സംസ്ഥാനത്ത് മാലിന്യവും അഴിമതിയും പുകയാതിരിക്കുന്നതെങ്ങിനെ?
രാജ്യത്തെ ഏറ്റവും പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തിലെ മെട്രോനഗരം ഒരാഴ്ചയാണ് കത്തിയത്. ഇപ്പോഴുമത് പുകഞ്ഞുകൊണ്ടിരിക്കുന്നു. ജനജീവിതം ദുസ്സഹമായിരിക്കുന്നു. ഒരു ജനതയുടെ സംസ്‌കാരം എന്താണെന്നറിയാന്‍ അവരുടെ മാലിന്യം അവരെന്തുചെയ്യുന്നു എന്നു നോക്കിയാല്‍ മതിയെന്ന് ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നുതന്നെ സാംസ്‌കാരികമായി മലയാളി എവിടെയെത്തി നില്‍ക്കുന്നു എന്നു വ്യക്തം.
അവസാനമിതാ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകരുതെന്നും ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കണമെന്നും. ജൈവ മാലിന്യ സംസ്‌ക്കരണത്തിന് വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യുമെന്നും ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കുമെന്നും ജില്ലാ കലക്ടര്‍, കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്നും തീരുമാനിച്ചിരിക്കുന്നു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. എന്നാല്‍ കൊച്ചി മാത്രമല്ല, കേരളം മുഴുവനായും നേരിടുന്ന ഈ വിഷയത്തിനു ശാശ്വതമായ പരിഹാരത്തെ കുറിച്ചുള്ള ചിന്തപോലും ഉണ്ടാകുന്നില്ല. പകരം വനിതാദിനത്തില്‍ തന്നെ ഒരു വനിതാകളക്ടറെ സ്ഥലം മാറ്റി ഉത്തരവാദിത്തമുള്ളവര്‍ ഭംഗിയായി കൈ കഴുകുന്നു.
രാജ്യത്തെ ഏറ്റവും പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തിലെ മെട്രോനഗരം ഒരാഴ്ചയാണ് കത്തിയത്. ഇപ്പോഴുമത് പുകഞ്ഞുകൊണ്ടിരിക്കുന്നു. ജനജീവിതം ദുസ്സഹമായിരിക്കുന്നു. ഒരു ജനതയുടെ സംസ്‌കാരം എന്താണെന്നറിയാന്‍ അവരുടെ മാലിന്യം അവരെന്തുചെയ്യുന്നു എന്നു നോക്കിയാല്‍ മതിയെന്ന് ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നുതന്നെ സാംസ്‌കാരികമായി മലയാളി എവിടെയെത്തി നില്‍ക്കുന്നു എന്നു വ്യക്തം.
പരമാവധി ഉറവിട സംസ്‌കരണത്തിലധിഷ്ഠിതവും വികേന്ദ്രീകൃതവുമായ പരിസ്ഥിതിസൗഹൃദ മാലിന്യസംസ്‌കരണവും ദീര്‍ഘകാലലക്ഷ്യത്തോടെയുള്ള സംസ്‌കരണകേന്ദ്രങ്ങളുമാണ് കേരളത്തിനാവശ്യം. നമ്മുടെ ജീവിതശൈലിയിലും സാമൂഹികശുചിത്വമനോഭാവത്തിലും കാര്യമായ മാറ്റമില്ലാതെ ഇത് രണ്ടും വിജയിക്കില്ല. തന്റെ പുരയിടത്തുനിന്ന് അടുത്ത പുരയിടത്തിലേക്കോ പൊതുയിടത്തേക്കോ മാലിന്യങ്ങള്‍ നീട്ടിയെറിഞ്ഞാല്‍ ശുചിത്വം പൂര്‍ത്തിയായി എന്നാണ് പൊതുവില്‍ മലയാളികളുടെ ചിന്ത. അതിന്റെ പരിഷ്‌കരിച്ച രൂപമാണ് നഗരമാലിന്യങ്ങള്‍ നഗരപ്രാന്തങ്ങളിലോ ഗ്രാമത്തിലോ തള്ളുന്നത്. മനുഷ്യവാസമുള്ളേടത്തെല്ലാം മാലിന്യങ്ങള്‍ ഉണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങളും പരിസ്ഥിതിമലിനീകരണവും സൃഷ്ടിക്കാതെ അവ സംസ്‌കരിക്കുന്നതിലാണ് മനുഷ്യന്റെ സംസ്‌കാരം പ്രകടമാവേണ്ടത്. അക്കാര്യത്തില്‍ വലിയ വലിയ പദ്ധതികളൊക്കെ അടുത്തകാലത്ത് നടപ്പിലാക്കിയതായി ഭരണാധികാരികള്‍ അവകാശപ്പെടാറുണ്ട്. എന്നാലിപ്പോഴും വഞ്ചി തിരുനക്കര തന്നെ. ശുചിത്വത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ‘സ്വച്ഛ് സര്‍വേക്ഷണ്‍ സര്‍വേ’ പ്രകാരം ആദ്യ 10 റാങ്കുകളിലെവിടെയും കേരളത്തിലെ നഗരങ്ങള്‍ ഉണ്ടാകാറില്ല. അതില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണല്ലോ.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എറണാകുളത്ത് അമ്പലമുകളിന് സമീപം വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലാണ് 110 ഏക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്ന ബ്രഹ്മപുരം മാലിന്യകേന്ദ്രം. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നിന്ന് 4 കിലോ മീറ്റര്‍ അകലെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 22 കിലോ മീറ്റര്‍ അകലെയും കേരള ഹൈക്കോടതിയില്‍ നിന്ന് 15 കിലോ മീറ്റര്‍ അകലെയുമാണ് പ്ലാന്റിന്റെ സ്ഥാനം. കൊച്ചി കോര്‍പറേഷന്‍, തൃക്കാക്കര, തൃപ്പൂണിത്തുറ , കളമശേരി, ആലുവ, അങ്കമാലി എന്നീ അഞ്ച് നഗരസഭകള്‍, ചേരാനെല്ലൂര്‍, കുമ്പളങ്ങി, വടവുകോട് -പുത്തന്‍കുരിശ് എന്നീ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവിടെ മാലിന്യമെത്തുന്നത്. 200 ലേറെ ടണ്‍ ജൈവ മാലിന്യവും അതിന്റെ പകുതിയോളം അജൈവ മാലിന്യവുമാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. 2021 ലെ േ്രഡാണ്‍ സര്‍വേ പ്രകാരം ഇവിടെ 4.55 ലക്ഷം ഘനമീറ്റര്‍ മാലിന്യമുണ്ടായിരുന്നു. അത് 50000 ആനകളുടെ വലുപ്പം വരും. അതിനാണ് പോയവാരത്തില്‍ തീ പിടിച്ചതും നഗരജീവിതെ നരകജീവിതമായി മാറിയതും. ഇപ്പോഴിതാ മാലിന്യശേഖരണവും നിലച്ച സ്ഥിതിക്ക് നഗരജീവിതം കൂടുതല്‍ ദുസഹമായിരിക്കുന്നു. സത്യത്തില്‍ എല്ലാ വര്‍ഷവും ഈ സമയത്ത് ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടാകാറുണ്ട്. 2019ലും 21ലമെല്ലാം അത് രൂക്ഷമായിരുന്നു. ഇത്തവണ അതിരൂക്ഷമായി എന്ന വ്യത്യാസമേ ഉള്ളു.
2007ലാണ് ഇവിടെ നിലവിലെ പ്ലാന്റ് സ്ഥാപിച്ചത്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്കുട്ടിയാണ് പ്ലാന്റിന് തറക്കല്ലിട്ടത്. അതോടെ ഇവിടത്തെ ജീവിതം നരകതുല്ല്യമായി. വായുവും മണ്ണും വെള്ളവും മലിനമായി. അന്തരീക്ഷം രൂക്ഷഗന്ധത്താല്‍ അസഹ്യമായി. പലരുടേയും ജീവിതമാര്‍ഗ്ഗങ്ങള്‍ മുട്ടി. ഒരുപാടുപേരുടെ കൃഷിഭൂമി നഷ്ടപ്പെട്ടു. പ്രധാന ജലസ്രോതസ്സായ കടമ്പ്ര യാറിനൊപ്പം ചിത്രപ്പുഴ, മനക്കപ്പുഴ എന്നിവയും മലിനമായി. അതോടെ ഈ പ്രദേശത്ത് രോഗങ്ങള്‍ വ്യാപകമായി. അന്നുമുതലെ സമരവും നിയമയുദ്ധ വുമാരംഭിച്ചിരുന്നു. പദ്ധതിവന്നതിനുശേഷം ആദ്യവാരം തന്നെ ജനങ്ങള്‍ ഹര്‍ത്താല്‍ ആചരിച്ചു. മാലിന്യലോറി തടയലും അറസ്റ്റും കേസുമൊക്കെ നിത്യസംഭവമായി. മലിനീകരണം രൂക്ഷമായപ്പോള്‍ 70 ഓളം കുടുംബങ്ങളെ ആ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചിരുന്നു. പിന്നീട് മാലിന്യത്തില്‍ നിന്നു വൈദ്യുതി എന്ന പദ്ധതിയുടെ പേരില്‍ അതുവരെ വരാതിരുന്ന മേഖലകളില്‍ നിന്നുപോലും മാലിന്യം ഇവിടെയെത്തിക്കാന്‍ തുടങ്ങി. പദ്ധതി നടന്നുമില്ല, മാലിന്യത്തിന്റെ അലവു കൂടുകയും ചെയ്തു.
ബ്രഹ്മപുരത്ത് മാലിന്യം മാത്രമല്ല, അഴിമതിയുമാണ് പുകയുന്നത്. ഇവിടത്തെ സംസ്‌കരണത്തിന് കോണ്‍ട്രാക്ട് എടുത്തവര്‍ക്ക് ഇരുമുന്നണിയിലുമുള്ള രാഷ്ട്രീയബന്ധം പുറത്തുവന്നല്ലോ. അനധികൃതമായി കോണ്‍ട്രാക്്ട് നല്‍കുന്നതായി പരസ്പരം ചെളിവാരിയെറിയുന്നതും കണ്ടു. സത്യത്തില്‍ കേന്ദ്ര സര്‍കാരിന്റെ പദ്ധതിയില്‍, പെട്രോളിയം മന്ത്രാലയത്തിന്റെ കീഴില്‍ കേരളത്തില്‍ നിന്നും Gas Authority of India (GAIL) എടുത്ത waste treatment plant ആയിരുന്നു ബ്രഹ്മപുരം. സ്ഥലം മാത്രം lease ആയി കൊടുത്താല്‍, GAIL കൊച്ചിയിലെ മുഴുവന്‍ മാലിന്യവും അവരുടെ സ്വന്തം ചിലവില്‍ സംസ്‌കരിച്ചു, അതില്‍ നിന്നും ലഭിക്കുന്ന natural gas പൊതു ഉടമസ്ഥതയില്‍ ഉള്ള ബസു്കള്‍ക്ക് നല്‍കാനുള്ള പദ്ധതി ആയിരുന്നു. ഇത് പ്രകാരം GAIL, കേരള സര്‍ക്കാരിന് അപേക്ഷ കൊടുത്തു 6 മാസം കാത്തിരുന്നു. സര്‍ക്കാരില്‍ നിന്നോ കൊച്ചി Corporation നില്‍ നിന്നോ അനുകൂല തീരുമാനം ഇല്ലാത്ത കാരണം, അവര്‍ പദ്ധതിയില്‍ നിന്നും പിന്മാറി. ഈ പദ്ധതിയില്‍ GAIL, മധ്യപ്രദേശീല്‍ നടപ്പാക്കുന്ന waste treatment plant, ഏഷ്യയിലെ ഏറ്റവും വലിയതും ഒരു വര്‍ഷം 400 ബസ്‌കള്‍ക്ക്, ഇതില്‍ നിന്നും natural gas ഉം നല്‍കുന്നതുമാണ്. ഇവിടേയോ? മാലിന്യസംസ്‌കരണം ഒന്നും നടക്കാതെ, ലോറിയില്‍ കൊണ്ട് അടിക്കുന്ന വലിയ അഴിമതി ആണ് നടക്കുന്നത്. ഈ ലോറികളില്‍ ഭൂരിഭാഗവും അവിടുത്തെ രാഷ്ട്രീയക്കാരുടെ ബിനാമി പേരില്‍ ആണ്. 5 ലോഡ് വേസ്റ്റ് കൊണ്ട് പോയാല്‍ അടിച്ചാല്‍ 10 ലോഡ് എന്ന് കാണിച്ച് ഇവിടുത്തെ നികുതി പണം കൊള്ളയടിക്കും. പ്ലാന്റിന്റെ ചിലവിനേക്കാള്‍ കൂടുതലാണ് ലോറിവാടക. 2015-16ല്‍ 3.23 കോടിയായിരുന്ന ലോറിവാടക 2019-20ല്‍ 7.83 കോടിയായി. 2021-22ല്‍ 9.68 കോടിയും. ഓഡിറ്റ് വിഭാഗം ഇതേകുറിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ബ്രഹ്മപുരത്ത് കോര്‍പ്പറേഷന്‍ ചിലവഴിച്ച്ത 150 കോടി രൂപയാണ്. ഇവിടെയെത്തുന്ന ഒരു ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ നല്‍കിയിരുന്ന്ത 550 രൂപയായിരുന്നു. പിന്നീട്ത 492 രൂപയാക്കി. അതിലെല്ലാം അഴിമതിക്കുള്ള ധാരാളം സാധ്യതകളാണുള്ളത്. കൂടാതെ കോടികള്‍ ചിലവഴിച്ച്് പ്ലാന്റുകളും നിര്‍മ്മിച്ചു. അവിടെ ഇപ്പോള്‍ കെട്ടികിടക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ബയോമൈനിംഗിനായി 55 കോടി വേണ്ടിവരുമത്രെ.
നഗരമാലിന്യങ്ങളുടെ സംസ്‌കാരണം കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ഇനിയും പരിഹരിക്കാത്ത കീറാമുട്ടിയാണ്. വിളപ്പില്‍ ശാല, ലാലൂര്‍ തുടങ്ങി പലയിടത്തും വലിയ രീതിയിലുള്ള സമരങ്ങള്‍ നടന്നതിനെ തുടര്‍ന്നാണ് കുറെ ആശ്വാസമായത്. അപ്പോഴും മാതൃകാപരമെനന്ു പറയാവുന്ന ഒരു മാലിന്യ സംസ്‌കാരണ പദ്ധതി എവിടേയും നിലനില്‍ക്കുന്നില്ല. എല്ലായിടത്തും പ്രശ്‌നങ്ങള്‍ തന്നെ. കൊച്ചിയിലത് അതിരൂക്ഷമാണെന്നു മാത്രം. പ്ലാസ്റ്റിക് നിയന്ത്രണത്തില്‍ നമ്മുടെ സ്ഥാനം വളരെ പുറകിലാണ്. ഒരുപാട് പദ്ധതികളുണ്ടെന്നു പറയുമ്പോഴും മാലിന്യങ്ങളുടെ ഉറവിട സംസ്‌കരണം വളരെ പുറകിലാണ്. ഇപ്പോള്‍ നമ്മുടെ തെരുവുകളില്‍ കാണുന്ന ഹരിത കര്‍മ്മസേനക്കൊന്നും പരിഹരിക്കാനാവാത്ത രീതിയിലാണ് മാലിന്യത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത്. കേരളത്തില്‍ വ്യാപകമായ പകര്‍ച്ച വ്യാധികള്‍ക്കും കൊതുകുകള്‍ക്കും തെരുവുനായ്ക്കളുടെ പെരുകലിനുമൊക്കെ വന്‍തോതിലുള്ള മാലിന്യത്തിന്റെ സാന്നിധ്യം കാരണമാണെന്നു ആര്‍ക്കുമറിയാം. എന്നാലും അനിവാര്യമായ നടപടികള്‍ ഭരണാധികാരികളില്‍ നിന്നുണ്ടാകുന്നില്ല. പൊതുയിടങ്ങളെ മാലിന്യം തള്ളാനുള്ള സ്ഥലമായി കാണുന്ന ശരാശരി മലയാളിയുടെ ബോധവും മാറുന്നില്ല. ഈ സാഹചര്യത്തില്‍ മാലിന്യവും അഴിമതിയും പുകയാതിരിക്കുന്നതെങ്ങിനെ? ബ്രഹ്മപുരങ്ങള്‍ ഇനിയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. വിഷയത്തില്‍ സജീവമായി ഇടപെടാന്‍ ശ്രമിച്ച് ഹൈക്കോടതി ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ നന്നായിരിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in