കാവിരഥത്തെ തടയാനാകുമോ കോണ്‍ഗ്രസ്സിന്…?
നാലുസംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും നടന്ന തെരഞ്ഞെടുപ്പുഫലങ്ങള്‍ തീര്‍ച്ചയായും ജനാധിപത്യവിശ്വാസികളെ പൂര്‍ണ്ണമായും നിരാശപ്പെടുത്തുന്നില്ല. മറുവശത്ത് കണക്കുകള്‍ കൊണ്ട് എങ്ങനെ വ്യാഖ്യാനിച്ചാലും സംഘപരിവാറിനെ പൂര്‍ണ്ണമായി നിരാശപ്പെടുത്തിയ തെരഞ്ഞെടുപ്പുഫലം തന്നെയാണ് പുറത്തുവന്നത്. കേരളത്തില്‍ ഒരു സീറ്റുപോലും നേടാനാകാഞ്ഞതും തമിഴ്‌നാട്ടില്‍ കേവലം നാലു സീറ്റുമാത്രം നേടിയതും അവര്‍ക്ക് കനത്ത തിരിച്ചടിയാണ്. ബംഗാളില്‍ കുറെ സീറ്റുകള്‍ നേടാനായത് നേട്ടമെന്നൊക്കെ വ്യാഖ്യാനിക്കാമെങ്കിലും അവിടെ അവരുടെ ലക്ഷ്യം ഭരണം തന്നെയായിരുന്നു. അതിനായി സര്‍വ്വശക്തിയുമെടുത്തായിരുന്നു പോരാടിയത്. എന്നാല്‍ മമതക്കുമുന്നില്‍ ആ പ്രതീക്ഷ തകര്‍ന്നടിഞ്ഞു. ആസാമും പോണ്ടിച്ചേരിയും നല്‍കിയ ആശ്വാസത്തിനു പുറകെ പുണ്യഭൂമികളെന്നവര്‍ വിശേഷിപ്പിക്കുന്ന വാരണാസിയിലും അയോദ്ധ്യയിലും മഥുരയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലെ പരാജയം ബിജെപിയെ തളര്‍ത്തിയെന്നതില്‍ ഒരു സംശയവുമില്ല.
അതേസമയം അഖിലേന്ത്യാതലത്തിലെ ഈ മുന്നേറ്റത്തെ രാഷ്ട്രീയമായി സമാഹരിക്കാന്‍ കഴിവുള്ള ഒരു പ്രസ്ഥാനവും നിലവിലില്ല എന്നതാണ് ദുരന്തം. സ്വാഭാവികമായും അതിനുള്ള ഏകസാധ്യത കോണ്‍ഗ്രസ്സായിരുന്നു. എന്നാല്‍ അതിനുള്ള രാഷ്ട്രീയ ആര്‍ജ്ജവം കോണ്‍ഗ്രസ്സിനില്ല എന്നാണ് തെളിഞ്ഞിരിക്കുന്നത്. പൗരത്വഭേദഗതിനിയമത്തിനെതിരെ അതിശക്തമായ പോരാട്ടം നടന്ന ആസാമില്‍പോലും കോണ്‍ഗ്രസ് പരാജയപ്പെടുന്ന കാഴ്ച നിരാശാജനകമാണ്. വ്യക്തമായ നേതൃത്വത്തിന്റെയും രാഷ്ട്രീയപരിപാടിയുടേയും അഭാവം മൂലം കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കു നാള്‍ക്കുനാള്‍ വര്‍ധിക്കുകയും അധികാരത്തിലിരുന്ന സംസ്ഥാനങ്ങള്‍ ഒന്നൊന്നായി നഷ്ടമാവുകയും ചെയ്യുകയാണ്. ആ പട്ടികയില്‍ കേരളവുമെത്തിയിരിക്കുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്തുതന്നെയായാലും തങ്ങള്‍ക്ക് ഭീഷണി കോണ്‍ഗ്രസ്സാണെന്ന് അവര്‍ക്കറിയാം. സ്വാതന്ത്ര്യസമരകാലം മുതലെ കോണ്‍ഗ്രസ്സിനകത്തും പുറത്തും തുടരുന്ന സംഘര്‍ഷം തന്നെയാണ് ഇപ്പോഴും തുടരുന്നത്. കോണ്‍ഗ്രസ്സിനെ തന്നെ ഒരു ഹിന്ദുത്വപാര്‍ട്ടിയാകാകനുള്ള നീക്കം പരാജയപ്പെട്ട്പപോഴാണ് ആര്‍ എസ് എസും മറ്റു സംഘപരിവാര്‍ സംഘടനകളും രൂപം കൊണ്ടത്. എന്നാല്‍ പല വിഷയങ്ങലിലും ശക്തമായ ഭിന്നതയുണ്ടായിട്ടും ഗാന്ധിയും നെഹ്‌റുവും അംബേദ്കറുമടങ്ങുന്ന കോണ്‍ഗ്രസ്സിലെ നേതൃനിര സംഘപരിവാറിന്റെ വളര്‍ച്ചക്കു ഭീഷമിയായി. ഗാന്ധിയെ വധിച്ചതോടെ പതിറ്റാണ്ടുകള്‍ രാഷ്ട്രീയ വനവാസത്തിലേക്കും അവര്‍ക്ക് പോകേണ്ടിവന്നു. അംബേദ്കറുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇന്ത്യന്‍ ഭരണഘടനയാകട്ടെ അവരുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും കടിഞ്ഞാണിട്ടു. പിന്നീട് കോണ്‍ഗ്രസ്സ് ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയവങ്കത്തമായ അടിയന്തരാവസ്ഥ കാലത്ത് വീണുകിട്ടിയ അവസരത്തെ ഭംഗിയായി ഉപയോഗിച്ചും വര്‍ഗ്ഗീയവിഷം വമിച്ചുമാണ് ഇന്നത്തെ അവസ്ഥയിലേക്ക് അവരെത്തിയത്. അതിനെ രാഷ്ട്രീയമായും സംഘടനാപരമായും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനുമായില്ല. പലപ്പോഴും അതിനായി മൃദുഹിന്ദുത്വ നിലപാടുകളായിരുന്നു കോണ്‍ഗ്രസ്സ് എടുത്തത്. ഇന്ന് കോണ്‍ഗ്രസ്സ് സമ്പൂര്‍ണ്ണ തകര്‍ച്ചയിലുമെത്തി. അപ്പോഴും കോണ്‍ഗ്രസ്സ് വേരുകള്‍ രാജ്യമാകെ പടര്‍ന്നു കിടക്കുന്നുണ്ടെന്ന് ബിജെപിക്ക് നന്നായറിയാ.ം. അവര്‍ മാത്രമാണ് അഖിലേന്ത്യാ തലത്തിലെ ഭീഷണിയെന്നും. അതിനാലാണ് കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്നത് അവരുടെ ആദ്യലക്ഷ്യമാകുന്നത്. അത് തെരഞ്ഞെടുപ്പു പ്രക്രിയകളിലൂടെ സാധ്യമായില്ലെങ്കില്‍ മറ്റുമാര്‍ഗങ്ങളിലൂടെ അവര്‍ ചെയ്യുമെന്നാണല്ലോ നാള്‍ക്കുനാള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ലോഭം പണം ഒഴുക്കിയോ അധികാരകസേരകള്‍ വാഗ്ദാനംനല്‍കിയോ കേസുകളില്‍ കുടുക്കിയോ അവരതു സാധിച്ചിരിക്കും.സംസ്ഥാന ഭരണങ്ങള്‍ പിടിച്ചെടുക്കാന്‍ മാത്രമല്ല, രാജ്യസഭാ സീറ്റിനുവേണ്ടിപോലും അവര്‍ എം എല്‍ എ മാരെ വിലക്കെടുക്കും. ഗുജറാത്തിലൊക്കെ നാമതു കണ്ടതാണല്ലോ. രാഷ്ട്രീയം തന്നെ അവര്‍ക്ക് വര്‍ഗ്ഗീയതക്കൊപ്പം വ്യാപാരവുമാണ്. വ്യാപാരത്തില്‍ സമര്‍ത്ഥരെന്നു ഖ്യാതിയുള്ള ഗുജറാത്തികളുടെ കൈകളിലാണല്ലൊ ഇപ്പോള്‍ ബിജെപിയുടെ കടിഞ്ഞാണ്‍.
നിര്‍ഭാഗ്യവശാല്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പ്രതിരോധനിര പടുത്തുയര്‍ത്താന്‍ കോണ്‍ഗ്ര്‌സസിനാകുന്നില്ല. നിലവിലെ വൃദ്ധനേതൃത്വത്തിന് അതിനു കഴിയില്ലെന്ന് വ്യക്തം. എന്നാലത് അംഗീകരിച്ച് ഒഴിഞ്ഞുനില്‍ക്കാന്‍ അവര്‍ തയ്യാറല്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ചെറുപ്പക്കാര്‍ക്കാകട്ടെ അവസരത്തിനൊത്ത് ഉയരാനും സാധിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും ബിജെപിയെ പ്രതിരോധിക്കുന്ന പ്രസ്ഥാനങ്ങളെ കൂട്ടിയിണക്കുന്ന കണ്ണിയാകുക എന്ന രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കാനും കോണ്‍ഗ്രസ്സ് പരാജയപ്പെടുന്നു. പകരം ഒറ്റകക്ഷിഭരണമാണ് അവരുടെ സ്വപ്നം.. വര്‍ഷങ്ങളോളം ഭരണത്തിലിരുന്ന, അതിന്റെ പിന്‍ബലത്തില്‍ മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും അധികാരമില്ലാത്ത അവസ്ഥയെ ഉള്‍ക്കൊള്ളാനാവില്ല. സ്വാഭാവികമായും അവര്‍ അധികാരവും സമ്പത്തും ലഭ്യമാകുന്നിടത്തേക്കു കൂറുമാറുന്നു. അതാണ് പലം സസ്ഥാനങ്ങളിലും നടക്കുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നെഹ്രുവിനു ശേഷം പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ച കാമരാജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പക്ഷത്തെ ഒതുക്കി ഇന്ദിരാഗാന്ധി ആധിപത്യം സ്ഥാപിച്ചതോടെ വളരെയധികം കേന്ദ്രീകൃതമായ സംഘടനയായി കോണ്‍ഗ്രസ് പരിണമിച്ചു. പാര്‍ട്ടിയെ മാത്രമല്ല, ജനാധിപത്യ ഭരണസംവിധാനങ്ങളെയെല്ലാം തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണവര്‍ നടത്തിയത്. ‘ഇന്ദിരയാണ് ഇന്ത്യ’എന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തി. പാര്‍ട്ടിയുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തി കേന്ദ്രികരണത്തിനു പ്രാമുഖ്യം നല്‍കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. നെഹ്രുവിയന്‍ പാരമ്പര്യത്തെ വെറുക്കുമ്പോഴും നരേന്ദ്രമോദിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ഇന്ദിരാഗാന്ധിയാവുന്നതിന്റെ കാരണവും ഇതാവാം. കോണ്‍ഗ്രസിലുണ്ടായിരുന്ന ജനാധിപത്യം ക്രമേണ ഇല്ലാതാവുകയും എല്ലാം ഹൈക്കമാന്‍ഡിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. ഈ ഹൈക്കമാന്‍ഡാകട്ടെ കുടുംബാധിപത്യമായി പരിണമിച്ചു. അതിനെ അംഗീകരിക്കാത്തവരെല്ലാം അവഗണിക്കപ്പെടുകയോ ഒതുക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തു. വര്‍ഷങ്ങളായി തുടരുന്ന ഈ വിധേയത്വ മാനസികാവസ്ഥയില്‍ നിന്നും മുക്തരാകാത്തതിനാലാണ് നെഹ്രു കുടുംബത്തിനു പുറത്തുനിന്നൊരാളെ പ്രസിഡന്റാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പോലും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തത്. രാഹുല്‍ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ മനസ്സിലാക്കാനും അവര്‍ക്കാകുന്നില്ല.
ഇതൊക്കെയാണെങ്കിലും അവസാനബസിന് ഇനിയും സമയമുണ്ടെന്നാണ് ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം. തികച്ചും അസംതൃപ്തരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും. നെഞ്ചളവും വര്‍ഗ്ഗീയതയും കൊണ്ട് അവരെ അധികകാലമൊന്നും വഞ്ചിക്കാനാവില്ല. സാമൂഹികമായും സാമ്പത്തികമായും അടിച്ചമര്‍ത്തപ്പെട്ടവര്‍, കര്‍ഷകര്‍, ചെറുകിട-ഇടത്തരം വ്യവസായികള്‍, കുടിയേറ്റ തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്സ് തയ്യാറാകേണ്ടത്. നേരത്തെ സൂചിപ്പിച്ചപോലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയെ ചെറുക്കുന്ന പ്രസ്ഥാനങ്ങളുമായി ഐക്യപ്പെടണം. ജനാധിപത്യം, ഫെഡറലിസം, മതേതരത്വം, സാമൂഹ്യനീതി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപിടിച്ചാകണം ഓരോ പ്രവര്‍ത്തനവും. താല്‍ക്കാലിക അധികാര മോഹം മാറ്രിവെച്ച് ഈ ദിശയില്‍ മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ്സിനാകുന്നില്ലെങ്കില്‍ സമ്പൂര്‍ണ്ണ തകര്‍ച്ചയായിരിക്കും അനന്തരഫലം. കോണ്‍ഗ്രസ്സിന്റേതു മാത്രമല്ല, രാജ്യത്തിന്റേയും. കാവിരഥം അതിന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുമെന്നതായിരിക്കും അതിന്റെ അവസാനഫലം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in