സാമൂഹ്യനീതി രാഷ്ട്രീയം അവസാനിക്കുന്നു?

മണ്ഡല്‍ കമ്മീഷന്‍ പ്രഖ്യാപനത്തിന് മൂന്നു പതിറ്റാണ്ട് കഴിയുന്ന സന്ദര്‍ഭത്തിലാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടന്നത്. വി.പി സിംഗ് കൂട്ടുമന്ത്രിസഭയാണ് ഒരു പതിറ്റാണ്ട് മുമ്പ് ജനതാ സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ബീഹാറില്‍ നിന്നുമുള്ള സോഷ്യലിസ്റ്റ് നേതാവ് റാംവിലാസ് പാസ്വാനാണ് കമ്മീഷന്റെ നടപടിക്രമങ്ങളും സര്‍ക്കാര്‍ നയവും നിയമവുമാക്കാന്‍ പ്രയത്‌നിച്ചത്. തിരുവനന്തപുരത്തുകാരന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പിഎസ് കൃഷ്ണനായിരുന്നു അന്ന് വകുപ്പ് സെക്രട്ടറി. മണ്ഡല്‍ വടക്കേയിന്ത്യയില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ചേരിതിരിവ് സൃഷ്ടിക്കുകയും രാഷ്ട്രീയ ഭൂപടത്തെ മാറ്റിമറിക്കുകയും ചെയ്തു. മണ്ഡല്‍ തുടക്കമിട്ട പിന്നോക്ക ജാതി ശാക്തീകരണം ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ അന്നുമുതല്‍ സ്വാധീനിച്ചു പോരുന്നു.

മണ്ഡലിന് എതിരെ ഹിന്ദുഐക്യം എന്ന മുദ്രാവാക്യവുമായി ബിജെപി രാമമന്ദിര്‍ രാഷ്ട്രീയത്തിന് തുടക്കമിടുകയും ബാബ്റി മസ്ജിദ് പൊളിക്കുന്നതിന് അരങ്ങും ആളും അര്‍ത്ഥവും നല്‍കുകയും ചെയ്തു. എന്നിരിക്കിലും മണ്ഡല്‍ ബിജെപിയേയും സ്വാധീനിച്ചു. ഹിന്ദു മേല്‍ജാതിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുപോന്ന ബിജെപി പിന്നോക്ക ജാതിയില്‍ നിന്നുമുള്ള നേതാക്കളെ നേതൃസ്ഥാനത്ത് എത്തിക്കുകയും അവര്‍ക്ക് മുഖ്യമന്ത്രിപദവി വരെ നല്‍കുകയും ചെയ്തു – കല്യാണ്‍സിംഗ്, ഉമാഭാരതി, ശിവരാജ് സിംഗ് ചൗഹാന്‍ മുതല്‍ ഏറ്റവുമൊടുവില്‍ നരേന്ദ്രമോഡി വരെ ബിജെപിയുടെ മണ്ഡല്‍വല്‍ക്കരണത്തിന്റെ പ്രതിനിധികളാണ്. മണ്ഡല്‍വല്‍ക്കരണത്തിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് അതിനെ ആയുധീകരിച്ചുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് ബിജെപിയുടെ മിടുക്ക്.  മണ്ഡല്‍രാഷ്ട്രീയം ഹിന്ദു ജാതികള്‍ക്കിടയില്‍ രാഷ്ട്രീയാധികാരത്തിന്റെ ജനാധിപത്യവല്‍ക്കരണം എന്ന് വായിക്കപ്പെട്ടപ്പോള്‍ ബിജെപി അതിനെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ചട്ടക്കൂട്ടിനകത്ത് ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സംവരണവിരുദ്ധ രാഷ്ട്രീയം – സാമ്പത്തിക സംവരണമെന്ന ആശയം ഉദാഹരണം – മുതല്‍ ജീവിതശൈലീ നിയന്ത്രണം വരെയുള്ള നടപടികള്‍ കൂടി – മതപരിവര്‍ത്തനത്തിനെതിരെയുള്ള നിയമനിര്‍മ്മാണം, വെജിറ്റേറിയനിസത്തിന്റെ ഹിന്ദുത്വല്‍ക്കരണം തുടങ്ങിയവ ഉദാഹരണങ്ങള്‍ – ബിജെപി സര്‍ക്കാരുകള്‍ മണ്ഡല്‍ രാഷ്ട്രീയത്തിന്റെ വിപ്ലവാംശം ചോര്‍ത്തിക്കളയുന്നുമുണ്ട്.

യുപിയിലേയും ബീഹാറിലേയും രാഷ്ട്രീയ രംഗത്ത് മണ്ഡലിന്റെ രൂപപരിണാമങ്ങള്‍ വ്യക്തമാണ്. മണ്ഡലിനുശേഷം മണ്ഡല്‍ രാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍ മാത്രമാണ് ബീഹാര്‍ ഭരിച്ചിട്ടുള്ളത്. ആദ്യത്തെ പതിനഞ്ചുവര്‍ഷം ലാലുപ്രസാദും ഭാര്യ റാബ്റി ദേവിയുമാണെങ്കില്‍ പിന്നീടുള്ള പതിനഞ്ചു വര്‍ഷക്കാലം മുഖ്യമന്ത്രിയായത് നിതീഷ് കുമാറാണ്. ലാലുവിനും നിതീഷിനും പുറമേ മണ്ഡല്‍ രാഷ്ട്രീയത്തിലെ പ്രധാനിയായി മൂന്നാമന്‍ രാംവിലാസ് പാസ്വാനാണ്. പോസ്റ്ററുകളിലൊന്നും ലാലുവില്ലെങ്കിലും ലാലുവിന്റെ പ്രത്യക്ഷമല്ലാത്ത സാന്നിധ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിറഞ്ഞുനിന്നിരുന്നു. തിരഞ്ഞെടുപ്പില്‍ തനിക്ക് തിരിച്ചടിയുണ്ടാകുമെന്ന് കരുതിയ നിതീഷാകട്ടെ തന്റെ അവസാനത്തെ തിരഞ്ഞെടുപ്പ് ആണിതെന്ന് പ്രഖ്യാപിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ മണ്ഡല്‍ താരങ്ങളാക്കിയ മൂന്നു രാഷ്ട്രീയക്കാരുടെ അവസാനത്തെ തിരഞ്ഞെടുപ്പാണ് ബീഹാറില്‍ അരങ്ങേറിയത് – രാംവിലാസ് പാസ്വാന്‍ മരണപ്പെട്ടുവെങ്കിലും മകന്‍ ചിരാഗ് വോട്ട് ചോദിച്ചത് രാംവിലാസിന്റെ പേരിലാണല്ലോ.

ഈ മൂവര്‍ സംഘത്തിന്റെ പിന്‍വാങ്ങല്‍ മണ്ഡല്‍ രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കുമോ? ഇല്ല, എന്നുതന്നെ പറയേണ്ടിവരും. ബിജെപി ഒറ്റയ്ക്ക് ഭരണത്തിലെത്തിയാല്‍ കൂടി 90 കള്‍ക്ക് മുമ്പുള്ള ബീഹാറിലേക്ക് ഒരു മടക്കമുണ്ടാകില്ല. തേജസ്വിയാകട്ടെ മണ്ഡല്‍ ഉയര്‍ത്തിയ സാമൂഹ്യനീതി രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുമ്പാള്‍ പോലും അതിനുപുറമെ തൊഴില്‍ എന്നൊരു വാഗ്ദാനം കൂടി മുമ്പോട്ടുവെച്ചിരുന്നു. ലാലു സാമൂഹ്യനീതിയെ നിര്‍വ്വചിച്ചതിനപ്പുറം മണ്ഡല്‍ രാഷ്ട്രീയത്തെ നിതീഷ് മുമ്പോട്ടു കൊണ്ടുപോയിരിക്കുന്നു. ഉപജാതിരാഷ്ട്രീയം മുന്നോട്ടുവെച്ച് എക്സ്ട്രീംലി ബാക്ക്വേഡ് (EBC) ജാതികള്‍ എന്നൊരു തിരിവ് പിന്നോക്ക സംവരണത്തില്‍ സൃഷ്ടിക്കുകയും തന്റെ പാര്‍ട്ടിയില്‍ യാദവേതര പിന്നോക്ക ജാതികള്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ടാണ് നിതീഷ് മണ്ഡല്‍ രാഷ്ട്രീയത്തെ പ്രയോജനപ്പെടുത്തിയത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എങ്കിലും നിതീഷിന്റെ ഏറ്റവും വലിയ രാഷ്ട്രീയ വിപ്ലവം സ്ത്രീ ശാക്തീകരണത്തിന് നല്‍കിയ പ്രാധാന്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീസംവരണം ഉറപ്പാക്കിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയും സ്ത്രീകളെ നിതീഷ് തന്റെ ഒരു നിയോജകമണ്ഡലമാക്കി എന്നു പറയാം. മദ്യ നിരോധനവും ഇതേ നിയോജക മണ്ഡലത്തിന്റെ ആഗ്രഹമായിരുന്നു. ക്രമസമാധാനത്തിന് നല്‍കിയ പ്രാധാന്യവും നിതീഷിന് സ്ത്രീകള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയിരുന്നു. പെണ്‍മക്കളെ തഴഞ്ഞു കൊണ്ട് ആണ്‍മക്കള്‍ക്ക് പ്രാധാന്യം നല്‍കിയ ലാലുവിന്റെ നടപടി ശരിയോ എന്ന് ഒരു തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ നിതീഷ് ചോദിച്ചത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ആ ചോദ്യം ലക്ഷ്യമിട്ടത് സ്ത്രീ വോട്ടര്‍മാരെയായിരുന്നു. ലോഹ്യയുടെ പ്രധാനപ്പെട്ട രാഷ്ട്രീയ അജണ്ടകളില്‍ സ്ത്രീ ശാക്തീകരണവും അവരുടെ പൊതുരംഗത്തെയും തൊഴിലിടത്തെയും പ്രാതിനിധ്യവും പെടുന്നുണ്ടല്ലോ. ഈ തിരഞ്ഞെടുപ്പില്‍ നിതീഷിന്റെ പക്കല്‍ അവശേഷിച്ച അവസാനത്തെ ആയുധമായിരുന്നു സ്ത്രീവോട്ട്. ഇത്തവണയും നിതീഷിന്റെ കപ്പല്‍ കരയ്ക്കടുത്തതിന്റെ പ്രധാന കാരണം തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കാണാതിരുന്ന നിശ്ശബ്ദമായ ഈ സ്ത്രീ വോട്ടായിരുന്നിരിക്കണം.

മണ്ഡല്‍ പരാജയപ്പെടുത്തിയ ദളിത് സോഷ്യലിസ്റ്റാണ് പാസ്വാന്‍. തന്റേതായ രാഷ്ട്രീയ വ്യക്തിത്വമുണ്ടായിരുന്ന അപൂര്‍വ്വം ദളിത് രാഷ്ട്രീയക്കാരിലൊരാളായിരുന്നു പാസ്വാന്‍. അംബേദ്കറൈറ്റ് ധാരയില്‍ നിന്ന് വ്യത്യസ്തമായി ലോഹ്യ സോഷ്യലിസ്റ്റു രാഷ്ട്രീയത്തില്‍ കൂടിയാണ് പാസ്വാന്‍ വളര്‍ന്നത്. തന്റെ ദളിത് സ്വത്വത്തെ നിരാകരിക്കാതെ തന്നെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ദേശീയ നേതാക്കളിലൊരാളായി പാസ്വാന്‍ വളര്‍ന്നു. ഭാവി ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന് വിപി സംഗ് പേരെടുത്ത് പറഞ്ഞത് പാസ്വാനെക്കുറിച്ചാണ്. കാന്‍ഷിറാം ഉള്‍പ്പെടെ പല ദളിത് രാഷ്ട്രീയക്കാരും മണ്ഡലിനെ സംശയത്തോടെ കണ്ടപ്പോള്‍ പാസ്വാന്‍ അതിനുവേണ്ടി നിലകൊണ്ടു. എന്നാല്‍, മണ്ഡല്‍ അഴിച്ചുവിട്ട കൊടുങ്കാറ്റ് കടപുഴക്കിയ വന്‍മരങ്ങളില്‍ പാസ്വാനും പെടും. മുലായംസിംഗ് യാദവും ലാലു പ്രസാദും പിന്നോക്കജാതി ശാക്തീകരണത്തിന്റെ ഗുണഭോക്താക്കളായപ്പോള്‍ പാസ്വാന് താരതമ്യേന എണ്ണത്തില്‍ കുറവായ തന്റെ ജാതിയുടെ നേതാവായി ചുരുങ്ങേണ്ടി വന്നു.

സാമൂഹ്യനീതി രാഷ്ട്രീയം – അംബേദ്ക്കറും പെരിയാറും ലോഹ്യയും ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം – ജാത്യാധിപത്യത്തിന്റെ രാഷ്ട്രീയമായി മണ്ഡല്‍ ചുരുക്കി എന്നു വാദിക്കാം. എണ്ണത്തില്‍ കുറഞ്ഞ സമുദായങ്ങളില്‍ ജനിച്ച ചന്ദ്രശേഖറിനും ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനും പാസ്വാനുമൊക്കെ തട്ടകം നഷ്ടപ്പെട്ട അവസ്ഥയുണ്ടായി. ജാത്യാതീതമായ ഒരു സാമൂഹ്യനീതി രാഷ്ട്രീയം മണ്ഡല്‍ അസാധുവാക്കി എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എണ്ണത്തില്‍ കൂടുതലുള്ള ജാതിയുടെ മേല്‍ക്കോയ്മാ രാഷ്ട്രീയമായി അത് പലയിടത്തും ചുരുങ്ങി എന്നത് ശരിയാണ്.

ദളിത് രാഷ്ട്രീയത്തിലും ഇതേ പ്രക്രിയ അരങ്ങേറിയിട്ടുണ്ട്. ബീഹാറില്‍ പാസ്വാന്റെ ദുസാധുകളുടെ (പാസ്വാന്‍) ജാതിനേതാവായി ചുരുങ്ങിയത് നിതീഷ് മഹാദളിത് എന്ന സംവരണ കാറ്റഗറി സൃഷ്ടിക്കുന്നത് വഴി കൂടിയാണ്. സംസ്ഥാനത്തെ 23 ദളിത് ജാതികളില്‍ എണ്ണത്തില്‍ കൂടുതലുള്ള പാസ്വാനെ ഒഴിവാക്കി മറ്റെല്ലാറ്റിനേയും നിതീഷ് മഹാദളിത് ഗണത്തില്‍പ്പെടുത്തി. ജിതിന്‍ റാം മാഝിയെപ്പോലുള്ള (മുസാഹര്‍ ജാതി) നേതാക്കള്‍ പൊന്തിവന്നത് അങ്ങനെയാണ്. യുപിയിലാകട്ടെ മായാവതി ഇന്ന് ജാദവ് (ചമാര്‍) ജാതിയുടെ നേതാവായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഹത്രാസില്‍ ദാരുണമായി കൊല്ലപ്പെട്ടത് വല്‍മീകി ജാതിയിലെ പെണ്‍കുട്ടിയാണ്. അവിടെ മായാവതിയുടെ സാന്നിധ്യമുണ്ടാകാതിരുന്നതും അതിനുശേഷം അവര്‍ ബിജെപിയുമായി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൈകോര്‍ക്കാന്‍ തയ്യാറായതും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. ജാതിയെന്ന ശ്രേണീകൃത അധികാര വ്യവസ്ഥ സാഹോദര്യത്തിന്റേയും നീതിയുടേയും രാഷ്ട്രീയത്തെ അസാധ്യമാക്കുന്നത് ഇങ്ങനേയുമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചുരുക്കത്തില്‍ മണ്ഡല്‍ രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ മണ്ഡല്‍ രാഷ്ട്രീയത്തിനകത്ത് നിന്നു കണ്ടെടുക്കപ്പെട്ടവയാണ്. മണ്ഡല്‍ സാധ്യമാക്കിയ ഉപജാതി ശാക്തീകരണത്തെ ബിജെപിയും തന്ത്രപൂര്‍വ്വം മുതലെടുത്തിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളിലെ ഉപജാതി തിരിവുകളും മത്സരവും മുതലെടുത്തുകൊണ്ടു തന്നെയാണ് യുപിയില്‍ ബിജെപി അധികാരം പിടിച്ചെടുത്തത്. സമാജ്വാദി രാഷ്ട്രീയം യാദവ രാഷ്ട്രീയമായും കുടുംബ രാഷ്ട്രീയമായും ചുരുങ്ങിയപ്പോള്‍ ബിജെപി മുസ്ലിം വിരുദ്ധതയിലൂന്നിയ രാമ രാഷ്ട്രീയത്തെ ഉപയോഗിച്ച് യാദവേതര ഹിന്ദു ജാതികളുമായി സഖ്യപ്പെട്ടു. രാമ രാഷ്ട്രീയത്തെ തന്നെ പല ജാതികള്‍ക്കും ഇടം നല്‍കുന്ന തരത്തിലുള്ള ഒരു ബൃഹദ് പാരമ്പര്യമായി സംഘപരിവാര്‍ എന്നേ മാറ്റിക്കഴിഞ്ഞിരിക്കുന്നു. ജാത്യാതീതമായ ഹിന്ദു ഐക്യം എന്ന് പറയുന്നതിനൊപ്പം ആ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ പല ജാതികളേയും അതാതു ജാതിസമൂഹങ്ങളില്‍ നിലനിന്നുപോകുന്ന മിത്തുകളും ആഖ്യാനങ്ങളുമൊക്കെ ഉപയോഗപ്പെടുത്തി ഇഴ ചേര്‍ക്കുന്നുണ്ട് സംഘപരിവാര്‍. ഹിന്ദുത്വ രാഷ്ട്രീയം സാംസ്‌കാരിക മേഖലയില്‍ നടത്തിയ ഇടപെടലുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ബദല്‍ മണ്ഡല്‍ രാഷ്ട്രീയം സൃഷ്ടിക്കുകയുണ്ടായില്ല. അംബേദ്കര്‍ ബുദ്ധനില്‍ കൂടി പുതിയൊരു നൈതിക വ്യവസ്ഥയെയും സാംസ്‌കാരിക മണ്ഡലത്തെയും സങ്കല്‍പ്പിച്ചതിനു തുല്യമായൊരു ശ്രമം ദളിതേതര സാമൂഹ്യനീതി രാഷ്ട്രീയത്തിന് സാധ്യമായില്ല, ലോഹ്യ ഇതിനെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ടെങ്കില്‍ പോലും.

ദ്രാവിഡ പ്രസ്ഥാനത്തിന്റെ സാമൂഹ്യനീതി രാഷ്ട്രീയം മണ്ഡലില്‍നിന്നും വ്യത്യസ്തമാകുന്നത് അതുകൊണ്ടാണ്. പെരിയാര്‍, അംബേദ്കര്‍, നാരായണഗുരു, കബീര്‍, മഹാത്മാ ഫൂലെ എന്നിവരുടെ പ്രതിമകള്‍ സ്ഥാപിച്ചും മറ്റും ഈ ബഹുജന്‍ സാംസ്‌കാരിക ബദലിന്റെ സാന്നിധ്യമുറപ്പാക്കാന്‍ മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായപ്പോള്‍ ശ്രമിച്ചിരുന്നു. അതിനും മുമ്പ് അണ്ണാദുരൈ -കരുണാനിധി എന്നിവര്‍ സമാനമായ രീതിയില്‍ തിരുവള്ളുവരെയും തമിഴ് സംഘ സാഹിത്യത്തെയും ഒക്കെ അണിനിരത്തി ഒരു ദ്രാവിഡ ബദല്‍ സംസ്‌കാര രാഷ്ട്രീയം രൂപപ്പെടുത്തിയിരുന്നു. സംഘപരിവാറിന് തമിഴ്നാട് ഇന്നും ബാലികേറാമലയായി തുടരുന്നത് ദ്രാവിഡ പ്രസ്ഥാനമിട്ട പ്രതി സാംസ്‌കാരിക രാഷ്ട്രീയം കാരണമാണ്.

മണ്ഡല്‍ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക നീക്കിയിരിപ്പ് എന്തെന്ന ചോദ്യം പ്രസക്തമാവുന്നത് അതുകൊണ്ടാണ്. അത്തരമൊരു അന്വേഷണത്തിന്റെ അഭാവത്തില്‍ സാമൂഹ്യനീതിയുടെ രാഷ്ട്രീയം പ്രയോഗത്തില്‍ പഴയ സാമൂഹ്യ ഉല്പാദന വ്യവസ്ഥകളുടെ ആവര്‍ത്തനമായി മാറാന്‍ സാധ്യതയുണ്ട്. മേല്‍ജാതികള്‍ സൃഷ്ടിച്ചെടുത്ത മൂല്യ വ്യവസ്ഥയുടെ സ്വാഭാവികമായ ഫലമാണ് യുപിയിലും ബീഹാറിലും ഇന്നു കാണുന്ന തൊഴിലില്ലായ്മയും സാമൂഹ്യ അരക്ഷിതാവസ്ഥയും. വെറും ക്രമസമാധാന പ്രശ്നവും സാമ്പത്തിക പ്രതിസന്ധിയുമായാണ് അവയെ ചുരുക്കി വായിക്കുന്നത്. മാറുന്ന ഒരു സമൂഹക്രമത്തിന്റെ സാംസ്‌കാരിക പ്രതിസന്ധി കൂടിയാണ് ഇന്ന് ഇന്ത്യ നേരിടുന്ന സംഘര്‍ഷാവസ്ഥ. അതിനുള്ള ഉത്തരം തന്റെ പക്കലുണ്ടെന്ന് ജനങ്ങളോട് പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് നരേന്ദ്ര മോഡിയുടെ വിജയം. സാംസ്‌കാരിക പ്രതിസന്ധിക്കുള്ള ഉത്തരം ഹിന്ദുത്വ രാഷ്ട്രീയമാണെന്ന് സംഘപരിവാറും വിജയകരമായി പ്രചരിപ്പിക്കുന്നു.സാമ്പത്തിക ഉദാരവല്‍ക്കരണവും മറ്റും സൃഷ്ടിച്ചെടുക്കുന്ന സാമൂഹ്യ പ്രതിസന്ധികള്‍ക്ക് ബദല്‍ അവതരിപ്പിക്കാന്‍ മണ്ഡല്‍ രാഷ്ട്രീയത്തിനു കഴിയാത്തതുകൊണ്ടാണ് അതിന്റെ പിന്‍മടക്കം നമ്മളിന്ന് കാണുന്നത്. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ സാംസ്‌കാരിക വിജയങ്ങള്‍ കൂടിയായി മാറ്റാനും ജാതിവ്യവസ്ഥയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും സമാജ്വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും ലാലുവിനും നിതീഷിനുമൊന്നും കഴിയാതെ പോയത് അതുകൊണ്ടാണ്.

സാമൂഹ്യ നീതിരാഷ്ട്രീയം പുതിയ സാംസ്‌കാരിക പരിപ്രേക്ഷ്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാധീനം വര്‍ദ്ധിക്കുക തന്നെ ചെയ്യും, ഗവണ്‍മെന്റുകള്‍ക്കുപരിയായി പൊതുബോധം ഹിന്ദുത്വ രാഷ്ട്രീയത്തിന് കീഴ്പ്പെടുകയുംചെയ്യും. തിരഞ്ഞെടുപ്പ് വിജയങ്ങളെ ലഘൂകരിച്ച് കാണുകയല്ല, മറിച്ച് അതിനപ്പുറം പുരോഗമന രാഷ്ട്രീയം കരുപ്പിടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഉദ്ദേശം. അല്ലാത്തപക്ഷം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മത ബോധനവും പേശീവല്‍കൃത ദേശീയതയും വെല്‍ഫെയറിസവും സാമൂഹ്യനീതി രാഷ്ട്രീയത്തിന്റെ നൈതികതയെ പരാജയപ്പെടുത്തും. ബീഹാറിലെ എന്‍ഡിഎ വിജയം നല്‍കുന്ന ഒരു പാഠം ഇതാണ്.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply