
ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ തെളിയുന്നു വൈലോപ്പിള്ളി
മരണത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു വൈലോപ്പിള്ളിയുടെ മരണമെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട്. മരണശേഷമാണ് അദ്ദേഹത്തിന്റെ മഹത്വം താന്‍ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞതെന്നും ഒരു കാലത്ത് ഏറെ ഇഷ്ടപ്പെട്ടിരുന്ന പല കവികളുടേയും ശോഭ മനസ്സില്‍ നിന്നു മായുമ്പോഴും വൈലോപ്പിള്ളി മാഷ് കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരുകയാണെന്നും ചുള്ളിക്കാട് പറഞ്ഞു. വൈലോപ്പിള്ളി സ്മാരകസമിതി സാഹിത്യഅക്കാദമിയില്‍ സംഘടിപ്പിച്ച വൈലോപ്പിള്ളി ജയന്തിയാഘോഷത്തില്‍ ‘വൈലോപ്പിള്ളി വ്യക്തിയും കവിയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായുരുന്നു അദ്ദേഹം. കൃഷ്ണന്റെ വിശ്വരൂപം കണ്ട അര്‍ജ്ജുനന്റെ അവസ്ഥയാണ് ഇപ്പോള്‍ തന്റേതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍.. Balachandran Chullikkad on Vyloppilli Sreedhara Menon
18-ാം വയസ്സില്‍ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നുമൊക്കെ ഭ്രഷ്ടനായ എനിക്ക് എപ്പോള്‍ പോയാലും അഭയം ലഭിച്ചിരുന്ന വീടായിരുന്നു മഹാകവി വൈലോപ്പിള്ളിയുടേത്. അലഞ്ഞുനടന്ന കാലത്ത് ഹൃദയത്തില്‍ അഭയം തന്നെ അപൂര്‍വ്വം പേരില്‍ ഒരാള്‍. 1975ല്‍ മഹാരാജാസ് കോളേജിന്റെ ശതാബ്ദി ആഘോഷ വേളയിലാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് എറണാകുളത്ത് വൈലോപ്പിള്ളിയുടെ സഹോദരന്റെ മകനും സുഹൃത്തുമായ കൃഷ്ണന്റെ കൂടെ വീട്ടില്‍ പോയി അദ്ദേഹത്തെ കാണുകയാണുണ്ടായത്. പിന്നെ തൃശൂരില്‍ ഒരു കവിയരങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അദ്ദേഹത്തെ വീട്ടില്‍പോയി കണ്ടു. അന്നവിടെയാണ് താമസിച്ചത്. അതൊരു തുടക്കമായിരുന്നു. പിന്നീട് എത്രയോ തവണ അവിടെ താമസിച്ചിരിക്കുന്നു, ഭക്ഷണം കഴിച്ചിരിക്കുന്നു. അദ്ദേഹത്തിനടുത്താകുമ്പോള്‍ വൈകാരികമായ സുരക്ഷിതത്വം അനുഭവിച്ചിരുന്നു.
സാധാരണഗതിയില്‍ ഒരാള്‍ സുഹൃത്തിന്റേയോ അടുപ്പമുള്ളവരുടേയോ വീട്ടില്‍ പോയി താമസിക്കുന്നപോലെയായിരുന്നില്ല അന്നത്തെ എന്റെ താമസം. സ്വന്തമായി വീടില്ലാത്ത ഞാന്‍ ശരിക്കും അഭയാര്‍ത്ഥിയായിരുന്നു. റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്റിലും പീടികത്തിണ്ണകളിലുമൊക്കെയായിരുന്നു പലപ്പോഴും അന്തിയുറക്കം. അങ്ങനെയുള്ള എന്നെയായിരുന്നു അദ്ദേഹം ഇരുകൈയും നീട്ടി സ്വീകരിച്ചത്. കുമ്പളത്ത് നക്‌സലൈറ്റുകള്‍ ഒരാളെ ഉന്മൂലനം ചെയ്ത സംഭവമാണ് ഞാന്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ഭ്രഷ്ടനാകാന്‍ കാരണമായത്. അക്കാലത്തെ പല നക്‌സലൈറ്റ് പ്രവര്‍ത്തകരും എന്റെ സുഹൃത്തുക്കളായിരുന്നു. അതു മനസ്സിലാക്കിയ പോലീസ് എന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നാട്ടിലും വീട്ടിലും ഇത് വലിയ കോളിളക്കമുണ്ടാക്കി, അച്ഛന്‍ എന്നോട് അലഹബാദിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഞാനതിനു തയ്യാറായില്ല. എങ്കില്‍ നീയിവിടെ താമസിക്കരുതെന്ന് അദ്ദേഹം ആജ്ഞാപിച്ചു. അങ്ങനെയാണ് ഞാന്‍ നാടും വീടും വിട്ടിറങ്ങിയത്. ഇക്കാര്യമറിഞ്ഞ പലരും എന്നെ കുറ്റപ്പെടുത്തിയെങ്കിലും വൈലോപ്പിള്ളി മാഷ് പറഞ്ഞത് നീയൊരിക്കലും അങ്ങോട്ട് തിരിച്ചുപോകരുത്, പോയാല്‍ ഒരു പട്ടിയുടെ വിലപോലും ുഉണ്ടാകില്ല, അന്തസ്സായി ജീവിച്ച് കാണിക്ക് എന്നായിരുന്നു. ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.
പിന്നീട് എന്തെങ്കിലും അത്യാവശ്യത്തിനു മാത്രമേ വീട്ടില്‍ പോയിട്ടുള്ളു. അച്ഛനുമായി മിണ്ടിയിട്ടില്ല. കാന്‍സര്‍ വന്നു മരണത്തെ അഭിമുഖീകരിച്ചിരുന്ന അമ്മയെ കാണാന്‍ ഇടക്ക് പോകാറുണ്ട്. ഒരിക്കല്‍, ഡോക്ടറെ കാണാന്‍ വിസമ്മതിച്ചിരുന്ന അമ്മയോട് അതിനായി നിര്‍ബന്ധിച്ചു. അതൊന്നും വേണ്ട, മരിക്കാന്‍ ഒരു കാരണം വേണ്ടേ എന്നായിരുന്നു അമ്മയുടെ മറുപടി. മരണം അവിടെ നില്‍ക്കട്ടെ, ഡോക്ടറെ കണ്ട് വേദന കുറയാനുള്ള മരുന്നെങ്കിലും കഴിക്കാമല്ലോ എന്നു പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞത് നീ തന്ന വേദയക്കൊപ്പം വരില്ല ഈ വേദന എന്നായിരുന്നു. മിണ്ടാതെ അവിടെ നിന്ന് ഇറങ്ങിപോന്നു അങ്ങനെയുള്ള കാലത്തായിരുന്നു വൈലോപ്പിള്ളിമാഷ് എന്നെ സഹിച്ചത് എന്നു പറയാനാണ് ഇതെല്ലാം വിശദീകരിച്ചത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അതേസമയം അന്ന് എന്റെ കവിയായി മാഷെ കാണാന്‍ എനിക്കായിരുന്നില്ല. അത് സച്ചിദാനന്ദനും കടമ്മനിട്ടയുമൊക്കെയായിരുന്നു. ആധുനികതയിലെ കാന്തവലയത്തിലായിരുന്നു അന്ന്. ഷേക്‌സ്പിയറിനേക്കാള്‍ താല്‍പ്പര്യം എലിയട്ടായിരുന്നു. പാബ്ലോനെരൂദയെ ഏറെ ഇഷ്ടപ്പെട്ടു. ഇക്കാര്യങ്ങളില്‍ മാഷുമായി നിരന്തരം തര്‍ക്കിച്ചിരുന്നു. ആധുനികതയുടെ കാവ്യവീക്ഷണത്തെ അംഗീകരിക്കാന്‍ ഒരിക്കലും അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ സ്വന്തം ഭാവുകത്വം എന്നില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുമില്ല. സ്വന്തം അഭിപ്രായം പറയും. വ്യാകരണ, വൃത്ത സംബന്ധമായ തെറ്റുകളുണ്ടെങ്കില്‍ ചൂണ്ടികാണിക്കും. അത്രമാത്രം. അല്ലാതെ തിരുത്താന്‍ ശ്രമിച്ചിട്ടില്ല. ഏറെ പാരമ്പര്യമുള്ള ഒരു ജനതയുടെ കവിതയുടെ ഗതിവിഗതികള്‍ നിയന്ത്രിക്കാന്‍ താനാരുമല്ലെന്ന് അദ്ദേഹം കരുതിയിരുന്നു. എങ്കിലും രൂക്ഷമായ അഭിപ്രായം പറഞ്ഞിട്ടുള്ള ചില സന്ദര്‍ഭങ്ങളുണ്ട്. ഗസല്‍ വായിച്ച അദ്ദേഹം പറഞ്ഞത് ഇത് കവിതയല്ല, അഹന്തയാണ് എന്നായിരുന്നു. ക്രമരാഹിത്യത്തേയും യുക്തിഭംഗത്തേയും ഭാവഭംഗത്തേയും സൗന്ദര്യത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ മാഷ് തയ്യാറായിരുന്നില്ല. അവയാകട്ടെ എന്റെ സൗന്ദര്യശാസ്ത്രത്തിന്റെ ഭാഗമാണ്. ഒരിക്കല്‍ സ്‌കൂള്‍ യുവജനോത്സവത്തിലെ കവിതാമത്സരത്തിലെ കവിതകള്‍ വായിച്ച്, നീയൊക്കെ കൂടി മലയാളകവിതയെ നശിപ്പിക്കുകയാണെന്നു ശകാരിച്ചിരുന്നു. മുഴുവന്‍ ആധുനികതയുടേയും പ്രതിനിധിയായി എന്നെകണ്ടായിരുന്നു ആ ശകാരം.
സാഹിത്യപരിഷത്തിന്റെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ അനുസ്മരണ സമ്മേളനത്തിലുണ്ടായ ഒരു സംഭവം ഓര്‍മ്മ വരുന്നു. മാഷായിരുന്നു അധ്യക്ഷന്‍. എന്റെ പ്രസംഗത്തില്‍ തമ്പരാന്റെ മഹാഭാരതത്തെ ഏറെ പ്രകീര്‍ത്തിച്ചെങ്കിലും, തമ്പുരാനെ കുറിച്ച് വൈലോപ്പിള്ളി മാഷ് എഴുതിയ വരികള്‍ക്കൊപ്പം വരില്ല എന്നു പറഞ്ഞുപോയി. മുഖമാകെ ചുവന്നു തുടുത്ത മാഷ് അധ്യക്ഷനെന്ന അധികാരം ഉപയോഗിച്ച് എന്നെ വേദിയില്‍ നിന്നു ഇറക്കിവിട്ടു. പിന്നീട് മാഷെ കണ്ടപ്പോള്‍ ഞാനതില്‍ വിഷമം പറഞ്ഞു. മാഷ് ഒരു മണിക്കൂറാണ് തമ്പുരാനെ കുറിച്ചും പച്ചമലയാള പ്രസ്ഥാനത്തെ കുറിച്ചും എനിക്ക് ക്ലാസെടുത്തത്. തമ്പുരാനില്ലെങ്കില്‍ ഞാനില്ല, നീയുമില്ല എന്നു പറഞ്ഞാണ് ക്ലാസ് അവസാനിപ്പിച്ചത്. അപ്പോഴാണ് എന്റെ അവിവേകം ഞാന്‍ തിരിച്ചറിഞ്ഞത്.
കവിത്രയങ്ങളില്‍ വള്ളത്തോളിനെയിരുന്നു മാഷ് ഗുരുസ്ഥാനത്ത് കണ്ടത്. എന്നാല്‍ ആശാന്റെ പ്രരോദനം ഉത്തംഗശിഖരമാണെന്നു മാഷ് പറയാറുണ്ട്… ആശാന്റെ കവിത ആസ്വദിക്കണമെങ്കില്‍ ഇന്ത്യന്‍ ഫിലോസഫി പഠിക്കണമെന്നും മാഷ് പറഞ്ഞിരുന്നു. ഫിലോസഫിയിലെ സാങ്കേതികമായ പദങ്ങളെ കാവ്യഭാഷയില്‍ ലയിപ്പിക്കുകയായിരുന്നു ആശാന്‍. ഉള്ളൂരിന്റെ സ്വാധീനം പലപ്പോഴും തന്റെ കവിതയെ കടുപ്പമുള്ളതാക്കുന്നു എന്നും തിരിച്ചറിഞ്ഞിരുന്നു. സമകാലീനനായിരുന്ന ചങ്ങമ്പുഴയോട് ആദരവുണ്ടായിരുന്നു. അപ്പോഴും പ്രതീക്ഷിക്കുന്ന കനം പോര എന്നും അഭിപ്രായം പറയുന്നതു കേട്ടിട്ടുണ്ട്. മലയാളസാഹിത്യത്തിന്റെ ഭാവി പശ്ചാത്യസാഹിത്യത്തിലാണെന്നും ഇവിടത്തെ സംസ്‌കൃതസ്വാധീനത്തെ വലിച്ചെറിയണമെന്നുമുള്ള ചങ്ങമ്പുഴയുടേയും കേസരിയുടേയും മറ്റും അഭിപ്രായത്തെ മാഷ് അംഗീകരിച്ചിരുന്നില്ല. ഏതു സ്വാധീനവുമാകാം, എന്നാല്‍ ആത്യന്തികമായി കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ജീവിതവും പ്രകൃതിയുമാകണം നമ്മുടെ കവിതയുടെ ഭാവം തീരുമാനിക്കേണ്ടതെന്നാണ് മാഷ്് വിശ്വസിച്ചത്. അധ്യപകനായിരുന്നിട്ടും ശങ്കരക്കുറുപ്പിനെപോലും അദ്ദേഹം വിമര്‍ശിച്ചു. ഒരു കവിയരങ്ങില്‍ എന്റേയും കടമ്മനിട്ടയുടേയും കവിതകള്‍ കേട്ട മാഷ് പറഞ്ഞത് കവിതകള്‍ കൊള്ളാം, പക്ഷെ അലര്‍ച്ച കുറക്കാം എന്നായിരുന്നു. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ മാഷേക്കാള്‍ മികച്ച കവികളുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഉണ്ട്, ഇടശ്ശേരിയും കുഞ്ഞിരാമന്‍ നായരും എന്നായിരുന്നു. തന്റെ കവിതയില്‍ പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ കലര്‍പ്പുണ്ട്. എന്നാലവരുടേത് ഗ്രാമീണജീവിതത്തിന്റെ ആവിഷ്‌കാരമാണ്. ഇടശ്ശേരിയുടെ കവിത കുഴിച്ചിട്ട ചേനപോലെയാണ്, അതിന്റെ കാണ്ഡം വീണ്ടും തളിര്‍ക്കുമെന്നായിരുന്നു മാഷ് പറഞ്ഞത്. കുഞ്ഞിരാമന്‍നായരുടെ ജീവിതരീതിയോട് ഒരു താല്‍പ്പര്യവും ഉണ്ടായിരുന്നില്ല. സ്വന്തം ജീവിതാനുഭവം കൊണ്ടു തന്നെയാകാം കുടുംബമെന്ന സങ്കല്‍പ്പത്തെ തള്ളിക്കളയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തകരുന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വേവലാതി. ‘ഞാനും ഹാംലറ്റും എന്തുചെയ്യും? ഹാംലറ്റ് പല തലകള്‍ കൊയ്തു. ഉന്മത്ത സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കവിതയാണെന്നെ രക്ഷിച്ചത്.’ എ്ന്നദ്ദേഹം പറഞ്ഞു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സഹ്യന്റെ മകന്‍ എഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ച് മാഷ് പറഞ്ഞതോര്‍മ്മ വരുന്നു. പെരുവാരത്ത് ക്ഷേത്രത്തില്‍ വെച്ച് ഇടഞ്ഞ ചന്ദ്രോത്ത് ഗോപാലന്‍ എന്ന ആന രണ്ടുപേരെ കൊമ്പില്‍ കോര്‍ത്ത സംഭവവും തുടര്‍ന്ന് അതിനെ കളക്ടറുടെ ഉത്തരവുപ്രകാരം വെടിവെച്ചുകൊന്ന സംഭവവുമായിരുന്നു അത്. അതാണ് കവിത എഴുതാനുണ്ടായ ഭൗതിക അടിസ്ഥാനമെങ്കിലും അതുമാത്രമാകാനിടയില്ല എന്നാണ് ഞാന്‍ കരുതുന്നത്. 41 ദിവസം വിഷമജ്വരം ബാധിച്ചു മാഷ് ആശുപത്രിയില്‍ കഴിയുകയുണ്ടായി. ദുസ്വപ്‌നങ്ങളുടെ അക്കാലത്ത്, അന്നത്തെ മാനസിക അവസ്ഥയെ ആസ്പദമാക്കിയാണ് സഹ്യന്റെ മകന്റെ അന്തരംഗം വിഭാവനം ചെയ്തതെന്നു വേണം കരുതാന്‍. അങ്ങനെയായിരിക്കണം ആ കവിത, Man is born free, but everywhere he is in chain എന്ന റൂസോയുടെ സ്വാതന്ത്ര്യസങ്കല്‍പ്പത്തിലേക്ക് എത്തുന്നത്.
ജീവിതത്തിലും കവിതയിലും പ്രകടമായി രാഷ്ട്രീയം കൊണ്ടുവരാന്‍ ശ്രമിച്ചില്ലെങ്കിലും തൊഴിലാളി വര്‍ഗ്ഗത്തോടുള്ള ആഭിമുഖ്യം തുറന്നുപറയാന്‍ മാഷ്‌ക്ക് മടിയുണ്ടായിരുന്നില്ല. കുടിയൊഴിക്കലും മറ്റും അതിന്റെ പ്രഖ്യാപനം തന്നെയായിരുന്നു. അതിന്റെ ഭാഗമായിട്ടുതന്നെയായിരിക്കണം ഒരു ഘട്ടത്തില്‍ പു ക സ പ്രസിഡന്റാകാന്‍ അദ്ദേഹം തയ്യാരായതും. ഏകാധിപത്യത്തിനെതിരെ ശക്തമായ നിലപാടും മാഷ്‌ക്കുണ്ടായിരുന്നു. അടിയന്തരാവസ്ഥ അദ്ദേഹത്തെ ശരിക്കും ഞെട്ടിച്ചു. ഇച്ചരവാര്യര്‍ അദ്ദേഹത്തിന്റെ സുഹൃത്തുമായിരുന്നു. അങ്ങനെയാണ് മികച്ച ഭരണമെന്ന സങ്കല്‍പ്പം അംഗീകരിച്ചുതന്നെ ഏകാധിപതിയെന്ന നിലയില്‍ മഹാബലിക്കെതിരേയും അദ്ദേഹം എഴുതിയത്. മാത്രമല്ല എഴുത്തുകാര്‍ എന്നും സൗവര്‍ണ്ണ പ്രതിപക്ഷമാകണമെന്നും മാഷ് പ്രഖ്യാപിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in