രാജ്യത്തിന്റെ സാമ്പത്തിക ശ്വാസകോശം സങ്കോചിക്കുന്നു

ഇന്ത്യയിലെ ബാങ്കിംഗ് വികസനത്തിന്റെ വഴിയിലെ അടിസ്ഥാന പ്രശ്നങ്ങളിലൊന്ന് വര്‍ദ്ധിച്ചുവരുന്ന ബാങ്ക് തട്ടിപ്പുകളും അതിന്റെ ഫലമായി ഉണ്ടാകുന്ന ഭയാനക ബാധ്യതകളുമാണെന്ന് ആര്‍ബിഐ ഡാറ്റകള്‍ സൂചിപ്പിക്കുന്നു. നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് 2021 ഡിസംബറില്‍ ആര്‍ബിഐ പുറത്തിറക്കിയ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടില്‍, ബാങ്കുകളുടെ മൊത്തം NPA, 2021 സെപ്റ്റംബറിലെ 6.9% ല്‍ നിന്ന് 2022 സെപ്തംബര്‍ ആകുമ്പോഴേക്കും മൊത്തം ആസ്തിയുടെ 8.1% ആയും 9.5% ആയും ഉയരുമെന്ന് ഒരു പ്രവചനമുണ്ട്. ഇത് ബാങ്കിംഗ് മേഖലയെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തും.

രാജ്യത്തെ ഏറ്റവും ഭീമമായ വായ്പാ തട്ടിപ്പ് നടന്നപ്പോള്‍, രാജ്യത്തെ ജനങ്ങള്‍ കൊടിയ സാമ്പത്തിക വെല്ലുവിളി നേരിടുമ്പോള്‍ ‘ആസാദി കാ അമൃത് മഹോത്സവ് ‘ കൊണ്ടാടി ബിജെപി ഭരണകൂടം ജനങ്ങളെ നവ ഉദാരീകരണ സാമൂഹ്യ ചട്ടം പരിശീലിപ്പിക്കുകയാണ്.

അമൃത് മഹോത്സവ് ആഘോഷങ്ങള്‍ക്കിടയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പ് നടന്നിരിക്കുന്നത്. ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (DHFL) എന്ന സ്ഥാപനം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ നയിക്കുന്ന 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട് 35,000 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് നടത്തിയത്. ഇതിനുമുമ്പ് നടന്ന വലിയ വായ്പാ തട്ടിപ്പ് നീരവ് മോദിയുടെ 13,000 കോടിയും, ABG Shipyard ന്റെ 23,000 കോടിയുമാണ്.

DHFL വായ്പാ കൊള്ള ഒറ്റപ്പെട്ട സംഭവമല്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍, സൂറത്തിലെ എബിജി ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ഏകദേശം 23,000 കോടി രൂപ വ്യാജമായി വായ്പ എടുത്തിരുന്നു. രാജ്യത്തെ നടുക്കുന്ന വിവരങ്ങള്‍ ആദ്യം പുറത്തുവരുന്നത് 2019 ഫെബ്രുവരി 1 ന്, DHFL നെതിരായ വായ്പ തിരിച്ചടവ് മുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ പഠിക്കാന്‍ ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യം യോഗം ചേര്‍ന്നതിന് ശേഷമാണ്. തുടര്‍ന്ന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ (ബിഒബി), ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) എന്നീ ഏഴ് വലിയ ബാങ്കുകളുടെ ഒരു കോര്‍ കമ്മിറ്റി രൂപീകരിച്ചു. 2015 ഏപ്രില്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ DHFL-ന്റെ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് നേതൃത്വം നല്‍കുന്നതിനായി ഓഡിറ്റ്, നികുതി, ഉപദേശക സേവനങ്ങള്‍ നല്‍കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ശൃംഖലയായ KPMGയെ നിയമിച്ചു.

പ്രാഥമിക റിപ്പോര്‍ട്ടില്‍ തന്നെ വായ്പാ തട്ടിപ്പ് ഏറ്റവും കൂടുതല്‍ ബാധിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയാണെന്ന് കണ്ടെത്തുകയുണ്ടായി. ബാങ്ക് ഓഫ് ഇന്ത്യയെയും കാനറ ബാങ്കിനെയും DHFL 4,000 കോടി രൂപയിലധികം കൊള്ളയടിച്ചു. കൂടാതെ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയില്‍ നിന്ന് 3,000 കോടിയിലധികം രൂപ വീതം ഡിഎച്ച്എഫ്എല്‍ വിദഗ്ധമായി തട്ടിയെടുത്തു.

ഏതൊരു രാജ്യത്തിന്റേയും ബാങ്കിംഗ് മേഖല ആ രാജ്യത്തെ സമ്പദ്വ്യവസ്ഥയെ നിര്‍ണ്ണയിക്കുന്ന സുപ്രധാനമായ സംവിധാനമാണ്. ബാങ്കുകള്‍ക്കുണ്ടാകുന്ന അമിതമായ നഷ്ടവും തകര്‍ച്ചയും രാജ്യത്തെ ഓരോ വ്യക്തിയെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നു. കാരണം ബാങ്കുകളില്‍ നിക്ഷേപിച്ച തുക രാജ്യത്തെ പൗരന്മാരുടേതാണ്. ബാങ്കുകള്‍ ഉണ്ടാക്കുന്ന നിഷ്‌ക്രിയ ആസ്തികള്‍ (NPA -Non Performing Assets) പ്രധാനമായും കിട്ടാക്കടങ്ങളും തട്ടിപ്പുകളും മൂലം രൂപംകൊള്ളുന്നവയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയിലെ ബാങ്കിംഗ് വികസനത്തിന്റെ വഴിയിലെ അടിസ്ഥാന പ്രശ്നങ്ങളിലൊന്ന് വര്‍ദ്ധിച്ചുവരുന്ന ബാങ്ക് തട്ടിപ്പുകളും അതിന്റെ ഫലമായി ഉണ്ടാകുന്ന ഭയാനക ബാധ്യതകളുമാണെന്ന് ആര്‍ബിഐ ഡാറ്റകള്‍ സൂചിപ്പിക്കുന്നു. നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് 2021 ഡിസംബറില്‍ ആര്‍ബിഐ പുറത്തിറക്കിയ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടില്‍, ബാങ്കുകളുടെ മൊത്തം NPA, 2021 സെപ്റ്റംബറിലെ 6.9% ല്‍ നിന്ന് 2022 സെപ്തംബര്‍ ആകുമ്പോഴേക്കും മൊത്തം ആസ്തിയുടെ 8.1% ആയും 9.5% ആയും ഉയരുമെന്ന് ഒരു പ്രവചനമുണ്ട്. ഇത് ബാങ്കിംഗ് മേഖലയെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തും.

ബാങ്കിംഗ് വ്യവസായത്തിലെ തട്ടിപ്പുകള്‍ അരങ്ങു തകര്‍ക്കുന്നതിന് പ്രധാന കാരണം മാനേജ്‌മെന്റുകളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ഒരു മാഫിയ സംഘവും അവര്‍ക്ക് രാഷ്ട്രീയ അധികാര കേന്ദ്രങ്ങളില്‍ നിന്ന് കിട്ടുന്ന സംരക്ഷണവുമാണ്. ബാങ്കിംഗ് സമ്പ്രദായത്തിലുള്ള സാധാരണ ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്ന പുതിയ ബാങ്ക് കുംഭകോണങ്ങളെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ നിറയുകയാണ്.

ബാങ്ക് തട്ടിപ്പുകള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. നീരവ് മോദിക്ക് പുറമേ വ്യവസായി വിജയ് മല്യയുടെ (9,000 കോടി) ഏകദേശം 13 ബാങ്കുകളുമായി ബന്ധപ്പെട്ട കേസ്, ആന്ധ്രാ ബാങ്ക് തട്ടിപ്പ് ( 8,100 കോടി). ), പിഎംസി അഴിമതി ( 4,355കോടി), റോട്ടോമാക് പെന്‍ അഴിമതി ( 3,695 കോടി), വീഡിയോകോണ്‍ കേസ് ( 3,250 കോടി), അലഹബാദ് ബാങ്ക് തട്ടിപ്പ് ( 1,775 കോടി), സിന്‍ഡിക്കേറ്റ് ബാങ്ക് അഴിമതി ( 1,000 കോടി), ബാങ്ക് ഓഫ് മഹാരാഷ്ട്ര കുംഭകോണം (836 കോടി), കനിഷ്‌ക് ഗോള്‍ഡ് ബാങ്ക് തട്ടിപ്പ് (824 കോടി), ഐഡിബിഐ ബാങ്ക് തട്ടിപ്പ് (600 കോടി), ആര്‍പി ഇന്‍ഫോ സിസ്റ്റംസ് ബാങ്ക് കുംഭകോണം (515 കോടി) എന്നിവ ചുരുക്കം ചിലത് മാത്രം.

ഉയര്‍ന്ന നിഷ്‌ക്രിയ ആസ്തിയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം അറ്റ പലിശ മാര്‍ജിനും കുറയ്ക്കുന്നു. ഈ ബാങ്കുകള്‍ അവരുടെ ചെറുകിട ഉപഭോക്താക്കളില്‍ നിന്ന് ദിവസേനയുള്ള കണ്‍വീനിയന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ച് ചെലവ് നിറവേറ്റുന്ന കൊടുംക്രൂരതയാണ് ചെയ്യുന്നത്. സര്‍ഫാസി നിയമം (Sarfaesi Act- Securitisation and Reconstruction of Financial Assets and Enforcement of Security Interest Act, 2002) എന്ന സാമ്പത്തിക ഭീകരനിയമം ഉപയോഗിച്ച് ഏറ്റവും ചെറിയ വായ്പയെടുക്കുന്ന ദരിദ്രരുടെ കുടുംബങ്ങളെ എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ച് ജപ്തി ചെയ്ത് കുടിയിറക്കുന്നതാണ് ബാങ്കുകളുടെ മറ്റൊരു നഷ്ടം നികത്തല്‍ പദ്ധതി!

RBI ഡാറ്റ അനുസരിച്ച് തന്നെ കിട്ടാക്കടങ്ങളുടെ 70% കോര്‍പ്പറേറ്റ് വായ്പകളാണ്, അതേസമയം കാര്‍ ലോണുകള്‍, ഭവന വായ്പകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവ ഉള്‍പ്പെടുന്ന റീട്ടെയില്‍ വായ്പകള്‍ 4% മാത്രമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂരിന്റെ ഒരു പഠനം കാണിക്കുന്നത് ഏറ്റവും അധമമായ ബാങ്ക് – കോര്‍പ്പറേറ്റ് ഭരണമാണ് വര്‍ദ്ധിച്ചുവരുന്ന ബാങ്ക് തട്ടിപ്പുകള്‍ക്കും നിഷ്‌ക്രിയ ആസ്തികള്‍ക്കും പിന്നിലെ കാരണമെന്നാണ്. ഇതൊന്നും പരിഗണന ക്കെടുക്കാതെ കാലക്രമേണ, കിട്ടാക്കടങ്ങള്‍ ഉയര്‍ന്ന നിഷ്‌ക്രിയ ആസ്തിയിലേക്ക് നയിക്കുന്നു.

വിദേശത്ത് വന്‍തുക വായ്പയെടുത്ത ഇന്ത്യന്‍ കമ്പനികള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ബാങ്കുകള്‍ ഒരു ജാഗ്രതയും പാലിക്കാറില്ല. ബാങ്കുകളുടെ ആന്തരികവും ബാഹ്യവുമായ ഓഡിറ്റ് സംവിധാനങ്ങള്‍ അടിയന്തിരമായി കര്‍ശനമാക്കേണ്ടതുണ്ടെന്ന ആവശ്യം ബോധപൂര്‍വ്വം അവഗണിക്കുന്നു.

പൊതുമേഖലാ ബാങ്കുകള്‍ വായ്പ അനുവദിക്കുന്നതിന് മുമ്പ് വന്‍കിട പദ്ധതികളുടെ കര്‍ശനമായ വിലയിരുത്തലിനായി ഒരു ആന്തരിക റേറ്റിംഗ് ഏജന്‍സി രൂപീകരിക്കണം എന്നാണ് വ്യവസ്ഥ. കൂടാതെ, ബിസിനസ്സ് പ്രോജക്റ്റുകളെക്കുറിച്ചുള്ള മുന്‍ സൂചനകള്‍ നിരീക്ഷിക്കുന്നതിന് ഫലപ്രദമായ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എംഐഎസ്) നടപ്പിലാക്കേണ്ടതുണ്ട്. വായ്പയെടുക്കുന്നയാളുടെ CIBIL (Credit Information Bureau India Ltd) സ്‌കോര്‍ ബന്ധപ്പെട്ട ബാങ്കും ആര്‍ബിഐ ഉദ്യോഗസ്ഥരും വിലയിരുത്തണം. വായ്പ വീണ്ടെടുക്കല്‍ വകുപ്പുകളുടെ വര്‍ഗ്ഗീകരണവും ഉത്തരവാദിത്തങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം. വന്‍കിട കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ തുടര്‍ച്ചയായി എഴുതിത്തള്ളുന്ന ഭരണകൂടം പകരം, വന്‍ കോര്‍പ്പറേറ്റ് വായ്പകള്‍ വീണ്ടെടുക്കല്‍ പ്രക്രിയകള്‍ മെച്ചപ്പെടുത്തുകയും വിതരണത്തിന് ശേഷമുള്ള ഘട്ടത്തില്‍ ഒരു മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുകയുമാണ് ചെയ്യേണ്ടത്.

നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (NARCL) അല്ലെങ്കില്‍ ‘ബാഡ് ബാങ്ക് ‘ സ്ഥാപിക്കുന്നത് യഥാര്‍ത്ഥ പരിഹാരമല്ല. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 71,543 കോടി രൂപയുടെ കുംഭകോണമാണ് രാജ്യത്തെ ബാങ്കിംഗ് രംഗത്ത് നടന്നത്. 2017-18 ലെ 41,167 കോടി രൂപയുടെ തട്ടിപ്പില്‍ നിന്നാണ് ഈ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത് എന്ന് റിസര്‍വ് ബാങ്ക് തന്നെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പുകള്‍ നടന്നത് ബാങ്കുകള്‍ കണ്ടെത്തുന്നത് പോലും രണ്ടുവര്‍ഷം കഴിഞ്ഞാണെന്ന് റിസര്‍വ്ബാങ്ക് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. വായ്പാ വിതരണ വിപണിയില്‍ ഏറ്റവും വലിയ വിഹിതമുള്ള പൊതുമേഖലാ ബാങ്കുകളുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. സ്വകാര്യമേഖലാ ബാങ്കുകളും വിദേശ ബാങ്കുകളും തൊട്ടടുത്ത് നില്‍ക്കുന്നു. 2021- 22ല്‍ ബാങ്ക് തട്ടിപ്പുകള്‍ കുറയുന്നു എന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് DHLFന്റേയും ABG ഷിപ്പിയാഡിന്റെയും ഈ വന്‍ തട്ടിപ്പുകള്‍ പുറത്തുവന്നിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളുണ്ടാക്കിയ 1,20,000 കോടി രൂപയുടെ ലാഭത്തില്‍ 40 ശതമാനത്തിലധികം വന്‍കിട കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാന്‍ നീക്കിവച്ചിരിക്കുകയാണ്. 2017 ഏപ്രില്‍ മുതല്‍ 2018 ജനവരി മാസം വരെയുള്ള കണക്കനുസരിച്ച് മാത്രം ബാങ്കുകള്‍ നിര്‍ദ്ദേശിക്കുന്ന തുക മിനിമം ബാലന്‍സായി അക്കൗണ്ടില്‍ നിലനിര്‍ത്താന്‍ സാധിക്കാത്ത ദരിദ്രരായ ഇടപാടുകാരുടെ 41.16 ലക്ഷം അക്കൗണ്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലോസ് ചെയ്തു. അതായത് പത്തു മാസം കൊണ്ട് 41.16 ലക്ഷം ദരിദ്രരെ ബാങ്കിംഗ് മേഖലയുടെ പടിക്കു പുറത്താക്കി. ആരുടെ ഉന്നമനത്തിനുവേണ്ടിയാണോ നമ്മള്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത് ആ ബാങ്കുകള്‍ ഇന്ന് അവരെ ആട്ടിയോടിക്കുകയാണ്. ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌കാരങ്ങള്‍ തുടരുമ്പോള്‍ ദേശസാല്‍ക്കരണത്തിനുമുമ്പുള്ള അവസ്ഥയിലേക്കാണ് ബാങ്കുകള്‍ നടന്നടുക്കുന്നത്. മുന്‍ഗണനാ മേഖലകള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചിരിക്കുന്നു. സ്വകാര്യ ബാങ്കുകളും പൊതുമേഖലാബാങ്കുകളും പകല്‍ക്കൊള്ളയാണ് തുടരുന്നത്. കഴിഞ്ഞ നാലു വര്‍ഷം ഇന്ത്യയിലെ ബാങ്കുകള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പാവപ്പെട്ട ഇടപാടുകാരെ കൊള്ളയടിച്ചത് 11529 കോടി രൂപയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആഗോളതലത്തില്‍ മത്സരയോഗ്യമാക്കാനാണ് ബാങ്കുകളുടെ ലയനം എന്നു പറയുന്ന ഭരണാധികാരികള്‍ ബാങ്കുകളുടെ ധര്‍മ്മം ജനക്ഷേമമാണെന്ന കാര്യം സൗകര്യപൂര്‍വം മറക്കുന്നു. ലോകത്തിലെ വന്‍കിട സ്വകാര്യബാങ്കുകള്‍ തകര്‍ന്ന് തരിപ്പണമായത് നമ്മുടെ ഭരണാധികാരികള്‍ അറിയാത്തതായി നടിക്കുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ പോലും കൊള്ളപ്പലിശക്കാരും മൈക്രോ ഫിനാന്‍സ് കമ്പനികളും അരങ്ങു തകര്‍ക്കുകയാണ്. പൊതുമേഖലാ ബാങ്കുകള്‍ അവഗണിച്ച് തള്ളുന്ന ദരിദ്രരാണ് ഇവരുടെ ഇരകള്‍.

ഇന്ത്യയുടെ ഖജനാവായി നിലകൊള്ളുന്ന പൊതുമേഖലാ ബാങ്കുകളെ കോര്‍പറേറ്റ് ഭീമന്‍മാര്‍ക്ക് തീറെഴുതാന്‍ പോകുന്നുവെന്നതിന്റെ സംക്ഷിപ്ത വിശകലനമായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം.

1969ല്‍ ബാങ്ക് ദേശസാല്‍ക്കരണം നടക്കുമ്പോള്‍ , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അതിന്റെ ഉപസ്ഥാപനങ്ങളുമൊഴികെ മിക്കവാറും എല്ലാ ബാങ്കുകളും സ്വകാര്യ മേഖലയിലായിരുന്നു. ഏതാണ്ട് 500 സ്വകാര്യ ബാങ്കുകള്‍ തകരുകയും സാധാരണ ജനങ്ങളുടെ പണം നഷ്ടപ്പെടുകയും പൊതുജനങ്ങളുടെ ബാങ്ക് നിക്ഷേപമെല്ലാം കോര്‍പറേറ്റുകള്‍ സ്വന്തം കച്ചവടത്തിന് വിനിയോഗിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായാണ് 1969ല്‍ 14 വന്‍കിട സ്വകാര്യ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. ഇതോടെ ഇന്ത്യയുടെ ബാങ്കിങ് സമ്പ്രദായത്തില്‍ തന്നെ കാതലായ മാറ്റമുണ്ടായി. വായ്പാ മുന്‍ഗണനകളില്‍ കൃഷിയും സൂഷ്മ, ചെറുകിട ഇടത്തരം വ്യവസായങ്ങളുമല്ലാം പരിഗണിക്കപ്പെട്ടു. സമ്പദ് വ്യവസ്ഥയെ ഉണര്‍ത്തിയെടുക്കാന്‍ ഏറ്റവും അനിവാര്യമായ ഈ ചെറുകിട മേഖലകളെ പൂര്‍ണമായും തഴഞ്ഞ് കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ വഴിവെട്ടി കൊടുക്കുന്ന ബാങ്കിംഗ് നയത്തിനെതിരെ ധനകാര്യ മേഖലയെ സംരക്ഷിക്കുന്ന വലിയ പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും ജനാധിപത്യ സമൂഹത്തില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply