ഭാരത പുഴ: ഒരു സ്ത്രീപക്ഷ വായന

ലോകത്തെ മനുഷ്യര്‍, വേണ്ട കുറച്ചൂടെ വ്യക്തമായി പറഞ്ഞാല്‍ കയ്യൂക്കുള്ള ആണ്‍കൂട്ടങ്ങള്‍ക്ക് അവരുടെ, അവര്‍ പടച്ചുണ്ടാക്കിയ ലോകത്തെ നിയമങ്ങളും വ്യവസ്ഥിതികളും എങ്ങനെയാണ് അവരെ തന്നെ പിടി മുറുക്കുന്നതെന്ന രസകരമായ ഒരു വായന കൂടി സിനിമ സമ്മാനിക്കുന്നുണ്ട്. അതില്‍ അവര്‍ പോലും തൃപ്തരാണോന്നൊരു ചോദ്യം ഭാരത പുഴ ദ്യോതിപ്പിക്കുന്നുണ്ട്.

സ്ത്രീപക്ഷത്തിരുന്ന് മനുഷ്യരെ അവരുടെ ജീവിതങ്ങളെ നോക്കി കാണുക എന്നതും സ്വന്തം ജീവിതത്തെതന്നെ നോക്കികാണുക എന്നതും ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം വളരെ വ്യത്യസ്തമായ വിചിത്രവും തരാതരവുമായ രണ്ടു ലോകങ്ങളിലേക്കുള്ള ആശ്ചര്യജനകമായ എത്തി നോട്ടങ്ങളാണ്. വളരെ വ്യത്യസ്തമായ അധികാരശ്രേണിയിലിരുന്നു തുടര്‍ന്നു പോരുന്ന രണ്ടുതരം ജീവികളാണ് സ്ത്രീയും പരുഷനുമെന്നു തോന്നുമാറ് വൈവിധ്യങ്ങള്‍ അവരുടെ ജീവിതങ്ങളുടെ എല്ലാ മേഖലക ളിലും കാണാന്‍ സാധിക്കും. അതു വീട്ടകമാകട്ടെ കുടുംബത്തിനകത്താകട്ടെ സംസ്‌കാരത്തിനകത്താകട്ടെ പൊതുയിടത്തിലാകട്ടെ ജോലിസ്ഥലത്താകട്ടെ രണ്ടു തട്ടിലെ അധികാരങ്ങള്‍ കയ്യാളുന്ന രണ്ടുവര്‍ഗ്ഗങ്ങള്‍ നമുക്ക് മുന്നില്‍ അവരവരുടെ സ്ഥാനത്ത് വലിയ പരിഭവമേതുമില്ലാതെ തന്റെ ജീവിതം ചുറ്റുപാടിന്റെ ഒഴുക്കിനൊപ്പം ജീവിച്ചു തീര്‍ക്കുന്ന ഒരു തണുപ്പ് പതിയെ നാമോരോരുത്തരേയും ബാധിക്കും. അവരില്‍ ഒരാളാണ് താനെന്ന ഒരു മരവിപ്പ് ഒപ്പം നമ്മേയും തണുത്തുറച്ചിരുത്തിയിട്ടുണ്ടാവും. മനുഷ്യരില്‍ സ്വാതന്ത്ര്യബോധമുള്ള സ്ത്രീകള്‍ സമൂഹത്തില്‍ വളര്‍ന്നുവരുന്നത് കാണുക എന്നത് വളരെ സന്തോഷജനകമാണ്. ബഹുഭൂരിപക്ഷം ഇപ്പോഴും തന്നെ ബന്ധിച്ചുകെട്ടുന്ന സംസ്‌കാരിക ചങ്ങല തന്റെ ശരീരത്തിന്റെ ഭാഗമാണെന്നും താന്‍ പേറേണ്ടതാണെന്നും തെറ്റിദ്ധരിച്ച് അതും പേറി, എടുത്താല്‍ പൊങ്ങാത്ത ആ ഭാരം തനിക്കൊപ്പം പേറുക തന്റെ കര്‍മ്മ മാണെന്ന് ധരിച്ച് ഒരു പുണ്യം പോലെ കൊണ്ടു നടക്കുന്നു. ജന്മം മുതല്‍ താന്‍ കണ്ടുവളര്‍ന്ന സ്ത്രീകളുടെ അധിക ഉത്തരവാദിത്വങ്ങള്‍ തന്റെ ദൗത്യമോ ജീവിതചര്യയോ തപസ്സോ ആയി കൊണ്ടുനടക്കുന്നവരാണ് സാംസ്‌കാരിക അംഗീകാരം ലഭിക്കാന്‍ ഉതകുന്ന സ്വഭാവസമ്പന്നയായ കുലസ്ത്രീ. ഒഴുക്കിനെതിരെ, താന്‍ മനുഷ്യനാണെന്ന് തിരിച്ചറിയുന്ന ആ അറിവിന്റെ ബലത്തില്‍ ജീവിക്കാന്‍ ശ്രമിക്കുന്ന ആ സ്വതന്ത്ര്യത്തിന്റെ മധുരം നുകരുന്നവര്‍ എന്നും സമൂഹത്തില്‍ തെറിച്ച വാക്കിനാല്‍ അഭിസംബോധന ചെയ്യപ്പെടുന്നവരാണ്. തന്റെയിടം തേടുന്ന തന്റേടികള്‍ക്കൊപ്പമല്ല നമ്മുടെ മത-സാംസ്‌കാരിക പരിസരമെന്നത് സ്ത്രീകളെ ഏറെ പ്രതിസന്ധിയി ലാക്കുന്നു. മതം സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച ഒരു സാംസ്‌കാരിക- സാമൂഹിക സ്ഥാപനമല്ല. നാം അറിയുന്ന മതസംഹിതകളിലെല്ലാം സ്ത്രീ ജീവിതം സേവിക്കുന്നവരാണ്. എല്ലാ തരത്തിലെ മനുഷ്യരെന്ന വിശേഷണത്തില്‍ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹരാണെന്ന് മതം പഠിപ്പിക്കുന്ന പുരുഷ വര്‍ഗ്ഗത്തിന്റെ സേവകര്‍. പുരുഷപക്ഷം എല്ലാകാലത്തും എല്ലായിടത്തും ശാരീരിക- സാമ്പത്തിക ബലം കൊണ്ടു ലോകാവകാശിയായ ഏക കൂട്ടമെന്ന് പറഞ്ഞാലും അതിശയോക്തിയല്ലാത്തവണ്ണം സ്ത്രീജന്മങ്ങളക്കാള്‍ കൂടുതല്‍ മത-സാംസ്‌കാരിക-ചരിത്ര-വര്‍ത്തമാന ലോകത്ത് കാലുറപ്പിച്ചവര്‍. എന്നാല്‍ അടിച്ചമര്‍ത്തപ്പെടുന്ന എവിടേയും നടക്കുന്ന യുദ്ധം ഈ സാംസ്‌കാരിക പരിസരത്തും നിരന്തരം നടക്കുന്നു എന്നത് വലിയ ആശ്വാസത്തിന് വക നല്‍കുന്ന സാമൂഹികമുന്നേറ്റമാണ്.

പരസ്പര ആശ്രയം പോലല്ല തന്നേക്കാള്‍ ചെറിയൊരു സ്ഥാനത്തിരി ക്കുന്നൊരാളുടെ ആശ്രയം. അവിടെ അധികാരം മുഴച്ചു നില്‍ക്കും. അവിടെ കയ്യൂക്കുണ്ട്. ഒരാളുടെ സ്വാതന്ത്ര്യത്തിനും ജീവിതത്തിനും മേലുള്ള കയ്യേറ്റ വുമുണ്ട്. മത സാംസ്‌കാരിക സാമൂഹിക സാമ്പത്തിക പരിസരങ്ങളിലെ സ്ത്രീകളുടെ സ്ഥാനത്തില്‍ വേണ്ടവിധത്തില്‍ പരിഗണന ലഭിച്ചിട്ടുണ്ടോന്ന് അവ വേണ്ടപോലെ അഡ്രസ്സ് ചെയ്യപ്പെടാത്ത ഇടങ്ങളിലെ ജീവിതങ്ങളെ ഏറെ കുഴക്കുന്നുണ്ട്.

മണിലാലിന്റെ സംവിധാനത്തിലുള്ള കന്നി ഫീച്ചര്‍ഫിലിം ഭാരത പുഴ കണ്ടു തുടങ്ങുമ്പോള്‍ പുഴയാണ് മനസ്സില്‍ തെളിഞ്ഞ ആദ്യചിത്രം. തോടുകളായി പല ഭാഗങ്ങളിലൂടെ ഒഴുകി ഒരു പുഴയായി പരിണമിച്ച് ഒരു നിശ്ചിത വഴിയിലൂടൊഴുകി സ്ഥലമാറ്റങ്ങള്‍ക്കനുസരിച്ച് സ്വഭാവവും പേരും ഭാവവും മാറ്റി മഹാസമുദ്രങ്ങളില്‍ ലയിച്ച് സ്വാതന്ത്ര്യവും സായൂജ്യവും പ്രഖ്യാപിക്കുന്നവളാണ് പുഴ. ദിനേന ഒഴുകേണ്ട വഴി മാത്രമേ അവള്‍ക്ക് നിശ്ചയമുള്ളു ആരൊക്കെ വന്നു ചേരുമെന്നോ എന്തൊക്കെ രൂപമാറ്റങ്ങളാണ് വഴിയില്‍ തന്നെ കാത്തിരിക്കുന്നതെന്നോ അവള്‍ക്ക് നിശ്ചയം പോരാ. ചിലയിടങ്ങളില്‍ രൗദ്രത ചിലപ്പോള്‍ ശാന്തത. അവള്‍ക്ക് എപ്പോള്‍ വേണേലും ഭാവമാറ്റം സംഭവിക്കാം. ഒരാളുടെ ജീവിതം പോലെ. ദിവസവും സാഹചര്യങ്ങളുടെ എന്തൊക്കെ അനിശ്ചിതത്വങ്ങളാണ് ഒരാളുടെ/വളുടെ ജീവിതത്തിലേക്ക് കടന്നുവരുക. പുഴയുടെ അനിശ്ചിതത്വം പോലാവും ജീവിതത്തിന്റെ അനിശ്ചിതത്വം. ചിലപ്പോള്‍ അതിലും വിചിത്രമായി. പലപേരും പലഭാവവും പലസ്ഥാനവും മനുഷ്യന്‍ വഹിക്കേണ്ടി വരും. ഒരു വ്യക്തി എല്ലാവര്‍ക്കും അതേ വ്യക്തിയോ അതേ സ്വഭാവമോ അതേ സ്ഥാനമോയുള്ള ആളല്ല. ഒരാള്‍ തന്നെ പലയിടത്ത് പലവ്യക്തിയാണ്.

പുഴക്കരയില്‍ കത്തിയെരിയുന്ന തീയില്‍ നിന്നും സിനിമ തുടങ്ങുന്നു. ആ തീ ആണ് ഇതിലെ കേന്ദ്രകഥാപാത്രമെന്ന സൂചന നമുക്കവിടുന്ന് പെറുക്കിയെടുക്കാം. എന്നിട്ട് സിനിമയ്‌ക്കൊപ്പം യാത്രചെയ്യാം. നീണ്ട ഷോട്ടുകളും അതിലേക്കുള്ള മനസ്സറിഞ്ഞ നോട്ടവും മെഡിറ്റേറ്റീവ് മൂഡിലേക്ക് നമ്മെ പതിയെ എത്തിക്കാന്‍ മാത്രം പോന്നതാണ്. ദൃശ്യ മനോഹര ലൊക്കേഷനും അതിശയിപ്പിക്കുന്ന ഛായാഗ്രഹണമികവും മന സ്സിന്റെ ഉന്മേഷത്തിലേക്കും നമ്മെ കടത്തിവിടും. അതില്‍ പിന്നെ വലിയ ഇരുണ്ട ടണലിനകത്തെന്ന പോലെ മനുഷ്യന്റെ വൈവിധ്യ ജീവിതത്തിന്റെ നാനാതുറയിലേക്ക് നമ്മെ ക്ഷണിച്ചിരുത്തി ചിന്തിപ്പിക്കും. ഭാരതപ്പുഴ മനുഷ്യ നിഗൂഢതയുടെ കുത്തിയൊഴുകുന്ന മണ്‍സൂണ്‍ കാലത്തെ പുഴ പോലാണ്. ശാന്തതയേക്കാള്‍ കൂടുതല്‍ പുഴയുടെ വികൃതിയും വൈവിധ്യവും കൊണ്ടേ ആ കാലത്തെ നമുക്കറിയാനൊക്കൂ. ഭാരതപ്പുഴ ഒരു മണ്‍സൂണ്‍ പുഴയാണ്. മനുഷ്യ വൈവിധ്യങ്ങളെ വൈകൃതങ്ങളെ തുറന്നുകാട്ടാന്‍ ശ്രമിക്കുന്ന ശാന്തത കൈവിട്ട ഒരു കുത്തൊഴുക്കുള്ള പുഴ. മനുഷ്യനുള്ളില്‍ പതയുന്ന തീ പോലുള്ള വികാരങ്ങളെ അണയ്ക്കാന്‍ പാകപ്പെട്ട ഒരു വികാരമോ കാഴ്ചയോ ആവശ്യമോ ഒക്കെയാണ് ഒരു തരത്തില്‍ വെള്ളവും പുഴയും കടലുമൊക്കെ. പുഴയുടെ പുറമേ കാണുന്ന ശാന്തതയ്ക്കുപിന്നില്‍ ശക്തമായ ചുഴികളോ അടിയൊഴുക്കോ ഉണ്ടാവാം. ചില ഇടങ്ങളില്‍ ഒഴുക്കുനിലച്ച് കെട്ടി ക്കിടന്ന് ദുര്‍ഗന്ധം വമിപ്പിക്കുണ്ടാവാം. ചിലയിടത്ത് വറ്റിവരണ്ട് വിണ്ടുകീറി നാശമായിട്ടുണ്ടാവാം. അങ്ങിനെ എന്തിനും പോന്ന നിഗൂഢത പേറി പുഴ മുന്നേറുന്നു. എന്തൊക്കെയായാലും തനിക്കാവും പോലെ ഒഴുക്കുതീര്‍ത്ത് പുഴ കടലിനോട് ചേര്‍ന്ന് തന്റെ അന്ത്യഭിലാഷമോ ജീവിത ദൗത്യമോ പൂര്‍ത്തിയാക്കുന്നു. മനുഷ്യജീവിതങ്ങള്‍ പോലെ വൈവിധ്യങ്ങളുടെ കലവറ തന്നെയാകുന്നുണ്ട് പുഴയുടേയും അജ്ഞാതമായ ജീവിതം. മനസ്സില്‍ തെളിയുന്നത് പുഴയോ കടലോ ആയാലും മനുഷ്യമനസ്സിന്റെ നിഗൂഢത പോലൊക്കെ വെളിവാകുന്ന ഒന്നാണല്ലൊ.

മനുഷ്യര്‍ ജീവിതം തന്നെ ചോദ്യചിഹ്നമായി പകച്ചു നില്‍ക്കുമ്പോള്‍ ചുറ്റുപാടുകള്‍ വെച്ചുനീട്ടുന്ന വൈവിധ്യമാര്‍ന്ന കൗതുകങ്ങള്‍ക്ക് പിറകെയാണ്. അവര്‍ തങ്ങള്‍ക്കാകാവുന്ന തന്റെ കയ്യെത്തും ദൂരത്തുള്ളത് എത്തിപിടിച്ച് ആനന്ദമോ സന്തോഷമോ സമാധാനമോ നേടി മറ്റൊരു ലോകം സാധ്യമാകുമോന്നുള്ള നിരന്തര അന്വേഷണങ്ങളാണല്ലൊ ഭൂമിയിലെ നിയമങ്ങളും അതിലെ സദാചാരത്തിന്റെ വഴികളൊക്കെ നിശ്ചയിച്ചത്.

പുരുഷനു സദാ ആചരിക്കാന്‍ ഒന്നുമില്ല അവള്‍ക്കുണ്ട് എന്നാണല്ലൊ വെപ്പ്. ആ ആചാരങ്ങള്‍ മറികടക്കുന്ന അവള്‍ അതുവഴി പിഴച്ച സ്ത്രീയാകു ന്നുമുണ്ട്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും മതതത്വങ്ങളിലു മൊക്കെയുള്ള സ്തീകളുടെ ഇടുങ്ങിയ ഇടം പരിഹാസ്യമാവുന്നുണ്ട്. അതൊരു സ്ത്രീ പോയിട്ട് പുരുഷന്മാര്‍ പോലും അംഗീകരിക്കാത്ത കാലത്ത് നാമെത്തിനില്‍ക്കുന്നതിന്റെ നാഴികകല്ലുകളില്‍ ഒന്നാവാം മണിലാലില്‍ നിന്നും ഉടലെടുത്ത ഈ സിനിമപോലും.

പ്രധാനമായും ഇക്കാര്യങ്ങളാണ് സിനിമയില്‍ ഞാന്‍ പിന്തുടര്‍ന്നത്: ഒരു പെണ്‍ജീവിതം, അവളുടെ സമൂഹത്തിലെ സംസ്‌കാരത്തിലെ സ്ഥാനം, ലൈംഗിക തൊഴിലാളിയുടെ ജീവിതത്തിലെ, സമൂഹത്തിലെ, തൊഴിലിട ങ്ങളിലെ അരക്ഷിതാവസ്ഥ അംഗീകാരമില്ലായ്മ. വൈവിധ്യങ്ങള്‍ പേറിയലയുന്ന ജീവിതങ്ങള്‍. ഒരേ നാട്ടില്‍ ഒരോ ആളുകളും വഹിക്കുന്ന വ്യത്യസ്ത ചിന്തകള്‍ സംസ്‌കാരങ്ങള്‍ ജിവിതരീതികള്‍. കുടുംബവ്യവസ്ഥ യുടെ വെല്ലുവിളികള്‍ സുരക്ഷിതത്വങ്ങള്‍. ഒരു നാടിന്റെ വിവിധ ഭാവങ്ങള്‍ ക്യാമറയിലൊപ്പിയ സാങ്കേതിക, സംവിധാന തികവ്. ലൊക്കേഷന്‍ അടയാളപ്പെടുത്തുന്ന തൃശൂരിന്റെ ഭൂമിശാസ്ത്ര, സാംസ്‌കാരിക, സാമൂഹിക സ്വഭാവം. അങ്ങിനെ ഒരുപാട് പ്രത്യേകതകളിലേക്ക് ഈ സിനിമ നമ്മെക്കൊണ്ടുപോകും. തൃശൂരിലെ പുലിക്കളിക്കിറങ്ങുന്ന ഒരു മലയാളിക്ക് പുലിക്കളിയെന്നത് കൗതുകത്തിലപ്പുറം എന്താന്നുള്ള മറ്റൊരു തലത്തിലെ ചിന്ത. അടുത്ത ഒരു വര്‍ഷത്തേക്ക് ജീവിക്കാനുള്ളതും താന്‍ ഈ വര്‍ഷം ജീവിക്കുന്നതുമായ ഉര്‍ജ്ജം നിറക്കുന്ന ജീവിതലക്ഷ്യം പോലെന്തോ ഒന്നാവുന്നപോലെ. സിനിമയിലെ ഏറ്റവും കൗതുകമായ സാംസ്‌കാരിക തലം ഒരുപക്ഷെ ഇതാവാം. പുലിക്കളിക്കുവേണ്ടി ഒരു വര്‍ഷം കാത്തിരിക്കുന്ന, അതുകെട്ടിയാടാന്‍ വേണ്ടി ജീവിക്കുന്ന ഒരു കൂട്ടര്‍ നമുക്കിടയില്‍ ജീവിക്കുന്നു എന്നത് എനിക്ക് പുതു അറിവാണ്. നല്ല കൗതുകമുള്ള ഓര്‍മ്മ പ്പെടുത്തല്‍.

ലോകത്തെ മനുഷ്യര്‍, വേണ്ട കുറച്ചൂടെ വ്യക്തമായി പറഞ്ഞാല്‍ കയ്യൂക്കുള്ള ആണ്‍കൂട്ടങ്ങള്‍ക്ക് അവരുടെ, അവര്‍ പടച്ചുണ്ടാക്കിയ ലോകത്തെ നിയമങ്ങളും വ്യവസ്ഥിതികളും എങ്ങനെയാണ് അവരെ തന്നെ പിടി മുറുക്കുന്നതെന്ന രസകരമായ ഒരു വായന കൂടി സിനിമ സമ്മാനിക്കുന്നുണ്ട്. അതില്‍ അവര്‍ പോലും തൃപ്തരാണോന്നൊരു ചോദ്യം ഭാരത പുഴ ദ്യോതിപ്പിക്കുന്നുണ്ട്. ആ ആണ്‍കോയ്മയുടെ സുഖജീവിതത്തില്‍ എന്താണവര്‍ മിസ്സ് ചെയ്യുന്നതെന്ന താത്വികചിന്ത നമ്മെ തലോടിപ്പോകുന്ന കാഴ്ച. പെണ്ണിലെന്താണ് അവര്‍ തേടിക്കൊണ്ടിരിക്കുന്നതെന്ന ഇരുത്തിയ ഒരു ചിന്ത ചുറ്റിവലിഞ്ഞ പോലെ എനിക്ക് തോന്നി. സെക്‌സ് വര്‍ക്കറായ ഒരു പെണ്ണിലൂടെ, ആ പെണ്‍ജീവിതത്തിലൂടെ, പെണ്ണാകുന്ന ആ ഭൂതകണ്ണാടിയുടെ സഹായത്തോടെ പല തട്ടിലും സ്വഭാവത്തിലുമുള്ള ആണ്‍ജീവിതങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണമായി മാറുന്നുണ്ട് ഭാരത പുഴ. ലൈംഗിക തൊഴി ലാളിയായ ഒരു പെണ്‍ ജീവിതത്തിന്റെ ഒഴുക്കില്‍ ആശ്വാസം കണ്ടെത്തുന്ന ഒരു പറ്റം ആണുങ്ങളുടെ കഥയായും ഭാരത പുഴയ്ക്ക് മറ്റൊരു വായന കൂടിയുണ്ട്. ആ ആണ്‍ജീവിതങ്ങളില്‍ ജീവിതത്തിന്റെ പല തുറകളിലുള്ള വരുണ്ട്. സമ്പന്നരും കലാകാരനും സാധാരണക്കാരനുമുണ്ട്. അവര്‍ക്കോരോ രുത്തര്‍ക്കും അവള്‍ അവരുടെ ജീവിതങ്ങളിലെ ശൂന്യതകളെ നിറക്കുന്ന വളാണ്. ഒരാള്‍ക്ക് അവള്‍ ജീവിതത്തിന്റെ വിളക്കും മറ്റൊരാള്‍ക്ക് മടുപ്പിന്റെ ആശ്വാസവും കലാകാരന് കലയുടെ പ്രചോദനവും ചിലര്‍ക്ക് തന്നെ തൃപ്തിപ്പെടുത്തുന്ന വെറും ദേഹം മാത്രമാവുന്നുണ്ടവള്‍. എല്ലായിടവും നികത്താന്‍ മാത്രം വിശാലമായൊരു ജീവിതം പേറി നടക്കുന്നവളാവാം ഒരു സെക്‌സ് വര്‍ക്കര്‍. ശരീരം സാഹചര്യങ്ങള്‍ക്കനുസരിച്ച് വഴങ്ങുന്നതും വഴങ്ങാത്തതും പോലെ തന്നെ അവരുടെ മനസ്സിന്റെ രൂപമാറ്റവും ഭാവമാറ്റവും. അതിശയിപ്പിക്കുന്നതും വിശാലവുമാവുന്നുണ്ട് അവരുടെ വലിയ ചെറിയ ലോകം. അവള്‍ക്കു ചുറ്റുമുള്ള ആണുങ്ങളില്‍ പലരും എന്തൊക്കെയൊ അലട്ടുന്നവ രാണ് ചിലരെ വ്യവസ്ഥകള്‍ അലട്ടുമ്പോള്‍ ചിലരെ സാഹചര്യങ്ങള്‍ അലട്ടുന്നു. വേവലാതിയുടെ കയത്തീന്ന് അവര്‍ ആശ്വാസം തേടുന്നത് പെണ്ണിന്റെ കൈകള്‍കോര്‍ത്ത് നടന്നാകുന്നുണ്ട്. ആണ്‍ജീവിതങ്ങളെ സന്തോഷിപ്പിക്കുക, ആശ്വസിപ്പിക്കുക എന്ന ധര്‍മ്മം ആണിയെന്നപോലെ അവളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് പെണ്ണിന്റെ ഒഴിച്ചൂടാനാവാത്ത ധര്‍മ്മമാവുന്നതു തന്നെയാവും സ്ത്രിപക്ഷത്തുനില്‍ക്കുന്ന ലോകത്തെ വിദൂരമാക്കുന്നത്. എല്ലാവര്‍ക്കും അവള്‍ സാന്ത്വനമാവണം വീടിനുവിള ക്കാവണം. സ്വയം സാന്ത്വനപ്പെടാനുള്ള വഴികള്‍ കണ്ടില്ലെന്നു വെച്ച് സ്വയം ത്യജിക്കണം. അപ്പഴേ താന്‍ പെണ്ണും നന്മയും കാരുണ്യവുമാകൂ എന്ന ആ വലിയ ആണി എന്നാണവള്‍ക്ക് പറച്ചുകളയാനാവുക. ഇനിയതു പറച്ചു തന്നിഷ്ടത്തിനു നടന്നാലും മിക്കപ്പോഴും സാമ്പത്തിക ഭദ്രതയില്ലാത്ത സ്ത്രീ ദുഷ്ടലാക്കുള്ള ആണ്‍കൂട്ടങ്ങള്‍ക്കിരയാവുന്നതും സങ്കടകരമാണ്. മറ്റൊരു വഴിതെളിയാഞ്ഞോ അല്ലെങ്കില്‍ ആ വഴി മതിയെന്നോ കരുതി സെക്‌സ് വര്‍ക്കില്‍ ഏര്‍പ്പെട്ടാല്‍ ഒരുകാലവും സാമൂഹിക അംഗീകാരം കിട്ടാത്തവ രായി അവള്‍ മാറും. ഒറ്റയ്‌ക്കൊരാള്‍ ചെയ്താല്‍ പൂര്‍ത്തിയാവുന്നതല്ലല്ലൊ സെക്‌സ്. മറുപക്ഷത്തുള്ള ആണ്‍കൂട്ടങ്ങള്‍ എന്നും മാന്യന്റെ മുഖം മൂടിക്കുള്ളില്‍ വിലസുന്നു. ഒരു പുല്ലിംഗം പോലും ഭാഷയില്‍ ഇതുവരെ പുലര്‍ന്നിട്ടില്ലാത്ത ചാരിത്ര്യ എന്ന പദം സ്ത്രീകള്‍ക്ക് പതിച്ചു നല്‍കിയ സമ്പൂര്‍ണ്ണ സംവരണമാണല്ലൊ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സമൂഹത്തില്‍ നിന്നും പകലുകളില്‍ മതിയായ ആത്മവിശ്വാസമില്ലാതെ ഓടിയകലുന്നുണ്ട് ഒരോ സെക്‌സ് വര്‍ക്കറും. രാത്രിയാകുമ്പോള്‍ എല്ലായിടവും തന്റെ ഇടവകയാക്കി ഊരുതെണ്ടുന്നവര്‍. ഊരില്ലാത്തവര്‍. ഒരു ദിവസത്തെ വീട്ടിലെ റാണിയായി വിലസുന്നവര്‍. അതുകഴിഞ്ഞ് ആ ജീവിതവും വീടും നഷ്ടപ്പെടുന്ന നഷ്ടപ്പെടുത്തുന്ന സ്വതന്ത്ര റാണിമാര്‍. ആര്‍ക്കും ഒരു രാത്രിയിലധികം കീഴ്‌പ്പെടാന്‍ തയ്യാറാവാത്തവര്‍. ഒഴുക്കിനെതിരെ നീന്താന്‍ വെമ്പി ഓടുന്നവള്‍. എന്നിട്ടും ഈ ഭൂമികയില്‍ അവര്‍ക്ക് പല പ്പോഴും പുരുഷന് കീഴ്‌പ്പെടേണ്ടി വരുകയും പ്രഹരമേല്‍ ക്കേണ്ടിവരുകയും ചെയ്യുന്നു. ഇങ്ങനെ സ്വന്തമായി സ്വസ്ഥമായി ഒരു വഴി തിരഞ്ഞെടുത്തപ്പോഴും സ്വതന്ത്രയാണെന്ന് കരുതുമ്പോഴും അവിടേയും പുരുഷന് കീഴിലെ പാവയാവാന്‍ അവള്‍ വിധിക്കപ്പെടുന്നു എന്നതാണ് വാസ്തവം. സമൂഹത്തില്‍ ഒരിറ്റ് അംഗീകാരം കിട്ടാത്ത, മാന്യമെന്ന് സ്വയം വിശേഷിപ്പിക്കുന്ന സോ കോള്‍ഡ് സമൂഹം ഏറ്റവും ആട്ടുന്ന, വെറുക്കുന്ന ഏക ജോലിയും ഇതാവാം.

ഭാരത പുഴ സുഗന്ധിയെന്ന സെക്‌സ് വര്‍ക്കറുടെ കഥയാണ്. അവളെ തേടിവരുന്ന ഒരുപറ്റം ആണുങ്ങളുടേയും. മറ്റു സെക്‌സുവര്‍ക്കറെ പോലയല്ല. തന്റേടിയായ പെണ്ണാണവള്‍. ഇഷ്ടമില്ലാത്ത ഇടത്തും ഒരാള്‍ക്കൊപ്പവും കിടക്കാന്‍ തയ്യാറാവാത്തവള്‍. എന്നിട്ടും പലപ്പോഴും പുരുഷമര്‍ദ്ദനങ്ങളുടെ ഇര.ആണ്‍കോയ്മയുടെ ഭൂമിക്കകത്ത് ശക്തമായ അടിയൊഴുക്കോടെ ശാന്ത മായൊഴുകുന്ന പുഴയായി സ്ത്രീകള്‍ പരിണാമപ്പെടുന്നതു നമുക്ക് കാണാനൊക്കും

സ്ത്രീവീടിന്റെ ഐശ്വര്യമല്ല, വിളക്കല്ല. സ്ത്രീ സാന്നിധ്യം വീടിന്റെ അകമോ ജീവനോ തുടിപ്പോ അല്ല. അങ്ങനൊരാളായി നിങ്ങളെ ഒരാള്‍ വിശേ ഷിപ്പിക്കുന്നുണ്ടെങ്കില്‍ അതു കെണിയാണ്, പെണ്ണിനെ ആജീവനാന്തം കുടുക്കുന്ന തന്ത്രപരമായ മഹാകെണി. അതില്‍ നിന്നും കുതറിയാലും പുരുഷലോകത്ത് പുരുഷമേല്‍ക്കോയ്മക്കകത്ത് മറ്റൊരു കെണിയില്‍ കുരു ങ്ങുന്ന ഒരു ജീവിതമാണ് ഒരു സെക്‌സ് വര്‍ക്കറുടേതെന്ന് തോന്നാറുണ്ട്. അവള്‍ പുരുഷന്റെ ആധിപത്യത്തിന്റെ വൃത്തത്തിനകത്തുനിന്ന് പുറത്തു കടക്കാനാകാതെ ഉലയുന്നു മിക്കപ്പോഴും. ചിലര്‍ക്ക് സ്ത്രീകള്‍ കലയ്ക്കുള്ള ഇന്‍സ്പിരേഷനാണ്. സൗന്ദര്യമുള്ള, പുരുഷനെ ഉണര്‍ത്തുന്ന കേവലം ഒരു വസ്തു മാത്രമായി അവളെ പരിഗണിക്കുന്നു. തന്റെ കലയ്‌ക്കൊരു കാരണ മായി മറയുന്ന നല്ല ഒരു സായാഹ്നത്തിലപ്പുറം ലൈംഗിക തൊഴില്‍ ചെയ്യുന്ന സ്ത്രീ ഒരു വികാര – വിചാരമുള്ള മനുഷ്യവര്‍ഗ്ഗമാണെന്നുപോലും അവര്‍ക്കു തോന്നുന്നുണ്ടാവോ. മനോഹരമായ സന്ധ്യയോ ഉദയമോ പോലെ കുറച്ചു നേരം ഉന്നതമായ സൗന്ദര്യത്തെ പേറുന്ന കലയെ ഉണര്‍ത്തി പോഷിപ്പി ക്കുന്ന പ്രതിഭാസം. അവന്റെ കലയ്ക്ക് എരിവും തൊങ്ങലുമാകാന്‍ ഒരു കാരണം, അതാണോ സ്ത്രീ?! സ്ത്രീയെ മനുഷ്യനെന്ന സാധാരണ പ്രതിഭാസമല്ലാതാക്കി അവള്‍ അര്‍ഹിക്കുന്നതിലേറെ പുകഴ്ത്തു പാട്ടിനാല്‍ മൂടുന്നത് എന്തുമാത്രം കുരുക്കാണവളില്‍ കെട്ടിവെക്കുന്നത്.

സ്ത്രീക്ക് പോലും അവള്‍ എന്താണെന്ന വലിയ ചോദ്യമാണ് മണിലാല്‍ ഭാരത പുഴയിലൂടെ ഉന്നയിക്കുന്ന വലിയ ചിന്ത. സ്ത്രീ സ്വാതന്ത്ര്യം എന്താണ് എങ്ങനാവണമെന്ന വലിയ കുഴയ്ക്കുന്ന ഒരു ഇടത്തില്‍ അതു നമ്മെ കൊണ്ടുനിര്‍ത്തുന്നു. അതു പല കോണിലൂടെ ദൃഷ്ടിയേയും ചിന്തകളെയും പായിപ്പിക്കുന്നു. വഴിയില്‍ ശരിയായ ഉത്തരം കിട്ടാതെ ഒരു maze ല്‍ പെട്ട പോലെ നമ്മള്‍ വഴിക്കൊരു ഉത്തരം കിട്ടാതെ പതറുന്നു. അവസാനം സ്വാതന്ത്ര്യം അവനവന്റെ ഉള്ളിലെ ചിന്തയ്ക്കകത്ത് ഭദ്രാണെന്നു തോന്നാം. പക്ഷെ അന്യരെ ഉപദ്രവിക്കാതെ താന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ചെയ്യാന്‍ സാഹചര്യമില്ലാത്തിടത്താണ് സ്വതന്ത്ര്യ സമരം നടക്കേണ്ടതെന്ന ഉത്തരം കണ്ടെത്തി ചെറിയ ഒരാശ്വാസത്തില്‍ ചിന്തകളുടെ ചുഴലിയില്‍ നിന്നും പുറത്തേക്കുള്ള വഴി കണ്ടെത്തിയതായി നമുക്കു തോന്നിയേക്കാം. സത്യത്തില്‍ പുരുഷന്‍ അവനുവേണ്ടി നിര്‍മ്മിച്ചെടുത്ത വ്യവസ്ഥയ്ക്കു വേണ്ടി അവന്‍ തന്നെ കുരുങ്ങുന്നു എന്നതാണ് വാസ്തവം. ഒരു കണക്കിനു നോക്കിയാല്‍ വ്യവസ്ഥകള്‍ തന്നെയാണ് മനുഷ്യന്റെ ജയില്‍. തൂക്കുകയറോ കഠിനതടവോ കിട്ടിയ തടവുകാരാണ് പെണ്‍ജീവികള്‍ എന്നുമാത്രം. പാലിച്ചു പോകുന്ന വ്യവസ്ഥിതിക്കകത്ത് സംസ്‌കാരത്തിനകത്ത് മനുഷ്യര്‍

യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാവാത്ത പോലെ. പുര്‍ണ്ണ സ്വതന്ത്രരാവുക എന്ന അവസ്ഥ മനുഷ്യജീവികള്‍ക്ക് സാധ്യമല്ല. സഹജീവിയുടെ സ്വാതന്ത്ര്യത്തിന്റെ തുടക്കം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതിയുമാകുന്നുണ്ട്. ഈ സിനിമയുടെ കാഴ്ചയില്‍ ജീവിതത്തെക്കുറിച്ചുള്ള ഒരാളുടെ കുഴ മറഞ്ഞ ചിന്തകള്‍ പല സീനുകളായി നമുക്ക് മുന്നില്‍ മിന്നി മറയുന്നു. അതു തത്വചിന്തയുടെ ഒരു ലെവലിലേക്കുയര്‍ത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അതു തന്നെയാവാം ഈ സിനിമയുടെ വിജയവും നിയോഗവും. സീനുകള്‍ കൊണ്ടു കവിതകളിലെ ബിംബങ്ങളില്‍ ചിലത് നമ്മില്‍ അവശേഷിപ്പിക്കുന്ന തറച്ച തെളിച്ചം പോലെ ചില ഓര്‍മ്മകള്‍ ഈ സിനിമയില ഭാഗങ്ങള്‍ കാഴ്ചയില്‍ നിന്നും മാഞ്ഞും മനസ്സില്‍നിറഞ്ഞും നില്‍ക്കുന്നു.

ഒരു മനുഷ്യന്റെ ഉള്ളറകളെ വെളിപ്പെടുത്തുന്ന ജീവിതങ്ങളെ അവ ലോകനം ചെയ്യാന്‍ പാകത്തില്‍ അടുത്തിരുന്ന് നിരീക്ഷിക്കാന്‍ സെക്‌സ് വര്‍ക്കറോളം അവസരം മറ്റൊരാള്‍ക്കും ലഭിച്ചെന്നുവരില്ല. ദിവസവും ഒരാളുടെ ജീവിതത്തിന്റെ വലിയ രഹസ്യങ്ങളുടെ ഒരു ഭാഗം ആ കൈകള്‍ക്കു ള്ളില്‍ സുരക്ഷിതമാവും

സെക്‌സ് വര്‍ക്കറുടെ ഏറ്റവും വേദനിപ്പിക്കുന്ന ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത ദുരന്തത്തെ, അവരുടെ അനുഭവങ്ങളെ, സാധാരണ മനുഷ്യ ജീവിത ങ്ങളില്‍ നിന്നും ഭിന്നമായ ജീവിതവൈവിധ്യങ്ങളുടെ മറ്റൊരു അര്‍ത്ഥം കാണാന്‍ ശ്രമിക്കുന്ന ഒരു യാത്രപോലെ ഭാരത പുഴ സംവദിക്കുന്നു. തെറ്റേതെന്നോ ശരിയേതെന്നോ നിശ്ചയമില്ലാത്ത ആപേക്ഷികമായ ഒന്നിന്റെ മേല്‍ മനുഷ്യര്‍ തന്നെ പടച്ചുണ്ടാക്കിയ സദാചാരമൂല്യങ്ങളുടെ നിര്‍മ്മിതിക്കുള്ളില്‍ വട്ടം കറങ്ങുന്ന യന്ത്രമനുഷ്യരാണോ നമ്മളെന്നും അതില്‍ നിന്നുള്ള ഒരോ ഒളിച്ചോട്ടങ്ങളാണോ എല്ലാ മാര്‍ജാര (മണിലാലിന്റെ തന്നെ പുസ്തകം) ജീവിതവുമെന്ന് തോന്നിയ അനുഭവമാണ് സിനിമ സമ്മാനിച്ച മറ്റൊരു ചിന്ത.

മനുഷ്യജീവിതങ്ങളുടെ ആഴങ്ങളില്‍ തൊടുന്ന പ്രമേയത്തെ ഒരു സെക്‌സ് വര്‍ക്കറുടെ ജീവിതത്തിലൂടെ ആവിഷ്‌കരിക്കുമ്പോഴുള്ള വെല്ലുവിളി സിനിമ ഏറ്റെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമയെ അതിലെ ഫിലോ സഫിക്കലായ സംഭാഷണങ്ങള്‍ റാഞ്ചുന്നുണ്ട്. പലപ്പോഴും സിനിമവിട്ട് പ്രേക്ഷകര്‍ ആ സംഭാഷണങ്ങളുടെ അര്‍ത്ഥവ്യാപ്തിയിലേക്കോ ആഴക്കയ ങ്ങളിലേക്കോ വഴുതിപ്പോവുന്നുണ്ട്. അതു ചിലപ്പോള്‍ ഒഴുക്കോടുള്ള സിനിമാസ്വാദനത്തെ തടയാനുള്ള ടെന്റന്‍സി കൂട്ടാന്‍ ഒരു കാരണമാവു ന്നുമുണ്ട്.

ഒരു ലൈംഗിക തൊഴിലാളിയുടെ യാത്ര അതൊരു ജോലിയായി പോലും അംഗീകരിക്കാത്ത ബഹുഭൂരിപക്ഷം മനുഷ്യരിലൂടെയാണ്. ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന ജോലിയില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കുന്ന ഒന്നു തന്നെയാണത്. യാതൊരു സുരക്ഷയുമില്ലാതെ വേണ്ട അംഗബലമോ ശാക്തീകരണമോയില്ലാതെ സദാചാര കപടന്മാരാല്‍ നിരന്തരം വേട്ട യാടപ്പെടുന്ന വിഭാഗം. കുടുംബവ്യവസ്ഥിതിയിലെ കണ്ണിലെ വലിയ കരട്. മറ്റുള്ളവരെ ബാധിക്കാത്ത കുഞ്ഞുകുഞ്ഞു പാപങ്ങളുടെ കൂനയും കുമ്പ സാരവുമാണ് ജീവിതം എന്ന മഹാതത്വം പറഞ്ഞുവെക്കുന്ന ചെറിയ വലിയ സിനിമയാണ് ഭാരത പുഴ. ലളിതമാകാവുന്ന, വഴിതെറ്റിയേക്കാവുന്ന കാഴ്ചകള്‍ വച്ച് മനുഷ്യമനസ്സിന്റെ വൈവിധ്യ ചിന്തകള്‍, ജിവിത കാഴ്ചപ്പാടുകള്‍.

സോഷ്യല്‍ ബാലന്‍സിംഗ് തുടരാന്‍ കാലത്തെ അതിജീവിച്ച മനുഷ്യന്‍ കൊണ്ടുനടക്കുന്ന ഇന്നും നിലനില്‍ക്കുന്ന കുടുംബവ്യവസ്ഥയ്ക്കകത്ത് മനുഷ്യന്‍ സംരക്ഷകരോ സുരക്ഷിതരോ സന്തോഷവാന്മാരോ ആവുന്നുണ്ടോയെന്ന് വലിയ ചോദ്യം സിനിമ അവസാനിപ്പിക്കുമ്പോള്‍, ചിന്തിക്കുന്ന മനുഷ്യനു ദൃഷ്ടാന്തമുണ്ടെന്നൊക്കെ പറയുന്നപോലെ, സിനിമയെ പുറം കാഴ്ചകള്‍ക്കപ്പുറം വായിക്കാന്‍ ശ്രമിക്കുന്നൊരാള്‍ക്ക് ഒരുപാട് ദൃഷ്ടാന്ത ങ്ങള്‍ നല്‍കാന്‍ പാകപ്പെട്ട വേദഗ്രന്ഥം പോലൊരു കാഴ്ചയ്ക്ക് അതിലു പരിയായ കേള്‍വിക്ക് ഭാരത പുഴ വഴിവെക്കുന്നു.

വീടെന്നാല്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുന്ന വലിയ ഗോഡൗണാണെന്നാണ് സിനിമയിലെ ഒരു സംഭാഷണശകലം. പലരുടേയും ജീവിതം ഈ ലോകത്തിന്റെ നൈസര്‍ഗിക സ്വഭാവത്തിനു യോജിച്ച താവുന്നില്ല പലപ്പോഴും. അനാവശ്യ മൂല്യങ്ങളും സംസ്‌കാരങ്ങളും ജീവിത രീതികളും കെട്ടിവെച്ച മറ്റൊരു മാറാല പിടിച്ച ഗോഡൗണാവുകയാണ് അസംതൃപ്തമായി ജീവിക്കുന്ന മനുഷ്യരുടേത്. നമുക്കു മുന്നില്‍ ജീവിത ങ്ങള്‍ ധാരാളമുണ്ട് ജീവിക്കുന്നവ ആരുമില്ലെന്നു പറഞ്ഞു അട്ടഹസിക്കുന്ന ജീവിതങ്ങളുടെ നിഗൂഢതയെ തേടുന്ന കഥാതന്തു സിനിമയെ പൊലിപ്പിക്കുന്നു, വളര്‍ത്തുന്നു. പലപ്പോഴും ഒരു ഡോക്യു ഫിക്ഷന്റെ വസ്ത്ര മണിഞ്ഞ് സിനിമ അരങ്ങിലാടുന്നു. അതുകൊണ്ടു തന്നെ പലപ്പോഴും

അവസരങ്ങള്‍ക്കനുസരിച്ചല്ല പറയാനാഞ്ഞ പറയാനുള്ള സംഭാഷണ ശകലങ്ങള്‍, പല ജീവിതാശയങ്ങള്‍ വഴി തെറ്റി ഉരുണ്ടു വീഴുന്നുണ്ട് പലപ്പോഴും. ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന ഒന്നില്‍ കൂടുതല്‍ ആണുങ്ങള്‍ക്കൊപ്പം കഴിഞ്ഞു പോന്നിരുന്ന സ്ത്രീകളെ, കുടുംബത്തിന്റേയും മക്കളു ടേയും സമ്പത്തിന്റേയും ഉടമകളായിരുന്ന സ്ത്രീകളെ കുടുംബ വ്യവസ്ഥ സ്ഥാപിച്ച് തനിക്കാക്കി അടിമയാക്കുന്നതില്‍ ആണ്‍കൂട്ടം വിജയിച്ച ആ കാലം മുതല്‍ തന്നെ പെണ്ണുങ്ങള്‍ രണ്ടാംതരം മനുഷ്യരായി താഴ്ന്നു പോയിരുന്നു. സ്വത്ത് പകുത്തുപോകാതിരിക്കാന്‍ അവളെ വീട്ടിലെ രാജ്ഞിയാണെന്നു തെറ്റിദ്ധരിപ്പിച്ച് പൈസ കൊടുക്കേണ്ടാത്ത ജോലിക്കാരിയാക്കിയ ചരിത്രത്തില്‍ കാലൂന്നിയാണ് ഇന്നു ഓരോ സ്ത്രീയുടേയും നില്‍പ്പ്.

കുടുബവ്യവസ്ഥിതിയല്ല ആ വ്യവസ്ഥിതിയെ അതുപോലെ നില നിര്‍ത്താന്‍ കാരണമാകുന്ന സമൂഹത്തിലേയും സംസ്‌കാരത്തിലേയും മത കാഴ്ചപാടുകളിലേയും നൂലാമാലകള്‍ കൊണ്ടാവാം കുടുംബം ഒരു കൊടും ഭാരമായി ചിലര്‍ കൊണ്ടു നടക്കാന്‍ കാരണമാകുന്നത്. ഇവിടെ ഭാര്യ നഷ്ടപ്പെട്ടവന് എന്നെങ്കിലും അവള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയാവുന്നുണ്ട് ജീവിതം. ഭാര്യയേയും മക്കളേയും ഉപേക്ഷിച്ചയാള്‍ക്ക് ആ ജീവിതം ആഘോഷിക്കുമ്പോള്‍ ഒരു സ്ത്രീ സാന്നിധ്യം വീട്ടിലെ വിളക്കോ അനക്കമോ സൗന്ദര്യമോ ഒക്കെയായി തോന്നുന്നു. പാരമ്പര്യ- പാരമ്പര്യേതര ജീവിതങ്ങളുടെ ഇടയിലെ നൂലുപാലത്തില്‍ വിഴാതെ ആടി ബാലസില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നതാവാം പലരുടേയും ജീവിതമെന്ന് തോന്നിപ്പോവുന്ന കാഴ്ച യിലേക്ക് ഈ സിനിമ ഒരു വാതില്‍ തുറന്നുവെക്കുന്നു. ജീവിതത്തിന്റെ പല തുറകളെ സസൂക്ഷ്മം വീക്ഷിച്ചൊരാളുടെ തൂലികയാണ് ഈ കഥ ജനി ക്കാന്‍ കാരണമായെന്നതു തന്നെയാവാം പല ജീവിതദര്‍ശനങ്ങളെ ആലോ ചനാ വിഷയമാക്കുന്ന സംഭാഷണശകലങ്ങളുടെ കോര്‍ക്കല്‍ കൂടിയായി ഈ സിനിമ മാറിയതിനു കാരണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കടലിനെ കുറിച്ചുള്ള ഡോക്ടറുടെ സംഭാഷണം സിനിമ മുന്നോട്ടു വെക്കുന്ന സ്ത്രീസങ്കല്‍പ്പത്തിന്റെ ചുരുക്കം പോലെ തോന്നി. അതിങ്ങനെ പോവുന്നു: കടലില്‍ മനുഷ്യനു യാത്ര ചെയ്യണം, മരിക്കാന്‍ കടല്‍ വേണം, മരിച്ചാല്‍ കടല്‍ വേണം, തിന്നാന്‍ കടല്‍ വേണം, തൂറാനും കടല്‍ വേണം. ഇതൊക്കെയായിട്ടും അതിന്റെ സൗന്ദര്യത്തിന് കോട്ടം തട്ടുന്നില്ല. അവ ക്ഷോഭിക്കുന്നില്ല. അറിവില്ല മക്കളെന്നു കരുതി കടല്‍ ക്ഷമിക്കുന്നതാവാം കാരണം.

സ്ത്രീജന്മങ്ങള്‍ മനുഷ്യജീവികളുടെ നിലനില്‍പ്പിന്റെ ഹേതുവായിട്ടും പകുതിയായിട്ടും അവളെ പരാമാവധി ചൂഷണം ചെയ്യുന്ന ഈ പരിത സ്ഥിതിയില്‍ പുരുഷനു ശാപമേല്‍ക്കാതെ അവര്‍ കരിഞ്ഞുപോകാതെ നിലനില്‍ക്കുന്നത് സ്ത്രീ കടലുപോലെ ക്ഷമിക്കുന്നതു കാരണമാവുന്നുണ്ടെന്ന സൂചന നല്‍കുന്നുണ്ട്, സിനിമയുടെ ആദ്യഭാഗങ്ങളില്‍ വരുന്ന ഈ സംഭാഷണ ശകലം. ഈ ആശയം പിന്നീട് കടന്നു വരുന്ന സ്ത്രീ കഥാപാത്രങ്ങളിലെ ജീവിതങ്ങളിലേക്ക് വെളിച്ചം വിശുന്നുണ്ട്.

തൃശുരിന്റെ ചരിത്രവര്‍ത്തമാന ജീവിതങ്ങളിലേക്കൊരു എത്തിനോട്ട മായും ആ നാടിന്റെ സാംസ്‌കാരിക വൈവിധ്യം അടയാളപ്പെടുത്തുന്ന ഒരു ഇടമായും ഭാരത പുഴ മാറുന്നുണ്ട്. ഒരു സെക്‌സ് വര്‍ക്കറുടെ ജീവിത പാശ്ചാത്തലത്തിലൂടെ, പെണ്‍ജിവിതങ്ങളുടെ സ്വന്തം സ്ഥാനമോ ശരികളോ തിരി ച്ചറിയാന്‍ ഒക്കാത്ത അങ്കലാപ്പിലൂടെ മുന്നേറുന്ന സിനിമ തൃശൂരിന്റെ സാമൂഹിക സാംസ്‌കാരിക കലാ ഭൂമിശാസ്ത്രപരമായ എല്ലാ മേഖലകളേയും ഇവിടെ തുറന്നിടുന്നു. അവയോരോന്നും അവയുടെ റോള്‍ പങ്കുവെക്കുന്നു. പോകെപ്പോകെ കാഴ്ചയില്‍ ആ നാടും ഇതിലെ മറ്റൊരു പ്രധാന കഥാപാത്രമായി പരിണമിക്കുന്നു. പുഴയുടെ ഒഴുക്കില്‍ ഓരം ചേര്‍ന്നിട്ടുള്ള കരയില്‍ എക്കല്‍മണ്ണു കുമിഞ്ഞ് വളക്കൂറാകുന്നപോലെ പലമനുഷ്യരും പലരുടേയും ജീവിതത്തില്‍ എക്കല്‍മണ്ണു നിറച്ച് ഫലഭൂയിഷ്ടമാക്കുന്നുണ്ട്. അതിന്റെ വലിയ ഉദാഹരണമാണ് ഭാരതപ്പുഴയും അതിനൊപ്പം അടിയൊഴിക്കില്‍ മുങ്ങിതാഴുന്ന സ്ത്രീകഥാപാത്രവും. പലരുടേയും ജീവിതത്തില്‍ സെക്‌സ് വര്‍ക്കറുടെ റോള്‍ പുഴ കരയില്‍ നിറയ്ക്കുന്ന എക്കല്‍മണ്ണു പോലെ ഫലഭൂയിഷ്ടമാണ്. പക്ഷെ അവള്‍ അവളുടെ ഒഴുക്ക് എങ്ങും അവസാനിപ്പിക്കാതെ എല്ലാ ഉള്ളൊഴുക്കിനും മേലെ കിടന്ന് ശാന്തത കൈവരിക്കുന്നു. അവള്‍ അവള്‍ക്കാവും പോലെ ഒഴുക്കിനെതിരെ കുതിക്കുന്നു അന്നും ഇന്നും എന്നും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഭാരത പുഴ: ഒരു സ്ത്രീപക്ഷ വായന

  1. സുജി മീത്തൽ എന്താണ് ഇത്ര നീണ്ട എഴുത്തിലൂടെ പറയാൻ ശ്രമിച്ചതെന്നു പലവട്ടം വായിച്ചിട്ടും മനസ്സിലായില്ല. ഇത്രമാത്രം വലിച്ചു നീട്ടാതെ, വായിക്കുന്നവർക്കു മനസ്സിലാകുന്ന ഭാഷയിൽ എഴുതുക. പെണ്ണിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സിനിമയിൽ പുലികളിക്കും തൃശ്ശൂരിന്റെ സാംസ്‌കാരിക പൊങ്ങച്ചങ്ങൾക്കും എന്താണ് പ്രാധാന്യം എന്നു മനസ്സിലായില്ല

Leave a Reply