കോവിഡ് 19 : ഭീഷണിയോ അവസരമോ?

വേണ്ടത്ര മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിലെന്ന പോലെ മഹാമാരി വിതറുന്ന വൈറസിന്റെ കാര്യത്തിലും വികസിത മുതലാളിത്ത രാജ്യങ്ങള്‍ താക്കീതുകളെ അവഗണിക്കുകയോ അലംഭാവം കാണിക്കുകയോ ആയിരുന്നു. അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ പരിസ്ഥിതി ജാഗ്രതാ നിര്‍ദേശങ്ങളെ നിരന്തരം അവഗണിച്ചുകൊണ്ട് ധൂര്‍ത്തമായ സ്വന്തം ജീവിതശൈലി എന്നും നിര്‍വിഘ്നം തുടരാം എന്ന് പ്രതീക്ഷിച്ചവരാണ്. അവരെയാണ് ഈ വൈറസ് ഞെട്ടിച്ചുകളഞ്ഞത്. വൈറസിന്റെ കാര്യത്തിലെന്ന പോലെ കാലാവസ്ഥാ പ്രതിസന്ധിയുടെ കാര്യത്തിലും പ്രവചനാത്മകമായ താക്കീതുകള്‍ അക്ഷരംപ്രതി ശരിയാണെന്ന് വൈകാതെ ബോധ്യപ്പെടും. വികസനത്തിന്റെ ശൈലി ഇനിയും മാറ്റുന്നില്ലെങ്കില്‍ കടുത്ത തിരിച്ചടികളില്‍ നിന്ന് മനുഷ്യരാശിക്ക് മോചനമില്ല എന്ന പാഠമാണ് ഈ ദുരന്തത്തില്‍ നിന്നും പഠിക്കേണ്ടത്.

പരിസ്ഥിതി നശീകരണവും വന്യജീവികളുടെ ആവാസവ്യവസ്ഥകളിലേക്ക് വന്‍തോതിലുള്ള കടന്നുകയറ്റവും ആണ് കോവിഡ് 19 ഉള്‍പ്പെടെയുള്ള ജന്തുജന്യ രോഗ വൈറസുകള്‍ മനുഷ്യരിലേക്ക് വ്യാപിക്കുവാനും ഇപ്പോള്‍ ലോകം നേരിടുന്ന രീതിയിലുള്ള അഭൂതപൂര്‍വമായ സ്ഥിതിവിശേഷം സൃഷ്ടിക്കുവാനും ഇടയാക്കിയിട്ടുള്ളത്. വ്യാവസായികാടിസ്ഥാനത്തില്‍ ഇറച്ചിക്കോഴി, താറാവ്, പന്നി തുടങ്ങിയവയെ വളര്‍ത്തലും വന്യജീവികളുടെ മാംസവ്യാപാരവും വൈറസ്സുകള്‍ക്ക് മനുഷ്യരിലേക്ക് പടരുവാനും ജനിതക അനുകൂലനങ്ങള്‍നേടാനും സാഹചര്യമൊരുക്കിയിട്ടുണ്ടെന്ന് പ്രഗത്ഭ വൈറോളജിസ്റ്റുകളുടെ പഠനമുണ്ട്. എയ്ഡ്സ്, എബോള, പക്ഷിപ്പനി, SARS തുടങ്ങിയ വൈറസ്സുകള്‍ മനുഷ്യരിലേക്ക് വ്യാപിച്ചതിനെ ഒരളവോളം തടയിടാനും പ്രതിരോധം ശക്തിപ്പെടുത്താനും കഴിഞ്ഞിരുന്നുവെങ്കിലും കോവിഡ് 19 എന്ന കൊറോണ വൈറസ് എല്ലാവരെയും നിസ്സഹായരാക്കിക്കൊണ്ട് അപ്രതീക്ഷിതമായ അനുപാതത്തിലാണ് ലോകമെങ്ങെും വ്യാപിച്ചത്. വേണ്ടത്ര മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിലെന്ന പോലെ മഹാമാരി വിതറുന്ന വൈറസിന്റെ കാര്യത്തിലും വികസിത മുതലാളിത്ത രാജ്യങ്ങള്‍ താക്കീതുകളെ അവഗണിക്കുകയോ അലംഭാവം കാണിക്കുകയോ ആയിരുന്നു. അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ പരിസ്ഥിതി ജാഗ്രതാ നിര്‍ദേശങ്ങളെ നിരന്തരം അവഗണിച്ചുകൊണ്ട് ധൂര്‍ത്തമായ സ്വന്തം ജീവിതശൈലി എന്നും നിര്‍വിഘ്നം തുടരാം എന്ന് പ്രതീക്ഷിച്ചവരാണ്. അവരെയാണ് ഈ വൈറസ് ഞെട്ടിച്ചുകളഞ്ഞത്. വൈറസിന്റെ കാര്യത്തിലെന്ന പോലെ കാലാവസ്ഥാ പ്രതിസന്ധിയുടെ കാര്യത്തിലും പ്രവചനാത്മകമായ താക്കീതുകള്‍ അക്ഷരംപ്രതി ശരിയാണെന്ന് വൈകാതെ ബോധ്യപ്പെടും. വികസനത്തിന്റെ ശൈലി ഇനിയും മാറ്റുന്നില്ലെങ്കില്‍ കടുത്ത തിരിച്ചടികളില്‍ നിന്ന് മനുഷ്യരാശിക്ക് മോചനമില്ല എന്ന പാഠമാണ് ഈ ദുരന്തത്തില്‍ നിന്നും പഠിക്കേണ്ടത്. പക്ഷെ, അതു തന്നെയാണോ ഈ ലോകത്തെ നിയന്ത്രിക്കുന്ന പ്രബല ശക്തികള്‍ പഠിക്കുക?

സാമ്പത്തിക വികസനനയങ്ങള്‍ രൂപീകരിക്കുന്ന ആഗോള മുതലാളിത്ത സ്ഥാപനങ്ങള്‍ക്കും ലോകത്തെ കോടീശ്വരന്മാര്‍ക്കും അവരുടെ സില്‍ബന്തികള്‍ക്കും ഇതൊന്നും പ്രശ്നമല്ല. സാധാരണ മനുഷ്യരെ കൊടും ദുരിതത്തിലാഴ്ത്തുന്ന പ്രതിസന്ധിക്കിടയിലും പടക്കോപ്പുകള്‍ വിറ്റോ പരിശോധനാ കിറ്റുകള്‍ വിറ്റോ ലാഭമുണ്ടാക്കാനുള്ള തത്രപ്പാടിലാണ് അവര്‍. പതിനായിരങ്ങള്‍ മരിച്ചുവീണാലെന്ത്? ജനം പട്ടിണിയിലും ദുരിതക്കയത്തിലും അകപ്പെട്ടാലെന്ത്? നവലിബറല്‍ മൂലധന വ്യവസ്ഥക്ക് അതിജീവിക്കാനാവശ്യമായ സാഹചര്യങ്ങള്‍ എത്രയും വേഗം വീണ്ടെടുത്താല്‍ മാത്രം മതി അവര്‍ക്ക്. വലിയ ദുരന്തങ്ങള്‍ മികച്ച സാമ്പത്തിക നേട്ടത്തിനുള്ള അവസരമായി ഉപ യോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള നവോമി ക്ലെയ്നിന്റെ നിരീക്ഷണങ്ങള്‍ ഓര്‍ക്കാം.

ഈ കൊറോണയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ മുതലാളിത്തം തന്നെ വിഭാവനം ചെയ്യുന്നത് നമ്മള്‍ ഇതുവരെ ശീലിച്ചു പോന്ന ഭരണവ്യവസ്ഥകളില്‍ നിന്നുള്ള ഒരു വിഛേദമാണ്. മുതലാളിത്തം ഇന്ന് എത്തി നില്ക്കുന്ന ഘടനാപരമായ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും മറികടക്കാന്‍ താല്കാലികമായെങ്കിലും കൈവന്ന ഒരസുലഭ അവസരമായാണ് ഈ ലോക്ക്ഡൗണ്‍ കാലം ഭരണകൂടങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നത്. മഹാമാരിയുടെയും അതുല്‍പ്പാദിപ്പിക്കുന്ന മരണഭയത്തിന്റെയും മറവില്‍ സാധാരണ മനുഷ്യരെ പൗരാവകാശങ്ങള്‍ പോലും നിഷേധിച്ചുകൊണ്ട് ഒരു പോലീസ് സ്റ്റേറ്റിന്റെ പ്രജകളാക്കി മാറ്റി, അടിയന്തിരാവസ്ഥയിലെന്ന പോലെ അധികാരം കേന്ദ്രീകരിക്കുന്ന പ്രക്രിയ പ്രബലമായിരിക്കുന്നു. എന്തു തരം സാമ്പത്തിക പ്രവര്‍ത്തനത്തിനും ഈ ഘട്ടത്തില്‍ ന്യായീകരണമുണ്ട്.

എന്തെങ്കിലും അത്യാവശ്യത്തിന് പുറത്തിറങ്ങുന്ന പാവങ്ങളെ, നാട്ടുകാരുടെ ആരോഗ്യം സംരക്ഷിക്കാനാണിതൊക്കെ എന്ന പ്രഖ്യാപിത ലക്ഷ്യം പോലും വിസ്മരിച്ച് പോലീസുകാര്‍ ക്രൂരമായി ലാത്തിച്ചാര്‍ജ്ജു ചെയ്ത സംഭവങ്ങള്‍ നിരവധിയുണ്ട്. അച്ചടക്കം പാലിക്കുക മാത്രമാണ് പൗരധര്‍മ്മം എന്ന ഓര്‍മ്മപ്പെടുത്തലും അനീതികള്‍ക്കെതിരായ ജനാധിപത്യപരമായ കൂട്ടായ്മകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കടിഞ്ഞാണിടലുമാണ് മിക്ക സര്‍ക്കാരുകളും ഇതിലൂടെ ലക്ഷ്യമിടുന്നത്. State of Exception എന്ന് അഗാമ്പന്‍ വിശേഷിപ്പിക്കുന്ന ഒരവസ്ഥ തന്നെയാണിത്. സാമാന്യമായ എല്ലാ ഭരണപരമായ കീഴ്വഴക്കങ്ങളില്‍ നിന്നും, പാലിക്കേണ്ട മര്യാദകളില്‍ നിന്നും ഒഴിഞ്ഞു നിലനില്‍ക്കാനുള്ള ഒരു ഒഴികഴിവ് ഈ പകര്‍ച്ചവ്യാധി സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്നു.

ഡീപ്പ് സ്റ്റേറ്റ്

പൊതുസമ്മതികളെയും ജനാധിപത്യപരമായ അഭിപ്രായരൂപീകരണത്തെയും അട്ടിമറിച്ചുകൊണ്ട്, വരേണ്യ സാമ്പത്തിക ന്യൂനപക്ഷങ്ങളുടെ സ്ഥായിയായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സദാ ജാഗരൂകമായ ഒരു നിഗൂഢഭരണക്രമം എല്ലാ ഭരണകൂടങ്ങളൂടെയും അടിയൊഴുക്കായുണ്ട്. ഇതിനെയാണ് ‘ഡീപ്പ് സ്റ്റേറ്റ്’ എന്നു വിളിക്കുന്നത്. ഉദാഹരണത്തിന്, ഇന്ത്യയിലാരു ഭരിച്ചാലും ആഗോള സാമ്പത്തിക താത്പര്യങ്ങള്‍ക്കൊപ്പം തന്നെ കടുത്ത അന്യ ജാതി-മത വിദ്വേഷത്തിന്റെ ദേശീയ അന്തര്‍ധാര ഡീപ്പ് സ്റ്റേറ്റായി പ്രവര്‍ത്തിക്കുന്നത് കാണാം.

ചങ്ങാത്ത മുതലാളിത്തത്തിന്റെ അജണ്ടകള്‍ നടപ്പിലാക്കിക്കൊടുക്കാനുള്ള ഡീപ്പ് സ്റ്റേറ്റായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സൗകര്യങ്ങളൊരുക്കിക്കൊടുക്കുക എന്നതാണ് ഇന്ന് മിക്ക സര്‍ക്കാരുകളും അനുഷ്ഠിക്കുന്ന ഔപചാരിക ദൗത്യം. എങ്കിലും തങ്ങളുടെ സുരക്ഷയും ഉത്തമ താത്പര്യങ്ങളും ഒരു രക്ഷാകര്‍ത്താവിനെപ്പോലെ ഭരണകൂടം ഏറ്റെടുക്കുമെന്ന വിശ്വാസത്താല്‍ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ ബലികഴിക്കാനും ജനങ്ങള്‍ മാനസികമായി തയ്യാറാണ്. കോവിഡ് ബാധയും ലോക് ഡൗണും മൂലം ജനം പട്ടിണിയില്‍ വലഞ്ഞ്, കാല്‍നടയായി നൂറുകണക്കിനു കിലോമീറ്ററകലെയുള്ള ഗ്രാമങ്ങളിലേക്ക് അഭയാര്‍ത്ഥികളായി മടങ്ങുമ്പോള്‍ അവരുടെ ദുരിതമകറ്റാനുള്ള താത്പര്യത്തെക്കാള്‍ ഇവിടെ പ്രകടമായി കണ്ടത് ഡൊണാള്‍ഡ് ട്രമ്പിനോട് ആയുധം വാങ്ങാന്‍ കരാറൊപ്പിടുവാനും ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളിക അമേരിക്കക്ക് കയറ്റിയയക്കാനുമുള്ള തിടുക്കമായിരുന്നു. മൂന്നു കൊല്ലത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുമ്പോഴും ലോക്ഡൗണ്‍ മൂലം പട്ടിണിയിലാവുന്ന മനുഷ്യര്‍ക്ക് അത് എത്തിച്ചുകൊടുക്കാന്‍ ശ്രദ്ധിക്കാതെ ധാന്യമുപയോഗിച്ച് എഥനോളുണ്ടാക്കി സാനിറ്റൈസര്‍ നിര്‍മിക്കുന്നതിനാണ് മുന്‍ഗണന! ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും നിര്‍ണായകമായ ഈ സമയത്ത് ഫണ്ട് നിഷേധിച്ച് കൊണ്ട് ട്രമ്പ് ലോകാരോഗ്യസ്ഥിതിയോടുള്ള തന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു!

വനനശീകരണത്തിനെതിരെയുള്ള എല്ലാ നിയമങ്ങളും ലഘൂകരിച്ചു കൊണ്ട് ‘വികസന’ത്തിനുള്ള പാരിസ്ഥിതിക തടസ്സങ്ങള്‍ 11 സംസ്ഥാനങ്ങള്‍ക്ക് പ്രകാശ് ജാവ്ഡേക്കര്‍ നീക്കിക്കൊടുത്തത് ലോക്ക്ഡൗണ്‍ സമയത്ത് തന്നെ. സ്ഥിരം അജണ്ടകള്‍ പുറത്തുനിന്നാരുടെയും ശല്യമില്ലാതെ നടപ്പിലാക്കാനുള്ള അനുകൂല സമയം ‘സാമൂഹ്യ അകലം’ പാലിച്ച് ആളുകള്‍ അകത്തിരിക്കുന്ന സമയം തന്നെ എന്ന് അവര്‍ക്കറിയാം. മുകേഷ് അംബാനിയുടെ ജിയോയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കും തമ്മില്‍ സംയുക്ത സംരംഭത്തിന് കരാറായത് ഈ കൊറോണക്കാലത്ത് തന്നെ. കേംബ്രിഡ്ജ് അനാലിറ്റിക്ക എന്ന ചാരനിരീക്ഷണക്കമ്പനി ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി മനഃശ്ശാസ്ത്രപരമായി ആളുകളെ സ്വാധീനിച്ച് ട്രമ്പിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത് ഫേസ്ബുക്കുപയോഗപ്പെടുത്തിയായിരുന്നു. ഇന്ത്യയിലെ ഇന്നത്തെ ഭരണാധികാരികളും അംബാനിയും തമ്മിലുള്ള ബന്ധമറിയുന്നവര്‍ക്ക് പെരുമാറ്റ രഹസ്യ മേല്‍നോട്ട മുതലാളിത്ത (Surv–eillance Capitalism) ത്തിന്റെ ആശാന്മാരായ ഫേസ്ബുക്കുമായുള്ള ബന്ധം എങ്ങിനെ അവരുടെ അധികാരത്തിന്റെ അടിത്തറ പ്രബലമാക്കാന്‍ സഹായിക്കുമെന്നറിയാം. ടെലിക്കോമില്‍ വരുത്തിയ കേവലമായ ഒരു ചെറിയ നയം മാറ്റത്തിലൂടെ 2017-18 വര്‍ഷത്തില്‍ വെറും 12 മാസക്കാലം കൊണ്ട് 690 കോടി ഡോളര്‍ അംബാനിക്ക് ലാഭമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ എങ്ങിനെ സഹായിച്ചു എന്ന് പി. സായിനാഥ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇനി സര്‍വെയ്ലന്‍സ് മുതലാളിത്തത്തിന്റെ സങ്കീര്‍ണ്ണവും വിപുലവുമായ മേഖലയിലേക്കുള്ള പരിവര്‍ത്തനത്തിന് ലോകത്ത് ഭരണാധികാരികളെ ഏറ്റവും തുണക്കുക രോഗികളെ കണ്ടെ ത്താന്‍ നിലവിലുള്ളതും പുതുതായി ഏര്‍പ്പെടുത്തുന്നതുമായ ഇലക്ട്രോണിക്ക് നിരീക്ഷണ സംവിധാനങ്ങളായിരിക്കും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ‘പരിശോധന, കൂടുതല്‍ പരിശോധന’ എന്ന് ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കി ലും ഇന്ത്യയില്‍ മിക്ക സംസ്ഥാനത്തും രോഗ പരിശോധനയ്ക്കും ക്വാറന്റ്‌റൈനിനും വ്യക്തിപരമായി അകല്‍ച്ച പാലിക്കുന്നതിനും അടച്ചിട്ടിരിക്കുമ്പോള്‍ പട്ടിണിയില്ലാതെ കഴിയുന്നതിനും ഉള്ള സൗകര്യങ്ങളൊരുക്കുന്നതിലല്ല സര്‍ക്കാരിന് താത്പര്യം; ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നതിലുമല്ല. മറിച്ച് പ്രചരണപരമായ മേല്‍ക്കൈകള്‍ നേടുന്നതിനും കോവിഡിനെ ഞങ്ങളിതാ ഇന്ത്യക്കാര്‍ തളച്ചിരിക്കുന്നു എന്ന് നാടകീയമായി പ്രഖ്യാപിക്കുന്നതിനും ആണ്.

ആഗോള സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തുകൊണ്ടല്ല, മറിച്ച് അതിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് ഇവിടെ എടുത്തുപറഞ്ഞ ഇന്ത്യയിലെ ഉദാഹരണങ്ങളെ കാണേണ്ടത്. കാരണങ്ങള്‍ കണ്ടെത്തി അവ തടയുവാനല്ല, മറിച്ച് പ്രശ്നങ്ങളുണ്ടായാല്‍ അവയ്ക്ക് വ്യാപാര സാധ്യതയുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുന്നതില്‍ മാത്രമാണ് മുതലാളിത്തത്തിന് താത്പര്യം. പ്രതിരോധ നടപടികളില്‍ ഇപ്പോള്‍ മുഴുകുന്നത് കോവിഡിന് കൃത്യമായ മരുന്നോ വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതുകൊണ്ടാണ്. അപ്പോള്‍ പോലും ഉപയോഗിച്ച് പരീക്ഷിക്കാവുന്ന മരുന്നുകള്‍ അവര്‍ പ്രയോഗിച്ചു നോക്കുന്നുമുണ്ട്, വിജയിക്കുമെന്നുറപ്പില്ലെങ്കില്‍പ്പോലും. കോവിഡ് 19 പോലെയുള്ള, ലോകാ രോഗ്യ സംഘടന പാന്‍ഡെമിക് (ലോകമെങ്ങും വ്യാപിക്കുന്ന പകര്‍ച്ചവ്യാധി) എന്ന് വിശേഷിപ്പിക്കുന്ന ഒരു വൈറസ് ബാധ ആഗോളതലത്തിലുള്ള ചില സ്ഥാപനങ്ങളും വ്യക്തികളും മുന്‍കൂട്ടി സങ്കല്‍പ്പിച്ചിരുന്നു എന്നത് വാസ്തവത്തില്‍ അത്ഭുതകരമാണ്. 2019 ഒക്ടോബര്‍ 18ന് ന്യൂയോര്‍ക്ക് നഗരത്തില്‍ നടത്തിയ ‘ഇവന്റ് 201’ എന്ന പരിപാടിയും 2020 ജനുവരി 21 മുതല്‍ 24 വരെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ ‘ആരോഗ്യ അജണ്ട’യും ഇവയ്ക്കുള്ള തെളിവാണ്.

ഇവന്റ് 201

ജോണ്‍ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റി, വേള്‍ഡ് ഇക്കണോമിക് ഫോറം, ബില്‍ ആന്റ് മെലിന്‍ഡഗേറ്റ് ഫൗണ്ടേഷന്‍ എന്നിവരാണ് പരിപാടിയുടെ ആതിഥേയര്‍. ഒരു മഹാമാരി ലോകമാകെ പടരുകയാണെങ്കില്‍ അത് വന്‍ തോതില്‍ സാമൂഹിക-സാമ്പത്തിക ഫലങ്ങള്‍ ഉളവാക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് (പൊതുമേഖലയും സ്വകാര്യമേഖലയും ചേര്‍ന്ന പങ്കാളിത്തം) ആവശ്യമാകുന്ന മേഖലകള്‍ ഏതൊക്കെയെന്ന് കണ്ടെത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ഏതാണ്ട് 200 സാംക്രമിക രോഗങ്ങള്‍ വര്‍ഷംതോറും ലോകത്തിന്റെ നാനാഭാഗത്ത് ഉണ്ടാകാറുണ്ട്. ലോകമാകെ വ്യാപിക്കാന്‍ ശക്തമായ 201ാമത്തെ ഒരു മഹാമാരി nCOV എന്ന വൈറസ് സൃഷ്ടിക്കുന്നതായി സങ്കല്‍പ്പിച്ചുകൊണ്ടുള്ള ഒന്നാണ് ആ ഘട്ടത്തില്‍ സര്‍ക്കാരുകളും സ്വകാര്യവ്യവസായ സ്ഥാപനങ്ങളും അന്താരാഷ്ട്ര സംഘടനകളും തമ്മില്‍ വേണ്ട സഹകരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രൂപീകരണം.

പുതിയ ഒരു കൊറോണ വൈറസ് വവ്വാലില്‍ നിന്ന് പന്നിയിലേക്കും പിന്നെ മനുഷ്യനിലേക്കും വ്യാപിക്കുന്ന ഒരു സാങ്കല്‍പ്പിക സന്ദര്‍ഭമാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. SARSനെയാണ് രോഗകാരിയായി വൈറസ് മാതൃകയാക്കുന്നതെങ്കിലും, പ്രകടമായ ലക്ഷണങ്ങളൊന്നും തീവ്രമല്ലെങ്കിലും എളുപ്പം ആ രോഗം ആളുകള്‍ക്കിടയില്‍ വ്യാപിക്കുന്നു. ബ്രസീലിലെ പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ തുടങ്ങി ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ അത് വ്യാപിക്കുന്നു; ദക്ഷിണ അമേരിക്കയിലെ വന്‍ നഗരങ്ങളിലാണ് അത് പിന്നീട് എത്തുന്നത്. പിന്നെ പോര്‍ച്ചുഗല്ലിലും ഐക്യനാടുകളിലും ചൈനയിലും എത്തുന്നു. ചില രാജ്യങ്ങള്‍ക്ക് ആദ്യം രോഗം നിയന്ത്രിക്കാന്‍ കഴിയുന്നുണ്ടെങ്കിലും പിന്നീട് രോഗം വ്യാപിക്കുകയാണ്. ഒരു രാജ്യത്തിനും നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതി സംജാതമാകുന്നു. 18 മാസം കഴിയുമ്പോഴാണ് അത് ഒന്ന് ഒതുങ്ങുന്നത്. അപ്പോഴേക്കും 65 ദശലക്ഷം മരണങ്ങള്‍ നടക്കുന്നു. ഫലപ്രദമായ ഒരു വാക്സിന്‍ ഉണ്ടാകുന്നതുവരെ, അല്ലെങ്കില്‍ 80-90 ശതമാനം ജനങ്ങള്‍ വൈറസിനെ അഭിമുഖീകരിക്കുന്നതു വരെ രോഗം തുടരും. പിന്നീട് അതൊരു ശൈശവ രോഗമായി തുടരും. ഇതായിരുന്നു ഇവന്റ് 201ലെ, രോഗസങ്കല്‍പ്പനത്തെക്കുറിച്ച് സംഘാടകര്‍ പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും ശേഖരിക്കാന്‍ കഴിഞ്ഞ വിവരങ്ങള്‍.

WEF അജണ്ട

ഇതിനെ തുടര്‍ന്ന് 2020 ജനുവരി 21 മുതല്‍ 24 വരെ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസ് നഗരത്തില്‍ വച്ച് നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക യോഗത്തില്‍ അടുത്ത ഒരു വര്‍ഷത്തെ ലോക അജണ്ടകള്‍ ചര്‍ച്ച ചെയ്ത കൂട്ടത്തില്‍ ആരോഗ്യവും ഒരു പ്രമേയമാണ്. ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റുകളും ലോക നേതാക്കളും സംബന്ധിക്കുന്ന ഒരു വേദിയാണ് വേള്‍ഡ് ഇക്കണോമിക് ഫോറം. മൂലധനത്തോടല്ലാതെ സ്വന്തം രാജ്യങ്ങളോട് പ്രത്യേക മമതയൊന്നും ഇല്ലാത്ത ആഗോള വരേണ്യരുടെ കൂട്ടമാണിത് എന്ന് അതിലെ അംഗങ്ങളെക്കുറിച്ച് പറയാറുണ്ട്. ആരോഗ്യത്തിന്റെ ഭാവി എന്ന സെഷനില്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഘബ്രിയേസസ്, ഏഅഢകയുടെ സി.ഇ.ഒ സേഫ്. എസ്. ബര്‍ക്ക്ലി തുടങ്ങിയവര്‍ പങ്കെടുത്തിട്ടുണ്ട്. 2019 ഡിസംബറില്‍ ആണ് വുഹാനില്‍ കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടത്. ജനുവരി 23 ആയപ്പോഴേക്കും 600 കേസുകളും 18 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഏതാണ്ട് SARSന് തുല്യമായ ഈ വൈറസിന് അത്ര തീവ്രസ്വഭാവമില്ലെങ്കിലും കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കാന്‍ ഇടയുണ്ടെന്നും ആരും പരിഭ്രമിക്കേണ്ടെന്നും യോഗം വിലയിരുത്തി. മരുന്നും വാക്സിനും ഇല്ലാത്തതിനാല്‍ യാത്രകള്‍ നിയന്ത്രിക്കല്‍, വേറിട്ട് നിര്‍ത്തല്‍, സാമൂഹിക അകലം പാലിക്കല്‍, കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ പ്രതിരോധ പരിപാടികള്‍ മാത്രമേ തത്കാലം സാധിക്കുകയുള്ളൂ എന്ന് ഇഋജകയുടെ സി.ഇ.ഒ ഡോ. റിച്ചാര്‍ഡ് ഹാച്ചറ്റ് ദാവോസില്‍ പറയുന്നുണ്ട്. എത്രയും പെട്ടെന്ന് വാക്സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടാനും തീരുമാനമായി. കൃത്യം ഒരാഴ്ച കഴിഞ്ഞ് ജനുവരി 30ന് ആണ് ണഒഛ ഡയറക്ടര്‍ ജനറല്‍ ഇതൊരു ലോകവ്യാപക മഹാമാരിയായി പ്രഖ്യാപിച്ചത്. ഒന്നിന് പിറകെ ഒന്നായി നടന്ന ഈ സംഭവപരമ്പരകള്‍ കേവലം യാദൃശ്ചികമായിരുന്നോ, അതോ മറ്റെന്തെങ്കിലും അജണ്ടകള്‍ വച്ച് നടന്ന ആസൂത്രിത നീക്കങ്ങള്‍ ആയിരുന്നോ എന്നതെല്ലാം ഇനിയും വെളിപ്പെടാന്‍ ഇരിക്കുന്നതേയുള്ളൂ.

രോഗവ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും ഫലമായി പട്ടിണിയും തൊഴിലില്ലായ്മയും വ്യാപിച്ചു. സ്റ്റോക്മാര്‍ക്കറ്റ് തകര്‍ന്ന് 30 ശതമാനം താഴോട്ട് പോയത് വലിയ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണ്. ദരിദ്രരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളില്‍ ഈ ദുരന്തത്തിന്റെ വ്യാപ്തി അതിഭീകരമാണ്. സാധാരണ മനുഷ്യര്‍ക്ക് പൂര്‍വ്വസ്ഥിതി കൈവരിക്കാന്‍ കഴിയുമോ എന്നതുപോലും അനിശ്ചിതത്വത്തിലാണ്. അനൗപചാരിക മേഖലകളിലാണ് 30 ശതമാനം വരുന്ന ചെറുപ്പക്കാര്‍ ജോലി ചെയ്യുന്നത്. ഇവര്‍ വന്‍ തകര്‍ച്ച നേരിടുകയാണ്. കഷ്ടിച്ച് ജീവിക്കാന്‍ മാത്രം വരുമാനം ലഭിച്ചിരുന്ന ഈ തൊഴിലുകള്‍ ഭീഷണിയിലാണ്. 170 കോടി ജനങ്ങളുടെ ജീവിതം കടുത്ത ദാരിദ്ര്യത്തിലാണ്. കുറ്റകൃത്യങ്ങളും ആത്മഹത്യകളും കൂടാനുള്ള സാധ്യതയും 2008-09 ലെ ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വലിയ ആഘാതമുണ്ടാകില്ല. ലോകബാങ്കും ഐ.എം.എഫും രാജ്യങ്ങള്‍ക്ക് കടം കൊടുക്കും, അവരെ ‘രക്ഷപ്പെടുത്താന്‍’. എന്നാല്‍ കടക്കെണിയിലാവുന്ന രാജ്യങ്ങള്‍ ചില വ്യവസ്ഥകളും നിബന്ധനകളും പാലിക്കാന്‍ നിര്‍ബന്ധിതരാകും. സേവനങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഇനിയും സ്വകാര്യവത്കരിക്കുക, എണ്ണ, വാതകം, വനം, വെള്ളം, ധാതുക്കള്‍ തുടങ്ങിയ പ്രാദേശിക പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് ഒട്ടേറെ സൗജന്യങ്ങള്‍ നല്‍കുക എന്നതൊക്കെ ഈ കടബാധ്യതയുടെ ഭാഗമാണ്. അടിത്തട്ടില്‍ നിന്നും മേലോട്ട് സമ്പത്ത് വീണ്ടും പ്രവഹിക്കും. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ആകുന്ന അവസ്ഥ കൂടുതല്‍ ഗുരുതരമാകും. നിയോലിബറല്‍ അജണ്ട കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ നടക്കും.

സമത്വത്തിലും തുല്യനീതിയിലും അധിഷ്ഠിതമായ ബദല്‍ സാധ്യതകളെക്കുറിച്ച്, പാരിസ്ഥിതിക പരിഗണനകള്‍ മുഖ്യമാകുന്ന ആസൂത്രണങ്ങളെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ കിട്ടാന്‍ പ്രതിസന്ധി സഹായകമായിട്ടുണ്ട്. സ്ഥല, ജല, വായു മലിനീകരണത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. പക്ഷെ, ഫാസിസ്റ്റുകളോ ഏകാധിപതികളോ ആയ ഭരണാധികാരികള്‍ ലോകത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന രാജ്യങ്ങളുടെ ഭരണസാരഥികളായി ഇരിക്കുന്ന ഒരു കാലത്ത് ഈ പ്രതിസന്ധിയെ ലോകം മെച്ചപ്പെടുത്താനുള്ള അവസരമാക്കി മാറ്റാനുള്ള ജനകീയ ശ്രമങ്ങള്‍ വിജയം കാണുമോ? നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം; സുസ്ഥിര വികസനത്തെക്കുറിച്ചുള്ള പ്രഖ്യാപിതലക്ഷ്യങ്ങളും സാമൂഹികനീതിയുള്ള ഒരു വ്യവസ്ഥ യിലേക്കുള്ള പരിവര്‍ത്തനത്തിന് സമ്മര്‍ദ്ദം ചെലുത്താന്‍ പ്രാപ്തിനേടുന്ന ജനകീയ ഇച്ഛാശക്തിയും ഉരുത്തിരിയുന്നതിനെക്കുറിച്ച്.

(കേരളീയം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply