കംപാഷന്‍ ഒരു രാഷ്ട്രീയ പ്രതിരോധം

പി എന്‍ ഗോപികൃഷ്ണന്‍, ബഷീര്‍, ബ്രഹ്മപുത്രന്‍ എന്നിവര്‍ കെ ജി എസുമായി സംസാരിച്ച് തയ്യാറാക്കി, ലോക അനുകമ്പ ദിനാചരണത്തിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സാഹിത്യ അക്കാദമിയില്‍ നടന്ന യോഗത്തില്‍ അവതരിപ്പിച്ചത്.

ബുദ്ധന്റെ അഹിംസ ഒരു രാഷ്ട്രീയ ഇടപെടലായിരുന്നു. അവിടെ കംപാഷന്‍ ഉണ്ടാകുന്നത് വളരെ ഭൗതികമായ ഒരു സാഹചര്യത്തിലാണ്. കംപാഷന്‍ എന്ന് പറയുന്നത് സ്വപ്നമോ ആദര്‍ശമോ സൗന്ദര്യവസ്തുവോ ഒന്നുമല്ല. പ്രതിരോധമാണ്. അത് ക്രിയാത്മകവുമാണ്. ഹിംസക്ക് എതിരായ രാഷ്ട്രീയ ഇടപെടലാണത്.

നാം ഇന്ന് ജീവിക്കുന്നത് എയ്ജ് ഓഫ് വയലന്‍സില്‍ ആണ്. സ്റ്റാലിന്റെയും ഹിറ്റ്‌ലറൂടെയുമൊക്കെ കാലത്ത് ഉണ്ടായതിനേക്കാള്‍ എത്രയോ അധികം ഹിംസയാണ് ഇപ്പോള്‍ നടക്കുന്നത് ഹിംസയുടെ കാലത്ത് അതിനെതിരായ ഒരു പ്രതിരോധമെന്ന നിലയില്‍ കംപാഷനെ കൊണ്ടുവരാവുന്നതാണ്. അല്ലാതെ കംപാഷന് ഒരര്‍ത്ഥവുമില്ല. കംപാഷനെ ആദര്‍ശവല്‍ക്കരിക്കുകയല്ല ചെയ്യേണ്ടത്. ദയയുടെ രാഷ്ട്രീയ ചേതന കണ്ടെത്തുകയാണ് വേണ്ടത്. അത് പ്രതിരോധമാണ്. മേഴ്സി എന്നത് ഇന്ന് വാണിജ്യവസ്തുവാണ് മെഴ്‌സി കോളേജുകള്‍, ആശുപത്രികള്‍, ജ്ഞാനകേന്ദ്രങ്ങള്‍, നഗരങ്ങള്‍, സാംസ്‌കാരികവിദ്യകള്‍ ഇവിടെയെല്ലാം ഇന്ന് കാണുന്നത് ദയയുടെ ആവിഷ്‌ക്കരണമല്ല, ഹിംസയുടേതാണ്. ഫാസിസം എന്നത് കംപാഷന്‍ എന്നതിന്റെ നേര്‍ വിപരീതമായ വ്യവസ്ഥയുടെ പേരാണ്. സമകാലിക ചരിത്രത്തില്‍ ഭ്രാന്തമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഹിംസയെ പ്രതിരോധിക്കുന്ന ഏത് വാക്കും പ്രവൃത്തിയും – ഒരു വരിയോ ഒരു വരയോ ഒരു സിനിമയോ എന്തും – കംപാഷനാണ്.

ഹിന്ദുമതത്തിലെ ജീര്‍ണ്ണത കൃഷിക്കും ജനങ്ങള്‍ക്കും എതിരായി കലാശിച്ചപ്പോഴാണ് ഹിന്ദുമതത്തില്‍ നിന്നുതന്നെ ബുദ്ധന്‍ അഹിംസ രൂപപ്പെടുത്തുന്നത്. ബുദ്ധന്‍ ദാരിദ്ര്യം, രോഗം, മരണം ഒക്കെ കൃഷിഭൂമിയില്‍ തന്നെ കണ്ട കാര്യങ്ങളാണ്. പിന്നീട് ബുദ്ധനെ ഒരുപാട് കാല്‍പനികവല്‍ക്കരിച്ചിട്ടുണ്ട്. പക്ഷെ ബുദ്ധന്റെ അഹിംസയുടെ, കരുണയുടെ, ദയയുടെ ഒറിജിനല്‍ അര്‍ത്ഥത്തില്‍ തന്നെയാണ് ഇന്ന് നമ്മള്‍ കംപാഷനില്‍ ഊന്നുന്നത്. കാരണം ഇന്ന് ഹിംസ അന്നത്തേക്കാള്‍ അധികരിച്ചിരിക്കുന്നു. മനുഷ്യരെയും സകലതിനെയും കൊല്ലുക, കൊള്ളയടിക്കുക, മരുന്നുകളില്‍ വിഷം കലര്‍ത്തുക, പ്രകൃതിയെ മലിനീകരിക്കുക.. വായുവിലും ജലത്തിലും പഞ്ചഭൂതങ്ങളിലും ഈ ഹിംസയുണ്ട്. ജീവന് എതിരായുള്ള ഒരു സംഹാര പ്രസ്ഥാനമായി ഇന്ന് ഹിംസ മാറിക്കഴിഞ്ഞിട്ടുണ്ട്. ജീവനു വേണ്ടിയുള്ള പ്രതിരോധമായായാണ് ഇന്ന് കരുണ ഉയര്‍ന്നുവരുന്നത്. പാലസ്തീനിലോ ഉക്രയിനിലോ മാത്രമല്ല സിംഗപ്പൂരിലോ ഹോങ്കോംഗിലോ ചൈനയിലോ ഒക്കെ ഇന്ന് നടക്കുന്ന കൂട്ടക്കൊലകള്‍ വളരെ വലുതാണ്. ഇന്ത്യയില്‍ മണിപ്പുരില്‍ ഒരാഴ്ച കൊണ്ട് ഒരു ഗ്രാമം മുഴുവന്‍ ഇല്ലാതാവുകയാണ്.

കംപാഷനക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. അതല്ലാതെ വെറുതെ അഹിംസാനുഭൂതി ഉണ്ടാക്കാന്‍ മിനക്കെടേണ്ടതില്ല. പെരുംകള്ളന്മാരെ ദയാമയനും ദയാമയിയുമാക്കാന്‍ ഒരുങ്ങുകയല്ല നാം ചെയ്യേണ്ടത്. പ്രതിരോധിക്കുകയാണ്. യുദ്ധം ചെയ്യലല്ല അത്. വിയോജിക്കുക, അധികാരത്തോട് വിയോജിക്കുക, മേല്‍കോയ്നയോട് വിയോജിക്കുക, നുണയോട് വിയോജിക്കുക, മലിനീകരണത്തോട് വിയോജിക്കുക.. ഏത് തരത്തിലുള്ള മലിനീകരണവും ഹിംസയാണ്. സത്യത്തിന് എതിരായിട്ടുള്ള നുണ ജീവന് എതിരായിട്ടുള്ളതാണ്. നേരിന് എതിരായിട്ടുള്ളത് പ്രകൃതിക്ക് എതിരായിട്ടുള്ളതാണ്. ഇതിന് എല്ലാത്തിനും എതിരായിരിക്കുമ്പോള്‍ കംപാഷന്‍ ജനാധിപത്യത്തിന്റെ ചേതനയാണ് എന്ന് നമുക്ക് മനസ്സിലാകും. അത്തരമൊരു കാഴ്ചപ്പാടിലാകണം കംപാഷനെക്കുറിച്ചുള്ള ചിന്തകള്‍ നടക്കേണ്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നുണ വലിയ ഹിംസയാണ്. ഇങ്ങനെ മൂല്യങ്ങളെ നശിപ്പിക്കല്‍, ധാര്‍മ്മികതയെ നശിപ്പിക്കല്‍, ഒരു സ്വപ്നം ഉണ്ടാകാന്‍ അനുവദിക്കാതിരിക്കല്‍, ഐക്യത്തെ നശിപ്പിക്കല്‍ ഇതൊക്കെ കംപാഷന് എതിരായ കാര്യങ്ങളാണ്. ജീവനും ജീവനും തമ്മിലുള്ള ഐക്യമാണ് കംപാഷന്‍. അത്തരമൊരു ഐക്യമാണ് പ്രകൃതിയുടെ തന്നെ സുസ്ഥിതി. ഒരു ദോഷവും ചെയ്യാത്ത ലക്ഷക്കണക്കിന് മത്സ്യങ്ങള്‍, മരങ്ങള്‍ എന്നിവയെല്ലാം കൂട്ടക്കൊല ചെയ്യപ്പെടുകയാണ്. മുളക്കാതെ പോകുന്ന വിത്തുകള്‍. ഈ കൂട്ടക്കുരുതികളൊക്ക ഹിംസയുടെ യുഗത്തിന്റെ ആവിഷ്‌കാരമാണ്. ബുദ്ധന്റെ കാലത്തിന് മുമ്പായാലും ക്രിസ്തുവിന്റെ കാലത്തായാലും പാപം എന്ന് കരുതിയത് ഹിംസയെയാണ്

വളരെ പണ്ട് ഹിറ്റ്‌ലര്‍ ജൂതകൂട്ടക്കൊല നടത്തി. ആ ജൂതദുരന്തത്തിനു ശേഷം ഇപ്പോള്‍ തിരിച്ചടി വരുന്നത് ഇസ്രായേലിന്റെ യുദ്ധമാണ്. ഹിറ്റ്‌ലര്‍ ഹിംസയുടെ വലിയ ഒരു റിസര്‍വോയര്‍ ആയിരുന്നു. പിന്നീട് സ്റ്റാലിന്‍ അതിനേക്കാള്‍ വലിയ റിസര്‍വോയറായി. മാത്രമല്ല. ഇപ്പോള്‍ ഇവിടെയിരുന്ന് സ്റ്റാലിന്‍ ഉണ്ടാക്കിയ അടവറയില്‍ നമ്മള്‍ പെടുന്നു. നമ്മുടെയൊക്കെ വിചാരങ്ങളില്‍ എപ്പോഴും സോവിയറ്റ് യൂണിയന്റെ വിപ്ലവം കഴിഞ്ഞുള്ള സോഷ്യലിസ്റ്റ് നിര്‍മ്മാണ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന തടങ്കലുകള്‍, പീഡനങ്ങള്‍, കൂട്ടക്കൊലകള്‍, ചേക എന്ന രഹസ്യ പോലീസിന്റെ ആദിരൂപം, ഇതിനെപ്പറ്റിയൊക്കെയുള്ള ചര്‍ച്ചകളുമായിട്ടാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. നമ്മുടെ സമകാലീന ജീവിതത്തെ മരവിപ്പിക്കാവുന്ന ഒരു നെഗറ്റീവ് ഇഫക്ട് സ്റ്റാലിനിസത്തിന് ഇപ്പോഴുമുണ്ട്. ഇന്ന് ഭൂമിയില്‍ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യബോധമുള്ള മനുഷ്യരൊക്കെ ആ തടവറയിലെ അന്തേവാസികളായി മാറിയിട്ടുണ്ട്. ഫാസിസം അനുഭവിക്കുന്ന മുഴുവന്‍ മനുഷ്യരും ഒന്നുകില്‍ ഹിറ്റ്സറുടെ കോണ്‍ട്രേഷന്‍ ക്യാമ്പില്‍, അല്ലെങ്കില്‍ സ്റ്റാലിന്റെ തടവറയില്‍, അല്ലെങ്കില്‍ സാംസ്‌കാരിക വിപ്ലവകാലത്തെ ചൈനയുടെ തടവറയിലാണ്. വിമോചനത്തിന് വേണ്ടി ഉയര്‍ന്നു വന്ന കമ്യൂണിസം ഏറ്റവും വലിയ തടവറയുണ്ടാക്കുന്ന പ്രസ്ഥാനമായി മാറുകയായിരുന്നു. ഇപ്പോഴുമുണ്ടത്. ഇപ്പോള്‍ ഇടതുപക്ഷത്തിനെതിരായി സംസാരിക്കുന്ന ഒരാള്‍ ചന്ദ്രശേഖരനെപ്പോലെ വെട്ടിക്കൊല്ലപ്പെടും. ഇതുപോലെ ചരിത്രത്തിന്റെ ഉള്ളില്‍ നിന്ന് വരുന്ന വിഷപ്പുകകള്‍ ഉണ്ട്. പാരമ്പര്യം എന്നു പറയുന്ന സാധനം. ഇത് ജാതിബോധം, മതബോധം എന്നൊക്കെ പറയുന്നതിനേക്കാള്‍ എത്രയോ ഭയാനകമായ ഒന്നാണ്.

ഇത് ഏറ്റവും വലിയ മനുഷ്യസ്‌നേഹത്തിന്റെ പ്രത്യയശാസ്ത്രം എന്ന് വിചാരിക്കുന്ന ഒന്നിനുണ്ടാകുന്ന വിപര്യയമാണ്. പവറിലേക്ക് കലര്‍ന്നുകഴിഞ്ഞാല്‍ പ്രത്യയശാസ്ത്രം എന്നതിനേക്കാള്‍ വിഷമേറിയ വേറെ വസ്തുവില്ല. പണ്ട് പവര്‍, അധികാരം എന്നതിനെക്കുറിച്ച് റസ്സല്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതില്‍ പറഞ്ഞ പല കാര്യങ്ങളും പ്രവചനം പോലെയാണിപ്പോള്‍. പിന്നീട് ഫുക്കോ അധികാരവും അറിവും എന്നൊക്കെയുള്ള പുതിയ ശരികളില്‍ എത്തുന്നുണ്ട്. ഇതിലൊക്കെ പൊതുവായ ഒന്ന് പ്രതിരോധമാണ്. ശരിയായി ജീവിക്കുന്ന ഏതു മനുഷ്യനും ഒരു പ്രതിഷേധത്തില്‍ പെടുന്ന മനുഷ്യനാണ്. ക്രിയാത്മകമായ ഏത് പ്രവര്‍ത്തനവും പ്രതിരോധത്തെ ഉള്‍ക്കൊള്ളുന്നതാണ്. ഇന്നത്തെ കേന്ദ്രീക്യതമായ എല്ലാ സംവിധാനങ്ങളും ഭാവിക്ക് എതിരാണ്. ഭാവിക്ക് അനുകൂലമായിട്ടുള്ളതാണ് പ്രതിരോധം എന്ന് തിരിച്ചറിഞ്ഞ ആളുകളാണ് എന്നും ഭാവിയുടെ രക്ഷകരായിട്ടുള്ളത്. അപ്പോള്‍ നമ്മെ മുക്കി നിര്‍ത്തിയിരിക്കുന്ന വിഷത്തേയും തടവറയെയും മറ്റും തിരിച്ചറിയുന്ന ഒരു വിവേകമാണ് ഇന്നുണ്ടാകേണ്ടത്. കുമാരനാശാനൊക്കെ പറഞ്ഞ പോലത്തെ ഒരു വിവേകോദയം വേണം. അന്ന് ശത്രു പ്രത്യക്ഷമായിരുന്നു. ഇന്ന് ശത്രു അദൃശ്യനായിരിക്കുന്നു. ഈ പറയുന്ന എതിരവസ്ഥ മുഴുവന്‍ ഇന്ദ്രിയസംവേദനത്തിന് അതീതമായി നില്‍ക്കുന്നു. ഇന്നതൊക്കെ വിഷമാണ്, ഇന്നതൊക്കെ ജനാധിപത്യ വിരുദ്ധമാണ്, ഇന്നതൊക്കെ ജീവന് വിരുദ്ധമാണ്, ഭാവിക്ക് വിരുദ്ധമാണ് എന്നുള്ളത് അറിയുമ്പോള്‍ നാം പ്രതിരോധത്തിന്റെ ഊര്‍ജ്ജത്തിലേക്ക് താനെ വരും.

അധികാരം എന്നത് ഇന്നലെ വരെ കണ്ടതല്ലാത്ത ഹിംസയുടെ മഹാരൂപമായി മാറുകയാണ്. അതിനോട് വിയോജിക്കുമ്പോഴാണ് വികേന്ദ്രീകരണത്തിലേക്ക് എത്തുന്നത്. ഗാന്ധി ഉദ്ദേശിച്ച ഗ്രാമസ്വരാജ് ആ വികേന്ദ്രീകരണമാണ്. അല്ലാതെ സാമ്രാജ്യസ്വരാജ് അല്ല.

നമ്മുടെ സ്വപ്നങ്ങള്‍പോലും തകര്‍ക്കാന്‍ കഴിയുന്ന വലിയ ഫാസിസ്റ്റ് തടവറയുടെതായ ഒരു രൂപം വന്നു കഴിഞ്ഞു. മോദിയോ ആര്‍ എസ് എസോ ഇത് കൊണ്ടുവരുന്നതിന് മുന്‍പ് വലിയ സാധ്യതകള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നാം അനുഭവിക്കുന്ന ജനാധിപത്യത്തിന്റെ ജീര്‍ണ്ണത സ്റ്റാലിനിസത്തിന്റെ രൂപത്തിലേക്ക് പോവുകയാണ്. അന്ന് വിയോജിപ്പുള്ളവര്‍ മാത്രമായിരുന്നു തടവിലാക്കപ്പെട്ടത്. ഇന്ന് ജനങ്ങള്‍ മുഴുവനാണ് തടവറയില്‍. എന്ത് ക്രൈമും ജസ്റ്റിഫൈഡ് ആണ് എന്ന അവസ്ഥ. Everything is permitted എന്ന് ഡോസ്റ്റോവൈയ്സ്‌കി കാരമസോവ് സഹോദരനെക്കൊണ്ട് പറയിപ്പിച്ചത് തന്നെയാണ്. ഐഡിയോളജി എന്നാല്‍ ഇന്ന് കൊലയന്ത്രമാണ്. ഫാസിസത്തിന് എതിരെ കംപാഷണേറ്റായ പ്രതിരോധം എന്ന ചെറിയ തൂരുത്താകും ഇന്ന് ശുദ്ധവായുവുള്ള സ്ഥലം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോള്‍ തീരുമാനങ്ങള്‍ പോലും മനുഷ്യരല്ല എടുക്കുന്നത്. കണ്‍സ്യൂമര്‍ എന്നത് തീരുമാനം ബഹിഷ്‌ക്കരിക്കപ്പെട്ട മനസ്സ് എന്നാണിപ്പോള്‍. എന്ത് വേണമെന്ന് അയാള്‍ക്കറിയുന്നില്ല. തീരുമാനമെടുക്കുന്നതിന്റെ അതോറിറ്റി ഇപ്പോള്‍ മനുഷ്യവ്യക്തിക്ക് വെളിയിലാണ്. അതുകൊണ്ട് പ്രതിരോധം എന്നത് പല സ്റ്റേജിലുള്ള ഒരു തിരിച്ചറിവിന്റെ. സങ്കീര്‍ണ്ണമായ ഒരു കൂട്ടക്ഷരമായി തീര്‍ന്നതു പോലെയുള്ള അവസ്ഥയാണ്. ഈ കുട്ടക്ഷരത്തിന്റെ ഏത് ഭാഗം അടര്‍ത്തിയെടുത്താലും അതില്‍ നിന്ന് കവിത കിട്ടും, കഥ കിട്ടും, അല്ലങ്കില്‍ സിനിമ കിട്ടും എന്നൊക്കെ അറിയാന്‍ വയ്യാത്ത ഒരു വലിയ കട്ടയാണ്. അതില്‍ നിന്നാണ് ഒരു സമൂഹത്തിന്റെ ചേതനയെ നമുക്ക് വേര്‍തിരിച്ച് എടുക്കേണ്ടത്. ജീവന്റെ വ്യത്യസ്ത ആകാരങ്ങളുടെ വഴികള്‍ തിരിച്ചറിയേണ്ടതുണ്ട്. പണ്ടത്തെ വട്ടെഴുത്തും കോലെഴുത്തും വായിച്ചതിനേക്കാള്‍ പ്രയാസമാണ് ഇന്നത്തെ കാലത്തെ വായിക്കുന്നത്. അതിനര്‍ത്ഥം ഒരു പുതിയ നിരക്ഷരതയില്‍ നമ്മള്‍ ഓരോ ദിവസവും ചെന്നെത്തുകയാണ് എന്നതാണ്..

രാഷ്ട്രീയമല്ലാത്ത ഒരു സാധനവും ഇന്നില്ല. മള്‍ട്ടി വിറ്റാമിന്‍ ഗുളിക പോലും ഇന്ന് രാഷ്ട്രീയമാണ്. അതുകൊണ്ട് സങ്കീര്‍ണ്ണതകളെ എങ്ങിനെ നേരിടണമെന്നാണ് ഇപ്പോള്‍ നമ്മുടെ ചോദ്യം. മൊത്തത്തില്‍ കംപാഷന്‍ എന്ന് പറഞ്ഞാല്‍ കുറച്ച് അവ്യക്തതയുണ്ട്. ജനാധിപത്യം നഷ്ടമാകുന്നതാണ് ഇപ്പോഴത്തെ ദുരിതാനുഭവങ്ങളുടെ മുഴുവന്‍ കാരണമാകുന്നത്. ജീവന്റെ വിണ്ടെടുപ്പ്, മൂല്യങ്ങളുടെ വീണ്ടെടുപ്പ്, ധാര്‍മ്മികതയുടെ വീണ്ടെടുപ്പ് ഇതൊക്കെയാണ് ജനാധിപത്യത്തിന്റെ വീണ്ടെടുപ്പായി വരുന്നത്. അപ്പോള്‍ മാത്രമെ സമൂഹം കംപാഷനേറ്റ് ആയി മാറൂ.

കംപാഷനെക്കുറിച്ചുള്ള ആലോചനകള്‍ പുതിയ ഒരു വിവേകമായി സമൂഹത്തില്‍ കൊണ്ടുവരുന്നതാകണം. പ്രതിരോധമായിട്ട് എടുത്താലും പ്രതിരോധത്തിന് ഒരു ട്രാക് റെക്കോര്‍ഡ് ഉണ്ട്. മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റ് രൂപത്തിലല്ലാതെ ഒരു തിന്മയും ഇന്നില്ല. എത്തിക്‌സിന്റെ മരണമാണ് ഇന്ന് കാണുന്നത്.

ഒരു എത്തിക്കല്‍ ഹ്യൂമന്‍ ബീയിംഗ് എന്ന ഒന്ന് ഉണ്ടായാല്‍ മതി. അങ്ങിനെയായാല്‍ അയാള്‍ അടിമുടി പ്രതിരോധത്തിന്റെ ചിന്തയുള്ള ഒരാളായിരിക്കും. അതിലൂടെ അയാളുടെ ഭാവുകത്വവും ദര്‍ശനവും കര്‍മ്മശേഷിയുമൊക്കെ ധാര്‍മ്മികമായിരിക്കും. ബുദ്ധനു ശേഷം ഒരു എത്തിക്കല്‍ ഹ്യൂമണ്‍ ബീയിഗിനെ എടുക്കണമെങ്കില്‍ അത് ഗാന്ധിയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply