണ് ഈ വൈറസ് മനുഷ്യരിലേക്കെത്തിയത്. ഈ വൈറസാകട്ടെ പണ്ടുമുതലേ പ്രക്രുതിയിലുള്ളതാണ് താനും. വെറ്റ് മാര്‍ക്കറ്റും പണ്ട് മുതലേ എല്ലാ രാജ്യങ്ങളിലും നിലനില്‍ക്കുന്നതാണ്. അപ്പോള്‍ ഈ വൈറസിന്റെ ഉത്ഭവത്തിലും വിപണീപ്രവേശത്തിലും മുതലാളിത്തത്തിന് ഒരു പങ്കുമില്ലെന്ന് കാണാം. എന്നാല്‍ ലോകവ്യാപകമായി ഈ വൈറസ് എത്തിയതിനു പിന്നില്‍ ലോകവിപണി തന്നെയാണുള്ളത്. പക്ഷെ ഇത്തരമൊരു വിപണിയില്ലാതെ ലോകത്തിനു നിലനില്‍ക്കാനാവുമോ? ഇല്ലെന്ന് ഉറപ്പാണ്. തുറന്ന വിപണിയില്ലാതെ സോവിയറ്റ് മോഡല്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ തകര്‍ന്ന് തുറന്ന വിപണിയിലേക്ക് കൂപ്പു കുത്തുകയാണുണ്ടായത്. തുറന്ന വിപണിയില്ലാത്ത മാവോയുടെ ചൈന വിപണിയെ പുണര്‍ന്നതിന്റെ പേരിലാണ് പിടിച്ചു നില്‍ക്കുന്നത്.
സമീപകാലത്ത് ലോകവിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നെട്ടോട്ടത്തില്‍ ചൈന മുഴുവന്‍ ലോകരാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങള്‍ മാത്രമല്ല എല്ലാ സാമൂഹ്യബന്ധങ്ങളും സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ വൈറസിന്റെ ലോകവ്യാപനം തടയുക എളുപ്പമായിരുന്നില്ല. എന്നാല്‍ പല സങ്കുചിത പരിഗണനകളും നിമിത്തം സാധ്യമാകുമായിരുന്ന കരുതല്‍ പോലും ചൈന സ്വീകരിച്ചില്ലെന്ന വിമര്ശനം സാധുവാണ്. ചൈനയുടെ ലോകവ്യാപാര ശ്രുംഖലയിലെ പ്രധാന കണ്ണിയായി തീര്‍ന്നിട്ടുള്ള ഇറ്റലിയിലാണ് യൂറോപ്പില്‍ ഈ വൈറസ് ആദ്യം വ്യാപിച്ചത് എന്നത് യാദൃച്ഛികമല്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫാസിസ്റ്റ് നിയന്ത്രണം വലിയൊരു പരിധി വരെ ഇപ്പോഴും ചൈനയില്‍ നിലനില്‍ക്കുന്നതുകൊണ്ട് സാമൂഹ്യ അകലം പാലിക്കല്‍ പോലുള്ള നടപടികള്‍ കര്ശനമായി നടപ്പിലാക്കിക്കൊണ്ട് അവിടെ രോഗവ്യാപനം ഗണ്യമായി തടഞ്ഞു നിര്‍ത്താനാവുന്നുണ്ട്. ജനാധിപത്യരാജ്യങ്ങളില്‍ അതത്ര എളുപ്പവുമല്ല. ബേബിയുടെ സങ്കല്‍പത്തിലുള്ള ഏതെങ്കിലും സോഷ്യലിസ്റ്റ് സമൂഹത്തില്‍ വൈറസിനെ തടഞ്ഞു നിര്‍ത്താമെന്നു തീര്‍ച്ചയായും സ്വപ്നം കാണാം. യഥാര്‍ത്ഥത്തില്‍ സംഭവിക്കാന്‍ പോകുന്നത് കോളറ, പ്ലേഗ്, വസൂരി, ക്ഷയം തുടങ്ങിയ മാരക രോഗങ്ങളെ ഭൂമുഖത്തു നിന്നു തുടച്ചുനീക്കുന്നതിനുള്ള വാക്‌സിനുകള്‍ കണ്ടെത്തി വിപണിയിലെത്തിച്ച അതേ ലോക വിപണി ശക്തികള്‍ തന്നെ ഒരു വര്‍ഷത്തിനുള്ളില്‍ കൊറോണക്കെതിരായ ഫലപ്രദമായ വാക്‌സിനും വിപണിയിലെത്തിക്കും എന്നതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in