പൗരസമൂഹം മരപ്പാവകളല്ല
2021 ല്‍ നടക്കേണ്ടിയിരുന്ന കാനേഷുമാരി ഇതുവരെയും നടന്നിട്ടില്ല. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാനേഷുമാരി പ്രവര്‍ത്തനം തുടങ്ങുകയാണെന്നും 2026 ല്‍ പരിപാടി പൂര്‍ത്തീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിപ്പുണ്ടായി. കാത്തിരുന്നു കാണാം.
ദശാബ്ദത്തിലൊരിക്കലാണ് കാനേഷുമാരി എന്ന സെന്‍സസ് ഇന്ത്യയില്‍ നടത്തിപ്പോന്നിട്ടുള്ളത്. 1881 മുതലുള്ള പതിവാണ്. ലോകമഹായുദ്ധകാലത്ത് മുടങ്ങിയിട്ടുണ്ട്, പിന്നെ കോവിഡ് കാലത്തും. കോവിഡാനന്തരം തിരഞ്ഞെടുപ്പുകള്‍ കൃത്യമായി നടത്തിയെങ്കിലും കാനേഷുമാരിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉപേക്ഷ കാണിച്ചു. 2011 ല്‍ ആയിരുന്നു അവസാനം ജനസംഖ്യ തിട്ടപ്പെടുത്തിയത്. 2021 ല്‍ നടക്കേണ്ടിയിരുന്ന കാനേഷുമാരി ഇതുവരെയും നടന്നിട്ടില്ല. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാനേഷുമാരി പ്രവര്‍ത്തനം തുടങ്ങുകയാണെന്നും 2026 ല്‍ പരിപാടി പൂര്‍ത്തീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിപ്പുണ്ടായി. സാധാരണ മൂന്നുകൊല്ലങ്ങളോളമെടുത്താണ് കാനേഷുമാരി കണക്കുകള്‍ തീര്‍ച്ചപ്പെടുത്താറുള്ളത്. ഇത്തവണ അത് രണ്ട് കൊല്ലത്തിനുള്ളില്‍ നടത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കാത്തിരുന്നു കാണാം.
പേര്‍ഷ്യന്‍ പദമാണ് കാനേഷുമാരി. ഖാനേ എന്നാല്‍ ഗൃഹം എന്നര്‍ത്ഥം. ഷൊമാരേ എന്നാല്‍ എണ്ണമെന്നും. ഖാനേഷൊമാരേ ആണ് ലോപിച്ച് കാനേഷുമാരിയായത്. മുഗള്‍ ഇന്ത്യയുടെ ഭരണഭാഷ പേര്‍ഷ്യന്‍ ആയിരുന്നു. ആദ്യ കാനേഷുമാരി നടത്തിയത് ബ്രിട്ടീഷ് ഭരണകൂടമാണെങ്കിലും അന്നും ഭരണഭാഷ പേര്‍ഷ്യന്‍ തന്നെയായിരുന്നു. അങ്ങനെ ഇന്ത്യന്‍ ഭാഷകളില്‍ സെന്‍സസ് എന്ന ഇംഗ്ലീഷ് പദത്തിനുപകരം കാനേഷുമാരി എന്ന് പറഞ്ഞുപോരുന്നു.
വലിയ ഗൗരവത്തോടെയും ശ്രദ്ധയോടെയും നടത്തിപ്പോരുന്ന ഈ ജനസംഖ്യാ കണക്കെടുപ്പിനെ ചൊല്ലി വലിയ വിവാദങ്ങളൊന്നും ഇന്നുവരേയും ഉണ്ടായിട്ടില്ല. 1931 വരെ കാനേഷുമാരി ജാതി അടയാളപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യാനന്തരം ജാതി കണക്കെടുപ്പ് നിര്‍ത്തലാക്കി പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങളെ മാത്രമാണ് പ്രത്യേകമായി എണ്ണിത്തിട്ടപ്പെടുത്താറുള്ളത്. മതം, ലിംഗം എന്നിവ തുടരുന്നുമുണ്ട്. കാരൂരിന്റെ എന്യൂമറേറ്റര്‍ നളിനിയോട് പറഞ്ഞതുപോലെ കണക്കെടുപ്പിന്റെ സമയത്ത് സര്‍ക്കാരു കാര്യമായത് കൊണ്ട്, ”ആങ്ങളച്ചെറുക്കന്‍ പോയിട്ട് വെല്യമ്മാവനുണ്ടെങ്കിലും ചോദിക്കേണ്ടതു ചോദിക്കും. നേരൊക്കെ പറയുകേം വേണം. പറഞ്ഞില്ലെങ്കില്‍ അതു കുറ്റമാണ്. പറയുന്നതൊക്കെ രഹസ്യമായി സൂക്ഷിക്കും.” മരപ്പാവകളല്ല മനുഷ്യര്‍, അവര്‍ പൗരജീവിതം നയിക്കുന്നവരാണ് എന്ന സങ്കല്പത്തില്‍ ഊന്നിയാണ് കാനേഷുമാരി നടത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തവണ ജാതിയും രേഖപ്പെടുത്തണമെന്ന് പ്രതിപക്ഷം പറയുന്നത്. ചെയ്യുമെന്നോ ഇല്ലെന്നോ സര്‍ക്കാര്‍ ഇതുവരേയും പറഞ്ഞിട്ടില്ല. ഇത്തവണത്തെ കാനേഷുമാരി പ്രശ്‌നസങ്കീര്‍ണ്ണമാകാനിടയുള്ളതിന്റെ ഒന്നാമത്തെ കാരണം ജാതിയുടെ എന്യുമറേഷനെക്കുറിച്ചുള്ള തര്‍ക്കമാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ബ്രിട്ടീഷുകാര്‍ ഇന്ത്യയെ ഒരു രാഷ്ട്രമായി കണക്കാക്കിയിരുന്നില്ല. പൗരസമൂഹമായിട്ട് ഒട്ടുമേയില്ല. കൊളോണിയല്‍ ഭരണാധികാരികള്‍ ഇന്ത്യയെ ജാതിക്കൂട്ടായ്മയായിട്ടാണ് കണ്ടത്; പരസ്പരം ശത്രുതയിലായ രണ്ട് മതസമൂഹങ്ങളായിട്ടും. അവരുടെ കാഴ്ചപ്പാടില്‍ ദേശരാഷ്ട്രം ഒരു മതവിശ്വാസവും ഒരു ഭാഷയും കേന്ദ്രീകരിച്ചിട്ടുള്ളതാണ്. ബഹുമതഭാഷാ രാഷ്ട്രം എന്ന സങ്കല്പം അവര്‍ക്കുണ്ടായിരുന്നില്ല. കാനേഷുമാരി അവര്‍ക്ക് ഒരു എണ്ണിത്തിട്ടപ്പെടുത്തല്‍ മാത്രമായിരുന്നു. എത്ര പശുവും പോത്തുമുണ്ടെന്നറിയേണ്ടതുപോലെ എത്ര ഹിന്ദുക്കളും മുസ്ലിങ്ങളും ഈഴവരും നായന്മാരും യാദവരും ഠാക്കൂറുകളും അങ്ങനെ മത, ജാതി, ഉപജാതികള്‍ ബ്രിട്ടീഷ് പരമാധികാരത്തിനു കീഴിലുണ്ടെന്ന് അവര്‍ക്ക് അറിയേണ്ടതുണ്ടായിരുന്നു. കാനേഷുമാരി ഭാരതീയ സമൂഹങ്ങളിലെ ളഹൗശറ ആയ ജാതി സമവാക്യങ്ങളെ ശ്രേണീകൃതമായ സമൂഹമായി പുനഃനിര്‍വ്വചിച്ചു എന്നൊരു വാദമുയര്‍ത്തുന്നവരുണ്ട്. സ്വാതന്ത്ര്യാനന്തരം, അതിനാല്‍ ജാതി ചോദിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു പുതിയ ഭരണസംവിധാനം. കണക്കില്‍ നിന്നും തൂത്താല്‍ മാഞ്ഞുപോകുന്നതാണ് ജാതി എന്നവര്‍ കരുതി. ജാതിക്കപ്പുറമുള്ള ഒരു പൗരസമൂഹത്തെ വാര്‍ത്തെടുക്കാന്‍ ജാതിയെ കാനേഷുമാരിയില്‍ പരിഗണിക്കാതിരുന്നാല്‍ മതി എന്നവര്‍ക്ക് തോന്നി. ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള പരിപാടിയാണ് കാനേഷുമാരിയില്‍ ജാതി ഉള്‍പ്പെടുത്തുന്നതെന്ന് ഇന്ന് സംഘപരിവാര്‍ കരുതുന്നു. അതുകൊണ്ടാണ് രാഹുല്‍ഗാന്ധിയുടെ ‘ജിത്‌നാ ആബാദി ഉത്‌നാ ഹഖ്'(ജനസഖ്യാനുപാതികമായി അവസരങ്ങള്‍) എന്ന മുദ്രാവാക്യത്തെ ബിജെപി വിഘടനവാദമായി കാണുന്നത്. ജാതിക്കണക്ക് ജാതി ഉന്മൂലനത്തിന് ആവശ്യം എന്നതിനേക്കാള്‍ തുല്യാവകാശങ്ങള്‍ക്കും വിഭവവിതരണത്തില്‍ തുല്യതയ്ക്കും ആവശ്യം എന്നതാണ് പുതിയ രാഷ്ട്രീയം. കാനേഷുമാരിയില്‍ അത് പ്രതിഫലിക്കണമോ എന്നത് സ്റ്റാറ്റിസ്റ്റിക്‌സിലെ ഒരു പ്രശ്‌നമല്ല മറിച്ച് ഒരു രാഷ്ട്രീയ ചോദ്യമാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി മോദിയും മറ്റും മഹാരാഷ്ട്രയിലെയും ഝാര്‍ഖണ്ഡിലേയും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജാതിസെന്‍സസ് ആവശ്യപ്പെടുന്നതുവഴി പ്രതിപക്ഷം ഒബിസി-എസ്‌സി-എസ്ടി ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നത്. രാഹുല്‍ഗാന്ധിയും മറ്റുമാകട്ടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ ഉന്നതപദവിയിലും മറ്റുമുള്ള ഹിന്ദു ഉയര്‍ജാതി ആധിക്യം എടുത്തുകാണിച്ചുകൊണ്ടാണ് ജാതി സെന്‍സസിന്റെ ആവശ്യത്തെക്കുറിച്ച് പറയുന്നത്. അങ്ങനെ ഒരര്‍ത്ഥത്തില്‍ ഇത്തവണത്തെ കാനേഷുമാരി മണ്ഡല്‍ ് െമന്ദിര്‍ രാഷ്ട്രീയത്തിന്റെ പുതിയ യുദ്ധഭൂമിയായി മാറുകയാണ്.
2026-കാനേഷുമാരി മുമ്പത്തെ കണക്കെടുപ്പുകളെക്കാള്‍ ശ്രദ്ധേയമാകുന്നത് അതിന്റെ ഫലങ്ങള്‍ മറ്റ് രണ്ട് രാഷ്ട്രീയമാറ്റങ്ങള്‍ക്ക് കാരണമാകുമെന്നത് കൊണ്ടാണ്. 2026 ലെ കാനേഷുമാരി പാര്‍ലമെന്റിലെ സ്ത്രീ സംവരണത്തിനും പിന്നീട് ലോക്‌സഭാ സീറ്റുകളുടെ പുനഃനിര്‍ണ്ണയത്തിനും കാരണമാകും. വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഈ മാറ്റങ്ങള്‍ മൂലമുണ്ടാകാനിടയുണ്ട്. അതിന്റെ കേളികൊട്ട് ഇപ്പോള്‍തന്നെ തെക്കന്‍ സംസ്ഥാനങ്ങളിലെ ചില മുഖ്യമന്ത്രിമാരുടെ വര്‍ത്തമാനത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
അതായത്, കാനേഷുമാരി ചൂണ്ടിക്കാണിക്കാനിടയുള്ള ഒരു ട്രെന്‍ഡ് ഇപ്പോള്‍ കാണുന്നതുപോലെ തന്നെ യുപി, ബീഹാര്‍ എന്നിങ്ങനെ ഉത്തരേന്ത്ര്യന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യ വര്‍ദ്ധിക്കുന്നുവെന്നും തെക്കെയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, ആന്ധ്ര, തെലങ്കാന കുറയുകയും ചെയ്യുന്നുവെന്നതാണ്. ഈ കണക്ക് പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണത്തെ ഭാവിയില്‍ ബാധിക്കും. അതുപോലെ തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിഭവവിതരണത്തേയും. അതുകൊണ്ടാണ് ചന്ദ്രബാബു നായിഡുവും എം.കെ.സ്റ്റാലിനും ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ തങ്ങളുടെ ജനങ്ങളോട് ആവശ്യപ്പെട്ടത്. ഉത്തരേന്ത്യയിലെ സാമ്പത്തിക പിന്നോക്കാവസ്ഥയും തൊഴില്‍രാഹിത്യവും ജനസംഖ്യാവര്‍ദ്ധനവും വലിയതോതില്‍ തെക്കേയിന്ത്യയിലേക്കുള്ള കുടിയേറ്റത്തിന് കാരണമായേക്കാം. അതിന് രാഷ്ട്രീയ-സാംസ്‌കാരിക-സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാകും.
തെക്കന്‍ സംസ്ഥാനങ്ങളുടെ ആധിക്ക് പിന്നില്‍ ഈ കുടിയേറ്റ സാധ്യത മാത്രമല്ല. ജനസംഖ്യാ പെരുപ്പം കാരണം സീറ്റ് പുനഃനിര്‍ണ്ണയത്തില്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളുടെ സീറ്റുകളില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്നും തെക്ക് സീറ്റുകള്‍ കുറയുമെന്നുമുള്ള യാഥാര്‍ത്ഥ്യവുമുണ്ട്. ചുരുക്കത്തില്‍ കാനേഷുമാരി കണക്കുകള്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ അധികാര സമതുലനത്തെ കാര്യമായി ബാധിക്കാനിടയുള്ള ചില മാറ്റങ്ങളുണ്ടാകാനിടയുണ്ട്. 2014നു ശേഷം വന്ന വടക്ക്-തെക്ക് വിടവ് സൂക്ഷിച്ചില്ലെങ്കില്‍ വലിയ അളവില്‍ വര്‍ദ്ധിപ്പിക്കും.
ഇന്ന് ഫിനാന്‍സ് കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനുമൊക്കെ അടിസ്ഥാനപ്പെടുത്തുന്നത് 1971 ലെ സെന്‍സസ് നമ്പരുകളാണ്. അതായത് അരനൂറ്റാണ്ട് പഴക്കമുള്ള കണക്കുകള്‍. അരനൂറ്റാണ്ടില്‍ ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിലും സാമ്പത്തിക ബന്ധങ്ങളിലും വളര്‍ച്ചാനിരക്കിലുമൊക്കെ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. തദനുസാരിയായ മാറ്റങ്ങള്‍ പാര്‍ലമെന്റിലും മറ്റും വരേണ്ടതാണെങ്കിലും അതുണ്ടായിട്ടില്ല. ഭരണഘടനയുടെ 82-ാം വകുപ്പ് പ്രകാരം ഓരോ പതിറ്റാണ്ടിലും കാനേഷുമാരിയേയും അടിസ്ഥാനപ്പെടുത്തി ജനസംഖ്യാനുപാതികമായി പാര്‍ലമെന്ററി സീറ്റുകളില്‍ പുനഃനിര്‍ണ്ണയം ആവശ്യമാണ്. ഫെഡറല്‍ ബന്ധത്തെ മോശമായ രീതിയില്‍ ബാധിക്കുമെന്ന പേടിയില്‍ അതിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങിയിട്ടില്ല. 1971ലെ സെന്‍സസ് കണക്കുകള്‍ തുടരുന്നതിന്റെ പശ്ചാത്തലമിതാണ്. 1971 ന് ശേഷമുള്ള മാറ്റങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ ശ്രദ്ധേയമായ അഞ്ച് കാര്യങ്ങള്‍ കാണാവുന്നതാണ്.
ഒന്ന്, രാഷ്ട്രീയം കോണ്‍ഗ്രസ്സിനുചുറ്റും എന്നതില്‍നിന്നും ബിജെപിക്ക് ചുറ്റുമായി മാറിയിരിക്കുന്നു. കോണ്‍ഗ്രസ്സിന് ചരിത്രപരമായുണ്ടായ ഫെഡറല്‍ സ്വഭാവം ബിജെപിക്കില്ല. കേന്ദ്രീകൃതമായ ഒരു രാഷ്ട്രീയ സംവിധാനമാണ് ബിജെപിയുടെ കാഴ്ചപ്പാടില്‍ ഇന്ത്യക്ക് അനുയോജ്യം. ഒരു രാഷ്ട്രം, ഒരു മതം, ഒരു നികുതി, ഒരു ഭാഷ, ഒരു തിരഞ്ഞെടുപ്പ് എന്നിങ്ങനെ പോകുന്നു ആ വീക്ഷണത്തിന്റെ പ്രായോഗിക നിലപാടുകള്‍. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് ഒട്ടുമേ പരിഗണന നല്‍കാത്ത ഒരു കേന്ദ്രീകൃത സംവിധാനമാണ് ബിജെപി സ്വപ്‌നം കാണുന്നത്.
രണ്ട്, വടക്കേയിന്ത്യന്‍ രാഷ്ട്രീയം ഹിന്ദുത്വരാഷ്ട്രീയത്തെ സ്വീകരിച്ചപ്പോള്‍ തെക്കെയിന്ത്യന്‍ സംസ്ഥാനങ്ങള്‍ സംസ്ഥാനപാര്‍ട്ടികള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. ഈ ട്രെന്‍ഡിന്റെ പരിണിതി എന്തെന്നാല്‍ വടക്കും പടിഞ്ഞാറും യൂണിറ്റേറിയന്‍ സംവിധാനത്തെ അംഗീകരിക്കാന്‍ തയ്യാറായപ്പോള്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ ഫെഡറല്‍ സംവിധാനത്തോട് കൂടുതല്‍ അടുത്തു. രാഷ്ട്രീയത്തിലെ ഒരു പ്രധാനപ്പെട്ട ളമൗഹ േഹശില ആണ് ഈ യൂണിറ്റേറിയന്‍-ഫെഡറല്‍ വിടവ്.
മൂന്ന്, 1991 ലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുശേഷം സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുകയാണുണ്ടായത്. മഹാരാഷ്ട്രം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവയാണ് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ടഉഏജ) പ്രകാരം ഏറ്റവും ധനികരായ സംസ്ഥാനങ്ങള്‍. ഇതിനേക്കാള്‍ പ്രധാനം ഇന്ത്യയിലെ ഏറ്റവും ധനികരായ മൂന്നു സംസ്ഥാനങ്ങള്‍ ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട മൂന്ന് സംസ്ഥാനങ്ങളേക്കാള്‍ മൂന്നിരട്ടി ധനികരാണ്. ധനിക സംസ്ഥാനങ്ങളില്‍ പൊതുവേ ഫെര്‍ട്ടിലിറ്റി റേറ്റ് വേഗത്തില്‍ കുറയുമ്പോള്‍ പാവപ്പെട്ട സംസ്ഥാനങ്ങളില്‍ ആ കുറവ് പതുക്കെയാണുണ്ടാകുന്നത്. അന്തര്‍സംസ്ഥാന കുടിയേറ്റങ്ങളുടെ പ്രധാന കാരണം ഈ സാമ്പത്തിക അസമത്വമാണ്.
നാല്, ജനസംഖ്യാ വര്‍ദ്ധനവിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് സീറ്റ് പുനഃനിര്‍ണ്ണയത്തില്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കാര്യമായി നേട്ടമുണ്ടാവുമെന്നാണ്. മിലന്‍ വൈഷ്ണവ്, ജേമീ ഹിന്‍സ്റ്റണ്‍ എന്നീ ഗവേഷകരുടെ പഠനം കാണിക്കുന്നത് 2011 ലെ സെന്‍സസ് പ്രകാരം യുപിയിലെ സീറ്റുകള്‍ 88 (80ല്‍ നിന്നും 8 അധികം) ആയി വര്‍ദ്ധിക്കുകയും തമിഴ്‌നാട്ടില്‍ അത് 32 ആയി (39ല്‍നിന്നും) കുറയുമെന്നുമാണ്. കേരളത്തിലാവട്ടെ 15 (20 ല്‍നിന്നും) ആയി കുറയുമ്പോള്‍ ബീഹാറില്‍ സീറ്റുകള്‍ 46 (40ല്‍ നിന്നും) ആയി വര്‍ദ്ധിക്കും. 2026 ലെ കണക്കുകള്‍ പ്രകാരമാണെങ്കില്‍ ബീഹാര്‍, യുപി, മധ്യപ്രദേശം, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 22 സീറ്റുകള്‍ വര്‍ദ്ധിക്കുമ്പോള്‍ കര്‍ണ്ണാടകം, കേരളം, ആന്ധ്ര, തെലങ്കാന എന്നീ തെക്കന്‍ സംസ്ഥാനങ്ങളില്‍ 17 സീറ്റുകള്‍ കുറയും.
അഞ്ച്, 2014ന് ശേഷം കേന്ദ്രീകൃതമാകുന്നു ഭരണസംവിധാനം എന്ന് പറഞ്ഞുവല്ലോ. ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടിയതാണ് ജിഎസ്ടി. സംസ്ഥാനങ്ങളുടെ നികുതി ഏര്‍പ്പെടുത്താനുള്ള സ്വാതന്ത്ര്യം ഏതാണ്ട് പൂര്‍ണ്ണമായി ഇല്ലാതാക്കി ജിഎസ്ടി. കേന്ദ്രത്തിലേക്ക് നികുതി പോവുകയും കേന്ദ്രത്തിന്റെ താല്‍പര്യപ്രകാരമുള്ള വിഹിതം (ജിഎസ്ടി കൗണ്‍സില്‍ എന്ന ഫെഡറല്‍ സംവിധാനമുണ്ടെങ്കില്‍ പോലും) സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്. കേന്ദ്രപദ്ധതികള്‍ക്ക് പ്രാമാണ്യം ലഭിക്കുകയും- തന്മൂലമുള്ള രാഷ്ട്രീയലാഭം കേന്ദ്രം ഭരിക്കുന്ന കക്ഷിക്കായിരിക്കും- സംസ്ഥാനങ്ങള്‍ ശുഷ്‌ക്കാധികാരികളായി മാറുകയും ചെയ്യുന്നു. മേല്‍പ്പറഞ്ഞ അഞ്ചുകാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്.
പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പുനഃനിര്‍ണ്ണയം അനന്തമായി നീട്ടിവെക്കാന്‍ സാധിക്കില്ല. 1956ല്‍ ഏഴാം ഭേദഗതി പ്രകാരം ലോക്‌സഭയില്‍ 520 സീറ്റായി പരിമിതപ്പെടുത്തിയിരുന്നു. 1962, ’73 എന്നീ വര്‍ഷങ്ങളിലെ ഭേദഗതി പ്രകാരം പരമാവധി സീറ്റുകള്‍ 552 ആയി വര്‍ദ്ധിച്ചു. 545 ആണ് നിലവിലുള്ള സീറ്റുകള്‍ (543+2 ആംഗ്ലോ ഇന്ത്യന്‍ നോമിനികള്‍). 1976 ലെ 47ാം ഭേദഗതി പ്രകാരം 2001 സെന്‍സസിന് ശേഷമാകാം പുനഃനിര്‍ണ്ണയം എന്ന് തീരുമാനിച്ചിരുന്നു. 2002ല്‍ 84ാം ഭേദഗതി പ്രകാരം 2026 വരെ ലോക്‌സഭാ പുനഃനിര്‍ണ്ണയം നിര്‍ത്തിവെച്ചിരുന്നു. പുതിയ സെന്‍സസ് പ്രകാരം ഇനി പുനഃനിര്‍ണ്ണയം 2031 ലായിരിക്കും. എത്ര താമസിച്ചാലും ഇത് ഒഴിച്ചുകൂടാന്‍ വയ്യ.
ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഒരാള്‍ക്ക് ഒരു വോട്ട്, ഓരോ വോട്ടിനും ഒരേ മൂല്യം എന്ന പ്രകാരത്തില്‍ ജനസംഖ്യാനുപാതികമായി മണ്ഡല പുനഃനിര്‍ണ്ണയം ആവശ്യമാണ്. അതൊരു ജനാധിപത്യ മര്യാദയാണ്. നിലവില്‍ തന്നെ ഒരിന്ത്യന്‍ സാമാജികന്‍ 2.5 മില്യണ്‍ (25 ലക്ഷം)വോട്ടര്‍മാരെ പ്രതിനിധീകരിക്കുന്നുണ്ട്. അമേരിക്കയിലുള്ളതിന്റെ മൂന്നിരട്ടി. ഇവിടെയും വ്യത്യാസങ്ങളുണ്ട്. ബീഹാറിലെ ഒരു എംപി പ്രതിനിധീകരിക്കുന്നത് കേരളത്തില്‍ നിന്നോ തമിഴ് നാട്ടില്‍ നിന്നോയുള്ള എംപി പ്രതിനിധീകരിക്കുന്നതിനേക്കാള്‍ വളരെയധികം വോട്ടര്‍മാരെയാണ്. ജനസംഖ്യാനുപാതികമായി പ്രതിനിധികള്‍ എന്നത് ജനാധിപത്യപരമായ ഒരു മര്യാദയാണ്. തെക്കന്‍ സംസ്ഥാനങ്ങളുടെ ഭീതികള്‍ എന്തൊക്കെയായാലും അത് പരിഹരിക്കേണ്ടതുണ്ട്.
ഇവിടെ രണ്ട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നു. ഒന്ന്, ചില സംസ്ഥാനങ്ങളുടെ സീറ്റുകള്‍ കുറയ്ക്കാതെ എങ്ങനെ പ്രാതിനിധ്യത്തില്‍ നീതി ഉറപ്പുവരുത്താന്‍ കഴിയും. രണ്ട്, വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രരാഷ്ട്രീയത്തില്‍ അമിതമായി സ്വാധീനം ചെലുത്തുന്നത് എങ്ങനെ തടയാന്‍ കഴിയും?
പോംവഴികളുണ്ടോ എന്നു നോക്കാം. ഒന്നാമത്തെ പ്രശ്‌നം ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം ഉയര്‍ത്തിക്കൊണ്ട് പരിഹരിക്കാം. അതായത് ഒരു മണ്ഡലത്തില്‍ ആകാവുന്ന വോട്ടര്‍മാരുടെ എണ്ണം ക്ലിപ്തപ്പെടുത്തി 2026 ലെ ജനസംഖ്യാ അനുമാനം നോക്കി സീറ്റുകളില്‍ വര്‍ദ്ധനവ് വരുത്തുക. അപ്രകാരം നോക്കിയാല്‍ ഉത്തര്‍പ്രദേശിന് 143 എംപിമാരെ നല്‍കേണ്ടിവരും. ബീഹാറിന് 79ഉം മഹാരാഷ്ട്രത്തിന് 76 ഉം തമിഴ്‌നാട്ടില്‍ 49ഉം കേരളത്തില്‍ 20ഉം സീറ്റുകളുണ്ടാകും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ടാമത്തെ പ്രശ്‌നം, ചില സംസ്ഥാനങ്ങളുടെ ആധിപത്യം അധികാരസമതുലിതാവസ്ഥയെ അട്ടിമറിക്കാതിരിക്കാന്‍ എന്തുചെയ്യണമെന്നതാണ്. ഒരു പോംവഴി 50ല്‍ കൂടുതല്‍ സീറ്റുകള്‍ വരുന്ന സംസ്ഥാനങ്ങള്‍ ഉണ്ടാകാതെ നോക്കണം. ഉദാഹരണത്തിന്, ഉത്തര്‍പ്രദേശ്. ഒരു അസ്വാഭാവിക ഐഡന്റിറ്റിയാണ് ഉത്തര്‍പ്രദേശിന്റേത്. ബ്രിട്ടീഷ് ഭരണകാലത്തെ യുണൈറ്റഡ് പ്രൊവിന്‍സ് ഓഫ് ആഗ്ര ആന്‍ഡ് അവധ് 1935 ലെ നിയമപ്രകാരം വെറും യുണൈറ്റ് പ്രൊവിന്‍സ് ആയി; സ്വാതന്ത്ര്യാനന്തരം ഇത് ഉത്തര്‍പ്രദേശും. 20 കോടിയാണ് യുപിയുടെ ജനസംഖ്യ. സ്വതന്ത്രരാജ്യമാവുകയാണെങ്കില്‍ ലോകത്തിലെ എട്ടാമത്തെ വലിയ രാജ്യമായിരിക്കും യുപി. പാക്കിസ്ഥാനോളം വരും യുപിയിലെ ജനസംഖ്യ. രണ്ടാമത് വരുന്ന മഹാരാഷ്ട്രത്തിനുണ്ട് 11.25 കോടി ജനങ്ങള്‍ (2011 സെന്‍സസ്).ബീഹാറില്‍ 10.41 കോടി. ഈ സംസ്ഥാനങ്ങളൊക്കെ പുതിയ ഒരു സ്‌റ്റേറ്റ്‌സ് റീഓര്‍ഗനൈസേഷന്‍ കമ്മീഷന്‍ വഴി വിഭജിക്കാവുന്നതാണ്.
ഉത്തര്‍പ്രദേശിന്റെ കാര്യത്തില്‍ മായാവതി അധികാരത്തില്‍ ഇരിക്കവേ 2011ല്‍ സംസ്ഥാന വിഭജനത്തിന്റെ ബില്ല് അസംബ്ലിയില്‍ അവതരിപ്പിക്കുകയുണ്ടായി. ലഖ്‌നൗ ഉള്‍പ്പെടുന്ന അവധ്, ആഗ്രയും മഥുരയും മീറഠും ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ഹരിത് പ്രദേശ്, അലഹാബാദ്-വാരണാസി-ഗൊരഖ്പൂര്‍ ഉള്‍പ്പെടുന്ന പൂര്‍വ്വാഞ്ചല്‍, മധ്യപ്രദേശിന്റെ ചില ജില്ലകള്‍ കൂടെ ഉള്‍പ്പെട്ടുകൊണ്ട് ബുന്ദേല്‍ഖണ്ഡ് എന്നിങ്ങനെ നാലായി യുപിയെ വിഭജിക്കുക എന്ന ആശയത്തെ സമാജ്‌വാദി പാര്‍ട്ടിയും ബിജെപിയും ഒക്കെ എതിര്‍ത്ത് പരാജയപ്പെടുത്തി. തികച്ചും വ്യതിരിക്തമായ ഭൂപ്രകൃതിയും ഭാഷാശൈലിയും ആഹാരരീതികളും സാംസ്‌കാരിക ഭൂമികയുമുള്ള പ്രദേശങ്ങളാണ് ഇവ. പടിഞ്ഞാറന്‍ യുപി ഗോതമ്പിന്റെ നാടാണ്. പൂര്‍വ്വാഞ്ചല്‍ അരിയാഹാരക്കാരുടെ ദേശമാണ്.
സമാനമാണ് മഹാരാഷ്ട്രത്തിന്റെ സ്ഥിതിയും. വിദര്‍ഭ മറ്റൊരു സംസ്ഥാനമാകേണ്ടതാണ്. ബീഹാറിനുമുണ്ട് പ്രാദേശിക വൈവിധ്യങ്ങള്‍. വിഭവവിതരണവും രാഷ്ട്രീയ ബലാബലവും ഭരണപരിഷ്‌കാരങ്ങളും ഒക്കെ ഭേദപ്പെട്ട രീതിയില്‍ നടപ്പിലാക്കാന്‍ ഈ നിര്‍ദ്ദേശം നടപ്പിലാക്കേണ്ടതാണ്.
ഇതിനൊപ്പം പ്രധാനപ്പെട്ടതാണ് അധികാരവികേന്ദ്രീകരണം. പോളിസി ചര്‍ച്ചാ സഭയായി ലോക്‌സഭയെ ചുരുക്കുക. യഥാര്‍ത്ഥ ഭരണാധികാരം ഗ്രാമസഭകള്‍ക്കും മറ്റും നല്‍കുക. 1980 കളില്‍ പഞ്ചായത്തിരാജ് നിയമഭേദഗതികള്‍ ലക്ഷ്യമിട്ടത് ഇതുതന്നെയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് അത് പരാജയപ്പെടുത്തിയത്.
കാനേഷുമാരി പൂര്‍ത്തിയാകുന്നതോടെ ദേശത്ത് പുതിയ വിടവുകള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ഈ വിഷയങ്ങള്‍ പരിഹരിക്കേണ്ടി വരും. ബുദ്ധിപൂര്‍വ്വം നേരിടേണ്ടതാണ് ഈ രാഷ്ട്രീയ പ്രശ്‌നങ്ങള്‍. അല്ലാത്തപക്ഷം നമ്മുടെ ഫെഡറല്‍ സംവിധാനം ആകെ തകരാറിലാകും.
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in