കാലത്തിനനുസൃതമായി സ്വയം മാറാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകണം

കേരളവും നേരിടുന്ന ഫാസിസ്റ്റ് ഭീഷണികള്‍ക്കെതിരായ പോരാട്ടത്തില്‍ ജനാധിപത്യവാദികള്‍ ഇനിയും പ്രതീക്ഷ അര്‍പ്പിക്കുന്ന കോണ്‍ഗ്രസ്സ് നിലനില്‍ക്കേണ്ടതുണ്ട്. അതാദ്യം തിരിച്ചറിയേണ്ടത് നേതാക്കള്‍ തന്നെയാണ്. എന്നാല്‍ കാലത്തിന്റെ ഈ ആവശ്യം തിരിച്ചറിയാന്‍ അവര്‍ക്കാകുമോ, അതനുസരിച്ച് സ്വയം ജനാധിപത്യവല്‍ക്കരിക്കപ്പെടാനും അതിലൂടെ സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കാനുമുള്ള ഊര്‍ജ്ജം നേടാനും അവര്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിയുമോ എന്നിടത്താണ് കോണ്‍ഗ്രസ്സിന്റെ മാത്രമല്ല, കേരളത്തിന്റേയും രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കപ്പെടുന്നത്.

രാജ്യമാകെ അതിരൂക്ഷമായ ആന്തരികപ്രതിസന്ധികളിലൂടെയാണ് കോണ്‍ഗ്രസ്സ് കടന്നു പോകുന്നത്. മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ് പാര്‍ട്ടി ഇന്ന് അധികാരത്തിലുള്ളത്. അവിടങ്ങളിലടക്കം ശക്തമായ ഭിന്നതകളാണ് പാര്‍ട്ടിയിലുള്ളത്. പഞ്ചാബിലും ഛത്തിസ്ഗഡിലുമൊക്കെ ദേശീയ നേതാക്കള്‍ക്കുപോലും പരിഹരിക്കാനാവാത്ത വിധത്തിലാണ് പ്രതിസന്ധി വളരുന്നത്. ദേശീയനേതൃത്വത്തിലും ഉന്നതനേതാക്കള്‍ക്കിടയില്‍ ഭിന്നത വളരുന്ന വാര്‍ത്തകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതിനിടയിലാണ് അധികാരത്തിലില്ലെങ്കിലും പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കേരളത്തിലും അന്തര്‍സംഘര്‍ഷങ്ങള്‍ ശക്തമായിരിക്കുന്നത്. രാജ്യം ഫാസിസ്റ്റ് ഭീഷണി നേരിടുമ്പോള്‍ അതിനെതിരായ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ കോണ്‍ഗ്രസ്സ് ഉണ്ടാകുമെന്നു ആഗ്രഹിക്കുന്നവരെ വളരെയധികം നിരാശരാക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്.

ഒരു മുന്നണി അഞ്ചുവര്‍ഷം ഭരിച്ചാല്‍ അടുത്ത മുന്നണിക്ക് അടുത്ത അഞ്ചുവര്‍ഷം എന്ന പതിവ് മലയാളികള്‍ തെറ്റിച്ചത് കോണ്‍ഗ്രസ്സ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് കേന്ദ്രനേതൃത്വം. തുടര്‍ന്നാണ് പാര്‍്ട്ടിയെ ശുദ്ധീകരിക്കാനുള്ള ശക്തമായ തീരുമാനം അവരെടുക്കുന്നത്. എന്നാല്‍ അടിസ്ഥാനപരമായി അവര്‍ക്കൊരു തെറ്റുപറ്റി. പാര്‍ട്ടിക്കകത്തെ ഗ്രൂപ്പിസമാണ് പരാജയത്തിനുള്ള പ്രധാന കാരണമായി കേന്ദ്രനേതൃത്വം വിലയിരുത്തിയത്. യാഥാര്‍ത്ഥ്യത്തിനു നിരക്കുന്ന നിഗമനമല്ല അത്. കോണ്‍ഗ്രസ്സില്‍ എന്നാണ് ഗ്രൂപ്പിസമില്ലാതിരുന്നിട്ടുള്ളത്? ഏറെകാലം കരുണാകരനും ആന്റണിയുമായിരുന്നു ഗ്രൂപ്പ് നേതാക്കള്‍. പിന്നീട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി. കഴിഞ്ഞ അരനൂറ്റാണ്ടായി ഈ ചരിത്രം തുടരുന്നു. അതു പാര്‍ട്ടിയെ തളര്‍ത്തിയെന്നു പറയാനാകില്ല. മറിച്ച് വളര്‍ത്തുകയാണ് ചെയ്തത്. ഓരോ അഞ്ചുവര്‍ഷവും അധികാരത്തിലെത്താന്‍ ഈ ഗ്രൂപ്പിസമൊന്നും തടസ്സമായില്ല. ഗ്രൂപ്പിസം എത്ര ശക്തമായാലും നിര്‍ണ്ണായക സമയങ്ങളില്‍ അവരൊന്നിച്ചിരുന്നു. പാര്‍ട്ടി ഭാരവാഹികള തെരഞ്ഞെടുക്കുമ്പോള്‍ ഇതിനേക്കാള്‍ ഭിന്നതകള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ എ കെ ആന്റണിയും വയലാര്‍ രവിയുമായി കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റുമുട്ടുകയും ആന്റണി പരാജയപ്പെടുകയും ചെയ്തു. എന്നിട്ടും കാര്യമായൊന്നും സംഭവിച്ചില്ലല്ലോ. ഇടക്കാലത്ത് ആന്റണിവിഭാഗം ഇടതുമുന്നണിയിലേക്കുപോകുകയും പിന്നീട് തിരിച്ചു വരുകയും ചെയ്തു. കരുണാകരനും മുരളീധരനുമാകട്ടെ മറ്റൊരു പാര്‍ട്ടിയുണ്ടാക്കി പോകുകയും അവസാനം തിരിച്ചുവരുകയും ചെയ്തു. തെരഞ്ഞെടുപ്പുവേളയിലെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രൂക്ഷമായ ഭിന്നതകളുണ്ടാകും. പ്രചാരണം ശക്തമാകുമ്പോഴേക്കും അതെല്ലാം ദുര്‍ബ്ബലമാകും. ഇതൊക്കെ മലയാളികള്‍ നിരന്തരമായി കാണുന്നതാണ്. അതെല്ലാം സ്വാഭാവികമായി തന്നെ കാണുന്നവരുമാണ്. തീര്‍ച്ചയായും സ്ഥാനങ്ങളെല്ലാം ഗ്രൂപ്പുകള്‍ പങ്കുവെച്ചെടുക്കുന്നു എന്ന ആരോപണവും ശരിയാണ്. അതവസാനിപ്പിക്കണം. എന്നാല്‍ ഗ്രൂപ്പിസത്തെ മൊത്തം തകര്‍ക്കാന്‍ ശ്രമിച്ചവരൊക്കെ സ്വയം തകര്‍ന്നിട്ടേയുള്ളു എന്നതാണ് വസ്തുത. വി എം സുധീരന്‍ തന്നെ ഉദാഹരണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തവണത്തെ തെരഞ്ഞെടുപ്പു പരാജയത്തിനു പ്രധാന കാരണം ഗ്രൂപ്പിസമല്ല. പ്രളയസമയവും കൊവിഡ് കാലവും വളരെ ഭംഗിയായി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാരിനു കഴിഞ്ഞതും ആ അവസരങ്ങളില്‍ അവസരത്തിനൊത്തുയരാന്‍ പ്രതിപക്ഷത്തിനു കഴിയാതിരുന്നതുമാണ്. മറ്റെല്ലാം അനുബന്ധ കാരണങ്ങളാണ്. ഇതു തിരിച്ചറിയാതെയാണ് ഗ്രൂപ്പിസത്തെ മുഖ്യശത്രുവായി പുനസംഘടനക്ക് കേന്ദ്രനേതൃത്വം തയ്യാറായത്. തീര്‍ച്ചയായും കരുണാകരനും ആന്റണിയും മാറിയപോലെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാറേണ്ട സമയമായി. അവര്‍ക്ക് കേന്ദ്രനേതൃത്വത്തില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കിയും പുനസംഘടനയില്‍ അവരുടെ അഭിപ്രായം പരിഗണിച്ചുമൊക്കെ അത് ചെയ്യേണ്ടതായിരുന്നു. അതിനുള്ള ആര്‍ജ്ജവം ഉണ്ടായില്ല. പുതിയ നേതൃത്വത്തിലെത്തിയ കെ സുധാകരനും വി ഡി സതീശനും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടതായിരുന്നു. ഡി സി സി പ്രസിഡന്റുമാരെ നിയമിക്കുന്നതില്‍ ഇരുവരുടേയും പരിഗണിക്കുന്നു എന്ന പ്രതീതിയെങ്കിലും ഉണ്ടാക്കേണ്ടതായിരുന്നു. അതുണ്ടാകാത്തതിനാലാണ് എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം, തങ്ങളുടെ കാലഘട്ടത്തില്‍ ലീഡറെയും കെ. മുരളീധരനെയും തിരികെ കൊണ്ടുവന്നു, മുമ്പ് അച്ചടക്ക നടപടി എടുത്തിരുന്നെങ്കില്‍ ഇന്നത്തെ പലരും പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ല, അധികാരം ലഭിച്ചപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചില്ല എന്നൊക്കെ പറയാന്‍ ചെന്നിത്തലക്ക് പ്രചോദനമായത്. പഴയ ഗ്രൂപ്പിസം ആരോഗ്യകരമായിരുന്നെങ്കില്‍ പുതിയ സംഭവവികാസങ്ങള്‍ അനാരോഗ്യകരമായ അവസ്ഥയിലേക്കാണോ നീങ്ങുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതൊഴിവാക്കി കോണ്‍ഗ്രസ്സിന് കൂടുതല്‍ പരിക്കേല്‍പ്പിക്കാതെ മുന്നോട്ടുകൊണ്ടുപോകനാണ് സുധാകരനും സതീശനുമൊക്കെ ശ്രമിക്കേണ്ടത്. വിമര്‍ശനമുന്നയിക്കുന്നവരെ പുറത്താക്കുന്നതൊന്നും കോണ്‍ഗ്രസ്സിന്റെ രീതിയല്ല. ചെന്നിത്തല പറഞ്ഞപോലെ മുമ്പെ ഇതു ചെയ്തിരുന്നെങ്കില്‍ ഇവരിരുവരും പാര്‍ട്ടിയിലുണ്ടാകുമായിരുന്നോ? ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് ജനങ്ങളില്‍ നിന്ന് എന്താണു മറച്ചുവെക്കാനുള്ളത്? പാര്‍ട്ടിയെ സെമി കേഡര്‍ പാര്‍ട്ടിയാക്കുമെന്ന സുധാകരന്റെ പ്രഖ്യാപനമൊന്നും കോണ്‍ഗ്രസ്സിനു യോജിച്ചതല്ല. കണ്ണൂരില്‍ സുധാകരന്‍ പയറ്റുന്ന ശൈലി സംസ്ഥാനത്തുടനീളം അടിച്ചേല്‍പ്പിക്കുന്നത് കോണ്‍ഗ്രസ്സിനെ തളത്തുകയേ ഉള്ളു, വളര്‍ത്തുകയില്ല. ഈ യാഥാര്‍ത്ഥ്യമാണ് മുഴുവന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും തിരിച്ചറിയേണ്ടത്.

അതേസമയം കോണ്‍ഗ്രസ്സില്‍ വേണ്ടത് മറ്റുചില മാറ്റങ്ങളാണ്. പാര്‍ട്ടി ആന്തരികമായി ജനാധിപത്യവല്‍ക്കരണത്തിനു വിധേയമാകുക എന്നതാണത്. മുപ്പതു വര്‍ഷം മുമ്പ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തെ കുറിച്ച് സൂചിപ്പിച്ചല്ലോ. എന്നിട്ടും പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും. പ്രധാനപ്പെട്ട എല്ലാ സ്ഥാനത്തേക്കും വനിതാ, ദളിത് പ്രാതിനിധ്യമൊക്കെ ഉറപ്പുവരുത്തി തെരഞ്ഞെടുപ്പു നടത്താനാണ് കോണ്‍ഗ്രസ്സ് തയ്യാറാകേണ്ടത്. സംഘടനക്കകത്ത് ജനാധിപത്യമില്ലെങ്കില്‍ സമൂഹത്തിലെ ജനാധിപത്യത്തെ കുറിച്ച് എന്താണ് സംസാരിക്കാനാവുക? ഇപ്പോഴത്തെ ലിസ്റ്റില്‍ വനിതാ, ദളിത് പ്രാതിനിധ്യമില്ല എന്നത് വളരെ വലിയ രാഷ്ട്രീയ കുറ്റമാണ്. അതുറപ്പു വരുത്തി തെരഞ്ഞെടുപ്പുകള്‍ വഴി ഭാരവാഹികളെ തെരഞ്ഞെടുക്കണം. മറ്റൊന്നു് പാര്‍ട്ടിയിലെ ഇപ്പോഴത്തെ യുവനേതാക്കളോടാണ് പറയാനുള്ളത്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസത്തിന്റെ ചരിത്രം അവര്‍ മനസ്സിലാക്കണം. എഴുപതുകള്‍ക്കുമുമ്പെ പാര്‍ട്ടിയിലെ പ്രായമേറിയ നേതൃത്വത്തിനെതിരെ ശക്തമായ കലാപം നടത്തിയാണ് ചെറുപ്പക്കാരടെ പുതിയൊരു നിര ഉയര്‍ന്നു വന്നത്. വയലാര്‍ രവിയും ആന്റണിയും ഉമ്മന്‍ചാണ്ടിയും സുധീരനുമൊക്കെയായിരുന്നു നേതൃത്വം. അങ്ങനെയായിരുന്നു ആന്റണി ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമൊക്ക ആയത്. ചെന്നിത്തല ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായത് ഇതിന്റെ തുടര്‍ച്ച തന്നെ. നിര്‍ഭാഗ്യവശാല്‍ ഇവരടക്കമുള്ള പഴയ തലമുറ അരനൂറ്റാണ്ടിനുശേഷവും പാര്‍ട്ടിയുടെ നിയന്ത്രണം കൈവിടാന്‍ തയ്യാറാകുന്നില്ല. പുതിയ തലമുറക്കായി വഴി മാറുന്നില്ല. യുവതലമുറയുടെ കാര്യമോ? അന്ന് ഇവരെല്ലാം നടത്തിയ പോരാട്ടം ഇന്നു നടത്താന്‍ യുവനേതൃത്വത്തിന് കഴിയുന്നുമില്ല. നേതൃത്വം മാറിയെന്നു പറയുമ്പോഴും പ്രായം കൊണ്ട് മുന്‍തലമുറയിലുള്ളയാള്‍ തന്നെയാണല്ലോ കെ സുധാകരനും. ചെന്നിത്തലയേക്കാള്‍ പ്രായം കൂടുതല്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചുരുക്കത്തില്‍ രാജ്യവും കേരളവും നേരിടുന്ന ഫാസിസ്റ്റ് ഭീഷണികള്‍ക്കെതിരായ പോരാട്ടത്തില്‍ ജനാധിപത്യവാദികള്‍ ഇനിയും പ്രതീക്ഷ അര്‍പ്പിക്കുന്ന കോണ്‍ഗ്രസ്സ് നിലനില്‍ക്കേണ്ടതുണ്ട്. അതാദ്യം തിരിച്ചറിയേണ്ടത് നേതാക്കള്‍ തന്നെയാണ്. എന്നാല്‍ കാലത്തിന്റെ ഈ ആവശ്യം തിരിച്ചറിയാന്‍ അവര്‍ക്കാകുമോ, അതനുസരിച്ച് സ്വയം ജനാധിപത്യവല്‍ക്കരിക്കപ്പെടാനും അതിലൂടെ സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കാനുമുള്ള ഊര്‍ജ്ജം നേടാനും അവര്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിയുമോ എന്നിടത്താണ് കോണ്‍ഗ്രസ്സിന്റെ മാത്രമല്ല, കേരളത്തിന്റേയും രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കപ്പെടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply