സിനിമാവ്യവസായം – തൊഴില്‍ വകുപ്പ് ഇടപെടണം
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റേയും അതുപുറത്തു വന്നതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുടേയും അടിസ്ഥാനത്തില്‍ അല്‍ത്തിയ സ്ത്രീ കൂട്ടായ്മ, തൊഴില്‍ വകുപ്പിനു വല്‍കാനുദ്ദേശിക്കുന്ന നിവേദനത്തിന്റെ കരടുരൂപം, കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുകയാണ്. (ഫോണ്‍ 9495531555). കൂടാതെ, റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ള, പോക്‌സോ കേസെടുക്കാവുന്ന സംഭവങ്ങളില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ നിവേദനവും.
ഹേമാ കമ്മിറ്റി നാലു തരം പ്രശ്‌നങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. അവ പരസ്പരം ചേര്‍ന്നു കിടക്കുന്നവയാണ്.
1. വിവേചനം
2. ചൂഷണം
3. ലൈംഗികപീഡനം/ ലൈംഗികഹിംസ
4. പ്രതികാരം
ഇവ തമ്മിലുള്ള പരസ്പരബന്ധങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ അവയെ വെവ്വേറെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇവ കൂടാതെ ‘നിരോധിത-തൊഴിലാളികളു’ടെ (banned workers) പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. പ്രതികാരം എന്നതുകൊണ്ട് ഇതാണുദ്ദേശിക്കുന്നത്.
1. പക്ഷേ അതിനു മുമ്പ് സിനിമാരംഗം കേവലം കലാരംഗം മാത്രമല്ല, മാനുഷിക അദ്ധ്വാനത്തിലൂടെ കലാസ്വഭാവമുള്ള ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുകയും പലയളവുകളില്‍ അവയ്ക്കു വിപണിമൂല്യം കല്പിക്കുകയും, വിപണിയില്‍ ലഭ്യമാക്കുകയും ചെയ്യുന്ന വ്യവസായമാണെന്ന് അധികൃതര്‍ അസന്ദിഗ്ദ്ധമാംവിധം പ്രഖ്യാപിക്കണം. ഇക്കാര്യം അറിയാമെങ്കിലും അതിനെ കുറ്റകരമാംവിധം നിഷേധിക്കുന്ന പതിവാണ് മലയാള സിനിമാ രംഗത്തെന്ന് ഹേമാ കമ്മിറ്റി കണ്ടെത്തിയിരിക്കുന്ന സ്ഥിതിക്ക് ഇത് അനിവാര്യമാണ്.മലയാളസിനിമയെ ചിത്രീകരിക്കുന്ന മറ്റെല്ലാ രീതികള്‍ക്കും മീതെ ഇത് പ്രഖ്യാപിക്കപ്പെടണം.
ചരിത്രപരമായി നോക്കിയാല്‍ മേല്‍പ്പറഞ്ഞ മൂന്നു തരം പ്രശ്‌നങ്ങളും സ്ത്രീതൊഴിലാളികള്‍ മുതലാളിത്ത വ്യവസായ തൊഴിലിടങ്ങളില്‍ കാലങ്ങളായി നേരിട്ടവയാണ്. മലയാള സിനിമാവ്യവസായത്തിലെ സ്ത്രീ തൊഴിലാളികള്‍, പ്രത്യേകിച്ചും താഴെത്തട്ടുകളിലുള്ളവര്‍, ഇവിടുത്തെ മറ്റേത് അസംഘടിത തൊഴില്‍ മേഖലാ തൊഴിലാളികളേയും പോലെ അതീവദയനീയമായ അവസ്ഥയിലാണെന്ന് ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ നിസ്സംശയം പറയാം. ആ സ്ഥിതിക്ക് സിനിമാരംഗം വ്യവസായതൊഴിലിടമാണെന്ന് സംശയം ബാക്കിവയ്ക്കാത്തവിധം സുവ്യക്തമായി പ്രഖ്യാപിക്കപ്പെടണം.
സമഗ്രമായ സിനിമാ നയം, ട്രൈബ്യൂണല്‍ മുതലായവയുടെ നിര്‍മ്മാണത്തിലൂടെ മാത്രമേ സിനിമാരംഗത്തെ ഈ ദുര്‍വാസനകള്‍ക്ക് അന്ത്യമാകൂ എന്ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇതിനോട് വിയോജിപ്പില്ലെങ്കിലും, കൂടുതല്‍ തദ്ദേശതല ശ്രദ്ധ സാധ്യമാക്കുന്ന സംവിധാനങ്ങളില്ലെങ്കില്‍ മേല്‍ത്തട്ടിലുള്ള ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായ ഇടപെടാനുള്ള സാധ്യത കുറഞ്ഞുപോകുമെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. മാത്രമല്ല, ഇപ്പറഞ്ഞവ സ്ഥാപിക്കാനുള്ള കാലതാമസം, സിനിമാരംഗത്തെ ചീഞ്ഞളഞ്ഞ പിതൃമേധാവിത്വശക്തികള്‍ക്ക് വീണ്ടും അണിചേരാനുള്ള സമയവും നല്‍കും. അതുകൊണ്ടുതന്നെ നിലവിലുള്ള സംവിധാനങ്ങളെ സിനിമാവ്യവസായത്തിന്റെ പ്രത്യേകതകളെ കണക്കിലെടുത്തുകൊണ്ട് തൊഴില്‍വകുപ്പിന്റെ മുന്‍കൈയ്യോടെ പുനര്‍വിന്യസിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. താഴെ പറയുന്ന നടപടികളെടുക്കണെന്ന് ആവശ്യപ്പെടുന്നു.
(സ്ത്രീകള്‍ എന്ന പ്രയോഗം കൊണ്ട് ഇവിടെ സിസ്-സ്ത്രീകളെയും ട്രാന്‍സ് സ്ത്രീകളെയും ഒരുപോലെ ഉദ്ദേശിക്കുന്നു.)
2. വിവേചനം
ഈ പ്രഖ്യാപനമനുസരിച്ച് ആധുനിക വ്യവസായതൊഴിലിടങ്ങളില്‍ അനുവദനീയമല്ലാത്ത സകല ഫ്യൂഡല്‍ മുറകളും വിവേചനങ്ങളും അവസാനിപ്പിക്കാന്‍ തൊഴില്‍ വകുപ്പ് നേരിട്ട് നടപടിയെടുക്കണം. ഫ്യൂഡല്‍ മൂല്യങ്ങളുടെ അതിപ്രസരത്തില്‍ നിന്ന് ഉരുവപ്പെടുന്ന ദുഷ്പ്രയോഗമാണ് മലയാളം സിനിമയിലെ വിവേചനം.
— ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന സ്ത്രീകളായ തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന വേതന വിവേചനം സുതാര്യമായ ജോലി ഉടമ്പടികളിലൂടെ ഉടന്‍ അവസാനിക്കണം. തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കണം. മാത്രമല്ല, സ്ത്രീകള്‍ക്ക്- ട്രാന്‍സ്സ്ത്രീകള്‍ക്കും സിസ് സ്ത്രീകള്‍ക്കും — തൊഴിലവസരങ്ങള്‍ തുല്യമാക്കാനുംപ്രത്യേകശ്രമം വേണം.
–രണ്ടാമതു പറഞ്ഞ ലക്ഷ്യം നേടാന്‍ 30 ശതമാനം സ്ത്രീസംവരണം കുറഞ്ഞത് അഭിനയേതര സിനിമാനിര്‍മ്മാണജോലികളില്‍ എങ്കിലും ഏര്‍പ്പെടുത്തണം. അതില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് ഉപസംവരണം ഉണ്ടാകണം.
— സിനിമാവ്യവസായത്തിലുണ്ടാകുന്ന അവസരങ്ങളെപ്പറ്റിയുള്ള സ്വതന്ത്രമായ അറിവ് സ്ത്രീകള്‍ക്കു ലഭിക്കാന്‍ തൊഴില്‍വകുപ്പിന്റെ മുന്‍കൈയില്‍ പ്രത്യേകം വെബ്‌സൈറ്റ് ആവശ്യമാണ്. പുതുതായി നടക്കാനിരിക്കുന്ന, അനുമതി നേടിയ, സിനിമാനിര്‍മ്മാണപ്രോജക്ടുകളില്‍ ജോലികളുടെ വിശദവിവരങ്ങള്‍, യോഗ്യത, വേതനം, വ്യവസ്ഥകള്‍ എന്നിവ നിര്‍ബന്ധമായും പരസ്യപ്പെടുത്തുകയും അതുപ്രകാരം സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ സൌകര്യമുണ്ടാവുകയും വേണം. യോഗ്യതകളും പ്രവൃത്തിപരിചയവും ഉള്ളഅപേക്ഷകരില്‍ നിന്ന് ഒരു (തൊഴില്‍വകുപ്പ് തീരുമാനിക്കുന്ന) മിനിമം ശതമാനം പേരെ ജോലിക്കെടുക്കണമെന്നും ആവശ്യപ്പെടണം. അതു സാധ്യമാകാത്തപക്ഷം വിശദമായ കാരണങ്ങള്‍ രേഖപ്പെടുത്തണമെന്നും വിവരാവകാശനിയമപ്രകാരം അവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുംവിധം ക്രമീകരിക്കണമെന്നും വേണം. എല്ലാ അക്കാദമിക സ്ഥാപനങ്ങളിലും നിലവിലുള്ള പ്രയോഗമാണിത്.
— വെബ്‌സൈറ്റില്‍ ലഭിക്കുന്ന അപേക്ഷകരില്‍ നിന്നു തെരെഞ്ഞെടുക്കപ്പെടുന്നിവരില്‍ മര്‍ദ്ദിത സാമൂഹ്യ വിഭാഗങ്ങളിലുള്ളവരുടെ (കേരളീയ സാഹചര്യങ്ങളില്‍ ദലിത്-ആദിവാസി-മത്സ്യബന്ധന വിഭാഗങ്ങളും , ഡിസേബ്ള്‍ഡ് വ്യക്തികളും, എല്‍ജിബിടിക്യൂ വിഭാഗവും) കാര്യമായ സാന്നിദ്ധ്യം ഉറപ്പാക്കുന്ന സിനിമാപ്രോജക്ടുകള്‍ക്ക് ഉചിതമായ ആനുകൂല്യങ്ങള്‍തൊഴില്‍വകുപ്പ് പ്രഖ്യാപിക്കണം.
— സിനിമാപ്രോജക്ടുകളില്‍ എല്ലാ തലങ്ങളിലും ജോലി ചെയ്യുന്നവരില്‍ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും ജോലിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവകാശമെന്ന് നിലയ്ക്കു തന്നെ വിതരണം ചെയ്യുന്നത് നിര്‍ബന്ധമാക്കണം. അവയുടെ അടിസ്ഥാനത്തില്‍ മുന്‍പ്‌സൂചിപ്പിച്ച സിനിമാതൊഴില്‍ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുന്നവരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നതും നിര്‍ബന്ധമാക്കണം. ഈ രേഖകളെല്ലാം വിവരാവകാശനിയമപ്രകാരം പൊതുജനങ്ങള്‍ക്ക് കിട്ടാവുന്നവയും ആക്കണം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
— ആധുനികമുതലാളിത്ത വ്യവസായതൊഴിലടങ്ങള്‍ക്കു ചേരാത്ത ലിംഗാനീതിപൂര്‍വമായ നിയമങ്ങള്‍, തടസ്സങ്ങള്‍ ചട്ടങ്ങള്‍ മുതലായവ സിനിമാ ടെക്‌നിഷ്യന്‍സ് സംഘടനകളും മറ്റും തുടര്‍ന്നും നിലനിര്‍ത്തുന്നുണ്ടെങ്കില്‍ അവയെ പൂര്‍ണമായും അസാധുവായി പ്രഖ്യാപിക്കണം.
— ഇത്തരം ലിഖിതമോ അലിഖിതമോ ആയ ചട്ടങ്ങള്‍, പ്രയോഗങ്ങള്‍, നിയമങ്ങള്‍, തടസ്സങ്ങള്‍ എന്നിവയെപ്പറ്റി റിപ്പോര്‍ട്ടു ചെയ്യാനും, കുറഞ്ഞ വേതനം മാത്രം ലഭിക്കുന്ന സ്ത്രീകള്‍ക്ക് പരാതിപ്പെടാനും പ്രത്യേകസംവിധാനം ജില്ലാതലത്തില്‍ ഉണ്ടാക്കണം. പരാതിപരിഹാരത്തിന് വ്യക്തമായ ഒരു പ്രക്രിയ തീരുമാനിക്കാനും അതിന് വേണ്ടത്ര പ്രചരണം കൊടുക്കാനും തൊഴില്‍വകുപ്പ് മുന്‍കൈ എടുക്കണം.
— വേതനം തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് തൊഴില്‍ ഉടമ്പടിപ്രകാരം മുന്‍നിശ്ചിതമായ സമയത്ത് നിക്ഷേപിക്കുന്ന രീതി നടപ്പില്‍വരുത്തണം.
— സിനിമാഷൂട്ടിങിലും മറ്റു പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ക്ക് അടിസ്ഥാനസൌകര്യങ്ങള്‍ ഇല്ലാത്ത ദുരവസ്ഥയെപ്പറ്റി ഹേമാ കമ്മിറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അടിസ്ഥാനപരമായ സൌകര്യങ്ങള്‍ — വൃത്തിയുള്ള, മതിയായ, ടൊയിലറ്റ് സൌകര്യങ്ങള്‍, വിശ്രമസ്ഥലം, വസ്ത്രം മാറാന്‍ വേണ്ടത്ര സൌകര്യങ്ങളും വലുപ്പവുമുള്ള വസ്ത്രം മാറാനുള്ള മുറി, മെഡിക്കല്‍ സഹായം, മതിയായ ഭക്ഷണം, വെള്ളം, വിശ്രമ ഇടവേളകള്‍ — ഇവ ഉറപ്പുവരുത്തണം. ട്രാന്‍സ് വനിതകളുടെയും ട്രാന്‍സ് പുരുഷന്മാരുടെയും പ്രത്യേക ആവശ്യങ്ങള്‍ പ്രത്യേകം തന്നെ പരിഗണിക്കണം.
— സിനിമാഷൂട്ടിങും മറ്റു പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്രകള്‍, താമസം, മുതലായവ (സിസ്-ട്രാന്‍സ്) സ്ത്രീകള്‍ക്ക് തികച്ചും സുരക്ഷിതമായിരിക്കാനുള്ള ബാധ്യത സിനിമാ നിര്‍മാതാക്കളുടേതാകണം. അവയില്‍ വീഴ്ച വരുത്തിയെന്നു തെളിയിക്കപ്പെട്ട സിനിമനിര്‍മ്മാതാക്കള്‍ നിയമനടപടികളെ നേരിടുന്നതിനു പുറമേ അവര്‍ നിയമനിര്‍മ്മാണരംഗത്തു നിന്നും നിശ്ചിതകാലങ്ങളിലേക്കു പുറത്താകപ്പെടണം – അവര്‍ക്ക് അവിടേയ്ക്കു തിരിച്ചെത്താനുള്ള വ്യവസ്ഥകളും കര്‍ശനമാക്കണം.
— മേല്‍പ്പറഞ്ഞ മൂന്നു കാര്യങ്ങളിലും സിനിമാഭിനയ-അഭിനയേതര ജോലികളില്‍ ഏര്‍പ്പെടുന്നര്‍ തമ്മിലും, ഇവയില്‍ ഓരോന്നിലേയും മേല്‍-കീഴ് തട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തമ്മിലും, സിസ്- ട്രാന്‍സ് സ്ത്രീകള്‍ തമ്മിലും, വിവേചനം ഉണ്ടാകാന്‍ പാടില്ല.ഇവ തൊഴില്‍സ്ഥലത്ത് ഉണ്ടെന്ന് ഉറപ്പു വരുത്തുന്ന പ്രോജക്ടുകള്‍ക്കു മാത്രമേ അനുമതി നല്‍കാന്‍ പാടുള്ളൂ.
3. ചൂഷണം
ചൂഷണം മുതലാളിത്ത ഉത്പാദനത്തില്‍ അന്തര്‍ലീനമാണെങ്കിലും തൊഴില്‍ശേഷിയെ ഋണാത്മകമായി ബാധിക്കുന്ന ചൂഷണം വ്യവസായത്തിനു ഗുണകരമോ ജനാധിപത്യത്തിന് ഭൂഷണമോ അല്ല. അതുകൊണ്ടുതന്നെ സിനിമാവ്യവസായത്തിലും ചൂഷണം – ഈ പശ്ചാത്തലത്തില്‍ ലിംഗപ്രത്യയശാസ്ത്രങ്ങളെ ഉപജീവിച്ചുകൊണ്ടുള്ള ചൂഷണം – പരിമിതപ്പെടുത്തേണ്ടതുണ്ട്.
— സിനിമാവ്യവസായത്തിലെ തൊഴില്‍-അടരുകളെം തൊഴിലുകളെയും പുനര്‍നിശ്ചയിച്ച് അവയ്‌ക്കോരോന്നിനും മിനിമം വേതനം തൊഴില്‍വകുപ്പ് തീരുമാനിക്കണം.
— സിനിമാരംഗത്ത് അഭിനേതാക്കളോ നര്‍ത്തകരോ ഗായകരോ ആയി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ അഭിനയസാഹചര്യങ്ങളും സുരക്ഷാസംവിധാനങ്ങളും പുനഃപരിശോധിച്ച് മാറ്റങ്ങള്‍ കാലോചിതമായി വരുത്തണം. കുട്ടികളായ സിനിമാപ്രവര്‍ത്തകര്‍ക്കു ലഭിക്കുന്ന വേതനം അവരുടെ ഭാവിക്ക് ഉതകുംവിധം വിനിയോഗിക്കപ്പെടുമവിധം നിയന്ത്രണങ്ങള്‍ അതിന്റെ ഉപയോഗത്തില്‍ വരുത്തണം. അതില്‍ ഒരു നിശ്ചിതശതമാനം മുതിര്‍ന്നതിനു ശേഷം കുട്ടിക്ക് കൈകാര്യം ചെയ്യാവുന്ന സുരക്ഷിതആസ്തികളിലോ ഫിക്‌സഡ് ഡിപ്പോസിറ്റുകളിലോ മുടക്കാന്‍ ചട്ടമുണ്ടാക്കണം. കുട്ടികളുടെ വേതനം കൊടുക്കുന്നതില്‍ ഉടമ്പടിലംഘനമോ താമസമോ ഉണ്ടാക്കുന്ന നിര്‍മ്മാതാവിന് നിമയത്തെ നേരിടുന്നതിലുപരി, സിനിമാരംഗത്തു നിന്നു പുറത്തുനില്‍ക്കേണ്ട ശിക്ഷയും ഉറപ്പാക്കണം.
— സിനിമാഷൂട്ടിങിനിടയില്‍ പരിക്കു പറ്റുക, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അമിതാദ്ധ്വാനം മൂലം അവശരാകുക മുതലായ നിരവധി സംഭവങ്ങള്‍ ഹേമാ കമ്മിറ്റിയുടെ ശ്രദ്ധയില്‍ വന്നിരിക്കുന്നു. ഈയവസരങ്ങളില്‍ മതിയായ നഷ്ടപരിഹാരവും വൈദ്യസഹായവും ഉറപ്പാക്കേണ്ടുന്നത് നിര്‍മ്മാതാവിന്റെ ബാധ്യത ആക്കേണ്ടതാണ്.
— സ്ത്രീകളായ അഭിനേതാക്കളുമായി ഉണ്ടാക്കുന്ന ഉടമ്പടിയില്‍ റോളിന്റെ സ്വഭാവം, തൊഴിലെടുക്കേണ്ട സാഹചര്യങ്ങള്‍, തൊഴില്‍ദിനങ്ങള്‍, വേണ്ടി വന്നേക്കാവുന്ന മാറ്റങ്ങള്‍, എന്നിവയുടെ വിശദാംശങ്ങള്‍ പൂര്‍ണമായും ഉണ്ടായിരിക്കണം. അവ പാലിക്കപ്പെടാത്ത സെറ്റുകളില്‍ നിന്ന് ഒരു പെനാല്‍റ്റിയും കൂടാതെ ഒഴിഞ്ഞുപോകാന്‍ അഭിനേത്രിക്ക് അവകാശമുണ്ടായിരിക്കണം.
— സിനിമാവ്യവസായത്തിലെ തൊഴില്‍സംഘാടനത്തില്‍ കുത്തകരീതി ഫ്യൂഡല്‍മൂല്യങ്ങളെയും പ്രയോഗങ്ങളെയും സാധാരണവത്ക്കരിച്ചിരികുന്നതെങ്ങനെ എന്ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായും വെളിപ്പെടുത്തുന്നു. തൊഴില്‍സംഘാടനത്തില്‍ അത്തരം കുത്തക പരിപൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് കുത്തകസംഘടനകള്‍ പണപ്പിരിവുകള്‍ വഴി നടത്തുന്ന ചൂഷണം അവസാനിപ്പിക്കണം.
— ഹേമാ കമ്മിറ്റി ആവശ്യപ്പെട്ടതു പോലെ സ്ത്രീകള്‍ക്കായി പ്രത്യേകം വെല്‍ഫെയര്‍ ഫണ്ട് സ്ഥാപിക്കുകയും, വാര്‍ദ്ധക്യം, റിട്ടയര്‍മെന്റ് എന്നീ സമയങ്ങളില്‍ മാത്രമല്ല, പ്രസവം, ആര്‍ത്തവാവസാനകാല പ്രശ്‌നങ്ങള്‍ മുതലായവ മൂലംതൊഴിലെടുക്കാനാവാത്ത സന്ദര്‍ഭങ്ങളില്‍ സഹായം നല്‍കുംവിധം അത് ക്രമീകരിക്കുകയും വേണം. വെല്‍ഫയര്‍ ഫണ്ടു തുക സര്‍ക്കാര്‍ പങ്കിനു പുറമെ സിനിമാവ്യവസായികളില്‍ നിന്നും സ്വരൂപിക്കണം. സംസ്ഥാനത്തെ വ്യവസായങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകളുടെ വിനിയോഗത്തിന്റെ ഒരു ഭാഗം സിനിമാരംഗത്തെ തൊഴിലാളികളായ സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുംവിധം ചട്ടങ്ങള്‍ ഭേദഗതി ചെയ്യണം.
4. ലൈംഗികപീഡനം
ലൈംഗികപീഡനം സിനിമാവ്യവസായത്തിലെ ഫ്യൂഡല്‍ മൂല്യങ്ങളും സിനിമയുടെ കലാസംബന്ധമായ പുരുഷാധികാരവും കൂടിക്കലരുമ്പോള്‍ സാധ്യമാകുന്നു. ഇന്ന് സിനിമരംഗത്തു വരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ പരമ്പരാഗത ജാതിമൂല്യങ്ങളാല്‍ അളന്ന് അവരെ ലൈംഗികവത്ക്കരിക്കുന്ന പഴയ പതിവ്, കലാരംഗത്തെ പുരുഷമേധാവിത്വപരമായ കലാ-ഔന്നത്യ -ജീനിയസ്ധാരണകളോടു ചേരുമ്പോള്‍ പുരുഷന്മാരുടെ ചൊല്‍പ്പടിക്കു നില്‍ക്കേണ്ട ലൈംഗിക ഉപഭോഗവസ്തുക്കളായി സ്ത്രീകള്‍ അടിച്ചുതാഴ്ത്തപ്പെടുന്നു. അതല്ലെങ്കില്‍ സര്‍ഗാത്മകത ലൈംഗിക ആരാജകത്വം ആവശ്യപ്പെടുന്നുവെന്ന അവകാശവാദമോ, അതുമല്ലെങ്കില്‍ സിനിമാ പോലുള്ള തീര്‍ത്തും അസമത്വബന്ധങ്ങള്‍ നിറഞ്ഞ ഇടങ്ങളില്‍ തുല്യതയാര്‍ന്ന ലൈംഗികബന്ധങ്ങള്‍ എളുപ്പമാണെന്ന അസംബന്ധധാരണയോ പ്രയോഗിച്ച് അസമലൈംഗികബന്ധങ്ങള്‍ – ചൂഷണമോ പീഡനമോ ആയി അനുഭവപ്പെടുന്നവ — ന്യായീകരിക്കപ്പെടന്നു. ഇവയും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ധാരാളം പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇവയ്‌ക്കെതിരെ തൊഴില്‍വകുപ്പ് സത്വരനടപടിയെടുക്കേണ്ടതാണ്.
സമഗ്രമായ നയനിര്‍മ്മാണവും ട്രൈബ്യൂണലും മറ്റും സൃഷ്ടിക്കപ്പെടുംവരെ നിലവിലുള്ള ലൈംഗികപീഡനനിയമങ്ങളുടെ സംരക്ഷണം സിനിമാവ്യവസായഗരംഗത്തെ സിസ്-ട്രാന്‍സ് സ്ത്രീകള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സിനിമാവ്യവസായത്തിന്റെ പ്രത്യേകതകളെ പരിഗണിച്ചുകൊണ്ട് നിലവിലുള്ള സംവിധാനത്തെ പുനഃപ്രയോഗിക്കേണ്ടതുണ്ട്. താഴെ പറയുന്ന ആവശ്യങ്ങള്‍ തൊഴില്‍വകുപ്പ് ഗൌരവത്തോടെ പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
— ഓരോ സിനിമാപ്രോജക്ട് തുടങ്ങും മുമ്പ് തന്നെ ഐസി (Internal Committee) ഉണ്ടാക്കുന്നത് നിര്‍ബന്ധമാകണം. ഐസിയില്‍ അംഗങ്ങളാകാന്‍ വേണ്ടത്ര സ്ത്രീകള്‍ ആ ഘട്ടത്തില്‍ ഇല്ലെങ്കില്‍ ജില്ലയിലെ തദ്ദേശ പരാതി സമിതി (Local Complaints Committee)യില്‍ നിന്ന് അംഗങ്ങളെയോ, സിനിമയില്‍ വനിതകളുടെ താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് ഹേമാ കമ്മിറ്റി അംഗീകരിക്കുന്ന ഡബ്‌ള്യൂസിസി അംഗങ്ങളെയോ അവര്‍ നിര്‍ദ്ദേശിക്കുന്നവരെയോ, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളെയോ അംഗങ്ങളായി കൂട്ടിച്ചേര്‍ത്ത് സിനിമാനിര്‍മ്മാണപൂര്‍വഘട്ടത്തില്‍ തന്നെ അതുണ്ടാക്കേണ്ടതാണ്.
— മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഈ ഐസി എല്‍സിസിക്ക് ഉറപ്പു നല്‍കിയശേഷം മാത്രമേ സിനിമാനിര്‍മ്മാണം തുടങ്ങാന്‍ പാടുള്ളൂ. POSH നിയമപ്രകാരം ഐസികള്‍ക്ക് കല്പിക്കപ്പെടുന്ന എല്ലാ ധര്‍മ്മങ്ങളും അധികാരങ്ങളും നിബന്ധനകളും സിനിമാനിര്‍മ്മാണസ്ഥലങ്ങളിലെ ഐസികള്‍ക്കും ഉറപ്പുവരുത്തണം.
— തുടര്‍ന്ന് ഷൂട്ടിങ്സ്ഥലത്ത് എല്‍സിസി. അംഗങ്ങള്‍ സന്ദര്‍ശനം നടത്തി അത് സ്ഥിരീകരിക്കുകയും ചെയ്യേണ്ടതാണ്.
— ഈ സൈറ്റ് സന്ദര്‍ശനവേളയില്‍ എല്ലാ എല്‍സിസികള്‍ ഡബ്ല്യു സി സിയുടെ പ്രതിനിധികളെ, അല്ലെങ്കില്‍ ഡബ്‌ള്യൂസിസി നാമകരണം ചെയ്യുന്ന പ്രതിനിധികളെ, കൂട്ടിച്ചേര്‍ക്കണം.
ഇവിടെ പ്രത്യേകം എടുത്തുപറയേണ്ട ഒന്നുണ്ട്. ഡബ്‌ള്യൂ സി സിയിലെ പ്രവര്‍ത്തകരയോ തന്നെ വേണം ഈ സമിതികളില്‍ നിയോഗിക്കാന്‍ എന്നാവശ്യപ്പെടുമ്പോള്‍ ഡബ്‌ള്യൂസിസിക്ക് ഇക്കാര്യത്തില്‍ കുത്തക തന്നെ അനുവദിക്കണമെന്നല്ല ഞങ്ങളുടെ ഉദ്ദേശ്യം. ഇന്നത്തെ സാഹചര്യത്തില്‍ മലയാളസിനിമാവ്യവസായരംഗത്ത് സ്ത്രീകളുടെ ആത്മാഭിമാനവും മനുഷ്യാവകാശങ്ങളും നേടാനുള്ള പോരാട്ടത്തെ പല വ്യക്തിപരമായ കഷ്ടനഷ്ടങ്ങളും സഹിച്ച് ഏറ്റെടുത്തത് ആ സംഘടനയും അതില്‍ ഇന്ന് പ്രവര്‍ത്തിച്ചുവരുന്നവരുമാണെന്ന് നിസ്സംശയം പറയാം. ഈ കാര്യം ഹേമാ കമ്മറ്റി അംഗങ്ങള്‍ക്കും ബോധ്യപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ ഡബ്‌ള്യൂസിസി എന്നുമെന്നും അങ്ങനെയായിരിക്കുമെന്ന് പറയാന്‍ ഞങ്ങള്‍ക്കോ മറ്റാര്‍ക്കുമോ പറയാനാവില്ല. എന്നാല്‍ ഇന്നത്തെ സാഹചര്യങ്ങളില്‍ നിരവധി വര്‍ഷങ്ങളോളം സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ വളരെ നഷ്ടങ്ങള്‍ സഹിച്ചും ഹിംസാപരമായ പെരുമാറ്റത്തിനു മുന്നില്‍ പതറാതെ നിലകൊണ്ടും ശബ്ദമുയര്‍ത്തിയ സംഘമാണ് അവര്‍ എന്ന കാര്യം അനിഷേധ്യമാണ്. സിനിമാനയവും ട്രൈബ്യൂണലും മറ്റു സംവിധാനങ്ങളും ഉണ്ടാകുംവരെയെങ്കിലും അവരെ പുതിയ സംരക്ഷണസംവിധാനത്തിന്റെ ഭാഗമാക്കി നിലനിര്‍ത്തേണ്ടതുണ്ട്. ലിംഗനീതിസംസ്‌കാരത്തെ സിനിമാരംഗത്ത് വ്യാപകമാക്കാനുള്ള പരിശീലപരിപാടികളിലും പ്രചരണത്തിലും അവരെ കാര്യമായി പങ്കെടുപ്പിക്കേണ്ടതുണ്ട്.
— ഷൂട്ടിങ് ഏതു ജില്ലയിലാണോ നടക്കുന്നത്, അതു നടക്കുന്ന കാലയളവ്, സ്ഥലം, ഉത്തരവാദപ്പെട്ടവര്‍ മുതലായ വിവരങ്ങള്‍ ആ ജില്ലയിലെ എല്‍സിസിയെ അക്കാര്യം നിശ്ചിതസമയത്തിനു മുമ്പ് അറിയിച്ചിരിക്കണം. മേല്‍പ്പറഞ്ഞവയെ സംബന്ധിച്ചുള്ള ഏതു രേഖയും ആവശ്യപ്പെടാനും പരിശോധിക്കാനും എല്‍സിസിക്ക് അധികാരമുണ്ടാവണം. കുറവുകള്‍ കണ്ടെത്തിയാല്‍ അവയ്ക്ക് ഉടന്‍ പരിഹാരം ആവശ്യപ്പെടാനുള്ള അധികാരവും അതിനുണ്ടാകണം.
— എല്‍സിസി നിര്‍ദ്ദേശിക്കുന്ന കാലയളവില്‍ പ്രശ്‌നപരിഹാരം ഉണ്ടാകാത്ത പക്ഷം സിനിമാനിര്‍മ്മാണം നിര്‍ബന്ധമായും നിര്‍ത്തിവയ്ക്കാന്‍ നടപടിയുണ്ടാകണം.
–ഐസിയുടെ തീര്‍പ്പില്‍ തൃപ്തി തോന്നാത്ത പരാതിക്കാരികള്‍ക്ക് എല്‍സിസിയില്‍ പരാതിപ്പെടാനുള്ള അവകാശമുണ്ടായിരിക്കണം.
–ഒരു ജില്ലയില്‍ നിന്ന് അനുമതി നേടിയ സിനിമാനിര്‍മ്മാണം മറ്റൊരു ജില്ലയിലേക്കു മാറുമ്പോള്‍ ആ ഷൂട്ടിങ് സ്ഥലം സന്ദര്‍ശിക്കാനും ഐസിയെ സഹായിക്കാനും ആ ജില്ലയിലെ എല്‍സിസിക്ക് അധികാരമുണ്ടാകണം.
— പോഷ് നിയമവും സംബന്ധിച്ച ട്രെയ്‌നിങ് എല്ലാ സിനിമാപ്രോജക്ട് സൈറ്റുകളിലും പ്രാരംഭവേളയില്‍ തന്നെ ഉണ്ടാകേണ്ടതുണ്ട്. ഇതിനാവശ്യമായ മൊഡ്യൂള്‍ കേരള ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കേണ്ടതുണ്ട്.
— സിനിമാപ്രോജക്ടില്‍ ചേരുന്ന എല്ലാ സ്ത്രീകള്‍ക്കും ചേര്‍ന്നയുടന്‍ തന്നെ അവിടെ പിന്‍തുടരുന്ന ലിംഗതുല്യതാനയത്തെക്കുറിച്ച് അറിവ് നല്‍കുന്ന അച്ചടിച്ച നോട്ടീസുകള്‍ നല്‍കേണ്ടതാണ്. ഐസിസി അംഗങ്ങളെയും എല്‍സിസിയെയും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍, പരാതി നല്‍കുന്ന പ്രക്രിയ അടക്കമുള്ള മറ്റു വിവരങ്ങള്‍, ഇവ നോട്ടിസില്‍ ഉണ്ടായിരിക്കണം.
5.പ്രതികാരം -‘നിരോധിത തൊഴിലാളികളു’ടെ പ്രശ്‌നങ്ങള്‍
ഇതിനെല്ലാം പുറമേ, മേല്‍പ്പറഞ്ഞ മൂന്നുതരം പ്രശ്‌നങ്ങളെപ്പറ്റി പരാതി നല്‍കുന്ന സ്ത്രീകളുടെ സ്വകാര്യതയും ഭാവിയിലെ തൊഴില്‍സാധ്യതയും സംരക്ഷിക്കപ്പെടേണ്ടതാണ്.
മേല്‍സൂചിപ്പിച്ചതു പോലെ, പരാതി പറയുകയോ കൊടുക്കുയോ ചെയ്ത ശേഷം യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിട്ടും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടാത്ത സ്ത്രീതൊഴിലാളികളെയും സാങ്കേതികപ്രവര്‍ത്തകരെയും നിരോധിത തൊഴിലാളികള്‍ (banned workers) എന്നു കരുതാവുന്നതാണ്. എന്നാല്‍ പൊതുവെ പരാതികൊടുകും മുമ്പ് അഭിനയ-സാങ്കേതിക-അടിസ്ഥാനതൊഴിലുകളില്‍ സജീവമായി പ്രവര്‍ത്തിച്ചതിന്റയും, അതിനു ശേഷം തൊഴിലവസരങ്ങള്‍ ശോഷിച്ചതിന്റെയും തെളിവ് ഹാജരാക്കാന്‍ കഴിയുന്നവരെയും ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.
— അഭിനയേതരതൊഴിലുകളില്‍ സിനിമാതൊഴില്‍ വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കുന്നവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നതില്‍ തൊഴില്‍പരിചയവും യോഗ്യതയും ഉണ്ടെങ്കിലും അവര്‍ പിന്‍തള്ളപ്പെട്ടാല്‍ പരാതിപ്പെടാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും അവര്‍ക്കു കഴിയണം.
— ഇങ്ങനെ പിന്‍തള്ളപ്പെടുന്ന സ്ത്രീതൊഴിലാളികള്‍, അഭിനേതാക്കള്‍, ടെക്‌നിഷ്യന്‍സ് തുടങ്ങിയവര്‍ക്ക് പൊതുമേഖലയില്‍ നടക്കുന്ന എല്ലാ സിനിമാനിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും, ദൃശ്യമാദ്ധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള സര്‍ക്കാര്‍വകുപ്പുകളുടെ പബ്‌ളിസിറ്റി-പ്രചരണങ്ങളിലും മുന്‍ഗണന നല്‍കണം. കേരളത്തില്‍ ലഭ്യമായ സി എസ് ആര്‍ ഫണ്ടുകളുടെ ഒരു ഭാഗം ഇവരുടെ പ്രോജക്ടുകള്‍ക്കായി മാറ്റിവയ്ക്കണം.
— മറ്റു വകുപ്പുകളുമായി ചേര്‍ന്നുകൊണ്ട് തൊഴില്‍വകുപ്പ് ഈവിധത്തില്‍ പുറന്തള്ളപ്പെടുന്നവര്‍ക്കായി തൊഴില്‍ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ട്രെയിനിങുകള്‍ സംഘടിപ്പിക്കുകയും , മറ്റുള്ള ട്രെയിനിങുകളില്‍ അവര്‍ക്ക് ഫീസിലും മറ്റുമുളള ഇളവുകളും ആനുകൂല്യങ്ങളും നല്‍കണം.
— ദേശീയ-അന്താരാഷ്ട്രതലങ്ങളില്‍ ലഭ്യമാകാവുന്ന തൊഴിലവസരങ്ങളുമായി സ്ത്രീതൊഴിലാളികളെ ബന്ധിപ്പിക്കുന്ന ഒരു പോര്‍ട്ടല്‍ K-DISCമായി ചേര്‍ന്നുകൊണ്ട് തൊഴില്‍വകുപ്പിന് ആരംഭിക്കാവുന്നതാണ്. അതില്‍ മലയാളസിനിമാവ്യവസായത്തില്‍ നിശബ്ദമായി പിന്‍തള്ളപ്പെടുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കണം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിവേദനം.
സാര്‍
വിഷയം : ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പോക്‌സോ ആക്ട് പ്രകാരം കേസ് എടുക്കാവുന്ന ചില കുറ്റകൃത്യങ്ങള്‍ ഉണ്ടെന്ന് മനസിലാക്കുന്നു. അതിന്മേല്‍ നടപടി എടുക്കുന്നത് സംബന്ധിച്ച്.
ഈയിടെ പുറത്തു വന്ന ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വഴി പുറത്തു വരുന്ന ലൈംഗിക പീഡനം സംബന്ധിച്ച വസ്തുതകള്‍ മനസ്സിലാക്കിയ പൗര ജനങ്ങള്‍ എന്ന നിലക്ക് അത് ബന്ധ പ്പെട്ട അധികാരികളെ അറിയിച്ചു നടപടിക്കായി ആവശ്യപ്പെടേണ്ടതുണ്ട്. റിപ്പോര്‍ട്ട്,സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില കലാകാരികള്‍ പോക്‌സോ നിയമ ത്തിന്റെ പരിധി യില്‍ വരുന്ന തരത്തില്‍ ലൈംഗികഅതിക്രമത്തിന്നിരയായതായി ട്ടുണ്ട് എന്ന് മനസിലാക്കുന്നു.(റിപ്പോര്‍ട്ട് ന്റെ 41 പേജില്‍ പാരഗ്രാഫ് 83 നോക്കുക-women / girls… ഇത് സൂചിപ്പിക്കുന്നത് 18 വയസ്സില്‍ താഴെയുള്ളവര്‍ എന്നായിരിക്കുമല്ലോ) പോക്‌സോ ആക്ട് 19 (1)അനുസരിച്ചു ഇത്തരത്തില്‍ ഒരു വിവരം കിട്ടിയാല്‍ അത് പോലീസിനെ അറിയിക്കേണ്ടതാണല്ലോ. അതിനാല്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിച്ച്, ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് അവര്‍ക്ക് പൂര്‍ണമായും comfortable ആയ രീതിയില്‍ പോക്‌സോ നിയമ പ്രകാരമുള്ള നടപടിസ്വീകരിക്കണം. അവരുടെ തൊഴില്‍ തുടര്‍ന്ന് കൊണ്ട് പോകാനുള്ള എല്ലാ പിന്തുണയും നല്‍കേണ്ടതുമുണ്ട് . കൂടാതെ അവര്‍ അനുഭവിച്ച മാനസികവും ശാരീരികവും സാമൂഹ്യവുമായ വേദനകളെ ഉള്‍ക്കൊണ്ടു കൊണ്ടു പോക്‌സോ നിയമപ്രകാരമുള്ള നഷ്ട പരിഹാരം നല്‍കുകയും വേണം.
കലാരംഗത്തു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയമായ പ്രവര്‍ത്തനത്തിനും വളര്‍ച്ചക്കും ഈ നടപടികള്‍ അത്യാവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. കേരള സര്‍ക്കാര്‍ നിയമിച്ച മുന്‍ ഹൈക്കോടതി ജഡ്ജി നയിച്ച ഒരു കമ്മറ്റി നേരിട്ട് ശേഖരിച്ച വസ്തുതകളുടെ യും മൊഴികളുടെയും അടിസ്ഥാനത്തില്‍ ഉണ്ടായ റിപ്പോര്‍ട്ട് തീര്‍ച്ചയായും വളരെ പ്രധാനമാണ്. അതിന്മേല്‍ സമയബന്ധിതമായി നടപടികള്‍ എടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്
എത്രയും പെട്ടെന്ന് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കു വേണ്ട നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
അല്‍ത്തിയ സ്ത്രീ കൂട്ടായ്മക്കു വേണ്ടി
കണ്‍വീനര്‍ പിഇ ഉഷ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
അഭി അഞ്ജന
August 28, 2024 at 7:15 am
‘ദി ക്രിട്ടിക്’– നിവേദനം വായിച്ചു. വളരെ സന്തോഷം തോന്നുന്നു. ഒരഭിപ്രായം പറയട്ടെ.ഏത് തൊഴിൽമേഖലയിലെയും അസംഘടിത സ്ത്രീ തൊഴിലാളികളുടെ കാര്യത്തിൽ ഈ മാതൃക തൊഴിൽവകുപ്പ് പിൻതുടരണം. വേതനത്തിന്റെ കാര്യത്തിൽ സ്ത്രീപുരുഷ സമത്വം ഏത് മേഖലയിലും വേണം. കൂടുതൽ ശമ്പളം പുരുഷന്മാർക്ക് കൊടുക്കുകയും കൂടുതൽ ജോലി സ്ത്രീകളെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്യുന്ന അൺഎയ്ഡഡ് സ്കൂൾ മേഖലയിലാണ് ഞാൻ ജോലി ചെയ്യുന്നത്. Recommendation , സൗന്ദര്യം, നിറം, ജാതി, മതം, തുടങ്ങി മറ്റുപലതുമാണ് ജോലി ലഭിക്കാനുള്ള യോഗ്യതകൾ.ഇനി അക്കാദമിക് നിലവാരം വച്ച് ജോലി ലഭിച്ചാലോ, അത് കാത്തുസൂക്ഷിക്കാൻ കടമ്പകളേറെയാണ്. അവർ ഏല്പിക്കുന്ന ഏത് ജോലിയും ഏത് സമയത്തും ചെയ്യാൻ ബാദ്ധ്യസ്ഥരാണെന്ന് എഴുതി ഒപ്പിട്ട് കൊടുക്കണം. ഏതെങ്കിലും കാരണവശാൽ (അത് പീരീഡ്സോ മെനോപ്പോസോ,പ്രിയപ്പെട്ടവരുടെ മരണം മൂലം തകര്‍ന്ന അവസ്ഥയോ വീഴ്ചയിൽ പറ്റിയ പരിക്കോ മറ്റ് രോഗാവസ്ഥയോ എന്തുമാകട്ടെ, നൽകുന്ന ജോലി ചെയ്യാനായില്ലെങ്കിൽ, ഇഷ്ടമില്ലാത്തവരെ പിരിച്ചുവിടാനായി ഈ രേഖ ഉപയോഗിക്കുകയും ചെയ്യും. എന്താണ് കാരണമെന്ന് അറിയുകയേ വേണ്ട.പറയാനാണെങ്കിൽ നിരവധിയുണ്ട്. അസംഘടിത മേഖലയിലെ സ്ത്രീതൊഴിലാളികൾക്കുവേണ്ടി, തൊഴിൽവകുപ്പ് മുൻകൈയെടുത്ത് പ്രത്യേക നിയമങ്ങൾ രൂപീകരിക്കുകയും അത് ഏത് മേഖലയിലാണെങ്കിലും വിവരാവകാശനിയമമനുസരിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യണം. എല്ലാ മേഖലകളിലെയും സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാൻ സ്ത്രീജനങ്ങളെ ബോധവത്കരിക്കുകയും വേണം. അത് സ്ത്രീസംഘടനകൾ ഏറ്റെടുക്കുകയും ക്യാമ്പെയ്നുകൾ സംഘടിപ്പിക്കുകയും പത്രം ഉൾപ്പെടെയുള്ള മീഡിയകളിൽ നിരന്തരം പ്രസിദ്ധീകരിക്കുകയും വേണം. പബ്ലിക് റിലേഷൻ വകുപ്പുതന്നെ അതിന് മുൻകൈ എടുക്കണം. സ്ത്രീസംഘടനകൾക്ക് ഇക്കാര്യങ്ങളിൽ വളരെയേറെ പ്രവർത്തിക്കാനുണ്ട്. Retire ചെയ്തവരും സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാത്തവരും ഈ പ്രവർത്തനത്തിന്പ്രാ ധാന്യം കൊടുക്കണം.വിവരണം നീട്ടുന്നില്ല. സമത്വം,സാഹോദര്യം,എന്നിവയോടൊപ്പം സാന്ത്വനം കൂടിയാകട്ടെ ലക്ഷ്യം.
✍ അഭി അഞ്ജന