പൗരത്വ ഭേദഗതിബില്‍ – ഭരണഘടനയുടെ അന്തിമ കാഹളം
ഏക സിവില്‍ കോഡ് അടക്കം ഓരോ അജണ്ടകള്‍ വൈകാതെ വരും. രാജ്യത്തിന്റെ ബഹുസ്വരതയുടെയും നിലവിലുള്ള ജനാധിപത്യത്തിന്റെയും ശവമടക്കിന് അധിക നാളില്ല എന്നു വരുന്നു. ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത് ഭരണഘടനയുടെ അന്തിമ കാഹളമാണ്.
1955 ലെ ഇന്ത്യന്‍ പൌരത്വ നിയമം ഭേദഗതി ചെയ്യുന്ന പൌരത്വ നിയമ ഭേഗദതി ബില്‍ (Citizenship (Amendment) Bill, 2019) കേന്ദ്ര മന്ത്രിസഭ അംഗീകച്ചിരിക്കുന്നു. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള ലോക്‌സഭയിലും ഭൂരിപക്ഷമില്ലെങ്കിലും പ്രതിപക്ഷ അനൈക്യവും ധാരണക്കുറവും നിലനില്‍ക്കുന്ന രാജ്യസഭയിലും ബില്‍ പാസാക്കിയെടുക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനായാസകരമായ കാര്യമാണ്. കഴിഞ്ഞ ലോക്‌സഭ.ുടെ അവസാന കാലത്ത് ഈ ബില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് പാസാക്കിയിരുന്നു എങ്കിലും രാജ്യസഭയില്‍ പാസാക്കാനായില്ല.
അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, ബൗദ്ധ, ജൈന, ക്രിസ്ത്യന്‍, പാഴ്സി വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുക എന്നതാണ് വിവാദമായ ബില്ലിന്റെ താല്‍പ്പര്യം. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മേല്പറഞ്ഞ രാജ്യങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്ത മുസ്ലിങ്ങള്‍ക്ക് മാത്രം പൌരത്വം നല്‍കാതിരിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. അതിലുപരി നിലവില്‍ തന്നെ രാജ്യത്തെ പൗരന്മാരായ മുസ്ലിങ്ങളെ കുടിയേറ്റക്കാരാണ് എന്ന് ആരോപിച്ച് നിലവിലെ പൗരത്വം ഇല്ലാതാക്കാനുള്ള ഗൂഢനീക്കം കൂടിയാണ്. ഇതിനായി ആസാമില്‍ നടപ്പാക്കിയ മോഡലിലുള്ള പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാനൊരുങ്ങുകയാണ്,
1955-ലെ പൗരത്വനിയമമാണ് ആരെല്ലാമാണ് ഇന്ത്യന്‍ പൗരന്മാരെന്നും വിദേശികള്‍ക്ക് എങ്ങനെ പൗരത്വം നേടാമെന്നും വിശദീകരിക്കുന്നത്. ഇന്ത്യയില്‍ ജനിക്കുന്നവര്‍, ഇന്ത്യന്‍ പൗരത്വമുള്ള പുരുഷന്മാര്‍ക്ക് രാജ്യത്തിനു പുറത്ത് ജനിക്കുന്ന മക്കള്‍, ഇന്ത്യന്‍ പൗരത്വമുള്ള പുരുഷന്മാരെ വിവാഹം ചെയ്യുന്ന വിദേശി വനിതകള്‍, ഇവരെല്ലാം ഈ ഗണത്തില്‍ പെടും. ഇന്ത്യന്‍ ഭരണഘടനയിലെ മിക്കവാറും വകുപ്പുകളില്‍ പറയപ്പെടുന്ന ഒന്നാണ് പൗരത്വം. ഫെഡറല്‍ ഭരണ വ്യവസ്ഥയാണെങ്കിലും ഇന്ത്യയില്‍ ഒറ്റ പൗരത്വമേ നിലവിലുള്ളൂ. ഫെഡറല്‍ ഭരണസംവിധാനം നിലനില്‍ക്കുന്ന അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഫെഡറല്‍, നാഷണല്‍ എന്നിങ്ങനെ രണ്ടുതരം പൗരത്വം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിനാണ് പൗരത്വത്തെക്കുറിച്ച് നിയമം ഉണ്ടാക്കാന്‍ അധികാരം ഉള്ളത്. ഭരണഘടന നിലവില്‍ വന്നതോടെ സ്വാഭാവികമായി പൗരത്വം ലഭിച്ചവരെ ഇങ്ങനെ നിര്‍വ്വചിക്കാം.
അച്ഛനമ്മമാര്‍ ഏത് രാജ്യക്കാരാണെങ്കിലും ഇന്ത്യയില്‍ ജനിക്കുകയും വാസമുറപ്പിക്കുകയും ചെയ്തവര്‍. (ആര്‍ട്ടിക്കിള്‍ – 5a). പൗരത്വമില്ലാത്തതും എന്നാല്‍ ഇന്ത്യയില്‍ ജനിച്ച അച്ഛനമ്മാരുടെ കുട്ടികള്‍; വിദേശത്താണ് ജനിച്ചതെങ്കില്‍ പോലും ഇന്ത്യയില്‍ സ്ഥിരതാമസമാണെങ്കില്‍ അവരും പൗരന്മാരാണ്. (ആര്‍ട്ടിക്കിള്‍ – 5b). ഭരണഘടന നിലവില്‍ വരുന്നതിന് അഞ്ചുവര്‍ഷം മുന്‍പുമുതല്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍. അവരുടെ അച്ഛനമ്മമാര്‍ വിദേശത്ത് ജനിച്ചവരാണെങ്കില്‍ പോലും പൗരന്മാരാണ്. (ആര്‍ട്ടിക്കിള്‍ – 5c)
ഇന്ത്യന്‍ പൗരത്വനിയമം അനുസരിച്ച് പൗരത്വം ലഭിക്കുന്നത് താഴെപറയുന്നത് പ്രകാരമാണ്
• 1950 ജനുവരി 26-നോ ശേഷമോ രാജ്യത്ത് ജനിച്ചവരെല്ലാം ഇന്ത്യന്‍ പൗരന്മാരാണ്.
• ഒരു കുട്ടി വിദേശത്താണ് ജനിക്കുന്നതെങ്കില്‍ പോലും ആ സമയത്ത് മാതാപിതാക്കളില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉണ്ടെങ്കില്‍ ആ കുട്ടിയും ഇന്ത്യന്‍ പൗരന്‍ ആണ്.
• ഇന്ത്യക്കാരെ വിവാഹം ചെയ്യുന്നവരുള്‍പ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷ നല്‍കിയും പൗരത്വം നേടാം.
• വിദേശികള്‍ക്കും ഇന്ത്യാ ഗവണ്മെന്റിനോട് അപേക്ഷിച്ച് പൗരത്വം നേടാം.
• ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോടുകൂടി ചേര്‍ക്കുകയാണെങ്കില്‍ അവിടെ ജീവിക്കുന്നവര്‍ സ്വാഭാവികമായി ഇന്ത്യന്‍ പൗരന്മാരാകും.
ഇങ്ങനെ മതരഹിതമായും വിവേചന രഹിതമായും പൌരത്വം നിര്‍വ്വചിക്കപ്പെടുകയും പൌരത്വം നേടാനുള്ള അവസരമൊരുക്കപ്പെടുകയും ചെയ്തിടത്താണ് അതിന് കടകവിരുദ്ധമായ പുതിയ നിയമ ഭേദഗതി വരുന്നത്. ദേശീയ പൌരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരില്‍ ഹിന്ദുക്കളുമുണ്ട് എന്ന് ചൂണ്ടിക്കാട്ടി ബിജെപിയും സംഘപരിവാറും വര്‍ഗീയ ധ്രുവീകരണ പ്രചാരണം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ നേരിട്ട് തന്നെ ഇത്തരത്തിലൊരു പൌരത്വ നിയമ ഭേദഗതി വരുന്നത് സംബന്ധിച്ച വ്യക്തമായ സൂചനകള്‍ നേരത്തേ തന്നെ നല്‍കിയിരുന്നു.
സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വംശീയ അജണ്ടയുടെ വ്യക്തമായ ഇപ്ലിമെന്റേഷനാണ് ഈ നിയമ ഭേദഗതി. ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയുക എന്ന അവരുടെ കോര്‍ അജണ്ട അനായാസം നടപ്പിലാക്കിയ അതേ ലാഘവത്തിലാണ് ഇതും നടപ്പാക്കാനൊരുങ്ങുന്നത്. പ്രധാനമായും അവരുടെ മുന്നിലെ തടസ്സമായി നിന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ എതിര്‍പ്പാണ്. അവിടെ ബി.ജെ.പിക്കുള്ളിലും അവരുടെ സഖ്യകക്ഷികള്‍ക്കുള്ളിലും ശക്തമായ എതിര്‍പ്പ് നിവിലുണ്ട്. അതുകൊണ്ടു തന്നെ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് , മിസോറാം എന്നിവിടങ്ങളിലെ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് മേഖല ബില്‍ പുതുക്കിയപ്പോള്‍ സര്‍ക്കാര്‍ ഒഴിവാക്കി. അത് എതിര്‍പ്പിനെ മറികടക്കാനുള്ള തന്ത്രമാണ്. അതിന് ഫലം കണ്ടു എന്നു വേണം പറയാന്‍. ഈ ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്ന ബി.ജെ.പി സഖ്യകക്ഷിയായ അസം ഗണപരിഷത്ത് ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്.
മതേതര രാജ്യം എന്ന നിലയിലുള്ള ഇന്ത്യയുടെ പൗരത്വം എന്ന ഭരണഘടനാ ആശയത്തെ സമ്പൂര്‍ണ്ണമായി ലംഘിക്കുന്നതാണ് ഈ ഭേദഗതി. ഇന്ത്യന്‍ പൗരത്വത്തിന് മുസ്ലിങ്ങള്‍ യോഗ്യരല്ലെന്നാണ് നിയമത്തിലൂടെ വ്യക്തമാക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരും വംശീയ വിവേചനവുമാണിത്. സംഘ്പരിവാര്‍ വിചാര ധാരയിലൂടെ പ്രഖ്യാപിത ശത്രുവാക്കിയ വിഭാഗങ്ങളില്‍ ഒന്നിനെ അവര്‍ അധികാരമുപയോഗിച്ച് നിയമപരമായി അന്യവത്കരിക്കുന്നു എന്നതാണ് ഇതിന്റെ പൊരുള്‍. ഒരു തന്ത്രം എന്ന നിലയില്‍ മാത്രമാണ് ശത്രുവായി അവര്‍ നിര്‍വചിച്ച മറ്റ് ചിലരെ താത്കാലികമായി ഒഴിവാക്കിയിരിക്കുന്നത്. അത് കൂടുതല്‍ കാലത്തേക്കുണ്ടാവുകയില്ല. രാജ്യത്തെ പൊതുസമൂഹം പുലര്‍ത്തുന്ന വലിയ മൗനം വന്‍ അപകടമാണ് വിളിച്ചു വരുത്തുന്നത്.
ഏക സിവല്‍ കോഡ് അടക്കം ഓരോ അജണ്ടകള്‍ വൈകാതെ വരും. രാജ്യത്തിന്റെ ബഹുസ്വരതയുടെയും നിലവിലുള്ള ജനാധിപത്യത്തിന്റെയും ശവമടക്കിന് അധിക നാളില്ല എന്നു വരുന്നു. ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത് ഭരണഘടനയുടെ അന്തിമ കാഹളമാണ്. വിശ്വാസം , ഭാഷ, സംസ്‌കാരം , ആഹാര രീതി തുടങ്ങിയ വ്യത്യസ്ത സ്വത്വങ്ങളെ നിരാകരിക്കുന്ന പൗരത്വ ഭേദഗതിക്കെതിരെയെങ്കിലും ശക്തമായ പ്രതിരോധ നിര കെട്ടിപ്പടുക്കാന്‍ രാജ്യത്തിലെ പൗരസമൂഹത്തിനും പ്രതിപക്ഷത്തിനും കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യ എന്ന സ്വതന്ത്ര മതേതര ജനാധിപത്യ റിപ്പബ്ലിക് ഇല്ലാതാകുകയായിരിക്കും ഫലം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in