സി രവിചന്ദ്രന്റെ യുറീക്ക യുക്തിവാദവും എം എം സോമശേഖരന്റെ അതിഭൗതിക വിമര്‍ശനവും
സി രവിചന്ദ്രനെതിരെ എം എം സോമശേഖരന്‍ നടത്തിയ ഒരു പ്രഭാഷണം യൂട്യൂബിലൂടെ കേട്ടതാണ് ഈ പ്രതികരണത്തിനാധാരം. പ്രഭാഷണത്തിന്റെ ലിങ്ക് താഴെ…
മുസ്ലിം-ദളിത് വിരുദ്ധതയുടെയും, സവര്‍ണ്ണ ഹിന്ദുത്വത്തിന്റെയും നവ കൊളോണിയല്‍ സംജ്ഞാനാമമായ സി രവിചന്ദ്രനെതിരെ എം എം സോമശേഖരന്റെ സദുദ്ദേശത്തോടെയുള്ള പ്രഭാഷണം പലപ്പോഴും അതിന്റെ സഞ്ചാരപഥം മാറി, ബൗദ്ധിക യുക്തിയെയും ജനിതക യുക്തിയെയും വേര്‍തിരിക്കാനാവാത്ത നവലിബറല്‍ ‘യുക്തിവാദ’ മായും, അല്‍പ്പാല്‍പ്പമായി മാര്‍ക്‌സിസ്റ്റ് വിരുദ്ധത ഒളിച്ചു കടത്തുന്നതായും തീരുന്നുണ്ട്.
മതങ്ങളുടെ രൂപീകരണവും അവയുടെ അടിത്തറയായ മന്ത്രവാദം മുതലായ വിശ്വാസങ്ങളുടെ ഉത്ഭവവും വിശദീകരിക്കുമ്പോള്‍ മനുഷ്യന്റെ ജനിതക യുക്തി ബൗദ്ധിക യുക്തിയുടെ വിപരീത ഘടനയാണ്, ജനിതക യുക്തി അപബോധപരമാണ്, അതിന് സ്ഥലകാല വ്യവസ്ഥയില്ല എന്ന് സോമശേഖരന്‍ മനസ്സിലാക്കുന്നില്ല. ആ അപബോധത്തിന്റെ പ്രദേശത്തെ ബൗദ്ധിക യുക്തിക്ക് അധീനമാക്കുന്ന പ്രവര്‍ത്തനത്തെയാണ ് ശാസ്ത്ര പ്രവര്‍ത്തനം എന്നു പറയുന്നത്. എന്നാല്‍ ജനിതകവും അപബോധപരവുമായ ബിംബാനുഭവങ്ങളെ സ്ഥലകാല ശൂന്യമായ വിശ്വാസത്തിന്റെ പ്രദേശത്തില്‍ നിന്ന്, അനുഭവജ്ഞാന യുക്തിയില്‍ അധിഷ്ഠിതമായ ബോധ്യത്തിന്റെ പ്രദേശത്തിലേക്ക് നയിച്ചുകൊണ്ടുപോകുന്ന പ്രവര്‍ത്തനം എങ്ങിനെ വേണമെന്ന കാര്യത്തില്‍ യാതൊരു അഭിപ്രായവും സോമശേഖരനില്‍ നിന്ന് ഉണ്ടാകുന്നില്ല. ശാസ്ത്രം വിശ്വാസാധിഷ്ഠിതമായ ജനിതക ഓര്‍മയുടെ രൂപകങ്ങളുടെ അപമിത്തീകരിക്കുന്ന (demythify) സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്ന വസ്തുത അറിഞ്ഞോ അറിയാതെയോ സോമശേഖരന്‍ അസ്ഥിരപ്പെടുത്തുന്നുണ്ട്.
വിശ്വാസ(faith)ത്തില്‍ നിന്ന് ബോധ്യ (conviction) ത്തിലേക്ക് എന്നതാണ് ശാസ്ത്ര പ്രവര്‍ത്തനത്തിന്റെ മാര്‍ഗ്ഗം. ഇത്തരമൊരു ശാസ്ത്ര പ്രവര്‍ത്തിനത്തിന്റെ ധാര സോമശേഖരന്റെ സംഭാഷണത്തില്‍ പലപ്പോഴും സ്തംഭിച്ചു പോകുന്നുണ്ട്. കണികാ സിദ്ധാന്തം, പ്രകാശവേഗം, ഫിസിക്‌സ്, ആന്ത്രപോളജി മറ്റെല്ലാം ഉപയോഗിച്ച് രവിചന്ദ്രന്റെ അശിക്ഷിത യുക്തിയെ നേരിടുന്ന സോമശേഖരന്‍, അത്തരം ശാസ്ത്ര ശാഖകളെയെല്ലാം അപരിമേയവും അനന്തവു(infinite)മാക്കി വ്യാഖ്യാനിക്കുന്നതിലൂടെ പ്രപഞ്ച യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള ശാസ്ത്രാന്വേഷണങ്ങളെ സൂപ്പര്‍ നാച്ചുറല്‍, സൂപ്പര്‍ ഹ്യൂമന്‍ ആയ പ്രകൃതി യുക്തിയാക്കി മാനവിക യുക്തിയെ നിരസിക്കുന്ന ഒരുതരം ‘ശാസ്ത്ര വിശ്വാസ’ ത്തിന്റെ ബലതന്ത്രമാക്കി മാറ്റുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആധുനികത സൃഷ്ടിക്കുന്ന വര്‍ഗ്ഗ വിഭജനം പോലും മനസ്സിലാകാത്ത കേവല യുക്തിവാദിയായ രവിചന്ദ്രനെ നേരിടുന്നതില്‍ സോമശേഖരന് പലപ്പോഴും പാളിച്ച പറ്റുന്നുണ്ട്.
ഇങ്ങനെ ഭൗതികശാസ്ത്രം ചര്‍ച്ച ചെയ്യുമ്പോള്‍ തത്വചിന്താപരമായ സമീപനത്തിന്റെ അസാന്നിധ്യം നിമിത്തം പ്രകൃതി യുക്തികൊണ്ടും മാനവിക യുക്തി കൊണ്ടും നീതീകരിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളെക്കുറിച്ച് വാചാലനാകുന്ന അദ്ദേഹം താന്‍ അറിയാതെ പ്രഭാഷണത്തില്‍ കടന്നുവരുന്ന മനുഷ്യന് അതീതമായി വര്‍ത്തിക്കുന്ന ഒരു സായന്‍സിക കല്‍പ്പനയുടെ (അനന്തം അജ്ഞാതം അവര്‍ണ്ണനീയം എന്ന ‘ശ്ലോകം’ ചൊല്ലി) പ്രഖ്യാപനം ഉണ്ടാകുന്നു. പിന്നീട് ഞാനത് ഉദ്ദേശിച്ചില്ല എന്ന് പറഞ്ഞ് തന്റെ തന്നെ ആശയക്കുഴപ്പത്തെ വെളിപ്പെടുത്തുകയും അങ്ങനെ സംതൃപ്തിയടയുകയും ചെയ്യുന്നുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
യുക്തിബോധത്തില്‍ നിന്ന് ഉല്‍പന്നമാകേണ്ട നീതിയെയും, നൈതിക ബോധത്തെയും യുക്ത്യാതീതമായ ‘അനന്ത’ തയെ കുറിച്ചുള്ള ഭയം, അത്ഭുതം എന്നിവയിലൂടെ ബന്ധിക്കുകയാണ് സോമശേഖരന്‍ ചെയ്യുന്നത്. യുക്തിയില്‍ നിന്ന് രൂപപ്പെടുന്ന ധര്‍മ്മാനുഭവ വികാരത്തിന് (Ethos) വിപരീതമായി സയന്‍സിന്റെ അനന്തവും അജ്ഞാതവുമായ അധികാരഘടനയെ സംബന്ധിക്കുന്ന ധര്‍മ്മാനുഭവ വികാരത്തിന് മനുഷ്യന്‍ വിധേയപ്പെടണം എന്നാണ് സോമശേഖരന്‍ പറയുന്നതിന്റെ രത്‌ന ചുരുക്കുമായി തോന്നുന്നത്. ഭൗതികശാസ്ത്ര യുക്തിയുടെയും മനുഷ്യനിര്‍മ്മിതമായ ജ്ഞാനശാസ്ത്ര യുക്തിയുടെയും പശ്ചാത്തലത്തില്‍ അപഗ്രഥിക്കുമ്പോള്‍ മതവിശ്വാസത്തിന്റെ ധര്‍മ്മ വികാരാനുഭവത്തെ പുറന്തള്ളാതെ മനുഷ്യവംശത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. സോമശേഖരന്‍ ഉദ്ധരിക്കുന്ന ‘അറിഞ്ഞത് കൈയളവ് അറിയാത്തത് ഉരലളവ്.’ എന്നൊക്കെയുള്ള പഴഞ്ചൊല്ലില്‍ ഒരു പരിധി വരെ പതിയിരിക്കുന്നത് നിനക്കൊന്നും അറിയില്ല, മനുഷ്യനൊന്നുമറിയില്ല, എല്ലാം അജ്ഞാതവും മായയുമാണ് എന്ന ഭഗവത്ഗീതയിലെ ശ്രീകൃഷ്ണന്റെ ദൈവീക ഹെഗെമണിയാണ്.
സംഭവ്യതയുടെ നിയമങ്ങളെ (what is probable by the law of nature) ആവശ്യത്തിന്റെ നിയമങ്ങള്‍ക്ക് (law of necessity) കീഴ്‌പ്പെടുത്തുമ്പോഴാണ് മാനവികമായ ഇച്ഛ (will) രൂപപ്പെടുന്നത്. പ്രകൃതിപരമായ അനിവാര്യതയില്‍ നിന്ന് നൈതികമായ ആവശ്യകതയിലേക്കുള്ള നീക്കത്തെ, അതായത് ആനിമാലിറ്റി (animality) യില്‍ നിന്നും ഹ്യൂമാനിറ്റിയിലേക്കുള്ള വികാസമായി പരിഗണിക്കുന്ന അരിസ്റ്റോട്ടില്‍ സിദ്ധാന്തം പ്രകൃതി കേന്ദ്രീകൃതമല്ല എന്ന് നമുക്കറിയാം. ഇവിടെ മനുഷ്യനാണ് മാനദണ്ഡം. പ്രകൃതി – ഭൗതിക ശാസ്ത്ര നിയമങ്ങളെ, യാഥാര്‍ത്ഥ്യങ്ങളെ മനുഷ്യന്‍ കീഴ്‌പ്പെടുത്തുന്നു. വിശ്വാസത്തിന്റെ സ്ഥാനത്ത് യുക്തിയെയും ഈശ്വരന്റെ സ്ഥാനത്ത് ഗുരുവിനെയും പ്രതിഷ്ഠിച്ചു കൊണ്ടാണ് ബൗദ്ധദര്‍ശനങ്ങള്‍ ഇന്ത്യയില്‍ പരിവര്‍ത്തനം സൃഷ്ടിച്ചത് എന്ന് ഡോ രാധാകൃഷ്ണന്‍ പറയുന്നുണ്ടല്ലോ. ഇവിടെ യുക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കാരണ- പ്രതികരണാധിഷ്ഠിത (cause – effect) മായ പ്രകൃതി യുക്തി (reason) യല്ല, മറിച്ച് മാനവിക യുക്തി (rationality) യാണ്.
ശാസ്ത്ര യാഥാര്‍ത്ഥ്യങ്ങളെ, സംഭവ്യതയുടെ നിയമങ്ങളെ നിരന്തരം കീഴ്‌പ്പെടുത്തിക്കൊണ്ടും, സംഭവ്യതാ നിയമങ്ങളുടെ പരിധി വികസിപ്പിച്ചുകൊണ്ടുമാണ് മനുഷ്യന്‍ നിരന്തരം മുന്നേറിക്കൊണ്ടിരിക്കുന്നത്. ആവശ്യങ്ങളുടെ നിയമങ്ങള്‍ കൊണ്ട്, അഥവാ ഇച്ഛ കൊണ്ട് പ്രകൃതി നിയമങ്ങളെ, ശാസ്ത്ര യാഥാര്‍ത്ഥ്യങ്ങളെ, വംശം, ജനിതകശാസ്ത്രം, വംശപരമ്പര എന്നിവയെക്കുറിച്ചുള്ള നരവംശശാസ്ത്രജ്ഞരുടെ കാഴ്ചപ്പാടുകളെ, വിലയിരുത്തലുകളെ എല്ലാം ഭേദഗതി ചെയ്യാനുള്ള കഴിവാണ് ആനിമാലിറ്റിയില്‍ നിന്ന് ഹ്യൂമാനിറ്റയിലേക്കുള്ള പരിണാമത്തിന്റെ മാനദണ്ഡങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സോമശേഖരന്‍ പറയുന്നതുപോലെ ശാസ്ത്രത്തിന്റെ ആദിരൂപങ്ങളായ ‘വിശ്വാസ’ങ്ങള്‍ കേവലമായി ഉണ്ടാകുന്നതല്ല. അതിന് ചരിത്രപരമായ ഒരു സാമൂഹ്യ പശ്ചാത്തലം കൂടി ഉണ്ടാകും.
ബലവാന്‍ ബലഹീനനെ ചൂഷണം ചെയ്യുന്നു എന്നത് പ്രകൃതി നിയമമാണ്. എന്നാല്‍ ആ ദത്തമായ പ്രകൃതി നിയമത്തെ ഇച്ഛാശക്തി കൊണ്ട് ഭേദഗതി ചെയ്തു ചൂഷണരഹിതമായ അവസ്ഥ സൃഷ്ടിക്കണമെന്നാണ് കാള്‍ മാര്‍ക്‌സ് പറയുന്നത്. സൂക്ഷ്മമായ ഭൗതികശാസ്ത്രത്തില്‍ നിന്ന് സ്ഥൂല മാനവിക ജ്ഞാന ശാസ്ത്രത്തിലേക്കുള്ള സഞ്ചാരത്തിനു വേണ്ട യുക്തിപരമായ ഈ സമീപനത്തെക്കുറിച്ച് സോമശേഖരന്‍ നിശ്ശബ്ദനാകുന്നുണ്ട്. അങ്ങനെ എല്ലാ ശാസ്ത്രത്തിന്റെയും, ചരിത്രത്തിന്റെയും ദിശാഗതിയെ നിയന്ത്രിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കേണ്ട മനുഷ്യന്റെ ഇച്ഛയെ കുറിച്ചുള്ള യുക്തിപൂര്‍വ്വവും വൈരുദ്ധ്യാത്മകവുമായ ചിന്തയാണ് കാള്‍ മാര്‍ക്‌സ് ആവിഷ്‌കരിച്ചത്.
ആ ചിന്താ പദ്ധതിയെടുത്ത് രവിചന്ദ്രന്‍ സി യുടെ പണ്ഡിത ശിശുത്വം നിഷ്പ്രയാസം പിളര്‍ത്തിക്കാണിക്കാം എന്നിരിക്കെ, ഫിസിക്‌സും പ്രകാശവേഗവും തന്മാത്രയും, നരവംശശാസ്ത്രവും മറ്റും പറഞ്ഞ് രവിചന്ദ്രന് ഇല്ലാത്ത ഗഹനതയും രീതിശാസ്ത്രവും കല്‍പ്പിച്ചു കൊടുക്കുകയാണ് സോമ ശേഖരന്‍ ചെയ്യുന്നത്.. സൂക്ഷ്മവും സ്ഥൂലവും തമ്മില്‍ വേര്‍തിരിക്കുമ്പോള്‍ സ്ഥൂലത്തേക്കാള്‍ എന്തോ ശ്രേഷ്ഠമാണ് സൂക്ഷ്മം എന്ന ബോധം ആധുനിക ശാസ്ത്രകാരന്മാരില്‍ പോലും കണ്ടു വരുന്നുണ്ട്. അതും അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ ഒരു ദൗര്‍ബല്യമായി കടന്നുവരുന്നു. മതത്തില്‍ ചില മൂല്യങ്ങള്‍ ഉണ്ടെന്നും അതിന്റെ വിശ്വാസപരമായ ആചാരങ്ങള്‍ മനുഷ്യന്‍ പ്രതിസന്ധികളെ മറികടക്കാന്‍ സൃഷ്ടിച്ചതാണെന്നും സോമശേഖരന്‍ പറയുന്നുണ്ട്.
ഒരുദാഹരണം മാത്രം നോക്കാം. ക്രിസ്തുമതം പരിഗണിച്ചാല്‍ കാണുന്ന സ്‌നേഹം എന്ന അടിസ്ഥാന മൂല്യം അന്ന് വരെ സമൂഹത്തില്‍ നിലനില്‍ക്കാതിരിക്കുകയും, ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവത്തോടെ പെട്ടന്ന് സമൂഹത്തില്‍ ഉടലെടുക്കുകയും ചെയ്തതല്ല. അതുകൊണ്ടുതന്നെ മൂല്യങ്ങളെ ആചാരങ്ങളുടെയും, വിശ്വാസങ്ങളുടെയും പിന്‍ബലത്തോടെ ഊട്ടിയുറപ്പിക്കുകയല്ല, മറിച്ച് ആചാരങ്ങളുടെ നിലനില്പിനെ മൂല്യങ്ങളുടെ മൂടുപടമിട്ട് തുടര്‍ന്നുകൊണ്ടുപോരുകയാണ് മതങ്ങള്‍ ചെയ്തു പോന്നത്.
മൂല്യങ്ങളും ധാര്‍മ്മികതയും ഒരു മതത്തിന്റെയും ആചാരത്തിന്റെയും സംഭാവനയല്ല. മതങ്ങള്‍ രൂപപെടുന്നതിനു മുന്‍പേ മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു. അവര്‍ മൂല്യങ്ങളില്‍ അടിയുറച്ച് തന്നെയാണ് ജീവിച്ചിരുന്നതും. കാരണം ഒരു ധാര്‍മ്മിക മൂല്യം പരിണാമപരമായി തന്നെ സിദ്ധിക്കാതെ സാമൂഹിക ജീവിയായി മനുഷ്യന് അധിവസിക്കാന്‍ കഴിയില്ല. മനുഷ്യന്‍ ആവാസ ജീവിയല്ല അധിവാസജീവിയാണ്. ലോക മതചരിത്രം പരിശോധിച്ചാല്‍ എല്ലാ മതങ്ങള്‍ക്കും തന്നെ ഒരു വ്യക്തി കേന്ദ്രീകൃതമായ ആമുഖവും അവരുടെ ആചാര നിയമ രീതികള്‍ വിശദീകരിക്കുന്ന ചില ഗ്രന്ഥങ്ങളും കാണും. പണ്ട് കുഴിച്ചിട്ട ജഡങ്ങളെ മാന്തിപ്പുറത്തിടുന്ന കുറുനരികളുടെ ജോലിയിലൂടെ ചരിത്ര യാഥാര്‍ഥ്യത്തെ നമുക്ക് നിരീക്ഷിക്കാനൊ നിഗമനത്തിലെത്താനൊ കഴിയില്ല. മതങ്ങളില്‍ മൗലിക യുക്തിയുണ്ടായിരുന്നു എന്ന് കണ്ടെത്തുന്നത് കരിങ്കല്ല് പിഴിഞ്ഞ് വെള്ളമെടുക്കാമെന്നു പറയുന്നതു പോലെയാണ്.
രവിചന്ദ്രന്റെ കീഴാള വിരുദ്ധ രാഷ്ട്രീയത്തെയോ, സാമ്രാജ്യത്വ മൂലധന ശക്തികളെ ‘യുറീക്ക’ ശാസ്ത്ര യുക്തിയിലൂടെ ന്യായീകരിക്കുന്ന യുക്തിവാദ മിമിക്രിയെയൊ സോമശേഖരന്‍ പ്രക്ഷേപിക്കുന്ന ചിന്തകള്‍ സ്പര്‍ശിക്കുന്നത് പോലുമില്ല. ഹിന്ദുത്വ വര്‍ഗീയ അജണ്ടയെ ന്യായീകരിക്കാന്‍ എതിരാളിയുടെ തന്നെ കളിനിയമങ്ങള്‍ക്കനുസരിച്ചുള്ള പ്രതികരണങ്ങളാണ് രവിചന്ദ്രന്‍ പ്രയോഗിച്ചു നടക്കുന്നതെന്നും സോമശേഖരന്‍ മനസ്സിലാക്കിയിട്ടില്ല. അതായത് സംഘപരിവാറിന് ഒരു രവിചന്ദ്രന്‍, അവിശ്വാസികള്‍ക്ക്/യുക്തിവാദികള്‍ക്ക് മറ്റൊരു രവിചന്ദ്രന്‍. സംഘപരിവാറിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കേണ്ടത് അതിന്റെ മതപരമായ പ്രത്യയശാസ്ത്രത്തേയും, മൗലിക യുക്തിഭംഗത്തേയും, ഹിംസയെയും തുറന്നുകാട്ടിക്കൊണ്ടാണ്. സാമ്രാജ്യത്വ കോര്‍പ്പറേറ്റ് മൂലധനത്തെ എതിര്‍ത്തുകൊണ്ടാണ്. അതിനു ബദലായ വിപ്ലവമൂല്യങ്ങളുടെ, രാഷ്ട്രീയ സമരങ്ങളുടെ പട നയിച്ചുമാണ്.
‘യഥാര്‍ഥ സന്തോഷപ്രാപ്തിക്ക് ജനങ്ങളുടെ മിഥ്യാസന്തോഷമായ മതത്തെ അവസാനിപ്പിക്കേണ്ട ആവശ്യമുണ്ട്. സാഹചര്യങ്ങളെപ്പറ്റിയുള്ള അവരുടെ മിഥ്യാധാരണകള്‍ ഉപേക്ഷിക്കണമെന്ന് അവരോട് ആവശ്യപ്പെടുന്നത്, മിഥ്യാധാരണകള്‍ ആവശ്യമായി വരുന്ന സാഹചര്യങ്ങള്‍ അവര്‍ മാറ്റുകയാണ് വേണ്ടതെന്ന് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.” എന്നാണ് മാര്‍ക്‌സ് മതത്തെ കുറിച്ചുള്ള ചര്‍ച്ചയുടെ പര്യവസാനമായി പറയുന്നത്.. ‘മനുഷ്യന്‍ മതത്തെ സൃഷ്ടിക്കുന്നു. മതം മനുഷ്യനെ സൃഷ്ടിക്കുന്നില്ല. ഈ ഭരണവും സമുദായവുമാണ് മതത്തിന്റെ നിര്‍മ്മാതാക്കള്‍. അതിനാല്‍ മതത്തിനെതിരായ ശബ്ദം പരോക്ഷമായി ആധ്യാത്മികപ്രഭാമണ്ഡലത്തിന് മൊത്തം എതിരായ സമരമായിരിക്കണം’ എന്നും മാര്‍ക്‌സ് അടിവരയിട്ട് പറയുന്നുണ്ട്. ഇടയ്ക്ക് കബീറിന്റെയും ഗാന്ധിയുടെയും രാമനെ കുറിച്ചും സോമശേഖരന്‍ പറയുന്നുണ്ട്. എന്നാല്‍ നാം അടിയന്തരമായി പറയേണ്ടത് രാമന്‍ തന്നെ നമുക്ക് വേണ്ട എന്നാണ്..
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാമൂഹ്യ വൈരുദ്ധ്യങ്ങളെ മനസ്സിലാക്കാനുള്ള ബോധശേഷിയില്ലാത്തവരാണ് രവിചന്ദ്രനൊപ്പം സഞ്ചരിക്കുന്നത്. രവിചന്ദ്രന്‍ കേവലമായ വിവരക്കേട് പറയുന്ന ഒരാള്‍ മാത്രമല്ല, മുതലാളിത്തത്തിന്റെ അതിഭൗതികവാദത്തെയും, വസ്തുവല്‍കൃത വ്യവസ്ഥയെയും താങ്ങി നിര്‍ത്തുകയും അതിന്റെ അടിമയാവുകയും ചെയ്തുകൊണ്ട് നിരുപയോഗമായ തന്റെ ജീവിതത്തെ സമൂഹത്തില്‍ ‘പണ്ഡിതന്‍’ ആയി പ്രതിഷ്ഠിച്ചുകൊണ്ട് ഒന്നിനും കൊള്ളാത്തതിനേയും മാര്‍ക്കറ്റ് ചെയ്യാമെന്ന മുതലാളിത്തത്തിന്റെ വിപണി സാധ്യതകളെ കണ്ടെത്തുകയാണ് ചെയ്യുന്നത്. 12ാം നൂറ്റാണ്ടില്‍ ജീവിച്ച മംഗോളിയന്‍ യുദ്ധക്കൊതിയനായ ചക്രവര്‍ത്തി ജെങ്കിസ്ഖാനെ, ഖാന്‍ എന്ന് കേട്ടയുടന്‍ മുസ്‌ലിം ഭീകരതയുടെ പ്രതീകമായി പറഞ്ഞ രവിചന്ദ്രന്റെ ഗൂഗിള്‍ സെര്‍ച്ച് അനുഭവ ജ്ഞാനം ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഇന്നു നാം പറയുന്ന കേള്‍ക്കുന്ന മുസ്ലിം എന്ന പദം പോലും ഏതെങ്കിലും ഒരു പ്രത്യേക മതത്തെ സൂചിപ്പിക്കാന്‍ ആയിരുന്നില്ല പന്ത്രണ്ടാം നൂറ്റാണ്ട് വരെ ഉപയോഗിച്ചിരുന്നത് എന്ന് റൊമിലാ ഥാപേര്‍ നിരീക്ഷിക്കുന്നുണ്ട്.
ഇന്ന് രവിചന്ദ്രന്‍ അപരവല്‍ക്കരിക്കാന്‍ എപ്പോഴും തന്റെ യുക്തി മിസൈല്‍ തൊടുത്തു വിടുന്ന മുസ്ലിമിന്റെ ചരിത്രം പോലും അദ്ദേഹത്തിന് അറിയില്ല എന്നതാണ് വസ്തുത. യുറീക്കയില്‍ തുടങ്ങി ഗൂഗിളില്‍ അവസാനിക്കുന്ന രവിചന്ദ്രന്റെ യുക്തിചിന്തയിലെ വായനാനിരാസവും ദാര്‍ശനിക ദുരന്തവും മനസ്സിലാക്കാന്‍ കാര്യമായ സായന്‍സിക ജ്ഞാനം ഒന്നും ആവശ്യമില്ല. അതുകൊണ്ടുതന്നെ രവിചന്ദ്രന്മാര്‍ രൂപപ്പെടുന്നതിന്റെ കാരണമായ മുതലാളിത്ത സാമൂഹ്യ – സാംസ്‌കാരിക വ്യവസ്ഥയും, സവര്‍ണ വൈദികാധികാര ആണ്‍കോയ്മയും ചര്‍ച്ച ചെയ്യാതെ, ഫിസിക്‌സിന്റെയും കെമിസ്ട്രിയുടെയും മറ്റ് ശാസ്ത്രശാഖകളുടെയും സൂക്ഷ്മതയിലേക്ക് സോമശേഖരന്‍ കടന്നുചെല്ലുന്നത് രവിചന്ദ്രന്‍ യുക്തിയുടെ രൂപത്തിലുള്ള മറു യുക്തിയാണ് സൃഷ്ടിക്കുക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in