ബോഡി ആര്‍ട്ടും രഹ്ന ഫാത്തിമയും : ശരീര പ്രകാശനത്തിലെ ദമയന്തീയത

രഹ്ന ഫാത്തിമ കേസില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒരു നിരീക്ഷണം

2020 ജൂണില്‍ ബോഡി ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടില്‍ തന്റെ മകനും മകളും ചേര്‍ന്ന് രഹനയുടെ നഗ്‌നദേഹത്ത് ചിത്രം വരയ്ക്കുന്ന വീഡീയോ പോസ്റ്റ് ചെയ്തതിന് സംഘപരിവാര്‍ സിപിഎം ക്യാമ്പുകളില്‍ നിന്നും കുലസ്ത്രീകളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. അതിനെ തുടര്‍ന്ന് ഭരണകൂടവും, കൊച്ചി സിറ്റി പൊലീസിന്റെ സൈബര്‍ ഡോം വിഭാഗം ഉള്‍പ്പെടെ പോലീസ് സന്നാഹവും രഹന ഫാത്തിമക്കെതിരെ ഐടി ആക്ട് 67ാം വകുപ്പിലെ ലൈംഗിക ദൃശ്യപ്രദര്‍ശനത്തിനും, ബാലനീതി നിയമം 75ാം വകുപ്പനുസരിച്ച് കുട്ടികളെ ദുരുപയോഗം ചെയ്തതിനും അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ് റജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

എന്നാല്‍ ആ കേസ് പൂര്‍ണമായും അസാധുവാക്കിക്കൊണ്ട് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ ധാര്‍മികതയോ ചിലരുടെ വികാരമോ ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്തി വിചാരണ നടത്താനുള്ള കാരണമാകാന്‍ പാടില്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കേസ് പൂര്‍ണമായും റദ്ദാക്കിയത്. ഈ നിര്‍ണായകമായ വിധി അടുത്തകാലത്തായി നൈതിക മാനദണ്ഡങ്ങളും, മനുഷ്യാവകാശങ്ങളും അധികപ്പറ്റാക്കുന്ന കോടതിവിധികള്‍ക്കും, സവര്‍ണ്ണ പുരുഷാധിപത്യത്തിന്റെ ശ്രേഷ്ഠ സങ്കടങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്ന നിലവിലെ ഭരണകൂടത്തിനും ഏറ്റ കനത്ത പ്രഹരമാണ്.

മക്കള്‍ ഒരമ്മയുടെ നെഞ്ചില്‍ ഛായാചിത്രമെഴുതിയതിനാല്‍ ആ കുടുംബത്തെ മുഴുവന്‍ അധിക്ഷേപിക്കാന്‍ ഇടതു ഭരണകൂടം ആള്‍ക്കൂട്ട സദാചാരത്തിന്റെ വിചാരണയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പതിവു തെറ്റിക്കാതെ ഉപരിവര്‍ഗ്ഗ വലതുപക്ഷ വാദികളാണ് ആദ്യം രഹനക്കെതിരെ സദാചാരത്തിന്റെ വാള്‍ വീശിയത്. തുടര്‍ന്ന് നവോത്ഥാന വിപ്ലവത്തിലെ സ്ത്രീ വിമോചനപരമായ ഉള്ളടക്കത്തെ തരിശാക്കുന്ന യുക്തികളുമായി സിപിഎമ്മും അതിന്റെ ഭരണകൂടവും ആ കുടുംബത്തിനെതിരെ സ്ത്രീ സ്വാതന്ത്ര്യ നിരാസത്തിന്റെ വിശ്വരൂപം കാണിച്ചു ഭയപ്പെടുത്തി സ്ത്രീവിരുദ്ധ മനുവാദികള്‍ക്ക് പാദ ശുശ്രൂഷ ചെയ്തു കൊടുത്തു. സ്ത്രീ വിമോചനത്തിന്റെ ഓടക്കുഴലൂതി നിയോലിബറല്‍ രാഷ്ട്രീയത്തിന്റെ മയില്‍പ്പീലിക്കച്ചവടം നടത്തുന്ന ഒരു Dyfi ക്കാരനും സ്ത്രീ അനുഭവിക്കുന്ന ഈ മാനസിക പാരതന്ത്ര്യത്തിനെതിരെ പ്രതികരിച്ചു കണ്ടില്ല..

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സ്ത്രീയുടെ ഉടലാവിഷ്‌കാരം എന്നും പുരുഷാധിപത്യ വ്യവസ്ഥയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. സ്ത്രീ സ്ത്രീയായിരിക്കുകയും പുരുഷ സര്‍ഗ്ഗാത്മകതയോളം വീര്യമുള്ള വിപരീത സര്‍ഗ്ഗാത്മകത ആയിത്തീരുകയും ചെയ്യുമ്പോള്‍ തീവ്ര മത സദാചാര വലതു വാദികള്‍ ഉറഞ്ഞുതുള്ളുന്നത് ആദ്യാനുഭവമല്ല. എന്നാല്‍ വിനോദസഞ്ചാര വിപണിയെ കൊഴുപ്പിക്കാന്‍ മസാജ് പാര്‍ലറുകളും, നീലചിത്ര നിര്‍മ്മാണങ്ങളും, കടല്‍തീര സണ്‍ബാത്തും അരങ്ങേറുന്ന നാട്ടിലാണ് രഹനയുടെ നെഞ്ചില്‍ ചിത്രം വരച്ച കുട്ടികളുടെ പാലറ്റും, ബ്രഷും മറ്റ് ഉപകരണങ്ങളും പോലീസ് ബലമായി പിടിച്ചെടുത്തത്. ഗുരുതരമായ ബാലാവകാശ ലംഘനമാണ് അന്ന് പോലീസ് നടത്തിയത്. പാര്‍ട്ടിക്കുള്ളിലും, മന്ത്രിമാന്യന്മാര്‍ക്കിടയിലും വ്യഭിചാര വാസനയുടെ കത്രീനകാറ്റു വീശിയീട്ടും ഒരു നടപടിയും സ്വീകരിക്കാതെ, വസ്ത്രാക്ഷേപങ്ങള്‍ക്ക് ആദ്ധ്യക്ഷം വഹിക്കുന്ന ആഭ്യന്തര വകുപ്പാണ് രഹനയേയും കുടുംബത്തേയും വേട്ടയാടിക്കൊണ്ടിരുന്നത്.

അഴിമതികളും, അഴിഞ്ഞാട്ടങ്ങളും, തൊഴിലില്ലായ്മയും, ദാരിദ്ര്യവും, കൊതുകും, ചെളിയും, രോഗങ്ങളും, വൃത്തികേടുകളും, പൊട്ടിപ്പൊളിഞ്ഞ റോഡുകളും, ഭക്തിയും, അന്ധവിശ്വാസവും, മടിയും കൊണ്ട് ചിന്താശേഷി മുഴുവന്‍ മുരടിച്ച സാമൂഹ്യ ജീവിതത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മര്‍ദ്ദക പൊലീസിനെ ഉപയോഗിച്ച് ഭരണകൂടം ജനങ്ങളെ സദാചാര വിശുദ്ധിയുടെ മിഥ്യാബോധത്തിലേക്ക് ആട്ടിയോടിക്കുന്നതിന്റെ ഭാഗമാണ് നാം കീറിയെറിഞ്ഞ പുരുഷാധിപത്യ സദാചാരം തിരിച്ചുകൊണ്ടുവരാനുള്ള ഈ ഭരണകൂട ശ്രമങ്ങള്‍.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശ്രീകോവിലിന് ചുറ്റുമുള്ള ശില്പങ്ങള്‍ പ്രത്യക്ഷത്തില്‍ അറപ്പിന്റെയും ജുഗുപ്സയുടെയും വമനേച്ഛയുടെയും ബീഭത്സതയുടെയും വന്യലൈംഗികതയുടെയുംവികൃത രതിയുടെയും എല്ലാം നഗ്നമായ തെരുക്കൂത്തിലേക്ക് നമ്മെ മാടിവിളിക്കുന്നതാണ്. എന്നിട്ടും ഒരു കലാസൃഷ്ടി എന്ന നിലയില്‍ നാം അതിനെ അംഗീകരിക്കുമ്പോള്‍ കുലസ്ത്രീകള്‍ക്ക് എന്താണ് പറയാനുള്ളത്?

സംഘപരിവാറിന്റേയും സിപിഎമ്മിന്റേയും ‘മതോന്മത്തമായ’ സദാചാരം ഒരേ ഭരണിയില്‍ ഉപ്പിലിട്ടുവെച്ച സാമ്രാജ്യത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ ‘ഭാരതീയ’ മാതൃകയാണ്. ഭരണത്തിലെ അക്രമം, അനീതി, അഴിമതി, സ്വജനപക്ഷപാതം, സ്തീപീഢനം, അധികാരരതി, ആത്മരതി തുടങ്ങിയ എല്ലാ അഴുക്കുകളേക്കാളും അധികരിച്ച രീതിയില്‍ പ്രത്യക്ഷമാകുകയും കേരളത്തിലെ ജനങ്ങളെ മൊത്തം ക്ഷുദ്രമായ ഭരണാഭാസത്തിന് വിധേയമാക്കുകയും ചെയ്യുന്നതിനപ്പുറം എന്ത് സദാചാര മാലിന്യങ്ങളാണ് രഹനാ ഫാത്തിമയുടെ ശരീരത്തിലും അതില്‍ കുഞ്ഞുങ്ങള്‍ വരച്ച ചിത്രങ്ങളിലും ഭരണകൂടം കണ്ടെത്തിയത്?

The Luncheon on the Grass 1863 Olympia (1865) ഉള്‍പ്പെടെ വിശ്വവിഖ്യാതമായ പല പെയിന്റിങ്ങുകളുടെയും പിന്നില്‍ അതിനുവേണ്ടി മോഡലായ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നിരിക്കണം . ഇന്ത്യയിലെ ക്ലാസിക് ശൈലിയിലുള്ള സൗന്ദര്യ വരകളില്‍ എല്ലാം അവരുണ്ട് . ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ പോലും രേഖപ്പെടുത്താതെ പോയ ആ ജീവിതങ്ങള്‍ ഉണ്ട്..

1918ല്‍ മുംബൈയിലെ ജെ ജെ സ്‌കൂള്‍ ഓഫ് ആര്‍ട്ട്സ് പ്രിന്‍സിപ്പലായി വില്യം എവാര്‍ട്ട് ഗ്ലാഡ്സ്റ്റണ്‍ സോളമന്‍ (William Ewart Gladstone Solomon) ചുമതല ഏല്‍ക്കുന്നതോടു കൂടിയാണ് ഇന്ത്യയിലാദ്യമായി ഒരു ആര്‍ട്‌സ് സ്‌കൂള്‍ സ്ത്രീകളെ പരിശീലനത്തിനായി മോഡലാക്കി തുടങ്ങുന്നത്. ഇന്നും ഫൈനാര്‍ട്‌സ് സ്‌കൂളുകളുടെ സിലബസില്‍ അനാട്ടമി വരകള്‍ അവിഭാജ്യ ഘടകമാണ്. അതും നാളെ സവര്‍ണ്ണ ബ്രാഹ്മണ്യ കപട സംസ്‌കാരത്താല്‍ ചോദ്യം ചെയ്യപ്പെടും.

ലൈംഗികത കേവലം ആണ്‍-പെണ്‍ അനുഭവമല്ല, ലൈംഗികതയില്‍ സാംസ്‌കാരികവും ധാര്‍മികവും വൈകാരികവും രാഷ്ട്രീയവുമായ ഉള്ളടക്കമുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായ ഒരു മൂല്യമണ്ഡലം സ്ഥാപിച്ചെടുത്തു കൊണ്ട് ഒരു സാംസ്‌കാരിക ഫാഷിസത്തിനുള്ള ശ്രമമാണ് സംഘപരിവാറിനു വേണ്ടി സി പി എം ഭരണകൂടം ഏറ്റെടുത്തു നടപ്പാക്കുന്നത്.. വിവിധ തരത്തിലുള്ള സാമൂഹ്യ ഉപരോധങ്ങള്‍ കൊണ്ടുവന്ന് അതിനെ ഭേദിക്കുന്നവര്‍ക്കെതിരെ പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സെന്‍സേഷണലാക്കുകയാണ് ഭരണകൂടം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടാപ്പുവിനെന്തിനാ പെണ്ണ് പശു പോരെ എന്നും, ഇളയ നമ്പൂതിരിക്കെന്തിനാ പെണ്ണ് സംബന്ധം പോരെ എന്നും ചോദിച്ചവരാണ് സ്ത്രീ നഗ്‌നതക്ക് സദാചാര വ്യാഖ്യാനങ്ങള്‍ നിര്‍മ്മിക്കുന്നത്. മഹാഭാരതത്തിലെ ശാകുന്തളത്തില്‍ ഭാര്യമാരുടെ ഒരു കോളനി തന്നെയുള്ള മഹാരാജാവാണ് ദുഷ്യന്തന്‍ എന്ന് ലൈംഗികതയോട് ജീര്‍ണ്ണരുചിതബോധം നിലനിര്‍ത്തുന്ന സംഘപരിവാറും അതിന്റെ രഹസ്യക്കരാറുകാരായ സി.പി.എം ഭരണകൂടവും ഓര്‍ക്കണം..

സ്ത്രീ നഗ്‌നതയെ അണുവായുധത്തേക്കാള്‍ ഭയപ്പെടുന്ന, അങ്ങേയറ്റം യാഥാസ്ഥിതികമായ ഇന്ത്യന്‍ സമൂഹത്തെ സാംസ്‌കാരികമായി അധിനിവേശ പ്പെടുത്താനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ് ലിംഗവും, യോനിയും ആരാധനാ ബിംബങ്ങളായ ഹിന്ദു സവര്‍ണ്ണ ഫാഷിസ്റ്റുകള്‍ അതിതീവ്ര സദാചാരത്തിന്റെ പ്രചാരകന്മാരാകുന്നത്… എന്നാല്‍ ഇതിനെതിരെ പ്രതികരിക്കുന്നു എന്ന വ്യാജേന ആഗോള മുതലാളിത്തത്തിന്റെ സാംസ്‌കാരിക കരാറുകാര്‍ ചെയ്യുന്നത് ഇരയുടെ ഇര എന്ന നിലയിലുള്ള സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ട സാംസ്‌കാരിക വിപ്ലവ ധാരയെ വഴിതിരിച്ചു വിടുന്ന Reclaiming the body, Ellevate Network, Inner Wheel Club, പോലെയുള്ള എന്‍.ജി.ഒ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കി സ്ത്രീ നഗ്‌നതയെ വിപണിയില്‍ വില്‍പ്പന മൂല്യമുള്ള ചരക്കായി പരിവര്‍ത്തിപ്പിക്കുകയാണ്

അതുകൊണ്ട് രഹനഫാത്തിമയുടെ ശരീരത്തേയും, അവരുടെ അഭിരുചിപരമായ ഭാവനയേയും സ്വതന്ത്രമാക്കുന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാതെ അവരെ വേട്ടയാടിയതിന് കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടി നിയമസഭയില്‍ മുഖ്യമന്ത്രി മാപ്പു പറയേണ്ടതുണ്ട്..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply