കൊവിഡിലും വേണം സമന്വിത ചികിത്സാ സംവിധാനം

ഒരു സമന്വിത ചികിത്സാസംവിധാനം രോഗികളുടെ അവകാശ ലംഘനങ്ങള്‍ക്ക് തടയിടുക വഴി ഉയര്‍ന്ന ജനാധിപത്യ മൂല്യങ്ങളെ, സമൂഹത്തിന്റെ പൊതുതാല്‍പര്യങ്ങളേയും സുരക്ഷിതത്വത്തേയും പണയപ്പെടുത്താതെത്തന്നെ, ഉയര്‍ത്തിപ്പിടിക്കും. ഇപ്പോഴത്തെ നിലയില്‍ രോഗത്തിന്റെ മാരകതയേക്കാള്‍ പലരേയും അസ്വസ്ഥരും അവശരും ആക്കുന്നത് രോഗഭയവും രോഗനിര്‍ണ്ണയം സൃഷ്ടിക്കുന്ന പരാധീനതയുടേയും നിരാലംബതയുടേയും ഭീകരചിത്രങ്ങളും ആണ്. രോഗവ്യാപനത്തിന്റെ ആദ്യ ആഴ്ചകളില്‍ രോഗമുക്തി നേടി പുറത്തു വരുന്ന (അന്ന് രോഗികളുടെ എണ്ണം നാമമാത്രമായിരുന്നു) വ്യക്തികള്‍ക്ക് ആശുപത്രി അധികൃതര്‍ നല്‍കിയിരുന്ന യാത്രയയപ്പും യുദ്ധം ജയിച്ച ഒരു യോദ്ധാവിന്റെ പരിവേഷത്തോടെ പുറത്തുവരുന്ന വ്യക്തിയുടെ ചിത്രവുമെല്ലാം യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ തിരിച്ചടിയാകുകയാണ് എന്നുകരുതണം. യുദ്ധം ചെയ്യാന്‍ കെല്‍പ്പില്ലാത്തവരുടെ കാര്യം പരുങ്ങലിലാകും എന്ന സന്ദേശമാണ് ആ ചിത്രങ്ങള്‍ ഇപ്പോള്‍ രോഗവ്യാപനം ഏറെ കൂടിയ സമയത്ത് ആളുകളുടെ മനസ്സില്‍ ബാക്കിയാക്കുന്നത്.

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമമായി വര്‍ദ്ധനവുണ്ടായിക്കൊണ്ടിരിക്കുന്നു എന്നതില്‍ അത്ഭുതപ്പെടാന്‍ എന്തെങ്കിലും ഉണ്ടെന്നുതോന്നുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മുടെ ചില നിലപാടുകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്നു തോന്നുന്നു. ആദ്യഘട്ടത്തില്‍ രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കുന്നതില്‍ നാം പുലര്‍ത്തിയ ജാഗ്രത പിന്നീട് കുറഞ്ഞുപോയി എന്ന് ഒട്ടേറെപ്പേര്‍ പരിതപിക്കുന്നുണ്ട്. ഇക്കാര്യത്തിലും അത്ഭുതപ്പെടാനില്ല. നിത്യജീവിതത്തിന് വഴിയില്ലാതാകുമ്പോള്‍, സാമ്പത്തികബാധ്യതകള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍, തൊഴില്‍ ഇല്ലാതാകുമ്പോള്‍ എല്ലാം ക്രമത്തില്‍ ഏതൊരു സമൂഹത്തിലും സംഭവിക്കാവുന്ന അസ്വസ്ഥതകള്‍ തന്നെയാണ് ജാഗ്രതക്കുറവെന്ന പേരില്‍ നമ്മള്‍ വായിച്ചെടുക്കുന്നത്. ഇവയെ അപ്രതീക്ഷിതങ്ങളെന്നുപറഞ്ഞുകൂടാ. സമൂഹത്തില്‍ എല്ലാത്തരം സാമ്പത്തിക വ്യവഹാരങ്ങളും നിലച്ചുപോയിരിക്കുന്നു. ഇക്കാര്യമെല്ലാം അറിഞ്ഞും സഹിച്ചും ആളുകളെ വീടിനകത്തിരുത്തുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാകുമായിരുന്നില്ല, എത്ര കാലത്തേയ്‌ക്കെന്നതു സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നെങ്കില്‍. കോവിഡ് വരുത്തിവച്ചിരിക്കുന്ന അവ്യക്തതയും അനിശ്ചിതത്വവും എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിയ്ക്കുന്നതാണെന്നതു കാണാതിരുന്നുകൂടാ. ജീവിതം മുമ്പോട്ടുകൊണ്ടുപോകുക എന്ന വലിയ വെല്ലുവിളിയ്ക്കുമുമ്പില്‍ കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി ക്രമത്തില്‍ അസാധുവായിത്തീര്‍ന്നാല്‍ അതില്‍ അത്ഭുതമില്ല എന്നര്‍ത്ഥം. രോഗ-രോഗീസമ്പര്‍ക്ക സാധ്യതകളുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍, ഹോം ക്വാറന്റൈന്‍ എന്നീ കരുതല്‍നിരീക്ഷണങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞുപോയിരിക്കുന്നു. രോഗികളെന്നുതെളിഞ്ഞവരുടെ എണ്ണം കയ്യിലൊതുങ്ങുന്നതിനേക്കാള്‍ കൂടി വരുന്നു എന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. മാത്രമല്ല, യാതൊരു ലക്ഷണങ്ങളുമില്ലാത്ത എന്നാല്‍ ടെസ്റ്റില്‍പോസിറ്റീവായിത്തീരുന്നവരുടെ എണ്ണം കൂടിവരുന്നതും കാണേണ്ടതുണ്ട്. നടക്കുന്ന ടെസ്റ്റുകളുടെ എണ്ണം അത്ര അധികമല്ലതാനും. ഇതിനിടയില്‍ ഉറവിടമറിയാത്ത രോഗബാധകളുടെ എണ്ണം കൂടിവരികയും അത്തരം വര്‍ദ്ധനവ് കൂട്ടങ്ങളായി പെരുകാനാരംഭിക്കുകയും ചെയ്തതോടെ സമൂഹവ്യാപനം എന്ന സ്ഥിതിയും വന്നുചേര്‍ന്നു.

പ്രഖ്യാപിതപ്രദേശങ്ങള്‍ക്കുപുറത്തും സമൂഹവ്യാപനം നടന്നിരിക്കുന്നു എന്ന വാദഗതിയും കണക്കും നിരത്തുന്നവര്‍ ന്യൂനപക്ഷമല്ല. ഇതോടെ നമ്മുടെ മുന്‍ഗണനകള്‍ മാറിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റീവ് ആയ ആളുകളെ മുഴുവന്‍ കേന്ദ്രീകൃത സര്‍ക്കാര്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ കിടപ്പുരോഗികളാക്കി മാറ്റുക എന്നതാണ് അടുത്ത ദിവസങ്ങള്‍ വരേയും പിന്തുടര്‍ന്നിരുന്ന രീതി. എന്നാല്‍ ആ സൗകര്യങ്ങള്‍ മതിയാകുകയില്ല എന്നുവന്നതോടെ എല്ലാ ജില്ലകളിലും പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഒന്നാം ലെവല്‍ കോവിഡ്ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കുന്നു എന്നുമാത്രമല്ല സ്വകാര്യ ആശുപത്രികളേയും ചികിത്സാരംഗത്തേയ്ക്ക് അനുവദിയ്ക്കുന്ന സ്ഥിതിയും വന്നുചേര്‍ന്നിട്ടുണ്ട്. പഞ്ചായത്തുതല ചികിത്സാകേന്ദ്രങ്ങളിലേയ്ക്കായി വിദഗ്ധരെ സംഘടിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ ഡിസ്ചാര്‍ജ്ജുചെയ്യുന്ന വ്യവസ്ഥയിലും പരിഷ്‌കാരങ്ങള്‍ വന്നിട്ടുണ്ട്. ലക്ഷണങ്ങളില്ലാത്തവരേയും നിസ്സാരലക്ഷണങ്ങള്‍മാത്രമുള്ളവരേയും ഒരു പ്രാവശ്യം ടെസ്റ്റ് നെഗറ്റീവ് ആയാല്‍ ഡിസ്ചാര്‍ജ് ചെയ്യും. അത്തരക്കാര്‍ തുടര്‍ന്ന് വീട്ടില്‍ ഏഴു ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. ലക്ഷണമില്ലാത്തവര്‍, നിസ്സാര ലക്ഷണങ്ങള്‍ മാത്രം ഉള്ളവര്‍(കാറ്റഗറി എ), കുറച്ചൊരു ഗൗരവമുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ (കാറ്റഗറി ബി), കടുത്ത കോവിഡ്ലക്ഷണങ്ങള്‍ക്കൊപ്പം മറ്റു രോഗമുള്ളവര്‍ (കാറ്റഗറി സി) എന്നിങ്ങനെ നാലു വിഭാഗങ്ങളായിട്ടാണ് രോഗികളെ തിരിച്ചിട്ടുള്ളത്. ഇവരിലെല്ലാവരിലും ഡിസ്ചാര്‍ജ്ജ് വ്യവസ്ഥകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഇതുകൊണ്ടുള്ള നേട്ടം ആശുപത്രിസംവിധാനത്തിന്റെ ഭാരം വലിയ അളവില്‍ കുറയ്ക്കാം എന്നതാണ്. കൂടുതല്‍ കിടക്കകള്‍ ഒഴിവാക്കിയെടുത്താല്‍ അത്രയും കൂടുതല്‍പേരെ പുതുതായി ഉള്‍ക്കൊള്ളാനാകും. എന്നാല്‍ ഇതുകൊണ്ടൊന്നും വരുംദിനങ്ങളില്‍ സ്ഥിതി മെച്ചപ്പെടും എന്നുകരുതാന്‍ വയ്യ.

രോഗനിര്‍ണ്ണയം നടത്തുന്ന കാര്യത്തില്‍ത്തന്നെ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടെന്നത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. ലക്ഷണങ്ങളില്ലാത്ത ഒരാളെ ടെസ്റ്റുചെയ്യുന്നതില്‍ യുക്തിയില്ല എന്നഭിപ്രായമുള്ള പ്രഗത്ഭരുണ്ട്. വൈറസിനോടൊപ്പം ജീവിക്കുവാന്‍ സമൂഹത്തെ ഒരുക്കുക, വയോധികരേയും കോവിഡിതര കഠിനരോഗമുള്ളവരേയും പ്രത്യേകം ശ്രദ്ധിക്കുക, യുവാക്കളേയും സാമാന്യ ആരോഗ്യമുള്ളരേയും അണുബാധയേല്‍ക്കുന്നതില്‍ നിന്നും ഒരു പരിധിയില്‍ക്കൂടുതല്‍ സംരക്ഷിച്ചുവയ്ക്കാതിരിക്കുക എന്നിവയാണ് ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന വഴി. സമൂഹത്തില്‍ സാധാരണപോലെ ജീവിച്ചുകൊണ്ടുതന്നെ അണുബാധയില്‍ നിന്നും സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിലെ എല്ലാ അംഗങ്ങളും ഏറ്റെടുത്താല്‍ മാത്രമാകും ഇതുസാധിക്കുക. സമൂഹമര്യാദകളില്‍ ഇത് ചില പൊളിച്ചെഴുത്തുകള്‍ ആവശ്യപ്പെട്ടേക്കാം. ഹസ്തദാനം, ആലിംഗനം, ശാരീരികമായി അതിസാമീപ്യം വരുന്ന യാത്രകള്‍ തുടങ്ങി പലതും ഒഴിവാക്കുവാന്‍ നിര്‍ബന്ധിതരാകും. യാത്രകള്‍ അത്യാവശ്യത്തിനുമാത്രം എന്ന നിലയില്‍ പരിമിതപ്പെടുത്തേണ്ടിവരാം. പൊതു ഗതാഗത സൗകര്യങ്ങള്‍, പൊതു ഇടങ്ങള്‍, പൊതു ചടങ്ങുകള്‍, ഒത്തുചേരലുകള്‍ എന്നിവയിലെല്ലാം സ്വയം നിശ്ചിത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സമൂഹം തയ്യാറാകേണ്ടിവരാം. രാത്രിജീവിതം, നാഗരികങ്ങളായ രാക്കൂത്തുകള്‍, മദ്യപാന-തീന്‍ സദസ്സുകള്‍ക്കും നിയന്ത്രണങ്ങള്‍ വരാം. വീട്ടില്‍ കയറും മുന്‍പേ കൈകാല്‍ കഴുകുക, വസ്ത്രം മാറാതെ മറ്റുള്ളവരോട് ഇടപഴകാതിരിക്കുക എന്നിങ്ങനെയുള്ള ശീലങ്ങള്‍ ഉണ്ടാക്കിയേ പറ്റൂ. (ഇവ പലതും നാം മറന്നുപോയ ചിലപഴയ ശീലങ്ങള്‍ ഓര്‍മ്മിപ്പിച്ചാല്‍ അത്ഭുതപ്പെടാനില്ല). ഇവയില്‍ മിക്കതും ഇപ്പോള്‍ തന്നെ നടപ്പിലായിട്ടുണ്ടല്ലോ. പക്ഷേ എല്ലാ നിയന്ത്രണങ്ങള്‍ക്കും പരിധി ഉണ്ടായേ പറ്റൂ. ആളുകള്‍ തൊഴിലിടങ്ങളിലെത്തിയേ പറ്റൂ. വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളിലെത്തിയേ പറ്റൂ. അതുപോലെ സമൂഹത്തിലെ എല്ലാ അടിസ്ഥാനചലനങ്ങളും തിരിച്ചുപിടിച്ചേപറ്റൂ. അങ്ങാടികള്‍, ചന്തകള്‍, വാണിഭശാലകള്‍, വിനോദകേന്ദ്രങ്ങള്‍, കളിയിടങ്ങള്‍, കല്യാണമണ്ഡപങ്ങള്‍, ആരാധനാലയങ്ങള്‍…അങ്ങനെയെല്ലാം.

അതോടൊപ്പം ഈ മഹാമാരിക്കാലത്ത് നമുക്ക് തുടങ്ങിവയ്ക്കാവുന്ന ഏറ്റവും പ്രധാന സംരംഭമാണ് സമന്വിതചികിത്സാ സൗകര്യങ്ങള്‍. കേരളത്തില്‍ പരമ്പരാഗത വൈദ്യ സമ്പ്രദായങ്ങളുടെ, പ്രത്യേകിച്ചും ആയുര്‍വ്വേദത്തിന്റെ, സാന്നിദ്ധ്യവും സ്വീകാര്യതയും പൊതുവില്‍ വളരെയധികമാണ്. ജനങ്ങള്‍ പകര്‍ച്ചവ്യാധികള്‍ക്കുള്‍പ്പെടെ എല്ലാത്തരം ചികിത്സകള്‍ക്കും ആയുര്‍വ്വേദത്തെ ഉപയോഗിക്കുന്നുണ്ട്. ആയുര്‍വ്വേദത്തിന്റെ ഭാഷയും രീതിയും എല്ലാം പാശ്ചാത്യവൈദ്യത്തിന്റേതില്‍നിന്നും വ്യത്യസ്തമാണ്. സയന്‍സ് എന്ന പേരില്‍ ലോകം മുഴുവന്‍ അംഗീകരിച്ചിട്ടുള്ള വഴിയാണ് പാശ്ചാത്യവൈദ്യത്തിന്റേത്. അതില്‍നിന്നും ഭിന്നമായതൊന്നും സയന്‍സ് ആണെന്ന് അവര്‍ അംഗീകരിക്കുന്നില്ല. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ആയുര്‍വ്വേദം സയന്‍സ് അല്ല. എന്നാല്‍ അതത്ര വലിയ കാര്യമല്ല. മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും പാശ്ചാത്യരുടെ അംഗീകാരം നമ്മളെ വല്ലാതെ ഭ്രമിപ്പിക്കുന്നുണ്ടെന്നുവേണം കരുതാന്‍. സയന്‍സ്ആണോ അല്ലയോ എന്നതിലെന്തിരിക്കുന്നു? പ്രയോജനകരമാണോ എന്നതും ധാര്‍മ്മികമാണോ എന്നതും ആണ് സയന്‍സ് ആണോ എന്നതിനേക്കാള്‍ പ്രധാനം. ഒപ്പം ചിലവുകുറഞ്ഞതും, പ്രാദേശിക വിവങ്ങള്‍ ഉപയോഗിച്ചുള്ളതും ചികിത്സകനെന്നപോലെ ചികിത്സിക്കപ്പെടുന്നയാളിനും പങ്കാളിത്തമുള്ളതും കൂടി ആണെങ്കില്‍ മറ്റെല്ലാം രണ്ടാമതാകുന്നു. ഇപ്പറഞ്ഞ പരിഗണനകളാല്‍ ആയുര്‍വ്വേദം കേരളത്തില്‍ പരക്കെസ്വീകരിക്കപ്പെട്ടിരിക്കുന്നു എന്നതില്‍ അത്ഭുതമില്ല. ദൗര്‍ഭാഗ്യവശാല്‍, പാശ്ചാത്യവൈദ്യം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരില്‍ വലിയൊരു പങ്ക് ആയുര്‍വ്വേദത്തെ ഇകഴ്ത്തിക്കാട്ടുന്നതില്‍ പ്രത്യേകം ഉത്സുകതയുള്ളവരാണ്. തങ്ങള്‍ക്ക് തെല്ലുമറിവില്ലാത്ത വിഷയമാണെങ്കിലും അവര്‍ ആയുര്‍വ്വേദത്തെ താറടിച്ചുകാണിക്കുന്നു. ഒരു പക്ഷേ തൊഴില്‍ എന്ന നിലയിലേയ്ക്കു മാത്രമായി വൈദ്യമേഖല ചുരുങ്ങിപ്പോയതിന്റെ പരിണതഫലമായിരിക്കാം ഇത്. മത്സരാധിഷ്ഠിതമായ തൊഴില്‍രംഗങ്ങളില്‍ എതിരാളിയെ വീഴ്ത്തുക എന്നത് അടിസ്ഥാനലക്ഷ്യമാകുന്നതില്‍ അത്ഭുതമില്ലല്ലോ. എന്നാല്‍ ഇത് മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവനവന്റെ മുഴക്കോലുകൊണ്ട് അപരനെ അളന്നും തൂക്കിയും ശരിതെറ്റുകള്‍ നിശ്ചയിക്കുന്ന പതിവ് അവസാനിക്കേണ്ട സമയമായി. ഇതിനാവശ്യം സംവാദങ്ങളാണ്, സംഭാഷണങ്ങളാണ്. പരസ്പരം അറിയുവാനുള്ള അവസരങ്ങളാണ് കൂടുതല്‍ ഉണ്ടാകേണ്ടത്. അത്തരം സംഭാഷണങ്ങള്‍ക്ക് അവസരങ്ങളൊരുക്കുന്നതിനുപകരം ‘എല്ലാവരും അംഗീകൃതരാണ്, എന്നാല്‍ അതില്‍ തന്നെ ചിലര്‍ കൂടുതല്‍ അംഗീകൃതരാണ്’ എന്ന എങ്ങുമെത്താത്ത നയം സ്വീകരിക്കുകയാണ് ഭരണാധികാരികള്‍ ചെയ്യുന്നത്. ഭിന്നിച്ചുനിര്‍ത്തുന്നതാണ് അവര്‍ക്കു പ്രിയം എന്നോ അവര്‍ ആരെയൊക്കെയോ ഭയക്കുന്നുണ്ട് എന്നോ ഒക്കെ തോന്നുംവിധമാണ് പലപ്പോഴും അവരുടെ പെരുമാറ്റങ്ങള്‍. ഈ മഹാമാരിക്കാലം ഇക്കാര്യത്തില്‍ ഒരു മാറ്റത്തിനുള്ള സമയംകൂടി ആകണം. കേരളത്തില്‍ എല്ലാ ജില്ലകളിലും സമന്വിത ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കണം. ആയുര്‍വ്വേദവും അലോപ്പതിയും മാത്രമല്ല സിദ്ധയും ഹോമിയോവും യോഗ പ്രകൃതിചികിത്സയും ഇത്തരം സമന്വിതചികിത്സാകേന്ദ്രങ്ങളില്‍ ഉണ്ടാകട്ടെ. എന്തായാലും കോവിഡ് 19-ന്റെ കാര്യത്തില്‍ അലോപ്പതിയില്‍ ചികിത്സയൊന്നുമില്ല. ലാക്ഷണികമായ ഇടപെടല്‍ മാത്രമാണവര്‍ നടത്തിവരുന്നത്. മുമ്പെങ്ങുമില്ലാത്തപോലെ നല്ല ഭക്ഷണത്തേയും വായുവിനേയും വെളിച്ചത്തേയും ഒക്കെപറ്റി അവര്‍ വാചാലരാകുന്നു എന്നതുതന്നെ മരുന്നില്ലാത്തതിന്റെ, അതുണ്ടാക്കുന്ന നിസ്സഹായതയുടെ, സൂചനയാണല്ലോ. അതേ സമയം ശ്വാസവൈഷമ്യം മൂര്‍ച്ഛിച്ചാല്‍ അതിനു താല്‍ക്കാലിക പരിഹാരം നല്‍കാന്‍ കഴിയുന്ന സാങ്കേതികവിദ്യ അലോപ്പതി ആശുപത്രികളില്‍ ലഭ്യമാണ്. പ്ലാസ്മ ചികിത്സ പോലുള്ള ചില സങ്കേതങ്ങളും അവിടെ സാധ്യമാണ്. എന്നാല്‍ ആയുര്‍വേദ വൈദ്യന്മാര്‍ ചിട്ടയായ ആലോചനകളിലൂടെ ഈ രോഗത്തെ ചികിത്സിക്കാനുള്ള വഴികള്‍ പ്രസിദ്ധം ചെയ്യുകയും ആയത് അധികാരികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ട് നാളേറെയായി. ഒരു രോഗിയെപ്പോലും കാണാതെയാണ് അവര്‍ അത്തരത്തില്‍ ചെയ്തത് എന്നത് കൗതുകകരമായും ചിലര്‍ക്കെങ്കിലും വലിയ തമാശയായും തോന്നിയാല്‍ അത്ഭുതമില്ല. ആയുര്‍വ്വേദത്തിന്റെ സിദ്ധാന്തപരമായ സമഗ്രതകൊണ്ടാണതു സാധിച്ചത്. പരസ്പരചര്‍ച്ചകളൊന്നും ഇല്ലാതിരുന്നിട്ടും ഇന്ത്യയിലാകമാനം ഏറെക്കുറെ ഐകരൂപ്യമുള്ള നിര്‍ദ്ദേശങ്ങളാണ് ഉണ്ടായത് എന്ന കാര്യം ശ്രദ്ധേയമാണ്.

കേരളത്തില്‍ ആയുര്‍വ്വേദത്തിന് വലിയ പ്രചാരമുണ്ട് എന്നു സമ്മതിക്കുമ്പോഴും കോവിഡ് രോഗികളുടെചികിത്സയ്ക്ക് ആയുര്‍വ്വേദത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇനിയും തയ്യാറായിട്ടില്ല. മറ്റ് ആയുഷ്സമ്പ്രദായങ്ങളുടെ കാര്യത്തിലുമിതുതന്നെയാണ് സ്ഥിതി. ഇതു മാറേണ്ടതാണെന്നുതോന്നുന്നു. ഒരു സമന്വിതചികിത്സാ സംവിധാനത്തിനുള്ളില്‍ പരസ്പര വിശ്വാസത്തിലൂടെ മുന്‍ വിധികള്‍ മാറ്റിവച്ച്, പരസ്പരം അളന്നുതൂക്കലുകളില്ലാതെ, എല്ലാവരും പ്രവര്‍ത്തിക്കുന്നതാകും നല്ലത്. രോഗികളുടെ, സമൂഹത്തിന്റെ, ഉത്കര്‍ഷമാകണം ലക്ഷ്യവും മാനദണ്ഡവും. ഈ പ്രതിസന്ധിഘട്ടത്തില്‍ നമ്മുടെ പരമ്പരാഗത വിജ്ഞാനങ്ങളെ വേണ്ടപോലെ ഉപയോഗിക്കുന്നില്ല എങ്കില്‍ മറ്റെന്താണവകൊണ്ടുള്ള പ്രയോജനം? സമന്വിത ചികിത്സാ സംവിധാനം എന്നുപറയുന്നത് പല ചികിത്സാരീതികളെ വകതിരിവില്ലാതെ കൂട്ടിക്കുഴയ്ക്കലല്ല മറിച്ച്, ആതുരനായ ഒരു വ്യക്തിയുടെ രോഗശാന്തിയെ മുന്‍ നിര്‍ത്തി, സന്ദര്‍ഭത്തിന്റെ ആവശ്യമനുസരിച്ച് ഏറ്റവും ഉത്തമമായതെന്തോ അതുചെയ്യുക എന്നതും അത്തരത്തില്‍ ചെയ്യുന്നതിനാവശ്യമായ സാഹചര്യങ്ങളും അവസരങ്ങളും പരസ്പരംഉള്ള അറിവോടെയും വിശ്വാസത്തോടെയും എല്ലാ സമ്പ്രദായങ്ങള്‍ക്കും ഉണ്ടായിരിക്കുക എന്നതും അത്തരത്തില്‍ ഒരു തെരഞ്ഞെടുപ്പ് ഉത്തമ ബോധ്യത്തോടെ നടത്താന്‍ പാകത്തിനുള്ള ജനാധിപത്യപരമായ അവകാശം ആതുരന് അല്ലെങ്കില്‍ അയാളുടെ ബന്ധുവിന് നല്‍കുക എന്നതുമാണ്. ഇത് ഔദ്യോഗികമായിത്തന്നെ നടപ്പില്‍ വരുത്താന്‍ വൈദ്യബഹുസ്വരത അംഗീകൃതനയമായിട്ടുള്ള ഒരു ജനാധിപത്യ ഭരണസംവിധാനത്തിന് ഉത്തരവാദിത്തമുണ്ട്. ഇപ്പോഴത്തെ മഹാമാരി ആ ഉത്തവാദിത്തം നിറവേറ്റാനുള്ള ഏറ്റവും മികച്ച സമയമാണ്. വരും ദിനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നു കരുതുന്നതാണ് യുക്തിസഹം. ചികിത്സയുമായും ആശുപത്രിവാസവുമായും ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും അതിനനുസരിച്ച് ഇനിയും ലഘൂകരിക്കേണ്ടിവരും എന്നതിലും സംശയിക്കാനില്ല. ലോക്ക് ഡൗണ്‍ എല്ലാ കാലത്തേയ്ക്കും ഉള്ള പരിഹാരമല്ല. നമുക്ക് ക്രിയാത്മകവും പ്രയോജനപ്രദവും ആയ തീരുമാനങ്ങള്‍, ദുരഭിമാനങ്ങളും മുന്‍ വിധികളും മാറ്റിവച്ചുകൊണ്ട്, എടുത്തേ തീരൂ. നേരത്തെ സൂചിപ്പിച്ച സമന്വിത ചികിത്സാ സംവിധാനങ്ങളുടെ മേല്‍നോട്ടത്തില്‍ കാറ്റഗറി സി ഒഴികെയുള്ള രോഗികള്‍ക്ക് ആയുര്‍വ്വേദ (ആയുഷ് സമ്പ്രദായങ്ങള്‍) ചികിത്സനല്‍കാന്‍ തയ്യാറാകുക എന്നതുമാത്രമാണ് എത്രയും പെട്ടെന്ന് കൈക്കൊള്ളാവുന്ന ഉത്തമ തീരുമാനം. അങ്ങനെയെങ്കില്‍ പരമാവധി പേര്‍ക്ക് കൃത്യമായ ചികിത്സകളിലൂടെ തുടക്കത്തിലേ രോഗമുക്തി വരുത്താന്‍ എല്ലാ സാധ്യതയുമുണ്ട്. അതിനര്‍ത്ഥം രോഗത്തിന്റെ കാറ്റഗറി സി യിലേയ്ക്കുള്ള മുന്നേറ്റം തടയാന്‍ കഴിയും എന്നുതന്നെയാണ്. ഇത് ഉയര്‍ന്ന സാങ്കേതിക പിന്തുണയില്‍ പ്രവര്‍ത്തിയ്ക്കുന്ന കാറ്റഗറി സി കേന്ദ്രങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കും. ലക്ഷണങ്ങളില്ലാത്ത ആളുകളെ ടെസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്നതില്‍ ഇനിയും ഉള്‍ക്കാഴ്ചയോടെയുള്ള തീരുമാനങ്ങളുണ്ടാകേണ്ടതുണ്ട്. എന്തായാലും അത്തരക്കാരെയും കാറ്റഗറി എയില്‍പ്പെട്ടവരേയും, അവര്‍ അഭ്യര്‍ത്ഥിക്കാത്തപക്ഷം, ആശുപത്രിവാസത്തിന് നിര്‍ബന്ധിക്കരുത്. കാറ്റഗറി ബിയില്‍ പെട്ട ആളുകളില്‍ അടിസ്ഥാന ചികിത്സ ആയുഷ് രീതിയനുസരിച്ചും ആപത്ഘട്ടങ്ങളിലെ പിന്തുണ പാശ്ചാത്യവൈദ്യത്തിന്റെ രീതിയനുസരിച്ചും ആകണം. കാറ്റഗറി സി -യില്‍ത്തന്നെയും എവിടെയെല്ലാം സഹകരിക്കാമെന്നത് പരീക്ഷിക്കേണ്ടതാണ്.

രോഗിയായി മുദ്ര കുത്തപ്പെടുന്നതോടെ ഒരു വ്യക്തിയ്ക്ക് അയാളുടെ മേലുള്ള സകല സ്വയം നിര്‍ണ്ണയാവകാശവും ഇല്ലാതാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇത് ഏതു തരത്തിലും ശരിയല്ല. ഒരു സമന്വിത ചികിത്സാസംവിധാനം, ഇത്തരത്തിലുള്ള അവകാശ ലംഘനങ്ങള്‍ക്ക് തടയിടുക വഴി ഉയര്‍ന്ന ജനാധിപത്യ മൂല്യങ്ങളെ, സമൂഹത്തിന്റെ പൊതുതാല്‍പര്യങ്ങളേയും സുരക്ഷിതത്വത്തേയും പണയപ്പെടുത്താതെത്തന്നെ, ഉയര്‍ത്തിപ്പിടിക്കും. ഇപ്പോഴത്തെ നിലയില്‍ രോഗത്തിന്റെ മാരകതയേക്കാള്‍ പലരേയും അസ്വസ്ഥരും അവശരും ആക്കുന്നത് രോഗഭയവും രോഗനിര്‍ണ്ണയം സൃഷ്ടിക്കുന്ന പരാധീനതയുടേയും നിരാലംബതയുടേയും ഭീകരചിത്രങ്ങളും ആണ്. രോഗവ്യാപനത്തിന്റെ ആദ്യ ആഴ്ചകളില്‍ രോഗമുക്തി നേടി പുറത്തു വരുന്ന (അന്ന് രോഗികളുടെ എണ്ണം നാമമാത്രമായിരുന്നു) വ്യക്തികള്‍ക്ക് ആശുപത്രി അധികൃതര്‍ നല്‍കിയിരുന്ന യാത്രയയപ്പും യുദ്ധം ജയിച്ച ഒരു യോദ്ധാവിന്റെ പരിവേഷത്തോടെ പുറത്തുവരുന്ന വ്യക്തിയുടെ ചിത്രവുമെല്ലാം യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ തിരിച്ചടിയാകുകയാണ് എന്നുകരുതണം. യുദ്ധം ചെയ്യാന്‍ കെല്‍പ്പില്ലാത്തവരുടെ കാര്യം പരുങ്ങലിലാകും എന്ന സന്ദേശമാണ് ആ ചിത്രങ്ങള്‍ ഇപ്പോള്‍ രോഗവ്യാപനം ഏറെ കൂടിയ സമയത്ത് ആളുകളുടെ മനസ്സില്‍ ബാക്കിയാക്കുന്നത്. സാധാരണ നിലയില്‍ സ്വയം ഒടുങ്ങുന്ന ഒരു രോഗമാണിതെന്നും വളരെ കുറച്ചുമാത്രമേ മരണ സാധ്യതയുള്ളൂ എന്നും ഉള്ള വസ്തുത ചാരത്താല്‍ മൂടപ്പെട്ട കനലുപോലെ മറഞ്ഞുകിടക്കുകയാണ്. ഇത് വലിയ ഭയപ്പാടുണ്ടാക്കുന്നുണ്ട്. സ്വയം തീരുമാനങ്ങളെടുക്കാനുള്ള വ്യക്തിയുടെ അവകാശനിഷേധമാണ് ഇതില്‍ ഏറ്റവും അടിസ്ഥാനമായിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ട്, യാഥാര്‍ഥ്യബോധത്തോടെ, സമ്മര്‍ദ്ദങ്ങള്‍ക്കതീതമായി, ഒരു സമന്വിതചികിത്സാ സംവിധാനം ഏര്‍പ്പാടാക്കാനും അതിന്റെ സുഗമമായപ്രവര്‍ത്തനം ഉറപ്പുവരുത്താനും താമസംവിനാ തയ്യാറാകുകയാണ് വേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply